💧Part: 07💧


💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽.
💧Part: 07💧

അവന്റെ ഒരു പട്ടാളക്കാരനെ അവൻ വിളിച്ചു...

ഓഹ്, ജഅഫർ...
ജഅഫർ എവിടെ..?

ജഅഫർ യസീദിന്റെ മുമ്പിൽ ഹാജരായി...

ആരാണ് ജഅഫർ..?

ഹസൻ (റ) തങ്ങളുടെ ആദ്യ ഭാര്യ ജഅദയുടെ സഹോദരനാണ് ജഅഫർ.

യസീദിന്റെ മുമ്പിൽ ഹാജരായ, കേവലം ഒരു പട്ടാളക്കാരൻ എന്ന പദവി മാത്രം അലങ്കരിച്ച ജഅഫറിനോട് യസീദ് പറഞ്ഞു. പ്രിയ ജഅഫറേ! മദീനയിലെ ആ പെണ്ണ് ഉമ്മുൽഹകീം എന്നവളെ സ്വന്തമാക്കാനാണ് ഞാനീ കഠിന ശ്രമം നടത്തുന്നത്. പക്ഷേ അവളുടെ വിവാഹം വീണ്ടും നടന്നിരിക്കുന്നു. നിന്റെ സഹോദരി ഭര്‍ത്താവ് ഹസനാണ് (റ) അവളെ നികാഹ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് മദീനക്കാരനായ നീ അവനെ കൊല്ലണം. നിന്നെ ഞാൻ ബസറയിലെ ഗവർണറാക്കാം മറ്റു പല ആനുകൂല്യങ്ങളും നൽകാം ജഅഫറേ..!!

ആനുകൂല്യ വാഗ്ദാന പെരുമഴയിൽ കുതിർന്ന ജഅഫർ എല്ലാം സമ്മതിച്ചു. മദീനയിലേക്ക് യാത്ര തിരിച്ചു. തന്റെ മനസ്സിലേക്ക് കടന്നു വന്ന പൈശാചിക പദ്ധതികളാണ് അവൻ ആവിഷ്കരിച്ചത്.

അവൻ നേരെ പോയത് തന്റെ സഹോദരി ജഅദയുടെ അടുത്തേക്കാണ്. അവിടെ ചെന്ന് കുശലാന്വേഷണങ്ങൾ നടത്തുകയാണ്. ഇടയ്ക്ക് അവൻ ചോദിച്ചു...

ജഅദാ നിന്റെ ഭർത്താവ് ഹസൻ (റ) ഉമ്മുൽഹകീമിനെ കല്യാണം കഴിച്ചു അല്ലേ..?

അതെ, ജഅഫറേ...
അവൾ ഒരു പാവം പെണ്ണാണ്. അവളുടെ സ്നേഹ നിധിയായ ഭർത്താവ് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവളെ വിട്ടു പോകുകയും വിവാഹ മോചന കത്ത് അയക്കുകയും ചെയ്തു. എന്താണ് അയാൾക്ക് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല.
ഒറ്റക്ക് താമസിക്കുന്ന അവൾക്ക് സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം (ഹസൻ(റ)) അങ്ങനെ ചെയ്തത്.

അപ്പോൾ ജഅഫർ ചോദിച്ചു. ഹസന്റെ നിന്നോടുള്ള ഇപ്പോഴത്തെ സമീപനം എങ്ങനെയാണ്..?

വളരെ സന്തോഷമായി ഞങ്ങൾ കഴിയുന്നു. നീതിയോടെയാണ് ഞങ്ങള്‍ക്കിടയിൽ അദ്ദേഹം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്...

ഇത് കേട്ട ജഅഫർ ഒരു തരം പരിഹാസ ചിരി പാസാക്കിയിട്ട് പറഞ്ഞു...

പെണ്ണേ നീ ഒരു കാര്യം മനസ്സിലാക്കണം. നിന്റെ പ്രായവും ഉമ്മുൽഹകീമിന്റെ പ്രായവും ഒന്നാണോ..? അല്ല.
അവൾ ചെറിയ പെണ്ണല്ലേ..? നിനക്ക് പ്രായം കൂടി വരികയാണ്. കുറച്ചു കഴിഞ്ഞാൽ അവൻ നിന്നെ വിട്ട് ആ യുവതിയുടെ കൂടെ പോകും. അപ്പോൾ നിന്റെ കാര്യങ്ങളെ നോക്കാൻ ആരാണുണ്ടാവുക..?!

അത്കൊണ്ട് നിനക്ക് ഹസനെ നിന്റെ കയ്യിലൊതുക്കാൻ കഴിയണം. അവന്റെ സ്നേഹം എന്നും നിനക്കു കിട്ടാൻ ആവശ്യമായ കാര്യങ്ങൾ നീ ചെയ്യണം...

ജഅഫറിന്റെ വാക്കുകൾ നിഷ്കളങ്കമാണ് എന്ന് തെറ്റിദ്ധരിച്ച ജഅദ ചോദിച്ചു. സഹോദരാ അതിനുവേണ്ടി ഞാനെന്തു ചെയ്യണം..?

തന്റെ പദ്ധതി ലക്ഷ്യം കാണാൻ പോകുകയാണ് എന്നു മനസ്സിലാക്കിയ ജഅഫർ ഉൾചിരിയോടെ മറുപടി കൊടുത്തു...

ഞാൻ നിനക്ക് ഒരു മരുന്ന് എത്തിച്ചു തരാം. അത് അവനറിയാതെ അവന്റെ വയറ്റിൽ എത്തിച്ചാൽ നീ രക്ഷപ്പെട്ടു...

ചിന്താശക്തി കുറഞ്ഞ ആ പെണ്ണ് അപ്രകാരം ചെയ്യാൻ തീരുമാനിച്ചു...

പിറ്റേ ദിവസം ചെറിയ ഒരു പൊതി ജഅദയുടെ കയ്യിൽ ആ വ്യാമോഹി എത്തിച്ചു കൊടുത്തു. ജഅദ പൊതി തുറന്നു നോക്കി. അതിൽ ഒരു തരം പൊടിയായിരുന്നു.

ഹസൻ (റ) തങ്ങളുടെ ദിനചര്യകളെ കൃത്യമായി അറിയുന്ന അവൾ ആ മരുന്ന് ഹസൻ (റ) തങ്ങളുടെ വയറ്റിലെത്തിക്കാനുളള മാർഗ്ഗം കണ്ടെത്തി...

പതിവായി തഹജ്ജുദ് നിസ്കാരത്തിന് എഴുന്നേൽക്കുന്ന ഹസൻ (റ) വിന് തന്റെ കൂജയിൽ നിന്ന് വെള്ളം കുടിക്കുന്ന ശീലമുണ്ടായിരുന്നു. ആ വെളളത്തിൽ മാരകമായ ആ വിഷം കലർത്തി. ആ വിഷത്തിന്റെ ഒരംശം മതി ആനയെ പോലും കൊല്ലാൻ. അത്രക്ക് കഠിനമായിരുന്നു അത്..!!

അന്നത്തെ രാത്രിയും പതിവുപോലെ ബഹു: ഹസൻ (റ) എഴുന്നേറ്റു. കുളിച്ചു വുളൂഅ്‌ ചെയ്തു വന്നു. ആ വിഷം കലര്‍ത്തി വെച്ച വെളളത്തിന്റ കൂജ എടുത്തു...

വിരിച്ചു വെച്ച തന്റെ മുസ്വല്ലയിലേക്ക് ഇരുന്നു. നിലാവിന്റെ വെളിച്ചം പെയ്തിറങ്ങുമായിരുന്നു ആ വീട്ടിലേക്ക്. ആ കൂജയുടെ മൂടി തുറക്കുമ്പോൾ മറുഭാഗത്ത് ഉറങ്ങാതെ കിടക്കുന്ന ജഅദയുണ്ടായിരുന്നു...

അവൾ ഒരു തരം സന്ദേഹത്തിലാണ്. എന്റെ പ്രിയതമൻ ആ വെളളം കുടിച്ച് എന്നോടുളള സ്നേഹ വർദ്ധനവിന് അത് വഴിയൊരുക്കുമോ..?

അതോ രുചി മാറ്റമുണ്ടായാൽ കീഴ്പോട്ടിറക്കാതെ തുപ്പിക്കളയുമോ..?!

പക്ഷേ ജഗനിയന്താവായ അല്ലാഹുﷻവിന്റെ തീരുമാനങ്ങളിൽ അവന്ന് കണക്കു കൂട്ടുലുകളുണ്ട്.
إن الله عزيز حكيم
തീർച്ചയായും അല്ലാഹു ﷻ പ്രതാപ ശാലിയായും തന്ത്രജ്ഞനുമാണ്...

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹


  PART 01 - 12