(PART 8) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ

 

    ഹബീബിനെ ﷺ

          💖പരണയിച്ചവൾ💖

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



            ⛔️Part-8⛔️


ഡിപാര്‍ട്‌മെന്റില്‍നിന്ന് മേയ്ന്‍ ഗേറ്റിലേക്ക് അരകിലോമീറ്ററിനടുത്ത് നടക്കാനുണ്ട്. ലൈബ്രററിയില്‍ നിന്നെടുത്ത പുസ്തകങ്ങളും നിസ്‌കാരകുപ്പായവും എല്ലാം കൂടെ ബാഗിന് അത്യാവശ്യ ഭാരവുമുണ്ട്. ഗേറ്റിന് പുറത്തെ ബസ്‌ബേയിലേക്ക് നടന്നത്തിയപ്പോഴേക്കും അവളുടെ  കാലിന്റെ മുട്ടിന് താഴേക്ക് വല്ലാത്തൊരു വേദനയനുഭവപ്പെട്ടു.


ബസിലെങ്ങാനും സീറ്റില്ലെങ്കില്‍ കുഴഞ്ഞത് തന്നെ...അവള്‍ മനസ്സില്‍ നിനച്ചു.

പത്ത് മിനിറ്റിനുള്ളില്‍ ബസെത്തി.

'ഹാവൂ... സമാധാനമായി....തിരക്കില്ല.' ബസ് നിറുത്തിയതും അവള്‍ വലതു കാല്‍ വെച്ച് ഓടി കയറി. ഡ്രൈവറുടെ പിന്‍വശത്തായി രണ്ടാമത്തെ സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. അവിടെ ചെന്നിരുന്ന് ഒന്ന് ശ്വാസമെടുത്തതിന് ശേഷം പതുക്കെ വാഹനത്തില്‍ കയറിയാല്‍ ചൊല്ലേണ്ട ദിക്ര്‍ ചൊല്ലി.


(بِسْـمِ اللهِ وَالْحَمْـدُ لله، سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت) 

അവള്‍ പുറത്തേക്ക് നോക്കി. വിന്‍ഡോ സീറ്റിലിരുന്നത് കൊണ്ടു തന്നെ ശക്തമായ കാറ്റ് കാരണം മുഖത്ത് നിന്ന് നിഖാബ് ഉയര്‍ന്ന് പൊങ്ങി. അവള്‍ ഒരുവിധത്തില്‍ കൈക്കൊണ്ട് പിടിച്ചു വെച്ചു. തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഒന്ന് നീങ്ങിയിരുന്നാല്‍ കാറ്റേല്‍ക്കാതിയിരിക്കാം, പക്ഷെ, വിന്‍ഡോ സീറ്റിലിരിക്കാനാണിഷ്ടം. ഈ കാറ്റിങ്ങനെ കൊണ്ട് ആലോചനയില്‍ മുഴുകിയിരുന്നാല്‍ എന്തോ വല്ലാത്തൊരു ഗൃഹാതുരത്വമാണ്.

 ചെറുപ്പത്തില്‍ ഉമ്മച്ചിന്റെ വീട്ടില്‍ പോകുമ്പോള്‍ മോനൂസുമായി തുടങ്ങുന്ന ആദ്യ തര്‍ക്കം തന്നെ സീറ്റിനെചൊല്ലിയാവും. അവന്‍ വിന്‍ഡോസീറ്റിലിരിക്കാന്‍ വേണ്ടി വാശിപിടിച്ച് കരയും. അവനെത്രയുറക്കെ കരഞ്ഞാലും കണ്ടഭാവം നടിക്കാതെ ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കും.

അവസാനം ഉമ്മച്ചി പറയും:

'മോളെ...അവന്‍ ചെറിയ കുട്ടിയല്ലേ...നീ എത്ര നേരമായി അവിടെയിരിക്കുന്നു ഇനി കുറച്ച് നേരം അവനിരുന്നോട്ടെ...'

ഉമ്മച്ചിയത് പറയേണ്ട താമസം അവന്‍  സീറ്റിന് വേണ്ടി തിരക്ക് കൂട്ടി വരും. മനമില്ലാ മനമോടെ സീറ്റ് അവന് വിട്ട് കൊടുത്ത് നീങ്ങിയിരിക്കുമ്പോള്‍ 'അവനങ്ങനെയിരുന്ന് സുഖിക്കണ്ടാ'യെന്ന് കരുതി ഉമ്മച്ചി കാണാതെ അവന്റെ ചന്തിക്ക് ഒരു നുള്ളങ്ങ് വെച്ചു കൊടുക്കും.

'ഹൗ...ഉമ്മച്ചീ ഈ നൂറന്നെ നുള്ളീ'...

ന്നും പറഞ്ഞ് അവന്‍ ഈറപിടിച്ച് വീണ്ടും കരച്ചില്‍ തുടങ്ങും.

'എന്താടി നീ ന്റെ കുട്ടിനെ കാട്ടിയത്...' 

എന്നും പറഞ്ഞ് ഉമ്മച്ചി അവനെ വാരിയെടുത്ത്  തന്റെ മടിയിലേക്ക് വെക്കും. അങ്ങിനെ ഞാന്‍ ഒന്നുമറിയാത്തവളെ പോലെ മെല്ലെ വീണ്ടും വിന്റോ സീറ്റില്‍ തന്നെ തിരിച്ചെത്തും. ഏതോ ആലസ്യത്തിലെന്ന പോലെ ആ സീറ്റില്‍ കണ്ണുമടച്ചിരുന്നതാലോചിച്ചപ്പോള്‍ അവളുടെ മുഖത്ത് ഒരു മന്ദസ്മിതം തെളിഞ്ഞു.

'ഇപ്പള്‍ത്ത കുട്ടികളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല...ഓല്‍ക്ക്‌ണ്ടോ മൂത്തോലെ ബഹുമാനിക്കാനറിണ്...!'

ബസിന്റെ പിന്‍ഭാഗത്ത് നിന്ന് ആരോ വിളിച്ച് പറയുന്നത് കേട്ടാണ് അവള്‍ കണ്ണു തുറന്നത്. ബസിലിപ്പോള്‍ അത്യാവശ്യത്തിന് തിരക്കുണ്ട്. ഒരു വൃദ്ധയായ സ്ത്രീ ഒടിഞ്ഞ് കുത്തി കമ്പിയും പിടിച്ച് നില്‍ക്കുന്നത് കണ്ടിട്ടാണ് മുമ്പില്‍ നിന്നാരോയങ്ങനെ കമന്റടിച്ചത്. ആ സ്ത്രീ നില്‍ക്കുന്ന സീറ്റിനടുത്തിരിക്കുന്നവരെല്ലാം കോളേജ് വിദ്യാര്‍ത്ഥികളാണ്. ആരും അവരെ കണ്ട ഭാവം നടിക്കുന്നില്ല.

നൂറ പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് അവരെ മാടിവിളിച്ചു.

വെള്ളത്തില്‍ മുങ്ങിയവന് പിടിവള്ളി കിട്ടിയ പ്രതീതിയായിരുന്നു ആ അമ്മൂമ്മയുടെ മുഖത്തെ പ്രതീക്ഷ. അവര് ആവേശത്തോടെ മുമ്പോട്ട് വന്നു. നൂറ തന്റെ സീറ്റൊഴിഞ്ഞു കൊടുത്തു.

' ന്റെ കുട്ടിനെ ദൈവം കൊയക്കൂല' ആ അമ്മൂമ്മ അവളുടെ മൂര്‍ദ്ധാവില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു. അവള്‍ അമ്മൂമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു.

അമ്മൂമ ഒന്നുകൂടെ കൂട്ടിചേര്‍ത്തു:

' കുട്ട്യേ അനക്ക് ദീര്‍ഘായുസുള്ളതോണ്ടാണ് നീ ണീച്ച് തന്നത്. കര്‍മഫലംന്നൊന്ന് കാരണോന്മര് പറിണത് കേള്‍ക്കാറില്ലേ..നീയ്യ്... കുട്ടിക്ക് വയസ്സാകുമ്പോള്‍ ആരെങ്കിലുമൊക്കെ ഇങ്ങനെ ണീച്ച് തരാനുണ്ടാവുന്നാണ്തിന്റെ അര്‍ത്ഥം. അഥവാ, കുട്ടിക്കിനിയും ഒരുപാട് കാലം ജീവിക്കാന്‍ കഴിയൂന്ന്.'  അമ്മൂമ്മയുടെ പ്രത്യേക ഈണത്തിലുള്ള സംസാരം കേട്ടപ്പോള്‍ അവള്‍ക്ക് ചിരിവന്നു.

ശരിയാണത്, മുമ്പ് മദ്‌റസയില്‍ നിന്ന് ഉസ്താദും ഇതുപോലൊരു സംഭവം

പറഞ്ഞു തന്നിരുന്നു. മുതിര്‍ന്നവരെ ബഹുമാനിച്ചാല്‍ ആയുസു കൂടുമെന്ന്. കാരണം നമുക്കും ആ ബഹുമാനം തിരിച്ച് ലഭിക്കണമെങ്കില്‍ പ്രായമാകണമല്ലോ. കാലിന്റെ അടിഭാഗം അത്രമേല്‍ വേദനിച്ചിട്ടും അതൊക്കെ ഓര്‍ത്തത് കൊണ്ടാണ് താന്‍ എഴുന്നേറ്റ് കൊടുത്തതും.

'മനുഷ്യപറ്റുള്ള ഒരു കുട്ടിയങ്കിലും ഉണ്ടല്ലോ സമാധാനം...'

പിറകില്‍ നിന്ന് നേരെത്തെ വിളിച്ചു പറഞ്ഞയാളുടെ കമന്റ് വീണ്ടും വന്നു.

താന്‍ ചെയ്ത പ്രവൃത്തിയില്‍ അവള്‍ക്ക് അഭിമാനം തോന്നി. ഇങ്ങനെ എഴുന്നേറ്റ് കൊടുക്കല്‍ നമ്മുടെ ബാധ്യതയാണെന്ന ബോധം കുറച്ച് പേര്‍ക്കെങ്കിലും നല്‍കാന്‍ തന്റെ ഈ പ്രവര്‍ത്തി കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് അവള്‍ക്കുറപ്പായി.

മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ താങ്ങാവാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ഒരു വിശ്വാസിയാണെന്ന് പറഞ്ഞു നടക്കുന്നതില്‍ അര്‍ത്ഥമുണ്ടോ. പണ്ട് നബി ദിനത്തിന് മോനൂസിന് പഠിപ്പിച്ച് കൊടുത്ത ഒരു കഥ അവൻ നബിദിന സ്റ്റേജില്‍ കയറി അവതരിപ്പിക്കുന്ന ഭാവപ്രകനടങ്ങളോടെ തന്നെ അവളുടെ മനസ്സില്‍ തെളിഞ്ഞു.

' അതാ...അങ്ങോട്ട് നോക്കൂ..അവിടെയൊരു വൃദ്ധയായ സ്ത്രീ തലയിലൊരു ഭീമന്‍ വിറകിന്റെ ചുമടുമായി വേച്ചു..വേച്ചു നടക്കുന്നു. ആ ചുമടിന്റെ ഭാരം കൊണ്ട് ആ അമ്മൂമ്മയുടെ മുതുക് വളഞ്ഞിരിക്കുന്നു'

മുമ്പിലിരുന്ന കൊച്ചു കുട്ടികളെല്ലാം ആശ്ചര്യത്തോടെ അവന്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. രക്ഷിതാക്കള്‍ അവന്റെ അംഗവിക്ഷേപം കണ്ടിട്ട് ഊറി ചിരിച്ചു.

മൈക്കിന് മുമ്പില്‍ നിന്ന് അവനൊന്ന് ദീര്‍ഘ നിശ്വാസമെടുത്തതിന് ശേഷം വീണ്ടു പറഞ്ഞു തുടങ്ങി:

'അതുവഴി കടന്നു പോയ നമ്മുടെ പുന്നാര നബിതങ്ങള്‍ ﷺ ഈ രംഗം കണ്ടു. അവിടുന്ന് ആ സ്ത്രീയുടെ അടുത്തേക്ക് ഓടി ചെന്ന് കൊണ്ട് ആ വിറകു കെട്ട് വാങ്ങി അവരോടൊപ്പം നടന്നു.

അവരുടെ ആ നടത്തത്തിനിടയില്‍ തന്നെ സഹായിച്ച ഈ ചെറുപ്പക്കാരനോട് സ്‌നേഹം തോന്നിയത് കാരണം അമ്മൂമ പറഞ്ഞു കൊടുത്തു:

'മോനേ...ഇവിടെ മുഹമ്മദ് എന്നു പറയുന്ന ഒരാള്‍ നമ്മുടെ പൂര്‍വീകന്മാരെയും ദൈവങ്ങളെയും ഒക്കെ തള്ളിപറയുന്നുണ്ട്. അവന്‍ ആളുകളെ വഴിപിഴപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് മോനെപ്പോലെയുള്ള യുവാക്കള്‍ അവന്റെ വലയില്‍ പെടാതെ ശ്രദ്ധിക്കണം കെട്ടോ...'

ആ വൃദ്ധ പറയുന്നതെല്ലാം മൗനിയായി കേട്ടുകൊണ്ട് പ്രവാചകര്‍ ﷺ അവരോടൊപ്പം നടന്നു. അവരുടെ ലക്ഷ്യ സ്ഥാനത്തെത്തി തിരിച്ചു പോരുമ്പോള്‍ അവര് ചോദിച്ചു:

'എന്താ മോന്റെ പേര്?'

'മുഹമ്മദ്'

പ്രവാചകര്‍ ﷺ അതും പറഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് തിരിച്ച് നടന്നു.

നടന്നകലുന്ന പ്രവാചകർ ﷺ തന്റെ കണ്‍വെട്ടത്തു നിന്നും മറയുന്നത് വരെ ആ വൃദ്ധയായ സ്ത്രീ ആശ്ചര്യത്തോടെ നോക്കി നിന്നു."

വേദിയിലിരുന്ന രക്ഷിതാക്കളും കുട്ടികളുമെല്ലാം കഥയില്‍ ലയിച്ചിരിക്കുകയാണ്.

ഒന്നുമിനീരിറക്കിയതിന് ശേഷം കഥയുടെ അവസാനം അവൻ സദസിനോട് ചോദിച്ചു:

' കൂട്ടുക്കാരെ ഈ കഥയില്‍ നിന്ന് നമുക്കെന്തു മനസിലായി...? നമ്മള്‍ മറ്റൊരാളെ സഹായിക്കേണ്ടത് അവരുടെ സ്വഭാവമോ ജാതിയോ മതമോ ഒന്നും നോക്കിയിട്ടല്ല. ഒരുപക്ഷെ, അവര്‍ നമ്മുടെ ശത്രുക്കളായിരിക്കാം അല്ലെങ്കില്‍ നമ്മളോട് വിരോധം വെച്ചു പുലര്‍ത്തുന്നവരായിരിക്കാം.. ഈ ശത്രുതയും വിരോധവുമെല്ലാം അവര് നമ്മോട് കാണിച്ചത് അവരുടെ സ്വഭാവമതായത് കൊണ്ടാണ്. നാം അവരോട് കാണിക്കേണ്ടത് നമ്മുടെ സ്വഭാവമാണ്. അതൊരിക്കലും ശത്രുതയുടേതാവരുത്. കാരണം നമ്മള്‍ പുണ്യനബി ﷺ യുടെ അനുയായികളാണ്. നമ്മുടെ സ്വഭാവത്തിന് അവരില്‍ മാറ്റത്തിന്റെ ചിന്തകള്‍ പാകാന്‍ സാധിക്കണം. ഇത്രയും പറഞ്ഞു കൊണ്ട് ഞാനെന്റെ ഈ കൊച്ചു കഥയിവിടെ അവസാനിപ്പിക്കുന്നു'. 

പരിപാടിയും കഴിഞ്ഞ് സമ്മാനവും വാങ്ങി ഉമ്മച്ചിന്റെ അടുത്തേക്ക് വന്ന മോനൂസിനെ കാണാന്‍ അന്നവിടെ കൂടിയ പെണ്ണുങ്ങളെല്ലാം കൂടെ വട്ടം കൂടിയത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.

കണ്ടക്ടര്‍ ഒന്നു രണ്ട് തവണ തന്റെ സ്റ്റോപിന്റെ പേര് വിളിച്ചപ്പോഴാണ് അവള്‍ ശ്രദ്ധിച്ചത്.

'ഇത്രപെട്ടെന്നെത്തിയോ....?'

അവള്‍ ബസില്‍ നിന്ന് ധൃതിയിട്ടിറങ്ങി.


(*തുടരും....*) ©️



അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here