🌹 മഹതിയാം ഖദീജ ബീവി (റ)...... 🌹. ✍മദീനയുടെ👑 വാനമ്പാടി

🌹 *മഹതിയാം ഖദീജ ബീവി (റ)......* 🌹


 *✍മദീനയുടെ👑 വാനമ്പാടി* 

🌹 *നബി(സ)യുടെ ഖദീജ (റ:അ)….* 🌹
=================
നബിയുടെ ഭാര്യമാരില്‍ ഏക കന്യകയും,
സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു
ആയിഷ.. رضي الله عنه
ആ മഹതി ഒരിക്കല്‍ പറഞ്ഞു

” ജീവിതത്തില്‍ എനിക്ക് അസൂയ തോന്നിയത്
ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ
ഭാര്യ ഖദീജയോട്.. സത്യത്തില്‍ ഞാന്‍ അവരെ
കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി
എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും..
എനിക്കത് കേള്‍ക്കുമ്പോള്‍ അവരോടു അസൂയ
തോന്നും.. നബി(സ)ക്കവരെ അത്രമേല്‍ ഇഷ്ടമായിരുന്നു..”

ഒരിക്കല്‍ ആയിഷ (റ) ചോദിച്ചു

”എന്തിനാ നബിയെ (സ) അങ്ങേപ്പോഴും ആ വൃദ്ധയായ
ഖദീജയെ (റ) ഓര്‍ക്കുന്നത് ? അങ്ങേയ്ക്ക് അല്ലാഹു
സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ
പകരം തന്നില്ലേ.?”

അത് കേട്ടതും നബിയുടെ മുഖം വിവര്‍ണമായി..

അവിടുത്തെ കണ്ണുകള്‍ നിറഞ്ഞു

” ഇല്ല ആയിഷ (റ) ഇല്ല, ഖദീജ (റ)യേക്കാള്‍ നല്ലത്
അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ
കള്ളനാക്കിയപ്പോള്‍ അവള്‍ അവള്‍ എന്നില്‍ വിശ്വസിച്ചു…..
ജനം എന്നെ തള്ളിപ്പറഞ്ഞപ്പോള്‍
അവള്‍ എന്നെ സ്വീകരിച്ചു… അവളുടെ ധനം
മുഴുവന്‍ അവളെനിക്കു തന്നു, ജനം അതെനിക്ക്
തടഞ്ഞിരിക്കുകയായിരുന്നു.. അള്ളാഹു എനിക്ക്
മക്കളെ തന്നത് ഖദീജയിലാണ് , ഖദീജയോടുള്ള
സ്നേഹം അള്ളാഹു എന്‍റെ ഹൃദയത്തില്‍
കുടിയിരുത്തിയിരിക്കുന്നു ആയിഷാ..”
❤ 💙 🖤 ❤ 💙 🖤 ❤ 💙 🖤 ❤ 💙 🖤 

മസ്ജിദുൽ ഹറമിൽ നിന്നും ഏതാണ്ട് നാലു കിലോമീറ്റർ ദൂരെ അറഫയിലേക്കുള്ള വഴിയിൽ കിടക്കുന്ന മൊട്ടക്കുന്നുകളിലൊന്നാണ് ജബലുന്നൂർ. ദൈവിക വെളിപാടും വഹിച്ചു ജിബ്രീൽ മാലാഖ അന്ത്യപ്രവാചകന്നു ചൊരിഞ്ഞ ദിവ്യ സന്ദേശത്തിന്റെ തുടക്കകേന്ദ്രമായിരുന്നു ജബലുന്നൂറിന്റെ ശിഖരത്തിലുള്ള ഹിറാഗുഹ. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 650 മീറ്ററോളം ഉയരമുണ്ടതിന്ന്.

ഹറമിൽ നിന്നും ഏകദേശം പത്തു പതിനഞ്ചു മിനുട്ട് കാൽനടദൂരത്തായിരുന്നു ഞങ്ങളുടെ താമസസ്ഥലം. കൃത്യമായി പറഞ്ഞാൽ പ്രവാചക ദൂതന്റെ പ്രിയസഖി ഖദീജ(റ) അന്ത്യവിശ്രമം കൊള്ളുന്ന മക്കയിലെ ജന്നത്തുൽ മുഅല്ലക്ക് തൊട്ടടുത്ത്. അബ്ദുല്ലാഹിബിന്നു സുബൈർ(റ), ഇബ്നു ഉമർ(റ), അസ്മാ ബിൻത് അബീബക്കർ(റ) തുടങ്ങിയ സഹാബാ പ്രമുഖരും അവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.

സുബഹി നമസ്കാരാനന്തരം നേരെ ജബലുന്നൂരിലേക്ക് അഥവാ ജബലുൽ ഇസ്ലാമിലേക്ക്. വണ്ടിയിൽ നിന്നിറങ്ങിയപ്പോള്‍ മുമ്പില്‍ ചെങ്കുത്തായ ഇളം കറുപ്പുമല. അത് ആകാശം വരെ മുട്ടിനില്‍ക്കുന്നു. മലകയറാൻ തുടങ്ങി. മനസ്സിലേക്ക് തളിഞ്ഞു വന്നു, ആയിരത്തി നാനൂറു വർഷങ്ങൾക്കു മുമ്പ് ഈ കുന്നിലേക്കു കയറിപ്പോയ പ്രവാചകനെ. ഒപ്പം പ്രവാചകന്റെ ജീവിത സഖിയായ മക്കയിലെ സമ്പന്നകച്ചവടക്കാരി ഖുവൈലിദിന്റെ മകൾ ഖദീജ(റ)യെയും.

ഖുറൈശ് ഗോത്രത്തിലെ അസദു കുടുംബത്തിന്റെ നേതാവ് ഖുവൈലിദിന്റെ മകള്‍ ഖദീജ ഖുറൈശികളില്‍ ഉന്നതസ്ഥാനമലങ്കരിച്ചിരുന്ന സ്ത്രീയായിരുന്നു. മക്കയിലെ അറിയപ്പെട്ടിരുന്ന കച്ചവടക്കാരനായിരുന്നു ഖുവൈലിദ്. പിതാവിന്റെ അനന്തരാവകാശം കിട്ടിയ ഖദീജ(റ) പിതാവിന്റെ മരണശേഷം കച്ചവടം തന്നെ തിരഞ്ഞെടുത്തു. അസാമാന്യമായ മനക്കരുത്തിന്റെ ഉടമയായിരുന്നു ഖദീജ. ജാഹിലിയ്യാ കാലത്ത് തന്നെ അവർ മക്കയിൽ അറിയപ്പെട്ടത് ത്വാഹിറാ എന്ന പേരിലാണ്. ഖദീജത്തുൽ കുബ്റാ, അമീറത് ഖുറൈശ്, അമീറത് മക്ക എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.


ഖുവൈലിദിന്റെ ജീവിതകാലത്തു ഖദീജ(റ)യെ ആദ്യം വിവാഹം ചെയ്തത് അതീഖ്ബ്നു ആഇദ് ആയിരുന്നു. അതില്‍ ഹിന്ദ് എന്ന് പേരുള്ള ഒരു മകൻ ജനിച്ചു. ആദ്യ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ അവരെ അബൂ ഹാലത്ത് വിവാഹം ചെയ്തു. അതില്‍ ഹിന്ദ്‌, ഹാല എന്നീ രണ്ടു സന്താനങ്ങള്‍ വേറെയും ജനിച്ചു. അദ്ദേഹവും മരണപ്പെട്ടതോടെ അവർ തീർത്തും വിധവയായി കഴിയുകയായിരുന്നു. പിന്നീട് പിതാവും മരണപ്പെട്ടു. ഈ മരണങ്ങളെല്ലാം വളരെയധികം വേദനിപ്പിക്കുകയും ഇനി വിവാഹം തന്നെ വേണ്ടായെന്ന് വെക്കുകയുമായിരുന്നു അവർ. കച്ചവടത്തിൽ നിന്നും മാറിനിന്നു. ദുഃഖഭാരവുമായി ഏകാന്തയായി കഴിഞ്ഞിരുന്ന അവരെ പിതൃവ്യ പുത്രൻ വറഖത്ത് ബ്ൻ നൗഫലിന്റെ ഉപദേശം മാറ്റിച്ചിന്തിപ്പിച്ചു. അതോടെ കച്ചവടത്തിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ദുഃഖഭാരം കുറഞ്ഞു കിട്ടുകയും ചെയ്തു. പിതാവിൽ നിന്നും മുൻഭർത്താക്കന്മാരിൽ നിന്നും കിട്ടിയ അനന്തര സ്വത്തും കൈമുതലായുണ്ടായിരുന്നു അവർക്ക്. ബുദ്ധിമതിയും സമ്പന്നയും കുലീനയുമായിരുന്ന അവരെ മക്കയിലെ പലഗോത്ര നായകന്മാരും വിവാഹമന്വേഷിച്ചിരുന്നുവെങ്കിലും അവരത് നിരസിക്കുകയായിരുന്നു. അവരുടെയൊക്കെ കണ്ണ് മഹതിയുടെ സമ്പത്തിലായിരുന്നു...

സമൂഹം മൊത്തത്തിൽ ആജ്ഞതയിൽ ഇരുൾ മുറ്റിയ കാലം. സമൂഹത്തിലെ ബലവാന്മാർ ദുർബലരെ ചൂഷണം ചെയ്യുന്നു. ജനങ്ങൾക്കിടയിൽ കയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്നു. കൊള്ളയും പിടിച്ചുപറിയും നിർബാധം തുടരുന്നു. മാനത്തിന്നും അഭിമാനത്തിന്നും സമൂഹത്തിൽ വിലയില്ലാതായിക്കൊണ്ടിരുന്നു. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ഗോത്രങ്ങൾ വാളെടുക്കുകയും അത് കൊല്ലങ്ങളോളം നീണ്ടു നിൽക്കുന്ന യുദ്ധമായി പരിണമിക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി പരസ്പരം രക്തം ചിന്തുന്നു. ഗോത്രങ്ങൾ തമ്മിൽ അന്യോന്യം തല കൊയ്യുന്നു. സ്വന്തത്തിന്റെയും സ്വന്തം ഗോത്രത്തിന്റെയും അഭിമാന സംരക്ഷണത്തിന് വേണ്ടി എത്രതന്നെ അന്യരെ വേദനിപ്പിക്കാനും ചോരയൊഴുക്കി കൊലനടത്താനും അവർ മടിച്ചില്ല.

മനുഷ്യരെ അടിമകളാക്കുകയും അടിമകൾ സമൂഹത്തിൽ‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. യജമാനന്മാർ അവരോടു മൃഗീയമായി പെരുമാറി. എല്ലുമുറിയെ പണിയെടുപ്പിക്കുകയും അര്‍ഹിക്കുന്ന വേതനം നൽ‍കാതിരിക്കുകയും ചെയ്തു. പലിശയും കൊള്ളക്കൊടുക്കലുകളും സമൂഹത്തെ അങ്ങേയറ്റം ഗ്രസിച്ചിരുന്നു. അനാഥന്റെ മുതൽ തട്ടിപ്പറിക്കുന്നതിലും അത് ഭക്ഷിക്കുന്നതിലും അവരൊരു പാപവും കണ്ടിരുന്നില്ല. സമൂഹത്തിൽ വ്യഭിചാരവും അവിഹിത വേഴ്ചയും സാർവത്രികമായിരുന്നു. മദ്യവും ചൂതുകളിയും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സമൂഹത്തിൽ കവികളും കവിതകളും കവിയരങ്ങുകളുമൊക്കെ സജീവമായിരുന്നു. ഇമ്രുൽഖൈസ്, ത്വാറഫാ, ലബീദ്, അൻതറ തുടങ്ങിയ ജാഹിലിയ്യാകാല കവികളൊക്കെയും കവിതകളിൽ കൂടുതലായി വർണ്ണിച്ചിരുന്നത് മദ്യത്തെക്കുറിച്ചും അതിന്റെ സുഖാസ്വാദനങ്ങളെ കുറിച്ചുമൊക്കെയായിരുന്നു. ഈ കവിതകൾ കഅ്ബാലയത്തിൽ കെട്ടിത്തൂക്കിയിരുന്നു. സമൂഹത്തിൽ ഈ കവികളുടെ സ്വാധീനം വളരെ ഉയർന്നതുമായിരുന്നു. ഉക്കാള് ചന്ത കവിയരങ്ങിന്റെ പ്രധാന ആകർഷണ കേന്ദ്രമായിരുന്നു..

പിതാവിന്റെയോ ഭർത്താവിന്റെയോ മറ്റാരുടെയോ അന്തരാവകാശത്തിന്ന് സ്ത്രീക്ക് അർഹതയില്ല. എല്ലാതരത്തിലുമുള്ള അക്രമണങ്ങൾക്കും പീഢനങ്ങൾക്കും സ്ത്രീകൾ വിധേയരാവുന്നു. ഒരാണിന്ന് എത്ര പെണ്ണിനെ വേണമെങ്കിലും വിവാഹം കഴിച്ച് പെണ്ണിന്റെ ജീവിതം നരകതുല്യമാക്കാം. മുത്ആ (താത്കാലിക ആവശ്യത്തിന് വേണ്ടി വിവാഹം ചെയ്യുകയും ആവശ്യം കഴിഞ്ഞാൽ മൊഴിചൊല്ലുകയും ചെയ്യുന്ന രീതി) വിവാഹങ്ങളും അവിടെ സർവത്രമായിരുന്നു. മുത്ആ വിവാഹത്തിന് പുറമെ ആറോളം തരത്തിലുള്ള മറ്റുപല വിവാഹരീതികളും ഉണ്ടായിരുന്നു. ഈ വിവാഹങ്ങളുടെയെല്ലാം ഫലമായുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വരുന്നതും സ്ത്രീയായിരുന്നു. സമൂഹത്തിൽ സ്ത്രീക്ക് കിട്ടേണ്ട അവകാശങ്ങളൊക്കെ നിഷേധിക്കപ്പെട്ടു എന്നുമാത്രമല്ല അങ്ങാടികളിൽ അവരെ കച്ചവടത്തിന് വെക്കുക കൂടി ചെയ്തു. കവികളുടെ കവിതകളിൽ വളരെ മോശമായിട്ടും ആഭാസകരമായിട്ടും സ്ത്രീകൾ വർണ്ണിക്കപ്പെട്ടു. പെൺകുട്ടി ജനിക്കുന്നത് അപമാനമായി കരുതപ്പെടുകയും ജനിച്ച പെൺകുട്ടിയുടെ പിതാവ് അപമാനഭാരം സഹിച്ചു സമൂഹത്തിൽ തലകുനിച്ചു നടക്കുകയും അവസാനം അപമാനഭാരം സഹിക്കാൻ കഴിയാതെ ആ പിതാവ് സ്വന്തം കൈകൊണ്ട് തന്റെ ചോരക്കുഞ്ഞിനെ കുഴിച്ചുമൂടുകയും ചെയ്തു കൊണ്ടിരിക്കുന്നു....

"അവരിലൊരാള്‍ക്ക് പെണ്‍കുട്ടി ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍, കഠിന ദുഃഖം കടിച്ചിറക്കി അവന്റെ മുഖം കറുത്തുപോകുന്നു. തനിക്കു ലഭിച്ച സന്ദേശത്തിന്റെ ഹീനതയാല്‍ അവന്‍ ജനത്തില്‍നിന്ന് ഒളിച്ചുനടക്കുന്നു. അപമാനിതനായിക്കൊണ്ട് പുത്രിയെ വളര്‍ത്തേണമോ, അതല്ല, അവളെ മണ്ണില്‍ കുഴിച്ചുമൂടിയാലോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു-നോക്കുക! എത്ര ദുഷിച്ച വിധിയാണിവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ എടുക്കുന്നത്.'' (സൂറത്ത് അന്നഹ്‌ൽ 58,59)

നജ്ജാശി രാജാവിനോട് ജഅഫർ ബിൻഅബീത്വാലിബ്(റ) തങ്ങളുടെ ജാഹിലിയ്യാ ജീവിതാവസ്ഥയെ കുറിച്ച് മൊത്തത്തിൽ വിവരിക്കുന്ന പ്രസംഗത്തിൽ ഇതൊക്കെയടങ്ങിയിട്ടുണ്ട്. അതിങ്ങനെ വായിക്കാം.

"ഓ രാജാവേ, ഞങ്ങള്‍‍ അജ്ഞതയില്‍‍ ആണ്ടിറങ്ങിയ ജനതയായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്ന, ശവങ്ങള്‍‍ ഭക്ഷിക്കുന്ന, അധർ‍മങ്ങളിൽ‍ മുഴുകിയ, അയൽ‍പക്ക ബന്ധം മറന്ന് പോയ, കുടുംബ ബന്ധം മുറിച്ച് മാറ്റുകയും ചെയ്ത സമൂഹം. ശക്തൻ‍ ദുർ‍ബലനെ കൊലചെയ്യുന്ന ഒരു ജനതയായി ഞങ്ങൾ‍ ജീവിച്ചു. അങ്ങനെയിരിക്കെ, ഞങ്ങളിലേക്ക് ഞങ്ങൾ‍ക്കിടയില്‍‍ നിന്ന് തന്നെ ഒരു സന്ദേശവാഹകനെ ദൈവം തമ്പുരാൻ അയച്ചു തന്നു. അദ്ദേഹത്തിന്റെ കുടുംബ പൈതൃകം ഞങ്ങള്‍‍ക്കറിയാം. വിശ്വസ്തതയും സുതാര്യതയും വിശുദ്ധിയും ഞങ്ങൾ‍ക്ക് സുപരിചിതമാണ്. അല്ലാഹുവിനെ ആരാധിക്കാനും അവന്റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്താനും ആ പ്രവാചകൻ ഞങ്ങളെ ക്ഷണിച്ചു. തങ്ങളും പിതാക്കളും ബിംബങ്ങളുടെയും കല്ലുകളുടെയും രൂപത്തിൽ‍ ആരാധിക്കുന്നത് ത്യജിക്കാനാവശ്യപ്പെട്ടു. സത്യമേ പറയാവൂ എന്ന് കല്‍പ്പിച്ചു. വിശ്വസ്തത നിറവേറ്റാനും കുടുംബത്തിന്റെ പവിത്രതയും അയൽ‍ബന്ധത്തിന്റെ ഊഷ്മളതയും അദ്ദേഹം പഠിപ്പിച്ചു. രക്തച്ചൊരിച്ചിലില്‍‍ നിന്നും നെറികേടുകളിൽ‍ നിന്നും മാറിനിൽക്കാൻ‍ ഞങ്ങളോട് ആഹ്വാനം ചെയ്തു. അനാഥയുടെ ഭക്ഷണം ഭുജിക്കുന്നത് ഞങ്ങള്‍‍ക്ക് വിലക്കി. കള്ളസത്യവും വിശുദ്ധകൾ‍ക്കെതിരെ വ്യഭിചാരാരോപണവും പാടില്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. ഏകനായ അല്ലാഹുവിനെ മാത്രം വഴിപ്പെടാനും അവനിൽ യാതൊന്നിനെയും പങ്കു ചേർക്കരുതെന്നും അദ്ദേഹം കൽപ്പിച്ചു. നിസ്‌കാരവും നോമ്പും സക്കാത്തും ഞങ്ങൾക്ക് ആരാധനയായി നിശ്ചയിച്ചു തന്നു. ഞങ്ങൾ ആ പ്രവാചകനെ സത്യപ്പെടുത്തുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹം കൊണ്ട് വന്നതൊക്കെയും പിൻപറ്റുകയും ചെയ്തു. ഞങ്ങൾക്ക് അനുവദനീയമാക്കപ്പെട്ടതൊക്കെയും ഞങ്ങൾ അനുവദനീയമാക്കി. നിഷിദ്ധമാക്കപ്പെട്ടതൊക്കെയും ഞങ്ങൾ നിഷിദ്ധവുമാക്കി. അതിനാൽ തന്നെ ഞങ്ങളുടെ സമൂഹം ഞങ്ങളോട് ശത്രുത പുലർത്തി. കഠിനമായി ശിക്ഷിക്കുകയും അപായപ്പെടുത്തുകയും ചെയ്തു. ഞങ്ങളെ ആ പഴയ വിഗ്രഹാരാധനയിലേക്കു തന്നെ തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു." 

മക്കയുടെ സാമൂഹിക പശ്ചാത്തലം ഈ പ്രസംഗത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള ജനതയെ എല്ലാവിധ തിന്മയിൽ നിന്നും സംസ്കരിച്ചെടുക്കാനാണ് ദൈവം തമ്പുരാൻ പ്രവാചകനെ തിരഞ്ഞെടുത്തയച്ചത്. തന്റെ ഇരുപത്തിമൂന്നു വർഷത്തെ മക്കയിലും മദീനയിലുമായുള്ള ജീവിതത്തിലൂടെ ആ സമൂഹത്തെ നേരായ ദിശയിലേക്കു നയിക്കുകയും ആ കാലഘട്ടത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച സമൂഹം ജീവിച്ച കാലഘട്ടമായി പരിവർത്തിപ്പിക്കുകയും ചെയ്തു പ്രവാചകൻ.
 
തന്റെ കച്ചവടച്ചരക്കുമായി അയൽ പ്രദേശങ്ങളിലേക്ക് പോയി കച്ചവടം ചെയ്യാൻ കച്ചവടപരിചയമുള്ള, വിശ്വസ്തരായ ആണുങ്ങളെ തേടുന്ന കാലം. ആ വാർത്ത മക്കയിലെ 'അൽ അമീനാ'യ മുഹമ്മദി(സ)ന്റെ ചെവിയിലും എത്തി. കച്ചവട സംഘത്തെ നയിക്കാന്‍ ഒരു പുരുഷനെ ഏല്‍പ്പിക്കാറായിരുന്നു മഹതിയുടെ പതിവ്. അബൂത്വാലിബിന്റെ സംരക്ഷണത്തിൽ അബൂത്വാലിബിന്റെ മക്കളോടൊപ്പം അബൂത്വാലിബിന്റെ വീട്ടിൽ തന്നെയാണ് അനാഥനായ മുഹമ്മദി(സ)ന്റെയും താമസം.. അബൂത്വാലിബാണെങ്കിൽ സ്വന്തം മക്കളെ തന്നെ പോറ്റിവളർത്താനും ജീവിതത്തിന്റെ നാലറ്റവും മുട്ടിക്കാനും പാടുപെടുന്ന കാലവും. എന്നിട്ടും അനാഥനായ, സഹോദര പുത്രന്നു ഒരു വിഷമവും പറ്റാതെ നോക്കാൻ വെമ്പൽ കൊണ്ടിരുന്നു ആ മഹാ മനസ്സ്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്ന് സ്വന്തം മക്കളെക്കാൾ മുഹമ്മദ്(സ) പൊന്നാര മോനുമായി.

കച്ചവട പ്രമാണി ഖദീജ(റ) കച്ചവടം നടത്താൻ ആളുകളെ തേടുന്നുണ്ടെന്ന കാര്യം അബൂത്വാലിബിനെ തിരുമേനി അറിയിച്ചു. അബൂത്വാലിബ് വീട്ടിലെ കഷ്ടപ്പാടുകളോർത്തു. ശ്യാമിലേക്കാണെങ്കിൽ മക്കയിൽ നിന്നും ആയിരത്തഞ്ഞൂറ് കിലോമീറ്ററിലധികവുമുണ്ട് വഴിദൂരം. ഒരുപാട് ദിവസത്തെ യാത്രയും. മക്കയിലെ കുലീനയും ഉന്നതസ്വഭാവക്കാരിയുമായ ആ 'ത്വാഹിറ'യെ നല്ലവണ്ണം അറിയാമായിരുന്ന അബൂത്വാലിബ്, കച്ചവടസംഘത്തോടൊപ്പം പോകാൻ തിരുമേനിക്ക് അനുമതിനൽകി. സത്യസന്ധതയും വിശ്വസ്തയും കൈമുതലായിട്ടുള്ളത് കൊണ്ട് തന്നെ കൂടുതലായി ലാഭവിഹിതം ഖദീജ തരാൻ സാധ്യതയുണ്ടെന്നും അബൂത്വാലിബ് തിരുമേനിയോട് പറഞ്ഞു. മുമ്പ് അബൂത്വാലിബിനോടൊപ്പം കച്ചവടത്തിന് പോയ അനുഭവവും പരിചയവും മുഹമ്മദി(സ)നു മുതൽകൂട്ടായുണ്ടായിരുന്നു.സത്യസന്ധതയുള്ളവരെ കിട്ടാത്തതിനാൽ വിഷമിച്ച സമയത്താണ് തമാശക്ക് പോലും കളവു പറയാത്ത, മക്കക്കാര്‍ അല്‍അമീന്‍(വിശ്വസ്തന്‍), അസ്സ്വാദിഖ്(സത്യസന്ധൻ) എന്നൊക്കെ വിളിക്കുന്ന മുഹമ്മദിനെ പറ്റി ബീവിയും കേള്‍ക്കുന്നത്. ആ ചെറുപ്പക്കാരനെ തന്റെ വർത്തകസംഘത്തിൽ കൂട്ടി കച്ചവടം ഇനിയും മെച്ചപ്പെടുത്താൻ കഴിയുമെന്ന് അവർ ചിന്തിച്ചു. വിഷയം മുഹമ്മദു(സ)മായി സംസാരിക്കുകയും ഇരട്ടി ലാഭം തന്നെ തരാമെന്ന ഓഫർ വെക്കുകയും പ്രവാചകൻ അത് സ്വീകരിക്കുകയും ചെയ്തു. സാധാരണയായി കച്ചവടസംഘത്തിന്റെ കൂടെ ബീവിയുടെ വേലക്കാരൻ മൈസറയും കൂട്ടരും ഉണ്ടാകും. കച്ചവട സംഘത്തിലെ ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടത്തിയാല്‍ ഉടനെ ആ വിവരം മൈസറ, ബീവിയെ അറിയിക്കും. മുഹമ്മദി(സ) നേതൃത്വത്തിലുള്ള, ശ്യാമിലേക്കുള്ള ഈ ഖാഫിലയിലും മൈസറയുണ്ട്. കച്ചവടത്തിൽ മുഹമ്മദി(സ)ന്റെ സത്യസന്ധതയും വിശ്വസ്തതയും എത്രമാത്രമുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും മഹതി മൈസറയോട് പറയുകയുണ്ടായി. 

കച്ചവടവും കഴിഞ്ഞ് മുത്ത്റസൂലുള്ളയുടെ നേതൃത്വത്തിലുള്ള ഖദീജയുടെ കച്ചവടസംഘം മക്കയിലേക്ക് പ്രവേശിക്കുയാണ്. യാത്രയിലുടനീളം രണ്ടു മലക്കുകൾ മുഹമ്മദി(സ)ന് തണലിട്ടുകൊടുക്കുന്നതും മൈസറ സ്വന്തം കണ്ണുകൊണ്ടു കണ്ടിരുന്നു. കച്ചവടത്തിൽ നേടിയ വർധിച്ച ലാഭവുമായി മുഹമ്മദും‌(സ) സംഘവും ദൂരെ നിന്നും ഖദീജുടെയടുത്തേക്കു വരുന്നത് സ്വന്തം വീട്ടിന്റെ മട്ടുപ്പാവിലിരുന്നു കൊണ്ട് കൂട്ടുകാരികൾക്കൊപ്പം ഖദീജയും കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഒരു റിപ്പോർട്ട് പ്രകാരം, മുഹമ്മദി‌(സ)നെ വെയിൽകൊള്ളിക്കാതെ മേഘങ്ങൾ തണലേകുന്നത് ഖദീജ സ്വന്തം കണ്ണുകൊണ്ട് കാണുന്നുമുണ്ട്. മരുഭൂമി കീറിമുറിച്ചു വരിവരിയായി തിരിച്ചു വരുന്ന ഒട്ടകക്കൂട്ടങ്ങൾ മക്കയുടെ മണ്ണില്‍ മുട്ടുകുത്തി. മൈസറ വേഗത്തിൽ ഖദീജയുടെ അടുത്തേക്ക് വേഗത്തിൽ തന്നെ പോയി. മുഹമ്മദി(സ)ൽ ദൃശ്യമായ എല്ലാ നല്ല സ്വഭാവഗുണങ്ങളെക്കുറിച്ചും യാത്രയിലുടനീളം താൻ സാക്ഷിയായ അത്ഭുതങ്ങളെക്കുറിച്ചും പാതിരിമാരും പുരോഹിതൻമാരും തന്നോട് പറഞ്ഞതിനെക്കുറിച്ചും ഖദീജയുടെ അടുത്തെത്തി അവതരിപ്പിക്കാൻ മുട്ടി നിൽക്കുകയായിരുന്നു മൈസറയുടെ മനസ്സ്. മക്കയിലേക്ക് തിരിച്ചെത്തിയ പ്രവാചകൻ നേരെപോയി കഅ്ബാലയം പ്രദക്ഷിണം ചെയ്ത ശേഷം ഖദീജയുടെ വീട് ലക്ഷ്യമാക്കി നടന്നുനീങ്ങി. 

മുഹമ്മദ്‌(സ) ഖദീജയുടെ വീട്ടിലെത്തി. കച്ചവടം കഴിഞ്ഞു തിരിച്ചെത്തിയ മുഹമ്മദി‌(സ) നെ ഖദീജ സ്വീകരിച്ചു. യാത്രാനുഭവങ്ങളും കച്ചവടത്തിലൂടെ ലഭിച്ച ലാഭങ്ങളും ശ്യാമിൽ നിന്ന് മക്കയിൽകച്ചവടം ചെയ്യാൻവേണ്ടി വാങ്ങിക്കൊണ്ടുവന്ന മേത്തരം സാധനങ്ങളും അവയെ സംബന്ധിച്ച വിവരങ്ങളും ഖദീജക്കു കൈമാറി. മുഹമ്മദി(സ)ന്റെ വാക്കുകള്‍ ഖദീജ ശ്രദ്ധാപൂര്‍വം കേട്ടു. മക്കയില്‍ സുരക്ഷിതനായി തിരിച്ചെത്തിയതിലുള്ള സന്തോഷവും സമാധാനവും മുഹമ്മദി(സ)ന്റെ മുഖത്തുണ്ട്. ചെയ്ത കച്ചവടത്തിന്റെ അർഹിച്ചകൂലിയും വാങ്ങി മുഹമ്മദ്‌(സ) മടങ്ങി. നേരെ പിതൃവ്യന്‍ അബൂത്വാലിബിന്റെ വീട്ടിലേക്ക്. കണ്‍മറയും വരെ ഖദീജ പ്രവാചകനിലേക്ക് നോക്കിക്കൊണ്ടിരുന്നു.

ഈ വിഷയത്തിൽ ഒരു മലയാള മാപ്പിളപ്പാട്ടിലെ വരികൾ നമുക്കിവിടെ കുറിക്കാം;-
 “തരുണീമണി ബീവി ഖദീജ 
അരുമപ്പൂ ത്വാഹറസൂലുടെ
മാളികമുകളിൽ കയറിയിരുന്നേ
തിരുത്വാഹ നബിയുടെ വരവിനെ
കാണാൻ തുനിയുന്നൂ......
വരവത് കണ്ട് ആശപൂണ്ട്
അത്ഭുതമാം ഖൽബതിനുള്ളീ 
ലൊതുക്കി വെക്കുന്നേ.....”
 
കച്ചവടത്തിന്റെ കൂലിയും വാങ്ങി മുഹമ്മദ്‌(സ) തിരിച്ചു പോയശേഷം മൈസറ കാര്യങ്ങൾ മഹതിയോട് വിവരിച്ചു. കച്ചവടത്തിലുടനീളം മുഹമ്മദി(സ)ൽ കണ്ട ഉന്നത സ്വഭാവ മൂല്യങ്ങളെല്ലാം മൈസറ, ഖദീജയോട് പറഞ്ഞു കൊണ്ടേയിരുന്നു. മുഹമ്മദി(സ)നെ പറ്റി പറയുമ്പോൾ മൈസറ വല്ലാതെ വാചാലനാവുന്നു...

മുഹമ്മദ്‌ സത്യസന്ധനാണ്... നല്ല സ്വഭാവത്തിനുടമയാണ്.. ആരോടും പരുഷമായി പെരുമാമാറിയിട്ടില്ല.. കച്ചവടത്തിൽ അതിസമർത്ഥനാണ്.. അസാമാന്യ ബുദ്ധിശക്തിയുള്ളവനാണ്.. അങ്ങേയറ്റം വിനയാന്വിതനാണ്.. സാധാരണയായി ആളുകൾ കച്ചവടത്തിൽ ചെയ്യുന്ന പോലെ സാധനങ്ങളുടെ കുറവുകളൊന്നും മറച്ചു വെച്ചിട്ടില്ല.. ചരക്കുകൾ വിറ്റു തീർക്കാൻ ഒരു കളവും പറഞ്ഞിട്ടില്ല.. ഒരു ചരക്കും പൂഴ്ത്തി വെച്ചിട്ടില്ല.. എല്ലാ ന്യൂനതകളും തുറന്നു പറഞ്ഞിട്ട് തന്നെയാണ് കച്ചവടം നടത്തിയത്.. എന്നിട്ട് പോലും ജനം എല്ലാം വാങ്ങി.. ഒന്നും ബാക്കിയായില്ല.. വഴിയിലൂടെ കടന്ന് പോവുന്ന ഒരു അന്യപ്പെണ്ണിന്റെ മുഖത്തു പോലും മുഹമ്മദ് നോക്കിയിട്ടില്ല.. ഇതൊക്കെ കേട്ട ബീവിക്ക് വളരെയധികം സന്തോഷമായി..

'മുഹമ്മദ്(സ) പോകുന്ന വഴിയിലെല്ലാം രണ്ടു മലക്കുകൾ അദ്ദേഹത്തിന് തണലിട്ടു കൊടുക്കുന്നു. പൊരിവെയിൽ മുഹമ്മദി(സ)നെ കൊള്ളിക്കാതെ മേഘം കാവൽ നിൽക്കുന്നു.. മരങ്ങളും കൊമ്പുകളും മുഹമ്മദി(സ)ന്ന് തണലേകുന്നു...' മൈസറ വീണ്ടും തുടര്‍ന്നു....

'ഒരു സംഭവമുണ്ടായി. മുഹമ്മദ്‌ ഒരു മരത്തിനടിയില്‍ വിശ്രമിക്കുമ്പോള്‍ ഒരു ജൂത പണ്ഡിതന്‍ എന്നോട് ചോദിച്ചു. ആ മനുഷ്യന്‍ അനാഥനും നിരക്ഷരനുമാണോ?.' അതെ എന്ന് ഞാന്‍ ഉത്തരം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. 'മക്ക പര്‍വത നിരകളില്‍ നിന്നും ഒരു നിരക്ഷരനായ ദൈവദൂതന്‍ വരാന്‍ സമയമായിട്ടുണ്ട്. ഇദ്ദേഹത്തില്‍ ചില ലക്ഷണങ്ങള്‍ ഞാൻ കാണുന്നു. നബിമാർക്കല്ലാതെ മറ്റൊരാൾക്കും മരങ്ങൾ ഇതേ പോലെ തണലിടാറില്ല'

മൈസറയുടെ വിവരങ്ങൾ ഇങ്ങിനെ നീണ്ടു പോവുന്നു.. പോകുന്ന വഴിയിലെല്ലാം രണ്ടു മലക്കുകൾ മുഹമ്മദിന് തണലിട്ടു കൊടുത്തതും പൊരിവെയിൽ കൊള്ളിക്കാതെ മേഘം കാവൽ നിന്നതും മരങ്ങളും കൊമ്പുകളും തണലേകിയതും നസ്തൂറയെന്ന പുരോഹിതൻ മുഹമ്മദിൽ പ്രവാചകത്തതിന്റെ അടയാളങ്ങൾ ദർശിച്ചതും മുഹമ്മദ് ദൈവത്തിന്റെ വരാനിരിക്കുന്ന പ്രവാചകനാണെന്ന് അദ്ദേഹം പറഞ്ഞതും വഴിയിൽ വെച്ച് പല പാതിരിമാരും ഇദ്ദേഹം നബിയാണോ എന്ന് ചോദിച്ചതുമെല്ലാം മൈസറ ഖദീജയോട് വിശദീകരിക്കുന്നു. ഇതൊക്കെ ഖദീജ സാകൂതം കേൾക്കുന്നു. മൈസറയുടെ ഈ വിവരണങ്ങളൊക്കെ പിതൃവ്യ പുത്രനായ വറഖത്ത് ബിനു നൗഫലിന്നെ മഹതി അറിയിക്കുന്നുണ്ടായിരുന്നു. മുഹമ്മദിൽ ഒരു ദിവ്യവെളിപാടിന്റെ സാധ്യതയെ കുറിച്ച് വറഖത്ത് ഖദീജയെ അറിയിച്ചുമിരുന്നു. മൈസറ പറഞ്ഞതൊക്കെ ശരിയാണെങ്കിൽ മുഹമ്മദ് ഈ സമൂഹത്തിലേക്കുള്ള നബിയാണെന്നാണ് എനിക്ക് തോന്നുന്നത്, ഇത് അദ്ദേഹത്തിന്റെ കാലവുമാണ് എന്നാണ് വറഖത് മറുപടി കൊടുത്തത്.

വർഷങ്ങൾക്കു മുമ്പ് കഅബാലയത്തിന്റെ അടുത്ത് നിന്ന് ഒരു ജൂതൻ വിളിച്ചു പറഞ്ഞ സംഭവവും ഖദീജ തന്നെ കണ്ട മറ്റൊരു സ്വപ്നവും ഖദീജയുടെ മനസ്സിലേക്ക് തിരിച്ചെത്തി. അതിപ്രകാരമാണ്.
റജബ് മാസത്തിലെ ഒരാഘോഷ ദിവസം.. മക്കയിലെ സ്ത്രീകളൊക്കെ കഅബാലയത്തിന്റെ സമീപത്തിരിക്കുകയായിരുന്നു. യുവതികളും വൃദ്ധകളുമായ സ്ത്രീകളവരിലുണ്ട്. ആഘോഷദിവസങ്ങളിൽ കഅബാലയത്തിനുള്ളിലെ ഹുബ്ൽ എന്ന പ്രധാനബിംബത്തെയും പുറത്തുള്ള മറ്റു ബിംബങ്ങളേയും സന്ദർശിക്കാതെ അവരൊന്നും മടങ്ങാറുണ്ടായിരുന്നില്ല. അപ്പോഴതാ ഒരു യഹൂദിയായ പുരുഷൻ കഅബാലയത്തിനടുത്തു കൂടെ നടക്കുന്നു. ഈ സ്ത്രീകളൊക്കെ ബിംബങ്ങളെ ആദരവോടെയും ഭക്തിയോടെയും കണ്ടുകൊണ്ടിരിക്കുന്നത് കണ്ട ആ മനുഷ്യൻ പുഞ്ചിരിച്ചു. ആ സ്ത്രീകളിലേക്കു തിരിഞ്ഞു അദ്ദേഹം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ‘മക്കക്കാരായ സ്ത്രീകളേ. നിങ്ങളിലേക്ക് ഒരു വാഗ്ദത്ത പ്രവാചകൻ വരാനുള്ള സമയമായിരിക്കുന്നു. നിങ്ങളിൽ ആർക്കെങ്കിലും ആ പ്രവാചകന്റെ പത്നീപദം അലങ്കരിക്കാൻ കഴിയുമെങ്കിൽ നിങ്ങളത് ചെയ്യണം’. അപരിചിതനായ ആ മനുഷ്യന്റെ സംസാരം കേട്ട അവരൊക്കെയും അമ്പരന്നു. അവരൊക്കെ പരസ്പരം നോക്കി ഈ മനുഷ്യൻ ആരാണെന്നും ഇദ്ദേഹം പറയുന്നതിന്റെ പൊരുൾ എന്താണെന്നും പരസ്പരം ചോദിച്ചു. അതിലൊരുവൾ പറഞ്ഞു, ‘നമ്മെ പരിഹസിക്കാനും നമ്മുടെ ദൈവങ്ങളെ ചീത്തപറയാനുമാണ് ഇദ്ദേഹം ശ്രമിക്കുന്നത്’. തുടർന്ന് സ്ത്രീകളെല്ലാം ആ മനുഷ്യനെ കല്ലെറിയാനും ചീത്ത പറയാനും തുടങ്ങി. എന്നാൽ ഖദീജ അദ്ദേഹത്തെ കല്ലെറിയാതെ അവിടെത്തന്നെയിരുന്നു. ആ മനുഷ്യൻ പറയുന്നത് ശരിയാകാൻ സാധ്യതയുണ്ടെന്ന് അവർക്കു തോന്നുകയും പറയുകയും ചെയ്തു. യഥാർത്ഥത്തിൽ കല്ലെറിയാൻ അവരുടെ മനസ്സ് അവരെ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല.

ഖദീജ കണ്ട സ്വപ്‍നമിതാണ്. ഒരിക്കൽ അവർ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ മക്കയിലെ ആകാശത്തുനിന്നും ഒരു വലിയ സൂര്യൻ തന്റെ വീട്ടിലേക്കു ഇറങ്ങിക്കൊണ്ടിരിക്കുന്നു. ആ സൂര്യന്റെ പ്രകാശം വീട്ടിലും പരിസരങ്ങളിലും വ്യാപിക്കുന്നു. ഉറക്കിൽ നിന്നും അവർ ഞെട്ടിയുണർന്നു. നേരെ വറഖത്തിന്റെ വീട്ടിലേക്കുപോയി താൻ കണ്ട സ്വപ്നം വിവരിച്ചു കൊടുത്തു. 

വാഗ്ദത്ത പ്രവാചകന്റെ അടയാളമായിരുന്നു ആ സൂര്യൻ. ആ സൂര്യന്റെ ഇറക്കമെന്നത് താൻ ആ പ്രവാചകനോടൊപ്പം കഴിയുമെന്നതുമായിരുന്നു. ആ മനുഷ്യന്റെ പത്നീ പദം അലങ്കരിക്കാൻ തനിക്കു തന്നെ അര്ഹതയുണ്ടാകുമെന്നും തന്റെ വീട്ടിലേക്കു ആ 'സൂര്യൻ' ശരിക്കും വരുമെന്നും അവർ മനസ്സിൽ കണ്ടു.
  
യാത്രയില്‍ നബിതിരുമേനിയില്‍ ദൃശ്യമായ ഉന്നത സ്വഭാവങ്ങളെ കുറിച്ച് മൈസറ വിശദീകരിച്ചത് മഹതിയുടെ മനസ്സിൽ മായാതെ കിടക്കുന്നു. താന്‍ അന്വേഷിച്ചത് കണ്ടെത്തിയപോലെ അവർക്ക് തോന്നി. മുഹമ്മദിനെ പറ്റി കേട്ടകാര്യങ്ങളും, നേരില്‍കണ്ടപ്പോള്‍ മനസ്സിലായ സ്വഭാവ വിശുദ്ധിയും ബീവിയുടെ മനസ്സില്‍ സ്ഥാനംപിടിച്ചു. സഹോദരി ഹാലയിൽ നിന്നും അവർ തിരുമേനിയെ കുറിച്ച് മുമ്പ് കേട്ടിട്ടുണ്ട്. ആടുമേക്കാൻ പോകുകയും എന്നിട്ട് ആ ആടുകളെ ഒരെണ്ണം കുറയാതെ തിരിച്ചു കൊടുത്ത മുഹമ്മദി(സ)നെ പറ്റി ബീവിയോട് ഹാല പറയാറുണ്ടായിരുന്നു. സ്ത്രീയുടെ അടുത്ത് പോയി ആടുകളെ മേച്ചതിന്റെ കൂലി വാങ്ങാൻ നാണിച്ച മുഹമ്മദിനെ സ്വഭാവത്തെ കുറിച്ചും ഹാലയിൽ നിന്ന് അവർ കേട്ടിരുന്നു.


ഇത്രയും ഉന്നത സ്വഭാവ ഗുണങ്ങളുള്ള മുഹമ്മദി(സ)നെ തനിക്ക് കിട്ടണമെന്ന് മഹതി ആഗ്രഹിച്ചു. കല്യാണാലോചനക്കായി ബീവി തുനിഞ്ഞു. തന്റെ വിവാഹാഭ്യർത്ഥന മുഹമ്മദ് സ്വീകരിക്കുമോ? മുഹമ്മദാണെങ്കിൽ ചെറുപ്പക്കാരൻ. ഞാനാണെങ്കിൽ ബാപ്പ മരണപ്പെട്ട അനാഥ. കല്യാണം കഴിച്ച രണ്ടു ഭർത്താക്കന്മാരും മരണപ്പെട്ട വിധവ. തീർത്തും ഒറ്റപ്പെട്ടവൾ. ആദ്യ ഭർത്താക്കന്മാരിൽ രണ്ടു മൂന്നു കുട്ടികളുമുണ്ട്. വയസ്സാണെങ്കിൽ നാല്പത്തഞ്ചോളമായിട്ടുണ്ട്. മഹതിയുടെ മനസ്സിൽ വല്ലാത്ത ആശങ്ക. എങ്കിലും കല്യാണം നടക്കുമെന്ന് തന്നെ ബീവിയുടെ മനസ്സ് പറയുന്നു...

“കച്ചവടവും കഴിഞ്ഞ്
മുത്ത് റസൂലുള്ള വന്ന്
കല്ലിയാണാലോചനക്കായ്
ബീവി തുനിഞ്ഞ്.....
ബീവി തുനിഞ്ഞ്.....”

ഓമനിക്കാൻ ബാപ്പ വേണം... എന്നാൽ ബാപ്പ ജീവിപ്പില്ല.. ആ ബാപ്പയെ കണ്ടിട്ട് പോലുമില്ല... ബാപ്പയെ കണ്ടിട്ടില്ലെങ്കിലും, ബാപ്പ അന്ത്യവിശ്രമം കൊള്ളുന്ന ഖബർ കണ്ട് പൊന്നുമ്മയുടെ കൂടെ തിരിച്ചു വരുമ്പോൾ ആ പൊന്നുമ്മയും വഴിയിൽ മരിച്ചു വീണു... ബാപ്പയും ഉമ്മയും നഷ്ടപ്പെട്ടതിന് ശേഷം സംരക്ഷിച്ച വല്യാപ്പ അബ്ദുൽ മുത്തലിബും ജീവിപ്പില്ല... തീർത്തും അനാഥ ബാലൻ... എളാപ്പയുടെ മക്കളോടൊപ്പം എളാപ്പയുടെ വീട്ടിൽ പട്ടിണിയും പരിവട്ടവുമായി ജീവിതം മുന്നോട്ട് നീക്കുന്നു..

കൂട്ടുകാരി നഫീസയോടായിരുന്നു മുഹമ്മദി(സ)നോടുള്ള മോഹം മഹതി തുറന്നു പറഞ്ഞത്. എല്ലാം തുറന്നു പറഞ്ഞിരുന്ന എളാപ്പാന്റെ മകൻ വറഖത്തിനോട് മുഹമ്മദിനോടുള്ള ഇഷ്ടം തൽക്കാലം രഹസ്യമാക്കി. മുഹമ്മദിന്റെ മനസ്സറിയാൻ നഫീസയെ പറഞ്ഞു വിടുന്നു. തന്റെ ആഗ്രഹം മുഹമ്മദിനെ അറിയിക്കാൻ നഫീസയോട് പറയുന്നു. ഖദീജയും മുഹമ്മദും കല്യാണം കഴിച്ചു കാണാൻ നഫീസക്കും ആഗ്രഹമാകുന്നു. കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്ന് നഫീസയും തീരുമാനമെടുക്കുന്നു.. പ്രവാചകനോട് നഫീസ സംസാരിക്കുന്നു... പ്രവാചകന്റെ മനസ്സ് നഫീസ വായിക്കുന്നു..

'എനിക്കാര് പെണ്ണ് തരാൻ.. ഞാൻ അനാഥൻ.. സ്വന്തം എന്നു പറയാൻ ഒന്നുമില്ലാത്ത എന്നെ ഭർത്താവായി ആര് സ്വീകരിക്കും... അതെ തീർത്തും പരമ ദരിദ്രൻ.... എനിക്ക് ഒരു പെണ്ണിനെ ആര് കെട്ടിച്ചു തരാൻ.' പ്രവാചകൻ നഫീസയോട്... 'മക്കയിലെ കച്ചവടക്കാരിയും ഉന്നത സ്വഭാവ മൂല്യവുമുള്ള ഖദീജ താങ്കളെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു'. നഫീസ വിഷയമവതരിപ്പിക്കുന്നു... 'ഖുവൈലിദിന്റെ മകളായ ഖദീജയെ പറ്റിയാണോ താങ്കൾ ഈ പറയുന്നത് നഫീസാ?'. 'അതെ മക്കയിലെ കുലീനയായ, കച്ചവടക്കാരിയായ ഖദീജ..'

 'പിതാവിന്റെ സ്ഥാനത്തുള്ള മുത്താപ്പയുമായും എളാപ്പമാരുമായും അന്വേഷിക്കണം. വിഷയം സംസാരിക്കണം' നഫീസക്കു മറുപടി കൊടുത്തു. അതിന്നിടയിൽ ഖദീജയും മുഹമ്മദും കല്യാണത്തിനായുള്ള പെണ്ണ് കാണൽ ചടങ്ങു നടക്കുന്നു... പരസ്പരം സംസാരിക്കുന്നു... അവർ മനസ്സിലെ ഇഷ്ടം തുറന്നു പറയുന്നു... ഖദീജയുടെ ആഗ്രഹം അറിയിക്കാൻ നഫീസ അബൂത്വാലിബിനെ കാണാനെത്തുന്നു...

"തോഴിയെ ബീവീ വിളിച്ചു
കാര്യമെല്ലാമേയറീച്ചു
മാന്യനബൂതാലിബിന്റെ
അരികിലയച്ചു....
അരികിലയച്ചു...."

ഖദീജയോടുള്ള ആഗ്രഹം മുഹമ്മദും(സ) അബൂത്വാലിബിനോട് അവതരിപ്പിക്കുന്നു. ഒപ്പം മറ്റു എളാപ്പമാരായ ഹംസത്ത് ബിൻ അബ്ദിൽ മുത്തലിബിനെ(റ)യും അബ്ബാസുബ്ൻ അബ്ദിൽ മുത്തലിബി(റ)നെയും കൂടി കാര്യം അറിയിക്കുന്നു.. കല്യാണത്തിന് എല്ലാവർക്കും സന്തോഷവും സമ്മതവുമാണ്... നൂറു വട്ടം സമ്മതം.... 

"കല്ലിയാണകാര്യമാണ്
ഏറ്റവും സന്തോഷമാണ്
കാര്യമബൂത്വാലിബിന്നു
സമ്മതമാണ്
സമ്മതമാണ്...."

മഹതിയുടെ ഭാഗത്ത് നിന്ന് വറഖത്ത് ബ്ൻ നൗഫലിന്നും ഈ വിവാഹത്തിന്ന് വളരെയധികം സന്തോഷവും സമ്മതവും. എളാപ്പ അംറുബിനു അസദിന്നു ആദ്യം വിസമ്മതമുണ്ടായി. ദരിദ്രനായ മുഹമ്മദിനേക്കാൾ എത്രയോ സമ്പന്നരെ ഖദീജക്കു കിട്ടും എന്നായിരുന്നു അംറിന്റെ ചിന്ത. പിന്നീട് സമ്മതിച്ചു. ഇനി മക്കയിലെ 'അൽ അമീനും' ആ മക്കയിലെ തന്നെ 'ത്വാഹിറ'യും ഒരുമിക്കാൻ പോകുന്നു... വിശ്വസ്തതയും വിശുദ്ധിയും ഒന്നാവാൻ ഒരുങ്ങുന്നു... അമാനത്തും ത്വഹാറത്തും കൂടിച്ചേരാൻ പോവുന്നു...

ശ്യാമിൽ നിന്ന് മടങ്ങിയിട്ട് അപ്പോഴേക്ക് രണ്ടു മാസം കഴിഞ്ഞിട്ടേയുള്ളൂ. രണ്ടുപേരുടെയും പിതാക്കന്മാർ ജീവിച്ചിരിപ്പില്ലാത്തതു കൊണ്ട് അബൂത്വാലിബ്, ഹംസ(റ) എന്നിവർ തിരുമേനിയുടെ ഭാഗത്ത് നിന്ന് കാരണവൻമാരുടെ റോളിൽ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഖദീജ(റ)യുടെ ഭാഗത്തുനിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നത് പിതൃവ്യൻ അംറ് ബിന് അസദും പിതൃവ്യപുത്രൻ വറഖത്ത് ബ്നു നൗഫലും.
ശ്യാമിൽ നിന്ന് മടങ്ങിയിട്ട് അപ്പോഴേക്ക് രണ്ടു മാസം കഴിഞ്ഞിട്ടേയുള്ളൂ. രണ്ടുപേരുടെയും പിതാക്കന്മാർ ജീവിച്ചിരിപ്പില്ലാത്തതു കൊണ്ട് അബൂത്വാലിബ്, ഹംസ(റ) എന്നിവർ തിരുമേനിയുടെ ഭാഗത്ത് നിന്ന് കാരണവൻമാരുടെ റോളിൽ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഖദീജ(റ)യുടെ ഭാഗത്തുനിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നത് പിതൃവ്യൻ അംറ് ബിന് അസദും പിതൃവ്യപുത്രൻ വറഖത്ത് ബ്നു നൗഫലും. വിവാഹ കാര്യങ്ങൾ തീരുമാനിച്ചുറപ്പിക്കുന്നു. തിയതിയും തീരുമാനമാവുന്നു....

"ബീവി ഖദീജാബിയന്ന്
പുതുമണവാട്ടി ചമഞ്ഞു
മുത്ത് റസൂലുള്ള
പുതുമാരൻ ചമഞ്ഞ്
പുതുമാരൻ ചമഞ്ഞ്"

ഇന്ന് മംഗല്യ നാളാണ് ... മന്നവന്റെ കൽപനയാലുള്ള മംഗല്യ നാൾ... ചരിത്രത്തിലെ ഏറ്റവും അനുഗ്രഹീതമായ മംഗല്യം... ദൈവം തമ്പുരാൻ തീരുമാനിച്ചുറപ്പിച്ച മംഗല്യം... അവന്റെ സംരക്ഷണത്തിലും മേൽനോട്ടത്തിലുമുള്ള മംഗല്യം... രണ്ട് അനാഥകള്‍ തമ്മിലാണ് മംഗല്യം. രണ്ടുപേരും ഉന്നതതറവാട്ടുകാരാണ്. വിവാഹസുദിനത്തില്‍ ഒരുമിച്ചുകൂടിയവരെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടുള്ള പ്രസംഗം അബൂത്വാലിബ് നടത്തുന്നു. അതിലദ്ദേഹം ഇപ്രകാരം പറയുന്നു.

“അല്ലാഹുവിന് സ്തുതി! അവന്‍ ഇബ്‌റാഹീമിന്റെ സന്തതിപരമ്പരയില്‍, ഇസ്മാഈലിന്റെ വിത്തില്‍, മുഇദ്ദിന്റെ തറവാട്ടില്‍നിന്നും, മുളിർറിന്റെ ഘടകത്തിൽ നിന്നുമായി ഞങ്ങളെ ആവിര്‍ഭവിപ്പിച്ചവനാണവന്‍. അവന്‍ ഞങ്ങളെ പുണ്യഭവനത്തിന്റെ ഭരണാധികാരികളാക്കി. ഞങ്ങളെ ജനങ്ങള്‍ക്കുള്ള വിധികര്‍ത്താക്കളുമാക്കി. ഞങ്ങള്‍ക്കതിനെ ഒരു സുരക്ഷിതഭവനവും നിര്‍ഭയ സങ്കേതവും ആക്കിത്തന്നു. ബുദ്ധിവൈഭവം കൊണ്ടോ, സാമര്‍ത്ഥ്യം കൊണ്ടോ പദവിയും മാന്യതയും കൊണ്ടോ ഖുറൈശികളുടെ കൂട്ടത്തില്‍ മുഹമ്മദിനോട് കിടപിടിക്കാവുന്ന ഒരു ചെറുപ്പക്കാരനും ഇല്ല. അത്രയ്ക്ക് ഉന്നതനായ ചെറുപ്പക്കാരനാണ് മുഹമ്മദ്.”

“ഇനി സമ്പത്തിന്റെ കാര്യത്തില്‍ അവൻ അല്‍പം പിന്നിലാണ്. എന്നാല്‍ സമ്പത്ത് കേവലം നീങ്ങിപ്പോകുന്ന തണലുപോലെയാണ്. അല്ലെങ്കില്‍ തിരിച്ചു നല്‍കേണ്ട ഒരു വായ്പയുമാണ്. ഇന്ന് സമ്പത്തുള്ളവൻ നാളെ ദരിദ്രനായേക്കാം. ഇന്നത്തെ ദരിദ്രൻ നാളത്തെ സമ്പന്നനായേക്കാം. ലോകം അങ്ങിനെയാണ്. അല്ലാഹുവാണെ, ഇതിനെല്ലാം പുറമെ ഇവന് മഹത്തായ ഒരു വര്‍ത്തമാനവും ഉന്നതമായ ഒരു പദവിയും വരാനിരിക്കുന്നുണ്ട്. മുഹമ്മദിന്റെ കുടുംബബന്ധം നിങ്ങൾക്കൊക്കെ അറിയാം. അവനിതാ ഖുവൈലിദിന്റെ മകള്‍ ഖദീജയെ വിവാഹം ആഗ്രഹിച്ചിരിക്കുന്നു. ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദിനെയും ആഗ്രഹിക്കുന്നു. മുഹമ്മദ് ഖദീജക്കു അഞ്ഞൂറ് ദിർഹം മഹ്റായി നൽകുകയും ചെയ്യുന്നു”

വേറെ ചില റിപ്പോർട്ടിൽ ഇതും കൂടിയുണ്ട് "അള്ളാഹു ഞങ്ങളുടെ ഈ നാട്ടിന് ശ്രേഷ്ഠതയും മറ്റു അനുഗ്രഹങ്ങളും നൽകി. എല്ലാ വിദൂര ദിക്കുകളിൽ നിന്നും ഇവിടേയ്ക്ക് ആഹാര പദാർത്ഥങ്ങൾ വന്നണയുന്നു. അല്ലാഹുവിന്നാണ് സ്തുതി, നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയും അവനു തന്നെയാണ്. കുടുംബബന്ധം പുലർത്താൻ അവൻ കല്പിച്ചു. അങ്ങിനെയാണ് തലമുറകൾ വ്യാപിക്കുക."

അബൂത്വാലിബിന്റെ പ്രസംഗം കഴിഞ്ഞയുടനെ ഖദീജയുടെ പിതൃവ്യ പുത്രനായ വറഖത്ത് ബ്നു നൗഫൽ എഴുന്നേറ്റു. അബൂത്വാലിബ് പറഞ്ഞതിനെ അംഗീകരിച്ചു കൊണ്ട് അദ്ദേഹവും പ്രസംഗിച്ചു. "അബൂത്വാലിബ്‌ പറഞ്ഞത് പോലെ അല്ലാഹുവിന്നു തന്നെയാണ് എല്ലാവിധ സ്തുതിയും. ആരും ആരുടേയും ശ്രേഷ്ഠതയെ കുറച്ചു കാണുന്നില്ല. ഖുറൈശികളെ നിങ്ങളൊക്കെയും ഈ കല്യാണത്തിന് സാക്ഷികളാണ്. ഞാനിതാ മുഹമ്മദ് ബിൻ അബ്ദുല്ലക്ക്, ഖദീജ ബിൻത് ഖുവൈലിദിനെ ഇണയാക്കി കൊടുക്കുന്നു..."

പിന്നീട്, അംറ് ബിൻ അസദും സംസാരിക്കട്ടെ എന്ന് അബൂത്വാലിബ് ആവശ്യപ്പെടുകയും അദ്ദേഹം എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു "മുഹമ്മദ് ബിൻ അബ്ദുല്ലക്ക്, ഖദീജ ബിൻത് ഖുവൈലിദിനെ ഇണയാക്കികൊടുത്തതിനു നിങ്ങളൊക്കെയും സാക്ഷി...." പ്രവാചകൻ ഇത് സ്വീകരിക്കുകയും അവിടെയുണ്ടായിരുന്ന ഖുറൈശികളൊക്കെ ഇതിനു സാക്ഷികളാവുകയും ചെയ്തു. അബൂബക്കർ സിദ്ധീഖും ഈ കല്യാണത്തിന് സാക്ഷിയായവരിൽ പെടും.

അതോടെ നികാഹും നടന്നു. അതോടെ മുഹമ്മദിന് ഖദീജയും ഖദീജക്ക് മുഹമ്മദും സ്വന്തമായി. അവർ പുതുദാമ്പത്യജീവിതം ആരംഭിക്കാൻ പോവുന്നു. അന്ന് ഖദീജക്ക് നാല്‍പതും നബിക്ക് ഇരുപത്തിയഞ്ചും വയസായിരുന്നു പ്രായം. മരണപ്പെട്ട് പോയ അനുജന്റെ മകൻ പുതിയാപ്ലയാകുന്നത് മൂത്താപ്പ അബൂത്വാലിബും, ഇക്കയുടെ മകൻ പുതിയാപ്ലയാകുന്നത് എളാപ്പമാരായ ഹംസയും അബ്ബാസും മനം നിറയെ കണ്ടു സന്തോഷിക്കുന്നു...

"മന്നവന്റെ കൽപനയാൽ
മംഗല്യ നാളും പുലർന്ന്
മാതൃകരാം ദമ്പതിയിൽ
മംഗളം ചേർന്ന്
മംഗളം ചേർന്ന്..... "

പ്രവാചകൻ വിവാഹമൂല്യമായിട്ടു നൽകിയത് നല്‍കിയത് ഇരുപത് പെൺ ഒട്ടകങ്ങളെയാണ്. അഞ്ഞൂറ് ദിർഹത്തിന്റെ വെള്ളിയാണെന്നും അഭിപ്രായമുണ്ട്. നികാഹിന്ന് മുളിർ കുടുംബത്തിലെയും ബനൂ ഹാഷിം കുടുംബത്തിലെയും നേതാക്കന്മാരുൾപ്പെടെ കുറെയാളുകൾ സാക്ഷിയായി. അന്നത്തെ അറേബ്യൻ ആചാര ആഘോഷങ്ങളോടെ തന്നെ കല്യാണം നടന്നു. ഒട്ടകത്തെ അറുത്തു കൊണ്ട് കല്യാണ സദ്യയും നടത്തി.. ഖദീജയുടെ വീട്ടിൽ വെച്ചാണ് സദ്യ നടത്തപ്പെട്ടത് ചരിത്രം നമുക്ക് പറഞ്ഞു തരുന്നു. ഇരുന്നൂറോളം പേർ വിവാഹത്തിൽ സംബന്ധിച്ചു. വിവാഹാഘോഷം കേമമായി തന്നെ കൊണ്ടാടി. മക്ക മുഴുവൻ ഈ കല്യാണത്തിൽ സന്തോഷിച്ചു. കുട്ടികളും വലിയവരും കൈമുട്ടി പാട്ടുപാടി. എല്ലാം അന്നത്തെ അറേബ്യൻ രീതിയിൽ തന്നെ.

നബിയുടെ പോറ്റമ്മയായ ഹലീമയുടെ സാന്നിധ്യവും കല്യാണത്തിന്നുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. തന്റെ അമ്മിഞ്ഞപ്പാൽ നുകർന്ന്, തന്റെ കൈത്തണ്ടയിൽ വെച്ച് താലോലിച്ച്, താൻ പോറ്റി വളർത്തി വലുതാക്കിയ തന്റെ വളർത്തു മോൻ ഇരുപതാണ്ടുകൾക്ക് ശേഷം മക്കയിലെ വിശിഷ്ടയായ ഖദീജയെ നികാഹ് ചെയ്ത് സ്വന്തമാക്കുന്നത് കണ്ട് ഹലീമ മനംനിറഞ്ഞ് സന്തോഷിച്ചു. കല്യാണത്തിന്ന് സാക്ഷിയായ ഹലീമക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയാണ് ഖദീജ തിരിച്ചയച്ചത്. കല്യാണ ശേഷവും ഇടക്കിടക്ക് വളർത്തു മോനെയും സഖിയെയും കാണാൻ ഹലീമ എത്താറുണ്ടായിരുന്നു. തിരിച്ചു പോവുമ്പോഴെല്ലാം ഖദീജ അവർക്ക് സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നു.

ഏതാനും ദിവസത്തിന് ശേഷം അബൂത്വാലിബിന്റെ വീട്ടിൽ നിന്നും മഹതിയുടെ വീട്ടിലേക്ക് താമസം മാറി. ഉമ്മയും സഹോദരിയുമില്ലാത്ത മുഹമ്മദി(സ)ന് അവർ ഉമ്മയുടെ സ്ഥാനത്തും സഹോദരിയുടെ സ്ഥാനത്തുമായി. ദരിദ്രനായ മുഹമ്മദ്(സ) വിവാഹത്തോടെ സമ്പന്നനായി. ഖദീജ(റ)യുടെ കച്ചവട കാര്യങ്ങൾ പ്രവാചകൻ തന്നെ നോക്കി നടത്തി.

കല്യാണം മുടക്കികളും തുരപ്പൻ പണിയെടുക്കുന്നവരും അന്നുമുണ്ടായിരുന്നു. വിവാഹ രാത്രിയില്‍ അബൂജഹലും പ്രമാണിമാരും പറഞ്ഞു. ”അനാഥനും, ദരിദ്രനുമായ മുഹമ്മദിനെ മാത്രമേ ഖദീജക്ക് കിട്ടിയൊള്ളൂ..?” ഇതറിഞ്ഞ ഖദീജ അവരെയെല്ലാം ഒരു സദ്യക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു. 'മക്കക്കാരെ, നിങ്ങള്‍ സാക്ഷി. എന്‍റെ മുഴുവന്‍ സ്വത്തും ഞാനിതാ മുഹമ്മദിനു നൽകുന്നു. ഇപ്പോൾ അദ്ദേഹമാണ് കോടീശ്വരൻ. ഞാനാണ് പാവപ്പെട്ടവൾ...' അത് കേട്ട് പ്രമാണിമാര്‍ വായ അടക്കി..

വിശുദ്ധ ഖുർആനിലെ സൂറത്തു അള്ളുഹായിലെ ووجدك عائلا فأغنی (അവൻ നിന്നെ ദരിദ്രനായി കണ്ടു. എന്നിട്ടവൻ സമ്പന്നനാക്കി.) എന്ന പരാമർശം ഇതാണ് സൂചിപ്പിക്കുന്നതും. ഈ ആയത്ത് വിശദീകരിച്ച് കൊണ്ട് സയ്യിദ് മൗദൂദി എഴുതുന്നു. "നബി(സ)ക്ക് പിതാവിന്റെ അനന്തരാവകാശമായി ശേഷിച്ചത് ഒരു ഒട്ടകവും ഒരു അടിമസ്ത്രീയുമായിരുന്നു. ഈ നിലയില്‍ അവിടത്തെ ആദ്യകാലജീവിതം നിസ്വാവസ്ഥയിലായിരുന്നു. പിന്നീട് ഒരവസരത്തില്‍ ഖുറൈശികളിലെ ഏറ്റവും ധനാഢ്യയായ വനിത ഹ. ഖദീജ(റ) ആദ്യം അദ്ദേഹത്തെ തന്റെ വ്യാപാരപങ്കാളിയാക്കുകയും പിന്നെ വിവാഹം ചെയ്യുകയും തന്റെ വ്യാപാരപ്രവര്‍ത്തനം മുഴുവന്‍ അദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം സമ്പന്നനായിത്തീര്‍ന്നു. എന്നാല്‍, അദ്ദേഹത്തിന്റെ സമ്പന്നത അദ്ദേഹത്തെ ഭാര്യയുടെ സമ്പത്തിന്റെ ആശ്രിതനാക്കുന്ന തരത്തിലുള്ളതായിരുന്നില്ല. അവരുടെ വ്യാപാരം വിജയിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ യോഗ്യതക്കും സ്‌നേഹത്തിനും വലിയ പങ്കുണ്ടായിരുന്നു." (തഫ്ഹീമുൽ ഖുർആൻ)

വിവാഹം കഴിഞ്ഞു ആദ്യത്തെ പത്തുപതിനഞ്ച് വർഷത്തിനിടയിൽ തന്നെ ആറു കുട്ടികൾ അവർക്കു ജനിച്ചു. മൂത്തത് ഖാസിം പിന്നെ സൈനബ്, റുഖിയ്യ, ഉമ്മുകുത്സും, ഫാത്വിമ, അബ്ദുല്ലാഹ്. മൂത്ത പുത്രന്‍ ഖാസിമിന്റെ പേരിലാണ് നബിതിരുമേനി അബുല്‍ഖാസിം എന്നറിയപ്പെട്ടത്. ആണ്‍മക്കളെല്ലാം ശൈശവത്തിലേ മരിച്ചുപോയി. പെണ്‍മക്കളെല്ലാം ഇസ്ലാമിലെത്തുകയും മുസ്ലിംകളാവുകയും ഹിജ്റ പോവുകയും ചെയ്തു. പക്ഷേ, ഫാത്വിമ(റ) ഒഴികെ എല്ലാവരും അവിടുത്തെ ജീവതകാലത്തു തന്നെ ഇഹലോകം വെടിഞ്ഞു. ഫാത്വിമ(റ) മരണപ്പെട്ടത് പ്രവാചക വിയോഗത്തിന്ന് ആറുമാസത്തിനു ശേഷവും. റുഖിയ്യയെയും ഉമ്മു കുൽസൂമിനെയും വിവാഹം ചെയ്തത് അബൂലഹബിന്റെ മക്കളായ ഉത്ബതും ഉതയ്ബത്തുമാണ്. ഇസ്‌ലാം വിരോധികളായതു കൊണ്ട് ആ ബന്ധങ്ങൾ തുടർന്ന് പോയില്ല. അബൂലഹബ് മക്കളെ കൊണ്ട് വിവാഹമോചനം ചെയ്യിക്കുകയായിരുന്നു. പിന്നീട് ഉസ്മാൻ(റ) ആയിരുന്നു റുഖിയ്യയെ വിവാഹം ചെയ്തത്. അസുഖത്തെ തുടർന്ന് റുഖിയ(റ) മരണപ്പെട്ടപ്പോൾ പ്രവാചകൻ ഉമ്മു കുൽസൂമി(റ)നെ ഉസ്മാന് വിവാഹം ചെയ്തു കൊടുത്തു. അതുകൊണ്ടു തന്നെ ഇരട്ട പ്രകാശമുള്ളവൻ എന്നർത്ഥം വരുന്ന ദുന്നൂറെയ്‌നി എന്ന പേരിൽ ഉസ്മാൻ(റ) അറിയപ്പെടുന്നു. മറ്റൊരു മകൾ സൈനബി(റ)നെ കല്യാണം കഴിച്ചത് അബുൽ ആസ്(റ) ആയിരുന്നു. അബുൽ ആസ് ആദ്യ ഘട്ടത്തിൽ ഇസ്ലാം സ്വീകരിക്കാത്തതിനാൽ വിവാഹ ബന്ധം വിച്ഛേദിക്കപ്പെടുകയും ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുകയായിരുന്നു. ഫാത്തിമ(റ)യെ അലി(റ)യും കല്യാണം കഴിച്ചു.

പ്രവാചകന്റെയും മഹതിയുടെയും ദാമ്പത്യം തുടർന്ന് കൊണ്ടിരുന്നു. ഒപ്പം കച്ചവടവും. ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്. നബിയില്‍ എന്തൊക്കെയോ തരത്തിലുള്ള പ്രത്യേകതയുള്ളത് അന്നേ മഹതി മനസ്സിലാക്കിയിരുന്നു. അവിടുന്ന് കാണുന്ന സ്വപ്‌നങ്ങള്‍ ബീവിയോടു പറയും, സ്വപ്നങ്ങളിലധികവും പിന്നീടു പുലരുന്നതും മഹതി കണ്ടു. പ്രായം നാല്‍പ്പതിനടുത്തതും നബിക്ക് ഏകാന്ത ജീവിതത്തിനു താല്പര്യമായി. എന്തോ ഒരു തരം ആത്മീയ ദാഹം പ്രവാചകന് അനുഭവപ്പെടുന്നത് പോലെ. ജബലുന്നൂരിലെ ഹിറഗുഹയില്‍ ഏകനായി ധ്യാനമിരിക്കാൻ തുടങ്ങി. ലോകത്തിന്റെ പ്രവാചകന്‍ കഅബാലയത്തിന്റെ പരിസരത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാവിധ വൃത്തികേടുകളില്‍ നിന്നും മോചനമാഗ്രഹിച്ചായിരിക്കണം ധ്യാനനിമഗ്നനായിരിക്കാന് ഹിറാഗുഹയിലേക്ക് പോയത്. മക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന അധാര്മ്മികതകളിലും അശ്ലീലതകളിലും അഭാസങ്ങളിലും മനംനൊന്തായിരിക്കണം അദ്ദേഹം മലകയറി പോയത്. മർദ്ദിതന്നു നീതികിട്ടാതിരിക്കുന്നതും കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്നതും അദ്ദേഹം കണ്ടിട്ടുണ്ടാവണം. കൊള്ളയും കൊള്ളിവെപ്പും കളവും വഞ്ചനയും കണ്ടു മടുത്തിട്ടുണ്ടാവണമദ്ദേഹം. ഏകദൈവാരാധനക്ക് വേണ്ടി നിർമ്മിക്കപ്പെട്ട കഅബായലത്തിനകത്തും പുറത്തും നൂറു കണക്കിന്നു പ്രതിമകൾ പ്രാർത്ഥിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ടാവണം. ജനങ്ങൾ ആൺ-പെൺ വ്യത്യാസമില്ലാതെ പ്രദക്ഷിണം ചെയ്ത് കഅബാലയം അപമാനിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തിയിട്ടുണ്ടാവണം.....

ജബലുന്നൂർ

മക്കയിൽ നിന്നും ഏകദേശം നാലഞ്ചു കിലോമീറ്റർ ദൂരമുണ്ട് ജബലുന്നൂറിലേക്ക്. നബി വരാത്ത ദിവസങ്ങളില്‍ വിശുദ്ധ കഅബാലയത്തിന്റെ ഓരത്തുള്ള വീട്ടിൽ നിന്നും അവിടേക്ക് ഭക്ഷണവുമായി അമ്പത്തഞ്ച് വയസ്സുള്ള ആ ഉമ്മ മല കയറുമായിരുന്നു. ഹിറാഗുഹയിൽ ധ്യാനനിമഗ്നനായിരിക്കുന്ന നാല്‍പതു വയസ്സായ സ്വന്തം ഭര്‍ത്താവിന്നു വെള്ളപാത്രവും ഭക്ഷണപ്പൊതിയുമായി കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വീട്ടില്‍ നിന്ന് ഒട്ടകപ്പുറത്തേറി പര്‍വതത്തിന്റെ ചുവട്ടിലെത്തുകയും അവിടുന്നങ്ങോട്ട് പര്‍വത മുകളിലേക്ക് നടന്നു കയറുകയും ചെയ്യുന്ന അന്‍പത്തഞ്ചുകാരി ഖദീജ(റ). സഹായത്തിനു പോലും അവര്‍ ആരെയും കൂട്ടിയില്ല. അതിനുള്ള സാമ്പത്തിക ശേഷി അവർക്കു ഇല്ലാഞ്ഞിട്ടല്ല. വല്ല വേലക്കാരിയെയും പറഞ്ഞയക്കാൻ അറിയാഞ്ഞിട്ടുമല്ല. അതിനു പറഞ്ഞ കാരണം, എന്‍റെ ഭര്‍ത്താവിന് ഞാന്‍ തന്നെ ഭക്ഷണം കൊടുക്കണം. ഇന്ന് പടവുകള്‍ ഉണ്ടാക്കിയിട്ടും ആ മല കയറാന്‍ ആരോഗ്യമുള്ളവര്‍ക്ക് പോലും ഒരു മണിക്കൂറിലധികം വേണം. അപ്പോൾ വിശ്വാസികളുടെ ആ ഉമ്മ എത്രമാത്രം കഷ്ടപ്പെട്ട് കാണും? എത്രമാത്രം അവര്‍ നബിയെ സ്നേഹിച്ചു കാണും..?

പതിവ് പോലെ അന്നും പ്രവാചകൻ ഹിറാഗുഹയില്‍ ധ്യാനനിമഗ്നനായി. പെട്ടെന്ന് ഒരശിരീരി. ചക്രവാളത്തിൽ ജിബ്രീൽ. നബിയെ ചേര്‍ത്തു മുറുകെപിടിച്ചു വായിക്കുക എന്ന ജിബ്രീലിന്റെ കല്പന. എനിക്ക് വായിക്കാനറിയില്ലെന്ന നിരക്ഷരനായ പ്രവാചകന്റെ പേടിച്ചരണ്ട മറുപടി. വീണ്ടും പ്രവാചകനെ മുറുക്കിപ്പിടിച്ചു അതേ കല്പന. അതേ മറുപടിയും. മൂന്നാം വട്ടവും അതേ കല്പനയും അതേ മറുപടിയും. പിന്നീട് ജിബ്രീൽ വായിച്ചുകൊടുക്കുന്നു. പ്രവാചകൻ ഏറ്റുപറയുന്നു...... 'വായിക്കുക: നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്ന പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക: നിന്റെ നാഥന്‍ അത്യുദാരനാകുന്നു. തൂലികകൊണ്ട് പഠിപ്പിച്ചവന്‍. അവന്‍ മനുഷ്യനെ അവനറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു.......'

ജിബ്രീൽ ഓതിത്തന്ന ദിവ്യസന്ദേശത്തിന്റെ ഭാരത്താല്‍ ശരീരം വിറച്ചു. ശരീരത്തിൽ വേദനയനുഭവപ്പെട്ടു. പേടിച്ചരണ്ടു ഹിറയിൽ നിന്നും താഴേക്കിറങ്ങി. വീട്ടിലെത്തി സംഭവിച്ചതൊക്കെയും പ്രിയതമക്ക് വിവരിച്ചു കൊടുത്തു. വിറയാർന്ന സ്വരത്തിൽ പ്രവാചകൻ ഖദീജ(റ)യോട്‌: "എന്നെ പുതപ്പിട്ടു മൂടൂ, ഖദീജാ"...."അങ്ങയുടെ ജീവന്നു യാതൊരു അപകടവുമില്ല, ദൈവം ഒരിക്കലും അങ്ങേയ്ക്ക് പ്രയാസം വരുത്തുകയില്ല. മറ്റുള്ളവര്‍ക്ക് ആശ്വാസവും അഭയവുമേകുന്ന അങ്ങയെ ദൈവം തമ്പുരാൻ കൈവിടുകയില്ല. പ്രയാസമുള്ളവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുന്നു താങ്കൾ. അങ്ങ് ബന്ധുക്കളോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നു, ജനങ്ങളുടെ ഭാരങ്ങള്‍ സ്വയം ഏറ്റെടുക്കുന്നു, പാവങ്ങളെയും അഗതികളെയും സഹായിക്കുന്നു. വഴിയാത്രക്കാര്‍ക്ക് ആതിഥ്യമരുളുന്നു, നീതിപൂര്‍വം ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നു. ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങാകുന്നു". ഖദീജ(റ)യുടെ ആശ്വാസ വചനങ്ങൾ ഇങ്ങിനെ തുടർന്നു....... സ്നേഹനിധിയായ ഭാര്യ, സ്നേഹനിധിയായ ഭർത്താവിന് കൊടുക്കുന്ന ചരിത്രത്തിൽ തുല്യതയില്ലാത്ത ഗുഡ് സെർട്ടിഫിക്കറ്റ്!! ഇതിലും വലിയ സെർട്ടിഫിക്കറ്റു ഒരൊറ്റ ഭാര്യയും ഒരൊറ്റ ഭർത്താവിനും കൊടുത്തിട്ടുണ്ടാവില്ല.! 



ഹിറാ ഗുഹ
സംഭവിച്ചതിന്റെ യാഥാർത്ഥ്യമറിയാൻ പിതൃവ്യ പുത്രനും വേദപണ്ഡിതനുമായ വറഖത്തുബിനു നൌഫലിന്റെയടുത്തേക്ക് ഭർത്താവിനെ കൂട്ടികൊണ്ട് പോവുന്നു. നടന്ന സംഭവങ്ങളൊക്കെ വിശദീകരിക്കുന്നു. ഹീബ്രു ഭാഷയിലും പൂര്‍വ വേദങ്ങളിലും ആഴമേറിയ അറിവുള്ള വറഖത്തുബിനു നൌഫലിന്നു സംഗതി വേഗം തന്നെ പിടികിട്ടി. 'മുഹമ്മദ്‌ എത്ര ഭാഗ്യവാന്. പേടിക്കാനൊന്നുമില്ല, മോശെയുടെ അടുത്ത് വന്ന നാമൂസ് (മാലാഖ) തന്നെയാണ് മുഹമ്മദിന്റെ അടുക്കല്‍ വന്നിട്ടുള്ളത്. മുഹമ്മദ്‌ ഇന്ന് മുതൽ ദൈവത്തിങ്കൽ നിന്നുള്ള ദൂതനാണ്. ഖുറൈശികള്‍ അദ്ദേഹത്തെ സ്വന്തം നാട്ടില്‍ നിന്നു പുറത്താക്കും. അവരെന്നെ പുറത്താക്കുകയോ? വറഖത്തിനോട് പ്രവാചകൻ. അതെ, ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മുഹമ്മദിനെ ഞാൻ പിന്തുണക്കും'. വറഖത്തു പറഞ്ഞു നിർത്തി. ഖദീജക്കും ആശ്വാസമായി. സംഗതി മനസ്സിലായയുടനെ ഉടനെ ഖദീജ ബീവി നബിയില്‍ വിശ്വസിച്ചു. അങ്ങനെ മുഹമ്മദ്‌ നബിയില്‍വിശ്വസിച്ച ആദ്യത്തെ ആളായി, വിശ്വാസിയായി ബീവി മാറി. രണ്ടാമതായി വറഖതാണ് വിശ്വസിച്ചത്. പക്ഷെ ഏതാനും ദിവസങ്ങൾക്കു ശേഷം വറഖത്ത് ഇഹലോകവാസം വെടിയുകയും ചെയ്തു.

നബിക്ക് പിന്നീട് പരീക്ഷണങ്ങളുടെ കാലമായിരുന്നു. പീഡനങ്ങള്‍, ബഹിഷ്കരണങ്ങള്‍, ചീത്ത വിളികൾ, ആരോപണങ്ങൾ, കൂക്കി വിളികൾ.. പ്രവാചകത്വത്തിന്റെ ഏഴാം വര്ഷം കുടുംബത്തെ ഖുറൈശികൾ ഒന്നാകെ ബഹിഷ്കരിച്ചു. കുടുംബം മൂന്നു വര്‍ഷത്തോളം ശിഅബ് അബീതാലിബിൽ. റുഖിയ്യയും, ഉമ്മുകുത്സുമും, കുട്ടിയായ ഫാത്വിമയും കൂടെയുണ്ട് ശിഅബ് അബീതാലിബിൽ.. മക്കളുമായി നബിക്കൊപ്പം നേരാം വണ്ണം കഴിക്കാന്‍ ഭക്ഷണമില്ലാതെ ഖദീജ ബീവി കഴിഞ്ഞു. മിക്ക ദിവസങ്ങളിലും പച്ചിലകൾ തന്നെ ഭക്ഷണം. കുടിക്കാൻ പച്ചവെള്ളവും. കുട്ടികളെയും കൊണ്ട് വീട്ടിലേക്കു തിരിച്ചുപോവാൻ പ്രവാചകൻ ഖദീജയോട് ആവശ്യപ്പെട്ടിട്ടും ഭർത്താവിനൊപ്പം കഴിയാനാണ് അവർ ആഗ്രഹിച്ചത്. അറേബ്യയിലെ സമ്പന്നനായിരുന്ന ഖുവൈലിദിന്റെ മകൾക്കു ശിഅബ് അബീതാലിബിലെ പട്ടിണി സഹിക്കാൻ പറ്റില്ലായെന്നു പ്രവാചകന് തോന്നിയുമിരിക്കണം. എന്നാൽ ഒരു തരത്തിലുള്ള അസഹ്യതയും മഹതി കാണിച്ചില്ല.

ഉപരോധം അവസാനിച്ചിട്ട് ആറ് മാസം പൂര്‍ത്തിയായിട്ടില്ല. ആ സമയത്താണ് പ്രവാചകന്റെ സംരക്ഷകനും പിതൃവ്യനും അതിലുപരി എല്ലാമെല്ലാമായ അബൂത്വാലിബിന്റെ മരണം. അത് പ്രവാചകനെ തീർത്തും ദുഃഖിപ്പിച്ചു. തനിക്കുള്ള ഒരു അവലംബം നഷ്ടപ്പെട്ടു. 

ശിഅബ് അബീതാലിബിലെ മൂന്നു വർഷക്കാലത്തെ പ്രയാസകരമായ ജീവിതം ഖദീജ(റ)യെ ആകെ തളർത്തി. മഹതി രോഗശയ്യയിലായി. പ്രിയ പത്‌നിയെ ശുശ്രൂഷിച്ചും പരിചരിച്ചും തൊട്ടടുത്ത് തന്നെ പ്രവാചകന്‍ കഴിഞ്ഞു കൂടി. മരണശയ്യയിൽ കിടക്കുമ്പോഴും മക്കയിൽ പ്രവാചകൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചോർത്തു മഹതി. ശത്രുക്കൾ പ്രയാസപ്പെടുത്തുമ്പോൾ പ്രവാചകനെ ആശ്വസിപ്പിക്കാൻ ആരാണുണ്ടാവുക വീട്ടിൽ?. മകൾ സൈനബിനെ ഭർത്താവ് അബുൽ ആസ് ഇതുവരെയും ഇസ്ലാം സ്വീകരിക്കാതെ ഭർത്താവിന്റെ എതിർപക്ഷത്താണല്ലോ ഇപ്പോഴും! മകൾ റുഖിയ്യ(റ) പുനർവിവാഹം ചെയ്യപ്പെട്ട് ഭർത്താവായ ഉസ്മാന്റെ കൂടിയാണെങ്കിലും ഉസ്മാ(റ)നും ശത്രുക്കളുടെ ഭീഷണിയിൽ തന്നെയാണ്.... വിവാഹമോചനം ചെയ്യപ്പെട്ട ഉമ്മുകുൽസൂ(റ)മിന്നു ഇതുവരെയും പുനർ വിവാഹം നടന്നിട്ടില്ല... ഇളയമകൾ ഫാത്തിമ(റ) ഇപ്പോഴും കൊച്ചുകുട്ടി തന്നെയാണ്... ആ കൊച്ചുമോളെ പൊന്നുപോലെ നോക്കാൻ മരണശയ്യയിൽ കിടന്നു പ്രവാചകനോട് പറയുന്നു അവർ. ഇതെല്ലാം കേട്ട് അഷ്റഫുൽ ഖൽഖിന്റെ മനസ്സ് വീണ്ടും വേദനിച്ചു. മരണം എന്ന യാഥാർഥ്യത്തെ ആർക്കും തന്നെ തടഞ്ഞു നിർത്താൻ പറ്റില്ലല്ലോ....

പ്രവാചകഹബീബിന്റെ ഖൽബായിരുന്നു ഫാത്തിമ(റ). കരളിന്റെ കഷ്ണമായിരുന്നു. മഹതിയുടെ വേർപാടിന്റെ ശേഷം ഫാത്തിമയെ വല്ലാതെ താലോലിച്ചിരുന്നു. ഖദീജയുടെ അതേ മുഖച്ഛായയായിരുന്നു ഫാത്തിമക്ക്. ഖദീജക്കു പ്രവാചകൻ കൊടുത്തിരുന്ന സ്നേഹം ഫാത്തിമക്കു അങ്ങിനെ തന്നെ വാരിക്കോരി നൽകിയിരുന്നു. പ്രവാചകൻ വീട്ടിലേക്കു തിരിച്ചെത്തിയാൽ അവിടന്ന് ഫാത്തിമയെ വിളിക്കും. മടിയിലിരുത്തും. ചിലപ്പോൾ മോളുടെ മടിയിൽ തലവെച്ചു കിടക്കും. കുട്ടികിന്നാരങ്ങൾ കേൾക്കും. അന്നത്തെ ദിവസം നടന്നതൊക്കെയും പഞ്ചാരമോൾക്ക് സ്നേഹനിധിയായ ബാപ്പയും പറഞ്ഞു കൊടുക്കും.
ഇടക്കിടെ അല്ലാഹുവിങ്കല്‍ ഒരുക്കി വെച്ച സ്വര്‍ഗത്തെക്കുറിച്ച് പ്രിയ പത്‌നിയെ സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടിരുന്നു. മരണസമയം അടുത്തിരിക്കുന്നു. മാതാവിന്റെ മരണവേദനയിൽ മനംനൊന്ത് മക്കളെല്ലാം ചുറ്റുമുണ്ട്. കണ്ണീര്‍ വാര്‍ത്ത നബിയോടായി അവര്‍ പറഞ്ഞു. നബിയെ, അങ്ങക്ക് അള്ളാഹു നല്ല ഭാര്യമാരെ തരട്ടെ. നല്ല മക്കളെയും തരട്ടെ. ഖദീജ(റ)യുടെ ആരോഗ്യനില ക്രമേണ മോശമായി. തിരുമേനിയുടെ മടിയിൽ കിടന്നു അവർ അവസാനമായി കണ്ണടച്ചു. അല്ലാഹുവിങ്കലേക്ക് യാത്രയായി. പ്രവാചകന്‍ അവരെ ഖബ്‌റടക്കി. 

പിതൃവ്യന്റെ മരണത്തിനു തൊട്ടുപിന്നാലെ, തന്നെ ഏറെ സ്‌നേഹിക്കുകയും തന്റെ സന്ദേശത്തെ ആദ്യമായി സത്യമായി അംഗീകരിക്കുകയും അവസാനം വരെ താങ്ങും തണലുമായി വര്‍ത്തിക്കുകയും ചെയ്ത പ്രിയ പത്‌നിയുടെ വേർപാട് പ്രവാചകനെ അതീവ ദുഃഖത്തിലാഴ്ത്തി. ദുഖം അണപൊട്ടിയൊഴുകി. ചരിത്രത്തിൽ ഈ വർഷം അറിയപ്പെടുന്നത് തന്നെ ദുഃഖ വര്ഷം എന്നാണ്. ഖദീജ(റ)യുടെ മരണശേഷം വീടും പരിസരവും മൂകമായി. വീട്ടിൽ ദുഃഖം തളംകെട്ടി...

അലി(റ) പറയുന്നു.. ‘ഖദീജ ബീവി മരിച്ചതിനു ശേഷം എല്ലാ രാത്രിയും ബീവിയെ ഓര്‍ത്ത് പ്രവാചകൻ തേങ്ങിക്കരയുമായിരുന്നു’. നബിയുടെയും ഖദീജയുടെയും വീട്ടിലായിരുന്നു ബാലനായ അലി താമസിച്ചിരുന്നത്. അബൂത്വാലിബിന്റെ വീട്ടിലെ ദാരിദ്ര്യം മൂലം അലിയെ തിരുമേനിയും ജാഫറി(റ)നെ അബ്ബാസും(റ) ഏറ്റെടുത്ത് വളർത്തുകയായിരുന്നു. നബിയുടെയും ഖദീജയുടെയും സംരക്ഷണത്തിൽ വളർന്നതിന്റെ എല്ലാ ഉന്നത സ്വഭാവഗുണങ്ങളും അലിയിലും പ്രകടമായിരുന്നു...

മഹതി മരണപ്പെട്ടതിന് ശേഷം ഖബറിന്നു കുറച്ചകലെയായി ഒരു ടെൻറ്റു നിർമ്മിച്ചു അതിലായിരുന്നു കുറെ നാൾ പ്രവാചകൻ കഴിഞ്ഞത്. മരണപ്പെട്ടിട്ട് ഒരുപാടു വർഷങ്ങൾക്ക് ശേഷവും പ്രവാചകൻ അവരെ ഓർക്കാറുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ഖദീജ(റ)യുമൊത്തുള്ള ജീവിതമെന്ന് പ്രവാചക ചരിത്രം നമുക്ക് പറഞ്ഞു തരുന്നു. പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ മക്കാ പ്രബോധനകാലഘട്ടത്തിൽ തന്റെ ജീവിതാന്ത്യം വരെ വിശ്വാസികളുടെ ഈ മാതാവ് പ്രവാചകര്‍ക്ക് താങ്ങും തണലുമായിമായിരുന്നു. ഖദീജ ജീവിച്ചിരുന്ന കാലത്തു മറ്റാരെയും പ്രവാചകൻ കല്യാണം കഴിച്ചിരുന്നില്ല. ഖദീജ(റ)യെ അനുസ്മരിച്ചതുപോലെ പ്രവാചകൻ ഭാര്യമാരിൽ മറ്റാരേയും അനുസ്മരിച്ചിരുന്നില്ല. ഖദീജ ജീവിച്ചിരുന്നെങ്കിൽ, ഖദീജ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് പ്രയാസഘട്ടങ്ങളിൽ അവിടുന്ന് പറയാറുണ്ടായിരുന്നു. പിന്നീടു നബിയുടെ ജീവിതത്തില്‍ പല ഭാര്യമാരായി പലരും കടന്നു വന്നു. അതില്‍ ഒരേ ഒരു കന്യകയായിട്ടു ആയിഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാവരും വിധവകളോ, വിവാഹ മോചിതരോ ആയിരുന്നു. പക്ഷെ അവര്‍ക്കാര്‍ക്കും ഖദീജയുടെ അതേ സ്ഥാനം നബിയുടെ മനസ്സില്‍ കിട്ടിയിരുന്നില്ല.

ബദ്‌റില്‍ വെച്ച് മുസ്‌ലിംകളുടെ ബന്ദിയായി തീര്‍ന്ന സൈനബിന്റെ ഭർത്താവ് അബുല്‍ ആസിന്റെ മോചനദ്രവ്യമായി പ്രവാചകന്ന് മോൾ കൊടുത്തയച്ചത് ഖദീജ(റ)യുടെ മാലയായിരുന്നു. സൈനബി(റ)നെ കല്യാണ സമയത്തു ഖദീജ സൈനബിന് സമ്മാനമായി നൽകിയതായിരുന്നു ആ മുത്തുമാല. പൊതി തുറന്നപ്പോൾ തന്റെ പ്രിയതമയുടെ ആ പഴയ മാല കണ്ട പ്രവാചകന്‍ പൊട്ടിക്കരഞ്ഞു. ജീവിതത്തിന് താങ്ങും തണലുമായി കഴിഞ്ഞിരുന്ന പ്രിയ പത്‌നിയെക്കുറിച്ച സ്മരണകള്‍ പുനര്‍ജനിച്ചു. ഉടനെ ആ മാല സൈനബിന്ന് തന്നെ തിരിച്ച് കൊടുക്കാൻ സഹാബിമാരോട് അനുവാദം ചോദിച്ചു. ആരും മറിച്ചൊന്നും പറഞ്ഞില്ല. മോചനദ്രവ്യമില്ലാതെ അബുല്‍ ആസിനെ മോചിപ്പിക്കാൻ അവിടുന്ന് അനുയായികളോട് അഭ്യര്‍ഥിച്ചത് ചരിത്രം. ബദർ യുദ്ധത്തിന് ശേഷം അതേ അബുൽ ആസ് ഇസ്‌ലാം സ്വീകരിച്ചു എന്നത് മറ്റൊരു ചരിത്രം. അതൊരു വലിയ ചരിത്രം തന്നെയാണ്.

ഇസ്‌ലാമിക പ്രബോധനത്തിന് താങ്ങും തണലുമായി വർത്തിച്ച രണ്ടു അവലംബങ്ങൾ അടുത്തടുത്ത മാസങ്ങളിൽ നഷ്ടപ്പെടുക. പ്രയാസഘട്ടങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും തനിക്കാശ്വാസമായി വർത്തിച്ചവർ അവർ. തനിക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു ആ രണ്ടു മരണവും. പ്രവാചകൻ ആകെ തളർന്നു. ഖദീജ മണ്മറഞ്ഞതോടെ മക്കയില്‍ പ്രവാചകന്‍ അന്യനെ പോലെയായി. മക്ക പ്രശ്‌നകലുഷിതമായി. മുമ്പൊന്നുമില്ലാത്ത തീക്ഷ്ണ പരീക്ഷണങ്ങളും മർദ്ദനങ്ങളും പ്രവാചകനും അനുയായികളും നേരിടേണ്ടിവന്നു. ഖദീജാബീവി(റ)യുടെ മരണാനന്തരം ഉമ്മുകുല്‍സൂം, ഫാത്വിമാ തുടങ്ങിയ പെണ്‍മക്കളുടെ കാര്യങ്ങൾ പ്രവാചകൻ ഒറ്റയ്ക്ക് തന്നെ ചെയ്യേണ്ടി വന്നു. ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ വിവാഹ മോചനം ചെയ്യപ്പെട്ട ഉമ്മു കുൽസൂം വീട്ടിൽ തന്നെയുണ്ട്. ഫാത്തിമ(റ) ചെറിയ കുട്ടിയുമാണ്. മൂത്ത മകൾ സൈനബ്(റ) അബുൽ ആസിനൊപ്പമാണ്. പുനർവിവാഹത്തിന് ശേഷം റുഖിയ(റ) ഉസ്മാനൊപ്പമാണ്. പ്രവാചകൻ പിന്നീട് സൗദ(റ)യെ വിവാഹം ചെയ്തു. പ്രായമേറിയ സൌദാബീവി ഈ കുട്ടികളുടെ ചുമതല ഏറ്റുകൊള്ളുമെന്ന വിശ്വാസവും അവരെ വിവാഹം ചെയ്യുമ്പോള്‍ തിരുമേനിക്കുണ്ടായിരുന്നു. കുഞ്ഞിനെ പ്രസവിക്കാന്‍ കഴിവില്ലാത്ത അമ്പതുവയസ്സ് കഴിഞ്ഞ സൌദാബീവി തിരുമേനിയുടെ ജീവിതപങ്കാളിയായതോടെ മക്കളുടെ കാര്യങ്ങൾ നോക്കുന്നതിനു നബിക്ക് കുറേയേറെ ആശ്വാസം ലഭിച്ചു.



ജന്നത്തുൽ മുഅല്ല 
വര്‍ഷങ്ങള്‍ കഴിഞ്ഞ് മക്ക കീഴടക്കാന്‍ എത്തിയ സമയം നബി തമ്പടിച്ചത് ഖദീജ ബീവിയുടെ ഖബറിനടുത്തായിരുന്നു. അവിടെ നിന്നാണ് മക്ക ജയിച്ചടക്കാന്‍ പ്രവാചകന്‍ നേതൃത്വം നല്‍കിയത്. അത്രമേല്‍ ആ മഹതിയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു നബിക്ക്. പ്രവാചകനും അനുയായികളും മക്ക ജയച്ചടക്കി, വിജയാഹ്ലാദത്തിനിടയില്‍ കഅ്ബ ത്വവാഫ് ചെയ്യവെ ഹിജ്‌റക്ക് മുമ്പ് വര്‍ഷങ്ങളോളം നീണ്ടു നിന്ന സ്‌നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും അതിലുപരി ദൈവികവഹ്യിന്റെയും കേന്ദ്രമായിരുന്ന പ്രിയപത്‌നി ഖദീജ(റ)യുടെ വീട്ടിലേക്ക് പ്രവാചകന്‍ ദൃഷ്ടികള്‍ തിരിച്ചു പൂര്‍വകാല സ്മരണകള്‍ ദുഖത്തോടെ അയവിറക്കി.

ആരോഗ്യവതികളായ ഭാര്യമാരെ താങ്കൾക്ക് പടച്ചവൻ നൽകിയിട്ടും താങ്കളെന്തിന്നാണ് ആ വയസ്സായ, ഖുറൈശിപ്പെണ്ണിനെപ്പറ്റി എപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നതെന്ന് ഒരിക്കൽ ആയിഷ(റ) പ്രവാചകരോട് രോഷത്തോടെ ചോദിച്ചപ്പോൾ അവിടുത്തെ മുഖം ചുവക്കുകയും കണ്ണ് നിറയുകയും ചെയ്തു. ഇസ്ലാമിന്നു വേണ്ടി അവർ ചെയ്ത സേവനങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ആയിഷ(റ)ക്കു പ്രവാചകൻ മറുപടി കൊടുത്തത്. 'ഇല്ല ആയിശാ ഇല്ല, ഖദീജയേക്കാള്‍ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല. ജനം എന്നെ കള്ളനാക്കിയപ്പോള്‍ അവർ എന്നെ സത്യവാനാക്കി. ജനം എന്നെ തള്ളിപ്പറഞ്ഞപ്പോള്‍ അവള്‍ എന്നെ സ്വീകരിച്ചു. ജനം ധനം വിലക്കിയപ്പോൾ അവർ എനിക്ക് ധനം തന്നു. അവരിൽ എനിക്ക് മക്കളെ നൽകപ്പെട്ടു. ഖദീജയോടുള്ള സ്നേഹം അള്ളാഹു എന്‍റെ ഹൃദയത്തില്‍ കുടിയിരുത്തിയിരിക്കുന്നു ആയിഷാ.. ഖുറൈശികൾ മൊത്തം എന്നെയും കുടുംബത്തെയും ബഹിഷ്കരിച്ചപ്പോൾ താങ്ങും തണലുമായി ഖദീജ എന്നോടൊപ്പം നിലകൊണ്ടു. ഹിറാഗുഹയിൽ നിന്ന് തിരിച്ച്, പനിയും വിറയലും അനുഭവപ്പെട്ടു വീട്ടിലെത്തിയപ്പോൾ സമാധാനിപ്പിച്ചത് അവരായിരുന്നു. അവരുടെ സമ്പത്ത് ഇസ്ലാമിന്നൊരുപാട് അനുഭവിക്കാൻ കഴിഞ്ഞിരുന്നു ആയിഷാ... ഖദീജയെ പോലെ ആരുണ്ട്... ഖദീജയെ പോലെ ആരുണ്ട്... ഖദീജയെ പോലെ ആരുണ്ട്.... പ്രവാചകന് മൊഴിഞ്ഞു കൊണ്ടിരുന്നു'. പ്രവാചകന്റെ വാക്കുകള്‍ കേട്ട് ആഇശ(റ) നിശ്ശബ്ദയായി. മനസ്സിലിങ്ങനെ പറഞ്ഞു: 'അല്ലാഹുവാണ, ഖദീജ(റ)യെക്കുറിച്ച് ഇനിയൊരിക്കലും ഞാനങ്ങിനെ പറയുകയില്ല.'

പടച്ചവനും മലക്കുകളും ഖദീജ(റ)ക്ക് വേണ്ടി തയാറാക്കപ്പെട്ട സ്വർഗത്തിലേക്കുള്ള സന്തോഷവാർത്ത അറിയിച്ചതായി ഒരിക്കൽ തിരുമേനി പറഞ്ഞു. അവിടന്ന് പറയുന്നു. 'ജിബ്രീൽ എന്റെ അടുക്കൽ വന്നു. എന്നിട്ട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ ഇത് ഖദീജയാണ്, അവർ പാത്രത്തിൽ താങ്കൾക്കുള്ള ദക്ഷണവും പാനീയങ്ങളുമായി വരുന്നു. അവർ താങ്കളുടെ അടുത്തെത്തിയാൽ റബ്ബിന്റെയും എന്റെയും സലാം അറിയിക്കുക. സ്വർഗ്ഗത്തിൽ അവർക്ക് മുത്തുകളാൽ അലംകൃതമായ വീട് തയാറാക്കപ്പെട്ടിരിക്കുന്നു എന്നുമറിയിക്കുക. അവിടെ യാതൊരു ക്ലേശവും ബുദ്ധിമുട്ടും ഉണ്ടാവില്ല.' (മുത്തഫഖുൻ അലൈഹി). മറ്റൊരു റിപ്പോർട്ടിൽ ഖദീജ സലാം മടക്കിക്കൊണ്ട് പറയുന്നു 'അല്ലാഹുവാണ് സമാധാനം. അവനിൽ നിന്നാണ് സമാധാനം. ജിബ്രീലിനും സലാം'.മറ്റൊരിക്കൽ അവിടുന്ന് അരുളി 'സ്വർഗ്ഗപ്പൂങ്കാവനത്തിലെ ശ്രേഷ്ഠരായ സ്ത്രീകൾ നാല് പേരാണ്: ഖദീജ ബിൻത് ഹുവൈലിദ്. ഫാത്വിമ ബിൻതു മുഹമ്മദ്. ആസിയാ സൗജത്ത് ഫിർഔൻ. മർയമുബ്നതു ഇമ്രാൻ എന്നിവരാണവർ..' (തിർമിദി)
 
ഖദീജ ഉത്തമ കുടുംബിനിയും സ്‌നേഹസമ്പന്നയായ മാതാവുമായിരുന്നു. ഖദീജയുടെ ഗൃഹഭരണപാടവത്തെ പുകഴ്ത്തി ഒരിക്കല്‍ അവിടുന്ന് അരുളി: 'ഖദീജ ഉത്തമ കുടുംബ മാതാവും സുശീലയായ ഗൃഹനായികയുമാണ്'. ഖദീജ (റ) യുടെ വേർപാടിന് ശേഷവും അവരുടെ കൂട്ടുകാരികളെ പ്രവാചകൻ നല്ലവണ്ണം പരിഗണിച്ചിരുന്നു. വീട്ടിൽ വല്ല ആടിനെയോ ഒട്ടകത്തെയോ അറുത്താൽ ഖദീജയുടെ കുട്ടുകാരികൾക്ക് അതിന്റെ ഒരു ഭാഗം പ്രവാചകൻ എത്തിക്കുമായിരുന്നു.
 
മറ്റൊരിക്കല്‍ പ്രവാചകന്‍ ഒരാടിനെ അറുത്തു. അവിടുന്ന് പറഞ്ഞു: ഇത് ഖദീജയുടെ കൂട്ടുകാരികള്‍ക്ക് കൊടുത്തയക്കുക. ആ സമയത്ത് ആഇശ പറഞ്ഞു: 'ഖദീജയല്ലാത്ത മറ്റൊരു സ്ത്രീയും ലോകത്ത് ഇല്ലാത്തതു പോലെയുണ്ടല്ലോ!' ഉടനെ പ്രവാചകന്‍ പറഞ്ഞു: 'ഖദീജ, ഇങ്ങനെയും അങ്ങനെയുമൊക്കയായിരുന്നു. അവരില്‍ എനിക്ക് സന്താനങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു ....'

മഹതിയുടെ മരണശേഷം അവരുടെ കൂട്ടുകാർക്കു എല്ലാവർഷവും പ്രവാചകൻ സമ്മാനം കൊടുത്തയച്ചിരുന്നു. ഒരിക്കൽ വീട്ടിലെത്തിയ വൃദ്ധയായ അതിഥിയെ വളരെയധികം സ്നേഹത്തോടെ സ്വീകരിക്കുന്നതിന്റെ കാരണം തിരക്കിയ ആയിഷയോട് പ്രവാചകൻ പറഞ്ഞു: 'ഖദീജയുള്ള കാലത്തു ഇടയ്ക്കിടെ വീട്ടിൽ വരാറുള്ള സ്ത്രീയാണ്, ആ കാലത്തോട് പോലും നമുക്ക് കടപ്പാടുണ്ട് ആയിഷാ'...

ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു വചനത്തിലിങ്ങനെയുണ്ട്:- 'ഖദീജയോട് ഉള്ളതിനേക്കാള്‍ അസൂയ മറ്റൊരു സ്ത്രീയോടും എനിക്ക് ഉണ്ടായിരുന്നില്ല. ഞാനവരെ കണ്ടിട്ട് പോലുമില്ല. അവരുടെ മരണ ശേഷമല്ലാതെ പ്രവാചകന്‍ എന്നെ വിവാഹം കഴിച്ചിട്ടില്ല' (മുസ്‌ലിം).


ഈ പച്ച ഗേറ്റിനു അപ്പുറത്താണ് മഹതിയുടെ ഖബർ

ഹജ്ജിനും ഉംറക്കും പോകുമ്പോൾ മക്കയിലെ ജന്നത്തുൽ മുഅല്ലയെന്ന ഖബറിസ്ഥാൻ സന്ദർശിക്കണം. ഖബറിസ്ഥാന്റെ ഒരു ഭാഗത്തുള്ള പച്ചഗേറ്റിനപ്പുറത്ത് അന്ത്യവിശ്രമം കൊള്ളുന്ന നമ്മുടെയൊക്കെ ഈ ഉമ്മയുടെ ഖബ്ർ കാണണം. അവിടെയെത്തി അവരോടു സലാം പറയണം. അവർക്ക് വേണ്ടി പ്രാർത്ഥിക്കണം. ഓർക്കുക, പ്രവാചകമുത്തിന്റെ ഇഷ്ടഭാജനമായിരുന്നു ആ മഹതി. പ്രവാചക ജീവിതവിജയത്തിന്നു പിന്നിലെ ചാലകശക്തിയായിരുന്നു അവർ. ഇസ്‌ലാമിക പ്രബോധന മാർഗത്തിൽ പ്രവാചകൻ അനുഭവിച്ച കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കുമുള്ള സാന്ത്വനമായിരുന്നു ആ മഹതി. അന്ത്യനാൾ വരെയുള്ളവർക്ക്‌ മാതൃകയാക്കാൻ പറ്റിയ ദാമ്പത്യ ജീവിതമാണ് പ്രവാചകനോടൊപ്പം അവർ നിർവഹിച്ചത്.

പ്രവാചക ജീവിതത്തിന്റെ ഓജസും തേജസും നിറഞ്ഞ കാലം മുതൽ അമ്പത് വയസ് വരെ പ്രവാചകന് ജീവിതത്തിൽ ഭാര്യയായിട്ട് ഖദീജ മാത്രമേയുണ്ടായിരുന്നുള്ളൂ. ലോകചരിത്രത്തിലെ യഥാർത്ഥ സ്ത്രീ വിമോചകനായിരുന്ന പ്രവാചകനെ സ്ത്രീലമ്പടനായിട്ട് ചിത്രീകരിക്കാൻ പ്രവാചക വിവാഹങ്ങളെ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നവർ തന്ത്രപൂർവ്വം ഈ സത്യത്തെ മറച്ച് വെക്കുന്നുണ്ട്. മക്കയിലിരുന്ന് കൊണ്ട് അയൽ പ്രദേശങ്ങളിലേക്കുള്ള കച്ചവടം നിയന്ത്രിക്കാനും അതിനായി ആണുങ്ങളെ നിയമിക്കാനും കച്ചവട സംഘങ്ങളെയയക്കാനും ഒരു പെണ്ണിന്ന് സാധിച്ചു എന്നിടത്താണ് ഖദീജ ഉയർന്ന് നിൽക്കുന്നത്. അതിലുപരി ജാഹിലിയ്യാ മക്കയിലെ ഒരു പെണ്ണ് വിശ്വസ്തനും സത്യസന്ധനുമായ ഒരാളെ ഇഷ്ടപ്പെടുകയും അദ്ദേഹത്തോട് അങ്ങോട്ട് പോയി വിവാഹാഭ്യർത്ഥന നടത്തുകയും അതിൽ വിജയിക്കുകയും അതിൽ ഉത്തമരായ മക്കൾ പിറക്കുകയും ചെയ്യുന്നു. പെൺകുഞ്ഞുങ്ങൾ ജനിക്കുന്നതും ജീവിക്കുന്നതും അപമാനമായി കാണുകയും പെൺകുട്ടി കുഴിച്ചുമൂടപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യഅന്തരീക്ഷത്തിൽ സൈനബിനെയും റുഖിയയെയും ഉമ്മുകുൽസുമിനെയും ഫാത്വിമയെയും ഉന്നത ശിക്ഷണം നൽകി വളർത്തി വലുതാക്കുന്ന ഉന്നത കുടുംബിനിയെയും ഖദീജയിൽ നമുക്ക് ദർശിക്കാം.

ഒരു പെണ്ണിന്ന് ഒരാണിനെ ഇഷ്ടപ്പെടുക എന്നത് തെറ്റായ കാര്യമായി കാണേണ്ടതില്ല . പരസ്പരം ഇഷ്ടപ്പെടുക എന്നത് സ്വാഭാവികം. മനുഷ്യ സാഹചം. എന്നാൽ അത് ചെന്നെത്തേണ്ടത് വിവാഹം എന്ന ബലിഷ്ഠമായ ഉടമ്പടിയിലായിരിക്കണം എന്ന് മാത്രം. മഹതി നബിയെ കിട്ടണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് അവർ രണ്ട് പേരും ജീവിക്കുന്നത് മക്കയിലെ ജാഹിലിയ്യാ ചുറ്റുപാടിലായിരുന്നു എന്ന് പ്രത്യേകം മനസ്സിലാക്കുക. വിവാഹത്തോടെയാണ് ദമ്പതികൾക്കിടയിൽ സ്നേഹം ആരംഭിക്കുന്നത്. വിവാഹം വരെ സ്ത്രീ- പുരുഷ സ്നേഹം എന്നതിനെ ഇസ്ലാം തള്ളിക്കളയുന്നു. മരണം വരെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്നേഹം ദമ്പതിമാരുടെ ജീവിതത്തിൽ പൂത്തുലഞ്ഞ് നിൽക്കും. അല്ല, പൂത്തുലഞ്ഞ് തന്നെ നിൽക്കണം. പ്രവാചക ജീവിതത്തിലെ അതിസുന്ദരമായ, അവസാനനാൾ വരെ ലോകത്തിന്ന് മാതൃകയായ ഒരു പ്രണയത്തെ ചില ലീലാവിലാസങ്ങളിലേക്കോ ചില ചേഷ്ടകളിലേക്കോ ചുരുക്കേണ്ടതും വികൃതവൽക്കരിക്കേണ്ടതുമല്ല. അത് മാതൃകാ പ്രണയമായി അവസാന നാൾ വരെ നിലനിൽക്കേണ്ടതാണ്. അതിന്റെ ഉത്തമ മാതൃക മക്കയിലെ അൽഅമീനിലും മക്കയിലെ തന്നെ മാണിക്യ മലരായ മഹതിയാം ഖദീജ ബീവിയിലും നമുക്ക് നിദർശിക്കാം. അത് തന്നെയാണ് നമ്മുടെ മാതൃകയും...