(PART ‎49) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 k



 ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

  ⛔️Part-49⛔️



'എടാ...ഓളങ്ങട്ട് കൊണ്ടോരണ്ടേ...ഞാനിവിടെ അടുക്കളേല് ഒറ്റക്കാണ്ന്ന്ള്ള ബോധൊക്കെ അനക്കില്ലേ....?'

സഫിയാത്ത ഫാതിഹിനെയൊന്ന് ആക്കി ചോദിച്ചു.


'അപ്പൊ ഒളെ ങ്ങളെ അടുക്കളേല്‍ സഹായിക്കാനാണോ കൊണ്ടോര്ണത്....ദ്പ്പം നല്ല കഥ...ഞ്ഞിപ്പം ഓള്ബടെത്തിയാല്‍ അമ്മായിമ്മ പോര്‌ന് ഒരു കൊറവുണ്ടാവൂലല്ലേ..?'

ഫാതിഹും വിട്ടുകൊടുത്തില്ല.


'ഇയ്യ്യോന്ന് പോടാവ്ട്ന്ന്....ഞങ്ങള് തമ്മില് പോരൊന്നുംണ്ടാവൂല. ഞാനോളെ ന്റെ മോളെ പോലേ കാണൂ....ഓളിം അന്നെപോലെ പഠിപ്പിച്ച് ഡോക്ടറാക്കും ഞാന്‍...'

സഫിയാത്തക്ക് ഫാതിഹിന്റെ സംസാരം തീരെ രസിച്ചില്ലായെന്ന് തോന്നുന്നു. 


'ഉം, ഉം, ആദ്യത്തിലൊക്കെ എല്ലാ അമ്മായിമ്മമാരും ഇങ്ങനൊക്കെ തന്നെയാണ് പറയാറ്...പിന്നെയാണ് ഓരോരുത്തരുടെ തനിസ്വഭാവം പുറത്ത് വരാറ്...'

നൂറയെ പഠിപ്പിച്ച് ഡോക്ടറാക്കണം എന്ന് സഫിയാത്ത പറഞ്ഞപ്പോള്‍ ഫാതിഹിന് ഉള്ളില്‍ ഉമ്മയെ കുറിച്ച് അഭിമാനം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവന്‍ വീണ്ടും സഫിയാത്തയോട് കയര്‍ത്തു പറഞ്ഞു.


'എന്താ ജ്ജ് പറഞ്ഞത്...അന്നെ ഞാന്‍....'

അടുക്കളയില്‍ എന്തോ വറുക്കുകയായിരുന്ന സഫിയാത്ത ചട്ടുകവുമായി ഫാതിഹിന് നേരെ വന്നു. ഫാതിഹ് ഇരുന്നിടത്ത് നിന്നും ചിരിച്ചു കൊണ്ട് എഴുന്നേറ്റ് കോലായിലേക്ക് ഓടി. 

സഫിയാത്ത ശുണ്ടി പിടിച്ച മുഖവുമായി വീണ്ടും അടുക്കളയിലേക്ക് തന്നെ തിരിച്ചു നടന്നു. 


സഫിയാത്താന്റെ തിരിഞ്ഞു നടത്തം കണ്ട ഫാതിഹ് പതുക്കെ പിറകിലൂടെ വന്ന് ഉമ്മാനെ ചേര്‍ത്ത് പിടിച്ചു. മൂര്‍ദ്ദാവില്‍ ഉമ്മവെച്ചതിന് ശേഷം ചോദിച്ചു.


'ഞാനെന്റെ സഫിയ കുട്ടീനെ ചൂടാക്കാന്‍ പറഞ്ഞതല്ലേ...ന്റെ സഫിയകുട്ടിനെക്കാള്‍ നല്ല അമ്മായിമ്മ ആവാന്‍ പറ്റിയ ആരാണിവിടെയുള്ളത്....നമ്മക്ക് ഓളെ വേഗം തന്നെ ഇങ്ങട്ട് കൊണ്ടോരണം. ങ്‌ള് ഓളെമ്മാനെ വിളിച്ചിട്ട് കാര്യങ്ങളൊക്കെ പറയ്യ്...ന്നാലല്ലേ...സംഗതികളൊക്കെ നടക്കൂ..'

ഫാതിഹിന്റെ കിന്നാരം പറച്ചിലില്‍ സഫിയാത്ത വീണു. അല്ലേലും മക്കള്‍ സ്തുതിപറഞ്ഞല്‍ സന്തോഷം കൊണ്ട് മതിമറക്കാത്ത ഏത് ഉമ്മമ്മാരാണ് ലോകത്തുള്ളത്!?


'ഉം..ഞാനിപ്പം അത് തന്നെയാണ് ആലോചിക്കുന്നത്. പെട്ടെന്ന് നികാഹ് കഴിച്ചിട്ടാല് പിന്നെ അതൊരു ഒറപ്പായല്ലോ....'

സഫിയത്ത തിരിഞ്ഞ് നിന്ന് ഫാതിഹിനെ നോക്കി കൊണ്ട് പറഞ്ഞു.


'ന്നാപ്പിന്നെ ഓരോട് നിശ്ചയത്തിന് ഒരു ഡേറ്റ് കാണാന്‍ പറ...അന്ന് നമുക്ക് നികാഹിനുള്ള സമയം ഉറപ്പിക്കാലോ...'

ഫാതിഹ് കാര്യബോധമുള്ള കാരണവരെ പോലെ സംസാരിച്ചു.

'അടുത്ത ഞായറാഴ്ച നിശ്ചയം ആക്കാന്‍ പറ്റ്വോന്ന് ചോയ്‌ചോക്കി. അതാവുമ്പോ എല്ലാവര്‍ക്കും അവധി ദിവസവും ആയിരിക്കുമല്ലോ...'


'ഉം..ഞാനവര്‍ക്ക് വിളിച്ച് പറയാം...'

സഫിയാത്ത എന്തോ ആലോചിച്ച് കൊണ്ട് പറഞ്ഞു.


****


നാട്ടിലെ സ്വലാത്ത് ഗ്രൂപ്പിലേക്ക് ദിവസവും എഴുതിയിടാറുള്ള സ്വലാത്തിന്റെ മഹത്വം പറയുന്ന കുറിപ്പ് തയ്യാറാക്കുകയാണ് നൂറ. തന്റെ ഡയറിയില്‍ നിന്നും സ്വലാത്തിന്റെ പവിത്രത പറയുന്ന ഒരു സംഭവത്തിന് വേണ്ടി അവള്‍ പരതി. 

തിരുനബിയും ﷺ ഒട്ടകവും എന്ന സംഭവത്തില്‍ അവളുടെ കണ്ണുകള്‍ ഉടക്കി നിന്നു. അവള്‍ സംഭവം ഒരാവര്‍ത്തി മനസ്സിലൂടെ വായിച്ചു.


' ഒരു വ്യക്തി നബി ﷺ തങ്ങളുടെ അടുക്കല്‍ പരാതിയുമായെത്തി. അദ്ദേഹത്തിന്റെ ഒരു ഒട്ടകം ഇന്നാലിന്ന ആള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും അതിന് രണ്ട് സാക്ഷികളുണ്ടെന്നും അയാള്‍ ഹബീബിനോട് ﷺ പറഞ്ഞു. 


അങ്ങനെ സാക്ഷികളായെത്തിയവര്‍ ആ പരാതി ശരിവെച്ചു. ഹബീബായ ﷺ നബിതങ്ങള്‍ മോഷ്ടിച്ച വ്യക്തിയുടെ കൈ മുറിക്കുവാനായി ആവശ്യപ്പെട്ടു. വിധിക്കേട്ടയുടെ മോഷ്ടാവെന്നാരോപിക്കപ്പെട്ട വ്യക്തി പറഞ്ഞു: 


'ഓ, റസൂലേ...നിങ്ങള്‍ ആ ഒട്ടകത്തെ ഇവിടെ കൊണ്ടു വരാന്‍ പറയുകയും ആരണ് അതിനെ കട്ടതെന്ന് ചോദിക്കുകയും ചെയ്യൂ. തീര്‍ച്ചയായും ആ ഒട്ടകം ഞാന്‍ നിരപരാധിയാണെന്ന് സാക്ഷി നില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. '


അങ്ങനെ തിരു സവിധത്തിലേക്ക് ഒട്ടകത്തെ കൊണ്ടു വരപ്പെട്ടു. ജീവനില്ലാത്ത കല്ലുകള്‍വരേ ആവേശത്തോടെ സലാം പറഞ്ഞ ഹബീബിന് ﷺ മുമ്പില്‍ ഒട്ടകം ചോദ്യം ചെയ്യപ്പെടുക എന്നത് കൗതുകമുണര്‍ത്തുന്ന കാര്യമല്ലല്ലോ. അവിടുന്ന് ﷺ ഒട്ടകത്തോട് ചോദിച്ചു:


'  ഓ, ഒട്ടകമേ...ഞാന്‍ ആരണ്....?'


ലോകത്ത് പിറവിയെടുത്ത മറ്റൊരൊട്ടകത്തിനും കിട്ടാത്ത സൗഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്ന ഉത്തമ ബോധ്യത്തില്‍ നിന്നായിരിക്കണം ആ ഒട്ടംകം സ്ഫുടമായി പറഞ്ഞു:


' അങ്ങ് സത്യമായിട്ടും അല്ലാഹുവിന്റെ ദൂതരാണ്....'

ഒട്ടകം സംസാരം തുടര്‍ന്നു.


 ' നബിയേ...അങ്ങ് അദ്ദേഹത്തിന്റെ കരം ചേദിക്കരുത്. കാരണം അദ്ദേഹം മോഷ്ടിച്ചുവെന്ന് വാദിച്ചവനും സാക്ഷി നിന്ന രണ്ടു പേരും മുനാഫിഖുകളാണ്. അങ്ങയോടുള്ള ശത്രുത കാരണം അവര്‍ കൈമുറിക്കാന്‍ യോജിച്ചതാണ്.'


കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായ ഹബീബ് ﷺ കൈമുറിക്കാന്‍ വിധിക്കപ്പെട്ട വ്യക്തിയോട് ചോദിച്ചു 


' നിങ്ങള്‍ക്ക് ഈ ശിക്ഷയില്‍ നിന്ന് അല്ലാഹു മോചനം നല്‍കാനുണ്ടായ കാരണമെന്താണ്...?'


അയാള്‍ ഹബീബിനോട് ﷺപറഞ്ഞു:


'നബിയേ...ഞാന്‍ കൂടുതല്‍ അമലൊന്നും ചെയ്യാറില്ല. എങ്കിലും

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും അങ്ങയുടെ മേല്‍ സ്വലാത്ത് ചൊല്ലാറുണ്ട്.'


ഇതുക്കേട്ട് ഹബീബ് പറഞ്ഞു


' ഇത് നീ തുടര്‍ന്ന് കൊള്‍ക...കാരണം ഈ ലോകത്ത് വെച്ച് കൈമുറിക്കുന്നതില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിച്ചത് പോലെ നരക ശിക്ഷയില്‍ നിന്ന് പരലോകത്ത് വെച്ചും അല്ലാഹു രക്ഷിക്കുന്നതാണ്' 


അതുകൊണ്ട് പ്രിയരെ, സ്വലാത്ത് ഒരു പരിജയാണ്. ദുനിയാവിലും ആഖിറത്തിലും നമുക്ക് രക്ഷയുടെ കവചമൊരുക്കാനുള്ള തകര്‍ക്കാനവാത്ത പരിച. അതുകൊണ്ട് നമ്മളതിനെ മുറുകെ പിടിക്കുക.


കുറിപ്പ് എഴുതി കഴിഞ്ഞതിന് ശേഷം അവള്‍ ഒരാവര്‍ത്തി കൂടി വായിച്ചു നോക്കി. പൂര്‍ണ്ണ സംതൃപ്തി വന്നതിന് ശേഷം അത് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു.


സ്വലാത്തിനെ കുറിച്ചുള്ള അവളുടെ പോസ്റ്റുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട് ഗ്രൂപ്പില്‍. തന്റെ എഴുത്ത് ഒരുപാട് പേരുടെ സ്വലാത്തിന് കാരണമാകുന്നുണ്ടെന്നോര്‍ത്തപ്പോള്‍ അവളുടെ ഉള്ളില്‍ സന്തോഷം നുരഞ്ഞു പൊങ്ങി. 

'റബ്ബേ...ഹബീബ് കാരണം നീയെന്നെ വിജയിപ്പിക്കണേ....'

അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.


*****


ചുറ്റുപാടും നിരീക്ഷിച്ച് ആരും ഇല്ലെന്നുറപ്പ് വരുത്തിയതിന് ശേഷം റുഖ്‌സാന ഫൈറൂസയുടെ കയ്യും പിടിച്ച് പതുക്കെ പുറത്തിറങ്ങി. 

'നീ വേഗം ചെല്ല്...ഞാന്‍ ഇവിടെ നിന്നോളം...ആരേലും വരുന്നുണ്ടെങ്കില്‍ ഞാന്‍ വിവരം പറയാം...'

ഫൈറൂസയെ യാത്രയാക്കി കൊണ്ട് റുഖ്‌സാന പറഞ്ഞു.

'തങ്ക്യൂടീ...ഞാനീ ഉപകാരം ഒരിക്കലും മറക്കില്ല...'

ഫൈറൂസ പോകനൊരുങ്ങുന്നതിനിടയില്‍ റുഖ്‌സാനയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

'നീയിപ്പൊ സെന്റിയടിക്കാന്‍ നിക്കാതെ വേഗം സ്ഥലം കാലിയാക്കാന്‍ നോക്ക്. മനുഷ്യനിവിടെ ആധിപിടിച്ചിട്ട് വയ്യ...'

റുഖ്‌സാ ധൃതി കൂട്ടി.

ഫൈറൂസ പെട്ടെന്ന് കോളേജിന് പുറത്തേക്ക് നടക്കാനൊരുങ്ങി.

'ഡീ....നില്‍ക്കടീയവിടെ.....'

പിറകില്‍ നിന്നും ഗര്‍ജ്ജനം പോലെ ഒരു പുരുഷ ശബ്ദം അവരുടെ കാതുകളില്‍ വന്ന് പതിച്ചു. ഫൈറൂസയുടെയും റുഖ്‌സാനയുടെയും ഇടനെഞ്ചിലെ മിടിപ്പ് ഒരുനിമിഷം നിശ്ചലമായി.


( *തുടരും....*) 


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here