🌹 *സകാത്ത്-സംശയങ്ങളും മറുപടികളും* 🌹 ✍🏽മദീനയുടെ👑വാനമ്പാടി*

🌹 *സകാത്ത്-സംശയങ്ങളും മറുപടികളും* 🌹

1⃣3⃣2⃣ഇസ്ലാമിക പoനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

1-ചോ: സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്തത് എന്തുകൊണ്ട്?
ഉ: ധനികരുടെ പക്കല്‍ നിന്ന് സകാത് വിഹിതം പാവങ്ങളിലേക്കൊഴുകുമ്പോള്‍ അവരെ സാമ്പത്തികമായി ഉദ്ധരിക്കാനും ജീവിതസൌകര്യം വര്‍ധിപ്പിക്കാനും സാധിക്കുമെന്നതില്‍ സന്ദേഹമില്ല. ഉദാഹരണമായി ഒരു പ്രധാന നഗരത്തില്‍ സകാത് നല്‍കാന്‍ പ്രാപ്തരായ 1000 പേര്‍ ഉണ്ടെന്ന് കരുതുക. അവരില്‍ അഞ്ചുപേര്‍ വീതം ഒരു പാവപ്പെട്ടവന് പതിനായിരം രൂപ നല്‍കി ഒരു ചെറുകിട വ്യവസായമോ തത്തുല്യമായ മറ്റു ഏര്‍പ്പാടോ തുടങ്ങാന്‍ സഹായിച്ചുവെന്നിരിക്കട്ടെ. എങ്കില്‍ അവരും കുടുംബവും ദാരിദ്യ്രത്തില്‍ നിന്നു കരകയറും. അടുത്ത വര്‍ഷം ഈ ആയിരം ധനാഡ്യര്‍ക്കു പുറമെ അവര്‍ മുഖേന കരകയറിയ 200 പേരും സകാത് നല്‍കുന്നവരുടെ പട്ടികയിലെത്തുന്നു. അതോടെ ആ വര്‍ഷം കൂടുതല്‍ ദരിദ്രരെ സകാതിലൂടെ കരകയറ്റാന്‍ കഴിയും. ഇങ്ങനെ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ദരിദ്രമുക്ത സമൂഹത്തെ സൃഷ്ടിക്കാനാകും.
ഇസ്ലാമിന്റെ ആദ്യകാലത്ത് സകാത് വാങ്ങാന്‍ അര്‍ഹതപ്പെട്ട ഒരാളും ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നതായി ഇസ്ലാമിക ചരിത്രത്തില്‍ നിന്ന് വ്യക്തമാകുന്നു. വ്യവസായ വാണിജ്യ രംഗങ്ങള്‍ അന്നത്തെക്കാള്‍ അനേകമടങ്ങ് അഭിവൃദ്ധിപ്പെടുകയും കാര്‍ഷിക, സാമ്പത്തിക മേഖലയില്‍ കുതിച്ചുകയറ്റമനുഭവപ്പെടുകയും ചെയ്ത ആധുനിക യുഗത്തില്‍ സകാത് കൂടുതല്‍ ഫലം കാണിക്കും. അര്‍ഹരെല്ലാം കൃത്യമായി സകാത് നല്‍ കാന്‍ സന്നദ്ധരായാല്‍ മുസ്ലിം സമുദായത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് കരകയറ്റാവുന്നതാണ്. കടമയില്‍ നിന്ന് സമ്പന്നര്‍ ഒളിച്ചോടുന്നതാണ് സമുദായത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് മുഖ്യകാരണം.

ബേങ്കില്‍ നിക്ഷേപിച്ച തുക  
2-ചോ: ബേങ്കില്‍ നിക്ഷേപിച്ച തുകക്ക് സകാത് കൊടുക്കണോ? വേണമെങ്കില്‍ എല്ലാവര്‍ഷവും കൊടുക്കണോ?
ഉ: നിസ്വാബ് (നിശ്ചിത തുക) ഉണ്ടാവുകയും കൊല്ലം തികയുകയും ചെയ്താല്‍ കൊടുക്കണം. നിക്ഷേപം നിലനില്‍ക്കുന്നിടത്തോളം വര്‍ഷം പ്രതി കൊടുക്കണം.
കച്ചവടം മകന്‍ ഏറ്റെടുത്താല്‍
 3-ചോ: മരിച്ച പിതാവിന്റെ കച്ചവടം മകന്‍ ഏറ്റെടുത്താല്‍ സകാത് എങ്ങനെ കൊടുക്കണം?
ഉ: വര്‍ഷം തികയുന്നതിന് മുമ്പ് കച്ചവടക്കാരന്‍ മരിക്കുകയും തുടര്‍ന്നു മകന്‍ ആ കച്ചവടം ഏറ്റെടുത്ത് നടത്തുകയും ചെയ്താല്‍ മകന്‍ ഏറ്റെടുത്തത് മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സകാത് കൊടുക്കേണ്ടത്. പിതാവിന്റെ കച്ചവടത്തിനു മകന്‍ സകാത് നല്‍കേണ്ടതില്ല.
കച്ചവടത്തിന് സകാത് നിര്‍ബന്ധമായിട്ടും പിതാവ് അത് നല്‍കിയിട്ടില്ലെങ്കില്‍ സകാത് വിഹിതം അവകാശികള്‍ നല്‍കല്‍ നിര്‍ബന്ധമാണ്. മകന്‍ പിതാവിന്റെ കച്ചവടം ഏറ്റെടുക്കുകയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കച്ചവട സ്വത്ത് എന്ന നിലക്ക് അതില്‍ ക്രയവിക്രയം തുടങ്ങുകയെന്നതാണ്. വസ്തുക്കളുടെ അവകാശിയായാല്‍ മാത്രം പോരാ, കച്ചവടം തുടങ്ങണം.
വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്

4-ചോ: വിദേശത്തു നിന്നുവരുന്ന പലരും സ്വര്‍ണം കടത്താറുണ്ട്. ചില വിരുതന്മാര്‍ സ്വര്‍ ണം വിഴുങ്ങുന്നു. ഇങ്ങനെ വിഴുങ്ങിയ ഒരാളുടെ വയറ്റില്‍ ഒരുവര്‍ഷം വരെ 85 ഗ്രാം തൂക്കമുള്ള ഒരു ബിസ്കറ്റ് അവശേഷിച്ചു. എങ്കില്‍ അയാള്‍ ആ സ്വര്‍ണത്തിനു സകാത് കൊടുക്കേണ്ടതുണ്ടോ?
ഉ: വിഷമം കൂടാതെ അത് പുറത്ത് കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ കൊല്ലം പൂര്‍ത്തിയായ ഉടനെ സകാത് കൊടുക്കണം. പുറത്തെടുത്തിട്ടില്ലെങ്കിലും കൊടുക്കേണ്ടതുണ്ട്. കാരണം ആ സ്വര്‍ണം ധനികരില്‍ നിന്നു കിട്ടാനുള്ള അവധിയെത്തിയ കടം പോലെയാണ്. കിട്ടിയിട്ടില്ലെങ്കിലും കിട്ടിയതിന്റെ സ്ഥാനത്താണിത്. പ്രയാസരഹിതമായി പുറത്തു കൊണ്ടുവരാന്‍ പറ്റില്ലെങ്കില്‍ പുറത്തെടുക്കുന്നതുവരെ കൊടുക്കേണ്ടതില്ല. മരണാനന്തരം ശസ്ത്രക്രിയ വഴിയോ സ്വയമോ പുറത്തുകിട്ടിയാല്‍ സകാത് നല്‍കേണ്ടതുണ്ട്. പ്രയാസമില്ലാതെ എടുക്കാന്‍ പറ്റിയ ജീവിതകാലത്ത് പുറത്തെടുത്തില്ല. എങ്കില്‍ മരിച്ച ശേഷം അയാളുടെ അനന്തര സ്വത്തില്‍ നിന്ന് ആ സ്വര്‍ണ നിക്ഷേപത്തിന്റെ 2.5 ശതമാനം കണക്കെടുത്ത് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ് (ശര്‍വാനി 3/264).

സകാതില്‍ കൊല്ലം കണക്കാക്കുന്നത്

5-ചോ: സകാതില്‍ കൊല്ലം കണക്കാക്കുന്നത് ക്രിസ്തുവര്‍ഷപ്രകാരമല്ലേ? ഇടക്ക് ചരക്ക് മാറ്റിനിര്‍ത്തിയാല്‍ സകാത് കൊടുക്കേണ്ടതുണ്ടോ?
ഉ: കച്ചവടം തുടങ്ങിയ ദിവസം മുതല്‍ ചാന്ദ്ര വര്‍ഷപ്രകാരമുള്ള ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ സകാത് നിര്‍ബന്ധമാകുന്നതാണ്. ക്രിസ്തുവര്‍ഷപ്രകാരമുള്ള കൊല്ലം തികയാന്‍ കാത്തിരിക്കരുത്. അതു തെറ്റാണ്. അവകാശികളുടെ വിഹിതം അകാരണമായി പിന്തിക്കലാണ്. അതുപോലെ റമളാന്‍ മാസമാകാന്‍ വേണ്ടിയും കാത്തിരിക്കേണ്ടതില്ല. ഇന്ന് ചിലര്‍ റമളാന്‍ കാലത്ത് മാത്രം സകാത് കൊടുക്കുന്നതായി കാണാം. സ്വഫര്‍ മാസത്തില്‍ തുടങ്ങിയതാണെങ്കിലും റമളാനില്‍ കണക്കുകൂട്ടുകയും അപ്പോള്‍ സകാത് നല്‍കുകയും ചെയ്യുന്നത് പുണ്യമല്ലെന്നു മാത്രമല്ല തെറ്റുകൂടിയാണ്. കച്ചവടസ്വത്ത് വര്‍ഷം തീരുന്നത് വരെ കച്ചവടോദ്ദേശ്യപ്രകാരം കൈകാര്യം ചെയ്യണം. അത് കച്ചവടത്തിനുള്ളതല്ലെന്ന് കരുതിയാല്‍ സകാത് നിര്‍ബന്ധമാകില്ല. പക്ഷേ, സകാതില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ഇങ്ങനെ കരുതിയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല.
കച്ചവടത്തിനായി വാങ്ങിയ ഒരിനം ചരക്കിന് മാര്‍ക്കറ്റില്‍ ഡിമാന്റ് ഇല്ലാതാവുകയും തുടര്‍ന്ന് ആ സാധനം കച്ചവടത്തില്‍ നിന്നു തല്‍ക്കാലം മാറ്റിവെക്കുകയും ചെയ്താലും അതിന് സകാത് നല്‍കേണ്ടതില്ല.

സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍

6-ചോ: ഞാനൊരു കച്ചവടക്കാരനാണ്. വര്‍ഷാവസാനം സ്റ്റോക്കെടുപ്പ് നടത്തിയപ്പോള്‍ സകാത് നിര്‍ബന്ധമാകാനുള്ള നിശ്ചിത തുകക്ക് ചരക്ക് സ്റ്റോക്കില്ല. എന്നാല്‍ സകാത് കൊടുക്കേണ്ടതുണ്ടോ?
ഉ: താങ്കള്‍ കച്ചവടം തുടങ്ങിയപ്പോള്‍ ചരക്കിന് പുറമെയുള്ള സംഖ്യയും (ഉദാഹരണ മായി ആകെ കൈയ്യിരിപ്പുള്ള 3000 രൂപയില്‍ നിന്ന് 2000 രൂപക്ക് ചരക്ക് വാങ്ങുകയും 1000 രൂപ പണമായി സൂക്ഷിക്കുകയും ചെയ്തു), വര്‍ഷം പൂര്‍ത്തിയായപ്പോള്‍ സ്റ്റോക്കു ള്ള ചരക്കിന്റെ വിലയും, പണമായി സൂക്ഷിച്ച 1000 രൂപയും കൂടി 595 ഗ്രാം വെള്ളിയുടെ തുകയുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ അടുത്തകൊല്ലം വീണ്ടും സ്റ്റോക്കെടുപ്പ് നടത്തി നിശ്ചിത തുകയുണ്ടെങ്കില്‍ സകാത് കൊടുത്താല്‍ മതി(തുഹ്ഫ 3/294).

സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍

7-ചോ: കച്ചവടത്തിന്റെ സകാത് സ്വര്‍ണം, വെള്ളി നാണയങ്ങള്‍ തന്നെ നല്‍കണമെന്നുണ്ടോ? കറന്‍സി കൊടുത്താല്‍ പോരേ?
ഉ: സ്വര്‍ണം, വെള്ളി നാണയങ്ങള്‍ ഇല്ലാത്തപ്പോള്‍, അതിന്റെ സ്ഥാനത്തുള്ള ഫുലൂസുകള്‍ കൊടുത്താല്‍ മതിയാകുമെന്ന് ബിഗ്യ 155ലും ഇബ്നുസിയാദ് 112ലും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ തല്‍സ്ഥാനത്ത് നില്‍ക്കുന്ന കറന്‍സി കൊടുത്താല്‍ മതിയാകുമെന്ന് വ്യക്തമാണ്.
സകാത് കൊടുക്കല്‍ നിര്‍ബന്ധമായ പ്രായമുള്ള ഒട്ടകം ഉടമയുടെ വശമില്ലെങ്കില്‍ ഒരു വയസ്സ് കുറവുള്ള ഒട്ടകത്തെ സകാതായി വാങ്ങുന്നതോടൊപ്പം രണ്ടാടോ ഇരുപത് വെള്ളിയോ ഒപ്പം വാങ്ങണമെന്ന് നബി(സ്വ) കല്‍പ്പിച്ച ഹദീസ് ബുഖാരി 1/195ല്‍ വിവരിച്ചിട്ടുണ്ട്. സകാത് കൊടുക്കേണ്ടതായ യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍ അതിനു പകരമായി നില്‍ക്കുന്നത് നല്‍കണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. മാത്രമല്ല, കറന്‍സിക്ക് സകാത് കൊടുക്കല്‍ നിര്‍ബന്ധമാണെന്നും ഇത് മനസ്സിലാക്കിത്തരുന്നു.
8-ചോ: ജ്വല്ലറി കച്ചവടക്കാര്‍ സകാത് കൊടുക്കേണ്ടതുണ്ടോ? സ്വൈറഫിന് (സ്വര്‍ണവും വെള്ളിയും പരസ്പരം കൈമാറുന്നവര്‍)ക്ക് കച്ചവടത്തെ കരുതിയാലും സകാത് കൊടുക്കേണ്ടതില്ലെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ?
ഉ: സകാത് കൊടുക്കേണ്ടതാണ്. ജ്വല്ലറി കച്ചവടക്കാര്‍ സ്വര്‍ണവും വെള്ളിയും കൊല്ലം മുഴുവനും സൂക്ഷിക്കുന്നില്ലെങ്കിലും അവര്‍ കച്ചവടക്കാരായത് കൊണ്ട് കച്ചവടത്തിന്റെ സകാത് നിര്‍ബന്ധമാണ്. സ്വൈറഫീ എന്ന് പറയുന്നത് നാണയ കൈമാറ്റക്കാര്‍ക്കാണ്. ഉദാഹരണത്തിന് രൂപക്കു പകരം ഡോളര്‍ കൊടുക്കുന്നതുപോലെ. ഇക്കാര്യം ശറഹുല്‍ മുഹദ്ദബില്‍ നിന്ന് വ്യക്തമാകും.

സകാതിന്റ നിരക്ക് ഖുര്‍ആനില്‍


9-ചോദ്യം: ഖുര്‍ആനില്‍ സകാതിനെക്കുറിച്ചു പറയുന്നുവെന്നല്ലാതെ ഒരിടത്തും അതിന്റെ നിരക്ക് പറഞ്ഞിട്ടില്ലല്ലോ. അപ്പോള്‍ ഒരിസ്ലാമിക ഗവണ്‍മെന്റിന് ആവശ്യമെന്ന് തോന്നുന്നപക്ഷം അതിനെ ഏറ്റുകയും കുറക്കുകയും ചെയ്തുകൂടേ. നബി(സ്വ) അന്നത്തെ പരിതസ്ഥിതി പരിഗണിച്ചാണ് രണ്ടര ശതമാനമാക്കിയതെന്നും പറഞ്ഞുകൂടേ?
ഉ: നിസ്കാരത്തിന്റെ റക്അത്തുകളെക്കുറിച്ചും ഖുര്‍ആന്‍ നിര്‍ണയിച്ചിട്ടില്ല. അപ്പോള്‍ ആവശ്യാനുസരണം ഏറ്റുകയും ചുരുക്കുകയും ചെയ്യാമെന്നു പറയേണ്ടിവരും. അപ്പോള്‍ അത് മനുഷ്യ നിര്‍മിതമാകും. ഇലാഹിയ്യായ മതമാവുകയില്ല. സകാതിനെ നികുതിയോട് തുലനം ചെയ്യാന്‍ പറ്റില്ല. നബി(സ്വ) കൊണ്ടുവന്നത് നിങ്ങള്‍ അംഗീകരിക്കുകയും നബി(സ്വ) വിരോധിച്ചത് നിങ്ങള്‍ വെടിയുകയും ചെയ്യുക എന്ന ഖുര്‍ആന്‍ വാക്യം കൊണ്ട് സകാതിന്റെ നിരക്കും, നിസ്കാരത്തിന്റെ റക്അത്തും മറ്റും നിര്‍ണയമാകുന്നതാണ്. നബി(സ്വ)യുടെ കാലത്തുതന്നെ വ്യത്യസ്ത പരിതസ്ഥിതികളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും നബി(സ്വ) സകാതിന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. നബിക്കുശേഷം സ്വഹാബത്തിന്റെ കാലഘട്ടത്തിലും, താബിഉകളുടെ കാലഘട്ടത്തിലും വ്യത്യസ്തമായ പരിതസ്ഥിതി കളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സകാതിന്റെ തുകയില്‍ അവരാരും മാറ്റം വരുത്തിയിട്ടില്ല. പുത്തന്‍ പ്രസ്ഥാനക്കാര്‍ അറബി ഖുത്വുബ മാതൃഭാഷാ ഖുത്വുബയാക്കിയത് പോലെ സകാതിനെ നികുതിയാക്കുന്നത് കൊണ്ട് അതിന്റെ ആരാധനാ സ്വഭാവം നഷ്ടപ്പെട്ട് വ്യക്തിയും സമൂഹവും പരസ്പരം വടംവലി ആരംഭിക്കാന്‍ കാരണമാകും. വ്യക്തി സകാത് തന്റെ താത്പര്യങ്ങള്‍ക്ക് അനുകൂലമാകണമെന്നും സമൂഹം തങ്ങള്‍ക്കനുകൂലമാകണ മെന്നും ആഗ്രഹിക്കും. അങ്ങനെ തിരഞ്ഞെടുപ്പില്‍ ഇക്കാര്യം ഒരു പ്രശ്നമായിത്തീരും. സകാതിന്റെ നിരക്ക് പാര്‍ലിമെന്റ് തീരുമാനിക്കുകയാണെങ്കില്‍ ആരാധനയുടെ യഥാര്‍ഥ ആത്മാവായ ഹൃദയസന്തുഷ്ടിയോടെ ഒരിക്കലും നല്‍കുകയില്ല. നികുതിയെപ്പോലെ ഒരു ശല്യം എന്ന നിലക്കാണ് അത് നല്‍കുക. തുടര്‍ന്ന് കബളിപ്പിക്കലും ഒഴിഞ്ഞുമാറലും മുറക്ക് നടക്കുകയും ചെയ്യും. ഇന്ന് അല്ലാഹുവിന്റെ കല്‍പ്പന എന്ന നിലക്ക് ഓരോ വ്യക്തിയും തല കുനിച്ച് ആരാധനാ ഭാവത്തി ല്‍ അത് നല്‍കുന്നു.
ഗവണ്‍മെന്റുകള്‍ക്ക് അെല്ലങ്കില്‍ സമൂഹത്തില്‍ കൂടുതല്‍ ആവശ്യങ്ങള്‍ നേരിടുകയാണെങ്കില്‍, ‘ഇന്ന ഫില്‍ മാലി ലഹഖ്ഖന്‍ സിവസ്സകാതി’ (ധനത്തിനോട് സകാതല്ലാത്ത ബാധ്യതയും ബന്ധപ്പെട്ടിരിക്കുന്നു) എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ വസൂലാക്കുന്നതാണ്. യഥാര്‍ഥത്തില്‍ സകാതിന്റെ നിരക്ക് മാറ്റത്തിനു വിധേയമല്ലെന്നതിന് കൂടി തെളിവാണ് മേല്‍ ഹദീസ്. സകാതിന്റെ തുക മാറ്റാന്‍ പാടുണ്ടായിരുന്നുവെങ്കില്‍ ഈ ഹദീസിന്റെ ആവശ്യമുണ്ടാവുകയില്ല.

സകാതിന്റെ ഇനങ്ങള്‍


10-ചോദ്യം: സകാത് ചില വസ്തുക്കളില്‍ മാത്രം പരിമിതപ്പെടുത്താന്‍ സ്വീകാര്യമായ വല്ല തെളിവുമുണ്ടോ? പ്രധാന വസ്തുക്കളിലെല്ലാം സകാത് വേണ്ടതല്ലേ?
ഉ: ധാരാളം തെളിവുകളുണ്ട്. മുആദുബ്നു ജബലി(റ)നെയും അബൂമൂസ(റ)യെയും യമനിന്റെ രണ്ട് ഭാഗങ്ങളിലേക്ക് ഗവര്‍ണറായി നബി(സ്വ) നിശ്ചയിച്ചപ്പോള്‍ കാരക്ക, മുന്തിരി, ഗോതമ്പ് എന്നിവയില്‍ നിന്നല്ലാതെ സകാത് വാങ്ങരുതെന്ന് അവരോട് നബിതങ്ങള്‍ നിര്‍ദ്ദേശിച്ചതായി ബൈഹഖി, ത്വബ്റാനി, ഹാകിം(റ.ഹും) എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദകര്‍ വിശ്വസ്തരാണെന്ന് ഇമാം ബൈഹഖി(റ) വിവരിച്ചിട്ടുണ്ട്. ഉമര്‍ ബിന്‍ ഖത്ത്വാബി(റ)ല്‍ നിന്നും ത്വബ്റാനി ഉദ്ധരിച്ച ഹദീസിലും ഈ വസ്തുക്കളില്‍ മാത്രമാണ് നബി(സ്വ) സകാത് വാങ്ങിയതെന്നു കാണാം. ഇബ്നുമാജയുടെ റിപ്പോര്‍ട്ടില്‍ ചോളം എന്നുകൂടിയുണ്ട്.
പത്തു വസ്തുക്കളിലല്ലാതെ നബി(സ്വ) സകാത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അവ, കാരക്ക, മുന്തിരി, ഗോതമ്പ്, യവം, ചോളം, ഒട്ടകം, ആട്, മാട്, സ്വര്‍ണം, വെള്ളി എന്നിവയാണെന്നും ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് പത്തു വസ്തുക്കളില്‍ മുസ്ലിം ലോകം സകാത് നല്‍കിവരുന്നത്. ഗോതമ്പ്, യവം, ചോളം എന്നിവ മുഖ്യാഹാരമെന്ന ഒരിനമായി എണ്ണി. എട്ടിനങ്ങളിലാണ് സകാത് എന്നും പറയാം. നെല്ല് പോലുള്ളവയും ഈ മുഖ്യാഹാരപ്പട്ടികയില്‍ പെടും. സകാതിന്റെ അവകാശികളും എട്ട് ഇനമാണല്ലോ. യമനിലേക്ക് നിയോഗിച്ച ഗവര്‍ണര്‍മാരോട് കാരക്ക, മുന്തിരി, ഗോതമ്പ് ഇവയില്‍ മാത്രമാണ് സകാത് വാങ്ങേണ്ടതെന്ന കല്‍പ്പനയുടെ ഉദ്ദേശ്യം കാര്‍ഷിക വിളയില്‍ നിന്ന് ഇവക്ക് മാത്രമാണ് സകാതെന്നാണ്.
എന്നാല്‍, കച്ചവടം ചെയ്യപ്പെടുന്ന എല്ലാ വസ്തുക്കള്‍ക്കും കച്ചവടസാധനമെന്ന നിലക്ക് സകാത് ബാധകമാണ്. ഇവയുടെ വിലയാകുന്ന സ്വര്‍ണം, വെള്ളി എന്നിവക്ക് സകാതുണ്ടെന്നും അവയുടെ വിഹിതമെത്രയെന്നതും ‘സകാത് എന്ത്, എന്തിന്’ എന്ന ചോദ്യ ത്തിന്റെ മറുപടിയില്‍ വിവരിച്ചതാണ്. നബി(സ#) ചില വസ്തുക്കളില്‍ നിന്ന് വാങ്ങാന്‍ കാരണം അവ അന്നത്തെ പ്രധാന വിഭവങ്ങളായതിനാലാണ്. അതിനാല്‍ ഇന്നത്തെ പ്രധാന വിഭവങ്ങളായ റബര്‍, തേങ്ങ തുടങ്ങിയവയില്‍ സകാത് നല്‍കണമെന്ന വാദം നവീനവാദികളുടേതാണ്. അത് ബാലിശവും നിലനില്‍ക്കാത്തതുമാണ്. കാരണം നബി (സ്വ)യുടെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത് കുതിരകളും അടിമകളുമായിരുന്നു. അവയെക്കുറിച്ച് നബി(സ്വ) പറയുന്നു: “ഒരു മുസ്ലിമിന് തന്റെ അടിമയിലും കുതിരയിലും സകാതില്ല” (ബുഖാരി). എന്നിരിക്കെ ഇന്നത്തെ പ്രധാന സമ്പത്തില്‍ സകാതുണ്ടെന്ന വാദം നബിയെ ധിക്കരിക്കലും ദീനില്‍ കൈകടത്തലുമാണ്.
ജീവികളില്‍ മൂന്നു വിഭാഗത്തിനും ഭക്ഷ്യവസ്തുക്കളില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്നതിനും പഴങ്ങളില്‍ ഉണക്കി സൂക്ഷിക്കുന്നതും ലോകനിലവാരമുള്ളതുമായ കാരക്ക, മുന്തിരി എന്നിവക്കും വസ്തുക്കളുടെ മൂലധനമായി സ്വര്‍ണം, വെള്ളി എന്നിവക്കുമാണ് സകാതുള്ളത്.
ജീവികളെ സംബന്ധിച്ചിടത്തോളം മാംസത്തിനും പാലിനും വേണ്ടി സമ്പത്തെന്ന നിലക്ക് വളര്‍ത്തുന്നത് മൂന്നുവിഭാഗം ജീവികളെയാണ്. മറ്റുജീവികളില്‍ അവയുടെ താ ല്‍ക്കാലിക ഉപയോഗമോ വിലയോ ആണ് കണക്കുകൂട്ടുക. അപ്പോള്‍ ഈ മൂന്നു വിഭാഗത്തില്‍പെടാത്ത ജീവികളെ ആരും അധികം വാങ്ങിക്കൂട്ടുകയില്ല. അത് കച്ചവടം ചെയ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ കച്ചവടത്തിന്റെ സകാത് എന്നനിലക്ക് അതിന് സകാത് വരും.
ഇനി കച്ചവടാവശ്യത്തിനല്ലാതെ വെറുതെ ഒരാള്‍ ഇത്തരം ജീവികളെ വാങ്ങിക്കൂട്ടിയെങ്കില്‍ ദരിദ്രരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമില്ല. അവരുടെ പോഷകാഹാര ലഭ്യതക്ക് ആവശ്യമായ പാലോ മാംസമോ നിഷേധിക്കപ്പെടുന്നില്ല.
ഉണക്കി സൂക്ഷിക്കാന്‍ പറ്റുന്ന മുന്തിരി, കാരക്ക ഇവക്ക് സകാത് കൊടുക്കണം. മാങ്ങ, പൈനാപ്പിള്‍, ആപ്പിള്‍ ഇവക്കൊന്നും സകാതില്ല. കാരണം അവ അധികമുള്ളവര്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാവും. തേങ്ങ, അടക്ക പോലുള്ളവ ഉണക്കി സൂക്ഷിക്കാമെങ്കിലും ലോകത്തൊരിടത്തും അവ മുഖ്യാഹാരമായി ഉപയോഗിക്കുന്നില്ല. ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സകാത് മുഖ്യാഹാരമാണോ എന്നതിനെ ആശ്രയിച്ചു നില്‍ക്കുന്നു. ധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ ഒരു നിശ്ചിത വിഹിതം സകാതായി നല്‍കണം. മുഖ്യഭക്ഷണം ഒരൊറ്റ ദരിദ്രനും നിഷേധിക്കപ്പെട്ടുകൂടാ എന്ന നിലക്കാണിത്.
സ്വര്‍ണം, വെള്ളി എന്നിവയുടെ സകാതിലൂടെ സാധാരണക്കാരിലേക്ക് സമ്പത്ത് എത്താന്‍ കാരണമാകുന്നുണ്ട്. നിരവധി വാഹനങ്ങളുള്ള ഒരാള്‍ അതിന്റെ വരുമാനം സ്വരൂപിച്ചുവെക്കുന്നുവെങ്കില്‍ പണത്തിന്റെ സകാത് എന്ന നിലക്ക് ദരിദ്രനിലേക്ക് ഓ രോ വര്‍ഷവും നല്ലൊരു വിഹിതം എത്തുന്നതാണ്. വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അതില്‍ നിന്നുള്ള വരുമാനമുപയോഗിച്ചു വീണ്ടും വാഹനം വാങ്ങുന്നുവെങ്കില്‍ പണം കെട്ടിക്കിടക്കുന്നില്ല. അത് ഒഴുകിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ സാമ്പത്തിക മാന്ദ്യം വരികയില്ല. പക്ഷേ, വാഹന കച്ചവടക്കാര്‍ സകാത് കൊടുക്കേണ്ടിവരും.

മുതല്‍മുടക്കിനും ലാഭത്തിനും സകാത്


11-ചോ: റജബ് ഒന്നിന് ഒരാള്‍ക്ക് അരലക്ഷം രൂപ ലഭിച്ചു. അടുത്ത ശവ്വാല്‍ വരെ ആ പണം അയാള്‍ ഒന്നും ചെയ്തില്ല. ശവ്വാല്‍ പത്തിന് ആ പണം കൊണ്ട് കുറേ കാലികളെ വാങ്ങി. ദുല്‍ഹജ്ജ് മാസം ഒന്നിന് മുഴുവന്‍ കാലികളെയും വലിയ ലാഭത്തിന് വിറ്റു. ലാഭം നാല്‍പ്പതിനായിരം രൂപ. പിന്നെ അയാള്‍ കച്ചവടം ചെയ്തില്ല. 90000 രൂപ അയാള്‍ ഭദ്രമായി സൂക്ഷിക്കുകയാണ്. ഈ അവസ്ഥയില്‍ സകാത് എങ്ങനെ കൊടുക്കണം?
ഉ: മുതല്‍മുടക്കിന് അതിന്റെ വര്‍ഷവും ലാഭത്തിന് അതിന്റെ വര്‍ഷവും കണക്കുകൂട്ടി സകാത് കൊടുക്കണം. അടുത്ത റജബ് ഒന്നിന് അരലക്ഷത്തിന്റെ രണ്ടരശതമാനവും ദുല്‍ഹജ്ജ് ഒന്നിന് നാല്‍പ്പതിനായിരത്തിന്റെ രണ്ടരശതമാനവുമാണ് സകാതായിട്ട് നല്‍കേണ്ടത്.

ലോണ്‍ എടുത്ത കച്ചവടം


12-ചോ: ലോണ്‍ എടുത്ത് കച്ചവടം തുടങ്ങിയവന്‍ അത് അടച്ചുതീര്‍ക്കുന്നതിന് മുമ്പ് സകാത് കൊടുക്കേണ്ടതുണ്ടോ?
ഉ: സകാത് കൊടുക്കേണ്ടതുണ്ട്. തന്റെ ഉടമസ്ഥതയില്‍ കച്ചവടം തുടങ്ങിയത് മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ സകാത് അയാള്‍ നല്‍കണം. കച്ചവടക്കാരന് കടമുള്ളത് കൊണ്ട് കച്ചവടത്തിന്റെ സകാതില്‍ നിന്നും മുക്തനാവില്ല.

കൂറു കച്ചവട സകാത്


13-ചോ: ഉടമയും നടത്തിപ്പുകാരനും ലാഭത്തില്‍ കൂറുള്ള കച്ചവടമാണെങ്കില്‍ സകാത് കൊടുക്കേണ്ടത് എങ്ങനെ?
ഉ: ഒരാള്‍ക്ക് പണം മുടക്കി സ്വന്തമായി കച്ചവടം നടത്താന്‍ പ്രയാസമാകുമ്പോള്‍ മറ്റൊരാളെ കച്ചവടത്തിന് ഏല്‍പ്പിക്കുന്ന പതിവുണ്ട്. ഇതിന് ഖിറാള് എന്നാണ് പേര്. ഇവിടെ നടത്തിപ്പുകാരന്‍ അധ്വാനം മാത്രമാണ് മുടക്കുന്നത്. അപരന്‍ പണവും. ലാഭവിഹിതത്തില്‍ രണ്ടാളും പങ്കുകാരാകുന്നു.
കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ കടയിലുള്ള മുഴുവന്‍ വസ്തുക്കള്‍ക്കും വിലകെട്ടി, മൊ ത്തം ലാഭം അതിലേക്ക് ചേര്‍ത്തിട്ട് അതിന്റെ രണ്ടരശതമാനം സകാത് നല്‍കണം. മൊത്തം സംഖ്യയില്‍ നിന്നു സകാത് വിഹിതം കഴിച്ചിട്ടാണ് ലാഭം ഓഹരി ചെയ്യേണ്ടത്.

കിട്ടാനുളള സംഖ്യക്ക് സകാത്


14-ചോ: ഒരാളില്‍ നിന്ന് 5000 രൂപ കിട്ടാനുണ്ട്. അയാളോട് ചോദിക്കുമ്പോള്‍, തരാം എന്നും പറയുന്നുണ്ട്. കിട്ടുമെന്ന വിശ്വാസത്തില്‍ കഴിഞ്ഞ വര്‍ഷം അതിന്റെ സകാത് കൊടുത്തു. ഇപ്പോഴും തരാമെന്നു പറയുന്നതല്ലാതെ സംഖ്യ കൈയില്‍ കിട്ടിയിട്ടില്ല. ഈ കൊല്ലവും അതിന് സകാത് കൊടുക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എത്ര വര്‍ഷം വരെ കിട്ടുമെന്ന വിശ്വാസത്തില്‍ സകാത് കൊടുക്കണം? 2.5% പ്രകാരം സകാത് കൊടുത്ത ആ 5000 രൂപയില്‍ ലാഭമില്ലാത്തതിനാല്‍ ഈ കൊല്ലം 4875 രൂപക്ക് സകാത് കൊടുത്താ ല്‍ മതിയാകുമോ?
ഉ: ചോദ്യത്തില്‍ നിന്നു മനസ്സിലാകുന്നത് സംഖ്യ തരാനുള്ള ആള്‍ കബളിപ്പിക്കുകയാണെന്നാണ്. ഇത്തരമൊരവസ്ഥയില്‍ സംഖ്യ കിട്ടിയതിന്റെ ശേഷം സകാത് നല്‍കിയാല്‍ മതിയാകുന്നതാണ് (തുഹ്ഫ 3/335). ലഭിക്കാനുള്ള കടത്തിന് കൈയില്‍ നിന്നെടുത്ത് സകാത് കൊടുക്കുകയാണെങ്കില്‍ എല്ലാവര്‍ഷവും മുഴുവന്‍ സംഖ്യക്കും സകാത് നല്‍ കേണ്ടതാണ്. 5000 രൂപ ലഭിക്കാനുള്ളവന്‍ അതിന്റെ സകാത് വിഹിതം സ്വന്തം കൈയി ല്‍ നിന്നെടുത്ത് നല്‍കിയാല്‍ അടുത്ത വര്‍ഷവും അയാള്‍ 5000 രൂപക്ക് തന്നെ സകാത് കൊടുക്കണം. കാരണം 5000 രൂപ അയാളുടെ ഉടമസ്ഥതയിലാണ് ഒരു കൊല്ലം പൂര്‍ത്തിയാക്കിയത്.

ആഭരണങ്ങളുടെ സകാത്
15-ചോ: സകാത് കൂടാതെ ഒരു സ്ത്രീക്ക് എത്ര പവന്‍ സ്വര്‍ണാഭരണം ഉപയോഗിക്കാം?
ഉ: സാധാരണയില്‍ അമിതമായി കണക്കാക്കപ്പെടുന്ന അത്രയും തൂക്കം ആഭരണം ഉപയോഗിക്കല്‍ ഹറാമാണ്. അമിതമാവുകയെന്നതിന് 200 മിസ്കാല്‍ തൂക്കം എന്ന് പണ്ഢിതന്മാര്‍ പറഞ്ഞത് ഉദാഹരണം മാത്രമാണ്. അത് ചുങ്ങുകയും കൂടുകയും ചെയ്യാം. ഹ റാമായ നിലക്ക് ആഭരണം ഉപയോഗിക്കുമ്പോള്‍ അതിന് സകാത് കൊടുക്കണം. ഹലാലായ ആഭരണങ്ങള്‍ക്കാണ് സകാതില്ലാത്തത് (തുഹ്ഫ 3/280).

ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്

16-ചോ: ഒരാള്‍ മുഹര്‍റം ഒന്നിന് കച്ചവടം തുടങ്ങിയെന്ന് സങ്കല്‍പ്പിക്കുക. അടുത്തവര്‍ഷം മുഹര്‍റം പിറക്കുന്നതിന്റെ ഒരാഴ്ച മുമ്പ് തന്റെ കടയില്‍ നിന്ന് 1000 രൂപയുടെ വസ്തുക്കള്‍ സ്വന്തം ആവശ്യത്തിനായി നീക്കിവെച്ചു. അല്ലെങ്കില്‍ നീക്കിവെക്കാനുദ്ദേശിച്ച വസ്തുക്കളെ പ്രത്യേകമായി കരുതി. എന്നാല്‍ അവയെക്കുടി ഉള്‍പ്പെടുത്തിയിട്ടാണോ സകാത് കണക്കാക്കേണ്ടത്?
ഉ: ആകെയുള്ള വസ്തുക്കളുടെ കണക്കെടുക്കുമ്പോള്‍ സ്വന്തം ആവശ്യത്തിനുവേണ്ടി നീക്കിവെച്ച വസ്തുക്കളുടെ കണക്കെടുക്കേണ്ടതില്ല. കാരണം നിര്‍ണയമോ നീക്കിവെക്കലോ വഴിയായി ആ വസ്തുക്കള്‍ കച്ചവട സ്വത്തല്ലാതായി. കച്ചവടച്ചരക്കായി നിലനില്‍ക്കുന്ന വസ്തുക്കളുടെ കണക്കെടുത്ത് അതിനുമാത്രം സകാത് കൊടുത്താല്‍ മതിയാകുന്നതാണ്.

സ്വര്‍ണം, വെള്ളിയുടെ സകാത്
17-ചോ: സ്വര്‍ണം, വെള്ളി ഇവ എത്രയുണ്ടായാല്‍ കൊടുക്കണം? എത്രയാണ് കൊടുക്കേണ്ടത്?
ഉ: ഇരുപത് മിസ്കാല്‍ അഥവാ ഏകദേശം ഇരുപത്തിരണ്ട് അച്ചും രണ്ട് പണത്തൂക്കവും (എണ്‍പത്തിനാല് ഗ്രാമും എഴുനൂറ്റി അറുപത്തിനാല് മില്ലിഗ്രാമും 84/764) സ്വര്‍ണമോ ഇരുനൂറ് ദിര്‍ഹം അഥവാ അമ്പത്തി ഒന്നേ മുക്കാലരക്കാര്‍ ഉറുപ്പിക തൂക്കം (595 ഗ്രാമും 250 മില്ലിഗ്രാമും.) വെള്ളിയോ ഒരു വര്‍ഷം കൈയിലിരിപ്പുണ്ടായാല്‍ അതിന്റെ നാല്‍പ്പതിലൊരു ഭാഗം അഥവാ രണ്ടര ശതമാനം സകാത് കൊടുക്കണം. കൂടൂതല്‍ ഉള്ളതിന് രണ്ടരശതമാനം തോതില്‍ അതിന്റെ കണക്കനുസരിച്ചും കൊടുക്കേണ്ടതാണ്.
18-ചോ: സ്വര്‍ണം കൊണ്ട് മുസ്വ്ഹഫ് അലങ്കരിക്കാന്‍ പറ്റുമോ? അലങ്കരിച്ചാല്‍ ആ സ്വര്‍ണത്തിന് സകാതുണ്ടോ?
ഉ: സ്ത്രീക്കും പുരുഷനും മുസ്വ്ഹഫ് വെള്ളികൊണ്ട് അലങ്കരിക്കല്‍ അനുവദനീയമാണ്. മുസ്വ്ഹഫ് സ്വര്‍ണം കൊണ്ട് അലങ്കരിക്കല്‍ പുരുഷന് ഹറാമാണെങ്കിലും സ്ത്രീക്ക് ഹറാമില്ല. മുസ്വ്ഹഫ് അല്ലാത്ത ഒരു കൃതിയും സ്ത്രീക്കും പുരുഷനും സ്വര്‍ണമുപയോഗിച്ച് അലങ്കരിക്കാന്‍ അനുവാദമില്ല. പാടില്ലാത്ത നിലക്ക് അലങ്കരിച്ചാല്‍ അത് സകാതി ന്റെ നിശ്ചിത തൂക്കമുണ്ടാക്കുന്ന പക്ഷം സകാത് കൊടുക്കേണ്ടതാണ്.

ബോണസ്, പ്രോവിഡന്റ് ഫണ്ട്


19-ചോ: ബോണസ്, പ്രോവിഡന്റ് ഫണ്ട് എന്നിവക്കു സകാതുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ, എപ്പോള്‍ കൊടുക്കണം?
ഉ: കമ്പനിത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ബോണസ് ലഭിച്ചതിന്റെ ശേഷം മാത്രമാണ് അവരുടെ ഉടമസ്ഥതയില്‍ വരുന്നത്. അതിനാല്‍ സകാതിന്റെ പരിധിയിലെത്തിയ ബോണസ് ലഭിച്ചശേഷം ഒരു വര്‍ഷം സൂക്ഷിച്ചാല്‍ മാത്രമേ സകാത് നല്‍കേണ്ടതുള്ളൂ. ബോണസ് ലഭിച്ച ഉടനെ സകാത് നല്‍കേണ്ടതില്ല.
സര്‍ക്കാരും മാനേജ്മെന്റും തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ മാസാന്തശമ്പളത്തില്‍ നിന്ന് നിശ്ചിത വിഹിതം പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പ്രോവിഡന്റ് ഫണ്ട് ബോ ണസ് പോലെയല്ല. ജോലിയില്‍ നിന്നു വിരമിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് പ്രസ്തുത ഫണ്ട് ലഭിക്കുന്നതെങ്കിലും തങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഒരു തുക മാറ്റിവെക്കുന്നതോട് കൂടി ആ തുക അവരുടേതായിക്കഴിഞ്ഞു. വേണമെങ്കില്‍ ആവശ്യാനുസരണം പ്ര സ്തുത സംഖ്യയില്‍ ലോണായി എടുക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. പ്രോ വിഡന്റ് ഫണ്ടിന്റെ വിഹിത സഹിതമുള്ള പണം മുഴുവന്‍ ശമ്പളയിനത്തില്‍ ലഭിച്ചതായി തൊഴിലാളി വൌച്ചറില്‍ ഒപ്പിടുന്നുണ്ട്. ഫണ്ടിന്റെ വിഹിതം പിടിച്ചശേഷം ബാക്കി മാത്രമേ തൊഴിലാളിക്ക് ലഭിക്കുന്നുള്ളൂ. ഇതിനാല്‍ ശമ്പളം ലഭിച്ചശേഷം അതിലൊരു വിഹിതം ബേങ്കില്‍ സൂക്ഷിക്കുന്നത് പോലെയാണത്. ബേങ്കില്‍ സൂക്ഷിക്കുന്ന പണം പോലെത്ത ന്നെ ഈ ഫണ്ടില്‍ സകാതിന്റെ സംഖ്യ തികയുമെങ്കില്‍ വര്‍ഷം പൂര്‍ത്തിയായ ശേഷം അതിന് സകാത് കൊടുക്കേണ്ടതാണ് .എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്ന നിക്ഷേപത്തിന്റെ തനിസ്വഭാവം ഇതിനില്ലാത്തതിനാല്‍ കിട്ടാനുള്ള കടത്തിന്റെ അവസ്ഥയാണിതിന്റേത്. അഥവാ കടംകൊടുത്ത പണം തിരിച്ചുലഭിക്കുന്നതിന്റെ മുമ്പുതന്നെ സകാത് കൊടുത്താല്‍ മതിയാകുന്നതാണ്. സംഖ്യ ലഭിച്ചതിന്റെ ശേഷമാണ് സകാത് കൊടുക്കുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കെല്ലാം അതാതു വര്‍ഷത്തെ സംഖ്യയുടെ സ്ഥിതിയനുസരിച്ചാണ് സകാത് കൊടുക്കേണ്ടത്. ആദ്യവര്‍ഷത്തെ സകാതിന്റെ വിഹി തം രണ്ടാം വര്‍ഷത്തിലുണ്ടാകില്ല. ആദ്യവര്‍ഷത്തിലെ സകാത് വിഹിതം ഡെപ്പോസിറ്റ് ചെയ്തവന്റേതല്ല. പാവങ്ങളുടേതാണ്. അപ്പോള്‍ ആ വിഹിതം കഴിച്ച ശേഷമുള്ള സം ഖ്യക്കാണ് രണ്ടാം വര്‍ഷം സകാത് കണക്കാക്കേണ്ടത്. അപ്പോള്‍ ലഭിക്കുന്ന വിഹിതം കഴിച്ചാണ് മൂന്നാം വര്‍ഷത്തിലെ കണക്ക് ശരിയാക്കേണ്ടത്. അങ്ങനെ ഓരോ വര്‍ഷത്തിന്റെയും കണക്ക് കൂട്ടി സകാത് നല്‍കേണ്ടതാണ്.

സ്ത്രീധനത്തിന് സകാത്
സ്ത്രീധനം വാങ്ങലും കൊടുക്കലും ഇന്ത്യൻ നിയമമനുസരിച്ച് തെറ്റാണെന്ന് പ്രത്യേകം ഓർമിക്കുക....

20-ചോ: നമ്മുടെ നാട്ടില്‍ നടപ്പുള്ള സ്ത്രീധനത്തിന് സകാതുണ്ടോ? ഉണ്ടെങ്കില്‍ ആരാണ് നല്‍കേണ്ടത്?
ഉ: സ്ത്രീധനത്തിന് സകാത് നിര്‍ബന്ധമാണ്. 595 ഗ്രാം വെള്ളിയുടെ വിലക്ക് സമാനമായ സംഖ്യ ഉണ്ടെങ്കിലാണ് സകാത് കൊടുക്കേണ്ടത്. വര്‍ഷം തികയുമ്പോള്‍ രണ്ടരശതമാനം സകാത് നല്‍കിയിരിക്കണം. ബേങ്കിലോ വ്യക്തികളുടെ അധീനത്തിലോ സൂക്ഷിക്കുന്ന ധനത്തിനും സകാത് നിര്‍ബന്ധമാണ്. സ്ത്രീധനം ഭര്‍ത്താവിന്റെ അടുക്കല്‍ സൂക്ഷിക്കാന്‍ വെച്ച സ്വത്ത് പോലെയാണ്. കടമായോ സൂക്ഷിക്കാനെന്ന നിലക്കോ നല്‍കിയതിനാലാണല്ലോ വിവാഹമോചനം സമയം അത് തിരിച്ചുവാങ്ങുന്നത്. സ്ത്രീധനത്തിന്റെ സകാത് സ്ത്രീയാണ് നല്‍കേണ്ടത്. അതുകൊണ്ട് ഭര്‍ത്താവിന്റെ മരണാനന്തരം സ്വത്ത് വീതിക്കുന്നതിന് മുമ്പ് സ്ത്രീധനം മാറ്റിവെക്കേണ്ടതും അത് സ്ത്രീക്ക് നല്‍കേണ്ടതുമാണ്.
സ്ത്രീധനം പോലെത്തന്നെയാണ് വിവാഹമൂല്യ(മഹ്റ്)വും. ഇത് സകാതിന്റെ പരിധിയെത്തുകയും ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ സ്ത്രീ അതിന് സകാത് നല്‍ കേണ്ടതാണ്. സ്ത്രീധനവും മഹ്റും അനുവദനീയ ആഭരണമാണെങ്കില്‍ അതിന് സകാ ത് നല്‍കേണ്ടതില്ല.
ലഭിക്കാനുള്ള കടം എത്ര വര്‍ഷത്തിനുശേഷം കിട്ടിയാലും കഴിഞ്ഞ ഓരോ വര്‍ഷത്തി നും സകാത് കൊടുക്കണമെന്നാണ് ശാഫിഈ മദ്ഹബ് പ്രകാരമുള്ള നിയമം. എന്നാല്‍ മാലികീ മദ്ഹബില്‍ ഒരു വര്‍ഷത്തിനു മാത്രം സകാത് കൊടുത്താല്‍ മതിയാകുന്നതാണ്.

പാത്രങ്ങളും കേടായ ആഭരണങ്ങളും

21-ചോ; ആഭരണത്തിന് സകാതില്ല, കേടായി പെട്ടിയില്‍ സൂക്ഷിച്ചാല്‍ സകാത് കൊടുക്കേണ്ടതുണ്ടോ?
ഉ: അമിതമാകാത്ത ആഭരണങ്ങള്‍ സ്ത്രീകള്‍ക്ക് സകാതില്ലാതെ ധരിക്കാം. എന്നാല്‍ 85 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണം കേടായി. അത് അവള്‍ അറിഞ്ഞിട്ടുമുണ്ട്. ഇനി വീണ്ടും അതുപയോഗിക്കണമെങ്കില്‍ അഴിച്ച് ഉരുക്കി വാര്‍ക്കുക തന്നെ വേണം. അല്ലാ തെ നന്നാക്കാന്‍ പറ്റില്ല. ഇതേ അവസ്ഥയില്‍ ഒരു കൊല്ലം സൂക്ഷിച്ചാല്‍ സകാത് കൊടുക്കണം. കാരണം ഒരു വര്‍ഷത്തോളം 85 ഗ്രാം സ്വര്‍ണമാണ് സൂക്ഷിച്ചത്. ആഭരണമല്ല.

22-ചോ: സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍ സൂക്ഷിച്ചാല്‍ അതിനും സകാത് നല്‍കേണ്ടതുണ്ടോ?
ഉ: സ്ത്രീക്കും പുരുഷനും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങള്‍ ഉപയോഗിക്കല്‍ ഹറാമാണ്. അലങ്കാര പാത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ലോഹങ്ങള്‍ കൊണ്ട് ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിഷിദ്ധമായ നിലക്ക് ഉണ്ടാക്കിയ പാത്രങ്ങള്‍ക്ക് സകാത് കൊടുക്കണം. കറാഹത്തല്ലാത്ത നിലക്ക് പാത്രങ്ങളില്‍ വെള്ളി ഉപയോഗിച്ചാലും സകാതുണ്ട്. അഥവാ ഒരു പാത്രത്തിന് ആവശ്യത്തിനുവേണ്ടി (അലങ്കാരത്തിനല്ല) വെള്ളിയുടെ കഷ്ണം വെച്ചു. അത് വലിയ കഷ്ണമാണെങ്കില്‍ കറാഹത്താണ്. കഷ്ണം വെച്ച വെള്ളി 595 ഗ്രാമുണ്ടെങ്കില്‍ അതിനും സകാതുണ്ട്.

പലതരം കച്ചവടം


23-ചോ: വിവിധ മാസങ്ങളില്‍ പലതരം കച്ചവടം തുടങ്ങിയാല്‍ സകാത് കൊടുക്കേണ്ടത് എങ്ങനെ?
ഉ: ഒരാള്‍ക്ക് മുഹര്‍റം ഒന്നിന് പതിനായിരം രൂപ ശമ്പളം കിട്ടിയത് ഒരു സ്റ്റേഷനറി കട തുടങ്ങാന്‍ ചിലവാക്കി. മുഹര്‍റം ഒന്നിനുതന്നെ ആ കച്ചവടം തുടങ്ങി. സ്വഫര്‍ ഒന്നിന് കിട്ടിയ പതിനായിരം രൂപകൊണ്ട് പലചരക്ക് കച്ചവടം തുടങ്ങി. റബീഉല്‍ അവ്വല്‍ ഒന്നിനു കിട്ടിയ ശമ്പളം കൊണ്ട് തേങ്ങാക്കച്ചവടം തുടങ്ങി. അപ്പോള്‍ അടുത്തവര്‍ഷം മുഹര്‍റത്തില്‍ സ്റ്റേഷനറി കടയിലെ ചരക്ക് 3500 രൂപ (സകാതിന്റെ സംഖ്യ) ഉണ്ടെങ്കില്‍ അന്നുതന്നെ അതിന് സകാത് കൊടുക്കണം. ശേഷമുള്ള ഓരോ മാസത്തിലും തുടങ്ങിയ കച്ചവടത്തിന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 3500 രൂപയുണ്ടെങ്കില്‍ ഒന്നാം തിയ്യതി തന്നെ സകാത് കൊടുക്കേണ്ടതാണ്.
ആദ്യകച്ചവടത്തിന്റെ വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 3500 രൂപയില്ലെങ്കില്‍ ശേഷം തുടങ്ങിയ കച്ചവടത്തിലെ ചരക്കിന് കൂടി വിലകെട്ടണം. രണ്ടും കൂടിച്ചേര്‍ന്നാല്‍ 3500 രൂപയുണ്ടാകുമെങ്കില്‍ സ്വഫര്‍ ഒന്നിനു സകാത് കൊടുക്കേണ്ടതാണ്. ആ രണ്ട് കടയിലും 3500 രൂപ തികയുന്നില്ലെങ്കില്‍ റബീഉല്‍ അവ്വല്‍ ഒന്നിന് തുടങ്ങിയ കടയിലെ ചരക്കിന്റെ വില കണക്കാക്കി മുമ്പുള്ള രണ്ട് കച്ചവടത്തിനോടൊപ്പം ചേര്‍ക്കണം. മൂന്നുകച്ചവടത്തിനും കൂടി സകാത് നിര്‍ബന്ധമാകുന്ന സംഖ്യ പൂര്‍ത്തിയാകുമ്പോള്‍ റബീഉല്‍ അ വ്വല്‍ ഒന്നിനാണ് സകാത് കൊടുക്കേണ്ടത്. 3500 പൂര്‍ത്തിയാകുന്നില്ലെങ്കില്‍ ഒന്നിനും സകാത് കൊടുക്കേണ്ടതില്ല.

തേങ്ങക്ക് സകാത്


24-ചോ: നെല്ല്, തേങ്ങ, കുരുമുളക്, ഇഞ്ചി എന്നിവക്ക് സകാതുണ്ടോ? ഉണ്ടെങ്കില്‍ എത്ര? ഇല്ലെങ്കില്‍ ഇവ വിറ്റുകിട്ടുന്ന കാശിന് സകാതുണ്ടോ?
ഉ: നെല്ലിന് സകാതുണ്ട്. 1920 ലിറ്റര്‍ നെല്ലുണ്ടായാല്‍ സകാത് കൊടുക്കണം. ചിലവ് ചെ യ്തു നനച്ചുണ്ടാക്കിയതാണെങ്കില്‍ അഞ്ച് ശതമാനവും അല്ലാത്ത പക്ഷം പത്തുശതമാനവുമാണ് ധാന്യങ്ങളുടെ സകാത് വിഹിതം. തേങ്ങ, കുരുമുളക്, ഇഞ്ചി തുടങ്ങിയ ഉല്‍ പന്നങ്ങള്‍ക്ക് സകാതില്ല. സകാതല്ലാത്ത മറ്റ് ദാനധര്‍മ്മങ്ങള്‍ ചിലപ്പോള്‍ നിര്‍ബന്ധമാ യും മറ്റു ചിലപ്പോള്‍ സുന്നത്തായും ചെയ്യേണ്ടതാണ്. അത് വിറ്റുകിട്ടുന്ന കാശിന് ക ണക്ക് തികഞ്ഞതിനു ശേഷം കൊല്ലം പൂര്‍ത്തിയായാല്‍ രണ്ടരശതമാനം സകാത് കൊടുക്കണം.

 കംപ്യൂട്ടര്‍ സെന്ററിന് സകാത്



25-ചോദ്യം: റിയല്‍ എസ്റ്റേറ്റ് ബിസിനസ്, കച്ചവടക്കണ്ണോടെ നടത്തപ്പെടുന്ന കംപ്യൂട്ടര്‍ സെ ന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സകാതിനെക്കുറിച്ച് വിശദീകരിക്കാമോ?
ഉത്തരം : പകരം നല്‍കുന്ന ഇടപാടിലൂടെയും കച്ചവടം ഉദ്ദേശിച്ചുകൊണ്ടും നേടിയ സമ്പത്തിനു മാത്രമാണ് സകാതുള്ളത്. അപ്പോള്‍ അനന്തരാവകാശം, പാരിതോഷികം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ലഭിച്ചതിനും സ്വന്തം ആവശ്യത്തിനുവേണ്ടി വാങ്ങിയതിനും സകാതില്ല. കച്ചവടം ഉദ്ദേശിച്ചു ഭൂമി വാങ്ങിയതു മുതല്‍ ഒരുവര്‍ഷം, അതില്‍ കൊള്ള ക്കൊടുക്കലുകള്‍ തുടര്‍ന്നാല്‍, ഒരു ചാന്ദ്രവര്‍ഷം തികയുമ്പോള്‍ അവന്റെ കൈവശമു ള്ള ഭൂമികള്‍ക്ക് വില നിശ്ചയിക്കണം. ആ വിലയും കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്ത ലാഭവും ചേര്‍ന്നാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്കു തുല്യമാവുമെങ്കില്‍ തുകയുടെ ര ണ്ടര ശതമാനം സകാതായി നല്‍കണം.
ഇനി കച്ചവടാവശ്യാര്‍ഥം വാങ്ങിയ ഭൂമികളെല്ലാം ഇടക്കാലത്ത് വിറ്റ് കാശാക്കിയാല്‍, വിറ്റ് കിട്ടിയ സംഖ്യ സകാത് നിര്‍ബന്ധമാകുന്ന തുകയുണ്ടാവുകയും (595 ഗ്രാം വെള്ളി യുടെ വില)കച്ചവടം തുടങ്ങിയതു മുതലുള്ള ഒരു വര്‍ഷം തികയുന്നത് വരെ ആ സംഖ്യ സൂക്ഷിച്ചുവെക്കുകയും ചെയ്താലും സകാത് നിര്‍ബന്ധമാകും.
വേറെയും രൂപങ്ങള്‍ കാണുക:
(1) ഇടക്കാലത്ത് വിറ്റ് കിട്ടിയ സംഖ്യ സകാത് നിര്‍ബ ന്ധമാകുന്ന തുകയുണ്ടാവുകയും, പ്രസ്തുത സംഖ്യക്ക്, കച്ചവടോദ്ദേശ്യത്തില്‍ തന്നെ വേറെ വസ്തു(ഉദാ. ഭൂമി)വാങ്ങുകയും ചെയ്താല്‍, ആദ്യത്തെ വസ്തു വാങ്ങിയതു മുതല്‍ ഒരു വര്‍ഷം തികയുമ്പോള്‍ നിസ്വാബു(595 ഗ്രാം വെള്ളിയുടെ വില)ണ്ടെങ്കില്‍ സകാത് നല്‍കണം.
(2) കയ്യിലുള്ള കച്ചവട വസ്തു മറ്റു വസ്തുവിനു പകരമായി (നാണയത്തിനു പകര മല്ല) തന്നെ വിറ്റാലും (ഉദാ. ഭൂമി ഭൂമിക്കുപകരം) ആദ്യത്തെ വസ്തു വാങ്ങിയതു മുതല്‍ ഒരു വര്‍ഷം തികയുമ്പോള്‍ നിസ്വാബു(595 ഗ്രാം വെള്ളിയുടെ വില) ണ്ടെങ്കില്‍ സകാത് നല്‍കണം.
(3) ഇടക്കാലത്ത് വിറ്റ് കിട്ടിയ സംഖ്യ സകാത് നിര്‍ബന്ധമാകുന്ന തുകയുടെ താഴെ യാണ്. അതേസമയം, കച്ചവടാരഭം മുതലേ അവന്റെ കയ്യില്‍ സൂക്ഷിപ്പുള്ളതും കച്ചവട ത്തില്‍ ഇറക്കാത്തതുമായ പണം കൂടി ചേര്‍ത്താല്‍ നിസ്വാബ് തികയാന്‍ മാത്രം ഉണ്ടാ വുകയും ചെയ്താല്‍ മൊത്തത്തിലുള്ളതിന്റെ രണ്ടര ശതമാനം സകാതായി നല്‍കണം. വേറെ പണമില്ലെങ്കില്‍ നിസ്വാബ് തികയാത്തതിനാല്‍, ആ വസ്തുവിന്റെ വില്‍പ്പനയോ ടെ വര്‍ഷം മുറിഞ്ഞതായി കണക്കാക്കും. ഇനി ഈ കുറഞ്ഞപണം കൊണ്ട് കച്ചവടാവ ശ്യാര്‍ഥം തന്നെ വേറെ ചരക്കുകള്‍ വാങ്ങിയാല്‍ പുതിയ വസ്തു വാങ്ങിയതു മുതല്‍ വര്‍ഷം തുടങ്ങുന്നതാണ്.
കംപ്യൂട്ടര്‍ സെന്റര്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ, കച്ചവടക്കണ്ണോടെ നടത്ത പ്പെടുന്നതാണെങ്കിലും, സകാത് നല്‍കേണ്ട കച്ചവടത്തിന്റെ പരിധിയില്‍ അത് വരുന്നില്ല. കാരണം ഒരു വസ്തുവിനെ പ്രതിഫലത്തിന് പകരമായി(പണത്തിന് പകരമോ, മറ്റ് വസ് തുക്കള്‍ക്ക് പകരമോ) കച്ചവടോദ്ദേശ്യത്തോടെ ഉടമയാക്കുമ്പോള്‍ മാത്രമേ അത് കടച്ച വട സാധനമാകുന്നുള്ളു (തുഹ്ഫ 3, 295). കംപ്യൂട്ടര്‍ സെന്റര്‍, ട്യൂഷന്‍ സെന്റര്‍ മറ്റു വി ദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം മറ്റൊരു സാധനത്തി ന് പകരം നേടുന്നതല്ല. അതുകൊണ്ട് സകാതുമില്ല. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, മറ്റ് മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന കാശ് പോലെത്തന്നെ നിസ്വാബ് എത്തിയ തിന് ശേഷം ഒരു ചാന്ദ്രവര്‍ഷക്കാലം തന്റെ ഉടമസ്ഥതയിലുണ്ടായാല്‍ നാണയത്തിന്റെ സകാതായ രണ്ടര ശതമാനം സകാതായി നല്‍കണം.

 ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ

26-ചോദ്യം: ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് വിശദമാക്കിയാലും.
ഉ: എല്ലാവിഭാഗം ജനങ്ങള്‍ക്കും എല്ലാവിധ ചൂഷണങ്ങളില്‍ നിന്നുമുള്ള പൂര്‍ണ സംരക്ഷണമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. സമ്പാദ്യത്തിന് ഇസ്ലാം പരിധി നിശ്ചയിക്കുന്നില്ല. അത് അനുവദനീയ മാര്‍ഗത്തിലൂടെയായിരിക്കണമെന്നേയുള്ളൂ. സമ്പാദ്യം എ ക്കാലത്തും വ്യക്തികളില്‍ കുമിഞ്ഞുകടി നില്‍ക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. താഴെ പറയും വിധം ഇസ്ലാമിന്റെ സാമ്പത്തിക സമീപനത്തെ സംഗ്രഹിക്കാം.
ഒന്ന്: ഈ പ്രപഞ്ചവും മനുഷ്യരടക്കമുള്ള അതിലെ സകല ചരാചരങ്ങളും ലോകസ്രഷ്ടാവിന്റെ മാത്രം ഉടമയിലാണെന്ന് ഇസ്ലാം ഊന്നിപ്പറയുന്നു. രണ്ട്: സ്രഷ്ടാവിന്റെ സമ്പത്തില്‍ കൈവശാവകാശവും നിയമവിധേയമായ പ്രവര്‍ത്തനത്തിനും ക്രവിക്രയത്തിനുമുള്ള അവകാശവും മാത്രമേ മനുഷ്യനുള്ളൂ. മൂന്ന്: മനുഷ്യപ്രകൃതിയുടെ ഭാഗമായ ധനസമ്പാദനത്തിനുള്ള ആഗ്രഹം ഇസ്ലാം അംഗീകരിക്കുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും മറ്റു ജീവജാലങ്ങളുടെയും ഗുണത്തിനായി നിയന്ത്രണവിധേയമായി ധനസമ്പാദനത്തിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. നാല്: ധനം അന്യായമായി കുന്നുകൂടാന്‍ കാരണമാകുന്ന ചൂഷണവും വഞ്ചനയും തട്ടിപ്പും എല്ലാ രംഗത്തും ഇസ് ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
അഞ്ച്: ഈ അടിസ്ഥാനത്തില്‍ പലിശ, ചൂതാട്ടം, മോഷണം, ലോട്ടറി, പൂഴ്ത്തിവെപ്പ്, മായം ചേര്‍ക്കല്‍, ലഹരിവസ്തുക്കളുടെ കച്ചവടം തുടങ്ങിയ ഇടപാടുകളെല്ലാം ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. ആറ്: കൈക്കൂലി, ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തിയുള്ള സമ്പാദ്യം, ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന പാരിതോഷികങ്ങള്‍ തുടങ്ങിയവയെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. ഏഴ്: അധാര്‍മിക മാര്‍ഗത്തിലുള്ളസര്‍വ വ്യാപാര വ്യവസായങ്ങളും സമ്പാദന മാര്‍ഗങ്ങളും ഇസ്ലാം നിരോധിച്ചിരിക്കുന്നു. എട്ട്: അനുവദനീയമായ മാര്‍ഗത്തില്‍ സമ്പാദിച്ച ധനം പോലും ഉപയോഗിക്കാതെ സൂക്ഷിച്ചുവെക്കുന്നത് ഇസ്ലാം വെറുക്കുന്നു. ഒമ്പത്: ശരിയായ മാര്‍ഗത്തില്‍ സമ്പാദിച്ച ധനമായാലും അതില്‍ ദരിദ്രര്‍ക്കും അശരണര്‍ക്കും അവകാശമുണ്ടെന്നാണ് ഇസ്ലാം വ്യവസ്ഥ ചെയ്യുന്നത്.
പത്ത്: അവശത അവകാശത്തിന്റെ അടിസ്ഥാനമായി ഇസ്ലാം അംഗീകരിക്കുന്നു. തദടിസ്ഥാനത്തിലാണ് സകാത് നിര്‍ബന്ധമാക്കിയത്. പതിനൊന്ന്: അത്യാവശ്യഘട്ടങ്ങളില്‍ ആവശ്യമായ ധനം സമൂഹത്തില്‍ നിന്ന് പിരിച്ചെടുക്കാന്‍ ഇസ്ലാമില്‍ വ്യവസ്ഥയുണ്ട്. പന്ത്രണ്ട്: നിര്‍ബന്ധ ബാധ്യതക്ക് പുറമെ ഐച്ഛികമായും ധനം ചെലവഴിച്ചു പുണ്യം നേടാന്‍ ഇസ്ലാം ശക്തമായി ആ ഹ്വാനം ചെയ്യുന്നു. പതിമൂന്ന്: കടത്തിന് പലിശ വാങ്ങരുതെന്ന് മാത്രമല്ല കടം കൊടുത്ത് സഹായിക്കുന്നത് ധര്‍മ്മമായും കടംവീട്ടാന്‍ വിഷമിക്കുന്നവര്‍ക്ക് അവധി നീട്ടിക്കൊടുക്കല്‍ പുണ്യമായും ഇസ്ലാം ഉണര്‍ത്തുന്നു. പതിനാല്: കൃഷിയും കച്ചവടവും ഷെയറടിസ്ഥാനത്തില്‍ നടത്താനുള്ള വ്യവസ്ഥകള്‍ പഠിപ്പിക്കുകയും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമുള്ള പെരുമാറ്റചട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു.
പതിനഞ്ച്: ലുബ്ധതയെയും സാമ്പത്തിക അനീതിയെയും ഇസ്ലാം കഠിനമായി വെറുക്കുകയും ദാനധര്‍മ്മങ്ങളെയും വിശാല മനസ്കതയെയും കാരുണ്യത്തെയും അത്യധികം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പതിനാറ്: തൊഴിലിന് വലിയ പ്രാധാന്യം ക ല്‍പ്പിക്കുന്ന ഇസ്ലാം അധ്വാനത്തെ സമ്പാദനത്തിന്റെ അടിസ്ഥാനമായി ഗണിക്കുകയും നിഷ്ക്രിയത്വത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പതിനേഴ്: ഒരാള്‍ മരണമടഞ്ഞാല്‍ അയാളുടെ സമ്പത്ത് അടുത്ത ബന്ധുക്കള്‍ക്കു നിര്‍ബന്ധമായും വിതരണം ചെയ്യണമെന്ന് ഇസ്ലാം വ്യവസ്ഥ ചെയ്തിരിക്കുന്നു.

പലപ്പോഴായി നിക്ഷേപിച്ച പണം


27-ചോ: പലപ്പോഴായി ബേങ്കിലോ മറ്റോ നിക്ഷേപിച്ച പണത്തിന് എപ്പോഴാണ് സകാത് നിര്‍ബന്ധമാകുന്നത്. എല്ലാ പണത്തിനും സകാത് നിര്‍ബന്ധമാകുന്നത് ഒരേ സമയത്ത് ആവില്ലല്ലോ?
ഉ: ആഴ്ചയില്‍ ഒരുതവണ എന്ന നിലക്ക് ബേങ്കിലോ മറ്റോ സൂക്ഷിക്കാന്‍ തുടങ്ങിയ പണം സകാതിന്റെ സംഖ്യ(595 ഗ്രാം വെള്ളിയുടെ മാര്‍ക്കറ്റ് വില) പൂര്‍ത്തിയാകുന്ന ദിവസം കണക്കാക്കണം (ഉദാ: റജബ് ഒന്ന് 1426). അടുത്ത ചാന്ദ്രവര്‍ഷം അതേ ദിനം (ഉ ദാ: റജബ് ഒന്ന് 1427) വരുമ്പോള്‍ പ്രസ്തുത സംഖ്യക്ക് മാത്രം സകാത് കൊടുക്കുക. വര്‍ഷം പൂര്‍ത്തിയാകാത്ത സംഖ്യക്ക് കൊടുക്കേണ്ടതില്ല. പിന്നെ വര്‍ഷം പൂര്‍ത്തിയായത് വ്യക്തമായി മനസ്സിലാക്കിയിട്ട് അതിന് സകാത് കൊടുക്കേണ്ടതാണ് (ഉദാ. 1426 റജ ബ് 8ന് നിക്ഷേപിച്ച 1000 രൂപക്ക് 1427 റജബ് 8നും 1426 റജബ് 15ന് നിക്ഷേപിച്ച 500 രൂപക്ക് 1427 റജബ് 15നും, ഈ രീതിയില്‍ തുടര്‍ന്നുള്ള ഒരോ നിക്ഷപങ്ങള്‍ക്കും, സകാത് നല്‍കണം). ഡെപ്പോസിറ്റ് തുക നിസ്വാബ് എത്തിയാല്‍ പിന്നെ കൊല്ലംതോറും സകാത് കൊടുക്കേണ്ടതാണ്. ആ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ സകാത് കൊടുത്താല്‍ മതിയാവുകയില്ല. കാരണം അത് കടമല്ല. കയ്യിരിപ്പ് സ്വത്താണ്. അതിനാല്‍ കടം കയ്യിലണഞ്ഞതിനു ശേഷം സകാത് മതിയെന്ന ഇളവ് ഇവിടെയില്ല.

പത്തുപറ പത്തായത്തിലേക്ക്

 28-ചോ: ഞങ്ങളുടെ നാട്ടില്‍ ചിലര്‍ നെല്ലിനു സകാത് കൊടുക്കുന്നത് പത്തുപറ പത്തായത്തിലേക്കും ഒരു പറ കൂലിക്കാരനും ഒരുപറ സകാതിലേക്കും എന്ന നിലയിലാണ്. ഈ നിലയില്‍ കൊടുത്താല്‍ സകാത് പൂര്‍ത്തിയാകുമോ?

ഉ: പൂര്‍ത്തിയാവുകയില്ല. ധാന്യത്തിന്റെ സകാത് പത്തിലൊന്നാണ്. ചോദ്യത്തില്‍ പറഞ്ഞത് പോലെ കൊടുത്താല്‍ അത് പന്ത്രണ്ടിലൊന്നേ ആവൂ. പത്തിലൊന്നാകണമെങ്കില്‍ എട്ട് പറ പത്തായത്തിലേക്കും ഒരുപറ കൂലിക്കാരനും ഒരുപറ സകാതിനും എന്ന തോതിലായിരിക്കണം.

 പണത്തിനുപകരം സാധനങ്ങള്‍


29-ചോ: എന്റെ കൈയില്‍ നാലായിരം രൂപയുടെ സാധനമുണ്ട്. പണത്തിനുപകരം സാധനങ്ങള്‍ സകാത് കൊടുത്താല്‍ മതിയാകുമോ?
ഉ: സാധനങ്ങള്‍ കൊടുത്താല്‍ കച്ചവടത്തിന്റെ സകാത് വീടുകയില്ല.

മുതല്‍മുടക്ക് കുറവാണെങ്കില്‍


30-ചോ: കച്ചവടം തുടങ്ങിയ ദിവസം തന്റെ മുതല്‍മുടക്ക് 595 ഗ്രാം വെള്ളിക്ക് തുല്യം ഇല്ല. അപ്പോള്‍ കച്ചവടത്തിന്റെ വര്‍ഷം കണക്കാക്കുന്നത് ഏതുദിവസം മുതല്‍ക്കാണ്?
ഉ: വര്‍ഷം കണക്കാക്കേണ്ടത് പണം കയ്യിലുള്ളത് മുതല്‍ക്കല്ല. മറിച്ച് പണം മുടക്കി കച്ചവടം തുടങ്ങിയത് മുതല്‍ക്കാണ്. വ്യാപാരം തുടങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ സ്റ്റോ ക്കെടുപ്പ് നടത്തത്തണം. ചരക്കുകളുടെ വിലയും, കച്ചവടച്ചരക്ക് വിറ്റ് പണമായി ലഭിച്ച തുകയും കൂടി മൊത്തം 595 ഗ്രാം വെള്ളിക്കുള്ള തുകയുണ്ടെങ്കില്‍ രണ്ടരശതമാനം സകാത് നല്‍കേണ്ടതാണ്. വിശദമായ പഠനത്തിന് മറ്റ് ഫത്വകള്‍ കൂടി വായിക്കുക.

മാതാപിതാക്കള്‍ക്ക് സകാത്

31- ചോ: മാതാപിതാക്കള്‍ സകാതിനര്‍ഹരാണെങ്കില്‍ അവര്‍ക്ക് കൊടുത്താല്‍ മതിയാകുമോ?

ഉ: തീര്‍ച്ചയായും. മാത്രമല്ല സകാത്, സ്വദഖ എന്നിവ നല്‍കുമ്പോള്‍ അര്‍ഹരായ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മുന്‍ഗണന നല്‍കല്‍ പ്രബലമായ സുന്നത്താണ്. അ തില്‍ ധര്‍മം ചെയ്ത കൂലിയും ചാര്‍ച്ച ചേര്‍ത്ത കൂലിയുമുണ്ടെന്ന് റസൂല്‍(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.
32-ചോ: മാതാപിതാക്കള്‍ക്ക് സകാത് കൊടുക്കാമെന്ന് വായിക്കാനിടയായി. തന്റെ ചെലവില്‍ കഴിയുന്നവരാണെങ്കിലും കൊടുക്കാമോ?
ഉ: തനിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമാവുകയും അതുകൊണ്ടവര്‍ക്ക് മതിയാവുകയും ചെയ്യുന്നെങ്കില്‍ അവര്‍ക്ക് സകാത് കൊടുക്കാവതല്ല. മറിച്ചാകുമ്പോള്‍ അഥവാ നിര്‍ബന്ധമില്ലാതെ ചിലവ് കൊടുക്കുന്നതാണെങ്കിലും നിര്‍ബന്ധമുള്ളത് കൊടുക്കുന്നത് കൊണ്ട് അവര്‍ക്ക് തികയുകയില്ലെങ്കിലും അവര്‍ക്ക് സകാത് കൊടുക്കാവുന്നതാണ്.

 കച്ചവടം മകന്‍ ഏറ്റെടുത്താല്‍
33-ചോ: മരിച്ച പിതാവിന്റെ കച്ചവടം മകന്‍ ഏറ്റെടുത്താല്‍ സകാത് എങ്ങനെ കൊടുക്കണം?
ഉ: വര്‍ഷം തികയുന്നതിന് മുമ്പ് കച്ചവടക്കാരന്‍ മരിക്കുകയും തുടര്‍ന്നു മകന്‍ ആ കച്ചവടം ഏറ്റെടുത്ത് നടത്തുകയും ചെയ്താല്‍ മകന്‍ ഏറ്റെടുത്തത് മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സകാത് കൊടുക്കേണ്ടത്. പിതാവിന്റെ കച്ചവടത്തിനു മകന്‍ സകാത് നല്‍കേണ്ടതില്ല.
കച്ചവടത്തിന് സകാത് നിര്‍ബന്ധമായിട്ടും പിതാവ് അത് നല്‍കിയിട്ടില്ലെങ്കില്‍ സകാത് വിഹിതം അവകാശികള്‍ നല്‍കല്‍ നിര്‍ബന്ധമാണ്. മകന്‍ പിതാവിന്റെ കച്ചവടം ഏറ്റെടുക്കുകയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കച്ചവട സ്വത്ത് എന്ന നിലക്ക് അതില്‍ ക്രയവിക്രയം തുടങ്ങുകയെന്നതാണ്. വസ്തുക്കളുടെ അവകാശിയായാല്‍ മാത്രം പോരാ, കച്ചവടം തുടങ്ങണം.

കടം വാങ്ങി കച്ചവടം

34- ചോ: ബേങ്കില്‍ നിക്ഷേപിച്ച തുകക്ക് സകാത് കൊടുക്കണോ? വേണമെങ്കില്‍ എല്ലാവര്‍ഷവും കൊടുക്കണോ?
ഉ: നിസ്വാബ് (നിശ്ചിത തുക) ഉണ്ടാവുകയും കൊല്ലം തികയുകയും ചെയ്താല്‍ കൊടുക്കണം. നിക്ഷേപം നിലനില്‍ക്കുന്നിടത്തോളം വര്‍ഷം പ്രതി കൊടുക്കണം.

സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം

 35-ചോ: സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം എന്ത്കൊണ്ടാണ്?
ഉ: സക്കാത്ത് ഈടാക്കുമ്പോള്‍ സമ്പാദനത്തിന് പ്രയാസം കുറവും മൂല്യം കൂടുതലുമുള്ള വസ്തുക്കള്‍ക്ക് ശരീഅത്ത് കൂടുതല്‍ വിഹിതം പിടിക്കുന്നു. ഏറ്റവും മൂല്യമുള്ളതും ലഭിക്കാന്‍ പ്രയാസം വളരെ കുറഞ്ഞതും നിധിയാണ്. അതിനാല്‍ അതിന്റെ സക്കാത് വിഹിതം ഇരുപത് ശതമാനമാണ്.
ദിനേന അധ്വാനിച്ചുകൊണ്ടല്ല കൃഷിയുടെ വിളവെടുപ്പ്. കൃഷിക്കാവശ്യമായ വെള്ളവും മണ്ണും സുലഭമാണുതാനും. എന്നാലും കഠിനാദ്ധ്വാനം അതിന്റെ പിന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ച് പത്തുശതമാനമാണ് കൃഷിചെയ്തുണ്ടാക്കുന്ന ധാന്യങ്ങളുടെ സകാത്ത്. നനച്ചുണ്ടാക്കുമ്പോള്‍ അധ്വാനം ഇരട്ടിയാവും. അപ്പോള്‍ സകാത്ത് വിഹിതം പകുതിയായി ചിരുങ്ങും. അഥവാ അഞ്ചു ശതമാനം.
കച്ചവടത്തില്‍ വളര്‍ച്ചയുണ്ട്. ദിനേനയുള്ള അധ്വാനവുമുണ്ട്. നിക്ഷേപത്തില്‍ വളര്‍ച്ച യും അധ്വാനവുമില്ല. അപ്പോള്‍ വളര്‍ച്ചയുണ്ടെങ്കിലും അധ്വാനഭാരമോര്‍ത്തുകൊണ്ടും അധ്വാനമില്ലെങ്കിലും വളര്‍ച്ചയില്ലെന്നത് പരിഗണിച്ചുകൊണ്ടും അതില്‍ രണ്ടരശതമാനം മാത്രമാണ് സകാതുള്ളത്. ഏറെക്കുളെ ഇതേ വിതാനത്തില്‍ തന്നെയാണ് കാലികളുടെ സകാതും.

വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്

 36-ചോ: വിദേശത്ത് നടക്കുന്ന കച്ചവടത്തിന്റെ ഉടമ, സ്ഥിരമായി സ്വദേശത്തു തന്നെയാണെങ്കില്‍ വിദേശത്തുള്ള കച്ചവടത്തിന്റെ സകാത് സ്വദേശത്ത് വരുത്തിക്കൊടുക്കാമോ?
ഉ: കച്ചവട സകാതിന്റെ പ്രശ്നത്തില്‍ ഉടമ എവിടെ നില്‍ക്കുന്നു എന്നതല്ല കച്ചവടം എവിടെ നടക്കുന്നു എന്നതാണ്. സകാതും അവിടെതന്നെ കൊടുക്കണമെന്നാണ് വിധി (ഫത്ഹുല്‍മുഈന്‍, ഇആനത് 2,168).
37-ചോ: മറുനാട്ടില്‍ കച്ചവടം ചെയ്യുന്ന ആള്‍, അയാളുടെ കച്ചവടത്തിന്റെ സകാത് മറുനാട്ടില്‍ തന്നെ കൊടുക്കണമെന്നുണ്ടോ? സ്വദേശത്ത് കൊടുത്തുകൂടേ?
ഉ: കച്ചവടത്തിന്റെ സകാത്, കച്ചവടം നടക്കുന്ന സ്ഥലത്തുള്ള സകാതിനര്‍ഹരായവര്‍ക്ക് കൊടുക്കണം. മറ്റുസ്ഥലത്തേക്ക് മാറ്റിക്കൂടാ. ഇതാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം (ഫത്ഹുല്‍മുഈന്‍ 128). ഹനഫീ മദ്ഹബ് പ്രകാരവും ശാഫിഈ മദ്ഹബിലെ പ്രബലമല്ലാത്ത അഭിപ്രായ പ്രകാരവും മറ്റു സ്ഥലത്തേക്ക് നീക്കുന്നതിന് വിരോധമില്ല.

കറന്‍സിയുടെ ചരിത്രവും സകാതും
38-ചോദ്യം: എന്താണ് പണം? എങ്ങനെയാണ് കറന്‍സിക്ക് സകാതുണ്ടാകുന്നത്? കറന്‍സിയുടെ ചരിത്രമൊന്ന് വിശദീകരിച്ചാലും?
ഉത്തരം: പണത്തിനെപ്പറ്റി പല അനുമാനങ്ങളുമുണ്ട്. അങ്ങനെ ഒരു സാധനം തന്നെ പണ്ട് ഭൂമിയിലുണ്ടായിരുന്നില്ലത്രെ. പിന്നെ ആവശ്യമുള്ള വസ്തുക്കള്‍ എങ്ങനെയാണവര്‍ വാങ്ങിയിരുന്നത്. നമുക്കിന്നുള്ളത്ര ആവശ്യങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇന്നു നാം നിത്യേന ഉപയോഗിക്കുന്ന ലൈറ്റും ഫാനും വാഹനങ്ങളുമൊ ന്നും അന്ന് കണ്ടുപിടിച്ചിരുന്നില്ല. ഭക്ഷണത്തിനുള്ള വസ്തുക്കള്‍ മാത്രമാണ് അവര്‍ക്ക് പ്രധാനമായും വേണ്ടിയിരുന്നത്. പിന്നെ ധരിക്കാന്‍ വേണ്ട വസ്്രതങ്ങളും വീട്ടില്‍ കിടക്കാന്‍ വേണ്ട അത്യാവശ്യ സാധനങ്ങളുമൊക്കെ. അതില്‍ ചിലതെല്ലാം വീട്ടില്‍ തന്നെ ഉണ്ടാക്കും. മറ്റു വസ്തുക്കള്‍ സംഘടിപ്പിക്കണം.
സക്കീറിന് ഒരു പശുവിനെ കിട്ടണം എന്നു വിചാരിക്കുക. കുറേ തേങ്ങ മാത്രമേ സക്കീറിന്റെ കൈയിലുള്ളൂ. സക്കീര്‍ പശുവിനെ വില്‍ക്കുന്നയാളുടെ അടുത്തെത്തി. ഒരുപശുവിനെ തന്നാല്‍ ഇത്ര തേങ്ങ തരാമെന്ന് പറഞ്ഞു. പശുവിന്റെ ഉടമക്ക് തേങ്ങ വളരെ അത്യാവശ്യമായിരുന്നു. അങ്ങനെ തേങ്ങക്കുപകരമായി അയാള്‍ പശുവിനെ സക്കീറിന് കൊടുത്തു. എന്തെളുപ്പമുള്ള കച്ചവടം.
പക്ഷേ ഇതിന് വലിയൊരു കുഴപ്പമുണ്ട്. ഉദാഹരണമായി സക്കീറിന്റെ കാര്യം തന്നെയെടുക്കുക. പശുവിന്റെ ഉടമക്ക് തേങ്ങയല്ല, ആടുകളെയാണ് വേണ്ടതെങ്കിലോ? സക്കീറിനാണെങ്കില്‍ ആടുകളില്ല. ഉടനെ സക്കീര്‍ ആടു വളര്‍ത്തുകാരന്റെ അടുത്തേക്കോടി. തേങ്ങക്കുപകരം ആടിനെ തരുമോ എന്നന്വേഷിക്കുന്നു. അയാള്‍ക്കും തേങ്ങ വേണ്ട. മുണ്ട് മതി. മുണ്ടന്വേഷിച്ച് സക്കീര്‍ വീണ്ടും നെയ്തുകാരന്റെ അടുത്തെത്തുന്നു. തേങ്ങക്കുപകരം മുണ്ടുകൊടുക്കാന്‍ അയാള്‍ തയ്യാറായാല്‍ ഭാഗ്യം. മുണ്ട് വാങ്ങി ആടുവളര്‍ത്തുകാരന് കൊടുത്ത് ആടിനെ വാങ്ങാം, അത് കൊടുത്ത് പശുവിനെയും വാങ്ങാം.
പക്ഷേ, അതിനിടക്കും പ്രശ്നമുണ്ടായെന്നു വരും. ഒരാട് വളരെ ചെറുതായത് കൊണ്ട് പശുവിനെ കൊടുക്കാന്‍ ഉടമ തയ്യാറായില്ലെങ്കിലോ? എല്ലാം കുഴഞ്ഞതുതന്നെ. എന്തായാലും ഇത്തരത്തിലായിരുന്നു പണ്ട് ചെറിയ ചെറിയ സമൂഹങ്ങളായി മനുഷ്യന്‍ ജീവിച്ചിരുന്നപ്പോള്‍ പരസ്പരം സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയുമൊക്കെ ചെയ്തിരുന്നത്. ഒരു സാധനത്തിനും കൃത്യമായി വിലയൊന്നും അന്നുണ്ടായിരുന്നില്ല. പിന്നീട് പല വസ്തുക്കള്‍ക്കും ചില പ്രത്യേക വിലയൊക്കെ നിശ്ചയിക്കാന്‍ തുടങ്ങി. ഒരു പശുവിന് നാല് ആട്, ഒരാടിന് നാലുമുണ്ട്, ഒരു മുണ്ടിന് പത്തു തേങ്ങ എന്നൊക്കെ വിലയിട്ടു.
പിന്നെ സാധനങ്ങള്‍ വാങ്ങുക കുറേക്കൂടി എളുപ്പമായി. ഉടമക്ക് ആടിനെ വേണ്ടെങ്കിലും കുഴപ്പമില്ല. നാല് ആടിന്റെ വിലയായ പതിനാറു മുണ്ട് കൊടുത്തും പശുവിനെ വാങ്ങാം. അല്ലെങ്കില്‍ നൂറ്റി അറുപത് തേങ്ങ കൊടുത്താലും മതി. വലിയൊരു മുന്നേറ്റമായിരുന്നു ഇത്.
എന്നാല്‍, ഈ രീതിയിലുമുണ്ടായിരുന്നു കുഴപ്പം. ആടുകളില്‍ വലുതും ചെറുതും മെലിഞ്ഞതും രോഗം പിടിച്ചതുമെല്ലാമുണ്ടല്ലോ. തീരേ മോശപ്പെട്ട ആടുകളായതുകൊണ്ട് നാലര ആടുകളെ തന്നാലേ പശുവിനെ തരൂ എന്നാര്‍ക്കും ആവശ്യപ്പെടാനൊന്നും വയ്യ. കൊണ്ടു നടക്കാനാണെങ്കില്‍ അതിലേറെ വിഷമവും.
അങ്ങനെയാണ് എളുപ്പം അളന്നുകൊടുക്കാവുന്നതും കൊണ്ടുനടക്കാവുന്നതുമായ സാ ധനങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ആദ്യത്തെ പണത്തിന്റെ വരവ് യഥാര്‍ഥത്തില്‍ അങ്ങനെയായിരുന്നു. ആടും കോഴിയുമൊന്നുമില്ലാതെ ആര്‍ക്കും എടുത്തു കൈ കാര്യം ചെയ്യാവുന്ന ഒരുതരം പണം. ആദ്യത്തെ ആ പണം ഏതായിരുന്നു? ചരിത്രകാരന്മാരെ കുഴക്കുന്ന ചോദ്യമാണിത്. കന്നുകാലി പണവും എല്ലും പല്ലുമൊന്നും ശരിക്കും പണമായി കണക്കാക്കാന്‍ പറ്റില്ലല്ലോ. ഇന്നത്തെ നാണയങ്ങളോ നോട്ടോ പോലെ കൃത്യം എണ്ണം കണക്കാക്കി ഉപയോഗിക്കാന്‍ പറ്റുന്ന ആദ്യത്തെ പണം ഒരുതരം കക്കകളായിരുന്നു വെന്നാണ് പറയപ്പെടുന്നത്. കവടി എന്നറിയപ്പെടുന്ന ഈ കക്കകള്‍ പുരാതന കാലത്തുതന്നെ ചൈനയിലും ഇന്ത്യയിലും ഉപയോഗിച്ചിരുന്നു. അതേ, നമ്മുടെ നാട്ടില്‍ ജ്യോത്സ്യന്മാര്‍ പ്രശ്നം വെക്കാനും മറ്റും ഇന്നുപയോഗിക്കുന്ന കവടികള്‍ തന്നെ. ഗുഹകളിലും മറ്റും താമസിച്ചിരുന്ന ആദിമ മനുഷ്യന്‍ കവടി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൈനക്കാരുടെ കൈവശം കവടിപ്പണമുണ്ടായിരുന്നതായി സുപ്രസിദ്ധ സഞ്ചാരിയായ മാര്‍േക്കാപോളോ പറയുന്നു. കവടിപ്പണം ഒരു കിഴിയിലിട്ട് കൊണ്ടു നടക്കാന്‍ എളുപ്പമാണെന്നു മാത്രമല്ല. വളരെക്കാലം കേടു കൂടാതിരിക്കുകയും ചെയ്യും. കന്നുകാലിപ്പണം പോലെ തീറ്റ കൊടുക്കേണ്ട. രോഗം വരുമെന്ന പേടി വേണ്ട. എങ്കിലും കുറേക്കാലം കഴിഞ്ഞപ്പോള്‍ കവടിപ്പണവും പോരെന്നായി. പത്തോ ഇരുപതോ കൊല്ലത്തിനു പകരം നൂറോ ഇരുനൂറോ കൊല്ലം കേടുവരാതിരിക്കുന്ന വസ്തുക്കളിലായി ശ്രദ്ധ.
അങ്ങനെയാണ് ലോഹങ്ങളിലേക്ക് തിരിയുന്നത്. ഓടുകൊണ്ടുണ്ടാക്കിയ കത്തിയും തൂമ്പയുമായിരുന്നു ചൈനക്കാര്‍ പണമാക്കിയത്. അമേരിക്കയിലെ ആസ്ടെക് എന്ന റെഡ് ഇന്ത്യന്‍ വര്‍ഗക്കാര്‍ ചെമ്പുകൊണ്ടുള്ള കോടാലിയും പണമായി ഉപയോഗിച്ചു. മലേഷ്യക്കാരാകട്ടെ തകരത്തൊപ്പിയും. ലോഹമല്ലെങ്കിലും ജപ്പാന്‍കാരുടെ ചെടിപ്പണവും വളരെക്കാലം നിലനില്‍ക്കുന്നതായിരുന്നു. നല്ല ഭംഗിയുള്ള ചിലതരം കൊച്ചു ചെടികള്‍ ഉണക്കി സൂക്ഷിച്ചാണ് അവര്‍ ഇതുണ്ടാക്കിയിരുന്നത്. മൊറൊക്കോയില്‍ പണ്ടുള്ളവര്‍ മരക്കമ്പുകള്‍ നാണയം പോലെ ചെത്തി ഉപയോഗിക്കുകയായിരുന്നു പതിവ്. അതില്‍ ചില രൂപങ്ങളും കൊത്തിയുണ്ടാക്കും. ആവശ്യമെന്നു വന്നാല്‍ ഇവ ചെറിയ കഷ്ണങ്ങളാക്കി ചില്ലറയാക്കുകയും ചെയ്യാം. അങ്ങനെ കൈയില്‍ കിട്ടിയ ലോഹവും മറ്റും മിക്ക സ്ഥലങ്ങളിലും പണമായി മാറി.
കുന്തമുനയും ഏറുകത്തിയും ചൂണ്ടല്‍ കൊളുത്തുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. സ്വര്‍ണ വളയമായിരുന്നു ഈജിപ്തിലെ പണം. എങ്കിലും ഇന്നത്തെ രീതിയിലുളള നാണയങ്ങളു രൂപം വരാന്‍ പിന്നെയും സമയമെടുത്തു. പല സ്ഥലങ്ങളിലും നാണയങ്ങളായി ഉപയോഗിച്ചിരുന്ന ലോഹങ്ങളില്‍ സ്വര്‍ണത്തിനും വെള്ളിക്കും പ്രാധാന്യം കൂടി. അങ്ങനെയാണ് ഒരു പ്രത്യേക ലോഹം തന്നെ ഭരണാധികാരികള്‍ പണമായി ഇറക്കാന്‍ തുടങ്ങിയത്.
ഇന്നത്തെ ടര്‍ക്കിയില്‍ ഉള്‍പ്പെട്ട ലിഡിയയാണ് ഭൂമുഖത്ത് ആദ്യമായി നാണയങ്ങള്‍ അടിച്ചിറക്കിയതെന്ന് കരുതപ്പെടുന്നു. 2700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിഡിയ ഭരിച്ചിരുന്ന ക്രോ യ്ഡസ് രാജാവിന്റെ കാലത്താണിതുണ്ടായത്. തനി കട്ടി സ്വര്‍ണത്തില്‍ നിര്‍മിച്ച ഈ നാ ണയത്തെക്കുറിച്ചു കൂടുതലായി ഒന്നും തന്നെ അറിയില്ലെങ്കിലും മറ്റൊരു കാര്യം ഉറപ്പാണ്. ബി.സി. 540ല്‍ സമോസ് എന്ന സ്ഥലത്തെ പോളിക്രേറ്റസ് എന്നയാള്‍ അതുപോലുള്ള കള്ള നാണയങ്ങള്‍ നിര്‍മിച്ചിരുന്നതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
താമസിയാതെ ഗ്രീസിലും അയല്‍ രാജ്യങ്ങളിലുമൊക്കെയുള്ള ഭരണാധികാരികള്‍ ലിഡിയയിലേത് പോലെ നാണയങ്ങളടിക്കാന്‍ തുടങ്ങി. സ്വര്‍ണവും വെള്ളിയുമായിരുന്നു ഇവയിലധികവും. ഇവരണ്ടും കൂടിച്ചേര്‍ന്ന ഇലക്ട്രം എന്ന ലോഹവും ഏഷ്യാമൈനറിലെ ചില രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്നു. അവയില്‍ ചില രൂപങ്ങള്‍ കൊത്തുന്ന പതിവു തുടങ്ങിയത് ഏതന്‍സുകാരാണെന്ന് കരുതപ്പെടുന്നു. മനുഷ്യന്റെയും കാളയുടെയും രൂപമാണ് അതിലധികവും. 2400 വര്‍ഷം മുമ്പുള്ള റോമക്കാര്‍ ഇതിനോടൊപ്പം ആമയുടെയും കുതിരയുടെയും ചിത്രമുള്ള നാണയങ്ങളും നിര്‍മിച്ചു.
നാണയങ്ങളുടെ വലിപ്പവും രൂപവുമൊന്നും എല്ലായിടത്തും ഒരുപോലെയായിരുന്നില്ല. ഏതന്‍സിലെ ചില ഇലക്ട്രം നാണയങ്ങള്‍ക്ക് ഒരു തീപ്പെട്ടി കമ്പിന്റെ മൊട്ടോളമേ വലിപ്പമുണ്ടായിരുന്നുള്ളൂ. ഇതേ കാലത്തുതന്നെ റോമക്കാരിറക്കിയ കാളനാണയത്തിനു നമ്മുടെ ഒരു പോസ്റ്റു കാര്‍ഡിനെക്കാള്‍ വലിപ്പമുണ്ടായിരുന്നു. കണ്ടാല്‍ ഒരു ഇഷ്ടികക്കട്ട പോലിരിക്കും. അതിന്റെ ഭാരവും മോശമായിരുന്നില്ല. കഷ്ടിച്ച് രണ്ടുകിലോ വരും.
അങ്ങനെ പല നാണയങ്ങളും രംഗത്തെത്തി. എന്നിട്ടും പ്രശ്നങ്ങള്‍ കുറഞ്ഞില്ല. കാര ണം വലിയ തുകക്കുള്ള സാധനങ്ങള്‍ വാങ്ങാനേ അക്കാലത്തെ നാണയങ്ങള്‍ കൊണ്ട് കഴിഞ്ഞുള്ളൂ. ചെറുതെല്ലാം മറ്റുതരം ലോഹമോ പണമോ ഉപയോഗിച്ചാണ് വാങ്ങിയിരുന്നത്. ദൂരദേശത്തുള്ള രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന ഏതന്‍സുകാര്‍ തന്നെയാണ് ഇതിനൊരു പരിഹാരം കണ്ടെത്തിയത്. ടാലന്റ് എന്നായിരുന്നു അവരുടെ നാണയത്തിന്റെ പേര്. ടാലന്റ് അവര്‍ 60 ആയി വിഭജിച്ചു. മൈന എന്ന നാണയമുണ്ടാക്കി. 60 മൈന കൂടിയാല്‍ ഒരു ടാലന്റ് എന്നായിരുന്നു കണക്ക്. അതിനുശേഷം ഓരോ മൈന യും നൂറ് ഡ്രോക്ക്മാ നാണയങ്ങളായി തിരിച്ചു. കച്ചവടക്കാരുടെ കൈകലിലൂടെ പല രാജ്യങ്ങളുമെത്തിയ ഈ നാണയങ്ങള്‍ എല്ലായിടത്തും വളരെ വേഗം പ്രചാരത്തിലായി. അതിന്റെ ചുവടുപിടിച്ച് ഇന്ത്യയും സ്പെയിനുമൊക്കെ അത്തരത്തിലുള്ള ചില്ലറ നാണയങ്ങളും ഒറ്റനാണയങ്ങളും നിര്‍മിക്കാനാരംഭിക്കുകയും ചെയ്തു. മൂങ്ങ നാണയം എ ന്നായിരുന്നു ഇവക്കു പേര്. കാരണം ഗ്രീസിലെ ഓരോ നഗരവും ഓരോ ചിഹ്നമുള്ള നാണയങ്ങളാണ് അടിച്ചിരുന്നത്. ഏതന്‍സ് മൂങ്ങയും ഏയ്ജിന കടലാമക്കുട്ടിയും കൊറിന്ത് പറക്കും കുതിരയും ലിഡിയ സിംഹവുമൊക്കെ ഉപയോഗിച്ചു. നാണയങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ചില രാജ്യങ്ങള്‍ ദൈവങ്ങളുടെ രൂപവും കൊത്തിവെച്ചു. രണ്ടായിരത്തിലധികം വര്‍ഷം മുമ്പ് ഈജിപ്ത് ഭരിച്ചിരുന്ന ടോളമി ഒന്നാമനാകട്ടെ സ്വന്തം മുഖം തന്നെയാണ് നാണയങ്ങളില്‍ മുദ്രവെക്കാന്‍ തിരഞ്ഞെടുത്തത്. നാണയത്തിന്റെ കാലമറിയാനും രാജാവിന്റെ പ്രശസ്തിക്കും ഈ സൂത്രം നന്നായി ഉപകരിച്ചു. പിന്നെ താമസിച്ചില്ല. സര്‍വരാജാക്കന്മാരും ഈ വിദ്യ തുടങ്ങി. ആദ്യമെല്ലാം നാണയങ്ങള്‍ ഓരോന്നായി അടിച്ചുപരത്തുകയായിരുന്നു പതിവ്. സമര്‍ഥരായ കകൌശലക്കാര്‍ അതില്‍ ഓരോന്നിലും വേണ്ട മുദ്രകള്‍ കൊത്തിവെക്കും. പക്ഷേ, ഇത് വളരെ പതുക്കെയല്ലേ പറ്റൂ. അങ്ങനെയാണ് നാണയങ്ങള്‍ക്ക് വേണ്ട ആകൃതിയിലും വലിപ്പത്തിലുമുള്ള അച്ചുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്.
കച്ചവടവും മറ്റും വര്‍ധിച്ചതോടെ ഇതും പോരെന്നു വന്നു. അന്നൊക്കെ സ്വര്‍ണം കൊ ണ്ടും വെള്ളി കൊണ്ടുമുള്ള നാണയങ്ങളായിരുന്നല്ലോ പ്രധാനം. പലരും അവയുടെ അ രികുകള്‍ ചെത്തിയെടുത്തു. വേറെ വില്‍ക്കാന്‍ തുടങ്ങി. പലരും സ്വന്തം ഇഷ്ടപ്രകാരം നാണയമുണ്ടാക്കുകയും ചെയ്തു. നല്ലതും കള്ളവുമായ നാണയങ്ങള്‍ കൂടിയപ്പോഴാണ് ചിലര്‍ മറ്റൊരു സൂത്രം കണ്ടെത്തിയത്. നാണയങ്ങള്‍ക്ക് ചുറ്റും നിറയെ വരകളിടുക. പിന്നെ, അത് രാകിയെടുത്താല്‍ പെട്ടെന്നു തിരിച്ചറിയാമല്ലോ. നമ്മുടെ ഇരുപത്തിയഞ്ചിന്റെയും അമ്പതിന്റെയും പൈസകളില്‍ ഇന്നും ഈ വരകള്‍ കാണാം. ഗ്രെയിന്‍ എന്നാണ് ഈ വരകള്‍ക്കു പേര്.
പതിനഞ്ചാം നൂറ്റാണ്ടുവരെ ഇത്തരത്തിലായിരുന്നു നാണയ നിര്‍മാണം. അതിനുശേഷമാണ് വലിയ യന്ത്രങ്ങളുപയോഗിച്ച് നാണയമടിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. കമ്മട്ടം എന്നാണിതിനു പറയുക. നാലു നൂറ്റാണ്ടു മുമ്പ് ഫ്രാന്‍സില്‍ ആദ്യത്തെ നാണയമടിക്കുന്ന യന്ത്രം സ്ഥാപിച്ചെങ്കിലും അതു വേഗം തന്നെ അടച്ചുപൂട്ടി. കാരണം സ്ഥിരം നാ ണയമുണ്ടാക്കുന്ന തൊഴിലുകാരുടെ എതിര്‍പ്പുതന്നെ. എങ്കിലും താമസിയാതെ യൂറോപ്പില്‍ പലയിടത്തും കൂറ്റന്‍ യന്ത്രക്കമ്മട്ടങ്ങള്‍ വന്നു. ആദ്യമൊക്കെ കുതിരകള്‍ വലിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു ഇവ. രണ്ട് കൂറ്റന്‍ ഇരുമ്പു റോളറുകള്‍ ലോഹത്തകിടിനെ ഒരേ കനത്തിലും ആകൃതിയിലും മുറിച്ച് അതില്‍ മുദ്രകുത്തുന്ന സൂത്രമായിരുന്നു ആദ്യം. പിന്നീട് ജയിംസ് വാട്ടും കൂട്ടരും ആവിയന്ത്രം കണ്ടുപിടിച്ചപ്പോള്‍ കുതിരകളെ മാറ്റി. പകരം ആവിയന്ത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്മട്ടങ്ങളായി. മിനിറ്റില്‍ അറുപതോളം നാണയങ്ങള്‍ നിര്‍മിക്കാനേ അവക്കു കഴിവുണ്ടായിരുന്നുള്ളൂ. പിന്നീട് വൈദ്യുതിയും മറ്റും വന്നപ്പോള്‍ മിനിറ്റില്‍ പതിനായിരം നാണയങ്ങള്‍ നിര്‍മിക്കുന്ന കമ്മട്ടങ്ങള്‍ നിലവില്‍വന്നു.
എന്നാല്‍ ഇതിനിടയിലൊക്കെത്തന്നെ പണമായ ിലോഹനാണയവും പോര എന്നു പലര്‍ ക്കും തോന്നിത്തുടങ്ങിയിരുന്നു. കേടുവരില്ലെങ്കിലും കിഴികെട്ടി കൊണ്ടുപോകാന്‍ പ്രയാസം. കള്ളന്മാര്‍ക്കു കണ്ടാലുടനെ പണമുണ്ടെന്ന് പെട്ടെന്ന് മനസ്സിലാവുകയും ചെയ്യും.
അങ്ങനെയാണ് ചിലര്‍ പുതിയ ഒരുതരം പണത്തെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങിയത്. പതിനാറാം നൂറ്റാണ്ടിലായിരുന്നു അത്. അപ്പോഴേക്കും യൂറോപ്പില്‍ പലയിടത്തും കടലാസും അച്ചടിയുമൊക്കെ നിലവില്‍ വന്നിരുന്നു. എങ്കില്‍ എന്തുകൊണ്ട് കടലാസ് തന്നെ പണമായി ഉപയോഗിച്ചുകൂടാ എന്നായി പല രാജ്യങ്ങളിലുള്ളവരെയും ആലോചന. പണം സുരക്ഷിതമായി സൂക്ഷിക്കുന്ന ചില സ്ഥാപനങ്ങള്‍ അതിനിടെ പലസ്ഥലത്തുമുണ്ടായിക്കഴിഞ്ഞിരുന്നു. നമ്മുടെ ഇന്നത്തെ ബേങ്കുകളുടെ മുത്തച്ഛന്മാര്‍ തന്നെ. അവിടെ പണം സൂക്ഷിക്കാനെത്തിയവര്‍ക്കു ബേങ്കുടകമകള്‍ കൈ കൊണ്ടെഴുതി ചില രസീതുകള്‍ നല്‍കിയിരുന്നു. ഇന്നയാള്‍ ഇത്ര പണം ഇവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നും ആവശ്യപ്പെടുമ്പോള്‍ അത് തിരികെ കൊടുത്തുകൊള്ളാമെന്നുമുള്ള കരാറായിരുന്നു അത്.
ഇന്നത്തെ കറന്‍സി നോട്ടുപോലെയൊന്നുമല്ലെങ്കിലും ആളുകള്‍ പണത്തിനുപകരം പരസ്പരം ഈ കരാറെഴുതിയ കടലാസ് കൈമാറാന്‍ തുടങ്ങി. അത് കൊടുക്കുന്നയാള്‍ക്ക് നിക്ഷേപിച്ച പണം നല്‍കാമെന്നാണ് ബേങ്കിന്റെ വ്യവസ്ഥ.
പുതിയൊരുതരം പണത്തിന്റെ വരവിനു പിന്നെ താമസമുണ്ടായില്ല. അതേ, ലോഹനാണയത്തിനുപകരം കനം കുറഞ്ഞ കടലാസില്‍ എഴുതിയ പണം. ഓരോ പണക്കടലാസിന്റെയും വിലയും മറ്റും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്വീഡനിലെ സ്റ്റോക്ക് ഹോം ബേങ്ക് 1664ല്‍ അടിച്ചിറക്കിയ കടലാസ് പണമാണ് ഇന്നത്തെ കറന്‍സി നോട്ടിന്റെ മുന്‍ഗാമി എന്ന് കരുതപ്പെടുന്നു.
ബേങ്കുകള്‍ നോട്ടടിച്ചിറക്കാന്‍ തുടങ്ങിയതോടെ മറ്റൊരു കുഴപ്പമുണ്ടായി. ഭരണാധികാരികളെല്ലാം നാണയങ്ങളായിരുന്നല്ലോ നിര്‍മിച്ചിരുന്നത്. ജനങ്ങളില്‍ പലരും നാണയങ്ങള്‍ ബേങ്കുകളില്‍ നിക്ഷേപിച്ചു കടലാസ് പണം വാങ്ങാന്‍ തുടങ്ങി. ഇതുകണ്ട് ഭരണാധികാരികളില്‍ പലരും ബേങ്കുകളുടെ നോട്ടുസൂത്രം കടംവാങ്ങി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അവ അടിച്ചിറക്കുകയും ചെയ്തു. താമസിയാതെ സര്‍ക്കാറോ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബേങ്കോ അല്ലാതെ നോട്ടടിക്കരുതെന്ന നിയമവും വന്നു.
സാധാരണ വലിയ വലിയ കച്ചവടക്കാര്യങ്ങള്‍ക്കായി മാത്രമേ ആദ്യത്തെ നോട്ടുകള്‍ ഉപയോഗിച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ വലിയ തുകക്കുള്ള കടലാസ് പണങ്ങളായിരുന്നു അവയില്‍ മിക്കതും. അന്നത്തെ നോട്ടുകള്‍ കണ്ടാല്‍ നമുക്കിന്ന് ചിരിവരും. കട്ടിക്കടലാസില്‍ ഇരുവശത്തും എഴുതുകയും വരക്കുകയും ചായം പുരട്ടുകയുമൊക്കെ ചെയ്തവയായിരുന്നു അവ. അച്ചടിവിദ്യ പുരോഗമിച്ചതോടെ നല്ല അച്ചുകള്‍ നിര്‍മിച്ച് നോട്ട് നിര്‍മിക്കാനായി ശ്രമം.
ഈ നൂറ്റാണ്ടായപ്പോഴേക്കും നാണയങ്ങളുടെ പ്രാധാന്യം കുറഞ്ഞുവന്നു. പല നാണയങ്ങളും ഈയടുത്ത കാലത്തായി തീരേ ഇല്ലാതാവുകയും ചെയ്തു. ഒന്ന്, രണ്ട്, മൂന്ന് പൈസകള്‍ ഇന്ത്യയില്‍ കുറച്ചുകാലം മുമ്പുവരെ ഉണ്ടായിരുന്നതായി ചിലര്‍െക്കങ്കിലും അറിയാമായിരിക്കും. ഇപ്പോള്‍ ആ നാണയങ്ങളെല്ലാം പിന്‍വലിച്ചുകഴിഞ്ഞു.
നോട്ടിനെക്കാള്‍ മുമ്പുവന്ന പണമാണല്ലോ നാണയം. അതുകൊണ്ട് നാണയം തന്നെയാണ് ആദ്യം തട്ടിപ്പില്‍ വീണത്. 2700 വര്‍ഷം മുമ്പ് ലിഡിയയിലാണ് ആദ്യമായി നാണയമടിച്ചതെന്നു നമുക്കറിയാം. വെറും നൂറുവര്‍ഷത്തിനകം തന്നെ ആദ്യത്തെ തട്ടിപ്പ് വീണ്ടും രംഗത്തെത്തി. പോളിക്രേറ്റസ് എന്ന ഒരാള്‍ സ്പാര്‍ട്ടക്കാര്‍ക്കു കള്ളനാണയം നല്‍കിയതിന്റെ പേരില്‍ പിടിക്കപ്പെട്ടു. അങ്ങനെ ചരിത്രത്തിലറിയപ്പെടുന്ന ആദ്യത്തെ കള്ളനാണയ വീരന്‍ പോളിക്രേറ്റസായിത്തീര്‍ന്നു.
തട്ടിപ്പുകാര്‍ മാത്രമല്ല, ഇന്നത്തെ ഭരണാധികാരികളും കള്ളനോട്ടടിച്ചിറക്കാറുണ്ട്. ശത്രുരാജ്യങ്ങളിലെ നോട്ടായിരിക്കും അടിക്കുന്നതെന്നേയുള്ളൂ. എന്നിട്ട് ആരുമറിയാതെ ചാരന്മാര്‍ മുഖേന അവയെല്ലാം ശത്രുരാജ്യത്ത് പ്രചരിപ്പിക്കും. യഥാര്‍ഥത്തില്‍ വിലയില്ലാത്തവയാണല്ലോ ഈ കള്ളനോട്ടുകള്‍. അതോടെ ആ രാജ്യത്തെ നോട്ടുകള്‍ക്ക് വിലയില്ലാതാകും. മറ്റു രാജ്യങ്ങളൊന്നും തന്നെ അവരുടെ നോട്ടിനു സാധനങ്ങള്‍ വില്‍ക്കാന്‍ തയ്യാറാവില്ല. വസ്തുക്കളുടെ വില ഭയങ്കരമായി വര്‍ധിക്കും. സാമ്പത്തികമായി പാപ്പരായി പട്ടിണിയും മറ്റും വന്നു താമസിയാതെ ശത്രുരാജ്യം യുദ്ധത്തില്‍ തോല്‍ക്കുകയും ചെയ്യും. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനി ഇത്തരം ഒരു വിദ്യയൊപ്പിച്ചു. ജയിലില്‍ കിടന്നിരുന്ന കള്ളനോട്ട് പ്രതികളെയെല്ലാം കൂട്ടി ഇംഗ്ളണ്ടിലെ കറന്‍സിയായ പൌണ്ട് നോട്ടുകളടിക്കാന്‍ ഏര്‍പ്പാടാക്കി. മുന്നൂറ് കോടിയിലധികം രൂപ തുക വരുന്നത്രയും ഇംഗ്ളീഷ് കറന്‍സിയാണവര്‍ അടിച്ചതെന്ന് പറയപ്പെടുന്നു. കണ്ടാലാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം നിര്‍മിച്ച ഈ കള്ളനോട്ടുകള്‍ വന്നപ്പോള്‍ ഇംഗ്ളണ്ടിന് ഒ രൊറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് പൌണ്ടിന് മുകളില്‍ ഉള്ള എല്ലാ നോട്ടുകളും അന്നുമുതല്‍ പിന്‍വലിക്കുക തന്നെ. പകരം പുതിയ ഡിസൈനില്‍ നോട്ടിറക്കുക. എന്തായാലും അത് ഫലിച്ചു. ജര്‍മനിയിറക്കിയ കള്ളനോട്ടുകളെല്ലാം വെറുതെയായി. ഇത്തരം തട്ടിപ്പുകാരുടെ എണ്ണം കാലം കഴിയുംതോറും കൂടിവന്നതേയുള്ളൂ. നാണയങ്ങളുടെ അരിക് വെട്ടിയെടുത്ത് ഒന്നിച്ച് കൂട്ടിപുതിയ നാണയങ്ങളുണ്ടാക്കുകയായിരുന്നു ആദ്യം ചിലരുടെ വിദ്യ. മറ്റു ചിലരാകട്ടെ വിലകുറഞ്ഞ ചെമ്പും മറ്റും കൂട്ടി കള്ളനാണയമുണ്ടാക്കാന്‍ തുടങ്ങി.
എന്നാല്‍ ഇത്തരം വിരുതന്മാര്‍ മാത്രമായിരുന്നു കള്ളനാണയങ്ങളടിച്ചിരുന്നത് എന്നൊ ന്നും കരുതരുതേ. നാണയമടിച്ചിരുന്ന രാജാക്കന്മാര്‍ തന്നെ പല കള്ളത്തരങ്ങളും കാണിച്ചിരുന്നു. റോമിലെ ഭരണാധികാരിയായിരുന്ന നീറോ ചക്രവര്‍ത്തി വെള്ളി നാണയങ്ങളില്‍ ഒരു സൂത്രമൊപ്പിച്ചു. അവയോരോന്നിന്റെയും വെള്ളി അല്‍പ്പം വീതമെടുത്തു പോ ക്കറ്റിലാക്കി.
അവസാനം വെള്ളി നാണയത്തില്‍ രണ്ടുശതമാനം പോലും വെള്ളിയില്ല എന്നായി അ വസ്ഥ. വിലകുറഞ്ഞ ലോഹങ്ങള്‍ക്കു മീതെ സ്വര്‍ണവും വെള്ളിയും കൊണ്ട് പൊതിയുകയായിരുന്നു ഫ്രാന്‍സിലെ ഫിലിപ്പ് രാജാവിന്റെയും ഇംഗ്ളണ്ടിലെ ഹെന്ററി എട്ടാമന്റേയുമൊക്കെ സൂത്രം. നാട്ടുകാരാകട്ടെ നാണയങ്ങള്‍ ഓരോന്നും കടിച്ചു അവക്കുള്ളില്‍ എന്താണെന്ന് പരിശോധിക്കുകയും ചെയ്തു. വെള്ളിനാണയത്തിനിടയില്‍ വെറും ചെ മ്പാണെന്നു കണ്ട് നാട്ടുകാര്‍ രണ്ടുപേര്‍ക്കും ഓരോ പേരും നല്‍കി. ഹെന്റിക്ക് ചെമ്പുമൂക്കന്‍ എന്നും ഫിലിപ്പിനു തട്ടിപ്പുവീരന്‍ രാജാവെന്നും.
പിന്നീട് കടലാസ് പണം വന്നപ്പോഴോ, ആദ്യമൊക്കെ ബേങ്കുകാര്‍ നിക്ഷേപകര്‍ക്കു കടലാസില്‍ എഴുതിക്കൊടുത്ത കരാര്‍ രശീതികളായിരുന്നല്ലോ നോട്ടുകള്‍. കടലാസും മഷിയും കിട്ടിയാല്‍ ഏതു സമര്‍ഥനും കള്ളനോട്ടുണ്ടാക്കാമെന്നായി സ്ഥിതി. അങ്ങനെയാണ് അനുകരിക്കാന്‍ പ്രയാസമുള്ള മുദ്രകളും ചായങ്ങളുമൊക്കെ ഉപയോഗിച്ച് ഭരണാധികാരികള്‍ നോട്ടടിക്കാന്‍ തുടങ്ങിയത്. എല്ലാ നോട്ടുകള്‍ക്കും പ്രത്യേകം നമ്പറോ അടയാളമോ ഇടാനും ആരംഭിച്ചു.
എങ്കിലും കള്ളനോട്ടിനു ക്ഷാമമുണ്ടായില്ല. ഒടുവില്‍ സഹികെട്ട ഇംഗ്ളണ്ടിലെ ഖജനാവുകാരാണ് വാട്ടര്‍മാര്‍ക്ക് എന്ന മുദ്ര നോട്ടില്‍ പതിപ്പിക്കുന്ന സൂത്രം കണ്ടെത്തിയത്. കടലാസുണങ്ങുന്നതിന് മുമ്പ് തന്നെ മുദ്ര ചേര്‍ത്തുവെച്ചാണ് ഇതുണ്ടാക്കുന്നത്. വെളിച്ചത്തിനു നേരെ പിടിച്ചാല്‍ വാട്ടര്‍മാര്‍ക്ക് വ്യക്തമായിക്കാണാം.
എങ്കിലും കണ്ടാല്‍ പെട്ടെന്നു തിരിച്ചറിയാത്ത കള്ളനോട്ടുകള്‍ പിന്നെയുമിറങ്ങി. അങ്ങനെയാണ് നോട്ടിനിടയില്‍ പ്ളാസ്റ്റിക് കൊണ്ടുള്ള ഒരു നേരിയ നൂല്‍ ഘടിപ്പിക്കാന്‍ തുടങ്ങിയത്. നോട്ടില്‍ കാണുന്ന നേരിയ കറുത്ത വര ഇതാണ്. നിര്‍മിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഇത്തരം നോട്ടുകള്‍ പക്ഷേ, കള്ളനോട്ടുകാരെ പിന്തിരിപ്പിച്ചിട്ടൊന്നുമില്ല.
ഇന്ത്യ പല നാട്ടുരാജ്യങ്ങളായാണ് കിടന്നിരുന്നത്. ഇതുകൊണ്ടൊരു കുഴപ്പം പറ്റി. ഓരോ രാജാവും അവരവര്‍ക്കു തോന്നിയ തരം നാമയങ്ങളടിച്ചിറക്കി. ഇംഗ്ളീഷുകാരുടെ വരവോടെയാണ് ഇതിനു മാറ്റം വന്നത്. 1835ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അന്നുവരെ നിലവിലിരുന്ന 994 തരം നാണയങ്ങള്‍ക്കും പകരം വെള്ളി രൂപ അടിച്ചിറക്കി. പഴയ നാണയങ്ങ ള്‍ക്കു പകരം പുതിയവ കൊടുക്കുകയും ചെയ്തു.
ആ കാലഘട്ടത്തില്‍ തന്നെയാണ് കടലാസ് പണത്തിന്റെയും വരവ്. ആദ്യമെല്ലാം ഗവ ണ്‍മെന്റിനു വേണ്ടി ബേങ്കുകളായിരുന്നു നോട്ടടിച്ചിരുന്നത്. 1935ല്‍ റിസര്‍വ് ബേങ്ക് സ്ഥാപിച്ചതോടെ നോട്ടടി മുഴുവന്‍ അങ്ങോട്ട് മാറ്റി. ആദ്യമൊക്കെ അവര്‍ അടിച്ചിരുന്ന നോട്ടുകള്‍ ഏതൊക്കെയെന്നോ? 2, 5, 10, 100, 1000, 10000 രൂപയുടെ നോട്ടുകള്‍. ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയതിനുശേഷം ഇവയില്‍ പലതും നിര്‍ത്തലാക്കി.
നമ്മുടെ രൂപക്ക് ആ പേര് വന്നതെങ്ങനെയാണ്? സംസ്കൃതത്തില്‍ നിന്നാണ് രൂപയുടെ വരവ്. സംസ്കൃതത്തില്‍ രൂപ്യം എന്നാല്‍ വെള്ളി നാണയം എന്നാണര്‍ഥം. മുമ്പൊക്കെ അവയാണ് പ്രധാനമായും നമ്മുടെ നാട്ടിലുണ്ടായിരുന്നത്. പിന്നീട് അത്രയും വിലക്കുള്ള കടലാസ് പണം വന്നപ്പോഴും പേരിനു വലിയ മാറ്റമുണ്ടായില്ല. രൂപ്യം ഹിന്ദിയില്‍ രൂപ യായി മാറി. ഇംഗ്ളീഷില്‍ റുപ്പിയും. ഈ റുപ്പിയാണ് മലയാളത്തിലെ ഉറുപ്പികയായത്. കൂടെ രൂപയാ അല്‍പം മാറ്റി രൂപ എന്നും കടലാസ് പണത്തെ വിളിക്കാന്‍ തുടങ്ങി.
പൈസയുടെ കഥയും ഏതാണ്ടിതിപോലെ തന്നെയാണ്. ചക്രം എന്നാണ് പൈസ, പൈ തുടങ്ങിയ വാക്കുകള്‍ക്കര്‍ഥം. മുമ്പുകാലത്തു ചെറിയ ഒരു തരം ചെമ്പുനാണ്യങ്ങള്‍ ക്കാണ് പൈസ എന്ന് പറഞ്ഞിരുന്നത്. പഴയ തിരുവിതാം കൂറില്‍ ചക്രം എന്നുപേരുള്ള ഈ ചെമ്പ് നാണയം തന്നെ ഉണ്ടായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന്ന ഭാനു വിക്രമനാണ് ഇവിടെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന തരം ഒരു നാണയമിറക്കിയത്. രാശി എന്നായിരുന്നു ഇതിനു പേര്. ഏതാണ്ട് കേരളം മുഴുവനും അന്ന് ഒറ്റ രാജ്യമായിരുന്നു. പില്‍ക്കാലത്ത് തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ പല രാജ്യങ്ങളായി. ഓരോ സ്ഥലത്തും ഓരോ തരം നാണയങ്ങളും വന്നു. കൊച്ചി രാജാവിന്റെയും കണ്ണൂരിലെ ആലി രാജാവിന്റെയും നാണയങ്ങള്‍ക്ക് പണം എന്നുതന്നെയായിരുന്നു പേര്. പിന്നീട് കൊച്ചിയിലത് കലിയമേനി പുത്തന്‍ എന്നായി മാറി. ഒടുവില്‍ വെറും പുത്തന്‍ എന്നും. കോഴിക്കോട്ടെ സാമൂതിരി വീരരായനും തിരുവിതാംകൂര്‍ രാജാവ് അനന്തരായനും പണമെന്നാണ് നാണയങ്ങള്‍ക്കിട്ട പേര്. 1776ല്‍ മൈസൂരിലെ സുല്‍ത്വാനായ ഹൈദര്‍ എല്ലാ നാണയങ്ങളിലും തന്റെ പേരിന്റെ ആദ്യാക്ഷരമായ ‘ഹ’ കൊത്തല്‍ ഏര്‍പ്പെടുത്തി.
ബ്രിട്ടീഷുകാര്‍ ഇന്ത്യയെ അക്രമിച്ച് ഭരണം കൈയടക്കിയതോടെ കേരളത്തിലെ പണത്തിനും ചില മാറ്റങ്ങളൊക്കെ വന്നു. തലശ്ശേരിയില്‍ നിന്ന് ബ്രിട്ടീഷ് രൂപാനാണയം അടിച്ച് പ്രചരിപ്പിക്കുകയാണവര്‍ ആദ്യം ചെയ്തത്. നാട്ടുരാജ്യങ്ങളെല്ലാം അവരുടെ ഭരണത്തിന്‍ കീഴിലായപ്പോള്‍ വലിയ തുകയുടെ നാണയങ്ങളെല്ലാം അടിക്കാനുള്ള അവകാശം അവര്‍ക്കായി. സ്വാതന്ത്യ്രത്തിനു ശേഷമാകട്ടെ. ഇന്ത്യയിലെല്ലായിടത്തും ഒരേതരം നാണയങ്ങളും നോട്ടുകളും ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ചുരുക്കത്തില്‍ അതത് കാലഘട്ടത്തിലുള്ള വിനിമയ മാധ്യമമാണ് പണം. സ്വര്‍ണനാണയവും വെള്ളിനാണയവും പണമായതും അങ്ങനെ തന്നെ. അതിനു സകാത് നിര്‍ബന്ധമാകുന്നതും ഇതേ വീക്ഷണത്തിലാണ്.
ഇന്നുള്ള കറന്‍സിയെപ്പറ്റി വിലയിരുത്തുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്.
1) ഇന്നുള്ള കടലാസ് നാണയങ്ങള്‍ (കറന്‍സി) വിനിമയ മാധ്യമങ്ങളും ഇടപാടുകളുടെ കേന്ദ്രബിന്ദുവുമാണ്. (2) ഈ നാണയങ്ങള്‍ മുമ്പുണ്ടായിരുന്ന സ്വര്‍ണം, വെള്ളി നാണയങ്ങള്‍ക്ക് തുല്യമാണ്. (3) ഇന്ത്യയിലെ കടലാസ് നാണയങ്ങളുടെ മൂല്യം ചിലപ്പോള്‍ സ്വര്‍ണവും മറ്റു ചിലപ്പോള്‍ വെള്ളിയുമായിട്ടുണ്ട്. (4) ചിലപ്പോള്‍ വിദേശ വിനിമയമൂല്യവും പ്രാദേശിക വിനിമയമൂല്യവും വ്യത്യാസമുണ്ടായിരിക്കും. (5) ഇന്ത്യയിലെ ഇന്നത്തെ കടലാസ് നാണയങ്ങള്‍ അച്ചടിക്കുന്നത് ഒരു നിശ്ചിത തൂക്കം വെള്ളിയോടോ സ്വര്‍ണത്തോടെ സമമാക്കിക്കൊണ്ടല്ല. മറിച്ച് ഇത്രകോടി രൂപക്കുള്ള സ്വര്‍ണമോ വിദേശ നാണയമോ ഉണ്ടെങ്കില്‍ ഗവണ്‍മെന്റ് അഭിപ്രായപ്പെടുന്ന എത്രയും നോട്ട് അടിക്കാമെന്ന വിധത്തിലാണ്. (6) ഈ നോട്ടുകള്‍ കൊടുത്താല്‍ സ്വര്‍ണമോ വെള്ളിയോ നല്‍കല്‍ ഗവണ്‍മെന്റിന് നിര്‍ബന്ധമില്ല. മറിച്ച് തത്തുല്യമായ ഒരു നോട്ട് നല്‍കിയാല്‍ മതിയാകും. വസ്തുക്കള്‍ക്കു വിലയായി ഈ നോട്ടുകള്‍ നല്‍കിയാല്‍ ഇന്ത്യന്‍ പൌരന്മാരെല്ലാം അത് അംഗീകരിക്കണമെന്ന് നിയമമുണ്ട്. അല്ലാത്തപക്ഷം ഗവണ്‍മെന്റ് അവനെ ശിക്ഷിക്കുന്നതാണ്. (7) ഈ കടലാസ് നാണയങ്ങളുടെ യഥാര്‍ഥമൂല്യം സ്വതന്ത്രമാര്‍ക്കറ്റില്‍ നിന്ന് അവക്ക് ലഭിക്കുന്ന സ്വര്‍ണമോ വെള്ളിയോ ആണ്.
സ്വര്‍ണം, വെള്ളി നാണയങ്ങളില്‍ സകാത് നിര്‍ബന്ധമാകാനുള്ള കാരണങ്ങള്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജമല്‍ പറയുന്നു: “ലോകത്തിന്റെ നിലനില്‍പ്പും സൃഷ്ടികളുടെ സ്ഥിതിഗതികള്‍ ശരിപ്പെടലും അവ (സ്വര്‍ണം, വെള്ളി നാണയങ്ങള്‍) കൊണ്ടാണ്. കാരണം മനുഷ്യാവശ്യങ്ങളെല്ലാം തന്നെ അവകൊണ്ട് പൂര്‍ത്തിയാക്കപ്പെടും. ബാക്കിയുള്ള സമ്പത്തുകളൊന്നും അങ്ങനെയല്ല” (ജമല്‍ 2/252). ഇക്കാര്യം ഇതേ രൂപത്തില്‍ ശര്‍വാനിയും 3/263 വ്യക്തമാക്കിയിട്ടുണ്ട്. ലോഹങ്ങളില്‍ സ്വര്‍ണം, വെള്ളി എന്നിവക്കു മാത്രം സകാത് നിര്‍ബന്ധമാകാനുള്ള കാരണം അവ മറ്റു വസ്തുക്കളുടെ വിലയായത് കൊണ്ടാണ് എന്ന് അമീറ 2/2 വ്യക്തമാക്കിയിട്ടുണ്ട്.
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഢിതന്‍ മുഹമ്മദുബ്നു അബ്ദുറഹ്മാനുദ്ദിമശ്ഖി (റ) തന്റെ റഹ്മത്തുല്‍ ഉമ്മ പേജ് 101ല്‍ സകാത് നിര്‍ബന്ധമാകുന്ന വസ്തുക്കള്‍ എണ്ണിയതില്‍ സ്വര്‍ണം, വെള്ളി എന്നു പറയുന്നതിനു പകരം വസ്തുക്കളുടെ വിലകളാകുന്ന വര്‍ഗം എന്നാണ് പറഞ്ഞത്. അപ്പോള്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ സകാത് നിര്‍ബന്ധമാകുന്നത് അത് വസ്തുക്കളുടെ വിലകളാണെന്ന നിലക്കാണെന്നര്‍ഥം. വസ്തുക്കളുടെ വിലയാവുക, അവ നല്‍കി ലോകത്തുള്ള എല്ലാ വസ്തുക്കളും വാങ്ങാന്‍ കഴിയു ക എന്ന കാരണം നോട്ടുകള്‍ക്കുമുണ്ടല്ലോ. അപ്പോള്‍ നോട്ടിലും സകാതുണ്ടെന്ന് വ്യക്തമാണ്. നബി(സ്വ)യുടെ കാലത്ത് മുന്തിരിക്കള്ള്, ഈത്തപ്പഴക്കള്ള് തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. അവ നിഷിദ്ധമാണെന്ന് നബി(സ്വ) വ്യക്തമാക്കി. പനങ്കള്ള് നബിയുടെ കാലത്തുള്ളതായി അറിയപ്പെട്ടിട്ടില്ലെങ്കിലും അത് ഹറാമാണ്. കാരണം കള്ള് നിഷിദ്ധമാകാനുള്ള കാരണം പനയില്‍ നിന്നെടുക്കുന്ന കള്ളിലുമുണ്ട്. അപ്പോള്‍ നോട്ടിന് സകാതില്ല. വെള്ളിക്കും സ്വര്‍ണത്തിനും മാത്രമാണ് സകാത് എന്നു പറയുന്നത് പനങ്കള്ള് നിഷിദ്ധമല്ലെന്ന് പറയും പോലെയാണ്.
നോട്ടിന്റെ സകാത് എത്രയാണെന്നു തിട്ടപ്പെടുത്താന്‍ പ്രയാസമില്ല. ഇരുനൂറ് ദിര്‍ഹം അഥവാ അമ്പത്തി ഒന്നേ മുക്കാലേ അരക്കാല്‍ ഉറുപ്പിക തൂക്കം (595/250 ഗ്രാം) വെള്ളി എത്ര നോട്ടിനന്റെ മൂല്യമാണോ അതാണ് കണക്ക്. സ്വതന്ത്ര മാര്‍ക്കറ്റില്‍ അത്ര വെള്ളി വാങ്ങാന്‍ എത്രനോട്ട് നല്‍കണമോ അത്രയും നോട്ടുകള്‍ ഒരാള്‍ ഒരു കൊല്ലം സൂക്ഷിച്ചാല്‍ അതിന്റെ രണ്ടര ശതമാനം സകാത് നല്‍കണം. കൂടുതല്‍ കൈയിരിപ്പുള്ളവര്‍ അതിന്റെ തോതനുസരിച്ചും കൊടുക്കണം.

ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍

39-ചോദ്യം: സമ്പാദ്യത്തിലും ധനകൈമാറ്റത്തിലുമുള്ള അടിസ്ഥാന ഇസ്ലാമിക തത്വങ്ങള്‍ വിശദീകരിച്ചാലും.
ഉത്തരം: മനുഷ്യവര്‍ഗത്തിന്റെ സര്‍വോന്മുഖമായ ഐശ്വര്യത്തിനായി അല്ലാഹൂ ഭൂമിയെ ഹിതപ്പെടുത്തിക്കൊടുത്തു. മനുഷ്യ കരങ്ങളാല്‍ കൈകാര്യം ചെയ്യാനാകുന്ന പല നിക്ഷേപങ്ങളും ഇതില്‍ അവന്‍ തന്നെ ഉള്‍ക്കൊള്ളിച്ചു. സസ്യലതാദികള്‍, ജലവിഭവങ്ങള്‍, സ്വര്‍ണം, വെള്ളി, ഇരുമ്പ്, മറ്റു ലോഹ ഖനികള്‍, കായ്കനികള്‍, ധാന്യവിളകള്‍, കൃഷികള്‍, വളര്‍ത്തുജീവികള്‍, മറ്റു ചരാചരങ്ങള്‍ എല്ലാം മനുഷ്യ ജീവിത സന്ധാരണത്തിന്റെ സ്രോതസ്സുകളായാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഇവയൊക്കെ ഉപയോഗപ്പെടുത്തി മനുഷ്യന്‍ ചെയ്യുന്ന അധ്വാനത്തിന്റെ പ്രതിഫലമാണ് സമ്പത്ത്. മനുഷ്യ ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ധനത്തെ ഖയ്ര്‍ എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്. സമ്പത്ത് നികൃഷ്ടമോ നിന്ദ്യമോ അല്ല. അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ അമൃതവര്‍ഷമാണത്. “അല്ലാഹുവിന്റെ അനുഗ്രഹത്തെ സ്വായത്തമാക്കാന്‍ ഭൂമിയില്‍ വ്യാപരിക്കുവീന്‍” എന്ന് സൂറത്തു ജുമുഅയില്‍ അല്ലാഹു വ്യക്തമാക്കുന്നു. “ധനം സ്രഷ്ടാവിന്റേതാണ്. അത് ക്രയവിക്രയം നടത്തുന്ന ഉദ്യോഗസ്ഥരാണ് മനുഷ്യന്‍” (58/4). അതുകൊണ്ടുതന്നെ ധനസമ്പാദനവും അതിന്റെ കൈമാറ്റ ചട്ടങ്ങളും അല്ലാഹുവിന്റെ തീരുമാനങ്ങളി ലധിഷ്ഠിതമായിരിക്കണം. “മനുഷ്യന്‍ ധനത്തോട് അത്യാഗ്രഹം പ്രകടിപ്പിക്കുന്നവനാണ്” എന്ന് ഖുര്‍ആനും,(100/8) “മണ്ണിനു മാത്രമേ മനുഷ്യന്റെ വയറ് നിറക്കാനാകൂ” എന്ന് പ്രവാചകനും ഉണര്‍ത്തി. അവിഹിത മാര്‍ഗത്തിലൂടെയുള്ള എല്ലാ സമ്പാദ്യങ്ങളും അല്ലാഹു നിരോധിച്ചിരിക്കുന്നു. ‘അവിഹിതമായി ധനം കയ്യാളുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിന് പാത്രമാകു’മെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (അഹ്മദ്). മറ്റൊരാളുടെ ഒരു ചാണ്‍ ഭൂമി ആരെങ്കിലും അവിഹിതമായി പിടിച്ചടക്കിയാല്‍ അവസാന നാളില്‍ അല്ലാഹു ഏഴുചാണ്‍ ഭൂമി അവന്റെ പിരടിയില്‍ ചാര്‍ത്തുമെന്ന് നബി(സ്വ) താക്കീത് ചെയ് തിട്ടുണ്ട്. കൊള്ളയും മോഷണവും നടത്തി ധനം സമ്പാദിക്കുന്നത് ഇസ്ലാം കര്‍ശനമായി നിരോധിച്ചു. മോഷ്ടാക്കളുടെ കൈ വെട്ടിനീക്കി പ്രതിക്രിയ ചെയ്യാന്‍ അല്ലാഹു കല്‍ പ്പിച്ചു. പലിശയെ പൈശാചിക വൃത്തിയായാണ് അല്ലാഹു വിശേഷിപ്പിച്ചത്. സമ്പാദ്യത്തിനുവേണ്ടി വഞ്ചന നടത്തുന്നത് കുറ്റകരമാണെന്ന് വിധിച്ചു. അന്യായമായ ലാഭവും മറ്റും നിരോധിച്ചു. കച്ചവടത്തിനു പ്രത്യേക നിയമനിര്‍മാണം തന്നെ ആവിഷ്കരിച്ചു. തെറ്റായ വഴിയിലൂടെ ധനം സമ്പാദിക്കുന്നതിനെക്കുറിച്ച് അവന്‍ താക്കീത് ചെയ്തിട്ടുണ്ട്. ധനസമ്പാദനത്തിന്റെ വശങ്ങള്‍ അവന്‍ തന്നെ കാണിച്ചു തരികയും ചെയ്തു. തൊഴില്‍ ചെയ് തു ജീവിക്കാന്‍ മനുഷ്യനെ സജ്ജമാക്കുകയും അത്തരക്കാരെ അനുമോദിക്കുകയും ചെയ്തു. കൈത്തൊഴിലും കൃഷിയും കച്ചവടവുമൊക്കെ ഇസ്ലാം പ്രോത്സാഹിപ്പിച്ച ഉപജീവന മാര്‍ഗങ്ങളാണ്. ‘വിശ്വസ്തരും സത്യസന്ധരുമായ കച്ചവടക്കാര്‍ അന്ത്യനാളില്‍ നബിമാരുടെയും രക്തസാക്ഷികളുടെയും ഒപ്പമായിരിക്കും’ (ഹാകിം). എന്നാണ് നബി(സ്വ) പറഞ്ഞത്.
അധ്വാനമാണ് ജീവിത വിജയത്തിന്റെ നിദാനം. കായികമായും ബൌദ്ധികമായും അധ്വാനിച്ചാലേ പുരോഗതിയും വിജയവുമുള്ളൂ. ‘നിശ്ചയം, മനുഷ്യനെ നാം കഠിനാധ്വാനം ചെയ്യുന്നവനായി സൃഷ്ടിച്ചു’ (സൂറ അല്‍ബലദ്). അല്ലാഹു പ്രവാചകന്റെ പകല്‍ സമയത്തെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു: ‘നിശ്ചയം, പകല്‍ സമയത്ത് താങ്കള്‍ക്കു ജീവിതവ്യാപാരത്തില്‍ ഏര്‍പ്പെടാനുണ്ടാകും’ (സൂറഃ മുസമ്മില്‍). ഭൂമിയില്‍ അധ്വാനിച്ചു ജീവിതമാര്‍ഗം കണ്ടെത്താനും ഭൌമജീവിതം സൌകര്യപ്രദമാക്കാനുമുള്ള സൂചനകളാണ് ഇതില്‍ നിന്നൊക്കെ നമുക്കു ലഭിക്കുന്നത്. ഇങ്ങനെ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കേണ്ട മാര്‍ഗവും സ്രഷ്ടാവ് വ്യക്തമാക്കിയിട്ടുണ്ട്. സമ്പത്ത് ധൂര്‍ത്തടിക്കാനോ ലുബ്ധ് കാണിച്ച് ചെലവഴിക്കാതിരിക്കാനോ അല്ലാഹു അനുവദിക്കുന്നില്ല. അല്ലാഹു പറഞ്ഞു: ‘നീ നിന്റെ കൈ കഴുത്തിലേക്ക് ബന്ധിക്കരുത്. പൂര്‍ണമായും അയച്ചുവിടുകയും അരുത്’ (17/29). ധനമുണ്ടായിരിക്കെ സ്വന്തം ആവശ്യങ്ങള്‍ക്കു ചെലവഴിക്കാതെ ജീവിക്കുന്നതും ദുര്‍വ്യയം ചെയ്തു സമ്പത്ത് പാഴാക്കുന്നതും അനുവദനീയമല്ല. സാമ്പത്തികമായി മെച്ചപ്പെട്ട ഒരാള്‍ വികൃതമായ വസ്ത്രം ധരിച്ചത് കണ്ടപ്പോള്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: ‘അല്ലാഹു തന്റെ അടിമകള്‍ക്ക് നല്‍കുന്ന അനുഗ്രഹത്തിന്റെ അടയാളങ്ങള്‍ അവരില്‍ പ്രതിഫലിക്കുന്നത് അല്ലാഹുവിനിഷ്ടമാണ്.’
അന്യര്‍ക്ക് ധര്‍മം നല്‍കുന്നതില്‍ ലുബ്ധരാണ് അധിക ജനങ്ങളും. ഇത്തരക്കാരെ വിമര്‍ശിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ‘അല്ലാഹു നല്‍കിയ അനുഗ്രഹം കൊണ്ട് ലുബ്ധ് കാ ണിക്കുന്നവര്‍, അതവര്‍ക്ക് നല്ലതാണെന്ന് കരുതരുത്. പ്രത്യുത, അവര്‍ക്കത് ദോഷമായിരിക്കും. അവര്‍ ലുബ്ധ് കാണിച്ച് ശേഖരിച്ചതൊക്കെ മാലയായി അവരുടെ കഴുത്തില്‍ അന്ത്യനാളില്‍ ചാര്‍ത്തപ്പെടുന്നതാണ’ (3/180). ലുബ്ധ് കാണിക്കുന്നവര്‍ക്ക് തീരാനഷ്ടമാണെന്ന കാര്യം പരാമര്‍ശിച്ചു കൊണ്ട് അല്ലാഹു ചോദിക്കുന്നു: ‘മരിച്ചുവീണാല്‍ ആ ധനം കൊണ്ട് അവനെന്തു ഗുണം?’ (92/11). സമ്പത്ത് ചിലവഴിക്കാതെ സൂക്ഷിച്ചുവെക്കുന്നവര്‍ക്ക് നാശവും ചെലവഴിക്കുന്നവര്‍ക്ക് വര്‍ധനവുമുണ്ടാകുമെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
ലുബ്ധ് പോലെതന്നെ തെറ്റാണ് ധൂര്‍ത്തും. സുഖാഡംബര വസ്തുക്കള്‍ക്കായി കണ്ടമാനം സമ്പത്ത് ചിലവഴിക്കുന്നതും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതുമൊക്കെ ദുര്‍വ്യയമാണ്. ഭൌതിക സുഖത്തില്‍ മയങ്ങി ആഡംബര ജീവിതം നയിച്ച പൂര്‍വിക സമുദായത്തിനുണ്ടായ നഷ്ടം അല്ലാഹു അവതരിപ്പിക്കുന്നു. ‘ഒരു നാടിനെ നശിപ്പിക്കാന്‍ നാം ഉദ്ദേശിച്ചാല്‍ അതിലെ ആഡംബര പ്രിയര്‍ക്ക് നാം മുന്നറിയിപ്പ് നല്‍ കും. അപ്പോള്‍ അവര്‍ അധാര്‍മിക പ്രവര്‍ത്തനത്തില്‍ മുഴുകും. അങ്ങനെ ആ നാട്ടില്‍ ന മ്മുടെ വാക്ക് പുലരുകയും അതിനെ നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്യും’ (17/16). സത്യവിശ്വാസികളുടെ സംസ്കാരം മിതവ്യയമാണെന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക: ‘അവര്‍ ചിലവഴിക്കുമ്പോള്‍ അമിതമാക്കില്ല. തീരേ കുറക്കുകയുമില്ല. രണ്ടിനും മദ്ധ്യേയാണവര്‍’ (ഖുര്‍ആന്‍ 25/67).
സമൃദ്ധമായ ജലം ഉപയോഗിക്കുന്നതില്‍ പോലും മിതത്വം പാലിക്കാനാണ് ഇസ്ലാമിന്റെ നിര്‍ദ്ദേശം. സ്വഹാബിയായിരുന്ന സഅ്ദ്(റ) അമിതമായി വെള്ളം ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ നബി(സ്വ) അത് വിലക്കി. വുളൂഅ് എടുക്കുമ്പോള്‍ വെള്ളം ധാരാളം ഉപയോഗിച്ചുകൂടേ എന്ന് സ്വഹാബി തിരിച്ചു ചോദിച്ചു. പ്രവാചകര്‍(സ്വ) പറഞ്ഞു. ‘പാടില്ല. ഒഴുകുന്ന നദിയിലാണെങ്കില്‍ പോലും അമിതവ്യയം അരുത്’ (അഹ്മദ്).
‘നിവൃത്തിയുള്ളവര്‍ അവരുടെ നിവൃത്തിയനുസരിച്ച് ചിലവഴിക്കട്ടെ. കണക്കാക്കപ്പെട്ട വിഭവം മാത്രമുള്ളവര്‍, അവര്‍ക്കല്ലാഹു നല്‍കിയതില്‍ നിന്ന് ചിലവഴിക്കട്ടെ’ (ഖുര്‍ആന്‍ 65/7).

നീക്കുപോക്ക്


40-ചോദ്യം: ഖുര്‍ആനില്‍ സകാതിനെക്കുറിച്ചു പറയുന്നുവെന്നല്ലാതെ ഒരിടത്തും അതിന്റെ നിരക്ക് പറഞ്ഞിട്ടില്ലല്ലോ. അപ്പോള്‍ ഒരിസ്ലാമിക ഗവണ്‍മെന്റിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം അത് ഏറ്റുകയും കുറക്കുകയും ചെയ്തുകൂടേ? നബി(സ്വ) അന്നത്തെ പരിതസ്ഥിതി പരിഗണിച്ചാണ് രണ്ടര ശതമാനമാക്കിയതെന്നും പറഞ്ഞുകൂടേ?
ഉ: നിസ്കാരത്തിന്റെ റക്അത്തുകളെയും ഖുര്‍ആന്‍ നിര്‍ണയിച്ചിട്ടില്ല. അപ്പോള്‍ ആവശ്യാനുസരണം ചുരുക്കുകയും ഏറ്റുകയും ചെയ്യാമെന്ന് പറയാമോ. അങ്ങനെ വ രികില്‍ ഇസ്ലാം മനുഷ്യ നിര്‍മിതമാകും. ഇലാഹിയ്യായ മതമാവുകയില്ല. നബി കൊണ്ടുവന്നത് നിങ്ങള്‍ അംഗീകരിക്കുകയും നബി വിരോധിച്ചത് നിങ്ങള്‍ വെടിയുകയും ചെയ്യുക എന്ന ഖുര്‍ആന്‍ വാക്യം കൊണ്ട് നബി(സ്വ)യുടെ പ്രവൃത്തികള്‍ പൂര്‍ണമായി അംഗീകരിക്കല്‍ നിര്‍ബന്ധമാണെന്നും അത് അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണെന്നും സ്പഷ്ടമായി. നബി(സ്വ)യുടെ കാലത്ത് തന്നെ സാമ്പത്തിക രംഗ ത്ത് വ്യത്യസ്ത പരിതസ്ഥിതികളുണ്ടയിട്ടുണ്ട്. അപ്പോഴൊന്നും നബി(സ്വ) സകാതി ന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. നബി(സ്വ)ക്കു ശേഷം സ്വഹാബത്തിന്റെ കാലഘട്ടത്തിലും താബിഉകളുടെ കാലഘട്ടത്തിലും അവസ്ഥാ ഭേദങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സകാതിന്റെ നിരക്കില്‍ അവരാരും മാറ്റം വരുത്തിയിട്ടില്ല. പുത്തന്‍ പ്രസ്ഥാനക്കാര്‍ അറബി ഖുത്വുബ മാതൃഭാഷാ ഖുത്വുബയാക്കിയത് പോലെ സകാതിനെ നികുതിയാക്കിയാല്‍ അതിന്റെ ആരാധനാ സ്വഭാവം നഷ്ടപ്പെട്ട് വ്യക്തിയും സമൂഹവും പരസ്പരം വടംവലി ആരംഭിക്കാന്‍ കാരണമാകും. സകാത് തന്റെ താത്പര്യങ്ങള്‍ക്ക് അനുകൂലമാകണമെന്നു വ്യക്തിയും, തങ്ങള്‍ക്കനുകൂലമാകണമെന്നു സമൂഹവും ആഗ്രഹിക്കും. അങ്ങനെ ഇക്കാര്യം ഒരു പ്രശ്നമായി തീരും. സകാതിന്റെ നിരക്ക് നിയമനിര്‍മാണ സഭകള്‍ തീരുമാനിക്കുകയാണെങ്കില്‍ ആരാധനയുടെ യഥാര്‍ഥ ആത്മാവായ ഹൃദയ സന്തുഷ്ടിയോടെയാവില്ല സകാത് നല്‍കപ്പെടുന്നത്. നികുതിയെപ്പോലെ ഒരു ശല്യം തീര്‍ക്കുക എന്ന നിലക്കായി അത് മാറും. തുടര്‍ന്ന് കബളിപ്പിക്കലും ഒഴിഞ്ഞുമാറലും മുറക്ക് നടക്കുകയും ചെയ്യും. ഇന്ന് അല്ലാഹുവിന്റെ കല്‍പ്പന എന്ന നിലക്ക് ഓരോ വ്യക്തിയും ആരാധനാഭാവത്തില്‍ അത് നല്‍കുന്നു.
ഗവണ്‍മെന്റുകള്‍ക്ക് സമൂഹത്തില്‍ നിന്ന് കൂടുതല്‍ ആവശ്യങ്ങള്‍ നേരിടുകയാണെങ്കില്‍ ഇന്ന ഫില്‍ മാലി ലഹഖ്ഖന്‍ സിവസ്സകാതി(ധനത്തിനോട് സകാതല്ലാത്ത ബാധ്യതയും ബന്ധപ്പെട്ടിരിക്കുന്നു) എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ നിന്ന് സകാതല്ലാത്ത തുക, നികുതിയായോ മറ്റോ വസൂലാക്കാവുന്നതാണ്. യഥാര്‍ഥത്തില്‍ സകാതിന്റെ നിരക്ക് മാറ്റത്തിനു വിധേയമല്ലെന്നതിന് കൂടി തെളിവണ് മേല്‍ ഹദീസ്. സകാതിന്റെ തുക മാറ്റാന്‍ പാടുണ്ടായിരുന്നുവെങ്കില്‍ ഈ നബിവചനത്തിന്റെ ആവശ്യമുണ്ടാവുകയില്ല.


കൃഷിയുടെ സകാത്

 41-ചോ: _കൃഷിയുടെ സകാത് ആരൊക്കെയാണ് കൊടുക്കേണ്ടത്? സകാത് വിഹിതം എത്രയാണ്?
ഉ: വന്‍കിട കര്‍ഷകരാണ് ഇസ്ലാമിക വീക്ഷണത്തില്‍ സകാത് കൊടുക്കേണ്ടത്. ചെ റുകിട കര്‍ഷകര്‍ സകാത് കൊടുക്കേണ്ടതില്ല._ “കാരക്കയിലും, (തൊലിയില്‍ സൂക്ഷിക്കുന്നതല്ലാത്ത) ധാന്യത്തിലും അഞ്ച് വസ്ഖ് എത്തുന്നതുവരെ സകാതില്ല” (മുസ്ലിം). അഞ്ച് വസ്ഖ് എന്നാല്‍ 300 സ്വാഅ്. മൂന്ന് ലിറ്ററും 200 മി. ലിറ്ററുമാണ് ഒരു സ്വാഅ അപ്പോള്‍ 300 സ്വാഅ 960 ലിറ്ററാണ്. നെല്ല് തൊലിയില്‍ സൂക്ഷിക്കുന്നതിനാല്‍ അതിന്റെ കണക്ക് പത്ത് വസ്ഖാണ്. അതായത് 1920 ലിറ്റര്‍. ഉമി കളഞ്ഞ അഞ്ച് വസ്ഖ് ലഭിക്കാനാണിത്. 1920 ലിറ്റര്‍ നെല്ലു വിളയുന്ന കര്‍ഷകനാണ് തന്റെ കൃഷിക്കുവേണ്ടി സകാത് കൊടുക്കേണ്ടത്. അതില്‍ കുറഞ്ഞ വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് ഇസ്ലാം സകാതിനെത്തൊട്ട് ഇളവ് നല്‍കിയിട്ടുണ്ട്.
വര്‍ഷത്തില്‍ 960 ലിറ്റര്‍ ധാന്യങ്ങള്‍ വിളയുന്ന കര്‍ഷകര്‍ തന്റെ കാര്‍ഷിക വരുമാനത്തിന്റെ പത്തു ശതമാനമാണ് സകാതായി നല്‍കേണ്ടത്. കൃഷി വളര്‍ത്താന്‍ ജലസേചനം വഴി ചിലവ് വന്നിട്ടുണ്ടെങ്കില്‍ അഞ്ച് ശതമാനം സകാത് നല്‍കിയാല്‍ മതി.
എല്ലാ കൃഷിക്കും സകാത് കൊടുക്കേണ്ടതില്ല. പഴങ്ങളില്‍ ലോക നിലവാരമുള്ളതും ഉണക്കി സൂക്ഷിക്കാവുന്നതുമായ കാരക്ക, മുന്തിരി എന്നിവക്കു മാത്രമാണ് സകാതുള്ളത്. അവയല്ലാത്ത പഴങ്ങള്‍ കൃഷിചെയ്യുന്നവര്‍ സകാത് കൊടുക്കേണ്ടതില്ല. മുഖ്യാഹാരമായ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യുന്നവരും സകാത് കൊടുക്കണം. ഇവയല്ലാത്ത കൃഷിക്ക് സകാത് കൊടുക്കേണ്ടതില്ല. പക്ഷേ, അപ്രകാരമുള്ള കാര്‍ഷികോത്പന്നങ്ങള്‍ വിറ്റുകിട്ടുന്ന പണം സകാതിന്റെ തുക തികയുകയും ശേഷം വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ ആ സംഖ്യക്ക് കര്‍ഷകര്‍ സകാത് കൊടുക്കണം. അത് കൃഷിയുടെ സകാത്തല്ല.

 _42-ചോ: പമ്പുസെറ്റ് കൊണ്ട് നനച്ചും മഴകൊണ്ട് നനഞ്ഞുമുണ്ടായ കൃഷിക്ക് എത്രയാണ് സകാത് കൊടുക്കേണ്ടത്?
ഉ: പമ്പുസെറ്റു കൊണ്ട് നനച്ചുണ്ടാക്കിയതിന്റെ അഞ്ച് ശതമാനവും മഴകൊണ്ട് നനഞ്ഞുണ്ടായതിന്റെ പത്ത് ശതമാനവും സകാത് കൊടുക്കണം. രണ്ടുവിധത്തിലുള്ള നനവും ഒന്നിനുഭവിച്ചു കൊണ്ട് വളര്‍ന്നുണ്ടായ കൃഷിയാണെങ്കില്‍ സകാതിനെ സംബന്ധിച്ചിടത്തോളം വ്യത്യാസമുണ്ടാകും. രണ്ടു നനവും തുല്യ അളവിലാണെങ്കില്‍ കാര്‍ഷിക വിളയുടെ പത്തിലൊന്നിന്റെ നാലില്‍ മൂന്നുഭാഗം സകാത് കൊടുക്കണം. ഉദാഹരണത്തിന് നൂറ് ചാക്ക് നെല്ലുണ്ടായത് മഴവെള്ളവും പമ്പുസെറ_