(PART ‎25) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ ‎

 


 ഹബീബിനെ ﷺ
          💖പ്രണയിച്ചവൾ💖
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰


           ⛔Part-25⛔

'ഇക്ക, ഇതിലൂടെയായിരിക്കുമല്ലേ...ഹബീബ് ﷺ മദീനയിലേക്ക് ഹിജ്‌റ പോയത്....?' 

നൂറ അവന്റെ കൈകള്‍ക്കിടയിലൂടെ തന്റെ കൈകോര്‍ത്ത് പിടിച്ച് തോളില്‍ ചാഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു. അവരിപ്പോള്‍ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ബസിലാണ്. 

മക്കയില്‍ നിന്ന് ഏകദേശം അഞ്ചുമണിക്കൂറ് വേണം മദീനയിലേക്ക്. ആ വഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ആര്‍ക്കാണ് ഹബീബ് ﷺയെ ഓര്‍മവരാതിരിക്കുക. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹബീബുംﷺ പ്രിയപ്പെട്ട സിദ്ധീഖോരും മദീനയെ ലക്ഷ്യം വെച്ച് യാത്രചെയ്തത് കൊണ്ടാണല്ലോ മദീനയിന്ന് പ്രണയ ലോകത്തിന്റെ ഹൃദയമായി മാറിയത്.

 ആ രാത്രിയില്‍ മക്കയില്‍ എന്റെ ഹബീബ് ﷺ താമസിച്ചിരുന്ന വീട്ടില്‍ അവിടുത്തെ ﷺ വധിക്കാന്‍ വേണ്ടി പുറത്തിറങ്ങുന്നതും കാത്ത് ഊരിപിടിച്ച പടവാളുമായി ഖുറൈശികള്‍ നിയോഗിച്ച യുവാക്കളടങ്ങുന്ന സംഘം കണ്ണിമവെട്ടാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. 
ആ ശത്രുവ്യൂഹത്തില്‍ നിന്ന് ഒരു പോറലുമേല്‍ക്കാതെ പുറത്ത് വന്ന് മദീനയിലേക്ക് തലഉയര്‍ത്തി നിവര്‍ന്ന് ചെന്ന ഹബീബ് ﷺയെ കുറിച്ചോര്‍ത്തപ്പോള്‍ ഇതുപോലൊരു സാങ്കല്‍പിക നായക കഥാപാത്രത്തെ പോലും ഒരുപക്ഷെ, ഇന്ന് ഒരുസംവിധായകനും ഊഹിക്കാന്‍ വരെ സാധിക്കില്ലെന്ന് നൂറ മനസ്സില്‍ നിനച്ചു. ആ തോന്നല്‍ ശരിയാണെന്ന് അവളുടെ ശരീരത്തിലെ ഓരോ രോമങ്ങളും എടുത്തു പിടിച്ച് നിന്നു കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 

പിന്നീടൊരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ ഹിജ്‌റ ആറാം വര്‍ഷം ഉംറ ചെയ്യാന്‍ വേണ്ടി ഹബീബുംﷺ പ്രിയപ്പെട്ടവരും മക്കയിലേക്ക് തിരിക്കുന്നുണ്ട്. അന്ന് ഹറമിന്റെ അതിര്‍ത്തിയായ ഹുദൈബിയയില്‍ വെച്ച് അവര്‍ക്ക് മടങ്ങേണ്ടിവന്നു. അന്ന് എത്രമേല്‍ സങ്കടം വന്നുകാണുമെന്റെ ഹബീബിﷺക്കെന്ന് നൂറയുടെ മനസ്സ് നീറി. പക്ഷെ, സര്‍വ്വാംഗീകൃതനായി അവിടുന്ന് ﷺ രാജകീയ പ്രൗഢിയോടെ മക്കാ ഫത്ഹിന്റെ ദിവസത്തില്‍ വരുന്നതിനെ കുറിച്ചാലോചിച്ചപ്പോള്‍ അവള്‍ക്ക് കുളിരു കോരി. 

ബസിപ്പോള്‍ മദീനയോട് അടുക്കുകയാണ്. അല്‍മദീനത്തുല്‍ മുനവ്വറ- വര്‍ഷങ്ങള്‍ക്ക് മുമ്പെന്നോ എന്റെ ഹൃദയം ശരീരത്തോട് യാത്ര പറഞ്ഞിറങ്ങിയതിങ്ങോട്ടായിരുന്നു ഹബീബേ ﷺ. ആ ഹൃദയത്തെ തേടിയാണ് എന്റെ ശരീരം ഇങ്ങോട്ട് വന്നത്. അങ്ങയോട് ﷺ ലയിച്ചിരിക്കുന്ന ആ ഹൃദയത്തോടൊപ്പം ഈ ശരീരത്തേയും അങ്ങയിലേക്ക് ﷺ ലയിപ്പിക്കാണേ...മദീനയെന്ന ബോഡ് ദൂര നിന്ന് കണ്ടത് മുതല്‍ അവളുടെ ഉള്ളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് ഒരാള്‍ക്കും വിവരിക്കാന്‍ കഴിയുകയില്ല. 

'ഇക്ക, ഇറങ്ങാറായി നമുക്ക് എഴുന്നേല്‍ക്കാം....'
മദീനയുടെ ബോര്‍ഡറിലേക്ക് ബസ് എത്തുന്നതിന് മുമ്പ് നൂറ സീറ്റില്‍ നിന്ന് ചാടിയെണീറ്റു. ബസിലെ ബാക്കിയാത്രികരെല്ലാം അവളെ കൗതുകത്തോടെ നോക്കി. പക്ഷെ, ബസില്‍ മറ്റുള്ളവരും തന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന കാര്യം പോലും അവള്‍ക്ക് ഓര്‍മയില്ലെന്ന് തോന്നുന്നു. കാരണം അവളുടെ ചിന്താ ശേഷി വര്‍ഷങ്ങള്‍ക്ക് മുമ്പേ മദീനക്ക് പണയപ്പെടുത്തിയതാണല്ലോ. പത്ത് മീറ്ററു കൂടി കടന്നാല്‍ ബസ് ഔദ്യോഗികമായി മദീനയുടെ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിക്കും.

ട്രീണീം....ട്രീണീം.....

നൂറയുടെ അലാറം നിർത്താതെയടിച്ചു. അവള്‍ ഞെട്ടിയെണീറ്റു. താന്‍ സ്വപ്‌നത്തിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അല്‍പ സമയമെടുത്തു. അവള്‍ക്ക് സങ്കടം കൊണ്ട് കരച്ചില്‍ വന്നു. കണ്ണുമടച്ച് ആ ആശുപത്രി ബെഡില്‍ കുറച്ച് സമയം കൂടെ ഇരുന്നു. അല്‍പസയത്തിന് ശേഷം വുളൂഅ് ചെയ്തു വന്നു,തഹജ്ജുദ് നിസ്‌കരിച്ചു. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണേയെന്ന്...റബ്ബിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. 

ജീവിതത്തില്‍ തഹജ്ജുദ് നഷ്ടപ്പെട്ട ദിവസം അവള്‍ക്കുണ്ടായിട്ടില്ല. ഓര്‍മവെച്ച നാള്‍ മുതല്‍ ഉപ്പച്ചിയോടൊപ്പം തഹജ്ജുദ് നിസ്‌കരിക്കുമായിരുന്നു. അതിനും ഒരു സ്വപ്‌ന കഥയുമായി ബന്ധമുണ്ട്. അവള്‍ താന്‍ തഹജ്ജുദ് നിസ്‌കാരം പതിവാക്കാനുണ്ടായ കാരണത്തെ കുറിച്ചാലോചിച്ചു. ഉപ്പച്ചിയോടൊപ്പം യാന്ത്രികമായി നിസ്‌കരിക്കാറുണ്ടെങ്കിലും തഹജ്ജുദ് എന്റെ ജീവിത വിജയത്തിനാവശ്യമാണെന്ന് തോന്നിയത് ഉപ്പച്ചി ആ കഥ പറഞ്ഞു തന്നത് മുതല്‍ക്കാണ്.

'ഹബീബായ നബിﷺതങ്ങള്‍ സ്വഹാബാക്കള്‍ക്ക് അവര്‍ കാണുന്ന സ്വപ്‌നത്തിന്റെ വ്യാഖ്യാനങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു. ഒരോരുത്തരും അവര്‍ കണ്ട സ്വപ്‌നം ഹബീബ് ﷺയോട് ആവേശത്തോടെ പറയുമായിരുന്നു. 

ഇതെല്ലാം നോക്കി കൊണ്ട് ഉമര്‍ (റ) വിന്റെ മകന്‍ അബ്ദുല്ലായെന്നവര് ഒരു മൂലക്കങ്ങനെ നില്‍ക്കും. സാധാരണ സ്വപ്‌നം കാണാറില്ലാത്ത അബ്ദുല്ലാഹിബ്‌ന് ഉമര്‍ തങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ കൊതിയായി. കാരണം സ്വപ്‌നം കണ്ടാല്‍ അത് ഹബീബ്ﷺയോട് പറയാമല്ലോ. അപ്പോള്‍ അവിടുന്നതിന്റെ വ്യാഖ്യാനം പറയുമല്ലോ. അതിന് വേണ്ടിയിട്ടാണ്.:'

ഉപ്പച്ചി ഒന്ന് നിറുത്തിയിട്ട് കൂട്ടി ചേര്‍ക്കാനെന്നോണം പറഞ്ഞു:

' ഈ അബ്ദുല്ലാഹി ബ്‌നു ഉമര്‍ തങ്ങള് അല്ലാഹുവിന്റെ റസൂലിﷺന്റെ ഏറ്റവും വലിയ ആശിഖാണ് കെട്ടോ. 'മുത്തബിഉ സുന്ന' എന്ന പേരിലാണ് പില്‍ക്കാലത്ത് മഹാനവര്‍കള്‍ അറിയപ്പെട്ടത് തന്നെ. അഥവാ,

ജീവിതത്തില്‍ നബി തങ്ങള്‍ എന്തൊക്കെ ചെയ്തിട്ടുണ്ടായിരുന്നോ അതെല്ലാം അതുപോലെ മഹാനരും ചെയ്തിരുന്നു.

 ഒരിക്കല്‍ ഒരു വഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ) തല കുനിച്ച് കൊണ്ട് യാത്ര തുടര്‍ന്നു. കൂടെ യാത്ര ചെയ്യുന്ന ആര്‍ക്കും സംഗതി മനസ്സിലായില്ല. 
എന്തിനാണ് നിങ്ങളങ്ങനെ ചെയ്തതെന്ന് ചോദിക്കപ്പെട്ടു. 

മഹാന്‍ പറഞ്ഞു: 
ഹബീബ്ﷺ ഒരിക്കല്‍ ഈ വഴിക്ക് യാത്ര ചെയ്തപ്പോള്‍ ഇവിടേക്ക് ചാഞ്ഞ് നില്‍ക്കുന്ന ഒരു മരക്കൊമ്പുണ്ടായിരുന്നു. അത് മറികടക്കാന്‍ വേണ്ടി തലകുനിച്ചിട്ടാണ് ഇതിലൂടെ പോയത്. അതിപ്പോള്‍ മുറിച്ചു കളഞ്ഞെങ്കിലും ഹബീബ്ﷺ പോയത് പോലെ പോകാനാണെനിക്കിഷ്ടം'
 ഇങ്ങനെ ഹബീബിﷺനെ പ്രണയിച്ചവരും പിന്തുടര്‍ന്നവരുമായിരുന്നു അവര്. 

ഉപ്പച്ചി വീണ്ടും കഥയിലേക്ക് തന്നെ വന്നു.
'അങ്ങനെ കുട്ടിയായ അബ്ദുല്ല ഒരു ദിവസം മദീനത്തെ പള്ളിയില്‍ കിടന്ന് അല്ലാഹുവിനോട് കരഞ്ഞു പറഞ്ഞു; 
അല്ലാഹുവേ, എന്നില്‍ എന്തെങ്കിലും നന്മയുണ്ട് എന്ന് നീ കരുതുന്നുവെങ്കില്‍ എനിക്ക് നീയൊരു സ്വപ്‌നം കാണിക്ക്. എന്നിട്ട് വേണം എനിക്കതെന്റെ ഹബീബിﷺനോടൊന്ന് പറയാന്‍.
അന്ന് മഹാന്‍ മസ്ജിദുന്നബവിയില്‍ കിടന്ന് ഉറങ്ങി പോയി. ആ രാത്രിയവര് സ്വപ്‌നം കാണാന്‍ തുടങ്ങി:

മരിക്കുന്നതായിട്ടായിരുന്നു സ്വപ്നം.
 അദ്ദേഹത്തെ രണ്ട് മലക്കുകകള്‍ പിടിച്ചു കൊണ്ട് നരകത്തിന് നേരെ നടന്നക്കുന്നു. മലക്കുകള്‍ മൂടികൊണ്ട് അടക്കപ്പെട്ട നരകം മഹാനവര്‍കളെ കാണിച്ചു. മഹാനവര്‍കള്‍ക്ക് പരിചയമുള്ള ഒരുപാട് മുഖങ്ങളവിടെയുണ്ട്. അദ്ദേഹം ആകെ ഭയവിഹ്വലരായി. ഭയപ്പെട്ട് നില്‍ക്കുന്ന മഹാനെ കണ്ട് മറ്റൊരു മലക് വന്നിട്ട് പറഞ്ഞു. 
' ഏയ്, നിങ്ങള് ഭയപ്പെടേണ്ടതില്ല'

മഹാനവര്‍കള്‍ സ്വപ്‌നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ഹബീബിﷺനെ കാണാന്‍ വേണ്ടി ഓടി. മഹാന്‍ താൻ കണ്ട സ്വപ്‌നം ഹബീബ്ﷺയുടെ ഭാര്യയും മഹാനവര്‍കളുടെ പെങ്ങളുമായ ഹഫ്‌സ ബീവിയോട് പറഞ്ഞു: 

"ഇത്താ, ഞാനിങ്ങനെയൊരു സ്വപ്‌നം കണ്ടിട്ടുണ്ട്. നിങ്ങളതൊന്ന് സൗകര്യം പോലെ ഹബീബ്ﷺയോട് പറയണേ....'

മഹതിയത് ഹബീബിﷺനോട് പറഞ്ഞു. അത് കേട്ട് പുഞ്ചിരിയോടെ നബി ﷺതങ്ങള് പറഞ്ഞു:

" വല്ലാതെ, ഭാഗ്യം ചെയ്ത കുട്ടിയാണല്ലോ....അബ്ദുല്ല. രണ്ട് റക്അത്ത് തഹജ്ജുദ് കൂടി നിസ്‌ക്കരിക്കുകയാണെങ്കില്‍ വളരെ നന്നാകുമായിരുന്നു.'

അഥവാ, ആ രണ്ട് റക്അത്ത് കൂടെ നിസ്‌കരിച്ചാല്‍ നരകം കാണാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമായിരുന്നുവെന്ന് ഉദ്ദേശ്യം. 
ഈ സംഭവം പറഞ്ഞിട്ട് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: 

'ഇതിന് ശേഷം എന്റെ ജീവിതത്തില്‍ ഞാന്‍ തഹജ്ജുദ് നിസ്‌കാരം ഉപേക്ഷിച്ചിട്ടില്ല.'

കഥപറഞ്ഞിട്ട് ഉപ്പച്ചി ചോദിച്ചു: 
മോള്‍ക്ക് നരകം കാണാതെ സ്വര്‍ഗത്തിലേക്ക് പോണ്ടേ....
' ആ...പോണം'
'ന്നാല്..ആരും വിളിക്കാതെ തന്നെ...മോള് എണീറ്റ് വന്ന് തഹജ്ജുദ് നിസ്‌കരിക്കണം'
'ഉം...ഇന്‍ ഷാ അല്ലാഹ്'
അന്ന് മുതലാണ് ഉള്ളു തട്ടി തഹജ്ജുദ് നിസ്‌കരിക്കാന്‍ തുടങ്ങിയത്. 

സുബ്ഹ് നിസ്‌കാരത്തിനും ഔറാദുകള്‍ക്കും ശേഷം നൂറ ഖിബ് ലക്ക് അഭിമുഖമായി പത്മാസനത്തിലെന്ന പോലെ ചമ്രംപടിഞ്ഞിരുന്നു. കണ്ണുകളടച്ചിരുന്ന് മനസ്സിനെ ശാന്തമാക്കി. അവളങ്ങനെയിരിക്കുമ്പോയാണ് ഉപ്പച്ചി ഹോസ്പിറ്റലിനടുത്തുള്ള പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞു വന്നത്.
'ഇന്ന് ഉച്ച തിരിഞ്ഞാല്‍ പോകാമെന്നാണ് ഡോക്ടറുടെ ഇന്നലെയുള്ള സംസാരിത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഏതായാലും ഒമ്പത് മണിയാകുമ്പോഴേക്ക് ഡോക്ടര്‍വരുമല്ലോ. ബാക്കി അപ്പോള്‍ തീരുമാനിക്കാം.
ഉപ്പച്ചിക്ക് തന്നെക്കാള്‍ കൂടുതല്‍ കൊതിയുണ്ട് വീട്ടിലെത്താനെന്ന് തോന്നുന്നു. അല്ലെങ്കിലും ആരാണ് ആശുപത്രികിടക്കയിലിങ്ങനെ # 2 കിടക്കാനും ഇവിടെ കൂട്ടിരിക്കാനും ഇഷ്ടപെടുക. നൂറ മനസ്സില്‍ കരുതി.

'അതേ, ഡോക്ടര്‍ വന്നോട്ടെ' 
നൂറ തലയാട്ടിക്കൊണ്ട് പറഞ്ഞു. ഉപ്പച്ചി വന്നപ്പോള്‍ പത്രംകൊണ്ടുവന്നിരുന്നു. രാവിലെ കട്ടന്‍ കിട്ടിയില്ലെങ്കിലും പത്രം കിട്ടാതിരുന്നാല്‍ ഉപ്പച്ചിക്ക് സഹിക്കൂല. അതാണ് ഉപ്പച്ചിയും പത്രവും തമ്മിലുള്ള ബന്ധം. ഉപ്പച്ചിയുടെ പത്രവായനക്ക് ശേഷം കട്ടിലില്‍ വെച്ച പത്രമെടുത്ത് നൂറ മറിച്ചു. 

***
പതിവ് പോലെ ഹോസ്പിറ്റലിലേക്കിറങ്ങുമ്പോള്‍ ഉമ്മ വാതില്‍ക്കല്‍ വന്ന് നില്‍ക്കാറുണ്ട്. 
'ഇന്നന്തേ കാണുന്നില്ലാ...!?' 
സഫിയാത്താനെ തന്നെ യാത്രയാക്കാന്‍ കാണാത്തത് കണ്ടപ്പോൾ ഫാത്തിഹ് അടുക്കളയുടെ ഭാഗത്തേക്ക് അന്വേഷിച്ചു ചെന്നു. അവിടെയുമില്ല. 

'ഉമ്മാ....'
അവന്‍ കുറച്ചുറക്കെ വിളിച്ചു.

' ആ..ദാ വരുന്നു'
അല്‍പ സമയത്തിന് ശേഷം പര്‍ദ്ധയും ബുര്‍ഖയുമെല്ലാമിട്ട് അണിഞ്ഞൊരുങ്ങി സഫിയാത്ത ഫാത്തിഹിന് മുമ്പില്‍ ഹാജരായി. 

'ങ്‌ള്ത് എങ്ങോട്ടാണുമ്മ...? '

'അപ്പൊ ജ്ജ് ഞാനിന്നലെ പറഞ്ഞതൊക്കെ മറന്നോ...'

ഫാത്തിഹിന്റെ ചോദ്യത്തിന് സഫിയാത്തയുടെ മറുചോദ്യം

'എന്ത് മറന്നോന്ന്.....'

ഫത്തിഹിന് വീണ്ടും സംശയം.

'ഞാനാ...കുട്ടിനൊന്ന് കാണാനാണ്. ഒന്ന് പരിജയപ്പെടാലോ'

സഫിയാത്ത ഒരു പ്രത്യേക ട്യൂണില്‍ പറഞ്ഞു.

'ന്റുമ്മാ...ങ്‌ള് ന്റെ പേഷ്യന്റിനെ കൊണ്ടെന്നെ എനിക്ക് പെണ്ണന്വേഷിക്കാന്‍ പോവാണോ....?'

'അയ്‌ന് മാത്രമൊന്നുമല്ല. എനിക്കെന്‍റെ ഷുഗറൊന്ന് ചെക്ക് ചെയ്യുകയും വേണം...എന്താന്നറിയൂല...ഇടക്കൊക്കെ തലകറക്കവും മേലാക വേദനയുമുണ്ട്...'
സഫിയാത്ത ഫാത്തിഹിന്റെ മുമ്പില്‍ വഴങ്ങി കൊടുക്കാതിരിക്കാന്‍ മറ്റൊരു മാര്‍ഗം കൂടെ കണ്ടെത്തി.

'അതെപ്പോ....എന്നോടിത് വരേ ഇതൊന്നും ങ്‌ള് പറഞ്ഞീലല്ലോ....!?'
ഫാതിഹ് വിടുന്ന മട്ടില്ലാന്ന് കണ്ടപ്പോള്‍ സഫിയാത്ത പറഞ്ഞു.
'ജ്ജ് വണ്ടീല്‍ കയറ്...ഞാനൊക്കെ വണ്ടീന്ന് പറയാം...'
ഫാത്തിഹിന് മുമ്പില്‍ മറ്റു മാര്‍ഗമില്ലായിരുന്നു. അവന്‍ ഉമ്മാനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് തിരിച്ചു.

( *തുടരും....*) 

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here