മരണം സംഭവിച്ച ഉടനെ ചെയ്യേണ്ടതായ കാര്യങ്ങൾ എന്തൊക്കെയാണ്?


മരണം സംഭവിച്ച ഉടനെ ചെയ്യേണ്ടതായ കാര്യങ്ങൾ എന്തൊക്കെയാണ്?

1. “ബിസ്മില്ലാഹി വ അലാ മില്ലത്തി റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം” എന്ന് ചൊല്ലിക്കൊണ്ട് കണ്ണുകൾ അടച്ചു കൊടുക്കുക. അബൂസലമ (റ) യുടെ തുറന്നു കിടന്നിരുന്ന കണ്ണുകൾ നബി (സ) അടച്ചതായി ഇമാം മുസ്ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

2. താട കെട്ടുകയാണ് അടുത്തത്. താട മുഴുവനും ഉൾകൊള്ളാവുന്ന വീതിയുള്ള ഒരു തുണി (നാട) കൊണ്ട് വായ അടയുന്ന വിധം തലയി ലേക്ക് കെട്ടുക.

3. സന്ധികൾ മയപ്പെടുത്തി കൊടുക്കുക. വിരലുകളും കൈ കാലുകളുമെല്ലാം സാവധാനം പല പ്രാവശ്യം മടക്കി നിവർത്തി കൊണ്ടാണ് ഇത് ചെയ്യേണ്ടത്.

4. മരണ നേരം ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചരടുകൾ എല്ലാം അഴിച്ചു മാറ്റുക.

5. അധികം ഘനമില്ലാത്ത, നിഴൽ കാണാത്ത തുണി കൊണ്ട് ശരീരം മുഴുവൻ മറക്കുക. തുണിയുടെ ഒരറ്റം തലയുടെ അടിയിലേക്കും മറ്റേ അറ്റം കാലിന്റെ ചുവടിലേക്കുമായി മടക്കി വെക്കണം.

6. വിരിപ്പ്, പായ തുടങ്ങിയവയൊന്നുമില്ലാതെ തല കിഴക്കും കാല് പടിഞ്ഞാറുമായി ഖിബ് ലക്ക് നേരെയായി കട്ടിലിൽ കിടത്തുക. തലയുടെ ചുവടിൽ വല്ലതും വെച്ച് തല അൽപം ഉയർത്തണം.വിരിപ്പ്, പായ തുടങ്ങിയവയൊന്നുമില്ലാതെ തല കിഴക്കും കാല് പടിഞ്ഞാറുമായി ഖിബ് ലക്ക് നേരെയായി കട്ടിലിൽ കിടത്തുക. തലയുടെ ചുവടിൽ വല്ലതും വെച്ച് തല അൽപം ഉയർത്തണം. 7. വയറിന്മേൽ ഘനം വെക്കുക. ഇരുമ്പിന്റെ വസ്തുക്കളാണ് ഉത്തമം. നനഞ്ഞ മണ്ണ്, മണൽ തുടങ്ങിയവ തുണിയിൽ പൊതിഞ്ഞ് വെക്കാവുന്നതാണ്. മയ്യിത്ത് മൂടിയ തുണിയുടെ ഉള്ളി ലായി വയറിന്മേൽ വെക്കാവുന്നതാണെങ്കിലും തുണിയുടെ മുകളിൽ വെക്കലാണ് ഉത്തമം. ഏകദേശം അറുപതോളം ഗ്രാമാണ് തൂക്കം വേണ്ടത്. ജീവനുള്ള സമയത്ത് അദ്ദേഹത്തിന്റെ വയറിനു മുകളിൽ വെച്ചാൽ പ്രയാസം അനുഭവപ്പെടും വിധം ഘനം കൂടരുത്. മയ്യിത്ത് സ്ത്രീയാണെങ്കിൽ അന്യ പുരുഷന്മാരും പുരുഷ നാണെങ്കിൽ അന്യ സ്ത്രീകളും ഈ കാര്യങ്ങൾ ചെയ്യരുത്. ആണിന് ആണും പെണ്ണിന് പെണ്ണും ചെയ്തു കൊടുക്കലാണ് ഉത്തമം.ബന്ധുക്കളിൽ ഏറ്റവും ദയയുള്ളവർ നിർവ്വഹിക്കലാണ് നല്ലത്. പുരുഷൻ മരിച്ചാൽ മഹ്റമായ (വിവാഹം നിഷിദ്ധമായ) സ്ത്രീയും സ്ത്രീ മരിച്ചാൽ മഹ്റമായ പുരുഷനും ചെയ്തു കൊടുക്കുന്നത് അനുവദനീയമാണ്. പ്രത്യേകം ശ്രദ്ധിക്കുക: ഇവയൊക്കെ ചെയ്യുമ്പോൾ മയ്യിത്തിന്റെ ശരീര ഭാഗങ്ങൾ പ്രത്യേകിച്ചും ഔറത്ത് ഭാഗം വെളിയിൽ കാണാത്ത വിധം ശ്രദ്ധിക്കേണ്ടതാണ്.