🔅Part :15🔅അബൂബക്കർ സിദ്ധീഖ് رضي الله عنه

 

അബൂബക്കർ സിദ്ധീഖ് رضي الله عنه

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊



                 🔅Part :15🔅

➰➰➰➰➰➰➰➰➰➰➰



📍അറിയാതെ വീണ മിഴിനീർ...



   ആദ്യ ലക്ഷ്യം സൗർ പർവ്വതമാണ്. നബിﷺയും സിദ്ദീഖ്(റ)വും ആ ലക്ഷ്യവും വെച്ചു കൊണ്ട് തങ്ങളുടെ വാഹനങ്ങളെ പായിച്ചു. ഇന്നു ആ ഗുഹയിൽ താമസിക്കാം. എന്നിട്ട് വീണ്ടും യാത്ര തുടരാം. തങ്ങൾ പുറപ്പെട്ടുവെന്നറിഞ്ഞു കഴിഞ്ഞാൽ ശത്രുക്കൾ പുറകെ തേടിവരാതിരിക്കില്ല. അവരുടെ കണ്ണിൽ ഒരിക്കലും പെട്ടുപോകരുത്. അവർക്ക് പിടികൊടുക്കരുത്. 


 അബൂബക്കർ(റ)വിന് മനസ്സിൽ ഒരു സമാധാനവുമുണ്ടായില്ല. സ്വന്തം കാര്യമോർത്തല്ല. പ്രവാചകൻ ﷺ കൂടെയുണ്ടല്ലോ എന്നതാണ് അദ്ദേഹത്തിന്റെ ആധിക്ക് കാരണം. സിദ്ദീഖ്(റ) കുറെ സമയം നബിﷺയുടെ മുമ്പിൽ നടക്കും. എന്നിട്ട് സമാധാനം വരാതെ കുറെ സമയം പിറകെ നടക്കും. 


 തനിക്ക് എന്ത് സംഭവിച്ചാലും ഒന്നും വരാനില്ല. പക്ഷെ നബി (ﷺ) അവിടുത്തേക്ക് ഒരു പോറലുപോലുമേൽക്കാൻ പാടില്ല. അങ്ങനെ വല്ലതും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ താൻ ജീവിച്ചിരിക്കുന്നതിലെന്തർത്ഥം. ഇത്തരം ചിന്തകളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചിരുന്നത്. നബി തിരുമേനിﷺയോട് അദ്ദേഹത്തിനുള്ള സ്നേഹം അവർണ്ണനീയമായിരുന്നു.


 ഒടുവിൽ അവർ രണ്ടുപേരും സൗർ ഗുഹക്കരികിലെത്തി. ആദ്യം ഗുഹക്കകത്തേക്ക് കയറാനൊരുങ്ങിയ തിരുമേനിﷺയെ അബുബക്കർ(റ) തടഞ്ഞു.


 “അങ്ങ് അവിടെ നിൽക്ക്. ഞാൻ ആദ്യം ഗുഹക്കകത്ത് പ്രവേശിച്ച്

അതിലെ സ്ഥിതി ഗതിയെന്താണെന്നറിഞ്ഞു വരാം.”


 മനുഷ്യവാസമില്ലാത്ത സ്ഥലം. വല്ല ഹിംസജന്തുക്കളൊ, വിഷജീവികളോ, മറ്റൊ ആ ഗുഹയിൽ താവളമടിച്ചിട്ടുണ്ടാകാനും മതി. അങ്ങനെയുണ്ടെങ്കിൽ തന്നെ അവ തന്നെ ആക്രമിച്ചുകൊള്ളട്ടെ. പ്രവാചകന്റെ (ﷺ) രോമത്തിനുപോലും ഒന്നും സംഭവിക്കാൻ പാടില്ല. അത്രമാത്രം സൂക്ഷ്‌മതയോടുകൂടിയാണ് അബൂബക്കർ(റ) പെരുമാറിയത്...


 അദ്ദേഹം മാളത്തിൽ പ്രവേശിച്ചു. ഗുഹയിൽ അങ്ങുമിങ്ങും കണ്ട പൊത്തുകൾ തുണി വലിച്ചു

കീറി അടച്ചു. ഒരു മാളം മാത്രം ബാക്കിയായി. അത് അടക്കാൻ തുണിക്കഷ്ണം ബാക്കിയുണ്ടായിരുന്നില്ല. ആ മാളം സിദ്ദീഖ് (റ) തന്റെ പാദം കൊണ്ട് അമർത്തിയടച്ചു.


 അനന്തരം പ്രവാചകൻ ﷺ അകത്തുകയറി. രണ്ടുപേരും നല്ലവണ്ണം തളർന്ന് അവശരായിരുന്നു. ഇതുവരെയും യാത്രചെയ്യുകയായിരുന്നില്ലേ...


 നബിതിരുമേനിﷺയുടെ ശിരസ്സ് സിദ്ദീഖ്(റ)വിന്റെ മടിയിലാണ്. മന്ദമാരുതന്റെ തലോടലേറ്റ് അവിടുന്ന് (ﷺ) നിദ്രയിലേക്ക് വഴുതിവീണു. ഉറക്കം കണ്ണുകളെ തഴുകിയെങ്കിലും സിദ്ദീഖ് (റ) അത് നിയന്ത്രിച്ചു. പ്രവാചകന് (ﷺ) കാവലിരിക്കേണ്ട താൻ ഉറങ്ങിപ്പോവുകയോ..? അതൊരിക്കലും ശരിയല്ല. അദ്ദേഹം കണ്ണ് തുറന്ന് പിടിച്ചിരുന്നു.


 മാളങ്ങളിലൊന്ന് സിദ്ദീഖ് (റ) പാദം കൊണ്ട് അടച്ച് പിടിച്ചിരിക്കുകയായിരുന്നല്ലൊ. ആ ദ്വാരത്തിൽ നിന്നും എന്തോ ഒന്ന് അദ്ദേഹത്തിന്റെ കാലിൽ കടിച്ചു. അസഹ്യമായ വേദന. കടച്ചിൽ. സിദ്ദീഖ്(റ) അനങ്ങിയില്ല. കാൽ വലിച്ചില്ല. താൻ ഇളകിപോയാൽ പ്രവാചകന്റെ (ﷺ) ഉറക്കിന് ഭംഗം വരും. അതായിരുന്നു ആ സ്നേഹമയന്റെ ഭയം. വേദന കടിച്ചിറക്കിക്കൊണ്ട് അദ്ദേഹം അവിടെത്തന്നെയിരുന്നു.


 വേദന കൂടിക്കൂടി വരികയാണ്. പ്രവാചകന്റെ (ﷺ) ഉറക്കത്തിന് ഒരു തരത്തിലും ഭംഗം വരരുത്. വേദനകൊണ്ട് പിടയുമ്പോഴും അതായിരുന്നു അബൂബക്കർ(റ)വിന്റെ ചിന്ത...


 ആ കണ്ണുകൾ അറിയാതെ നിറഞ്ഞു. ആ കണ്ണുകളിൽ നിന്നടർന്നുവീണ കണ്ണുനീർ ചെന്നുവീണത് പ്രവാചകന്റെ (ﷺ) മുഖകമലത്തിലാണ്. പെട്ടെന്ന് ഞെട്ടിയുണർന്നു നോക്കുമ്പോഴുണ്ട് തന്റെ കൂട്ടുകാരൻ കരയുന്നു.


 “താങ്കൾ കരയുന്നതെന്തിനാണ്..?”  സംഗതിയെന്തന്നറിയാതെ ഉൽക്കണ്ഠയോടുകൂടി നബി ﷺ ചോദിച്ചു.


 “എന്റെ കാലിൽ എന്തോ ഒന്ന് കടിച്ചു. വല്ലാത്ത വേദന...”


 “അതിനാണോ കരയുന്നത്. സാരമില്ല.” ഇത്രയും പറഞ്ഞ് നബി ﷺ തന്റെ വായിൽ നിന്നും അൽപം തുപ്പുനീരെടുത്ത് വേദനയുള്ള സ്ഥാനത്ത് പുരട്ടി. ഒരു വലിയ മൂർഖൻ പാമ്പായിരുന്നു സിദ്ദീഖ്(റ)വിനെ കടിച്ചിരുന്നത്. ആ ഘോരവിഷം പെട്ടെന്നിറങ്ങി. നൊമ്പരം ശമിച്ചു സിദ്ദീഖ് (റ) പുഞ്ചിരിപൊഴിച്ചു.


 (തുടരും)


 🍁إن شاء الله🍁

CLICK HERE TO GET FULL PART👇👇

 PART 01 - 21🔅 അബൂബക്കർ സിദ്ധീഖ് (R)

മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀