🔅Part :11🔅അബൂബക്കർ സിദ്ധീഖ് رضي الله عنه

   

                

അബൂബക്കർ സിദ്ധീഖ് رضي الله عنه

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊



                 🔅Part :11🔅

➰➰➰➰➰➰➰➰➰➰➰


📍എന്റെ സംരക്ഷകൻ...



   സിദ്ദീഖ്(റ)വും സംഘവും അവർ നാടും വീടും വിട്ട് പുറപ്പെട്ടിരിക്കുകയാണ്. എന്താണവർ ചെയ്ത കുറ്റം. ആരെയെങ്കിലും ദ്രോഹിച്ചോ, ആരുടെയെങ്കിലും ധനം അപഹരിച്ചോ, ആരെയെങ്കിലും മാനഭംഗപ്പെടുത്തിയോ? ഇല്ല. അത്തരം നീച പ്രവർത്തനങ്ങളൊന്നും അവർ ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് സ്വന്തം നാട്ടിൽ നിന്നവരെ ബഹിഷ്കൃതരാക്കുന്നത്..? 


 ബഹുദൈവ വിശ്വാസം വെടിഞ്ഞ് ഏക ഇലാഹായ അല്ലാഹു ﷻ വിൽ അവർ വിശ്വാസമർപ്പിച്ചു. അതുതന്നെ കാര്യം. മുശ്രിക്കുകൾക്കത് ദഹിച്ചില്ല. അവർ പലവിധ മർദ്ദനമുറകൾ അഴിച്ചുവിട്ടു. മർദ്ദനം കൊണ്ട് പൊറുതിമുട്ടിയപ്പോൾ സ്വന്തം നാട്ടിൽ നിൽക്കക്കള്ളിയില്ലാതായപ്പോൾ റസൂൽ തിരുമേനി (ﷺ) അവർക്ക് യാത്രാനുമതി നൽകിയതാണ്.


 ആ യാത്രകണ്ട് ഇബ്നുദുഗ്ന ചോദിച്ചു.  “അബൂബക്കർ അങ്ങ് എങ്ങോട്ടാണ് ഇവരുടെ കൂടെ ഈ പുറപ്പെട്ടിരിക്കുന്നത്.”


 “ഞങ്ങൾ എത്യോപ്യയിലേക്ക് പോവുകയാണ്.”


 “അതെന്താണ് എത്യോപ്യയിലേക്ക് പോകാൻ കാരണം..?”


 “പിറന്ന നാട്ടിൽ രക്ഷയില്ല. അല്ലാഹു ﷻ വിൽ വിശ്വസിച്ചതിന്റെ പേരിൽ

ഞങ്ങളെ മർദ്ദിച്ചവശരാക്കുകയാണ്. അക്കാരണത്താൽ ഞങ്ങൾ നബി

തിരുമേനി(ﷺ)യുടെ അനുമതിയോടുകൂടി എത്യോപ്യയിലേക്ക് ഹിജ്റ പോവു

കയാണ്...”


 “അബൂബക്കറെ, താങ്കൾ കുടുംബബന്ധത്തെ ചേർക്കുന്നവരാണ്. താങ്കൾ വിരുന്നുകാരെ മാന്യമായി ആദരിക്കുകയും സൽക്കരിക്കുകയും

ചെയ്യുന്നവരാണ്. ഓരോരുത്തരുടെയും അവകാശങ്ങൾ നിങ്ങൾ അർഹമായ രീതിയിൽ വകവെച്ചു കൊടുക്കുന്നു. ഇന്നുവരെയും മറ്റൊരുത്തന്റെ

അവകാശം നിങ്ങൾ ഹനിച്ചിട്ടില്ല. ഇത്രയും നല്ല ഒരു സ്വഭാവത്തിന്റെ ഉടമയായ താങ്കൾ ജനിച്ചുവളർന്ന നാട്ടിൽനിന്നും ഒളിച്ചോടുകയോ, ച്ഛേ,

ഒരിക്കലും അങ്ങനെ ചെയ്യരുത്. താങ്കൾ എന്നോടൊപ്പം വരൂ. മക്കയിൽ എല്ലാവിധ സുരക്ഷിതത്വവും ഞാൻ താങ്കൾക്ക് വാഗ്ദാനം ചെയ്യുന്നു. താങ്കൾ അല്ലാഹു ﷻ വിന് ആരാധന ചെയ്തുകൊള്ളൂ. ആരും നിങ്ങളെ തടയുകയില്ലെന്ന് ഞാനിതാ ഉറപ്പുതരുന്നു.”


 ഇബ്നുദുഗ്നയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ അബൂബക്കർ (റ)

തന്റെ എത്യോപ്യൻ യാത്ര ഉപേക്ഷിച്ച് മക്കയിലേക്ക് തന്നെ മടങ്ങി. ഇബ്നുദുഗ്ന മക്കയിലെത്തിയ ഉടനെ ഖുറൈശി പ്രമുഖരോട് ഇപ്രകാരം പറഞ്ഞു. 


 “സ്വഭാവശുദ്ധികൊണ്ടും മറ്റെല്ലാം കൊണ്ടും മുൻപന്തിയിൽ നിൽക്കുന്നവനാണ് അബൂബക്കർ. ആ അബൂബക്കറിന് എല്ലാവിധ സംരക്ഷണവും ഞാൻ നൽകിയിരിക്കുന്നു. അദ്ദേഹത്തെ ആരും ഒരു ഉപ്രദവവുമേൽപ്പിക്കരുത്.”


 പ്രമാണികളായ ഇബ്നുദ്ദഗ്നയുടെ വാക്കുകൾ ഖുറൈശികൾക്ക് തള്ളാനായില്ല. എങ്കിലും അവർ ഒരു നിബന്ധന വെച്ചു. അബൂബക്കർ അവന്റെ റബ്ബിന് ആരാധന ചെയ്തുകൊള്ളട്ടെ. പക്ഷെ, അത് പരസ്യമാക്കാൻ പാടില്ല. വളരെ രഹസ്യമായിട്ടായിരിക്കണം. 


 ആ കരാറനുസരിച്ച് അബൂബക്കർ(റ) തന്റെ ആരാധനകൾ രഹസ്യമാക്കി. നിസ്കരിക്കുന്നതും ഖുർആൻ ഓതുന്നതുമൊന്നും ആരും കാണാൻ പാടില്ല. ഇപ്രകാരം അദ്ദേഹം കുറച്ചു കാലം ജീവിച്ചു.


 ഇതെന്തൊരു സ്വാതന്ത്ര്യമാണ്. തനിക്ക് ഇഷ്ടാനുസരണം രക്ഷിതാവിനെ വണങ്ങുവാനോ അവനിൽ സ്തുതികളർപ്പിക്കുവാനോ പാടില്ല. കേവലം ഒരു ഭീരുവിനെപ്പോലെ ഇബാദത്തുകളെടുത്ത് വീട്ടിൽ ഒതുങ്ങിക്കൂടുന്നതിനെ ആ ധീരമാനസൻ ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല. 


 വയ്യ, തനിക്കിനി ഒളിച്ചു വസിക്കാൻ വയ്യ. പിന്നെ അബൂബക്കർ ചെയ്തതെന്താണെന്നോ?, സ്വന്തം വീട്ടുമുറ്റത്തു ചെറിയൊരു ആരാധനാലയം പണിതു. തന്റെ ആരാധനകളെല്ലാം അങ്ങോട്ടുമാറ്റി. 


ഇപ്പോൾ അബൂബക്കർ(റ) ഖുർആൻ പാരായണം ചെയ്യുന്നതും നിസ്കരിക്കുന്നതുമെല്ലാം ആ പുതിയ

ആരാധനാലയത്തിൽ വെച്ചാണ്. ഇബാദത്തിലും ഖുർആൻ പാരായണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്റെ സ്വരം പരിധിവിട്ട് ഉയർന്നു പോകുന്നതൊന്നും അദ്ദേഹം നിയന്ത്രിക്കാനൊരുങ്ങിയില്ല.


 അബൂബക്കർ(റ)വിന്റെ വീട്ടിനു മുന്നിലൂടെ നടന്നു പോവുകയായിരുന്ന ഖുറൈശി പ്രമാണികളെ ആ ശബ്ദം വല്ലാതെ അലോസരപ്പെടുത്തി. അവർക്ക് നിൽക്കപ്പൊറുതിയുണ്ടായില്ല. ഇവന്റെ ശല്യം ഒഴിഞ്ഞതാണ്. വീണ്ടും ഇവിടെ പിടിച്ചു കൊണ്ടുവന്നത് ഇബനുദുഗ്നയാണ്. ഇതിനൊക്കെ അയാളെ പറഞ്ഞാൽ മതി. ഇതിനൊരു പരിഹാരമുണ്ടാക്കണം.

ഏതായാലും ഇബ്നുദ്ദുഗ്നയെ വരുത്തുക തന്നെ. ദുഗ്നയുടെ മകൻ വന്നു. 


 ഖുറൈശി നേതാക്കൾ പറഞ്ഞു: “താങ്കളുടെ സംരക്ഷണയുള്ളതുകൊണ്ട് ഞങ്ങൾ അബൂബക്കറിനെ ഒന്നും ചെയ്യാത്തത്. അവൻ അന്നു ചെയ്ത വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തിയിരിക്കുന്നു. രഹസ്യമാക്കാമെന്നേറ്റ കാര്യങ്ങളെല്ലാം അവൻ പരസ്യമാക്കാൻ തുടങ്ങിയിരിക്കുന്നു. അവന്റെ ഓത്തും നിസ്കാരവുമെല്ലാം കേട്ടുകൊണ്ട് അറിവില്ലാത്ത നിരപരാധികളായ ജനങ്ങൾ ആ വലയിൽ വീണുപോകുമോ എന്നാണ് ഞങ്ങൾ സംശയിക്കുന്നത്. അതുകൊണ്ട് നിങ്ങൾ അവന് നൽകിയ സംരക്ഷണം പിൻവലിക്കുക. ബാക്കി എന്തു ചെയ്യണമെന്നത് ഞങ്ങൾക്കറിയാം.” “ഏതായാലും ഞാൻ അബൂബക്കറിനോട് ഒന്ന് സംസാരിച്ചുനോക്കട്ടെ.”


ഇബ്നുദുഗ്ന നേരെ ചെന്നത് സിദ്ദീഖ്(റ)വിന്റെ അരികിലേക്കാണ്.

“അങ്ങ് ആരാധനകൾ രഹസ്യമാക്കി വെക്കുന്നതാണ് നല്ലത്. വെറുതെ വഴക്കിനും വയ്യാവേലിക്കും പോയി ആപത്തുകൾ ക്ഷണിച്ചു വരുത്തുന്നതെന്തിനാണ്.”


 അതുകേട്ട് അബൂബക്കർ(റ) പറഞ്ഞു: “എനിക്കിനി ഒരു ഭീരുവിനെപ്പോലെ ഒളിച്ചിരിക്കാൻ വയ്യ. അല്ലാഹു ﷻ വിനെ ആരാധിക്കുന്ന കാര്യം ഞാനെന്തിന് രഹസ്യമാക്കണം.”


 “എങ്കിൽ എനിക്ക് താങ്കൾക്ക് നൽകിയ സംരക്ഷണം പിൻവലിക്കേണ്ടി വരും.”


 അതുകട്ട് സിദ്ദീഖ്(റ) തെല്ലും പതറിയില്ല. അദ്ദേഹത്തിന്റെ ഇമാനികാവേശം ശരിക്കും പ്രത്യക്ഷമായി. അബൂബക്കർ(റ) ഇപ്രകാരം പറഞ്ഞു. 


 “എനിക്ക് സംരക്ഷണം തരാൻ റബ്ബുൽ ആലമീനായ തമ്പുരാനുണ്ട്.

പിന്നെ ഞാനെന്തിന് ഭയപ്പെടണം...”


 അതൊരു ദൃഢ പ്രഖ്യാപനമായിരുന്നു. ഇബ്നുദുഗ്ന പിന്നെ അവിടെ നിന്നില്ല. അയാൾ സിദ്ദീഖ്(റ)വിന് നൽകിയ സംരക്ഷണം പിൻവലിച്ചു.



 (തുടരും)


 🍁إن شاء الله🍁

CLICK HERE TO GET FULL PART👇👇

 PART 01 - 21🔅 അബൂബക്കർ സിദ്ധീഖ് (R)

മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀