മാസ ഗഡുക്കളായി പണം അടച്ച് വാങ്ങിക്കാൻ പറ്റുന്ന ഏ.സി, ഫ്രിഡ്ജ്, ഇൻവേർട്ടർ തുടങ്ങിയ വസ്തുക്കൾ അടവിന് വാങ്ങൾ ഹറാം ആണെന്ന് ഒരു ഉസ്താദിന്റെ പ്രഭാഷണത്തിൽ കേൾക്കാനിടയായി. ഇവ റെഡി കാശ് കൊടുത്ത് വാങ്ങുമ്പോഴുള്ള വിലയേക്കാൾ കൂടുതൽ വില അടവിന് വാങ്ങുമ്പോൾ നൽകേണ്ടി വരുന്നതിനാൽ പലിശ വരും എന്നാണ് പറയുന്നത്. ഇത് ശരിയാണോ?
നിശ്ചിത സംഖ്യ വിലയായി നിശ്ചയിച്ച് വസ്തു വാങ്ങുകയും ആ സംഖ്യ നിശ്ചയിക്കപ്പെട്ട അവധിക്കുള്ളിലായി ഒരുമിച്ചോ പലതവണകളായോ അടച്ചു തീർക്കണമെന്ന് വ്യവസ്ഥ വെക്കുകയും ചെയ്യുന്നതിന് തടസ്സമില്ല. കാരണം ഇത്, അവധി നിശ്ചയിക്കപ്പെട്ട വിലക്കു പകരം വസ്തു വാങ്ങലാണ്. വിലയുടെ നിശ്ചിത ഭാഗം റൊക്കമായും ബാക്കി പല ഘട്ടങ്ങളായും നൽകണമെന്ന് തീരുമാനിക്കുന്നതിനും വിരോധമില്ല. ഓരോ മാസവും അടയ്ക്കേണ്ട തുക കൃത്യമായി നിശ്ചയിക്കുന്നതിലും തെറ്റില്ല. വില കൃത്യമായി നിശ്ചയിച്ചുകൊണ്ട് ഇടപാടു നടത്തുകയും ആ വില നിശ്ചിത അവധിക്കുള്ളിൽ പല ഘട്ടങ്ങളായി അടക്കണമെന്ന് കരാർ ചെയ്യലും അനുവദനീയമാണ് എന്നാണ് ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം. ഇങ്ങനെ കൃത്യമായ വില നിശ്ചയിച്ചുകൊണ്ട് വാങ്ങുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെട്ട വില സാധാരണ വിലയേക്കാൾ അധികമായി എന്നതുകൊണ്ട് പ്രശ്നമില്ല. അത് പലിശയാകുന്നില്ല. അതേസമയം, വില കൃത്യമായി നിശ്ചയിക്കപ്പെടാതെ അവധി കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് വിലയിലും വ്യത്യാസം സംഭവിക്കുമെന്ന രീതിയിലാണ് ഇടപാടെങ്കിൽ അത് വിരോധിക്കപ്പെട്ടതാണ്. ഉദാഹരണത്തിന്, ആറു മാസം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ 5,000 രൂപയും, ഒരുവർഷം കൊണ്ടാണെങ്കിൽ 10,000 രൂപയും നൽകണമെന്ന വ്യവസ്ഥയോടെ ഇടപാട് നടത്താൻ പാടില്ല. ഒരു വസ്തുവിന് 10000 രൂപ വിലയായി നിശ്ചയിക്കുകയും ആ വില ഉടമസ്ഥന് റൊക്കമായി നൽകുന്നതിനുവേണ്ടി കടം വാങ്ങുകയും ചെയ്യുമ്പോൾ വാങ്ങിയതിലേറെ തുക തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടം വാങ്ങുന്നത് പലിശ ഇടപാടാണ്. ഇവിടെ രണ്ട് ഇടപാടുകളുണ്ട് .ഒന്ന് കൃത്യമായ വില നിശ്ചയിച്ചുകൊണ്ട് അവധിക്ക് വസ്തു വാങ്ങൽ. രണ്ട്: ആ വില നൽകുന്നതിനുവേണ്ടി വാങ്ങിയതിനേക്കാളേറെ തിരിച്ചടക്കണം എന്ന വ്യവസ്ഥയിൽ കടം വാങ്ങൽ. ഇവിടെ പറഞ്ഞ രണ്ടാമത്തെ ഇടപാട് വൻ ദോഷങ്ങളിൽ പെട്ട കട പലിശയാണ്. പലരും അടവിനു വാങ്ങുമ്പോൾ ഇങ്ങനെ രണ്ട് ഇടപാടു നടത്താറുണ്ട്. വസ്തുവിന്റെ ഉടമസ്ഥന് വില നൽകാൻ വേണ്ടി പലിശ സ്ഥാപനത്തിൽ നിന്ന് പലിശ നൽകാമെന്ന നിബന്ധനയോടെ കടം വാങ്ങുകയാണ്. വിശുദ്ധ ഖുർആനും സുന്നത്തും നിഷിദ്ധമാക്കിയ പലിശ ഇടപാട് നമ്മുടെ ഇടപാടുകളിൽ കടന്നു വരുന്നതിനെ കുറിച്ച് ജാഗ്രത വേണം. അടവിന് വസ്തുക്കൾ വാങ്ങുമ്പോൾ അനുവദനീയമായതും നിഷിദ്ധമായതുമായ വിവിധ രൂപങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ഇത്രയും വിശദീകരിച്ചത്
Post a Comment