അടയാത്ത ജനൽ



 അടയാത്ത ജനൽ


 മസ്ജിദുന്നബവിയിൽ റൗദയിൽ നബിക്ക് സലാം ചെയ്ത് പുറകിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരു വലിയ ജനൽ കാണാം.1400 വർഷത്തിലേറെയായി

അടയാത്ത ഒരു ജാലകം . ചരിത്രത്തിൽ ഒരുപ്പ മകൾക്ക് നല്കിയ വാക്കിന്റെ സ്മാരകമായി നിലനിർത്തിയിരിക്കുന്ന ഒരടയാളപ്പെടുത്തലാണത്.

എക്കാലത്തെയും മികച്ചതും ദൈർഘ്യമേറിയതുമായ വാഗ്ദാനം .ആ ജനലിനകത്തെ ചുവരുകളിലെ നിറങ്ങൾക്ക് പോലും ഒരു പ്രണയ കഥ പറയാനുണ്ട്.

നബിയുടെ കാലം മുതൽ ഇന്നുവരെ മസ്ജിദുന്നബവി നിരവധി വിപുലീകരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇതുവരെ ആരെങ്കിലും ആ ജനൽ അടക്കുകയോ അടിച്ചു പൊളിച്ചു നീക്കാൻ ഓർഡറിടുകയോ ചെയ്തിട്ടില്ല. ഹിജ്റ 17-ൽ ഉമർ (റ) മസ്ജിദുൽ ഹറാം പുനർ നിർമ്മിച്ച അതേ സമയം മസ്ജിദുന്നബവിയും 

പുനർനിർമ്മിച്ചു. ഉമർ (റ) ഖലീഫയാണെങ്കിലും

നമ്മുടെ ഉമ്മ ഹഫ്സ്വ (റ) യുടെ ഉപ്പയും കൂടിയായിരുന്നു. ആളുകൾ വന്ന് സലാം ചൊല്ലുന്ന ഭാഗത്തിന്റെ തെക്കു ഭാഗത്താണ് ഫഫ്സ്വയുടെ മുറി.

തന്റെ ഭർത്താവായ മുഹമ്മദ് നബി (സ) തന്നോടൊപ്പം കിടന്നുറങ്ങിയിരുന്ന ആ മുറി വിട്ട് പിരിയാൻ കഴിയുന്ന

മാനസികാവസ്ഥയിലായിരുന്നില്ല ഹഫ്സ്വാ ബീവി .

ഉമർ (റ) രണ്ടു ദിവസം അതിനു സമ്മർദ്ദം ചെലുത്തിയിട്ടും മകൾ വഴങ്ങിയില്ല. ആ മുറിവിട്ടിറങ്ങാൻ പോലും അവർ തയ്യാറായില്ല. സഹകളത്രം ആഇശ (റ) യടക്കം പലരും ശ്രമിച്ചു നോക്കി , ഫലം നാസ്തി .

കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഉമർ (റ) മകൻ ഉബൈദുല്ലയെയും കൂട്ടി ഹഫ്സ്വയുടെ അടുത്തേക്ക് പോയി. ഇക്കാക്കയെ കൊണ്ട് സംഗതിയുടെ ഗൗരവം പറയിച്ചു. ഇക്കാക്ക വളരെ അനുനയത്തോടെ കുഞ്ഞു പെങ്ങളോട് പറഞ്ഞു:

'നീ ഈ ചെറിയ മുറി ഒഴിവാക്കി പകരം ഇതിനോട് ചേർന്നുള്ള പള്ളിക്ക് പുറത്തുള്ള എന്റെ വലിയ മുറിയിലേക്ക് മാറുക. ഞാൻ മദീനയുടെ തൊട്ടടുത്ത പ്രാന്തപ്രദേശത്തേക്ക് മാറിക്കൊള്ളാം. ആ മുറി നിനക്ക് സ്വന്തം ' .

ഇക്കാക്കയുടെ വാക്കിൽ പെങ്ങൾ വീണുപോയി. ഉപ്പയോടും ഇക്കാക്കയോടും പിന്നെ അധികം താമസിയാതെ തന്റെ സ്നേഹം തുറന്നു പറഞ്ഞു: "എനിക്കെന്റെ ഹബീബിനെ എന്നും കാണാൻ 

ഇക്കാക്കാന്റെ വീടിന്റെ ജനൽ തുറന്നിടാൻ അനുമതി വേണം."

കൂട്ടത്തിൽ പ്രയാസകരമല്ലാത്ത ആ സമ്മർദ്ദത്തിൽ ഉപ്പാക്കും ഇക്കാക്കാക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.

ഇക്കാക്കയുടെ വീടിന്റെ ജനൽ നിനക്ക് വേണ്ടി അടക്കില്ല. ഉപ്പ ഉറപ്പ് കൊടുത്തു.

ചരിത്രത്തിലെ ഏറ്റവും വലിയ ഉറപ്പ്.

പ്രവാചക സ്നേഹത്തിന്റെ രൂപകമായി ഇന്നും ആ ജാലകം തുറന്നു കിടക്കുന്നു .. ഹിജ്റ 41 ൽ ഹഫ്സ്വാ ബീവി മരിച്ചെങ്കിലും 14 പതിറ്റാണ്ടുകൾക്കു ശേഷവും ആ ജനൽ ഹബീബിനെ കാണാൻ തുറന്നു കിടക്കുന്നു.


ഇമാം സുയൂഥിയും ഇബ്നു കസീറുമെല്ലാം ഖൂഖതു ഉമർ എന്ന് വിളിക്കുന്ന ആ ജനൽ ചരിത്ര ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാണ്.


റഫറൻസ് :

 تاريخ الخلفاء للسيوطي، وسير أعلام النبلاء للذهبي،