യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല 


വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു.

വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം
മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ഹൃദയമാണ്. അല്ലാഹുവിനെയും അന്ത്യദിനത്തെയും മുന്‍നിര്‍ത്തി ഈ സൂറത്ത് പാരായണം ചെയ്യുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല. നിങ്ങളില്‍ നിന്ന് മരണാസന്നരായവരുടെയും മരിച്ചവരുടെ അടുക്കല്‍ വെച്ചും അതു നിങ്ങള്‍ പാരായണം ചെയ്യുക. (തഫ്‌സീറുല്‍ കബീര്‍/ഇമാം റാസി 1/49(മുഅ്ജമുല്‍ കബീര്‍/ത്വബ്‌റാനി 15/153 മുസ്‌നദ് അഹ്മദ് 41/250, നസാഈ, അബൂദാവൂദ് ഇത്ഖാന്‍/ഇമാം സുയൂത്വി 1/418).
ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ അല്ലാഹുതആല സൂറത്തുയാസീന്‍, സൂറത്തുത്വാഹാ എന്നീ സൂറത്തുകള്‍ മലക്കുകളെ കേള്‍പ്പിച്ചു. അതു കേട്ടു മലക്കുകള്‍ പറഞ്ഞു: ഈ സൂറത്തുകള്‍ അവതരിക്കുന്ന സമൂഹത്തിനാണ് സര്‍വ്വ സന്തോഷവും. ഈ സൂറത്തുകള്‍ സൂക്ഷിക്കപ്പെടുന്ന ഹൃദയങ്ങള്‍ക്ക് സര്‍വ്വ ആഹ്ലാദവും ഇവ പാരായണം ചെയ്യപ്പെടുന്ന നാവുകള്‍ക്കാണ് എല്ലാ ചാരിതാര്‍ഥ്യവും. (ദാരിമി, മിശ്കാത്ത് 187).


ഖുര്‍ആന്‍ പത്ത് തവണ ഓതിയ പ്രതിഫലം
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരണം: നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീനാണ്. (ബൈഹഖി 5/572, ദാരിമി 10/311, മുസ്‌നദുശിഹാബ് 4/89). യാസീന്‍ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിക്ക് വിശുദ്ധ ഖുര്‍ആന്‍ പത്ത് തവണ ആദ്യാന്ത്യം ഓതിയവന്റെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. (തഫ്‌സീര്‍ സ്വാവി).
സൂറത്തുയാസീന്‍ മന:പാഠമാക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു ഹദീസ് കാണുക: ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിലെ ഓരോ വ്യക്തിയുടേയും ഹൃദയത്തില്‍ സൂറത്തുയാസീന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. (ഇബ്‌നുകസീര്‍- തഫ്‌സീറുല്‍ ഖുര്‍ആനില്‍ അള്വീം 3/571).

യാസീന്‍ ഐശ്വര്യത്തിന്റെ വാതില്‍ തുറക്കുന്നു
ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീന്‍ ആകുന്നു. രാത്രിയില്‍ ആ സൂറത്ത് പാരായണം ചെയ്യുന്നവനെ ആ രാത്രിയുടെ ഐശ്വര്യം നല്‍കപ്പെടും. പകല്‍ പാരായണം ചെയ്യുന്നവന് ആ പകല്‍ പ്രയാസങ്ങള്‍ ഉണ്ടാവുന്നതല്ല.
നബി(സ്വ) പറയുന്നു: രാത്രിയില്‍ സൂറത്തുയാസീന്‍ ഓതുന്നവന് പുലരുവോളം സന്തോഷം ലഭിക്കും. രാവിലെ പാരായണം ചെയ്യുന്നവനു വൈകുന്നേരം വരേയും.
നബി(സ്വ) പറഞ്ഞു: പ്രഭാത സമയത്ത് യാസീന്‍ ഓതുന്നവന് വൈകുന്നേരം വരേയും രാത്രിയുടെ ആരംഭത്തില്‍ അതു പാരായണം ചെയ്യുന്നവനു ഐശ്വര്യവും ജീവിത സൗകര്യവും ലഭിക്കും. (ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍ ഇമാം ഖുര്‍ത്വുബി 15/4, തഫ്‌സീറുസ്വാവി 3/296).

യാസീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു
പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കടലില്‍ അകപ്പെടുന്നവര്‍ക്കു ആശ്വാസത്തിന്റെ സാന്ത്വനമാണെന്നു തിരുനബി(സ്വ)യുടെ നിരവധി ഹദീസുകള്‍ പഠിപ്പിക്കുന്നു.
നബി(സ്വ) പറഞ്ഞു: യാസീന്‍ ഏതൊരു കാര്യത്തിനു വേണ്ടി പാരായണം ചെയ്യുന്നുവോ അത് ആ കാര്യത്തിന് ഉള്ളതാണ്. നബി(സ്വ) പറഞ്ഞു: യാസീന്‍ എല്ലാ തിന്മകളെയും പ്രതിരോധിക്കുന്നു. സര്‍വ്വ ആവശ്യങ്ങളും സഫലീകരിക്കുന്നു. (സ്വാവി 3/296, 297).


ആഗ്രഹങ്ങളുടെ താക്കോല്‍
യാസീന്‍ സൂറത്ത് ആവശ്യങ്ങളുടെ താക്കോലാണ്. നിരവധി ആവശ്യങ്ങളും പ്രശ്‌നങ്ങളും യാസീന്‍ പാരായണം ചെയ്യുന്നതിന്റെ ഫലമായി സഫലമാകുമെന്ന് നിരവധി വചനങ്ങളില്‍ കാണാന്‍ സാധിക്കും. ചിലത് താഴെ ചേര്‍ക്കുന്നു.
$ വിശക്കുന്നവന്‍ യാസീന്‍ ഓതിയാല്‍ അല്ലാഹു അവന്റെ വിശപ്പ് അകറ്റും.
$ ദാഹിക്കുന്നവന്‍ ഓതിയാല്‍ ദാഹം തീര്‍ത്തുതരും
$ വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും.
$ പേടിക്കുന്നവന്‍ ഓതിയാല്‍ പേടി മാറും.
$ ഏകാന്തതയില്‍ വിഷമിക്കുന്നവന്‍ ഓതിയാല്‍ കൂട്ടുകാരനെ ലഭിക്കും.
$ ദരിദ്രന്‍ ഓതിയാല്‍ അവന്റെ ആവശ്യങ്ങള്‍ അല്ലാഹു തീര്‍ത്തുകൊടുക്കും.
$ തടവറയിലുള്ളവന്‍ ഓതിയാല്‍ മോചിതനാവും.
$ വഴിതെറ്റിയവന്‍ ഓതിയാല്‍ അല്ലാഹു വഴി കാണിച്ചുകൊടുക്കും.
$ കടം കയറി വിഷമിക്കുന്നവന്‍ ഓതിയാല്‍ കടങ്ങള്‍ വീട്ടി റാഹത്താകും.
(റൂഹുല്‍ ബയാന്‍ ഇസ്മാഈല്‍ ഹിഖി 47/365, തഫ്‌സീറുന്നസഫി 2/187, കശ്ശാഫ് 5/452).
അല്‍ ഹാഫിള് ഇബ്‌നു കസീര്‍ പറയുന്നതു കാണുക: ചില മഹാരഥന്മാര്‍ ഉണര്‍ത്തുന്നു. പ്രയാസകരമായ ഏതൊരു കാര്യവും എളുപ്പമാക്കിത്തരാന്‍ വേണ്ടി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അല്ലാഹു അത് എളുപ്പമാക്കിക്കൊടുക്കുന്നതാണ്. മരണം ആസന്നമായവരുടെ അടുത്തിരുന്ന് ഇത് പാരായണം ചെയ്യുന്നത് അതിന്റെ അനുഗ്രഹവും ബറകത്തും ഇറങ്ങുന്നതിനും അവരില്‍ നിന്ന് ആത്മാവ് എളുപ്പത്തില്‍ പുറത്തുപോകാന്‍ വേണ്ടിയും ആകണം. (ഇബ്‌നുകസീര്‍ 3/524).
അത്വാഅ്(റ) പറയുന്നു: രാവിലെ യാസീന്‍ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിയുടെ മുഴുവന്‍ ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുമെന്ന് നബി(സ്വ) തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. (ദാരിമി, മിശ്കാത്ത് 189).

യാസീന്‍: മരണമടഞ്ഞവര്‍ക്കും സാന്ത്വനമേകുന്നു
മരണാസന്നരുടേയും വിയോഗം പ്രാപിച്ചവരുടേയും പ്രയാസങ്ങളെ പരിഗണിച്ചുകൊണ്ട് മയ്യിത്തിന്റെ സമീപത്തും ഖബറിടങ്ങളിലും കൂടാതെ യാസീന്‍ സൂറത്ത് അവരുടെ പേരില്‍ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം ഇന്നും നമ്മുടെ നാടുകളില്‍ സജീവതയോടെ നിലനില്‍ക്കുന്നുണ്ട്.
അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് ആരെങ്കിലും സൂറത്തുയാസീന്‍ ഓതിയാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അതിനാല്‍ മരണം ആസന്നമായരുടെ സമീപത്തുവെച്ചും മരണമടഞ്ഞവരുടെ അടുത്തും നിങ്ങള്‍ അത് പാരായണം ചെയ്യുക. (ബൈഹഖി, മിശ്കാത്ത്)
മരണാസന്നരുടെ സമീപം യാസീന്‍ ഓതിയാല്‍ മരണം പ്രയാസരഹിതമായിരിക്കുമെന്ന് നബി(സ്വ)പഠിപ്പിച്ചിട്ടുണ്ട്.(മിര്‍ഖാത് 2/331).
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മരണപ്പെട്ടുപോയ ആളുകളുടെ മേല്‍ യാസീന്‍ ഓതുക. (അഹ്മദ്/മിശ്കാത്ത് 141).
നബി(സ്വ) പറയുന്നു: ഒരാള്‍ എല്ലാ വെള്ളിയാഴ്ചയും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ സന്ദര്‍ശിച്ച് സൂറത്ത് യാസീന്‍ പാരായണം ചെയ്താല്‍ യാസീന്‍ സൂറത്തിലെ ഓരോ അക്ഷരത്തിനനുസൃതമായി അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (മിര്‍ഖാത്തുല്‍ മഫാതീഹ് 5/336, ഇആനത്ത് 2/223).
അബൂഹുറൈറ(റ) നിവേദനം: ആരെങ്കിലും ഖബറുകള്‍ക്കു സമീപത്തു പോയി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അതിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഖബറിനുള്ളിലെ വിഷമങ്ങള്‍ ലഘൂകരിക്കുന്നതാണ്.” (ഖുര്‍ത്വുബി 15/…)
മരണത്തിന്റെ മലക്ക് വരുന്ന സമയം വിശ്വാസിയുടെ സമീപത്തുവെച്ച് യാസീന്‍ പാരായണം നടത്തിയാല്‍ ഓരോ അക്ഷരത്തിന്റെ എണ്ണമനുസരിച്ചും പത്തു വീതം റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങും. അവര്‍ അവന്റെ മുന്നില്‍ അതിനായി നില്‍ക്കും. അദ്ദേഹത്തിനുവേണ്ടി ദുആ നടത്തുകയും പാപമോചനത്തിനു മാപ്പിരക്കുകയും ചെയ്യും. കുളിപ്പിക്കുന്നതിനു സാക്ഷികളാകും. ജനാസയെ പിന്തുടരും. അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നിസ്‌കരിക്കും. മയ്യിത്ത് സംസ്‌കരണത്തില്‍ പങ്കാളിയാവും. (മുസ്‌നദ് ശിഹാസ് 4/91).


യാസീന്‍: ദാഹം തീര്‍ക്കുന്നു
മരണ വേദനയുടെ സമയത്ത് അവരുടെ ചാരത്തു നിന്ന് ഓതുന്ന യാസീന്‍ സൂറത്തിന്റെ ഫലമായി അവരുടെ റൂഹ് പിടിക്കുക റിള്‌വാന്‍(അ) സ്വര്‍ഗത്തില്‍ നിന്ന് ഒരു പാനീയം കൊണ്ടുവന്നതിനുശേഷമാണ്. അത് മരണാസന്നന്‍ കുടിക്കുന്നതാണ്. റൂഹ് പിടിക്കുന്ന സമയത്ത് ദാഹം തീര്‍ന്ന നില കൈവരുന്നതും ഖബറിലും ദാഹം തീര്‍ന്ന അവസ്ഥ ഉണ്ടാവുന്നതുമാണ്. അമ്പിയാക്കളുടെ ഒരാളുടെ ഹൗളിലേക്കും ഈ മനുഷ്യന് ആവശ്യം വരുന്നതല്ല. ദാഹം തീര്‍ന്നവനായി സ്വര്‍ഗം പുല്‍കുന്നതാണ്. (തഫ്‌സീറുല്‍ ബൈളാവി 5).
മുസ്‌ലിംകളെ മറമാടപ്പെട്ട സ്ഥലത്തുവെച്ച് ആരെങ്കിലും യാസീന്‍ പാരായണം ചെയ്താല്‍ അവിടെ അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്കെല്ലാം ശിക്ഷ ലഘൂകരിക്കപ്പെടും. പാരായണക്കാരന് ഖബറാളികളുടെ എണ്ണം കണക്കേ പ്രതിഫലവും ലഭിക്കും. (റൂഹുല്‍ ബയാന്‍).


യാസീന്‍ പാപമോചനം തരുന്നു
നബി(സ്വ) പറഞ്ഞു: ഖുര്‍ആനില്‍ ഒരു സൂറത്തുണ്ട്. അത് ഓതുന്നവര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യും. അത് ശ്രദ്ധയോടെ കേള്‍ക്കുന്നവര്‍ക്ക് പാപമോചനം ലഭിക്കും. ഓതാനറിയാത്തവര്‍ക്കു കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കാന്‍ശ്രമിക്കുക. (സ്വാവി 3/296).
മറ്റൊരു ഹദീസ് കാണുക: രാത്രിയില്‍ സൂറത്തുയാസീന്‍ പാരായണം ചെയ്തവന്‍ പ്രഭാതമാവുമ്പോഴേക്കും പാപമോചിതനാവും. (ഇബ്‌നുകസീര്‍ 3/524, അബൂഹുറയ്‌റ (റ)ല്‍ നിന്ന്. നബി(സ്വ) പറഞ്ഞു: അല്ലാഹുവിനെ വിചാരിച്ച് രാത്രിയില്‍ ഓതിയ വ്യക്തിക്ക് രാത്രി ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ഖുര്‍ത്വുബി).

യാസീന്‍: അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യും
രക്ഷപ്പെടാനുള്ള എല്ലാ വാതിലുകളും അടയുമ്പോള്‍ ഖുര്‍ആന്‍ പാരായണക്കാര്‍ക്കു വേണ്ടി ഖുര്‍ആന്‍ ശിപാര്‍ശ ചെയ്യുമെന്ന് നിരവധി ഹദീസുകളില്‍ കാണാന്‍ കഴിയും. ഖുര്‍ആന്റെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കുന്നതും പാരായണക്കാര്‍ അതിലൂടെ രക്ഷ പ്രാപിക്കുന്നതുമാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്റെ പാരത്രിക വിഷമങ്ങള്‍ അത് തടയും. അല്ലാഹുവിന്റെ കിതാബില്‍ നിന്ന് ഒരായത്ത് ഒരാള്‍ ശ്രദ്ധ കൊടുത്ത് കേട്ടാല്‍ അര്‍ശിന്റെ താഴ്ഭാഗം മുതല്‍ ഭൂമിയുടെ അറ്റം വരെയുള്ളവയില്‍ ഏറ്റവും ശ്രേഷ്ഠമായത് അവന് അവകാശപ്പെട്ടതാണ്. ഖുര്‍ആനില്‍ ‘അസീസ’ എന്നു പേരുള്ള ഒരു സൂറത്തുണ്ട്. അത് തന്റെ ആളുകള്‍ക്കു വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യും. അതാണ് സൂറത്തുയാസീന്‍” (ഇമാം ഖുര്‍ത്വുബി ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍ 15/13).