നിസ്കാരം ബാത്വിലാകുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു തരുമോ ?
നിസ്കാരത്തെ ബാത്വിലാക്കുന്ന കാര്യങ്ങളെ പണ്ഡിതന്മാർ മൂന്നായി തരംതിരിച്ചിരിക്കുന്നു ഒന്ന് :- മനപ്പൂർവ്വം ചെയ്താലും മറന്നു ചെയ്താലും നിസ്കാരത്തെ അസാധുവാക്കുന്ന കാര്യങ്ങൾ. അവകൾ ഇനി പറയുന്നവയാണ് 1) നിസ്കാരം മുറിക്കുന്നു എന്ന് കരുതുകയോ നിസ്കാരം പൂർത്തിയാക്കണോ മതിയാക്കണോ എന്ന് സംശയിക്കുകയോ ചെയ്യുക. ബുദ്ധിപരമായി അസംഭവ്യം അല്ലാത്ത ഏതെങ്കിലും കാര്യത്തോട് നിസ്കാരം മുറിക്കുന്നതിനെ ബന്ധിപ്പിച്ചാലും നിസ്കാരം അസാധുവാകുന്നതാണ്. പൈശാചിക ചിന്തയാലോ മറ്റോ അവിചാരിതമായി ഇത്തരം ചിന്തകൾ വരുന്നത് പ്രശ്നമാകില്ല എന്നോർക്കുക. 2) ചാട്ടം, ശക്തിയായ അടി പോലുള്ള അമിതമായ പ്രവർത്തനം . 3) നിസ്കാരത്തിൽ പെട്ടതല്ലാത്ത മൂന്നോ അതിൽ കൂടുതലോ പ്രവർത്തനങ്ങൾ തുടർച്ചയായുണ്ടാവുക. വിരൽ, കൺപോള, ചുണ്ട്, നാവ് തുടങ്ങിയ ലഘുവായ അവയവങ്ങൾ കൊണ്ട് വർദ്ധിച്ച പ്രവർത്തനം ഉണ്ടായാൽ ബാത്വിൽ ആവുകയില്ല.രോഗം കാരണം നിർബന്ധിതനായത് കൊണ്ടുണ്ടാകുന്ന വർധിച്ച ചലനത്തിനും വിരോധമില്ല. രണ്ട് : മനപ്പൂർവ്വം ചെയ്താൽ മാത്രം നിസ്കാരത്തെ അസാധുവാക്കുന്നവ. 1) റുകൂഅ്, സുജൂദ് തുടങ്ങിയ നിസ്കാരത്തിലെ പ്രവർത്തി അകാരണമായി വർദ്ധിപ്പിക്കുക. അത്തഹിയ്യാത്തിലോ മറ്റോ ഇരിക്കുന്നവൻ നെറ്റിത്തടം കാൽമുട്ടിന് മുൻ ഭാഗത്തോട് നേരിടും വിധം കുനിഞ്ഞാൽ നിസ്കാരം ബാതിലാകുന്നതാണ്. കാരണം ഇരുന്ന് നിസ്കരിക്കുന്നവന്റെ റുകൂഅ് അതായതിനാൽ അങ്ങിനെ ചെയ്തവൻ ഒരു റുകൂഅ് വർദ്ധിപ്പിച്ച വനായി. ഇരുത്തം ശരിയാക്കാനായി പലരും അപ്രകാരം ചെയ്യുന്നതായി കാണാം. സലാം, നിസ്കാരം തുടങ്ങുന്നു എന്ന ഉദ്ദേശത്തോടുകൂടി ഉള്ള തക്ബീറോ വർദ്ധിപ്പിച്ചാൽ നിസ്കാരം ബാത്വിലാകുന്നതാണ്. മൂന്ന് :- വിശദീകരണം ഉള്ളവ അവയെ പലതായി തിരിക്കാം. 1) നിസ്കാരത്തിലെ ഏതെങ്കിലും ഫർള് ഒഴിവാക്കുക.ഒഴിവാക്കിയത് നിയ്യത്തോ തക്ബീറത്തുൽ ഇഹ്റാമോ ആണെങ്കിൽ ഒഴിവാക്കിയത് മനപൂർവ്വം ആയാലും മറന്നുകൊണ്ടായാലും നിസ്കാരം ബാത്വിലാകും. മറ്റു വല്ല ഫർളുമാണെങ്കിൽ മനഃപ്പൂർവ്വം ഒഴിവാക്കിയാൽ നിസ്കാരം ബാത്വിലാകുന്നതും മറന്നുകൊണ്ട് ആണെങ്കിൽ അത് വീണ്ടെടുത്തില്ലെങ്കിൽ നിസ്കാരം ബാത്വിലാകുന്നതുമാണ്.
2)നിസ്കാരത്തിന്റെ ഏതെങ്കിലും നിബന്ധന പാലിക്കപ്പെടാതിരിക്കുക. നിസ്കാരത്തിനിടയിൽ അംഗശുദ്ധി നഷ്ടപ്പെടുകയോ ദേഹത്തോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ വിട്ടുവീഴ്ചയില്ലാത്ത നജസ് വീഴുകയോ കാറ്റടിച്ചോ മറ്റോ ഔറത്ത് വെളിവാകുകയോ ഖിബ് ലയുടെ ഭാഗത്തുനിന്ന് തെറ്റുകയോ ചെയ്താൽ നിസ്കാരം ബാത്വിലാകുന്നതാണ്.എന്നാൽ ഉണങ്ങിയ നജസ് വീണയുടനെ സ്പർശിക്കുകയോ വഹിക്കുകയോ ചെയ്യാതെ നീക്കം ചെയ്യുന്നപക്ഷം നിസ്കാരം ബാത്വിലാവുകയില്ല. ഈർപ്പമുള്ള നജസ് ദേഹത്ത് വീണാൽ നിസ്കാരം ബാത്വിലാകുന്നതാണ്. വസ്ത്രത്തിലാണ് വീണതെങ്കിൽ സ്പർശിക്കുകയോ വഹിക്കുകയോ ചെയ്യാതെ തുടർച്ചയായ മൂന്നനക്കം കൂടാതെ ഉടനെ അഴിച്ചുമാറ്റിയാൽ വിരോധമില്ല. മാറ്റാൻ വൈകിയാൽ ബാത്വിലാകും. കാറ്റടിച്ചോ മറ്റോ വെളിവായ ഔറത്ത് ഉടൻ മറച്ചാൽ നിസ്ക്കാരം ബാത്വിലാവുകയില്ല. 3) എന്തെങ്കിലും സാധനം ശരീരത്തിനുള്ളിൽ എത്തുക ഭക്ഷണാവശിഷ്ടം, കഫം തുടങ്ങിയ ഏതെങ്കിലും തടിയുള്ള സാധനം ഉള്ളിലെത്തിയാൽ നിസ്കാരം ബാത്വിലാകും. 4) നിയ്യത്ത് ചെയ്തോ ഇല്ലയോ എന്നോ തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയോ ഇല്ലയോ എന്ന് സംശയിക്കുക.
Post a Comment