ലോണെടുത്ത് വാഹനങ്ങൾ വാങ്ങൽ അനുവദനീയമാണോ?
ഒരു വാഹനം വാങ്ങുമ്പോൾ ലോണെടുക്കുകയും ഓരോ മാസങ്ങളിലും നിശ്ചിത തുക അടക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് വ്യാപകമായി നടക്കാറുണ്ട്. അത്തരം ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അൽപം വിശദമായി തന്നെ പറയാം : വിലക്ക് അവധി നിശ്ചയിക്കാതെയും വിലക്ക് അവധി നിശ്ചയിച്ചുകൊണ്ടും വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യാറുണ്ട്. ഈ രണ്ടു രൂപങ്ങളും ഇസ്ലാമിൽ അനുവദിക്കപ്പെട്ടതാണ്. വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽക്കുമ്പോഴുള്ള വില സാധാരണ അവധി നിശ്ചയിക്കാതെ വിൽക്കുമ്പോഴുള്ള വിലയേക്കാൾ കൂടുതലായി എന്നതുകൊണ്ട് മാത്രം ആ ഇടപാട് നിഷിദ്ധമോ ഇസ്ലാം നിരോധിച്ച പലിശ ഇടപാടോ ആവുകയില്ല. വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽപ്പന നടത്തുമ്പോൾ റൊക്കമായി വിൽക്കാറുള്ള സാധാരണ വിലയേക്കാൾ വില കൂടിയാൽ തന്നെ ആ ഇടപാട് പലിശ ഇടപാടാകുമെന്ന ചിലരുടെ ധാരണ ശരിയല്ല. വിൽക്കുന്നവനും വാങ്ങുന്നവനും കൃത്യമായി തീരുമാനിച്ചുറപ്പിച്ചതായിരിക്കണം എന്നതാണ് വിൽപന ഇടപാടിലെ വിലയെ കുറിച്ചുള്ള ഇസ്ലാമിക നിയമം.നിലവാരവില, ഇടപാട് വില എന്നിങ്ങനെ രണ്ടിനം വിലകൾ ഉണ്ട് . ഓരോ കാലത്തും ഓരോ പ്രദേശത്തും വസ്തുവിനനുസൃതമായി ഒരു വസ്തുവിന് സാധാരണ ലഭിക്കാറുള്ള വിലയാണ് ആ വസ്തുവിന്റെ നിലവാര വില. ഈ വിലയെക്കുറിച്ച് ഖീമത് , സമന് മിസ് ല് എന്നൊക്കെയാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ പറയാറുള്ളത്. ഒരു വസ്തു വിൽക്കുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും പരസ്പരം തൃപ്തിപ്പെട്ടു നിശ്ചയിക്കുന്ന വിലയാണ് ആ ഇടപാടിലെ യഥാർത്ഥ വില.
ഇതിനെ സമന് എന്ന് പറയും. ഇടപാട് വില നിലവാര വിലയോട് തുല്യമോ അതിൽ കൂടുതലോ കുറവോ ആയേക്കാം. ഈ മൂന്ന് രൂപങ്ങളും ഇസ്ലാം അനുവദിച്ചതാണ്. അപ്രകാരം തന്നെ ഒരു വസ്തു വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽക്കുമ്പോഴുള്ള വില ആ വസ്തു റൊക്ക വിലക്ക് വിൽക്കുമ്പോഴുള്ള വില യോട് തുല്യമായിരിക്കണമെന്നില്ല.അവധി നിശ്ചയിച്ചുകൊണ്ടുള്ള വിൽപ്പനയിലെ വില ആ വസ്തു അവധിയില്ലാതെ വിൽക്കുമ്പോഴുള്ള വിലയേക്കാൾ കൂടുന്നതിന് വിരോധമില്ല. ഉദാഹരണമായി അവധി ഇല്ലാതെ ഒരു ലക്ഷത്തിന് വിൽക്കാറുള്ള വസ്തു, ഒരുവർഷത്തെ അവധിക്ക് വിൽക്കുന്നവനും വാങ്ങുന്നവനും സമ്മതിച്ചുകൊണ്ട് ഒന്നര ലക്ഷത്തിനു വിറ്റാൽ പ്രസ്തുത ഇടപാട് നിഷിദ്ധമോ പലിശ ഇടപാടോ അല്ല. മറിച്ച് അനുവദനീയമായ ഇടപാടാണ്. അവധിയായി വിൽക്കുമ്പോൾ മൊത്ത വിലക്ക് ഒറ്റ അവധിയാ യും വിലയിലെ നിശ്ചിത സംഖ്യകൾക്ക് വ്യത്യസ്തമായ നിശ്ചിത അവധികളായും വിൽക്കാവുന്നതാണ്. അപ്രകാരം തന്നെ വിലയുടെ നിശ്ചിത ഭാഗം റൊക്കമായും നിശ്ചിത ഭാഗം അവധിയായും വിൽക്കാവുന്നതാണ്. അവധി നിശ്ചയിച്ചുകൊണ്ട് വിൽക്കുമ്പോഴുള്ള വിലയും റൊക്കമായി വിൽക്കുമ്പോഴുള്ള വിലയും തുല്യമാവണമെന്നില്ലെന്നും അവധിയുടെ കാരണമായി വില വർധിപ്പിക്കുന്നതിന് വിരോധമില്ലെന്നുമുള്ള കാര്യം കർമ്മശാസ്ത്രത്തിൽ സ്ഥിരപ്പെട്ടതും പൊതുവേ അറിയപ്പെട്ടതും ആണ് .എന്നാൽ വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽപ്പന നടത്തുമ്പോൾ വിലയും അവധിയും കൃത്യമായി നിശ്ചയിക്കപ്പെടുകയും അറിയപ്പെടുകയും വേണമെന്ന നിർബന്ധമുണ്ട്.ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയാൽ വസ്തു അടവിന് വാങ്ങുന്നതിന്റെ വിവിധ രൂപങ്ങളും അവയുടെ വിധികളും മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല. ഉദാഹരണമായി മൂന്ന് രൂപങ്ങൾ പറയാം. ഒന്ന്: ഒരു വസ്തു ഒന്നാമൻ രണ്ടാമന് വിൽക്കുന്നു. വില്പനയിൽ വിലയും അവധിയും കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്.പക്ഷേ സാധാരണ റൊക്കമായി വിൽക്കുന്ന വിലയേക്കാൾ കൂടുതൽ സംഖ്യക്ക് പകരമാണ് വില്പന. ഉദാഹരണത്തിന് സാധാരണ ഒരു ലക്ഷത്തിന് വിൽകാറുള്ള വസ്തു 20 മാസത്തെ അവധിക്ക് 2 ലക്ഷത്തിന് വിൽക്കുന്നു. ഇവിടെ 20 മാസം എന്ന കൃത്യമായ അവധിയും രണ്ടു ലക്ഷം എന്ന വിലയും നിർണയിച്ചിരിക്കുന്നു. ഈ ഇടപാട് അനുവദനീയമാണ്.
രണ്ട് : വസ്തുവിന്റെ നിലവാര വില ഒരു ലക്ഷമാണെങ്കിലും ഒരു വർഷം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ രണ്ടു ലക്ഷം, ഒന്നരവർഷം കൊണ്ടാണെങ്കിൽ രണ്ടര ലക്ഷം എന്നിങ്ങനെ അടച്ചുതീർക്കാൻ എടുക്കുന്ന സമയത്തിന്റെ ഏറ്റക്കുറവിന് അനുസരിച്ച് നൽകേണ്ട സംഖ്യയിൽ മാറ്റം വരുമെന്ന വ്യവസ്ഥയിൽ ഒരാൾ മറ്റൊരാൾക്ക് വിൽക്കുന്നു. ഈ ഇടപാട് ബാത്വിലായ വിൽപനയാണ്. അതിനാൽ തന്നെ തെറ്റുമാണ്. വിലയും അവധിയും രണ്ടുപേർക്കും അറിയപ്പെടുന്ന വിധം കൃത്യമായി നിശ്ചയിക്കണം എന്ന നിബന്ധന പാലിച്ചില്ല എന്നതാണ് അസാധുവാകാനുള്ള കാരണം. ഈ ഇടപാടും ഇസ്ലാം നിരോധിച്ച പലിശയുടെ പരിധിയിൽ വരുന്നതല്ല. എങ്കിലും 'ഫാസിദായ ബൈഅ' എന്ന നിലയിൽ കുറ്റകരമാണ്. പലിശ മാത്രമല്ലല്ലോ കുറ്റകരം. മൂന്ന്: അവധിയും വിലയും കൃത്യമായി നിശ്ചയിച്ചുകൊണ്ട് തന്നെ വസ്തു ഒരാൾ മറ്റൊരാൾക്ക് വിൽക്കുന്നു. പക്ഷേ, ഒന്നാമന് പണം നൽകാൻ വേണ്ടി രണ്ടാമൻ കടമായി നൽകുന്നതിലേറെ തിരിച്ചടക്കണം എന്ന വ്യവസ്ഥയിൽ മൂന്നാമ നിൽ നിന്ന് പണം കടം വാങ്ങുന്നു. ഒന്നും രണ്ടും രൂപങ്ങളിൽ രണ്ടു കക്ഷികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ മൂന്നാം കക്ഷിയുണ്ട് . അതുപോലെ ഒന്നും രണ്ടും രൂപങ്ങളിൽ വിൽപ്പന എന്ന ഒരു ഇടപാട് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇവിടെ ഒന്നാമനും രണ്ടാമനും തമ്മിൽ വില്പന ഇടപാടും രണ്ടാമനും മൂന്നാമനും തമ്മിൽ 'ഖർള്' എന്ന കടം വാങ്ങുന്ന ഇടപാടും ഉണ്ട്. കടമായി വാങ്ങുന്ന സംഖ്യയേക്കാളേറെ തിരിച്ചടക്കണം എന്ന നിബന്ധനയോടെ കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടപാട് പലിശ ഇടപാടാണല്ലോ. അതിനാൽ ഈ മൂന്നാം രൂപത്തിൽ രണ്ടാമനും മൂന്നാമനും തമ്മിൽ നടക്കുന്ന ഇടപാട് നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ അല്ലാതെ അനുവദനീയമായ വഴികളിലൂടെ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
Post a Comment