സൂറത്തുൽ ഇഖ്‌ലാസ് ഓതിയാലുള്ള ഗുണങ്ങൾ Quran: 112. Surah Al-Ikhlas
ഒരിക്കല്‍ നബി(സ) സ്വഹാബികളോട് ചോദിച്ചു. ഓരോ രാത്രിയിലും ഖുര്‍ആന്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയാതിരിക്കുമോ? സ്വഹാബികള്‍ ചോദിച്ചു. ”എല്ലാ രാത്രിയിലും പതിവായി ഖുര്‍ആന്‍ മൂന്നിലൊരു ഭാഗം എങ്ങനെ പാരായണം ചെയ്യും?”. നബി (സ) പറഞ്ഞു. ”ഖുല്‍ ഹുവല്ലഹു എന്നു തുടങ്ങുന്ന സൂറത്ത് ഖുര്‍ആന്റെ മൂന്നിലൊരു ഭാഗത്തിന് സമമാണ്. (മുസ്‌ലിം, മിശ്കാത്ത്)
നബി(സ)പറഞ്ഞു. ”വിശ്വാസി ആയിരിക്കെ ഒരാള്‍ മൂന്നുകാര്യങ്ങള്‍ ചെയ്താല്‍ അവന് സ്വര്‍ഗത്തിലെ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതാണ്. ഹുറുല്‍ഈനില്‍ നിന്ന് ഇഷ്ടമുള്ള അപ്‌സര സുന്ദരികളെ ഇണയായി സ്വീകരിക്കാന്‍ അനുവാദം നല്‍കുന്നതാണ്.”
1) കൊലയാളിക്കു മാപ്പു നല്‍കുക
2) ആരും അറിയാത്ത കടം വീട്ടുക
3) എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും സൂറത്തുല്‍ ഇഖ്‌ലാസ് പത്തുതവണ പാരായണം ചെയ്യുക. ഇവയാണ് മൂന്ന് കാര്യങ്ങള്‍. അപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) ചോദിച്ചു. ഇവയില്‍ ഏതെങ്കിലും ഒരു കാര്യം ചെയ്തവര്‍ക്കും അത് ലഭിക്കുമോ? അവിടുന്നു പറഞ്ഞു ഏതെങ്കിലും ഒന്നു ചെയ്തവര്‍ക്കും അതു ലഭിക്കുന്നതാണ്. (ഇബ്‌നു കസീര്‍ 4- 112 )
മറ്റൊരു ഹദീസ് കാണുക നബി (സ) പറഞ്ഞു ഒരാള്‍ ഖുല്‍ഹുവള്ളാഹു എന്ന സൂറത്ത് പത്തു പ്രാവശ്യം ഓതിയാല്‍ അവനു വേണ്ടി സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം നിര്‍മിക്കും. ഇരുപത് തവണ ഓതിയാല്‍ രണ്ടു മാളികകളും മുപ്പതു തവണ ഓതിയാല്‍ മൂന്ന് മാളികകളും നിര്‍മ്മിക്കപ്പെടും. ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു എങ്കില്‍ ഞങ്ങളുടെ സ്വര്‍ഗീയ മാളികകള്‍ ഞങ്ങള്‍ വര്‍ദ്ധിപ്പിക്കും. അപ്പോള്‍ നബി (സ) പറഞ്ഞു. നിങ്ങളെത്ര വര്‍ദ്ധിപ്പിച്ചാലും അത് അല്ലാഹു നല്‍കാന്‍ കഴിവുള്ളവനാണ്. (ദാരിമി മിശ്കാത്ത്-190).
അബൂഹുറൈറ(റ) പറയുന്നു. ഞാന്‍ നബി (സ)യോടൊപ്പം വരികയായിരുന്നു .അപ്പോള്‍ഒരു വ്യക്തി സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുന്നതായി കേട്ടു.നബി (സ) പറഞ്ഞു. നിര്‍ബന്ധമായിക്കഴിഞ്ഞു. ഞാന്‍ ചോദിച്ചു എന്താണ് നബിയെ നിര്‍ബന്ധമായത്? ( ആ സൂറത്ത് പാരായണം ചെയ്യുന്നവന്) സ്വര്‍ഗം നിര്‍ബന്ധമായി (ഇബനു കസീര്‍ 4-518) ഉറങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ തന്റെ വിരിപ്പില്‍ വലതു വശം ചരിഞ്ഞു കിടന്നുകൊണ്ട് സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയാല്‍ അന്ത്യ നാളില്‍ അല്ലാഹു അവനോട് പറയും നീ വലതു ഭാഗത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക (തുര്‍മുദി- മിശ്കാത്ത് 188).
നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന അതിമഹത്തായ സൂറത്താണ് സൂറത്തുല്‍ ഇഖ്‌ലാസ്. ഖുര്‍ആനിലെ 112-ാം അധ്യായമാണിത്. നാലു വാക്യങ്ങള്‍ മാത്രമെ ഒള്ളൂവെങ്കിലും അതിന്റെ മഹത്വവും പ്രാധാന്യവും അനേകം ഇരട്ടിയാണ്. അല്ലാഹുവിന്റെ പരിശുദ്ധ ഗുണവിശേഷണങ്ങള്‍ പ്രതിപാദിക്കുന്ന സൂറത്തുല്‍ ഇഖ്‌ലാസിന് ഇരുപതോളം പേരുകളുണ്ട്.
ഒരുലക്ഷം ഓതിയാലുള്ള ഗുണം
അനസ്ബ്‌നു മാലിക് (റ) ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിന്റെ ആശയം കാണുക. അവിടുന്ന് സ്വഹാബികളെ ഉണര്‍ത്തി. സൂറത്തുല്‍ ഇഖ്‌ലാസ് ഒരു ലക്ഷം തവണ ആരെങ്കിലും പാരായണം ചെയ്താല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവന്റെ ശരീരത്തെ അവന്‍ രക്ഷപ്പെടുത്തി. അല്ലാഹുവിന്റെ സന്ദേശ ദൂതന്‍മാരില്‍ ഒരാള്‍ ആകാശലോകത്തും ഭൂമിയിലും ഇങ്ങനെ വിളംബരം ചെയ്യും. ”അറിഞ്ഞുകൊള്ളുക, ഈ മനുഷ്യന്‍ അല്ലാഹുവിന്റെ മോചിത ദാസനാണ്. അവന്റെ കയ്യില്‍ നിന്നും ആര്‍ക്കെങ്കിലും ഏതെങ്കിലും അവകാശങ്ങള്‍ ലഭിക്കാനുണ്ടെങ്കില്‍ അത് അല്ലാഹുവിനെ സമീപിച്ച് വാങ്ങിക്കൊള്ളുക”. (ഹാഷിയത്തുല്‍ ജൗഹറത്തു തൗഹീദ് – ബാജൂരി 109)
അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള അവകാശങ്ങളും ബാധ്യതകളും അല്ലാഹു കൊടുത്തുവീട്ടുന്നതാണ്, പരലോകത്ത് അവന്റെ സുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന വിധത്തില്‍ ഇടപെടീക്കാതെ. (ബസ്സാര്‍).
ഖുല്‍ ഹുവള്ളാഹു ഓതിയാലുള്ള നേട്ടങ്ങള്‍
1. ഇഖ്‌ലാസ് സൂറത്ത് പാരായണം ചെയ്താല്‍ ഖുര്‍ആന്റെ മൂന്നിലൊന്ന് പാരായണം ചെയ്തതു പോലെയാവുന്നു.
2. 50 വര്‍ഷത്തെ ചെറുപാപങ്ങള്‍ പൊറുക്കപ്പെടുന്നു.
3. സൂറത്തുല്‍ ഇഖ്‌ലാസിനോടുള്ള സ്‌നേഹം സ്വര്‍ഗീയ പ്രവേശത്തിന് ശക്തി വര്‍ദ്ധിപ്പിക്കുന്നു.
4. അല്ലാഹുവിന്റെ സ്‌നേഹത്തിനു കാരണമാവുന്നു.
5. ദുആ സ്വീകരിക്കപ്പെടുന്നു.
6. ദാരിദ്ര്യത്തില്‍ നിന്നു മോചനം ലഭിക്കുന്നു.
7. മയ്യിത്ത് നിസ്‌കരിക്കാന്‍ മലക്കുകള്‍ ഹാജരാവുന്നു.
8. ഖബറിന്റെ രൂക്ഷവും ഭീകരവുമായ പിടുത്തത്തില്‍ നിന്ന് രക്ഷ ലഭിക്കുന്നു.
9. സ്വര്‍ഗത്തില്‍ ധാരാളം കൊട്ടാരങ്ങള്‍ ലഭിക്കുന്നു.
10. നന്മ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നു.
11. അയല്‍വാസി പോലും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുന്നു.
12. ആശുറാ ദിനത്തില്‍ 1000 തവണ ഓതിയാല്‍ റബ്ബിന്റെ തിരുനോട്ടത്തിനു വഴിയൊരുക്കുന്നു.
13. ഫര്‍ള് നിസ്‌കാര ശേഷം 10 തവണ പതിവാക്കിയാല്‍ ഇഷ്ടമുള്ള സ്വര്‍ഗ കവാടത്തിലൂടെ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നു.
14. സ്വര്‍ഗ സുന്ദരികളായ ഇഷ്ടപ്പെട്ട ഹൂറികള്‍ക്കൊപ്പം സുഖിക്കാന്‍ കഴിയുന്നു.
15. സ്വിറാത്ത് പാലത്തിന്മേല്‍ രക്ഷ ലഭിക്കുന്നു.
16. മരണ സമയത്ത് റബ്ബിന്റെ റഹ്മത്തിനു കാരണമാകുന്നു.
17. ഒരാള്‍ രാവിലെ 3 തവണ ഓതിയാല്‍ കണ്ണേറ്, സിഹ്‌റ്, ശത്രുശല്യം തുടങ്ങിയ ഏതു വിഷമങ്ങളെ തൊട്ടും പകലില്‍ കാവല്‍ ആക്കപ്പെടുന്നു. വൈകുന്നേരം ഓതിയാല്‍ രാത്രിയും കാവല്‍ ലഭിക്കുന്നു.
18. സാമ്പത്തിക അഭിവൃദ്ധി ലഭിക്കുന്നു.
19. മഹ്ശറയില്‍ വന്‍ സഹായമാകുന്നു.
(തഫ്‌സീര്‍ സ്വാവി, ഇബ്‌നുകസീര്‍, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, തഫ്‌സീര്‍ സ്വാവി, ഖുര്‍ത്വുബി, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍, ഇബ്‌നുകബീര്‍, തഫ്‌സീറുന്നബഫി).
20. ജീവിത കാലത്ത് ഒരാള്‍ ഒരു ലക്ഷം ഇഖ്‌ലാസ് ഓതിയാല്‍ പരലോകത്ത് വിചാരണ നാളില്‍ മനുഷ്യരുമായുള്ള ബാധ്യതകള്‍ പോലും അല്ലാഹു ഏറ്റെടുത്ത് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നു. (ഹാഷിയ ജൗഹറത്തു തൗഹീദ്, ബാജൂരി)
(ഖുല്‍ഹുവള്ളാഹു എന്ന സൂറത്ത് ഓതിയാൽ കിട്ടുന്ന പ്രതിഫലം അറിഞ്ഞാൽ ഇവിടെ ഓരോരുത്തരും ഓതുന്നതിൽ മത്സരം നടത്തും)
Post a Comment