📿PART - 52📿 🍀സവലാത്തിന്റെ ഈരടികൾ🍀

 

🍀സവലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹



               📿PART - 52📿


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



      " ആയിഷൂ....., തുറന്നു പറയ്. നിനക്ക് പൊരുത്തമില്ലാത്ത എന്തെങ്കിലും എന്റെ ഭാഗത്തു നിന്നും സംഭവിച്ചോ...? ".

 "എന്താ ഇക്കാ ഇങ്ങളിങ്ങനെയൊക്കെ ചോദിക്കുന്നെ..... ഈ നിമിഷം വരെയും അങ്ങനെയൊന്നും ന്റെ ഇക്കാന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കിൽ ഈയുള്ളവളിൽ നിന്നെ സംഭവിക്കു.....". ആയിഷയുടെ മിഴികൾ താണു. 

" ഇല്ല ആയിഷൂ.... നീ എന്നും ഭർത്താവിന്റെ മാത്രമല്ല പടച്ചവന്റെയും പ്രീതി നേടിയെടുത്തവളാ..... പക്ഷെ നിന്റെ ഈ മൗനം ഞാൻ കുറെയായി ശ്രദ്ധിക്കുന്നു. ഇന്നിതാ റാഹിയും ചോദിക്കുന്നു. പഴയതുപോലെ കളിചിരികളോ തമാശയോ..... ഒക്കെ മാഞ്ഞുപോകുന്നതുപോലെ..... നിനക്കെന്തു പറ്റിയെടീ... എന്നോട് പറയ്....നമുക്ക് വഴി കണ്ടെത്താം ".  റബി അവളെ അവനോട് ചേർത്തു നിർത്തി. ആയിഷയിൽ തീർത്തും മൗനമായിരുന്നു പ്രതികരണം......

അവൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് മുഖം തനിക്കുനേരെയാക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതവൻ കണ്ടു. 

" എന്തിനാ നീ കരയുന്നത്....? ഇനിയും നീ എന്നെ വീർപ്പു മുട്ടിക്കരുതേ..... ". റബീഇന്റെ രോദനം ആയിഷയുടെ ഹൃദയത്തിൽ കൊണ്ടു. അവൾ ടേബിളിൽ വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് ചൂണ്ടി.                           

" അതാണെന്റെ വേദനയുടെ കാരണം..... ". റബി അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി. മെഹ്‌റു കല്യാണത്തിന് സമ്മാനിച്ച ഗിഫ്റ്റ്. നഅലെ മുബാറകിനുള്ളിൽ പച്ചക്കുബ്ബയുടെ മൊഞ്ചാർന്ന ചിത്രം. താഴെയായി ഇലൽ ഹബീബ് ﷺ !. എന്നും കൊടുത്തിട്ടുണ്ട്. രാത്രിയായാൽ സ്വിച്ച് on ആക്കുമ്പോൾ അതിനുള്ളം കളർ ലൈറ്റ് കൊണ്ട് തിളങ്ങും. മിക്കപ്പോഴും അതാസ്വദിച്ചു ആയിഷ ഇരിക്കാറുള്ളത് അവനോർത്തു. " മദീനയാണെന്റെ ദുഃഖം...... ". അവൾ മുഖത്ത് കൈകളമർത്തിപ്പിടിച്ചു കരയാൻ തുടങ്ങി. 

" പലരെയും തങ്ങൾﷺ വിളിച്ചു. ന്നിട്ടും ഇവളെയെന്താ അവിടുന്ന്ﷺ വിളിക്കാത്തത്....ഓരോരുത്തരും തിങ്കളൊരുടെﷺ ഖുബ്ബയോട് ചേർന്ന് നിൽക്കുന്ന ഫോട്ടോ കാണുമ്പോൾ..... ഉള്ള് പുളയുകയാ.... സഹിക്കാൻ കഴിയുന്നില്ല ഇക്കാ.... " അവൾ അവന്റെ ഷർട്ടിൽ മുഖമമർത്തി വെച്ചു. ആയിഷയുടെ കണ്ണുനീർ അവന്റെ നെഞ്ചും നനയിക്കുന്നതായിരുന്നു. " ആരാണ് ഇപ്പോൾ മദീനയിലേക്ക് പോയത്.....? ആരാ ഫോട്ടോ അയച്ചു തന്നത്....? ". അവൻ അവളുടെ മുടിയിഴകളിലേക്ക് കൈകൾ തെന്നിച്ചു കൊണ്ട് ചോദിച്ചു. അവൾ പതിയെ മുഖമുയർത്തി. " ഞാൻ പറഞ്ഞിട്ടില്ലേ..... ന്റെ ബെസ്റ്റികളിലൊരാൾ..... അഹ്ലുബൈത്തിലെ കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ കണ്ണികളിലൊരാളാവാൻ ഭാഗ്യം കിട്ടിയവൾ..... ഞങ്ങളുടെയൊക്കെ ഫിദു ...! അവളും തങ്ങളും ഇപ്പോൾ മദീനത്താ......ഹബീബോരോടൊപ്പമുള്ള ﷺ ഓരോ നിമിഷങ്ങളും അവൾ ഞങ്ങളുമായി പങ്കുവെയ്ക്കുമ്പോൾ ഹൃദയം കുത്തിക്കീറുന്ന വേദനയാ..... ഇനിയുമിവളെ തങ്ങളെന്തെ ﷺ നോക്കിടാതെ പോയിടുന്നെ..... " ആയിഷയുടെ തേങ്ങൽ ഉയർന്നു. 

" ഇത് എന്നോട് എന്തെ പറയാതിരുന്നത്. ഞാൻ ഖത്തറിലേക്ക് പോകുന്നതിനു മുന്നായി നമ്മളൊരുമിച്ച് ഉംറയ്ക്ക് പോകാൻ കരുതിയിരുന്നതാണ്. സർപ്രൈസ് ആയി നിന്നോട് പറയാന്നു വെച്ചതാണ്. മോളുസ്സിങ്ങനെ ടെൻഷൻ ആകല്ലേ..... ".

 "ഇല്ല. ഇക്കാ..... പണം കൊണ്ടാണെങ്കിൽ എനിക്ക് വളരെ മുൻപേ പോകാമായിരുന്നു. പക്ഷെ ഇഷ്‌ഖ് കൊണ്ട് അവിടം എത്തണം. അതാണെന്റെ ആഗ്രഹം..... എന്റെ തങ്ങൾﷺ എന്നെ ഒരിക്കൽ വിളിക്കുമെന്ന പ്രതീക്ഷയിലാണ്..... മരണം വരെയും ഞാനാ പ്രതീക്ഷ കൈ വിടില്ല. എന്റെ സ്വലാത്തുകൾ അവിടുന്ന് സ്വീകരിക്കുന്ന ദിനം വരുമ്പോൾ എന്നെ അവിടുന്ന്ﷺ വിളിക്കും. എങ്കിലും മദീന കണ്ടവരുടെ കഥ കേൾക്കുമ്പോൾ അറിയാതെ ക്ഷമ നഷ്ട്ടമാകുന്നത് പോലെ.....".ഒരു നിമിഷം അത്ഭുതത്തോടെ ആയിഷയുടെ വാക്കുകൾ അവൻ കേട്ടു.

" നീ എന്നെ തോൽപ്പിക്കുകയാണല്ലോ പെണ്ണെ..... ഓരോ നിമിഷവും നിന്നിലെ ഇഷ്‌ഖിന്റെ ആഴം കൂടുകയാണല്ലോ..... ഇവനൊക്കെ എത്ര പാപി.... നിന്റെ ഹുബ്ബ്‌ തീർച്ചയായും അവിടുന്ന്ﷺ കാണാതിരിക്കില്ല ...... നമുക്ക് സ്വലാത്ത് ചൊല്ലാം നാവിനു തളർച്ച ബാധിക്കുന്നത് വരെ.... " ആയിഷയുടെ കവിളിൽ നനവ് പടർത്തിയ കണ്ണുനീർ അവൻ തുടച്ചു മാറ്റി. 

" ഈ പാവപ്പെട്ട ഇക്കാനെയും കൂട്ടുമോ ആ ഇഷ്ഖിന്റെ തോണിയിൽ.... " അവന്റെ വാക്കുകൾ ആ ചുവന്ന ചുണ്ടുകളിൽ പുഞ്ചിരി നെയ്തു. 

" ഇനി ഇങ്ങനെ sad മൂടിലായി ഇരിക്കരുത് കേട്ടോ.......തങ്ങളുറപ്പായുംﷺ വിളിക്കുമെന്നെ.....ആയിഷു ബേജാറിലാകല്ലേ..... " .


"Mm...." അവൾ മിഴികൾ താഴ്ത്തിക്കൊണ്ട് മൂളി.

 " വേഗം മുഖമൊക്കെ കഴുകി ഉമ്മാന്റടുത്തേക്ക് പോയിം ". അവൻ വാതിൽ തുറന്നു. ആയിഷ വാശ്‌റൂമിൽ കേറി മുഖം കഴുകി. ഉമ്മാന്റടുത്തേക്ക് നടന്നു.

 " ആയിഷുത്താ ഇങ്ങൾ കരഞ്ഞോ. മുഖം ചുവന്നിട്ടുണ്ടല്ലോ ". റിൻഷയുടെ ചോദ്യത്തിന് ഇല്ലെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി. 

" ഇന്ന് റിനൂസിന് ക്യാരട് കേക്ക് ഉണ്ടാക്കിയാൽ കഴിക്കോ.. " അവൾ റിൻഷയുടെ കവിളിൽ നുള്ളിക്കൊണ്ട് വിഷയം മാറ്റാനെന്നോണം ചോദിച്ചു. 

" അതെന്തു ചോദ്യമാ മോളെ.... കഴിക്കുമോ എന്നൊന്നും അവളോട് ചോദിക്കരുത്. കഴിക്കാൻ എന്തേലും കൊടുക്കണമെന്നേ ഉള്ളൂ".ഉമ്മയുടെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു. ആയിഷ തന്റെ വേദന മറച്ചുപിടിച്ചു കൊണ്ട് എല്ലാവരോടുമായി നല്ല രീതിയിൽ മുന്നോട്ട് പോയി.

അനുരാഗികളെപ്പോഴുമാങ്ങനെയാണല്ലോ...... അവരുടെ അനുരാഗം അവർ സമ്മതിക്കുകയില്ല.പക്ഷെ ആ മഹാപ്രണയത്തിന്റെ അടയാളങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ അവശേഷിക്കും.മഹത്തായ ഖസീദത്തുൽ ബുർദയിൽ ബുസൂരി ഇമാം പറയുന്നത് പോലെ.....


*കമിതാവാം നിൻ അനുരാഗം അറിയില്ലെന്ന് കരുതുന്നുവോ......*

*പിടയുന്ന നിൻ മനവും കണ്ണീരും തെളിവില്ലെന്നോ...?*( വരി 4)


 *ചുവന്ന അനം പോലെ കവിളിൽ വര വന്നില്ലേ.....*

 *ബഹാറിൻ മഞ്ഞ നിറം അനുരാഗ തെളിവല്ലേ......*(വരി 7)


പ്രണയമെത്ര മറച്ചു പിടിച്ചാലും ചില അടയാളങ്ങൾ മറയ്ക്കാനാകാത്ത വിധം അവശേഷിക്കുക തന്നെ ചെയ്യും.


ദിനങ്ങൾ കടന്നുപോയിക്കൊണ്ടേ ഇരുന്നു. ആയിഷയോടൊപ്പം രാത്രികളിൽ സ്വലാത്ത് ചൊല്ലാനായി റബീഉം ഇരുന്നു. ഹബീബിനായി ﷺ ഇരുവരും പരിശ്രമിച്ചു സ്വലാത്തിനെ കൂട്ടുപിടിച്ചു കൊണ്ട്.

ജോലിയൊക്കെ കഴിഞ്ഞു ഒരു വൈകുന്നേരം ആയിഷ ഫോൺ എടുത്തു വാട്സ്ആപ്പ് തുറന്നു. സ്വലാത്ത് ഗ്രൂപ്പിലേക്ക്  മെസ്സേജുകളുടെ തള്ളി ക്കയറ്റം കണ്ട് അതെടുത്തു നോക്കി. എല്ലാവരും അഭിനന്ദനങ്ങളുടെ പേമാരിയിലാണ്. എന്താ സംഭവിച്ചതെന്ന് മുകളിലേക്ക് സ്ക്രോൾ ചെയ്തപ്പോൾ ആ text അവളുടെ കണ്ണുകളിലുടക്കിയത്. ആയിഷ ഒരു നിമിഷം സ്തംഭിച്ചതുപോലെയായി. കാണുന്നവർ അവളൊരു ശിലയാണോ എന്ന് സംശയിക്കും വിധം ചലനമില്ലാത്ത അവസ്ഥയിൽ ഇരിക്കുകയായിരുന്നു. പതിയെ അവളുടെ കണ്ണുനീർ കവിൾ തടങ്ങളിലേക്ക് ഒഴുകാൻ തുടങ്ങി. പിന്നെയതൊരു നേർത്ത തേങ്ങലായി. അവൾ എഴുന്നേറ്റ് ഔറത് ശെരിയാക്കി കൊണ്ട് ശുക്രിന്റെ സുജൂദിലായി വീണു. ആ സുജൂദിൽ എത്ര നേരം കിടന്നുന്ന് അറിയില്ല. റബ്ബിനോട് എത്ര വട്ടം ഹംദു പറഞ്ഞിട്ടും മതിയാകുന്നില്ല.

" ആയിഷുത്താ..... " മുറിയിലേക്ക് റാഹി വിളിച്ചു കൊണ്ട് കേറിയപ്പോൾ സുജൂദിലായി തേങ്ങുന്ന ആയിഷയെയാണ് കണ്ടത്. പെട്ടന്നവൾ അതിശയോക്തിയോടെ അവിടെ നിന്നു. ഫോണിലെ കാൾ ബെൽ കേട്ടപ്പോൾ റാഹി അതു പോയി എടുത്തു.

 " hello..... ". 

" മുത്തേ മാ ഷാ അല്ലാഹ്..... അൽഹംദുലില്ലാഹ്. ഒത്തിരി സന്തോഷം..... നീ ആഗ്രഹിച്ചതുപോലെ മദീനയിൽ സ്വലാത്ത് കൊണ്ടു തന്നെ പോകാൻ അവസരം കിട്ടിയില്ലേ..... ഞാൻ പറഞ്ഞില്ലേ.... ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലുന്നവർക്ക് ഉംറ സൗജന്യമായി ചെയ്യാൻ അവസരം കിട്ടുമെന്ന് ഉസ്താദ് പറഞ്ഞപ്പോൾ അതെന്റെ ആയിഷുന് ആയിരിക്കുമെന്ന്. ബാറകല്ലാഹ്.....തങ്ങളെﷺ  ചാരെ എത്തുമ്പോൾ ഈ പാപിയേം കൂടി ഓർക്കണേ.... " നിർത്താതെയുള്ള ആ ആവേശത്തോടെയുള്ള സംസാരം റാഹിയെ അത്യധികം അത്ഭുതവും സന്തോഷവും നൽകി. 

" ഇത്ത അല്ല ഇത്..... " അവൾ അറച്ചു കൊണ്ട് പറഞ്ഞപ്പോൾ മറുതലയ്ക്കൽ നിന്നുകൊണ്ട് ആയിഷയെ തിരക്കി. 

" ഇത്ത സുജൂദിലാണ്. ". 

"അവളോട് ഇങ്ങോട്ടൊന്ന് വിളിക്കാൻ പറയണേ...."

 "ആഹ് ". ഉടനെ അവർ കാൾ കട്ട്‌ ആക്കി. റാഹില ആയിഷയെ തന്നെ നോക്കി. അവളിപ്പോഴും സുജൂദിലാണ്. വല്ലാണ്ട് കരയുന്നുണ്ട്. വിളിക്കണമെന്നുണ്ട്. പക്ഷെ കഴിയുന്നില്ല. അവൾ ആയിഷയെ കാത്ത് അവിടെ ഇരുന്നു.


" ഇക്കാക്കയെക്കാൾ ഹബീബ് തങ്ങളെﷺ പറഞ്ഞുതന്നത് ആയിഷുത്ത ആയിരുന്നു. അവിടുത്തെﷺ ചരിത്രങ്ങളിലൂടെ നീങ്ങുമ്പോൾ പലപ്പോഴും സ്വരമിടറുകയും കണ്ണുകൾ നിറയുകയും ചെയ്യാറുള്ളത് ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചുമൊരു  

ആശിഖാത്താണ് ആയിഷുത്ത എന്ന് പറയുമ്പോഴൊക്കെ..., മുത്ത് നബിയെ ﷺ കാണാൻ കൊതിച്ചു കൊണ്ട് കാലങ്ങളോളം കാത്തിരുന്നു, അവസാനം അവസരം ലഭിച്ചപ്പോൾ തടസ്സമായി മാറിയ അബൂബക്കർ സിദ്ധീഖ് رضي الله عنه ന്റെ കാൽ വിരലിൽ കൊത്തിയ പാമ്പിനോളം ഇഷ്‌ഖ് ഇല്ലാത്ത ഇവൾ ഒരു യഥാർത്ഥ ആഷിഖത്തല്ല മോളെ എന്ന് മറുപടി പറയും.ഇപ്പോഴിതാ കാലം തെളിയിച്ചിരിക്കുന്നു. ആയിഷുത്താന്റെ സ്വലാത്തിനോളം മറ്റാർക്കും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മാറ്റാരെക്കാളും ഇത്താനെ കാണാൻ തങ്ങളാﷺഗ്രഹിക്കുന്നുണ്ടെന്നല്ലേ.....ആ ഹബീബിന്റെ ﷺ ഇഷ്‌ക്കിലായി ലയിക്കാൻ ഭാഗ്യം നൽകട്ടെ......" 

ചിന്തകളുടെ വേര് റാഹിലയുടെ ഹൃദയത്തിലേക്ക് പടർന്നു പന്തലിച്ചു കൊണ്ടിരുന്നു. ആയിഷ എഴുന്നേറ്റ കണ്ടപ്പോൾ അവൾ ബെഡിൽ നിന്നെഴുന്നേറ്റ് പുഞ്ചിരി തൂകി. കരഞ്ഞു കവിളും മൂക്കും ഒരു പോലെ ചുമന്നിട്ടുണ്ട് ആയിഷയുടേത്.   

"തങ്ങടെ ﷺ ചാരെ പോകുന്നത് കൊണ്ടുള്ള സന്തോഷ കണ്ണീരാണോ....?" റാഹിലയുടെ ചോദ്യം കേട്ട് ആയിഷ ഞെട്ടി. നീ എങ്ങനെ അറിഞ്ഞു എന്ന ഭാവത്തിൽ അവൾ റാഹിയെ നോക്കി.  

"ഇങ്ങളെ ഏതോ ഫ്രണ്ട് വിളിച്ചിരുന്നു. എടുത്തപ്പാടെ കാര്യങ്ങൾ പറഞ്ഞു. എനിക്ക് പറയാൻ അവസരം കിട്ടിയപ്പോൾ ഇത്ത സുജൂദിലാന്ന് പറഞ്ഞു. അങ്ങോട്ട് വിളിക്കാനും പറഞ്ഞു".

 " ooh. ഞാൻ വിളിക്കാം. എവിടെ ഉമ്മ? എവിടെ ഇക്ക? ".

 " അവരൊക്കെ ഗാർഡനിൽ ഇരിക്കുകയാ.... അങ്ങോട്ടേക്ക് വിളിക്കാൻ വേണ്ടി വന്നപ്പോഴാ ഈ സംഭവങ്ങളൊക്കെ ഉണ്ടായത് ". 

" ആണോ എന്നാൽ വാ റാഹി. നമുക്കങ്ങോട്ടേക്ക് പോകാം......". റാഹിയുടെ കൈപിടിച്ചു നടക്കാനൊരുങ്ങിയ ആയിഷ ഒരു നിമിഷം നിന്നു. 

" അല്ലെങ്കിൽ വേണ്ട ഇക്കാക്ക് സർപ്രൈസ് കൊടുക്കാം. നീ എങ്ങനെയെങ്കിലും ഇക്കാനെ ഇങ്ങോട്ട് കൊണ്ടു വാ. ഞാൻ ആ സമയത്ത് ഉമ്മാരടുത്തു പറയാം "

" ഹാ done" അവർ ഇരുവരും പ്ലാനിങ് അനുസരിച്ചു കാര്യങ്ങൾ ചെയ്തു. റബി പോയതും ആയിഷ ഉമ്മയോട് കാര്യങ്ങൾ പറഞ്ഞു. 

 " അൽഹംദുലില്ലാഹ് " അവർക്ക് വല്യ സന്തോഷമായി.


"ഇത്താ.... വേഗം പോയി. ഇങ്ങൾ സർപ്രൈസ് കൊടുക്കുന്ന് പറഞ്ഞു ഞാൻ റൂമിനകത്തു പിടിച്ചിരുത്തീട്ടുണ്ട്.". "ഹാ".അവൾ എഴുന്നേറ്റ് നടന്നു.

ആയിഷുനെ കണ്ടതും റബി അവൽക്കരികിലേക്ക് ധൃതിയിൽ ചെന്നു.

" ന്താ ആയിഷു..., എടുക്ക് എനിക്കുള്ള സർപ്രൈസ് ". വന്ന ചിരിയെ അടക്കിപ്പിടിച്ചു കൊണ്ട് അവൾ ഫോണിലെ ആ മെസ്സേജ് ഓപ്പൺ ആക്കി. എന്നിട്ട് അവനു നേരെ നീട്ടി.

" ഇത് വായിക്കിം ". അവൻ ആകാംക്ഷയോടെ വായിച്ചു.

ഏറ്റവും കൂടുതൽ സ്വാലത്ത് ചൊല്ലി സൗജന്യ ഉംറ ചെയ്യുക എന്ന അവസരം നേടിയ


ആയിഷ മറിയമിന് അഭിനന്ദനങ്ങൾ. അല്ലാഹു ബറക്കത്തു ചെയ്യട്ടെ.....


വായിച്ചു കഴിഞ്ഞതും റബി അത്ഭുതത്തോടെ ആയിഷയെ നോക്കി.

"ആയിഷു......" അവൾ പുഞ്ചിരിയോടെ അവനെ നോക്കി. 

" You finally achieved your dream.  I 'm proud of you, dear..... Maa shaa allah  " . 

" അതെ. ഇക്കാ ഇവളുടെ കഥനം അവിടുന്ന് ﷺ കേട്ടു. അൽഹംദുലില്ലാഹ്. എത്ര സ്തുതിച്ചാലും തീരില്ല". ആയിഷയെ അവനിലേക്ക് അണച്ചു കൂട്ടി. 

" അല്ലാ.... അപ്പോൾ എന്നെയൊന്നും കൂട്ടാണ്ട് പോവുകയാണോ? ". അവൾ നിസ്സംഗ ഭാവത്തിൽ അവനെ നോക്കി. 

" ഞാനും വരും ആയിഷുന്റെ ഒപ്പം". ആയിഷയുടെ മുഖം ഇരട്ടി സന്തോഷത്തോടെ തിളങ്ങി.


"അടുത്ത മാസമാണ് യാത്രയെന്നാ ഉസ്താദ് പറഞ്ഞത്. കാര്യങ്ങളൊക്കെ വഴിയേ പറയുന്നുണ്ടെന്നും പറഞ്ഞു". 

" ആഹ്. ഞാൻ ആ ഗ്രൂപ്പ് contain ചെയ്യുന്ന അമീറിനെ കുറിച്ച് പറഞ്ഞപ്പോൾ ഫ്രണ്ടിന്റെ റിലേറ്റീവ് ആണെന്ന് അറിയാൻ കഴിഞ്ഞു. അപ്പോൾ എനിക്കും എളുപ്പമായി ".

 "ഹാ...." ഇരുവരും മദീനത്തേക്കുള്ള യാത്രയുടെ മധുര സങ്കൽപ്പങ്ങളിൽ മുഴുകി നിദ്രയെ പുൽകി.

ദിനങ്ങൾ ശരവേഗത്തിൽ കുതിച്ചു കൊണ്ടേ ഇരുന്നു. ആയിഷയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ കടന്നുവന്നു. എങ്ങനെയാണ് ഉറക്കം വരിക? പോകാൻ ഹൃദയം തുടിക്കുന്നത് പ്രണയ നായകരുടെ ചാരെയല്ലേ ..... കണ്ണുകൾ കാത്തിരിക്കുന്നത് ആനന്ദം കൊള്ളിക്കുന്ന ആ പച്ചക്കുബ്ബയേയും കഅ്ബാ ഷെരീഫിനെയുമല്ലേ.....

ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലവേദന അവൾ കാര്യമാക്കാതെ മറച്ചു വെച്ചു. എങ്കിലും റബി അവളെ മനസ്സിലാക്കിയിരുന്നു. ഗുളിക കൃത്യമാക്കുന്നുണ്ടോ എന്നവൻ ചെക്ക് ചെയ്യാറുണ്ട്.


"ആയിഷൂ..... ഇനി ഉംറയ്ക്ക് പോകാൻ 4 ദിവസമല്ലേ ഉള്ളു....". 

"Mm.. ന്തേയ്‌..? ".

 " അതിനു മുന്നേ നമുക്ക് ഹോസ്പിറ്റലിൽ പോയി സ്കാനിംഗ് ചെയ്യണ്ടേ..... ഡോക്ടർ പറഞ്ഞ സമയം കഴിയാൻ പോവുകയല്ലേ.... ".

 " വേണ്ട ഇക്കാ. എന്തായാലും ഈ യാത്രയ്ക്ക് മുന്നേ ഒരു സ്കാനിങ്ങും വേണ്ട. ഇങ്ങൾ ബേജാറാകണ്ടെന്നേ. തിരിച്ചുള്ള യാത്രയിൽ സ്കാനിംഗ് ഒന്നും വേണ്ടെന്ന് ഇങ്ങക്കെന്നെ മനസ്സിലായിക്കോളും. എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചു മടങ്ങാം നമുക്ക് ".

 " hmm.... " മനസ്സിൽ സംശയങ്ങൾ ഉയർന്നു വന്നെങ്കിലും അവൻ കൂടുതലൊന്നും ചോദിച്ചില്ല.

അവൾ യാത്രയ്ക്ക് വേണ്ടി രണ്ടുപേരുടെയും ബാഗുകൾ പാക്ക് ചെയ്തു.

 തങ്ങൾക്കായിﷺ അവൾ കരുതി വെച്ച ഡയറി എടുത്തു. അതിലെ താളുകൾ മറിച്ചു നോക്കുന്നതിനിടയിൽ തന്റെ കിനാവിൻ മുത്തുകളെ കോർത്തിണക്കിക്കൊണ്ടൊരു മദ്ഹിൻ മാല തീർത്ത താളിലേക്ക് വിരലുകൾ തലോടി.അവൾ ഒരിക്കൽ കൂടി വായിച്ചുകൊണ്ടേ ഇരുന്നു....



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪