♦️Part-3 ♦️ ഫാത്വിമാ ബീവി رضي الله عنها

 

ഫാത്വിമാ ബീവി رضي الله عنها

💚🌻💚🌻💚🌻💚🌻

              ♦️Part-3♦️



അങ്ങനെ, നബി (സ) യുടെ മനസ്സിന് കുളിരേകി ഫാഥിമ(റ) ജീവിച്ചു. നബി (സ) ഫാഥിമ(റ)ക്ക് താങ്ങും തണലുമേകി, ഒരു മകളോട് പിതാവ് കാണിക്കേണ്ട സ്നേഹപ്രകടനത്തിന്റെ പാരമ്യത വരച്ചുകാട്ടി.


*ത്യാഗത്തിന്റെ പ്രതീകം:*

അന്ത്യപ്രവാചകന്റെ ഈ ഇഷ്ടപുത്രിക്ക് ചെറുപ്പം മുതലേ ദുരിതങ്ങള്‍ കാണാന്‍ മാത്രമായിരുന്നു വിധി. മരണം വരെ അത് തുടര്‍ന്നു. കുറെ പീഡനങ്ങളും മരണങ്ങളും പട്ടിണിയും ദാരിദ്യ്രവും അവര്‍ കണ്ടു. ആദ്യം മാതാവും പിന്നെ സഹോദരി റുഖിയ്യ(റ)യും താമസിയാതെ മറ്റു സഹോദരിമാരായിരുന്ന സൈനബും, ഉമ്മുകുല്‍സൂമുമൊക്കെ വിടപറഞ്ഞപ്പോള്‍, ഫാഥിമ(റ) തന്റെയും പിതാവിന്റെയും ഗതിയോര്‍ത്ത് ഏറെ ദുഃഖിച്ചു. അവസാനം പിതാവും വിട ചൊല്ലിയതോടെ അവരുടെ ആത്മാവൊഴികെ സര്‍വതും ക്ഷയിച്ചു. ത്ദഫലമായി ആറുമാസത്തെ ദുരിതജീവിതത്തിനൊടുവില്‍ ഇരുത്തിയൊമ്പതാം വയസ്സില്‍ അവരുടെ അന്ത്യവും സംഭവിച്ചു.

വലിയ മതഭക്തയും പരിത്യാഗിയും ലജ്ജാവതിയുമായിരുന്നു ഫാഥിമ (റ). ഗൃഹപരിപാലനവും സന്താനശിക്ഷണവും കൃത്യമായി അവര്‍ നിര്‍വഹിച്ചു. ആസ്സ് തിരിച്ച് കൈകളില്‍ വിള്ളലുകള്‍ നിറഞ്ഞിരുന്ന മഹതിയുടെ ജോലി ഭാരം കണ്ട് പലപ്പോഴും ഭര്‍ത്താവ് അലി(റ) വേദനിച്ചു. അതിനിടെ മദീനയില്‍ ഏതാനും യുദ്ധത്തടവുകാര്‍ വന്നുവെന്നറിഞ്ഞ അലി(റ) പ്രവാചകപുത്രിയും തന്റെ പത്നിയുമായ ഫാഥിമ(റ)യെ തന്റെ കഷ്ടപ്പാട് വിവരിക്കുവാനും, ഒരു അടിമയെ വേലക്ക് അനുവദിച്ചുതരാന്‍ അഭ്യര്‍ഥിക്കുവാനും നബി (സ) യുടെ അടുത്തേക്കയച്ചു. ഫാഥിമ(റ) നബിസന്നിധിയിലെത്തിയപ്പോള്‍ തങ്ങള്‍ അനുയായികളുമായി സംവദിക്കുകയായിരുന്നു. ' അതുകണ്ട് അവര്‍ മടങ്ങിപ്പോയി. അല്‍പം കഴിഞ്ഞ് വീണ്ടും വന്നപ്പോള്‍ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. രണ്ടാമതും മടങ്ങിയ ഫാഥിമ(റ), വിഷമാവസ്ഥയില്‍ വീട്ടിലിരിക്കുമ്പോള്‍ നബി (സ) കടന്നുവരികയും വിവരങ്ങളന്വേഷിക്കുകയും ചെയ്തു. 

സംഭവങ്ങളൊക്കെ പ്രിയപ്പെട്ട മകള്‍ വിശദീകരിച്ചപ്പോള്‍ ആ പിതാവിന്റെ മനസ്സ് വേദനിക്കാതിരുന്നില്ല. എങ്കിലും അവര്‍ അതിനേക്കാള്‍ ഉത്തമമായ ഒരു മാര്‍ഗമായിരുന്നു തന്റെ മകള്‍ക്ക് വേണ്ടി തെരഞ്ഞെടുത്തത്. 'മകളേ, അതിനേക്കാള്‍ ഉത്തമമായ ഒരു കാര്യം ഞാന്‍ നിനക്ക് പറഞ്ഞുതരട്ടെ! ഉറങ്ങാന്‍ കിടക്കവേ 33 തവണ സുബ്ഹാനല്ലാഹ്, 33 തവണ അല്‍ഹംദുലില്ലാഹ്, 33 തവണ അല്ലാഹുഅക്ബര്‍ എന്ന് ചൊല്ലുക. അത് ആകാശ-ഭൂമികളേക്കാള്‍ പ്രതിഫലത്തില്‍ വലുതാണ്. അഹ്ലുസ്സുഫ്ഫത്ത് പട്ടിണി കിടക്കുമ്പോള്‍ ഞാന്‍ എങ്ങനെ സ്വന്തം കുടുംബത്തെ പരിഗണിക്കും?'


നബി(സ)യുടെ സന്താന പരമ്പരക്ക് വിളിക്കപ്പെടുന്ന നാമമാണ് 

അഹ് ലു ബൈത്ത്. 

ഫാത്വിമ ബീവി(റ)യുടെ സന്താന പരമ്പരയിലൂടെ ഈ വിശുദ്ധ പരമ്പര ഇന്നും നില നിൽക്കുന്നു. നബി(സ) യുടെ വഫാത്തിന്‍റെ സമയത്ത് 

ഫാത്വിമാ ബീവി(റ)മാത്രമാണ് മക്കളിൽ ജീവിച്ചിരിപ്പുണ്ടായിരുന്നത്.  റസൂലിന്‍റെ(സ) വഫാത്ത് കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോൾ ഫാത്വിമാ ബീവി(റ)യും മരണപ്പെട്ടു.


സ്വഫാ പ്രഖ്യാപനം, ബൈഅത്തുന്നിസാഅ്, പ്രഥമ കഅ്ബാ നമസ്കാരം, ഹജ്ജതുല്‍ വിദാഅ്, വഫാത്ത്.... അങ്ങനെ ഒട്ടനവധി സംഭവങ്ങളില്‍ ഫാഥിമ(റ) നബി (സ) യുടെ കൂടെയുണ്ടായിരുന്നു.


സ്വഫാ താഴ്വരയില്‍ ഇസ്ലാമിന്റെ പ്രഥമ വിളംബരം നടത്തി നബി (സ) ഇങ്ങനെ പറഞ്ഞു: 'ഖുറൈശീ സമൂഹമേ, നിങ്ങളുടെ ശരീരങ്ങളെ നിങ്ങള്‍തന്നെ ഇടപാട് ചെയ്യുക. അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ക്ക് ഒന്നും ഞാന്‍ സ്വന്തം നേടിത്തരില്ല. ബനൂഅബ്ദിശ്ശംസേ, നിങ്ങള്‍ക്ക് ഞാന്‍ ഒന്നും സ്വായത്തമാക്കിത്തരില്ല......... ഓ ഫാഥിമാ, എന്റെ ധനത്തില്‍ നിന്ന് വേണ്ടത് ചോദിക്കുക. പക്ഷേ, അല്ലാഹുവില്‍ നിന് നിനക്ക് ഞാന്‍ ഒന്നും നേടിത്തരില്ല' (ബുഖാരി, മുസ്ലിം). ഇതുകേട്ട ഫാഥിമ(റ) പറഞ്ഞു: 'പ്രവാചകരേ, ഞാന്‍ അംഗീകരിച്ചു. ഇഷ്ടപിതാവേ, ബഹുമാന്യപ്രബോധകാ!'


പ്രബോധനകാലം തിരുമേനി (സ) ക്കെന്നപോലെ ഫാഥിമ(റ)ക്കും ദുരിതമായിരുന്നു. ശുഅബു അബീഥാലിബിലെ ഉപരോധം ഫാഥിമ(റ)യെ പാടേ തളര്‍ത്തി. ഉപരോധം നീങ്ങിയ ഉടനെ ഉമ്മയും പിതൃവ്യന്‍ അബൂഥാലിബും മരിച്ചത് മഹതിയെ ഏറെ വേദനിപ്പിച്ചു. വേര്‍പാടിന്റെ വേദനക്കൊപ്പം നബി (സ) യുടെ നിസ്സഹായത അവരെ വിഷണ്ണരാക്കി.


നബി (സ) പ്രവാചകത്വവുമായി അവതരിച്ചപ്പോള്‍ അവരെ നേരിടാന്‍ വന്ന ശത്രുക്കള്‍ പലപ്പോഴും അക്രമമുറകളായിരുന്നു സ്വീകരിച്ചിരുന്നത്. ഹിറാഗുഹയില്‍ നിന്ന് ജിബ്രീലിന്റ പിടിയുടെ ആഘാതമേറ്റ് പേടിച്ചോടിയണഞ്ഞ പിതാവിനെ മാതാവ് സാന്ത്വനപ്പെടുത്തുന്നത് ഈറനണിഞ്ഞ കണ്ണുകളോടെയായിരുന്നു ഫാഥിമ(റ) ശ്രദ്ധിച്ചത്. കഅ്ബാശരീഫില്‍ നമ്സകാരത്തില്‍ സുജൂദില്‍ ആയിരിക്കെ നബി(സ)യുടെ കഴുത്തില്‍ ചീഞ്ഞ ഒട്ടകത്തിന്റെ കുടല്‍മാല ഇട്ട ദുഷ്ടന്‍ ആയിരുന്ന 

ഉഖ്ബത്തുബ്നു അബീമുയീദ്

ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല ചാര്‍ത്തിയപ്പോള്‍ പിടക്കുന്ന മനസ്സുമായി ഓടിയണഞ്ഞ് അത് എടുത്തുമാറ്റി, നബി (സ) യുടെ ശരീരം കഴുകി വൃത്തിയാക്കുന്ന ആ ചെറുപ്പക്കാരി ഇസ്ലാമിന് വേണ്ടി ഏറെ സഹിച്ചു.

ഉഹുദ് യുദ്ധത്തില്‍ പരിക്കേറ്റ് കുഴിയില്‍ വീണുപോയ റസൂല്‍ (സ) യെ അലി(റ)യും ഥല്‍ഹ(റ)യും കൂടി കരകയറ്റിയ സന്ദര്‍ഭം ഓര്‍ക്കുക. മുഖത്തുനിന്ന് രക്തം വാര്‍ന്നൊഴുകിയപ്പോള്‍ അലി(റ) വെള്ളവും പച്ചില മരുന്നും കൊണ്ടുവന്നുവെന്നും ഫാഥിമ(റ) ആ പരിശുദ്ധ മുഖം കഴുകി ശുദ്ധിയാക്കി പിടക്കുന്ന കൈകളോടെ മുഖം വെച്ചുകെട്ടിയെന്നും ചരിത്രം രേഖപ്പെടുത്തുന്നു. അങ്ങനെ നിരവധി സംഭവങ്ങള്‍.... ഇത്തരം സംഭവങ്ങളില്‍ മനംനൊന്ത ഫാഥിമ(റ)യെ നബി (സ) ഇങ്ങനെ സാന്ത്വനപ്പെടുത്തി: ഫാഥിമാ, കരയരുതേ. അല്ലാഹു നിന്റെ പിതാവിനെ രക്ഷിക്കും, തീര്‍ച്ച!

അതിനുടനെ കഅ്ബക്ക് സമീപം നബി (സ) യെ വകവരുത്താന്‍ ശ്രമിച്ചവരെ അബൂബക്ര്‍(റ) തടഞ്ഞതും, ശത്രുക്കള്‍ അദ്ദേഹത്തെ അടിച്ചവശനാക്കി ബോധം കെടുത്തിയതും മഹതിക്ക് കാണേണ്ടിവന്നു.


ശത്രുപീഡനം സഹിക്കാനാവാതെ എത്യോപ്യയിലേക്ക് പോയ പ്രഥമസംഘത്തില്‍ സഹോദരി റുഖിയ്യയും ഭര്‍ത്താവ് ഉസ്മാനും ഉണ്ടായിരുന്നു. ആ വേര്‍പാട് കഴിഞ്ഞ് സഹോദരി തിരിച്ചുവന്നപ്പോള്‍ മാതാവിനെ അന്വേഷിക്കുന്നതും മറുപടി പറയാനാവാതെ ഫാഥിമ(റ) കിതക്കുന്നതും മുമ്മഹ് അബ്ദു യമാനി ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്നുണ്ട്. (ഇന്നഹാ ഫാതിമത്തുസ്സഹ്റാ)

അധികം താമസിയാതെ വീടും സമ്പത്തും ഉപേക്ഷിച്ച് മദീനയിലേക്ക് യാത്ര പോകാന്‍ മുസ്ലിംകള്‍ക്കാകമാനം നിര്‍ദ്ദേശമുണ്ടായിരുന്നു. നബി (സ) രഹസ്യമായി നേരത്തെ പുറപ്പെടുകയും മദീനയിലെത്തിയ ശേഷം ഫാഥിമ(റ)യടക്കമുള്ള കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍, രണ്ട് ഒട്ടകങ്ങളും 500 ദിര്‍ഹമും സഹിതം സൈദുബ്നു ഹാരിസയെയും അബൂറാഫിഇനെയും പറഞ്ഞയക്കുകയുമായിരുന്നു. വഴിമധ്യേ അവരുടെ വാഹനങ്ങള്‍ തകര്‍ത്ത ഹുവൈരിസുബ്നു മുന്‍ഖിദിന് ചില ഗോത്രങ്ങള്‍ ഇടപെട്ടതിനാല്‍ ഇവരെ വധിക്കാനായില്ല. മക്കാവിജയ വേളയില്‍ നബി (സ) യുടെ നിര്‍ദേശപ്രകാരം അലി(റ) അയാളെ വധിക്കുകയുണ്ടായി.

അലി(റ)വിന്റെ വീട് നബി (സ) യുടെ വീട്ടില്‍ നിന്ന് അല്‍പം ദൂരെയായിരുന്നു. ചെറുപ്പം മുതല്‍ സദാ നബി (സ) യുടെ ശിക്ഷണത്തില്‍ വളര്‍ന്ന ഫാഥിമ(റ)ക്ക് അത് ബുദ്ധിമുട്ടായി. നബി (സ) യുടെ ഭാര്യമാരുടെ വീടുകള്‍ക്കിടയിലെ ഹാരിസതുബ്നു നുഅ്മാന്‍(റ)വിന്റെ വീട് ഒഴിഞ്ഞുതരാന്‍ അഭ്യര്‍ഥിക്കണമെന്ന് അവര്‍ നബി (സ) യോടാവശ്യപ്പെടുകയും ഹാരിസ(റ) പൂര്‍ണമനസാ അത് സ്വീകരിക്കുകയും ചെയ്തു.

ആഇശ(റ)യുടെ വീട്ടില്‍ നിന്ന് ഒരു പഴുത് ഫാഥിമ(റ)യുടെ വീട്ടിലേക്കുണ്ടായിരുന്നു. അതിലൂടെ നബി (സ) കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഓരോ നമസ്കാരത്തെക്കുറിച്ചും ഉണര്‍ത്തുകയും ഇടക്കിടെ അഹ്ലുബൈതിനെക്കുറിച്ചുള്ള ആയത്ത് ഓതുകയും ചെയ്തിരുന്നു.


പലപ്പോഴും കഷ്ടതകളില്‍ സമാധാനം നല്‍കാന്‍ നബി (സ) അവര്‍ക്ക് വിര്‍ദുകള്‍ നല്‍കിയിരുന്നു. ദൈലമി(റ)യും ബൈഹഖി(റ)യും അനസ്(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: ഫാഥിമാ, ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നീ സന്നദ്ധയല്ലേ. നീ പറയുക-നിന്റെ കാരുണ്യം കൊണ്ട് ഞാന്‍ സഹായം തേടുന്നു. ഒരു നിമിഷം പോലും നീ എന്നെ എന്നിലേക്ക് ഏല്‍പിക്കരുതേ. എന്റെ എല്ലാ കാര്യവും നീ നന്നാക്കണേ.

പട്ടിണി സഹിച്ചുകൊണ്ടായിരുന്നു ഫാഥിമ(റ)യും കുടുംബവും ജീവിച്ചത്. അലി(റ) പറഞ്ഞതായി അഥാഅ്(റ) പറഞ്ഞു: 'കുറേ ദിവസങ്ങള്‍ ഒന്നും കൂടെയില്ലാതെ നബി (സ) യും ഞങ്ങളും തള്ളിനീക്കി. അങ്ങനെ വഴിയില്‍ ഒരു ദീനാര്‍ എനിക്ക് വീണുകിട്ടി. ഏറെ ശങ്കിച്ചുനിന്ന ശേഷം അതിന് ധാന്യപ്പൊടി വാങ്ങി ഫാഥിമ(റ)യോട് റൊട്ടിയുണ്ടാക്കാന്‍ പറഞ്ഞു. നബി (സ) യോട് തിന്നാന്‍ സമ്മതം ചോദിച്ചപ്പോള്‍, അത് അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഭക്ഷണമാണെന്ന് അരുളുകയും സമ്മതം നല്‍കുകയും ചെയ്തു.' (കന്‍സുല്‍ഉമ്മാല്‍, ഫാഥിമതുസ്സഹ്റാ)

മറ്റൊരിക്കല്‍ നബി (സ) വീട്ടില്‍ വന്നപ്പോള്‍ ഹസനും ഹുസൈനും(റ) ഉണ്ടായിരുന്നില്ല. എവിടെയാണെന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ ഭക്ഷണമില്ലാത്തതിനാല്‍ ഇവര്‍ കരഞ്ഞുകരഞ്ഞ് നിന്നെ ബുദ്ധിമുട്ടിക്കുമെന്ന് പറഞ്ഞ് അലി(റ) കൊണ്ടുപോയിരിക്കുന്നു എന്നായിരുന്നു മറുപടി. 'ഫാഥിമാ, നിത്യാനുഗ്രഹം കരസ്ഥമാക്കാന്‍ നീ ഈ ലോകത്തിന്റെ കയ്പില്‍ ക്ഷമിക്കുക' എന്നായിരുന്നു നബി (സ) നല്‍കിയ മറുപടി. (കന്‍സുല്‍ ഉമ്മാല്‍)

മുഫ്തി അശ്റഫ് അലി ഉദ്ധരിക്കുന്നു: 'നബി (സ) ക്ക് ഫാഥിമ(റ)യോട് അത്യധികം സ്നേഹമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ലാളിച്ചതുപോലെത്തന്നെ തന്റെ വഫാത്ത് വരെ തങ്ങള്‍ മഹതിയെ അതിരറ്റ് സ്നേഹിച്ചു. യാത്രക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴുമൊക്കെ ഫാഥിമ(റ)യുടെ വിവരമന്വേഷിക്കുക പതിവായിരുന്നു. പക്ഷേ, ധര്‍മത്തിന്റെ പാതയില്‍ ആ സ്നേഹം ഒരിക്കലും വഴിതടസ്സം സൃഷ്ടിച്ചില്ല. ഒരു യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ മകളെ കാണാന്‍ വന്ന റസൂല്‍ (സ) വീട്ടിനു മുമ്പില്‍ ഒരു സുവര്‍ണവിരി തൂക്കിയിട്ടതുകണ്ട് തിരിച്ചുപോവുകയുണ്ടായി. വിവരമറിഞ്ഞ് ഏറെ ദുഃഖിതയായ ഫാഥിമ(റ) ആ വിരി നീക്കിയ വിവരം നബി (സ) യെ അറിയിക്കുവാന്‍ ആളെ അയച്ചു. റസൂല്‍ (സ) ഉടനെ വീട്ടിലെത്തുകയും ലാളിത്യത്തിന്റെയും ത്യാഗത്തിന്റെയും ശൈലി ഉണര്‍ത്തുകയും ചെയ്തു.'

തന്റെ മകള്‍ ഫാഥിമ മോഷ്ടിച്ചാലും ഞാനവളുടെ കരം ഛേദിക്കുമെന്ന പ്രഖ്യാപനം ഒരേ സമയം നബി (സ) ക്ക് ഫാഥിമ(റ)യോടുള്ള സ്നേഹവും മതത്തോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നു.

ഖിയാമത് നാളില്‍ ഉമ്മതീ, ഉമ്മതീ എന്നാണ് ഞാന്‍ പറയുകയെന്നും ഫാത്തിമ, ഫാത്തിമ എന്നല്ലെന്നുമുള്ള ഹദീസും ഇത് തന്നെ വ്യക്തമാക്കുന്നു. വളരെ സത്യസന്ധയായിരുന്നു മഹതി.

ആഇശ(റ) പറയുന്നു: ഫാഥിമ(റ)യേക്കാള്‍ സത്യസന്ധരായി അവളുടെ പിതാവിനെയല്ലാതെ ഞാന്‍ കണ്ടിട്ടില്ല.

നബി (സ) യെപ്പോലെത്തന്നെ ലജ്ജയുടെ മൂര്‍ത്തീഭാവമായിരുന്നു മഹതി. മരിക്കാന്‍ കിടക്കുമ്പോള്‍ പകല്‍ പരസ്യമായി ജനാസ കൊണ്ടുപോകുന്നത് തന്റെ ശരീരാകൃതി വ്യക്തമാക്കുമെന്നോര്‍ത്ത് ലജ്ജിച്ച് അവര്‍ വ്യസനിച്ചിരുന്നതായി അസ്മാഅ്(റ) പറയുന്നു.

ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിറകുടമായിരുന്നു ഫാഥിമ(റ). ഒരിക്കല്‍ സ്ത്രീകള്‍ക്കേറ്റവും ഉത്തമം എന്താണെന്ന് നബി (സ) ചോദിച്ചപ്പോള്‍ 'അവരെ പുരുഷന്മാര്‍ കാണാതിരിക്കലും അവര്‍ പുരുഷന്മാരെ കാണാതിരിക്കലുമാണെ'ന്ന് അവര്‍ മറുപടി നല്‍കി. മറുപടിയില്‍ നബി (സ) അത്യധികം സന്തോഷം പ്രകടിപ്പിച്ചു.

പ്രവാചകന്റെ വഫാത്ത് വേളയില്‍ കരഞ്ഞുകൊണ്ടിരുന്ന ഫാഥിമ(റ)യോട് നബി (സ) പറഞ്ഞു: 'പൊന്നുമോളേ, കരയരുത്. ഓരോ വിപത്തിനും പകരം നേട്ടമുണ്ടാകും.' ഫാഥിമ(റ) ചോദിച്ചു: താങ്കള്‍ക്കും പകരമുണ്ടോ? അവിടന്ന് പറഞ്ഞു: 'അതെ.' പ്രവാചകന്റെ വഫാത്ത് സംഭവിച്ചയുടനെ അവര്‍ ഇങ്ങനെ പറഞ്ഞു: പിതാവേ, തന്റെ റബ്ബിന് ഉത്തരം നല്‍കിയ പിതാവേ, ജന്നത്തുല്‍ ഫിര്‍ദൌസിലാണവരുടെ താമസം. റബ്ബിന്റെ സമീപത്താണവരുടെ അഭയം. ജിബ്രീലിലേക്ക് നാം അനുശോചനം അറിയിക്കുന്നു. (ഇന്നഹാ ഫാഥിമത്തുസ്സഹ്റാ)



💚🌻💚🌻💚🌻💚🌻💚🌻💚

💚🌻💚🌻💚🌻💚🌻💚🌻💚

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪