♦️Part-2♦️ ഫാത്വിമാ ബീവിرضي الله عنها

 

ഫാത്വിമാ ബീവിرضي الله عنها

💚🌻💚🌻💚🌻💚🌻💚🌻        


            ♦️Part-2♦️


         

സ്വഭാവത്തിലും ശരീരപ്രകൃതിയിലും ഒരുപോലെ പിതാവിനെ അനുസ്മരിപ്പിച്ച ഫാഥിമതുസ്സഹ്റാ ബിന്‍തു റസൂലില്ലായുടെ ജീവിതദര്‍ശനം മഹിളകള്‍ക്ക് മാത്രമല്ല, മാനവലോകത്തിനാകമാനം വഴികാട്ടിയാണ്. ഉന്നത കുടുംബത്തില്‍, സര്‍വശ്രേഷ്ഠരായ തിരുനബി (സ) യുടെ പുത്രിയായി ജനിച്ചിട്ടും, ത്യാഗവും സഹനവും ധര്‍മവും ആരാധനയും ആ ജീവിതത്തെ ഇടവിടാതെ പിന്തുടര്‍ന്നു. സുഖവും ആനന്ദവും ആസ്വദിക്കുവാന്‍ ഏറെ അവസരമുണ്ടായിട്ടും, ഒരിക്കലും അവര്‍ അത് ആഗ്രഹിച്ചില്ല. പിതാവിന്റെ പൂര്‍ണ സംരക്ഷണത്തില്‍ വളര്‍ന്നുവന്ന ആ സുന്ദര പുഷ്പം ലോകത്തിന് വേദാനപൂര്‍ണവും ക്ളേശനിര്‍ഭരവുമായ ജീവിതത്തിലൂടെ ഒരു ഉജ്ജ്വലപാഠം നല്‍കി. പരലോകവിജയത്തിന് വേണ്ടി ഇഹലോക സുഖങ്ങളൊക്കെയും വെടിഞ്ഞു. ധീരതയും ക്ഷമയും ആയുധമാക്കി, വീടും കുടുംബവും പരിപാലിച്ച്, പിതാവിന്റെയും ഭര്‍ത്താവിന്റെയും മാത്രമല്ല, ലോകജനതയുടെയാകമാനം ഇഷ്ടഭാജനമായി പ്രകാശം പരത്തിയ ആ മഹദ്വനിതയുടെ ജീവിതത്തിലെ ഏതാനും തുടിപ്പുകള്‍ നമുക്ക് ഇവിടെ ദര്‍ശിക്കാം.

ഫാഥിമ(റ) പിതാവിനാലും ഭര്‍ത്താവിനാലും ജനസമൂഹത്താലും അതിരറ്റ് സ്നേഹിക്കപ്പെട്ടു. അവര്‍ക്കൊക്കെയും മഹതി(റ) തോരാത്ത സ്നേഹം പകര്‍ന്നുനല്‍കി. എങ്കിലും കഷ്ടത അവരെ ആദ്യന്തം പിന്തുടര്‍ന്നു, സ്വര്‍ഗസ്ത്രീകളുടെ നേതാവായി അല്ലാഹുവിങ്കലേക്ക് മടങ്ങുന്നതുവരെ.

ജനനനിമിഷം മുതല്‍ തന്നെ ഫാഥിമ പ്രവാചകന്‍ (സ) യുടെ മനസ്സിലെ മായാത്ത ചിന്തയായി മാറി. അവര്‍ മഹതിയെ അത്യധികം ലാളനയോടെ വളര്‍ത്തി. പ്രായത്തില്‍ കവിഞ്ഞ പക്വത കാണിച്ച ഫാഥിമ(റ) പിതാവിന്റെ ക്ഷേമകാര്യങ്ങളില്‍ സദാ ശ്രദ്ധ പുലര്‍ത്തി. സ്നേഹിച്ചും സേവിച്ചും അവര്‍ നിഴല്‍ പോലെ പിതാവിനെ അനുഗമിച്ചു.

അഞ്ച് സന്താനങ്ങളാണ് അലി-ഫാത്വിമ ദമ്പതികൾക്കുണ്ടായിരുന്നത്. ഹസൻ, ഹുസൈൻ, മുഹസ്സിൻ, ഉമ്മു കുൽസൂം, സൈനബ്. ഇവരിൽ മുഹസ്സിൻ ചെറുപ്പത്തിൽ തന്നെ വഫാത്തായി. നബി(സ്വ)ക്ക് ഫാത്വിമ ബീവിയിലൂടെയാണ് വംശ പരമ്പരയുള്ളത്. അവിടുത്തെ പേരമക്കളായ ഹസൻ, ഹുസൈൻ(റ)വിലൂടെയാണ് ആ പരമ്പര വളർന്നു വ്യാപിച്ചത്. 


സംസാരത്തിലും മുഖഭാവത്തിലും മഹതി നബി (സ) യുടെ തനിപ്പകര്‍പ്പായിരുന്നു. ഉമ്മുസലമ(റ) പറയുന്നു: 'റസൂല്‍ (സ) യുടെ പുത്രി ഫാഥിമ(റ) മുഖഭാവത്തില്‍ റസൂല്‍ (സ) യോട് ഏറ്റവും സാമ്യതയുള്ളവരായിരുന്നു.' (ഫത്ഹുല്‍ബാരി)

സംസാരത്തില്‍ നബി (സ) യോട് സദൃശയായി ഫാഥിമ(റ)യെക്കാള്‍ കൂടുതലായി ഞാന്‍ ആരെയും കണ്ടിട്ടില്ല എന്ന് ആഇശ(റ) പറയുന്നു.

ഫാഥിമ(റ)യെക്കുറിച്ച് മാത്രമായി നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അഹ്ലുബൈത്തിന്റെ ഉറ്റ സ്നേഹിയും സമകാലിക മുസ്ലിം പണ്ഡിതരില്‍ പ്രമുഖരുമായ ഡോ. മുഹമ്മദ് അബ്ദു യമാനിയുടെ 'ഇന്നഹാ ഫാഥിമതുസ്സഹ്റാ' എന്ന ഗ്രന്ഥം ഈ വിനീതനെ ഏറെ അതിശയപ്പെടുത്തി.

ഫാഥിമ(റ)യെക്കുറിച്ച് ഭാവനാത്മകമായ അപഗ്രഥനമാണ് ഗ്രന്ഥത്തിന്റെ ശൈലി. മഹതിക്ക് ബതൂല്‍ എന്നും സഹ്റാ എന്നുമൊക്കെ അപരനാമം നല്‍കപ്പെട്ടതിന്റെ കാരണങ്ങള്‍ യമാനി ചര്‍ച്ച ചെയ്യുന്നുണ്ട്.

സ്വര്‍ഗീയ പദവിയില്‍ മര്‍യം ബീവിയുടെ സമീപസ്ഥയായതിനാലാണ് ബതൂല്‍ എന്ന് വിളിക്കപ്പെട്ടതെന്ന് താജുല്‍അറൂസില്‍ നിന്ന് ഉദ്ധരിക്കുന്ന അദ്ദേഹം, സൌന്ദര്യത്തിലും ശ്രേഷ്ഠതയിലും ആരാധനയിലുമുള്ള വ്യതിരിക്തതയാവാം കാരണമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

തിരുമേനി (സ) യുടെ ഇഷ്ടപുഷ്പം എന്ന നിലയിലോ, സൌന്ദര്യറാണിയെന്ന വിധത്തിലോ ആവാം സഹ്റാ എന്ന പേര് എന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു.

ചെറുപ്പം മുതല്‍ നബി (സ) യെ പിന്തുടര്‍ന്ന ഫാഥിമയുടെ ജീവിതം സംഭവബഹുലമായിരുന്നു. ഇസ്ലാമിന്റെ വളര്‍ച്ചയില്‍ മഹതി വഹിച്ച സംഭാവനകള്‍ അനേകം ബഹുമതികള്‍ക്ക് അവരെ അര്‍ഹയാക്കി. അവരുടെ ശ്രേഷ്ഠത രേഖപ്പെടുത്തിയ ഒട്ടേറെ ഹദീസുകള്‍ കാണാം.

മിസ്വറുബ്നു മഖ്റുമ(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. റസൂല്‍ (സ) പറഞ്ഞു: 'ഫാഥിമ എന്റെ രക്തക്കഷ്ണമാണ്. ആരെങ്കിലും അവളോട് ദേഷ്യം പ്രകടിപ്പിച്ചാല്‍ എന്നെയും ദേഷ്യം വെച്ചു' (ബുഖാരി, മുസ്ലിം)

ആഇശ(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്. മഹതി പറഞ്ഞു: ഞങ്ങള്‍ (നബി (സ) യുടെ ഭാര്യമാര്‍) അവിടത്തെ ചാരത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഫാഥിമ(റ) വന്നു. അവരുടെ നടത്തം നബി (സ) യുടെ നടത്തത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അവരെ കണ്ടപ്പോള്‍ നബി (സ) പറഞ്ഞു: എന്റെ മകള്‍ക്ക് സ്വാഗതം. ശേഷം അവളെ തന്റെയടുത്തിരുത്തി ഒരു രഹസ്യം പറഞ്ഞു. അപ്പോള്‍ മഹതി ശക്തിയായി കരഞ്ഞു. അവരുടെ ദുഃഖം കണ്ട നബി (സ) വീണ്ടും ഒരു രഹസ്യം പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിച്ചു. റസൂല്‍ (സ) അവിടെ നിന്ന് എണീറ്റപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു: എന്താണ് റസൂല്‍ (സ) പറഞ്ഞ രഹസ്യം? അവര്‍ പറഞ്ഞു: റസൂല്‍ (സ) യുടെ രഹസ്യം ഞാന്‍ പരസ്യമാക്കുകയില്ല. റസൂലിന്റെ വഫാത്തിന് ശേഷം ഞാന്‍ പറഞ്ഞു: എനിക്ക് നിന്റെ മേലുള്ള അവകാശം മുന്‍നിറുത്തി അത് എനിക്ക് നീ പറഞ്ഞുതരണമെന്ന് ഞാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അവര്‍ പറഞ്ഞു: അതെ, ഇപ്പോള്‍ ഞാന്‍ പറയാം. ആദ്യതവണ എന്നോട് രഹസ്യമായി അവര്‍ പറഞ്ഞു: ജിബ്രീല്‍ ഓരോ വര്‍ഷവും എനിക്ക് ഒരു തവണ ഖുർ‍ആന്‍ ഓതിത്തരുമായിരുന്നു. ഈ വര്‍ഷം രണ്ട് തവണ കേള്‍പ്പിക്കുകയുണ്ടായി. അവധി അടുത്തതായി ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് നീ അല്ലാഹുവിനെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക. ഞാന്‍ നിനക്ക് എത്ര നല്ല മുന്‍ഗാമിയാണ്. അപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. എന്റെ ദുഃഖം കണ്ടപ്പോള്‍ രണ്ടാമതും അവര്‍ എന്നോട് രഹസ്യം പറഞ്ഞു: ഫാഥിമാ, സ്വര്‍ഗവാസികളുടെ നേതാവാകുവാന്‍ നീ ഇഷ്ടപ്പെടുന്നില്ലയോ? അപ്പോള്‍ ഞാന്‍ ചിരിച്ചു. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: ഈ വേദനയില്‍ തന്റെ റൂഹ് പിടിക്കപ്പെടുമെന്ന് അവര്‍ എന്നോട് രഹസ്യം പറഞ്ഞു. അപ്പോള്‍ ഞാന്‍ കരഞ്ഞു. അപ്പോള്‍ അവിടന്ന് വീണ്ടും അടക്കം പറഞ്ഞു: എന്റെ കുടുംബക്കാരില്‍ നിന്ന് ആദ്യമായി എന്നോട് ചേരുക നീയാണ്. അപ്പോള്‍ ഞാന്‍ ചിരിച്ചു (ബുഖാരി, മുസ്ലിം).

നബി (സ) ഫാഥിമ(റ) വരുമ്പോഴൊക്കെ അവരെ ചുംബിക്കുകയും അടുത്തിരുത്തുകയും ചെയ്തിരുന്നതായി ആഇശ(റ) ഉദ്ധരിക്കുന്നു. വിവാഹശേഷവും ഇത് തുടര്‍ന്നു.

ഥബ്റാനി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു: അല്ലാഹു അവളുടെ (ഫാഥിമയുടെ) തൃപ്തിക്കുവേണ്ടി തൃപ്തിപ്പെടുകയും അവളുടെ കോപത്തിനുവേണ്ടി കോപിക്കുകയും ചെയ്യുന്നു. നബി (സ) പറയുകയുണ്ടായി: 'സ്വര്‍ഗസ്ത്രീകളില്‍ ഏറ്റവും ശ്രേഷ്ഠര്‍ ഖദീജതു ബിന്‍തു ഖുവൈലിദും, ഫാഥിമതു ബിന്‍തു മുഹമ്മദും മര്‍യമും ആസിയയുമാണ്' (തുര്‍മുദി, അഹ്മദ്).

ഫാഥിമ(റ) നബി (സ) യെ അത്യധികം സ്നേഹിച്ചു. ഒരിക്കല്‍ പൊടി പുരണ്ട ശരീരത്തില്‍, നുരുമ്പിയ വസ്ത്രമണിഞ്ഞ നബി (സ) യെ കണ്ട ഫാഥിമ(റ) പൊട്ടിക്കരയുകയുണ്ടായി. അപ്പോള്‍ നബി (സ) പറഞ്ഞു: മകളേ, മണ്ണ്, കല്ല്, രോമം, മുടി ഭേദമന്യെ സര്‍വതിനും പ്രതാപവും നിന്ദ്യതയുമുണ്ടാവുമെന്ന വസ്തുതയുമായി നിന്റെ പിതാവിനെ അല്ലാഹു നിയോഗിച്ചിരിക്കുന്നു  (ഇന്നഹാ ഫാഥിമത്തുസ്സഹ്റാ



💚🌻💚🌻💚🌻💚🌻💚🌻💚

💚🌻💚🌻💚🌻💚🌻💚🌻💚

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪