ഇന്ന് പള്ളികളിൽ പലരും കസേരയിലിരുന്നു കൊണ്ടാണ് നിസ്കരിക്കാറുള്ളത്. സുഖമായി നടന്നു വരുന്നവർ പോലും കസേരയിലിരുന്ന് നിസ്കരിക്കുന്നത് കാണുന്നു. ഇത് അനുവദനീയമാണോ? ഇനി നിൽക്കാൻ കഴിയില്ലെങ്കിൽ തന്നെ തറയിൽ ഇരിക്കുകയല്ലേ വേണ്ടത്?
1. നിൽക്കാൻ പറ്റുമെങ്കിലും സുജൂദ് ചെയ്യാനും തറയിൽ ഇരിക്കാനും പറ്റാത്തവരാണ് ഒന്നാമത്തെ വിഭാഗം.
ഇവർ നിന്ന് തന്നെ നിസ്കാരം തുടങ്ങണം. റുകൂഅ് ശരിയായ രീതിയിൽ തന്നെ ചെയ്യണം. നിർത്തത്തിൽ നിന്ന് തന്നെ പരമാവധി കുനിഞ്ഞ് സുജൂദ് ചെയ്യാം. അല്ലെങ്കിൽ ഒരു കസേരയിട്ട് ഇരുന്നു കൊണ്ടും സുജൂദ് ചെയ്യാം. ഇവിടെ തൻകീസ് (പിൻ ഭാഗം മുകളിലും തല ഭാഗം താഴെയും വരുന്ന രൂപം) സാധ്യമല്ലാത്തതിനാൽ കഴിയാവുന്നിടത്തോളം കുനിഞ്ഞാൽ മതി. നെറ്റി വെക്കൽ നിർബന്ധമില്ല. എങ്കിലും സുന്നത്തുണ്ട്. പക്ഷേ, പരമാവധി കുനിഞ്ഞ ശേഷം മാത്രമേ നെറ്റി വെക്കാവൂ. ഉയർന്ന സ്റ്റൂൽ വെച്ച് കുനിയുന്നതിന്റെ അളവ് കുറക്കരുത്.
2. നിൽക്കാൻ കഴിയൂല(സഹിക്കാൻ പറ്റാത്ത പ്രയാസമുണ്ട് ). സാധാ (തറയിൽ)ഇരിക്കാനും സുജൂദിനും പറ്റും എന്ന നിലയിലുള്ളവരാണ് രണ്ടാമത്തെ വിഭാഗം.
നെറ്റിത്തടം, കാൽമുട്ട്, കൈകൾ, നിലത്ത് അമർത്തിയതായ നിലക്ക് കാൽവിരലുകൾ എന്നിവ ശരിയായ നിലക്ക് വെച്ച് സുജൂദ് ചെയ്യുന്നതിന് കസേരയിലിരിക്കുന്നത് തടസ്സമാകുന്നുണ്ടെങ്കിൽ ഇവർ കസേരയിൽ ഇരിക്കരുത്. മറിച്ച് തറയിൽ തന്നെ ഇരിക്കണം. അല്ലാത്ത പക്ഷം, സുജൂദ് നേരെ കിട്ടൂലല്ലോ! സുജൂദിന്റെ വേളയിൽ നിബന്ധനകൾ പാലിച്ച് ശരിയായ രീതിയിൽ സുജൂദ് ചെയ്യാൻ കഴിയുമെങ്കിൽ നിസ്കാരത്തിലെ ഇരുത്തത്തിന്റെ വേളയിൽ മാത്രം കസേര ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമില്ല.
3. (ഒരു നിലക്കും)നിൽക്കാനും പറ്റൂല. തറയിലിരിക്കാനും സുജൂദ് നേരെ ചെയ്യാനും പറ്റില്ല. ഇവരാണ് മൂന്നാമത്തെ വിഭാഗം.
മറ്റു വഴിയില്ല എന്നത് കൊണ്ട് ഇവിടെ പൂർണ്ണമായും കസേര ഉപയോഗിക്കാം. നിയമാനുസൃതം നിൽക്കാനും തറയിലിരിക്കാനും സുജൂദ് പൂർണമായി നിർവ്വഹിക്കാനും കഴിയാത്തവർ കസേരയിലിരുന്ന് നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാകുന്നതാണ്. നിൽക്കാൻ കഴിവുള്ളവർ ഫർള് നിസ്കാരത്തിൽ നിൽക്കൽ നിർബന്ധമാണ്. അവർ കസേരയിലിരുന്ന് തക്ബീറതുൽ ഇഹ്റാമും ഫാതിഹയും നിർവ്വഹിച്ചു കൊണ്ട് നിസ്കരിച്ചാൽ ഫർള് നിസ്കാരം സ്വ ഹീഹാകുകയില്ല. നിൽക്കാൻ കഴിയില്ല എന്നത് കൊണ്ട് മാത്രം കസേര നിസ്കാരം പറ്റില്ല. കാരണം, കസേര നിസ്കാരത്തിൽ സു ജൂദിന്റെ കൃത്യമായ രൂപം ലഭിക്കുന്നില്ല. നിൽക്കാൻ കഴിയില്ല എന്ന കാരണത്താൽ നേരെ നിർവ്വഹിക്കാൻ പറ്റുന്ന സുജൂദ് നഷ്ടപ്പെടുത്താൻ പറ്റില്ലല്ലോ. അവർ തറയിലിരുന്ന് കൃത്യമായി സുജൂദ് നിർവ്വഹിക്കേണ്ടതാണ്.
കസേര നിസ്കാരം അനുവദനീയവും അല്ലാത്തതുമുണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
Post a Comment