ജമാഅത് നിസ്കാരത്തിൽ ഇമാം മറന്നുകൊണ്ട് അധിക റക്അത്തിലേക്ക് എഴുന്നേൽക്കുകയോ റകഅത്ത് എണ്ണം കുറച്ചുകൊണ്ട് അത്തഹിയ്യാത്തിന് ഇരിക്കുകയോ ചെയ്താൽ (ഉദാ : മഗ്രിബ് നാലാം റക്അത്തിലേക്ക് എഴുന്നേൽക്കുക, ഇശാഅ് മൂന്നാം റക്അത്തിൽ അത്തഹിയ്യാത്തിന് വേണ്ടി ഇരിക്കുക ) മഅമൂം എന്തു ചെയ്യണം?

ഇമാം മറന്നുകൊണ്ട് അധിക റക്അത്തിലേക്ക് എഴുന്നേറ്റാൽ മഅമൂം ഇമാമിനെ വേർപിരിയുന്നതായി കരുതി ബാക്കിയുള്ള ഭാഗങ്ങൾ സ്വന്തമായി ചെയ്ത് സലാം വീട്ടുകയോ ഇമാമിനെ പിരിയാതെ ഇമാം അത്തഹിയ്യാത്തിന്റെ ഇരുത്തത്തിലേക്ക് എത്തുന്നത് വരെ ഇമാമിനെ കാത്തിരിക്കുകയോ ചെയ്യാവുന്നതാണ്. വേർപിരിയലാണ് ഉത്തമം. ഇമാം റക്അത്ത് പൂർണമാകുന്നതിന് മുമ്പ് മറന്നു കൊണ്ട് അത്തഹിയ്യാത്തിന് ഇരുന്നാൽ (ഉദാ : ഇശാഇന്റെ മൂന്നാം റകഅത്തിൽ അത്തഹിയ്യാത്തിന് ഇരിക്കുക)മഅമൂം ഇമാമി നെ വേർപിരിയുന്നതായി കരുതി ബാക്കിയുള്ള റക്അത് നിർവ്വഹിക്കണം. ഇമാം നിജസ്ഥിതി മനസ്സിലാക്കി നാലാം റക്അത്തിലേക്ക് എഴുന്നേൽക്കാൻ സാധ്യതയുള്ളതിനാൽ ഇമാമിനെ പിരിയാതെ നാലാം റക്അത്തിലേക്ക് എഴുന്നേറ്റതിന് ശേഷം ഇമാമിനെ പ്രതിക്ഷിച്ച് നിൽക്കലും അനുവദനീയമാണെന്ന് ഇബ്നു ഖാസിം(റ) വ്യ ക്തമാക്കിയിട്ടുണ്ട്. (തഹ്ഫ -ശർവാനി സഹിതം. 2 -194).