📿PART - 42📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 42

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


       റൈഹുനുള്ള ഗിഫ്റ്റ് കാറിലായിരുന്നത് കൊണ്ട് പുറത്തേക്ക് പോയതാണ് ആയിഷ. വാപ്പിയുടെ കാർ  പാർക്കിംഗ് ചെയ്തിരിക്കുന്ന കാറുകൾക്കിടയിൽ തിരയുന്നതിനിടയിലാണ് റോഡിൽ ഒരു ബഹളം കേൾക്കുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ പോയി. ചെറിയൊരു ആൾക്കൂട്ടം അവൾ കണ്ടു.അതിനിടയിലേക്ക് ആയിഷയും കടന്നു.കവർ പൊട്ടി അതിലുണ്ടായിരുന്ന വാങ്ങിയ പച്ചക്കറികൾ പെറുക്കിയെടുക്കാൻ ശ്രമിക്കുന്ന ഒരു വൃദ്ധയെയും വഴി ബ്ലോക്ക്‌ ആക്കിയതിൽ ക്രോഷിക്കുന്ന, ആഡംബര കാറിൽ വന്ന ഒരു പയ്യനെയുമാണ് അവൾ കണ്ടത്. അവന്റെ ഉച്ചത്തിലുള്ള ശബ്ദം കാരണമായി ആളുകൾ കാര്യമറിയാൻ ഓടിക്കൂടുന്നുണ്ട്. അവൾ ചുറ്റിലും നോക്കി. മനുഷ്യ ത്വത്തിന്റെ ചോര വറ്റിയ കണ്ണുകൾ മാത്രം അവൾക്കവിടെ കാണാൻ കഴിഞ്ഞുള്ളൂ. അടുത്ത് കണ്ട കടയിൽ നിന്നും വലിയൊരു കിറ്റ് വാങ്ങിക്കൊണ്ട് ആയിഷ ആ വൃദ്ധയ്‌ക്കരികിലേക്ക് ഓടി. 

"ഉമ്മാമ്മ.... ഞാൻ എടുത്തു തരാം". ചിതറിക്കിടന്ന തക്കാളികളും  മറ്റു മലക്കറികളും അവൾ എടുക്കാൻ തുടങ്ങി.

" Hmm വേഗമാ തള്ളയെ കൊണ്ടു പോ.... അത്യാവശ്യമായി ഒരിടത് ഏത്താന്ന് വെച്ചാൽ കുറെണ്ണം ഓരോ തടസ്സമായി വന്നോളും... " അവന്റെ ഗർജ്ജനം കേട്ട ആയിഷയ്ക്ക് ദേഷ്യം പിടിച്ചു നിർത്താനായില്ല. 

*"ഹേയ്  നിങ്ങളുടെ യുവത്വവും നഷ്ട്ടമാകും. നിങ്ങളിലേക്കും ഇതു പോലൊരു കാലം വരാനിരുപ്പുണ്ട്....പറയുന്ന വാക്കുകൾക്ക് അന്ന് നിങ്ങൾ ഖേദിക്കേണ്ടി വരും.!"*  നിക്കാബിനുള്ളിലെ അവളുടെ ശക്തമായ പ്രതികരണം അയാളുടെ നാവിനെ അടക്കി നിർത്താനാകും വിധം ആ അന്തരീക്ഷത്തിൽ അലയടിച്ചു. കൂടി നിന്നവരുടെ ബോധമണ്ഡലത്തിലേക്ക് ആയിഷയുടെ വാക്കുകൾ കൂരമ്പുകളെപ്പോലെ തറയ്ക്കപ്പെട്ടു. പലരും വീണു കിടക്കുന്ന പച്ചക്കറികളെ എടുക്കാൻ  മുന്നോട്ട് വന്നു. വേഗം അവൾ ആ കിറ്റിലാക്കി നിറച്ചു. അവൾ അതുമായി ആ ഉമ്മാമ്മയെയും കൊണ്ട് റോഡ് സൈഡിലേക്ക് ഒതുങ്ങി നിന്നു. കണ്ണുകൾ താഴ്ത്തി കൊണ്ട് അവൾ പറഞ്ഞു.

 "തടസ്സങ്ങൾ മാറിയെന്നു വിചാരിക്കുന്നു. പോകേണ്ടവർക്ക് പോകാം ". സുന്ദരമായ ആ ശബ്ദത്തിന്റെ ഗാംഭീര്യതയിൽ  മറുത്തൊന്നും പറയാൻ കഴിയാനാകാതെ അയാൾ കാറിനുള്ളിലേക്ക് പ്രവേശിച്ചു. ആയിഷ ആ വൃദ്ധ യുമായി ഓഡിറ്റോറിയത്തിലേക്ക് പോകുന്നത് ഇമവെട്ടാതെ അവൻ നോക്കി.

 " പ്രശ്നങ്ങളൊക്കെ സോൾവ് ആയില്ലേ. ഇനി പോകാം ". കൂടി നിന്നവരിലൊരാൾ പറയുന്നത് കേട്ട് അവൻ കാർ സ്റ്റാർട്ട്‌ ആക്കി പോയി.

"ഇത്തായേ എവിടെയൊക്കെ അന്വേഷിച്ചു....? എവിടെരുന്നു? ഉമ്മ വിളിക്കുന്നുണ്ട് ". ഉമ്മാമ്മയുടെ കൈകൾ പിടിച്ചു കൊണ്ട് നിൽക്കുന്ന ആയിഷയുടെ അരികിലേക്ക് ഓടി വന്നു കൊണ്ട് ആദിൽ ചോദിച്ചു.

 " ഞാൻ പുറത്ത് പോയതാണ്. നീ പറയ് ഞാൻ കുറച്ചു കഴിഞ്ഞു വരാന്ന് ".

 "മ്മ്... ഇതാരാണ്?". അടുത്തു നിൽക്കുന്ന വൃദ്ധയെ നോക്കി കൊണ്ട് ചോദിച്ചു. 

"ഉമ്മാമ്മ.... നീ ഉമ്മാട്ടെ പോയി പറയ് ". അവൾ കൂടുതലൊന്നും പറഞ്ഞില്ല. അവൻ ഉമ്മാടെ അരികിലേക്ക് ഓടി.ആയിഷ ഉമ്മാമ്മയുടെ നേരെ തിരിഞ്ഞു.

 വാർഥക്യത്തിന്റെ അവശത ആരോഗ്യത്തെ വല്ലാണ്ട് കാർന്നുതിന്നിരിക്കുന്നു. കുഴിഞ്ഞ കണ്ണുകളിൽ ദുഖത്തിന്റെ കണ്ണുനീർ ചാലിന്റെ ഉണങ്ങിപ്പോയ അടയാളങ്ങളുടെ ശേഷിപ്പ് ചുളിഞ്ഞുണങ്ങിയ കവിളുകളിൽ  അവൾക്ക് കാണാൻ കഴിഞ്ഞു . എന്നാൽ ചുളിവുകൾക്കിടയിലും ആ മുഖത്തിന്‌ വല്ലാത്തൊരു പ്രകാശം പ്രശോഭിക്കുന്നുണ്ടായിരുന്നു. നിവർന്നു നിൽക്കാനാകാത്ത വിധം ക്ഷീണം ആ മെലിഞ്ഞ ശരീരത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു. കാഴ്ചയിൽ അറുപതു കടന്ന പ്രായമുണ്ട്. നിറം മങ്ങിയ ഒരു കള്ളിമുണ്ടും വെള്ള കുപ്പായവും തല നന്നായി മസ്ലിയം(ഷോൾ )കൊണ്ട് മറച്ച ഉമ്മാമ്മാടെ മുഖത്തേക്ക് ഒരൽപ്പം കുനിഞ്ഞു കൊണ്ടവൾ ചോദിച്ചു.

" ഉമ്മാമ്മാടെ വീടെവിടെയാണ്? ഇവിടെ അടുത്തു തന്നെയാണോ? ".

" അല്ല... കുറച്ചു ദൂരമുണ്ട്. ഓട്ടോയിൽ പോകാൻ പൈസ ഇല്ലാത്തോണ്ട് നടക്കാന്ന് വിചാരിച്ചതാ... റോഡ്‌ മറികടക്കാൻ പോയപ്പോഴാണ് വെയിറ്റ് കൊണ്ട് കവർ പൊട്ടിയത്. അല്ലാഹു കാത്തോണ്ടാവും. ആ കാർ എന്നെ ഇടിച്ചില്ല.കൂട്ടി വെച്ചിരുന്ന കാശ് കൊണ്ട് വാങ്ങിയതാ... എടുക്കാതിരിക്കാൻ തോന്നിയില്ല.മലക്കറി പെറുക്കിയെടുക്കാനായി പോയതുകണ്ടോണ്ടാകും അയാൾ ചീത്ത പറഞ്ഞത്. സാരല്യ ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയല്ലേ...ഒത്തിരി തിരക്കുള്ളവരാ....അല്ലാഹു പൊറുത്തു കൊടുക്കട്ടെ". ആ പക്വതയാർന്ന സംസാരം ആയിഷയെ അത്ഭുതപ്പെടുത്തി. അയാളുടെ അട്ടഹാസം കേട്ടാൽ കണ്ണിൽ ചോരയുള്ളവർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. എന്നിട്ടും ആ വൃദ്ധമനസ്സ് പൊറുക്കലിന് ദുആ ചെയ്യുന്നു!. 


" hmm അയാൾക്കുള്ളത് പടച്ചോൻ കരുതി വെച്ചിട്ടുണ്ട്. ഇങ്ങൾ വിഷമിക്കണ്ട. വീട്ടിലാരുമില്ലേ സാധനം വാങ്ങി തരാൻ? " ആയിഷയുടെ ചോദ്യം ആ ഹൃദയത്തിൽ ഓർമകളുടെ നീറ്റലുണ്ടാക്കിക്കൊണ്ട് കണ്ണുകളിൽ നനവ് പടർത്തി. 

" ഇല്ല. ഞാൻ ഒറ്റയ്ക്കാ.... ". 

" യാ അല്ലാഹ്... അപ്പോൾ ചിലവൊക്കെ....? "  അടുത്തുള്ള വലിയ വീട്ടിലൊക്കെ പണി ചെയ്യാൻ പോകും. അവിടുന്നെന്നെ ഉച്ചയ്ക്കത്തേക്കുള്ള ആഹാരം കിട്ടും. ഒരു ദിവസം നൂർ രൂപ വെച്ചു കിട്ടും. അങ്ങനെ കൂട്ടി കൂട്ടി

വെച്ചു ഓരോ സാധനങ്ങളുണ്ടാക്കും ". 

" മക്കളൊക്കെ....? " ഉമ്മാമ്മയുടെ കണ്തടങ്ങളിൽ കണ്ണുനീർ ഉരുണ്ട് കൂടാൻ തുടങ്ങിയതവൾ കണ്ടു.

 "വലിയ ജോലിയും കുടുംബവുമൊക്കെ ആയി വിദേശത്താണ്. മോൻ പോകാൻ നേരം വിളിച്ചതാണ്. എനിക്കവിടെന്നും പറ്റാത്തോണ്ട് ഞാൻ പോണില്ലെന്ന് പറഞ്ഞു. പിന്നെ..... അവന്റെ ഉപ്പ ന്റെ വീട്ടിനടുത്തുള്ള പള്ളിക്കാട്ടിലാ...... അവരിവിടുള്ളപ്പോൾ ഞാൻ പോയാൽ വിഷമമാവൂലെ.... ". പറയുന്നത് കളവാണെന്ന് പിടിച്ചു വെയ്ക്കാൻ കഴിയാതെ ഒഴുകുന്ന ഉമ്മാമ്മയുടെ കണ്ണുനീർ കണ്ടപ്പോൾ അവൾക്ക് മനസ്സിലായി. മകൻ ഒറ്റപ്പെടുത്തിയിട്ടും മകനെ കുറ്റപ്പെടുത്താൻ ആ മാതൃഹൃദയത്തിന് കഴിഞ്ഞില്ല. 

"ഉമ്മാമ്മാക്ക് ഒരു മോനെ ഉള്ളുവോ? ". 

" ആഹ്. ഒന്നേ ഉള്ളു. അവന് 4 വയസ്സായപ്പോൾ അവന്റെ വാപ്പ മരിച്ചു. അതിനു ശേഷം അടുത്തുള്ള വീടുകളിൽ പണിയെടുത്താ ഞാൻ വളർത്തിയത്. പറയാൻ തക്ക സ്വത്തോ സ്ഥലമോ ഒന്നും ഞങ്ങൾക്കില്ലായിരുന്നു. അതു കൊണ്ട് കഷ്ട്ടങ്ങളറിയാതെ വളർന്ന നല്ലൊരു ജോലിക്കാരനാകണമെന്ന് എന്റെ ആഗ്രഹമായിരുന്നു. ഉണ്ടായിരുന്ന വീടിനെ നഷ്ടപ്പെടാൻണ്ട് നോക്കി. കാരണം വീടില്ലാണ്ടായാൽ എന്റെ കുട്ടീനെ എനിക്ക് നല്ലായി വളർത്താൻ കഴിയില്ലല്ലോ.... അൽഹംദുലില്ലാഹ്... ഇന്നേ വരെ അവനെ ഒന്നും അറിയിക്കാതെ വളർത്തിയതിൽ പടച്ചോന് നന്ദിയുണ്ട്" . 

" മകൻ വിളിക്കാറുണ്ടോ...? " ഒന്നും പറയാനാകാതെ ആ ഉമ്മയുടെ മുഖം താഴ്ന്നു. 

"ഇങ്ങളെ കയ്യിൽ ഫോൺ ഇല്ലാത്തൊണ്ടാവും ല്ലേ..."  അവരുടെ ചുണ്ടുകൾ മൊഴിയാൻ ശ്രമിച്ച വാക്കുകൾ ആയിഷ പറഞ്ഞു. 

" മ്മ്... " മകന്റെ വില നഷ്ടപ്പെടാണ്ടിരിക്കാൻ പറഞ്ഞതും പറയാനിരുന്നതും കളവാണെന്നത് ആയിഷയ്ക്ക് മനസ്സിലായി എന്ന് ആ വൃദ്ധയ്ക്ക് മനസ്സിലായി.


" ഞാനൊരു കാര്യം ചോദിച്ചാൽ ഉമ്മാമ്മ സമ്മതിക്കുമോ? " എന്തെന്നർത്ഥത്തിൽ അവർ മുഖമുയർത്തി.

" ഞാൻ ജനിക്കും മുന്നേ എന്റെ ഉമ്മാമ്മ മരണപ്പെട്ടിരുന്നു. 6 വയസ്സായപ്പോൾ ഉപ്പാപ്പയും മരണപ്പെട്ടു. ഞങ്ങൾ വീട്ടിൽ 4 പേരെ ഉള്ളു. ഉമ്മാമ്മ വരുമോ എന്റെ കൂടെ.... എന്റെ ഉമ്മാമ്മ ആയിട്ട്..... "  പെട്ടെന്നുള്ള ആയിഷയുടെ ചോദ്യത്തിന് എന്തു പറയണമെന്നറിയാതെ കണ്ണുനീർ പ്രവഹിക്കാൻ തുടങ്ങി. 

" അയ്ഷ് ന്റെ മൊഞ്ചത്തിക്കുട്ടി കരയേണോ.... " അവൾ ഉമ്മാമ്മയുടെ ചുളിവുകൾ വീണ കവിൾതടത്തിൽ പറ്റിയ കണ്ണുനീർ തുടച്ചു മാറ്റി. ആ കൈകളെ അവൾ ശ്രദ്ധയോടെ പിടിച്ചു. എന്റെ അമ്മായിടെ മോളെ കല്യാണമാ ഇവിടെ. ഇങ്ങൾ ഉച്ചയ്ക്കുള്ള ആഹാരം കഴിച്ചോ...? "  

"മ്മ്...." അതെ എന്ന ഭാവത്തിൽ അവർ മൂളി. 

" വീണ്ടും കളവ് പറയുകയാണോ? ". 

"അത് മോളെ...."

 " ഇങ്ങൾ വരീം. ഞാനും കഴിച്ചിട്ടില്ല. നമുക്കൊരുമിച്ചു കഴിക്കാം. അതിനു മുൻപ് എല്ലാരുമായി പരിചയപ്പെടാം.ന്തേ..? "   അവർ ഒന്നും മിണ്ടിയില്ല. അവൾ ഉമ്മാമ്മയുടെ കരങ്ങൾ കവർന്നു കൊണ്ട് മുന്നോട്ട് നടന്നു.പച്ചക്കറികൾ കാറിനുള്ളിൽ വെച്ചു.

ഉള്ളിലേക്ക് ഒരു വൃദ്ധയുടെ കയ്യും പിടിച്ചു കൊണ്ട് വരുന്ന ആയിഷയെ എല്ലാവരും ആകാക്ഷയോടെ നോക്കി. അവൾ റൈഹാനയുടെ അടുത്തേക്ക് നടന്നു. മൂന്ന് മണിയോടടുത്തതിനാൽ ആളുകൾ മിക്കവരും പോയി.  അടുത്ത ബന്ധുക്കൾ മാത്രം ബാക്കിയായി.

 " നീ എവിടെരുന്നു....? ഇതാരാ? " ഞാൻ late ആയിട്ട് സൂപ്പർ ഗിഫ്റ്റ് തരാന്ന് കരുതി. പിന്നെ ഇതെന്റെ ഉമ്മാമ്മയാ .... അല്ല ഇനി മുതൽ നമ്മുടെ ഉമ്മാമ്മയാ ..... കേട്ടോ റൈഹു ".  "നീ ന്തൊക്കെയാ പറയുന്നേ ഒന്നും മനസ്സിലാകുന്നില്ല". 

"എല്ലാം മനസ്സിലാക്കാം.... വിശദമായി എല്ലാം പറഞ്ഞു തരുന്നുണ്ട് ".  

"ഉമ്മാമ്മാ ഇതാട്ടോ ന്റെ അമ്മായിന്റെ മോള്.... ഇന്നത്തെ മണവാട്ടിയും ഓളെ പുയ്യാപ്ലയും..."  ഉമ്മാമ്മയുടെ മുഖത്തേക്ക് ആയിഷ നോക്കി. പുഞ്ചിരിച്ചു കൊണ്ട് അവർ തലയാട്ടി.

 "അല്ലാ... ന്റെ റൈഹു ഗിഫ്റ്റ് കിട്ടാത്ത ടെൻഷനിലായിരുന്നത് കണ്ടല്ലോ...." ആയിഷ ചിരിച്ചു കൊണ്ട് പറഞ്ഞു.

 "ഏയ്‌ ഞാനോ...." ചെറിയ ചമ്മലോടെ അവൾ പറഞ്ഞു. " എന്നാൽ ഇതാന്റെ നാത്തൂന്നും ഇക്കാക്കയ്ക്കുമുള്ള ഗിഫ്റ്റ്. രണ്ടു പേരുടെയും കൈകൾ നീട്ടിക്കേ... "  ഹുമൈദ് ആകാംക്ഷയോടെ റൈഹുന്റെ മുഖത്തേക്ക് നോക്കി. ഇങ്ങൾ നീട്ടിക്കോളീന്ന അർത്ഥത്തിൽ അവൾ കൈകൾ നീട്ടി. ആയിഷ അവളുടെ ഗിഫ്റ്റ് വെച്ചു കൊടുത്തു. 

"ഇനി തുറന്ന് നോക്കിയേ...".  റൈഹു ഗിഫ്റ്റ് പേപ്പർ പൊളിച്ചു. "Maa sha allah..... ആയിഷ ചെയ്തതാണോ?"  റൈഹാന ഹദിയ, മുർതള ഹുമൈദ് അഹ്സനി  ഇരുവരുടെയും പേരുകൾ ലവ് മോഡലിൽ മനോഹരമായി കാലിഗ്രാഫി ചെയ്തത്. 

بارك الله لكما وبارك عليكما وجمع بينكما في خير

എന്ന ദുആ മുകളിലായി എഴുതിയിരിക്കുന്നു. പൂക്കൾ കൊണ്ടുള്ള ബോർഡർ നോക്കി കൊണ്ട് ഹുമൈദ് ചോദിച്ചത് ആയിഷ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. 

" അതെ ഞാൻ തന്നെയാണ് ". 

"പൊളിച്ചു മുത്തേ...." റൈഹുവിന് നല്ലായി ഇഷ്ട്ടപ്പെട്ടു.

ആയിഷയുടെ അടുത്ത് അപരിചിതമുഖം കണ്ടവർ അറിയാൻ ആയി അവളുടെ അരികിലേക്ക് വന്നു. എല്ലാവരും ആയി എന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ആയിഷ ചോദിച്ചു. 

"ആർക്കെങ്കിലും പരിചയമുണ്ടോ ഈ ഉമ്മാമ്മയെ?".

"ഇല്ല.ആരാണ്? " ആമി ഇത്താടെ ചോദ്യത്തിന് അവൾ റോഡിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ചു. 

"ഉമ്മാമ്മയെ ഞാൻ  ഇങ്ങു കൊണ്ട് വന്നു". 

"ഉമ്മ എന്തെങ്കിലും കഴിച്ചോ...? " ആയിഷയുടെ ഉമ്മ ഉമ്മാമ്മയുടെ അടുത്ത് വന്ന് തിരക്കി. 

" ഇല്ല ". മറുപടി പറഞ്ഞത് ആയിഷയായിരുന്നു. 

" ആഹാ എന്നാ നീ വേഗം ആഹാരം കഴിക്കാൻ കൊണ്ട് പോ.... " ഉമ്മയുടെ വാക്കുകളിൽ സന്തോഷം തോന്നിയ അവൾ ഉമ്മാമ്മയുമായി നടന്നു.

കുറേ നാളുകൾക്കു ശേഷം ബിരിയാണിച്ചോർ നാവിൽ എത്തിയതുകൊണ്ടോ ആഗ്രഹിച്ച സ്നേഹം മനസ്സിനെ കുളിരണിയിച്ചത് കൊണ്ടോ..... അറിയാതെ ആ വൃദ്ധ മനസ്സ് വിതുമ്പുന്നുണ്ടായിരുന്നു. പൊടിഞ്ഞ കണ്ണുനീരിനെ അമർത്തി തുടച്ചു കൊണ്ട് അവർ വായിലേക്ക് ഒരു പിടി എടുത്തു വെച്ചു. ഉമ്മാമ്മയെ നോക്കിയ ആയിഷയുടെ ഹൃദയത്തിൽ ആ മകനോട് വെറുപ്പ് തോന്നി. അവളുടെ ഹൃദയം ഫള്ൽ   رضي الله عنه ന്റെ ചാരത്തേക്ക് കുതിച്ചു.ഫള്ൽرضي الله عنه വിന്റെ യാത്രയ്ക്കുള്ള ഒരുക്കങ്ങളെ വീക്ഷിക്കുകയാണ് ആയിഷ..........

മക്കയിലും മദീനയിലും പോകാൻ  ഏറെ മനസ്സുവെച്ച ഒരു മഹാനായിരുന്നു സൂഫിവര്യനായ ഫള്ൽ 

തന്റെ അഭിലാഷം തീർക്കുന്നതിനായി നാളുകൾ ഏറെയായി പണം സ്വരൂപിച്ചുകൊണ്ടിരിക്കുകയായിരുന്നു... 


 ഒരു ദിവസം തന്റെ കൈവശമുള്ള പണം എണ്ണിനോക്കി അദ്ദേഹം പറഞ്ഞു:  അൽഹംദുലില്ലാഹ്... ഞാൻ ഉദ്ദേശിച്ച  യാത്രക്കുള്ള പണമായി ഇനി താമസിക്കേണ്ട, പറ്റിയ സമയം തന്നെയാണല്ലോ ഇത്...


 അദ്ദേഹത്തിന്റെ മനസ്സിൽ മക്കയും മദീനയും തെളിഞ്ഞു വന്നു. അല്ലാഹുﷻന്റെ പ്രവാചകന്റെ (ﷺ) കാൽപാദം പതിഞ്ഞ മണ്ണ് അശ്റഫുൽ ഖൽഖ്ﷺയുടെ അനുചരന്മാർ അന്തിയുറങ്ങുന്ന മണൽപരപ്പ് അല്ലാഹുﷻന്റെ ഭൂമിയിലെ ആദ്യത്തെ ദേവാലയം എല്ലാം ഒന്നു കാണണം ഹജ്ജും ഉംറയും സിയാറത്തും നടത്തി പിരിയണം.


 അതിയായ ആഗ്രഹവുമായി ഫള്ൽ തന്റെ വാൽസല്യ നിധിയായ മാതാവിനെ സമീപിച്ചു പറഞ്ഞു:  ഉമ്മാ വളരെ കാലമായി ഈ ഫള്ലിന് ഒരാഗ്രഹമുണ്ടായിരുന്നു അത് നിറവേറാൻ പോവുകയാണ് ഞാൻ ഹജ്ജിന് ആഗ്രഹിക്കുന്നു. ഉമ്മ എനിക്കു സമ്മതം തരണം. സന്തോഷത്തോടെയുള്ള മകന്റെ വാക്കിന് ഉമ്മയുടെ പ്രതികരണം മറിച്ചായിരുന്നു... "മോനേ ഫള്ൽ നീ പോകരുത്. അവശയും വൃദ്ധയുമായ ഞാൻ നീ പോയാൽ തനിച്ചാകും, അതുകൊണ്ടു നീ പോകരുത്..."


 ഉമ്മയുടെ ഈ വാക്ക് ഫള്ലിനെ ദുഃഖിപ്പിച്ചെങ്കിലും, അദ്ദേഹം മനസ്സിൽ സൂക്ഷിച്ചുവെച്ച ആഗ്രഹത്തിന് വേണ്ടി പുറപ്പെടാൻ തന്നെ തീരുമാനിച്ചു. ഇപ്പോൾ പോയില്ലെങ്കിൽ ഉള്ള പണം നഷ്ടപ്പെടും ഈ അഭിലാഷം പൂവണിയുകയുമില്ല.  അദ്ദേഹം ഉമ്മയോടു മറുത്തൊന്നും പറയാതെ യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തി.


 പ്രഭാതം പൊട്ടിവിടർന്നു. ഭാണ്ഡവും പേറി മഹാനവർകൾ യാത്രയായി. വിശാലമായ മണൽപരപ്പിലൂടെ ചൂളം വിളിച്ചെത്തുന്ന കാറ്റിന്റെ കഥകേട്ടു മലയും കല്ലും താണ്ടി അഭിലാഷം പൂവണിയാനായി യാത്ര തുടർന്നു...  


 യാത്രയിൽ അപരിചിതരായുള്ള എത്ര ഖാഫിലക്കൂട്ടങ്ങൾ സലാം പറഞ്ഞു പിരിഞ്ഞു പോകുന്നു. വാഹനമില്ലാത്തവർ കാൽനടയായി യാത്ര ചെയ്യുന്നു. ഫള്ൽرضي الله عنه മാത്രം കൂട്ടുകാരില്ലാതെ ഏകനായി യാത്ര തുടരുകയാണ്. പ്രഭാതം മുതൽ തുടർന്ന ഈ യാത്ര ഇനി തുടരുന്നത് അൽപം വിശ്രമത്തിന് ശേഷമാവാം. ഭക്ഷണം കഴിക്കണം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റണം നിസ്കരിക്കണം എവിടെയാണ് തങ്ങുക..? 


 അപ്പോഴാണ് ഒരു മസ്ജിദ് അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെട്ടത്. മറുത്തൊന്നും ചിന്തിച്ചില്ല അദ്ദേഹം പള്ളിയെ ലക്ഷ്യമാക്കി നടന്നു. പള്ളിയിൽ കയറി അംഗശുദ്ധി വരുത്തി നിസ്കാരത്തിനായി ഒരുങ്ങി. നിസ്കാരം കഴിഞ്ഞു ഇനി അൽപം വിശ്രമിക്കാം എന്ന് അദ്ദേഹം തീരുമാനിച്ചു. പള്ളിയല്ലേ വെറുതെ ഇരിക്കുന്നത് അദബ് കേടാണെന്ന് മനസ്സിലാക്കി മഹാനവർകൾ ദിക്റിലും ദുആയിലുമായി സമയം തള്ളിനീക്കിക്കൊണ്ടിരിക്കുകയായിരുന്നു.


 ഈ സമയം ആ ഗ്രാമത്തിൽ ഒരു വലിയ മോഷണം നടന്നതിന്റെ പേരിൽ ആളുകൾ കള്ളനെത്തേടി എല്ലാ സ്ഥലങ്ങളിലും ചുറ്റിക്കൊണ്ടിരുന്നു. മോഷ്ടാവിനെത്തേടി അവർ പള്ളിയിലുമെത്തി ആ സമയം ഫള്ൽ  رضي الله عنه ഇബാദത്തിൽ മുഴുകിയിരിക്കുകയായിരുന്നു. ഫള്ലിനെرضي الله عنه കണ്ട ജനം അദ്ദേഹത്തിൽ കുറ്റം ചുമത്തി പിടികൂടി... 


 അപരിചിതനായ വിദേശിയായ ഫള്ൽ رضي الله عنه കേണുകൊണ്ട് പലതും പറഞ്ഞു നോക്കി. ഞാൻ മോഷ്ടാവല്ല ഒരു വഴിയാത്രക്കാരനാണ് എന്റെ സ്വദേശത്ത് നിന്ന് മക്കയിലേക്കുള്ള യാത്രയിൽ അൽപം വിശ്രമിക്കാനായി ഇവിടെ ഇരുന്നുപോയി, ക്ഷമിക്കണം നിങ്ങൾ ആരോപിക്കുന്ന കുറ്റം ഞാൻ ചെയ്തിട്ടില്ല ഞാൻ നിരപരാധിയാണ്...


 രോഷാകുലരായ ജനക്കൂട്ടം അദ്ദേഹത്തെ വിട്ടില്ല. മോഷ്ടാക്കളുടെ സ്ഥിരം പല്ലവിയാണിതെന്നും ആരാധന നടിക്കൽ അവരുടെ അടവാണെന്നും പറഞ്ഞ് ഫള്ലിനെ رضي الله عنه അവർ പിടിച്ചു രാജസന്നിധിയിൽ എത്തിച്ചു. നിരപരാധിയായ ഫള്ൽرضي الله عنه  ദുഃഖത്താൽ പൊട്ടിക്കരയാൻ തുടങ്ങി. എല്ലാം കള്ളന്മാരുടെ അടവെന്ന് കരുതി ആരും അദ്ദേഹത്തിന്റെ രോദനം കേൾക്കുന്നില്ല. രാജസന്നിധിയിൽ നിന്നും അതാ ഫള്ലിന്നു നേരെ ശിക്ഷ വിധിക്കുകയാണ് ഇരുകയ്യും മുറിച്ചുമാറ്റി കണ്ണുകൾ ചൂഴ്ന്നെടുത്ത് ജനമധ്യത്തിൽ ഒരു കുന്തത്തിൽ നാട്ടി പ്രദർശിപ്പിക്കുക..!!


 എല്ലാവരും ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. ഇത്രയും വലിയ ഒരു അപരാധത്തിന് വിധിച്ച ശിക്ഷ ഉചിതമായി. എല്ലാവരും സന്തോഷിച്ചു. അതാ ഫള്ലിന്റെ കരങ്ങൾ ചെയ്യാത്തകുറ്റത്തിനുവേണ്ടി മുറിക്കാൻ പോവുകയാണ്. സർവ്വശക്തനോടല്ലാതെ മറ്റാരോടും ഫള്ലിന്ന് പറയാനില്ല. നാഥൻ അവന്റെ വിധി നിശ്ചയിച്ചതെല്ലാം നടക്കും.അതാർക്കും തടുക്കാൻ കഴിയില്ലല്ലോ എല്ലാം വിധിയിലൊതുക്കി ഫള്ൽ رضي الله عنه ഇരുകരങ്ങളും നീട്ടി. നിമിഷങ്ങൾ കൊണ്ടു ആ രണ്ടു കൈകളും ഭൂമിയിൽ പിടഞ്ഞുവീണു ഫള്ലിന്റെ കൈ അവർ മുറിച്ചെടുത്തു. തീർന്നില്ല, കണ്ണുകൾ ചൂഴ്ന്നെടുക്കാനും വിധിയുണ്ട്. വിധിപ്രകാരം രണ്ട് കണ്ണുകളും അവർ ചൂഴ്ന്നെടുത്തു.  വേദനകൊണ്ടു പിടയുന്ന ഫള്ലിനെ ആശ്വസിപ്പിക്കാൻ ആരുമില്ല. കണ്ണും കയ്യും നഷ്ടപ്പെട്ടു പിടയുന്ന ഫള്ലിന്റെ ഇരുകാലുകളും അവർ മുറിച്ചെടുത്തു രാജകൽപന പോലെ അംഗങ്ങളെല്ലാം മുറിച്ചെടുത്തുകൊണ്ട് ഫള്ലിനെ അവർ ഒരു കുന്തത്തിൽ നാട്ടി ഇതാണ് ഈ ഗ്രാമത്തിൽ കളവു നടത്തിയവനുള്ള ശിക്ഷ എന്ന് പറഞ്ഞ് രാജാവിന്റെ കിങ്കരന്മാർ വമ്പിച്ച ജനാവലിയോടെ ഫള്ലിനെയും കൊണ്ട് നാടാകെ ചുറ്റി..!!


 വേദനിക്കുന്ന ശരീരത്തേക്കാളും ഫള്ലിനു വേദനയേറിയത് കളവു നടത്തിയവൻ എന്ന വിളംബരമായിരുന്നു. അദ്ദേഹം ആ കുന്തത്തിൽ നിന്നും എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു അത് എന്താണെന്ന് അറിയാൻ അവർ ഫള്ലിനെ رضي الله عنه താഴെ ഇറക്കി എന്താണ് പറയുന്നതെന്ന് അവർ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അരുത് അങ്ങനെ പറയരുത്, ഉമ്മയെ ധിക്കരിച്ചവന്റെ അനന്തരഫലമാണ് ഇതെന്ന് നിങ്ങൾ വിളിച്ചു പറയുക. ഫള്ലിന്റെ ഈ വാക്ക് അവരിൽ ചിലരുടെ കണ്ണ് തുറപ്പിച്ചു. അവർ അദ്ദേഹത്തിന്റെ കഥ അന്വേഷിച്ചു. സംഭവം ഫള്ൽ رضي الله عنه വിശദമാക്കിക്കൊടുത്തു...


 കേട്ടവർക്കെല്ലാം വേദനതോന്നി. ഇനി വേദനിച്ചിട്ടും ദുഃഖിച്ചിട്ടും മാപ്പ് ചോദിച്ചിട്ടും എന്ത് ഫലം..? എല്ലാം നഷ്ടപ്പെട്ടില്ലേ..? അവർ ചിന്തിച്ചു എന്നാലും മാപ്പ്. ഞങ്ങളോട് പൊറുക്കണം ഇതൊന്നും അറിയാതെയാണ് ഇതെല്ലാം സംഭവിച്ചത് ഇനി എന്ത് ചെയ്യണം..? ആർപ്പും വിളിയും നിലച്ചു. ആ നല്ല മനുഷ്യനെ ഓർത്ത് ഓരോ ഹൃദയവും വിതുമ്പി. ഫള്ലിനെ കുന്തത്തിൽ നിന്നും മോചിതനാക്കി അവർ അദ്ദേഹത്തെ ഒരു വീടിനു മുന്നിൽ കിടത്തി സ്ഥലം വിട്ടു...


 വേദനകൊണ്ടു പിടയുന്ന ഫള്ൽرضي الله عنه  ദാഹവും വിശപ്പും സഹിക്ക വയ്യാതെ തളർച്ചയോടെ വിളിച്ചു പറയാൻ തുടങ്ങി: വീട്ടുകാരേ വല്ലതും തരൂ എനിക്ക് വിശക്കുന്നു താൻ കിടക്കുന്ന ഭാഗത്ത് ഒരു വീടുള്ളതായി അദ്ദേഹത്തിന് തോന്നി വീണ്ടും വീണ്ടും അദ്ദേഹം വിളിച്ചു പറയാൻ തുടങ്ങി. വിശപ്പും ദാഹവും സഹിക്കാൻ വയ്യ വല്ലതും തരണേ...


 വീട്ടുടമ ആ ശബ്ദം കേട്ടു പറഞ്ഞു:  ഈ കതകിന് അടുത്തേക്കു വരൂ ഭക്ഷണം ഇവിടെയുണ്ട്...


വീട്ടുടമയായ  സ്ത്രീയോട് അദ്ദേഹം വിളിച്ചു പറഞ്ഞു :  


 അങ്ങോട്ട് നടന്നുവരാൻ എനിക്ക് കാലുകളില്ല. വീട്ടുടമ വീണ്ടും പറഞ്ഞു:  എന്നാൽ കൈകൾ ഇങ്ങോട്ട് നീട്ടൂ ഭക്ഷണം കയ്യിൽ തരാം...  


ഫള്ൽرضي الله عنه  : ഇല്ല. എനിക്ക് കൈകളുമില്ല...


വീട്ടുടമയുടെ ചോദ്യം ഉയർന്നു: എങ്കിൽ ഞാനെങ്ങനെ നിങ്ങളുടെ അടുത്തേക്കു വരും ഞാൻ അന്യസ്ത്രീയും നിങ്ങൾ അന്യപുരുഷനുമല്ലേ..? നമ്മൾ തമ്മിൽ കാണുന്നത് ശരിയല്ലല്ലോ... 


ഫള്ൽ رضي الله عنه : നിങ്ങളെ കാണാൻ എനിക്ക് കണ്ണുകളില്ല.

ഫളിലിന്റെرضي الله عنه ദയനീയമായ അവസ്ഥയും ദയനീയ സ്വരവും കേട്ട് ആ സ്ത്രീ വീട്ടിൽ നിന്നും പുറത്തേക്ക് വന്നു. തന്റെ വീട്ടുപടിക്കൽ കിടക്കുന്ന മാംസപിണ്ഡം പോലുള്ള  ആ മനുഷ്യനെ നേരിൽ കണ്ടു ചോദിച്ചു:  നിങ്ങൾ ആരാണ്..? 


 വ്യക്തമായ ആ ശബ്ദം ഫള്ലിന് വേഗം അറിയാൻ കഴിഞ്ഞു. ഇത് അന്യസ്ത്രീയല്ല എന്റെ പ്രിയപ്പെട്ട ഉമ്മയാണ്. അദ്ദേഹം ഇടറിയ ശബ്ദത്താലെ വിളിച്ചു പറഞ്ഞു: ഉമ്മ നമ്മൾ അന്യരല്ല. ഞാൻ നിങ്ങളുടെ മകൻ ഫള്ലാണ്. എന്നോടു ക്ഷമിക്കണം മകന്റെ അവസ്ഥ കണ്ട ആ മാതൃഹൃദയം വിതുമ്പി. അവർ അദ്ദേഹത്തെ വാരി എടുത്തു ഇരുകവിളുകളിലും മാറിമാറി ചുംബിച്ചു. മകൻ വേർപിരിഞ്ഞതിൽ ദുഃഖമുണ്ടായിരുന്നു, എങ്കിലും അതിലും കൂടുതൽ ആ ഉമ്മ വേദനിച്ചത് മകനെ തിരിച്ചു കിട്ടിയപ്പോഴാണ്...


 അവർ എല്ലാറ്റിനും കഴിയുന്ന എല്ലാം അറിയുന്ന നാഥന്റെ മുന്നിൽ കൈ ഉയർത്തി മനമുരുകി പ്രാർത്ഥിച്ചു : "നാഥാ ഈ നിലയിൽ ഞങ്ങളെ നീ വേദനിപ്പിക്കരുത്. നിന്റെ തിരുസന്നിധിയിലേക്ക് ഞങ്ങളെ നീ മടക്കി വിളിക്കേണമേ... ഒന്നിനും കഴിയാത്ത എന്റെ പൊന്നുമോനും അവശയായ ഞാനും ഈ ഭൂമിയിൽ കിടന്ന് നരകയാതന സഹിക്കാൻ നീ ഇടം വരുത്തല്ലേ തമ്പുരാനേ..."


 ഇരുനയനങ്ങളിൽ നിന്നും ചാലിട്ടൊഴുകിയ കണ്ണുനീർ തുടച്ചു ഫള്ൽرضي الله عنه വും മാതാവും അവിടെ നിന്നും എഴുന്നേറ്റു. അധികം താമസിച്ചില്ല നാഥന്റെ വിധി വന്നണഞ്ഞു. സ്വർഗ്ഗീയ ലോകത്തേക്ക് ഇരുവരും യാത്രയായി. അല്ലാഹു ﷻ അവരുടെ പ്രാർത്ഥന സ്വീകരിച്ചു. എത്ര ഉന്നതനായാലും മാതൃപ്രീതിക്ക് എതിര് പ്രവർത്തിച്ചാൽ ഈ ലോകത്ത് വെച്ച് തന്നെ അതിന്റെ ഫലം അനുഭവിക്കും.


 ഖൽബിലൂടെ മിന്നൽ വേഗത്തിൽ സഞ്ചരിച്ച ചരിത്രം ആയിഷയുടെ കണ്ണുകളെ ഈറനണിയിച്ചു. "ഉമ്മാമ്മയുടെ മകനും വരും... ഒരു നാൾ മാപ്പിനായി ഇഴഞ്ഞുകൊണ്ട്... അന്ന് മാപ്പ് തരാൻ ഈ ഉമ്മ ഉണ്ടാവണമെന്നില്ല.... കാരണം ആ മാപ്പ് അയാൾ അർഹിക്കുന്നില്ലെങ്കിൽ.... പടച്ചവൻ അവന്റെ കണ്ണുകൾ കാണാൻ കൊതിക്കും മുന്നേ ഈ മാതാവിനെ മടക്കിവിളിക്കും ". അവളുടെ മനസ്സ് മന്ത്രിച്ചു. "മോളെ പേര് ആയിഷ എന്നാണല്ലേ...." "ആഹ്. ആയിഷ മറിയം. എങ്ങനെയുണ്ട് പൊളിയല്ലേ...." അവൾ ഉമ്മാമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു. " നല്ല പേര്.... എന്റെ ഉമ്മാടെ പേര് ആയിഷ എന്നാ.... " "ആഹാ. അപ്പോൾ ഉമ്മാമ്മാടെ പേരോ?". " സൽമ ".  " maa sha allah ".


ഭക്ഷണം കഴിച്ചു ഉമ്മാമ്മയുമായി അവൾ പുറത്തേക്ക് വന്നു. വാപ്പി ആരോടോ ഫോണിൽ സംസാരി ക്കുന്നത് കണ്ടു. അവൾ കാൾ കട്ട്‌ ആക്കുന്നത് വരെയും വെയിറ്റ് ചെയ്തു. "ഹാ ആയിഷാ നീ എവിടെരുന്നു? റൈഹാന പോകാൻ നിൽക്കുകയാ... അല്ലാ ഇതാരാ? " ഉമ്മാമ്മയെ നോക്കി വാപ്പി ചോദിച്ചു. അവൾ വിശദീകരിച്ചു കൊടുത്തു. "അല്ലോഹ്. ഉമ്മാമ്മടെ വീടെവിടെയാ...? ഞാൻ കൊണ്ടാക്കി തരാം ". പ്രതീക്ഷിക്കാതെയുള്ള മറുപടി കേട്ടപ്പോൾ  ആയിഷയുടെ മുഖം മങ്ങി. അവൾ പതിയെ പറഞ്ഞു." ഉമ്മാമ്മ വീട്ടിലൊറ്റയ്ക്ക.... ആരുമില്ല സഹായത്തിന് ". "Ooh അങ്ങനെയാണോ..." . " അതൊന്നും കൊഴപ്പല്യാ..... വീടിനടുത്തു ഒത്തിരി പേരുണ്ട്. എന്നാ മോളെ ഞാൻ പോട്ടെ.... നിങ്ങൾക്ക് ഇനി ഈ കല്യാണത്തിന്റെ തിരക്കൊക്കെ ഉണ്ടാവില്ലേ". "ഉമ്മാമ്മ പോവേണോ..? എങ്ങനെ? " . "നടന്ന്. എന്തായാലും ന്റെ കുട്ടി കഴിക്കാനൊക്കെ തന്നത് കൊണ്ട് നടക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ട്. അല്ലാഹു ആയിഷക്കുട്ടിക്ക് ബറക്കത് നൽകട്ടെ... ആമീൻ. ഈ ഉമ്മാമ്മാടെ ദുആ എപ്പോഴുമുണ്ടാകും ". "അങ്ങനെ നടന്നൊന്നും പോവണ്ട. വാപ്പി കൊണ്ടാക്കും. പിന്നെ ഞാനും വരുന്നുണ്ട്. ഉമ്മാമ്മാടെ വീട് കാണാൻ ". " അല്ല.. അത് നിങ്ങൾക്ക് ബുദ്ധിമുട്ടാകില്ലേ...? ". "ന്ത്‌ ബുദ്ധിമുട്ട്?" ആയിഷയുടെ വാപ്പ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

റൈഹാനയെ യാത്രയാക്കി അവർ മൂവരും കാറിൽ കേറി. പച്ചക്കറികൾ ആയിഷ കയ്യിലെടുത്തു.ആയിഷയുടെ ഹൃദയം വിതുമ്പുന്നുണ്ടായിരുന്നു."ദാ ഈ വഴിയേ കേറിപോകണം. അവിടെ ഇരിക്കുന്ന മൂന്നാമത്തെ വീടാ....".


അവർ ഒരു പഴയ ഒരു നില ഓടിട്ട വീടിനു മുന്നിൽ വന്നു നിന്നു. പായലും വിള്ളലും ആ വീടിന്റെ പഴക്കമെടുത്തുകാണിച്ചിരുന്നു. അവൾ ഉമ്മാമ്മയുടെ ഒപ്പം വീടിനുള്ളിലേക്ക് പ്രവേശിച്ചു. അസൗകര്യങ്ങളുടെ അടയാളങ്ങൾ കാണിച്ചിരുന്നെങ്കിലും വളരെ വൃത്തിയുള്ളതായിരുന്നു. അവൾ പച്ചക്കറികൾ അടുക്കളയിൽ കൊണ്ട് വെച്ചു.  സലാമും പറഞ്ഞു ചുളിവുകൾ വീണ കവിളിലൊരു മുത്തവും കൊടുത്ത് ആയിഷ ഇറങ്ങി. കുറഞ്ഞ സമയത്തെ പരിചയമാണെങ്കിലും ഒരുപാട് നാളത്തെ അടുപ്പം അവർക്കിടയിലുണ്ടായി. ഉമ്മാമ്മയും ആയിഷയുടെ കവിളിൽ ഒരു സ്നേഹചുംബനം നൽകി.

ഉമ്മാമ്മയെ പിരിഞ്ഞതിൽ ആയിഷയ്ക്ക് വിഷമമുണ്ടെന്ന് അവളുടെ നിറഞ്ഞ മിഴികൾ നോക്കി വാപ്പി മനസ്സിലാക്കി. " വേഗം റെഡി ആയി ഇറങ്ങ് കേട്ടോ..... റൈഹാനയെ വിളിക്കാൻ പോകേണ്ടതല്ലേ.... " നിശബ്ദതയിലായിരുന്ന ആയിഷയെ നോക്കി ഡ്രൈവിംഗിനിടയിൽ പറഞ്ഞു. "മ്മ്.." അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. "ഈ ഉമ്മാമ്മാക്ക് മക്കളൊന്നുമില്ലേ....? അവരുടെ ഭർത്താവ് എവിടെയാണ്....? ". ആയിഷ പതിയെ തല ഉയർത്തി. അവൾ മനസ്സിലാക്കിയ കാര്യങ്ങൾ പറഞ്ഞു."പാവം ഉമ്മാമ്മ.... രാവിലെ പോലും ആഹാരം കഴിച്ചില്ല. അയൽക്കാരോടൊന്നും ഒന്നും പറയില്ലെന്ന് തോന്നുന്നു. ജോലി ചെയ്യാൻ കഴിയാത്തൊണ്ട കയ്യിൽ ക്യാഷും കുറവാ..."."hmm ഈ കല്യാണത്തിന്റെ തിരക്കിനിടയിൽ ഉമ്മാമ്മയെ വീട്ടിൽ കൊണ്ടു വരാൻ കഴിയില്ലെന്ന് നിനക്കറിയാല്ലോ. രണ്ട് ദിവസം കഴിയട്ടെ... ന്നിട്ട് നമുക്ക് വീട്ടിലേക്ക് കൂട്ടാം... ന്തേ..?" വാപ്പിയുടെ ആ ചോദ്യം ആയിഷ ഞെട്ടലോടെ കേട്ടു. അവളുടെ കാതുകളെ വിശ്വസിക്കാനാകാതെ അവൾ വാപ്പിയുടെ മുഖത്തേക്ക് നോക്കി. "വാപ്പി സത്യമാണോ പറയുന്നത്....? " സംശയത്തോടെ അവൾ ചോദിച്ചു. "പിന്നില്ലാതെ.... എന്താ വിശ്വാസമില്ലേ?" ആയിഷയ്ക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. കാറിലായത് കൊണ്ട് അവൾ സന്തോഷം അടക്കിപിടിച്ചു. ഇത്രയേറെ തന്റെ മനസ്സ് വായിക്കാൻ വാപ്പിക്ക് കഴിയുമായിരുന്നോ.....!

അതിശയവും ആനന്ദവും അവളിൽ പുളകം കൊള്ളിച്ചു.


"അജുക്കാ.....ഇക്ക പറഞ്ഞ സാധനങ്ങളൊക്കെ ഇതിലുണ്ടല്ലോ അല്ലെ... നോക്ക് ". സാധനങ്ങളെ അജ്മലിന്റെ റൂമിൽ വെച്ചുകൊണ്ട് റിയാസ് പറഞ്ഞു. "ന്താടാ നിന്റെ മുഖത്തൊരു വാട്ടം? ". "ഏയ്‌ ഒന്നുല്ല... ഞാൻ വീട്ടിലേക്ക് പോവേണ് ". " ടാ കാര്യം പറയ്... ന്തേലും ഇഷ്യൂ ഉണ്ടായോ? ". "ഏയ്‌ വരുന്ന വഴിയിൽ ഒരു സംഭവമുണ്ടായി....." "എന്ത്? " 

'Trim trim......'റിയാസ് പറയാനൊരുങ്ങിയതും അജ്മലിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪