📿PART - 39📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 39

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


         പറഞ്ഞറിയിക്കാൻ കഴിയാത്ത അനുരാഗത്തിന്റെ അനുഭൂതിയോടെ മണൽ പരപ്പിലൂടെ എന്റെ പാദങ്ങൾ വേഗത്തിൽ ചുവടുകൾ വെച്ചു. കാലുകൾക്ക് അസഹ്യമായ വേദന തോന്നുന്നുണ്ടായിരുന്നു.കുറച്ചിരുന്നാലോ..... ശരീരത്തിന്റെ ആവശ്യം ഹൃദയാന്തരങ്ങളിൽ മുഴങ്ങികേട്ടു.ഇല്ല! തളരില്ല....എന്റെ പ്രേമഭാജനത്തിനെ തേടിയുള്ള യാത്രയിൽ ഞാൻ ശരീരത്തിന്റെ ഇച്ഛകൾക്ക് മനസ്സിനെ വിട്ടു കൊടുക്കില്ല.എവിടെയെത്തി......? എന്റെ കണ്ണുകൾ ചുറ്റിലും പരന്നു. 

"അതാ അവിടേക്ക് നോക്ക് ഇത്ത...." അടുത്ത് നിന്നും ആദിൽ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി...... കണ്ണുകൾ വിശ്വസിക്കാനാകാതെ തുറന്ന് പിടിച്ചു .

 *" മദീനത്തുൽ മുനവ്വറ "*

അതെ മനമകമിൽ മൊട്ടിട്ട എന്റെ അഭിലാശം ഇന്നിതാ പൂത്തുലഞ്ഞു..... അൽഹംദുലില്ലാഹ്..... ആ മണൽപരപ്പിൽ ഞാൻ സുജൂദിലായ്‌ ക്കൊണ്ട്  മൊഴിഞ്ഞു.

ഞാൻ ഓടി.... ആദിലിന്റെ കൈകൾ പിടിച്ചു കൊണ്ട്. എവിടെയോ എന്റെ ക്ഷീണം ഓടി ഒളിച്ചു. തുള്ളിച്ചാടണമെന്നുണ്ട്....ഉച്ചത്തിൽ വിളിച്ചുകൊണ്ടു ആഹ്ലാദം പ്രകടിപ്പിക്കണമെന്നുണ്ട്..... ഒന്നിനും കഴിയാതെ ഏതോ വികാരത്തിൽ ഉള്ളകം ആനന്ദനൃത്തം ആടുന്നുണ്ടായിരുന്നു. 

" ആദി.... നിനക്കെന്താ ഇത്ര വേഗത....?" അവന്റെ ഓട്ടത്തിന്റെ അടുത്തൊന്നും എത്താതെ വന്നപ്പോൾ ഞാൻ ചോദിച്ചു. എന്റെ കാലുകൾ പൊടുന്നനെ നിന്നു.മദീനഗേറ്റിനോട് ചാരി ഞാൻ പച്ച കുബ്ബയെ നോക്കി . അതുവരെ ആവേശത്തോടെ ഓടിയ കാലുകൾ വിറയ്ക്കാൻ തുടങ്ങി. ആദിൽ റൗളയ്ക്കരികെ ഓടി അടുത്തു. അവൻ എന്നെ കൈകാട്ടിവിളിക്കുന്നുണ്ട്.പക്ഷെ പോകാൻ കഴിയുന്നില്ല..... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..... അതെന്റെ ഷാൾ നനയുവോളം ഒഴുകി.

" ഓ നബിയേﷺ.... ഇതാ ഈ പാപി വന്നിരിക്കുന്നു..... അർഹതയില്ലാത്ത ഇവളിതാ  വിറയ്ക്കുന്ന കാലുകളാൽ നിൽക്കുന്നു". ഇടറുന്ന സ്വരത്തോടെ ഞാൻ പറഞ്ഞു കൊണ്ടേ ഇരുന്നു..... മനസ്സിലേക്ക് വന്ന ഉമർ ഖാളി رضي الله عنه തങ്ങടെ സ്വല്ലൽ ഇലാഹു ബൈത്തിന്റെ ആദ്യ നാല് വരികൾ ചുണ്ടുകൾ ഏറ്റുപിടിച്ചു. യാന്ത്രികമായി എന്റെ പാദങ്ങൾ മുന്നോട്ട് വെച്ചു.ഞാൻ തിരു ﷺകുബ്ബയോട് അടുക്കാൻ ഇനിയും ഏതാനും ചുവടുകൾ മാത്രം.


الصلاة والسلام عليك يا سيد المرسلين 

الصلاة والسلام عليك يا محب المساكين 

الصلاة والسلام عليك يا رسول رب العالمين 


പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ സലാം തങ്ങളോട്ﷺ പറഞ്ഞു. ദിനാരാത്രികൾ അങ്ങയെ ﷺകാത്തിരുന്നു ..... എന്തെ തങ്ങളെ ﷺഈ പാപിയുടെ കനവിൽ നൂറായി തെളിയാതിരുന്നത്.....? ഇനിയൊരു മടക്കം ഇവൾക്ക് വേണ്ട..... എന്റെ തങ്ങളെﷺ വിട്ട് എനിക്ക് പോകണ്ട..... ഈ ജസദിന് താമസമൊരുക്കാൻ പരിമളമേറുന്ന ഈ മദീന മണ്ണ് തയ്യാറാകുമോ.....? " ഉള്ളിലായൊതുങ്ങിയ കാത്തിരിപ്പിന്റെ വ്യഥകൾ മുഴുവൻ പ്രേമഭാജനത്തിനോടായി ഞാൻ ഇടർച്ചയോടെ മൊഴിയുമ്പോഴും കണ്ണുകൾ ആശി ച്ചുകൊണ്ടിരിക്കുന്ന ആഗ്രഹം പൂർണമാകാതെ ആ റൗളാ ശരീഫിനുള്ളിലേക്ക് നോട്ടം പോകുന്നുണ്ടായിരുന്നു. ഖൽബ് കൊതിച്ച പ്രണയം പരിപൂർണ്ണമായില്ലെങ്കിലും കാലുകൾ കൊതിച്ച മണ്ണിലാണിപ്പോൾ..... മനസ്സ് തിരുവദനം ﷺകാണാനുള്ള വെമ്പലായി..... എന്റെ സർവ്വക്ഷമയും ഉരുകുന്നതായി തോന്നി.ഒരു ഭ്രാന്തിയെപ്പോലെ ഞാൻ ആദിലിനോട് എന്റെ പ്രേമാഭാജനത്തെ കാണിച്ചു തരാൻ പറഞ്ഞു. അവിടെ നിൽക്കുന്ന ഓരോരുത്തരുടെയും അടുക്കൽ ഞാൻ ചോദിച്ചു. "എവിടെ എന്റെ ഹബീബ്ﷺ.....? എവിടെ എന്റെ പ്രണയംﷺ...? ഉച്ചത്തിലുള്ള എന്റെ തേങ്ങൽ മദീനത്തെ അന്തരീക്ഷത്തിലും മുഴങ്ങുന്നതായി തോന്നി. ആ തിങ്കൾﷺ വദനം കാണാൻ ഹൃദയം ആവേശത്തിന്റെ അങ്ങേ അറ്റം എത്തിപ്പെട്ടിരിക്കുകയാണ്.....കരഞ്ഞു കലങ്ങിയ കണ്ണുമായി കുബ്ബയെ നോക്കി ഞാൻ നിന്നു.പെട്ടെന്ന് പടിഞ്ഞാറൻ ഭാഗത്തുനിന്നും ഒരു മനുഷ്യൻ നീണ്ട വെള്ള കുപ്പായവുമായി അന്തരീക്ഷത്തിൽ നീങ്ങി വരുന്നതായി കണ്ടു. കാഴ്ചയിൽ ഒരു സാധാരണക്കാരൻ. അദ്ദേഹവും വെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.... ഞാൻ അത്ഭുതത്തോടെ അവിടെ നിന്നു. അതെ. അദ്ദേഹം വരുന്നത് എന്റെ നേരയാണ്. പക്ഷെ നോട്ടം എന്നിലേക്കല്ല. മിഴികളുയർത്താതെ ശോഭയിൽ ലങ്കുന്ന ആ കുപ്പായം അദ്ദേഹം എനിക്കുനേരെ നീട്ടി. എന്റെ തങ്ങടെﷺ കുപ്പായം...... മനസ്സ് മന്ത്രിച്ചുകൊണ്ടേ ഇരുന്നു. ശ്രദ്ധയോടെ ഞാനത് വാങ്ങി. 

"ആയിഷാ അവിടെ മുത്ത് നബിﷺ ഇരുപ്പുണ്ട്. പോകുന്നില്ലേ....? " ഏതോ പുരുഷ ശബ്ദം കാതുകളിലേക്കലയടിച്ചു. ഞാൻ മുന്നോട്ട് നീങ്ങി. കാത്തിരിപ്പിന് വിരാമം....! ആനന്ദത്തോടെ ഞാൻ എന്റെ ഹബീബിബിന്റെﷺ കുപ്പായം നെഞ്ചോട് ചേർത്തു.അറിയാതെ കയ്യിലിരുന്ന കൗണ്ടർ വഴുതി നിലത്തേക്ക് വീണു. അടഞ്ഞ മിഴികൾ ഞെട്ടലോടെ തുറന്നപ്പോൾ........

മുന്നിൽ മദീനയില്ല...... നെഞ്ചോട് ചേർത്തു വെച്ച കുപ്പായമില്ല..... എല്ലാം സ്വപ്നമായി തന്നെ പരിസമാപ്‌തം കുറിച്ചു. പക്ഷെ അപ്പോഴും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.....അതിശക്തമായുള്ള ഒഴുക്കിനിടയിൽ ഞാൻ തേങ്ങുന്നുമുണ്ടായിരുന്നു.


മനോഹരമായ ആ പ്രണയവേദന ഹൃദയത്തെ കീറിമുറിക്കുന്നത് പോലെ തോന്നിയെനിക്ക്. തങ്ങളെﷺ കാണാനായി ആവേശത്തോടെ ഞാൻ നടന്നടുത്തപ്പോൾ ഹറാമുകൾ കണ്ട ഈ പാപിക്ക് പടച്ചവൻ തിരുവദനംﷺ കാണാനുള്ള പെർമിഷൻ നൽകാത്തതിനാലാവണം മൊഞ്ചിലും മൊഞ്ചായ തിരു നൂറിന്റെﷺ വദനം കാണാതെ ഈ കിനാവ് പകുതിയിൽ മുറിഞ്ഞു പോയത്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പ്രണയം പലപ്പോഴും വേദന നൽകാറുണ്ട്. ഇന്ന് ഞാനത് അനുഭവിച്ചു. കണ്ടകന്ന എൻ കിനാവിൻ ബാക്കി ഭാഗം എന്നാണിനി പൂർണ്ണമാകുക...? ആഗ്രഹിച്ചു പോകുന്നുണ്ട്.... ആ കിനാവൊന്ന് പൂർണമായി മരണം പുൽകിയിരുന്നെങ്കിലെന്ന്. ഞാൻ കണ്ടതിൽ വെച്ചേറ്റവും മനോഹരമായ സ്വപ്നം! കണ്ണുകൾ വീണ്ടും കാണാൻ കൊതിക്കുന്ന സ്വപ്നം!


ഈ അനുരാഗത്തിന്റെ  പ്രണയവല്ലരികൾ തീർത്ത സ്വപ്നം ഇവിടെ കുറിക്കുമ്പോഴും വേദനിക്കുന്നുണ്ട് തങ്ങളെﷺ..... വല്ലാണ്ട്.... ഈ പാപി കാത്തിരിപ്പിലാണ്....


ഒരു കഥ പോലെ ഇഷ്‌ക്കിൽ ചാലിച്ചെഴുതിയ  ആ ഡയറി കുറിപ്പ് മെഹ്റിന്റെ കവിളിലും കണ്ണുനീരിന്റെ ചാലൊഴുക്കി. "ഇതെഴുതുമ്പോൾ ഇത്ത കരഞ്ഞിരിക്കണം." ആയിഷയുടെ കണ്ണുനീർ തുള്ളികൾ കൊണ്ട് ചിലയിടങ്ങളിൽ മഷി പടർന്നുപിടിച്ചിട്ടുണ്ട്. 


"മെഹ്‌റൂ.... ഫുഡ്‌ കഴിക്കുന്നില്ലേ വാ ".  ആയിഷ റൂമിലേക്ക് കയറിയതും തന്റെ ഡയറിയും പിടിച്ചുകൊണ്ടു കരയുന്ന മെഹ്റിനെയാണ് കണ്ടത്. ആയിഷയെ കണ്ട മെഹ്റിൻ ഡയറി ബെഡിലേക്ക് എടുത്തു വെച്ചു. 

"മെഹ്‌റൂ... നീ അത് വായിച്ചോ...? " 

"മ്മ്..." തലയാട്ടിക്കൊണ്ട് ആയിഷയെ കെട്ടിപ്പിടിച്ചു. "ഇങ്ങളെത്ര ഭാഗ്യം ചെയ്തവരാണ്. മദീനയിൽ പോകാതെ തന്നെ മദീന കണ്ടവരല്ലേ...... ആ ഹബീബിന്റെﷺ കുപ്പായം കിട്ടിയവരല്ലേ..... ഈ പാപിക്കെന്നാ ആ മദീന കിനാവിലെങ്കിലും കാണാൻ കഴിയുക...? "  ഒഴുകുന്ന കണ്ണുനീരോടെ അവൾ ആയിഷയുടെ മുഖത്തേക്ക് നോക്കി.

 " ഭാഗ്യം അപൂർണമാണ് മോളെ.... ഞാൻ തങ്ങളെﷺ കണ്ടിട്ടില്ല.... ഈ നിമിഷം വരെയും ". ആയിഷയുടെ കൺകോണിൽ കണ്ണുനീർ തുള്ളി ഉരുണ്ട് കൂടി. അവൾ മെഹ്റിനെ ചേർത്തുപിടിച്ചു കൊണ്ട് ബെഡിലിരുന്നു. "ആഗ്രഹത്തിന്റെ അങ്ങേ അറ്റത്തിലാണ് ഇപ്പോഴും. എന്റെ ഭാഗത്തു നിന്നും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കുറവായതിനാലാകണം സ്വലാത്ത് പരിപൂർണ്ണമാകാതെ ഞാൻ മയക്കത്തിലേക്ക് പോയതും തങ്ങളെ ﷺ കാണാതെ ഉണർന്നതും....". 

"സ്വലാത്തോ....?"

ആയിഷ പറഞ്ഞു വരുന്നതെന്തെന്ന് മനസ്സിലാകാതെ മെഹ്റിൻ അവളെ നോക്കി. 

"മ്മ്..." അവൾ സ്വലാത്തിന്റെ ഡയറി എടുത്തു.

 " അന്ന് രാത്രി ഞാനൊരു സ്വലാത്ത് ചൊല്ലിയിരുന്നു. ഹബീബിനെﷺ കാണാനുള്ള സ്വലാത്ത്. ഇതാണ് അത് ". അവൾ എഴുതിയിരിക്കുന്ന സ്വലാത്ത് ചൂണ്ടിക്കൊണ്ട് പറഞ്ഞു. ജോലിയെല്ലാം കഴിഞ്ഞ് കുളിച്ചു വെള്ള വസ്ത്രം അണിഞ്ഞു അദബോടെ ചൊല്ലാനിരുന്നപ്പോൾ തന്നെ നേരം വൈകിയിരുന്നു ". മെഹ്റിൻ ആ ഡയറിയുടെ താളിലേക്ക് നോക്കി.

*أللهم صل على سيدنا محمد وعلى آل سيدنا محمد بعدد كل معلوم" لك*

വെള്ളിയാഴ്ച രാവിൽ 1000 തവണ മേൽ സ്വലാത്തും 1000 തവണ സൂറത്തുൽ കൗസറും ഓതി ഉറങ്ങുക. മുത്ത് നബിയെ കാണും. In shaa allah "

മെഹ്റിൻ എഴുതിയിരിക്കുന്നത് വായിച്ചു.

 " 1000 പൂർണമാകുന്നതിന് മുന്നേ അതിശക്തമായ ഉറക്കം എന്നെ ബാധിച്ചു. പല തവണ ഞാൻ ഉറക്കത്തിനു വഴിപ്പെടാതെ പരിശ്രമിച്ചു. ഉറങ്ങിപ്പോകുമെന്ന് പേടിച്ചു ഞാൻ ടേബിളിനോട് ചേർന്ന് ബെഡിലായി ഇരുന്നു. എണ്ണം കൃത്യമാകാതെ ഞാൻ ഉറങ്ങി പ്പോയി. കിനാവും പൂർണമാകാതെ ഉണരുകയും ചെയ്തു. ഈ പാപിയ്ക്ക് തങ്ങളെﷺ കാണാൻ അർഹതയില്ലാത്തതിനാലാകാം എനിക്കെന്റെ സ്വലാത്തുകൾ പൂർണമാക്കാൻ കഴിയാതിരുന്നത്.... " ഇടർച്ചയോടെ ആയിഷ പറഞ്ഞു.

 " അല്ലെങ്കിലും ഹറാമിൽ നിന്നും ഒഴിയാത്ത കണ്ണ് എങ്ങനെയാണ് തങ്ങളെﷺ കാണുക...? അറിയാണ്ടാണെങ്കിലും അന്യരെപ്പോലും നോക്കുന്നുണ്ട്.... പിന്നെങ്ങനെ അവിടുന്ന്ﷺ എന്റെ കിനാവിൽ വരുക". ആയിഷയുടെ കവിളിൽ ബാഷ്പകണങ്ങൾ ഒഴുകി.


"ഇത്താ...... ഉമ്മ വിളിക്കുന്നു..." താഴെ നിന്നും ആദിലിന്റെ ശബ്ദം കേട്ടു. ഇരുവരും കണ്ണുകൾ തുടച്ചു കൊണ്ടെഴുന്നേറ്റു.



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪