📿PART - 24📿 🍀1സ്വലാത്തിന്റെ ഈരടികൾ🍀

 🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 24

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


       ആയിഷയുടെ കണ്ണുകളിൽ ഉരുണ്ട് കൂടിയ കണ്ണുനീർതുള്ളികളുടെ തിളക്കം അവൻ സൂക്ഷിച്ചു നോക്കി. അത് അവളുടെ ചുവന്ന കവിളിലൂടെ ഒലിച്ചിറങ്ങി.

 "ഇത്ത കരയേണോ? " അവൻ തെല്ലൊരു അത്ഭുതത്തോടെ ചോദിച്ചു. ചോദ്യം ആയിഷയുടെ കവിളിൽ നുണക്കുഴി ഉണ്ടാക്കികൊണ്ട് ചിരി പടർത്തി. അവൾ ഗാഠമായി ആദിലിനെ പുണർന്നു. 

" ന്റെ കുഞ്ഞമോനെ...,നീ എത്ര ഭാഗ്യവാനാണ് " അവൾ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു. 

"നീ കണ്ടത് ഒരുപക്ഷെ നബിതങ്ങടെ ﷺ പ്രകാശമാകും... അതല്ലെങ്കിൽ നീ ചൊല്ലിയ സ്വലാത്തിന്റെ പ്രകാശം.... എന്തു തന്നെയായാലും നിന്റെ സ്വലാത്ത് സ്വീകരിച്ചു എന്നതിനുള്ള അടയാളം ആണിത് ". 

ആദിലിന്റെ ഹൃദയാന്തരങ്ങളിൽ ആയിഷയുടെ വാക്കുകൾ പുളകം കൊള്ളിച്ചു. അവൻ സന്തോഷത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. 

"അപ്പോൾ ഞാൻ തങ്ങളെ ﷺ  ആയിരിക്കുംല്ലേ കാണാൻ പോയത്!..... ന്നാലും ഉമ്മച്ചി വിളിച്ചില്ലെരുന്നെങ്കിൽ തങ്ങളെﷺ മൊഞ്ചുള്ള മുഖം കാണാമായിരുന്നു". അവന്റെ മുഖത്ത് സങ്കടം പ്രകടമായി. "ഒരു പക്ഷെ നീ വീണ്ടും സ്വലാത്ത് ചൊല്ലാൻ വേണ്ടിയാകും അള്ളാഹു ഉമ്മിനെക്കൊണ്ട് വിളിപ്പിച്ചത്. ഇനിയും ഒത്തിരി സ്വലാത്ത് ചൊല്ലുമ്പോൾ തങ്ങൾക്ക് ﷺ സന്തോഷാവും. അപ്പോൾ എപ്പോഴും കിനാവിൽ വരും ". അവൾ ആദിലിന് മോട്ടിവേഷൻ നൽകി.

 " ഹാ അത് ശരിയാ " അവന്റെ മനസ്സിലും ആവേശം തിരതല്ലി. ആയിഷ ആദിലിന്റെ കുഞ്ഞു കയ്യിൽ അമർത്തി ചുംബിച്ചു. 

" നീ ദുആ ചെയ്യുമ്പോൾ എന്റെ കനവിലും തങ്ങൾ ﷺ വരാൻ ദുആ ചെയ്യണേ " തുടച്ചു മാറ്റിയ കവിൾ തടങ്ങളിൽ വീണ്ടും കണ്ണുനീരിന്റെ നനവ് പടർന്നു. "ഇൻഷാ അല്ലാഹ്. ഉറപ്പായും. ഇത്തയല്ലേ ന്റെ ടീച്ചർ, മുത്ത് നബിക്ക് ﷺ സ്വലാത്ത് ചൊല്ലാൻ പ്രേരിപ്പിച്ച എന്റെ പ്രിയപ്പെട്ട ടീച്ചർ " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.


"ആദിലേ.... പല്ലും തേയ്ക്കാണ്ട് മുകളിൽ കുത്തിയിരിക്കെണോ? ഞാൻ ഇപ്പോൾ കമ്പും എടുത്തോണ്ട് വരുന്നുണ്ട്...." ഒരു വാണിങ്ങോടെ ഉമ്മി നിർത്തി. "ആഹാ നീ പല്ല് തേച്ചില്ലേ? " ആയിഷ ആദിലിന്റെ മുഖത്തേക്ക് നോക്കി. 

"ഇല്ല. അത്.... പറയാനുള്ള തിടുക്കത്തിൽ ഇങ്ങോട്ട് കേറി വന്നതാ "  ചമ്മിയ ചിരിയോടെ അവൻ പറഞ്ഞു.

 "ഹ്മ്മ് ന്നാ വേഗം ഓടിക്കോ... ഉമ്മി വരും മുൻപേ " ആയിഷ പറഞ്ഞു തീരും മുന്നേ ആദിൽ താഴേക്ക് ഓടി. അവന്റെ ഓട്ടം അവളുടെ മുഖത്ത് ഓർമകളുടെ മിന്നലാട്ടത്താൽ ചിരി വിടർന്നു. നിസ്കരിക്കാതെ കറങ്ങി കറങ്ങി നടന്നിട്ട് അവസാനം ഉമ്മി ചോദിക്കുമ്പോൾ എത്ര തവണ നിസ്കരിച്ചു എന്ന് കള്ളം പറഞ്ഞു! അതിന്റെ പേരിൽ എത്ര അടി കൊള്ളേണ്ടി വന്നു! ഉറക്കത്തിൽ നിന്നും ഉന്തീം തള്ളീം ഉമ്മ എഴുന്നേൽപ്പിക്കുമ്പോൾ വായിൽ ബ്രഷും പിടിച്ചു എത്രയോ ദിനങ്ങൾ പുറക് വശത്തെ മാവിന്റെ ചോട്ടിൽ ചേർന്ന് നിന്നുകൊണ്ട് ഉറക്കം തൂങ്ങിയിരിക്കുന്നു ! ഉമ്മ അന്നും ഇന്നും നിസ്കാരത്തിൽ കണിഷക്കാരിയാ..... അതുകൊണ്ടായിരിക്കണം വഴികേടിലൊന്നും തന്റെ ഹൃദയത്തെ പടച്ചവൻ എത്തിക്കാതെ സൂക്ഷിച്ചത്!.... ഓർമ്മകൾ ഇപ്പോൾ ചിരിപ്പിക്കുന്നുണ്ടെങ്കിലും ഉള്ളിൽ ഒരു കിടുങ്ങലാണ് അനുഭവിക്കുന്നത്. അറിഞ്ഞു കൊണ്ട് താനെത്ര നിസ്കാരം കളാആക്കി! അതിന്റെ ശിക്ഷയും പ്രതിഫലവും നല്ലവണ്ണം അറിയാമായിരുന്നിട്ടും....

*ശുജാഉൽ അഖ്റഅ് എന്ന ഭീകരനായ പാമ്പ് ഖബറിൽ ഓരോ വകഅതിലും കളാഇന്റെ എണ്ണമനുസരിച് കൊത്തുമെന്ന്* മദ്രസയിൽ പഠിച്ചിട്ടുണ്ടെങ്കിലും ഹൃദയ കാഠിന്യത്താൽ ഉള്ളിൽ പേടിയുടെ ഒരു ലാഞ്ചന പോലും തോന്നിയിട്ടില്ല, നിസ്കരിക്കാണ്ടിരിക്കുമ്പോൾ......പ്രവാചകﷺ പ്രണയത്തിന്റെ സുഗന്ധം ആസ്വദിച്ചു തുടങ്ങിയത് മുതലാണ് നിസ്കാരത്തിനു കൃത്യത വന്നത്.... സ്വലത്തിന്റെ നാളം ഈ ഖൽബിനുള്ളിൽ തെളിഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോഴും തന്റെ അവസ്ഥ എന്താകുമായിരുന്നു! പടച്ചവൻ എത്ര റഹീമാ. അവൻ സകല തെറ്റും ക്ഷമിച്ചു നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. എന്നിട്ടും നാം അഹങ്കാരികളായി തെറ്റിന്റെ വഴിയിൽ സഞ്ചരിക്കുന്നു.....


 "നാഥാ നീ പൊറുത്തു തരേണമേ..... എന്നിലെ തെറ്റുകൾ മുഴുവനും ഞാൻ സമ്മതിക്കുന്നു. ഈ പാപിയുടെ കരങ്ങളെ തട്ടി മാറ്റരുതേ.... " ഉള്ളറിഞ്ഞു അവൾ ദുആ ചെയ്തു.


ദിവസങ്ങളോരോന്നും കൊഴിഞ്ഞു കൊണ്ടേ ഇരുന്നു. ആയിഷ പഠനത്തിൽ നന്നായി കോൺസെൻട്രേഷൻ കൊടുത്തു. എക്സാമുകൾ ഓരോന്നും കഴിയുംതോറും വല്ലാത്തൊരു ആശ്വാസം തോന്നി.

.......

"ഹോ ഇന്നും കൂടി കഴിഞ്ഞാൽ രക്ഷപ്പെട്ടു ". അവസാനത്തെ എക്സാമിനുള്ള തയ്യാറെടുപ്പിനിടയിൽ അവൾ സ്വയം പറഞ്ഞു. ലാബ് എക്സാം ആയതിനാൽ വൈകുന്നേരമാണ് തന്റെ എക്സാം ടൈം. അവൾ ധൃതിയിൽ ആഹാരം കഴിച്ചു കൊണ്ട് വീട്ടിൽ നിന്നുമിറങ്ങി.


"റസീ, ഇന്ന് നേരത്തെ ആണല്ലോ, ന്ത്‌ പറ്റി? " കോളേജിന്റെ വെളിയിൽ റെക്കോർഡ്മായി നിൽക്കുന്ന റസിയയോടായി ആയിഷ തിരക്കി. "ലാസ്റ്റ് ഡേ അല്ലേടി. ഇനി എന്നാ ഈ കോളേജിലേക്ക്.... വല്ലാത്ത മിസ്സിംഗ്‌....." റസിയ കോളേജിനെ നോക്കികൊണ്ട് പറഞ്ഞു. 

"ഹ്മ്മ്മ് ഞാൻ ക്ലാസ്സിലേക്ക് പോണുട്ടാ.. Mam എപ്പോഴാ ലാബിലേക്ക് വിളിക്കുന്നതെന്നറിയില്ല". 

"ഡീ ഞാനും വരുന്ന്. നിൽക്ക് ". പിന്നിൽ നിന്നും റസിയ വിളിച്ചു പറഞ്ഞു.

ഇരുവരും കോളേജിനുള്ളിലേക്ക് പ്രവേശിച്ചു.


"ടാ ആദിലെ... വയർ വേദനയെന്ന് പറഞ്ഞിട്ട് നീ ഫോണിൽ കളിക്കെണോ? " ഒരലർച്ചയോടെ ഉമ്മ പിന്നിൽ വന്നു നിന്നു.സ്കൂളിൽ പോകാൻ ഇറങ്ങിയപ്പോൾ ചെറിയൊരു ഗ്യാസ് problem കാരണം വയർ വേദന എടുത്തപ്പോൾ ഇതെന്നെ പറ്റിയ അവസരം എന്ന് പറഞ്ഞു ബെഡ്ൽ ഒരേ കിടത്തമായിരുന്നു. സ്കൂൾ ബസ്സ് വന്നപ്പോൾ "എനിക്ക് വയറിനു ഭയങ്കര വേദനയാ ബസ്സ് മാമനോട് പോവാൻ പറയിം " എന്നായിരുന്നു അവൻ പറഞ്ഞത്. വേദന കുറച്ചു കഴിഞ്ഞപ്പോൾ മാറിയെങ്കിലും ഉച്ച വരെ കിടന്നില്ലെങ്കിൽ ഉമ്മച്ചി ഓട്ടോ പിടിച്ചെങ്കിലും സ്കൂളിൽ കൊണ്ടാക്കുമെന്ന് ഉറപ്പാണ്. അങ്ങനെ കിടന്ന് ബോറടിച്ചപ്പോൾ ഫോണെടുത്തു നോക്കിയപ്പോഴാണ് പിറകിൽ നിന്നും ഉമ്മാടെ ചോദ്യം !. 

" കള്ള വേദന തന്നെയാണോ ന്റെ പൊന്നുമോന്? " ആദിലിനെ തറപ്പിച്ചു നോക്കികൊണ്ട് ഉമ്മ ചോദിച്ചു. "അല്ലോഹ് അല്ലെ, ഇപ്പയും ദാ ഇവിടെ ഒരു കൊളുത്തി വലിക്കൽ..." വയറിന്റെ ഇടത് ഭാഗത്തു കൈ അമർത്തി കൊണ്ട് അവൻ വേദന അഭിനയിച്ചു. "ഹ്മ്മ് നന്നായി ചോറ് കഴിക്കുമ്പോൾ മാറും . നീ എഴുന്നേറ്റ് വാ....". ഉമ്മ ചോറെടുക്കാനായി അടുക്കളയിലേക്ക് പോയി.

"ഹോ രക്ഷപ്പെട്ടു". അവൻ ഫോൺ മാറ്റി വെച്ചു കൊണ്ട് സ്വയം ആശ്വസിച്ചു.


ആഹാരവും കഴിച്ചു ആദിൽ മേശപ്പുറത്തിരുന്ന കൗണ്ടർ എടുത്തു. രാത്രിയിൽ താൻ കണ്ട സ്വപ്നം മനസ്സിൽ തെളിഞ്ഞു. ഒരിക്കൽ കൂടി കാണാൻ കൊതിച്ചു കൊണ്ട്  ബെഡിൽ തലയണ കുത്തനെ വെച്ചു  ചാരി ഇരുന്നു കൊണ്ട് സ്വലാത്ത് ചൊല്ലാൻ തുടങ്ങി. വയർ നിറഞ്ഞത് കൊണ്ടാവണം മയക്കം കണ്ണിലേക്കു ശക്തമായി കടന്നു കൂടി.  സ്വലാത്ത് ചൊല്ലി ചൊല്ലി മിഴികൾ അടയുന്നതോടൊപ്പം ചുണ്ടുകളുടെ ചലനം കുറഞ്ഞു . കിനാവിന്റ തീരമിൽ ആദിൽ ചെന്നിരുന്നു.


" ആദി, നീ എനിക്ക് വേണ്ടി ദുആ ചെയ്തോ " കടൽ തിരമാലകളെ നോക്കി ചേർന്നിരിക്കുന്ന ആദിലിനോടായി വ്യസനത്തോടെ ആയിഷ തിരക്കി. 

"മ്മ്". അവൻ തലയാട്ടി. തങ്ങൾﷺ വരുമ്പോൾ എന്റെ അന്വേഷണം നീ പറയണം ". കടൽ തിരമാലകൾ തിരയോട് പിണങ്ങി പിന്നോട്ടേക്ക് വലിയുന്നതും നോക്കി കൊണ്ട് ആയിഷ അവനോട് പറഞ്ഞു. " ചിലപ്പോൾ ഇത്ത ആണെങ്കിലോ മുന്നേ കാണുന്നത്!? ". 

"ആയിഷ ഒന്നും മിണ്ടിയില്ല.അവൾ ആദിലിനെ നോക്കി ". 

"നീ ഒരു ഹാഫിള് ആകുമോ?". അവൻ അതൊക്കെ നടക്കുമോ എന്നൊരു സംശയത്താൽ അവളെ നോക്കി.

"എന്റെ വലിയ ആഗ്രഹമാണ്. ന്റെ മയ്യിത്ത് നിസ്കാരത്തിന്റെ നേതൃത്വം  ഒരു ഹാഫിള് ആകണമെന്ന് ". 

"അത്.... അത്... അതൊക്കെ പാടല്ലേ? " തല ചൊറിഞ്ഞു കൊണ്ട് അവൻ ആയിഷയുടെ മുഖത്തേക്ക് നോക്കി.  കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ തുടർന്നു ചോദിച്ചു.

" ഓഹ് നിനക്ക് കഴിയൂലല്ലേ.... അപ്പോൾ ഞാൻ മരിച്ചാൽ ആരാ നിക്കാ? " അവൾ തല കുനിച്ചു. ശബ്ദം ഇടറുന്നതായി തോന്നിയ ആദിൽ താൻ ആയിക്കോളാമെന്ന് സമ്മതിച്ചു. " മാഷാ അല്ലാഹ്. അള്ളാഹു വേഗം ആക്കട്ടെ ". സന്തോഷത്തോടെ അവൾ ആദിലിനെ കെട്ടിപ്പിടിച്ചു.അവന്റെ നെറ്റിയിൽ മുത്തം കൊടുത്തു. അവന്റെ മുഖത്തും പുഞ്ചിരി വിടർന്നു. മുത്ത് നബിയുടെ ﷺ കിസ്സകൾ പറഞ്ഞവർ ഇരുന്നു.പൊടുന്നനെ ആകാശം കാർമേഘങ്ങളായി നിറയുന്നതവർ കണ്ടു."മഴ വരുന്നു എന്ന് തോന്നുന്നു. വാ നമുക്ക് വാപ്പിന്റെ അടുത്ത് പോകാം". അവൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റു. 

" നീ പോയിക്കോ.... മഴയൊന്നും വരില്ല ". അവൾ എഴുന്നേൽക്കാൻ കൂട്ടാക്കീല. അതിശക്തമായി കാർമേഘം പറഞ്ഞയച്ച കാറ്റ്,തിരമാലകളെ തിരയോടടുപ്പിച്ചു. ആദിൽ വാപ്പീരെടുത്തേക്ക് നടന്നു. അവൻ കുറച്ചു ദൂരം നടന്നു. തിരിഞ്ഞു നിന്നു ആയിഷയെ നോക്കി. കുതിച്ചു കയറുന്ന തിരമാലകൾ നഗ്നമായ അവളുടെ കാൽപാദങ്ങളെ ചുംബിച്ചു കൊണ്ടിരുന്നു. അവളിൽ ഒരു ഭാവ വിത്യാസവും ഇല്ലാത്തത് ആദിൽ ശ്രദ്ധിച്ചു.

"ഇത്താ....." അവൻ നീട്ടി വിളിച്ചു. പെട്ടന്നടിച്ചു വീശിയ കാറ്റ് ആദിലിന്റെ കണ്ണിൽ കരടിനെ വീഴ്ത്തി. അവൻ തന്റെ കൈകൾ കണ്ണുകളിലേക്ക് ഇറുക്കി പൊത്തി. പെട്ടെന്ന് കയ്യിലുണ്ടായിരുന്ന കൗണ്ടർ താഴേക്ക് വീഴുന്ന ശബ്ദം അവന്റെ കാതുകളിൽ പതിച്ചു.


ഒരു ഞെട്ടലോടെ ആദിൽ പിടഞ്ഞെണീറ്റു......


🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪