ഉള്‌ഹിയ്യത്ത് നിയമങ്ങൾ
ഏതാണ്ട് നാലായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച് കടന്നുപോയ ഖലീലുല്ലാഹി ഇബ്രാഹീം നബി(അ)യുടെ വിളിക്കുത്തരം നൽകി ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ പുണ്യമക്കയെ ലക്ഷ്യം വെച്ച് പുറപ്പെടുന്ന കാലം. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തെ കർമ്മം നിർവ്വഹിക്കാൻ അറബിയും അനറബിയും കറുത്തവനും വെളുത്തവനും തോളൊടുതോൾ ചേർന്ന് നിൽക്കുന്ന മാസം. ഏറ്റവും വലിയ ഹജ്ജിന്റെ നാൾ എന്ന് അല്ലാഹു വിശേഷിപ്പിച്ച പെരുന്നാൾ ദിനം. എന്ത് കൊണ്ടും ദുൽ ഹിജ്ജ സമാഗതമാവുമ്പോൾ വിശ്വാസിയുടെ മനസ്സ് ആനന്ദനിർവൃതി കൊള്ളുന്നു.
ഈ മാസവുമായി ബന്ധപ്പെട്ട പുണ്യകർമ്മങ്ങളിൽ അതിപ്രധാനമായ ഒന്നാണ് ഉള്‌ഹിയ്യത്ത് (ബലിയറക്കൽ). ബലിയിലൂടെ നാം അനുസ്‌മരിക്കുന്നത് ഇബ്രാഹീം (അ) തന്റെ പുത്രൻ ഇസ്‌മാഈൽ (അ) നെ അറക്കാൻ തയാറായ സംഭവ ബഹുലമായ ചരിത്രമാണ്.
ഉള്‌ഹിയ്യത്തുമായി ബന്ധപ്പെട്ട ഏതാനും കർമ്മ ശാസ്‌ത്ര വിവരണമാണിവിടെ ഉദ്ദേശിക്കുന്നത്. സാധിക്കുന്നവർക്ക് നിർബന്ധമാണെന്ന് വരെ അഭിപ്രായമുള്ള മഹത്തായ പുണ്യ കർമ്മമാണിത്. അത് കൊണ്ട് തന്നെ മറ്റെല്ലാ ദാനധർമ്മങ്ങളെക്കാളും ശ്രേഷ്‌ടമായതുമിതാണ്.
*ആർക്കാണ് സുന്നത്ത്?:*
പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനും തന്റേടിയുമായ ഉള്‌ഹിയ്യത്തിനു കഴിവുള്ള എല്ലാ മുസ്ലിമീങ്ങൾക്കും ഇത് സുന്നത്താണ്. തനിക്കും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കും ഉള്‌ഹിയ്യത്തുദ്ദേശിക്കുന്ന ദിനത്തിലും അതിന്റെ രാത്രിയിലും ആവശ്യമായ ചിലവിനും അല്ലാഹുവിനോ മനുഷ്യർക്കോ ഉള്ള കടബാധ്യത തീർക്കാനും വേണ്ടത് കഴിഞ്ഞ് മിച്ചം വരുന്നവരാണ് കഴിവുള്ളവരെന്നത് കൊണ്ട് ഇവിടെ ഉദ്ദേശ്യം. അവർക്ക് ഇത് ഉപേക്ഷിക്കൽ കറാഹത്തുമാണ്. ഈ കറാഹത്തൊഴിവാകാൻ കുടുംബത്തിലെ ഒരാളറത്താൽ മതി. പക്ഷേ, അറത്തവനേ കൂലി ലഭിക്കുകയുള്ളൂവെന്ന് മാത്രം.
പിതാവ്, പിതാമഹൻ എന്നിവർക്ക് സ്വന്തം സ്വത്തിൽ നിന്നെടുത്ത് തന്റെ കീഴിലുള്ള കുട്ടികൾക്ക് വേണ്ടി ഉള്‌ഹിയ്യത്തറക്കാം. അവരുടെതായി പരിഗണിക്കുകയും ചെയ്യും. മറ്റാർക്കെങ്കിലും വേണ്ടി അറക്കണമെങ്കിൽ അവരുടെ സമ്മതമോ മരിച്ചവരെങ്കിൽ വസിയ്യത്തോ വേണം. അല്ലാതെ പറ്റില്ല. എങ്കിലും താനറുക്കുന്നതിന്റെ പ്രതിഫലത്തിൽ മരിച്ചവരെ കൂടി കരുതാവുന്നതും അവർക്കതിന്റെ കൂലി ലഭിക്കുന്നതുമാണ്.
*മര്യാദകൾ:*
ഉള്‌ഹിയ്യത്ത് അറക്കാനുദ്ദേശിക്കുന്നവർക്ക് ദുൽഹിജ്ജ ഒന്ന് മുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി പോലുള്ള ശരീരത്തിന്റെ ബാഹ്യമായ ഭാഗങ്ങൾ നീക്കൽ കറാഹത്താണ്. വെള്ളിയാഴ്ച പോലെയുള്ള നീക്കൽ സുന്നത്തായ ദിവസങ്ങളിലും കറാഹത്ത് തന്നെ. വേദനയുള്ള പല്ല് പോലോത്തത് നീക്കുന്നതും മാർക്കം ചെയ്യൽ, കട്ടവന്റെ കൈ മുറിക്കൽ പോലുള്ള നിർബന്ധ സാഹചര്യത്തിൽ നീക്കുന്നതും ഇതിൽ നിന്നൊഴിവാണ്. ഒന്നിലധികം അറവുദ്ദേശിക്കുന്നവർക്ക് ഒന്നാമത്തതോടു കൂടി കറാഹത്ത് ഒഴിവാകുമെങ്കിലും മുഴുവൻ അറക്കുന്നത് വരെ നീക്കാതിരിക്കലാണ് അഭികാമ്യം.
സ്വയം അറക്കാൻ കഴിയുന്ന പുരുഷന്മാർക്ക് സ്വയം അറക്കലും അല്ലാത്തവർക്ക് മറ്റൊരാളെ ഏൽപ്പിക്കലുമാണ് സുന്നത്ത്. ഏൽപ്പിക്കുന്നുവെങ്കിൽ ഇവൻ അവിടെ സന്നിഹിതനാവലും അറവ് തന്റെ കുടുംബത്തിന്റെ അരികിൽ വെച്ചാവലും പുണ്യം തന്നെ. നേർച്ചയാക്കിയ മൃഗമല്ലെങ്കിൽ അറവിന്റെ നേരത്ത് നിയ്യത്ത് വേണം. അറവ് മറ്റിരാളെ ഏൽപ്പിക്കുമ്പോലെ നിയ്യത്തും ഏൽപ്പിക്കാം. പക്ഷേ, നിയ്യത്ത് ഏൽപ്പിക്കപ്പെടുന്ന വ്യക്തി മുസ്‌ലിമായിരിക്കൽ നിബന്ധനയാണ്. നിയമമൊത്ത വേദക്കാരിൽ പെട്ട അന്യമതക്കാരെ അറവ് ഏൽപ്പിക്കാമെങ്കിലും നിയ്യത്ത് ഏൽപ്പിക്കാവതല്ല.
അറവ് പകലിലാക്കുക, മൃഗത്തെ ഖിബ്‌ലയിലേക്ക് തിരിക്കുക, കത്തി മൂർച്ചയാക്കുക, അറവിന്റെ നേരത്ത് ബിസ്‌മിയും നബി (സ) യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക പോലുള്ള സുന്നത്തുകൾക്ക് പുറമെ ബിസ്‌മിയുടെ മുമ്പും ശേഷവും മൂന്ന് തക്ബീർ ചൊല്ലലും
اللهم هذا منك، واليك، فتقبل مني
എന്ന് പ്രാർത്ഥിക്കലും ഉള്‌ഹിയ്യത്തിനു പ്രത്യേകം സുന്നത്താണ്.
*സമയം:*
പെരുന്നാൾ ദിനം സൂര്യനുദിച്ച് ചുരുങ്ങിയ രീതിയിൽ രണ്ട് റക്‌അത്ത് നിസ്‌കാരവും രണ്ട് ഖുതുബയും നിർവ്വഹിക്കാനുള്ള സമയം കഴിഞ്ഞത് മുതൽ ദുൽഹിജ്ജ 13 ആം ദിവസം സൂര്യനസ്തമിക്കുന്നത് വരെ സമയമുണ്ടെങ്കിലും സമയമായതിനു ശേഷം സൂര്യൻ ഒരു കുന്തത്തിന്റെ തോത് ഉയരുന്നത് വരെ പിന്തിക്കലും പെരുന്നാളിന്റെ അന്ന് തന്നെ അറക്കലുമാണ് ശ്രേഷ്ടം. ഒന്നിലധികം അറക്കുന്നുവെങ്കിലും വിധി ഇത് തന്നെ. നബി (സ) ഒരു ദിവസം നൂറെണ്ണം അറുത്തത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സമയത്തിനു മുമ്പോ ശേഷമോ അറുത്താൽ അത് ഉള്‌ഹിയ്യത്തായി പരിഗണിക്കില്ല.
നെർച്ചയാക്കിയ മൃഗത്തെ സമയത്തിൽ അറത്തില്ലെങ്കിൽ പെട്ടെന്ന് തന്നെ അറക്കൽ നിർബന്ധമാണ്. ഉള്‌ഹിയ്യത്തിന്റെ എല്ലാ നിയമങ്ങളും അതിനു ബാധകവുമായിരിക്കും.
*എന്തിനെ അറക്കണം?:*
ആട്, മാട്, ഒട്ടകം എന്നിവയും ഇവ പരസ്‌പരം ഇണ ചേർന്നുണ്ടായതും മാത്രമേ ഉള്‌ഹിയ്യത്തിനു പറ്റുകയുള്ളൂ. നെയ്യാടിന് ഒരു വയസ്സും അല്ലെങ്കിൽ പല്ല് കൊഴിയലും കോലാട്, മാട് ഇവകൾക്ക് രണ്ട് വയസ്സും ഒട്ടകത്തിന് അഞ്ച് വയസ്സും പൂർത്തിയാകണം. കോലാടിന് ഒരു വയസ്സ് മതിയെന്നും അഭിപ്രായമുണ്ട്. ഈ മൃഗങ്ങൾ പരസ്പരം ഇണ ചേർന്നുണ്ടായാൽ വയസ്സ് കൂടുതൽ വേണ്ടതേതാണോ അതിന്റെ വയസ്സാണ് കുട്ടിയിൽ പരിഗണിക്കുക. അപ്പോൾനെയ്യാടും കോലാടും ഇണ ചേർന്നുണ്ടായതിന് രണ്ട് വയസ്സ് പൂർത്തിയാകേണ്ടി വരും.
ഏഴാൾക്ക് വരെ ഒട്ടകത്തിലും മാടിലും പങ്ക് ചേരാം. ഏഴിലധികമായാലും ആടും മാടുമായി ഇണ ചേർന്നുണ്ടായതിൽ ഒന്നിലധികം പേരായാലും ഉള്‌ഹിയ്യത്ത് ശരിയാവില്ല. സംഘം ചേർന്നറക്കുമ്പോൾ എല്ലാവരും ഉള്‌ഹിയ്യത്തിനെ തന്നെ ഉദ്ദേശിക്കുന്നവർ ആകണമെന്നില്ല. ചിലർ ഉള്‌ഹിയ്യത്തും ചിലർ അഖീഖഃയും വേറെ ചിലർ വെറും മാംസവും കരുതി അറക്കലും അനുവദനീയമാകും. ഒരാടറക്കലും ഒട്ടകത്തിലോ മാടിലോ പങ്ക് ചേരലുമായാൽ ഉത്തമം ആടറക്കലാണ്.
മൃഗത്തിന്റെ കാര്യത്തിൽ ഒട്ടകം, മാട്, നെയ്യാട്, കോലാട് എന്നിങ്ങനെയും നിറത്തിൽ വെള്ള, മഞ്ഞ, തവിട്ട് നിറം, ചുവപ്പ്, വെള്ളയിൽ മറ്റ് നിറം കലർന്നത് എന്നിങ്ങനെയുമാണ് ശ്രേഷ്ടതാക്രമം. ആണും പെണ്ണുമായാൽ ആണാണുത്തമം. എന്നാൽ, കൂടുതൽ ഇണ ചേർന്ന ആണിനെക്കാൾ പ്രസവിക്കാത്ത പെണ്ണിനാണ് മുൻഗണന. പെണ്ണിലേറെ ശ്രേഷ്ടം നപുംസകമാണ്.
*നിബന്ധനകൾ:*
മാംസം ചുരുക്കുന്ന വിധത്തിലുള്ള ന്യൂനതയില്ലാത്തതായിരിക്കണം ഉള്‌ഹിയ്യത്തറക്കപ്പെടുന്ന മൃഗം. ചൊറി, മുടന്ത്, കുരുട്, ഗർഭം, മെലിഞ്ഞൊട്ടുക, ചെവി പൂർണ്ണമായോ ഭാഗികമായോ വേർപ്പെടുക പോലുള്ളത് ന്യൂനതയാണ്. വാലോ അകിടോ ചന്തിയോ മുറിഞ്ഞതും ഇപ്രകാരം തന്നെ. പക്ഷേ, സൃഷ്ടിപ്പിലേ അകിടോ ചന്തിയോ ഇല്ലാത്തതും കൊമ്പില്ലാത്തതും പൊട്ടിയതും അൽപം പോലും വേർപ്പെടാതെ ചെവി മുറിഞ്ഞതും ശരീരം വലുതാവാൻ വേണ്ടി ചന്തിയിൽ നിന്ന് അൽപം മുറിക്കപ്പെട്ടതും മണിയുടക്കപ്പെട്ടതും ലിംഗമില്ലാത്തതും അയോഗ്യതയായി പരിഗണിക്കുകയില്ല. കൊമ്പുള്ളതാണ് ഇല്ലാത്തതിനെക്കാൾ ഉത്തമമെങ്കിലും.
*നേർച്ചയാക്കൽ:*
മറ്റു സുന്നത്തുകളെ പോലെ തന്നെ ഉള്‌ഹിയ്യത്തും നേർച്ചയാക്കാവുന്നതും നേർച്ചയാക്കിയാൽ നിർബന്ധമാകുന്നതുമാണ്. "ഇതെന്റെ ഉള്‌ഹിയ്യത്താണ്", "ഞാനിതിനെ ഉള്‌ഹിയ്യത്താക്കി" എന്നിവ പോലുള്ള വാക്കുകൾ നേർച്ചയുടെ ഫലത്തിലാണ്. ഒരു നിർണ്ണിത മൃഗത്തെക്കുറിച്ചാണിങ്ങനെ പറഞ്ഞതെങ്കിൽ അതോടുകൂടെത്തന്നെ ആ മൃഗം അവന്റെ ഉടമയിൽ നിന്ന് നീങ്ങുന്നതും ശേഷം വരുന്ന ഉള്‌ഹിയ്യത്തിന്റെ സമയത്ത് തന്നെ അതിനെ അറക്കൽ നിർബന്ധവുമാണ്. ഉള്‌ഹിയ്യത്തിന് ഭംഗം വരുന്ന തരത്തിൽ ന്യൂനതയുള്ള മൃഗമാണതെങ്കിലും ശരി. പക്ഷേ, ഉള്‌ഹിയ്യത്തായി ന്യൂനതയുള്ളതിനെ പരിഗണിക്കുകയില്ല.
ഉള്‌ഹിയ്യത്തറുക്കാൻ കരുതിയത് കൊണ്ടോ ആ കരുത്തോടെ മൃഗത്തെ വാങ്ങിയത് കൊണ്ടോ അറക്കൽ നിർബന്ധമാവില്ല. മറിച്ച് നേർച്ചയാക്കുകയോ മേൽവാക്കുകൾ ഉച്ചരിക്കുകയോ വേണം. ഇവിടെ കരുത്തിന്റെ ആവശ്യമില്ലെന്ന് മാത്രമല്ല, മറിച്ച് കരുതിയത് കൊണ്ട് നിർബന്ധമല്ലാതാവുകയുമില്ല. നേർച്ചയാക്കൽ കൊണ്ട് തന്റെ ഉടമയിൽ നിന്ന് ആ മൃഗം നീങ്ങുന്നത് കാരണം പിന്നീട് അതിനെ വിൽക്കാനോ വാടകക്ക് കൊടുക്കാനോ പാടില്ല. മറ്റൊരാളിൽ നിന്ന് വാങ്ങിയ മൃഗത്തിൽ നേർച്ചയാക്കിയ ശേഷം കച്ചവടം ദുർബ്ബലപ്പെടുത്താൻ പറ്റുന്ന വല്ല ന്യൂനതയും കണ്ടാൽ അതിന് നഷ്ടപരിഹാരം വാങ്ങാമെന്നല്ലാതെ തിരിച്ചു കൊടുക്കാൻ പറ്റില്ല. കാരണം, നേർച്ചയോട് കൂടെ അതവന്റെ ഉടമയിൽ നിന്ന് നീങ്ങിയിരിക്കുന്നു. നേർച്ചയാക്കിയതോ അല്ലാത്തതോ ആയ മൃഗത്തിന്റെ പാൽ ദാനം ചെയ്യലാണ് സുന്നത്ത്. അവനോ മറ്റുള്ളവർക്കോ ഉപയോഗിക്കാമെങ്കിലും കറാഹത്താണ്. വിൽപന നടത്തൽ അനുവദനീയമല്ല.
നിർണ്ണിത മൃഗത്തെ നേർച്ചയാക്കുകയും വീഴ്ചയില്ലാതെ അത് നഷ്‌ടപ്പെടുകയോ നശിക്കുകയോ ന്യൂനതകൾ വരികയോ ചെയ്‌താൽ പകരം മറ്റൊന്നിനെ അറക്കൽ നിർബന്ധമില്ല. തന്റെ വീഴ്ച കൊണ്ടാണ് സംഭവിച്ചതെങ്കിൽ അതിനെ അറക്കുന്നതോടൊപ്പം ന്യൂനതയില്ലാത്ത മറ്റൊന്നിനെക്കൂടി അറക്കണം. ഉള്‌ഹിയ്യത്തിന്റെ എല്ലാ നിയമങ്ങളും ഇത് രണ്ടിനും ബാധകവുമായിരിക്കും. നിർണ്ണിത മൃഗത്തെ ഉദ്ദേശിക്കാതെ നേർച്ചയാക്കി പിന്നീട് ഒരു മൃഗത്തെ നിർണ്ണയിക്കുകയാണെങ്കിൽ അത് ന്യൂനതകൾ ഇല്ലാത്തതായിരിക്കണം. പിന്നീട് അതിന് ന്യൂനതകൾ വന്നാൽ തന്റെ വീഴ്ച ഇല്ലാതെയാണെങ്കിലും അതിനെ അറത്താൽ മതിയാകില്ല. പകരം മറ്റൊന്നിനെ അറക്കണം. ആദ്യമൃഗം തന്റെ ഉടമയിലേക്ക് തന്നെ വരുന്നതാണ്.
*മാംസവും തോലും:*
നിർബന്ധമായ ഉള്‌ഹിയ്യത്തിന്റെ തോലും കൊമ്പും മാംസവും മുഴുവനായും ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് അൽപം പോലും അറത്തവൻ ഉപയോഗിക്കാൻ പാടില്ല. ഉപയോഗിച്ചാൽ അതിന്റെ തോത് സാധുക്കൾക്ക് നൽകാൻ അവൻ ബാദ്ധ്യസ്ഥനാണ്. സുന്നത്തായ ഉള്‌ഹിയ്യത്തിന്റെ മാംസത്തിൽ നിന്ന് അൽപമെങ്കിലും സാധുക്കൾക്ക് ദാനം ചെയ്യൽ നിർബന്ധമാണ്. ആമാശയമോ, കരളോ, കഷ്‌ണമാക്കി വെയിലിൽ ഉണക്കിയ മാംസമോ, വേവിച്ചതോ കൊടുത്താൽ മതിയാവില്ല. മാംസം മുഴുവനായി ഭക്ഷിക്കുകയോ സാധുക്കളല്ലാത്തവർക്ക് നൽകുകയോ ചെയ്‌താൽ നിർബന്ധ ബാധ്യത വീടാൻ വേണ്ടത് അവൻ വാങ്ങിയോ മറ്റോ കൊടുക്കേണ്ടി വരും. ബാധ്യത വീട്ടാൻ കൊടുക്കുന്നത് അറത്ത നാട്ടിൽ തന്നെയാവൽ നിബന്ധനയാണ്. നിർബന്ധമായ ഉള്‌ഹിയ്യത്തല്ലെങ്കിൽ തന്റെ ഉള്‌ഹിയ്യത്തിൽ നിന്ന് അറത്തവന് ഭക്ഷിക്കൽ സുന്നത്തുണ്ട്. അത് അൽപമാവലും കരളാവലുമാണ് ശ്രേഷ്ടം. ഉള്‌ഹിയ്യത്തിന്റെ മാംസം, തോൽ, കൊമ്പ്, എന്നിവ അമുസ്‌ലിമിനു നൽകലോ വിൽപന നടത്തലോ അറത്തവന്റെ കൂലിയായി നൽകലോ അനുവദനീയമല്ല. സ്വയം ഉപയോഗിക്കുകയോ ദാനം ചെയ്യുകയോ വേണം. തോൽ വിറ്റ് അതിന്റെ വില ദാനം ചെയ്‌താൽ മതിയെന്ന ഒരഭിപ്രായമുണ്ട്.
Post a Comment