🔖ഭാഗം: 04🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷

 

*🌷ബീവി നഫീസത്തുല്‍ മിസ്‌രിയ(റ)ചരിത്രം🌷*


💖☀️💖☀️💖☀️💖☀️💖☀️💖


               *🔖ഭാഗം: 04🔖*


 വര്‍ഷങ്ങളായി നഫീസബീവി(റ) ഹൃദയത്തില്‍ താലോലിച്ചു നടക്കുന്ന ആഗ്രഹമായിരുന്നു ഖലീലുള്ളാഹി ഇബ്റാഹീം നബി(അ)മിന്‍റെ സന്നിധാനത്തിലെത്തുകയെന്നത്.


     നഫീസബീവി(റ)യുടെ സഹോദരപുത്രി സൈനബ എന്നവര്‍ പറയുന്നു: “എന്‍റെ അമ്മായി പരിശുദ്ധ ഖുര്‍ആനും അതിന്‍റെ വ്യാഖ്യാനവും മനഃപാഠമാക്കിയിരുന്നു. ഖുര്‍ആന്‍ പാരായണ സമയത്ത് കരഞ്ഞുകൊണ്ടവര്‍ കരങ്ങളുയര്‍ത്തും; യജമാനനായ നാഥാ..... നിന്‍റെ ഖലീലായ ഇബ്റാഹീം നബി(അ)മിന്‍റെ ഖബ്റ് സിയാറത്ത് ചെയ്യാന്‍ എനിക്ക് നീ തൗഫീഖ് നല്‍കണേ....’


    അവസാനം ആ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള അവസരം വന്നെത്തി... മിസ്റിലേക്കൊരു യാത്ര. വഴിമധ്യേ അവര്‍ ബൈത്തുല്‍ മുഖദ്ദസിലിറങ്ങി. ബൈത്തുല്‍ മുഖദ്ദസിലെത്തിയ നഫീസബീവി(റ)യെ വലിയൊരു സംഘം പണ്ഡിത ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. ബീവിയുടെ ബറകത്ത് നേടാനും പ്രാര്‍ത്ഥനയാവശ്യപ്പെട്ടും വിജ്ഞാന സമ്പാദനത്തിനും ധാരാളം ആളുകള്‍ ബീവിയെ സമീപിച്ചു. ആത്മജ്ഞാനികളുടെ നേതാവും പണ്ഡിത ശ്രേഷ്ഠരുമായ ശൈഖ് അബൂ അല്‍മാനുദ്ദാറാനി(റ) ശാമിലെ ഹദീസ് പണ്ഡിതന്‍ അബുല്‍ അബ്ബാസുല്‍ വലീദ്(റ), ഇമാം അബൂബകറുദ്ദിമശ്കി തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ചു. അഹ്ലുബൈത്തില്‍ പെട്ട സൈനബ(റ)യുടെ ഖബ്റും വല്ല്യുമ്മ ഫാത്വിമ(റ)യുടെ ഭൃത്യയായിരുന്ന ഫിള്ളയുടെ ഖബ്റും അമ്മായി ഫാത്വിമ(റ)യുടെ ഖബ്റും സന്ദര്‍ശിച്ചു. അമ്മായിയുടെ ഖബ്റിനൊരു പ്രത്യേകതയുണ്ട്; ഒരു ഗുഹക്കുള്ളിലാണത്. അതിനരികില്‍ ഒരു മാര്‍ബിള്‍ കഷ്ണം, അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:


(أسكنت من كان في الأحشاء مسكنه


بلرغم مني بين التراب واالحجر


أفديك فاطمة بنت ابن فاطمة


بنب الأمة بنت الأنجم الزهر)


 യാത്രയിലുടനീളം മഹതിയുടെ മനസ്സ് ഖലീലുള്ളാഹി ഇബ്റാഹീം നബി(അ)മിന്‍റെ സന്നിധിയിലായിരുന്നു. അവസാനം അടങ്ങാത്ത ആവേശത്തോടെ നഫീസബീവി(റ) ആ ഖബ്റിന് അഭിമുഖമായി നിന്നു. മഹതി പറയുന്നു: “ഞാന്‍ ആ പരിശുദ്ധസന്നിധിയില്‍ എത്തിയിട്ടില്ല; അപ്പോഴേക്കും എന്‍റെ ചിരകാലാഭിലാഷം പൂവണിഞ്ഞതിലുള്ള സന്തോഷത്താല്‍ അശ്രുകണങ്ങള്‍ നിയന്ത്രണാതീതമായി ഒഴുകാന്‍ തുടങ്ങി. ഞാന്‍ പരിശുദ്ധ ഖുര്‍ആനില്‍ ഇബ്റാഹീം നബി(അ)നെ പരാമര്‍ശിച്ച സൂക്തങ്ങളോതി വളരെ താഴ്മയോടെയും ഭയഭക്തിയോടെയും ഞാനാ ഖബ്റിന്നടുത്തിരുന്നു.


  ഭയഭക്തിയോടെയും ചിന്തയോടെയും ഞാന്‍ ഓതാന്‍ തുടങ്ങിയപ്പോള്‍ ഇബ്റാഹീം നബി(അ) എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് പോലെ തോന്നി. അന്നേരം എന്‍റെ ഹൃദയം മിടിക്കാന്‍ തുടങ്ങി. അശ്രുകണങ്ങള്‍ ധാര ധാരയായി ഒഴുകി. ഞാന്‍ പറഞ്ഞു: “എന്‍റെ പിതാവേ, ഞാനെന്‍റെ ആത്മാവിനെ നിരന്തരമായി ഇങ്ങോട്ടയച്ചു. ഇന്നിതാ പൂര്‍ണ്ണശരീരത്തോടെ ഞാന്‍ വന്നിരിക്കുന്നു”. അപ്പോള്‍ ഒരശരീരി മുഴങ്ങി:


     “എന്‍റെ പുന്നാര മകള്‍ നഫീസാ, നീ സന്തോഷിക്കുക. തീര്‍ച്ചയായും നീ പരിശുദ്ധയാണ്. നീ സൂറത്തുല്‍ മുസ്സമ്മില്‍ പതിവായി ഓതുക”. എന്‍റെ മോളേ.... നിന്‍റെ ശരീരം ക്ഷീണിക്കുന്നതുവരെ റബ്ബിന് നീ ആരാധിക്കുക. അള്ളാഹു അവന്‍റെ പ്രവാചകന് ഇറക്കിക്കൊടുത്ത പരിശുദ്ധ വചനങ്ങള്‍ നീ പാരായണം ചെയ്യുക. യുദ്ധം ആരാധനയാണ്. ആശ്രിതര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഠിനാദ്ധ്വാനം ചെയ്യലും ആരാധനയാണ്. സ്ത്രീകള്‍ക്ക് ഗൃഹഭരണവും ആരാധനയാണ്. ഈ കാര്യങ്ങളെ നീ യഥാവിധി മനസ്സിലാക്കുക.


       ശരീരത്തിന് നീ വിശ്രമം നല്‍കുക. നല്‍കേണ്ട പരിഗണനകള്‍ മുഴുവനുമതിനു നല്‍കുക. അതു നിന്‍റെ ആരാധനകള്‍ക്ക് സുഖവും ശക്തിയും നല്‍കും. എന്‍റെ പൊന്നുമോളേ.... നീ ഭാഗ്യവതിയും ബറക്കത്തുള്ളവളുമാണ്. ഉന്നതങ്ങളില്‍ വിരാജിക്കുന്ന സജ്ജനങ്ങളുടെ പട്ടികയില്‍ നീ ഒന്നാം സ്ഥാനത്താണ്.


    മകളേ, നിന്‍റെ ഓരോ ചലനത്തിലും നീ മറ്റുള്ളവര്‍ക്ക് ഉത്തമ മാതൃകയാവുക. അശരീരിയവസാനിച്ചു”.

നഫീസബീവി(റ) പ്രതിവചിച്ചു: “എന്‍റെ പിതാവേ, ഈ ആജ്ഞകള്‍ യഥാവിധി ഞാന്‍ നിറവേറ്റും. അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ പ്രഭ, അള്ളാഹുവിന്‍റെ പരിപൂര്‍ണ്ണ തൃപ്തിയിലായിരിക്കെ അവനെ കണ്ടുമുട്ടും വരെ എന്‍റെ ആത്മാവില്‍ ചൊരിച്ചുതരണേ”.


   ഇബ്റാഹീം നബി(അ) പറഞ്ഞു: “എന്‍റെ മകളേ, നീ സന്തോഷിക്കുക. നിശ്ചയം നിന്‍റെ പ്രാര്‍ത്ഥനക്ക് അള്ളാഹു ഉത്തരം നല്‍കിയിരിക്കുന്നു. അഭൗതിക ലോകത്തുവെച്ച് നാം കണ്ടുമുട്ടുന്നതുവരെ നിന്നെ ഞാന്‍ ഓര്‍ത്തുകൊണ്ടിരിക്കും”.


*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪