🔖ഭാഗം: 03🔖 🌷നഫീസത്തുല്‍ മിസ്‌രിയ(റ ) ചരിത്രം🌷
💖☀️💖☀️💖☀️💖☀️💖☀️💖
*🔖ഭാഗം:03🔖*
പിതാമഹന്‍ തിരുനബി(ﷺ)യുടെ പാത പിന്‍പറ്റിയ ബീവി നഫീസ (റ) അഞ്ചാം വയസ്സില്‍ തന്നെ പിതാവൊത്ത് പരിശുദ്ധ മക്കയില്‍നിന്ന്‍ മദീനയിലേക്ക് യാത്ര പോയി.
ചെറുപ്രായത്തില്‍ തന്നെ ആരാധനകളോടും മതകീയ ചര്യകളോടും വളരെ താല്‍പര്യം കാണിച്ച ബീവി നഫീസ(റ)ക്ക് മതപരവും ഭൗതികാവുമായ അറിവുകള്‍ പിതാവ് തന്നെയാണ് പഠിപ്പിച്ചത്. ആറാം വയസ്സില്‍ തന്നെ അവര്‍ ഖുര്‍ആന്‍ശരീഫ് മനഃപാഠമാക്കി.
തിരുഹദീസും കര്‍മ്മശാസ്ത്ര കാര്യങ്ങളും പഠിച്ച നഫീസ(റ) പിതാവിന്‍റെ ‘മുഹമ്മദിയ്യ’ പാഠശാലയില്‍ നിന്ന്‍ ഇസ്‌ലാമിക ചരിത്രവും തന്‍റെ കുടുംബ ചരിത്രവും അഭ്യസിച്ചു. ഇതിനിടെയാണ് ലോകപ്രശസ്ത ഹദീസ് പണ്ഡിതനും മദ്ഹബിന്‍റെ ഇമാമുമായ ഇമാം മാലിക്(റ) വിനെക്കുറിച്ച് കേള്‍ക്കുന്നത്.
അദ്ദേഹത്തിന്‍റെ വിശ്വവിഖ്യാത ഹദീസ് ഗ്രന്ഥമായ ‘മുവത്വ’ അവര്‍ വായിച്ചു മനസ്സിലാക്കി. മതപരമായ എല്ലാ കാര്യങ്ങളിലും തികഞ്ഞ അറിവ് സമ്പാദിച്ചു. അങ്ങനെ ചെറുപ്രായത്തില്‍ തന്നെ വലിയ പാണ്ഡിത്യത്തിന്‍റെ ഉടമയായി.
വിജ്ഞാനസാഗരമായ ഇമാം മാലിക്(റ) ജീവിച്ചിരിക്കേതന്നെ പല ഭാഗത്തു നിന്നും ജനങ്ങള്‍ ചെറുപ്പക്കാരിയായ നഫീസബീവി(റ)യുടെ സമീപത്തേക്കു തിരുഹദീസും മതപരമായ കാര്യങ്ങളും പഠിക്കാനെത്തിയെന്നത് അവരുടെ മഹത്വത്തിനുള്ള വ്യക്തമായ നിദര്‍ശനമാണ്.
ബീവി നഫീസ(റ)ക്ക് വയസ്സ് പതിനഞ്ച് പിന്നിട്ടു. വിവാഹാഭ്യര്‍ത്ഥനയുമായി ഹസനുല്‍ അന്‍വര്‍(റ)വിന്‍റെ വീട്ടിലേക്ക് അഹ്ലുബൈത്തിലെ യുവപണ്ഡിതന്മാരില്‍ പലരും വന്നു. ബീവിയുടെ ആരാധനാ ശീലവും, ദീനീ ബോധവും ധാര്‍മിക ചിന്തയും പാണ്ഡിത്യവുമായിരുന്നു അവരെയെല്ലാം ആകര്‍ഷിച്ചത്.
പക്ഷേ, പിതാവ് ഹസനുല്‍ അന്‍വര്‍(റ) അവര്‍ക്ക് അനുകൂലമായ മറുപടി നല്‍കിയില്ല. അവരെ നല്ല രീതിയില്‍ തിരിച്ചയച്ചു. അക്കൂട്ടത്തില്‍ തിരുനബി(ﷺ)യുടെ പൗത്രന്‍ ഹുസൈന്‍(റ)വിന്‍റെ സന്താന പരമ്പരയില്‍ പെട്ട ഇസ്ഹാഖുല്‍ മുഅ്തമിനുമുണ്ടായിരുന്നു. (മുസ്‌ലിം ലോകത്തിന്‍റെ ആത്മീയഗുരുക്കളില്‍ അതിപ്രമുഖനും, മുസ്‌ലിം നാമധാരികളായ ഷിയാ വിഭാഗം പ്രത്യേകം ഗണിച്ചുവരുന്ന പന്ത്രണ്ട് ഇമാമുകളില്‍ ഒരാളുമായ ജഅ്ഫര്‍ സ്വാദിഖ(റ)വിന്‍റെ പുത്രനാണ് ഇസ്ഹാഖുല്‍ മുഅ്തമിന്‍. ഇസ്ഹാഖ് തിരുനബി(ﷺ)യുടെ ഏഴാം പൗത്രനാണ്). പിതാവ് ഹസന്‍ അഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ നിരാശയോടെ ഇസ്ഹാഖ് പിതാമഹന്‍ തിരുനബി(ﷺ)യുടെ സവിധത്തില്‍ ചെന്നു സങ്കടം പറഞ്ഞു:
“അള്ളാഹുവിന്‍റെ റസൂലെ...... ഞാന്‍ ഹസനുല്‍ അന്‍വര്‍(റ)വിന്‍റെ മകള്‍ നഫീസയെ വിവാഹാഭ്യര്‍ത്ഥന നടത്തി. അവര്‍ എനിക്ക് യാതൊരു മറുപടിയും നല്‍കിയില്ല. അവളുടെ ആരാധനാ ശീലവും, ധാര്‍മ്മിക ചിന്തയും വിജ്ഞാന തൃഷ്ണയും മാത്രമാണെന്നെ അവളിലേക്കാകര്‍ഷിച്ചത്”. മനസ്സിന്‍റെ ദുഃഖങ്ങളെല്ലാം തിരുസവിധത്തില്‍ സമര്‍പ്പിച്ച് അദ്ദേഹം തിരിച്ചുപോന്നു.
അന്നു രാത്രി നഫീസബീവി(റ)യുടെ പിതാവ് ഹസനുല്‍ അന്‍വര്‍(റ) തിരുനബി(ﷺ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. തിരുനബി(ﷺ) അദ്ദേഹത്തോടു പറഞ്ഞു: “യാ ഹസന്‍...... നഫീസയെ നീ ഇസ്ഹാഖുല്‍ മുഅ്തമിന് വിവാഹം ചെയ്തു കൊടുക്കുക”. ഹസന്‍(റ) നിദ്രയില്‍ നിന്നുണര്‍ന്നു. ഉടനെ ഇസ്ഹാഖിന്‍റെ വീട്ടിലേക്ക് ആളെ അയച്ചു. ഇസ്ഹാഖ് എത്തിയപ്പോള്‍ സ്വപ്നത്തില്‍ കണ്ടകാര്യം അദ്ദേഹം വിവരിച്ചു. അങ്ങനെ അഹ്ലുബൈത്തിലെയും ഖുറൈശി ഗോത്രത്തിലെയും പ്രമുഖരെ സാക്ഷി നിര്‍ത്തി മകള്‍ നഫീസയെ അദ്ദേഹം ഇസ്ഹാഖുല്‍ മുഅ്തമിന് വിവാഹം ചെയ്തുകൊടുത്തു. ഇത് ഹിജ്റ 161 റജബ് അഞ്ച് വ്യാഴാഴ്ചയായിരുന്നു.
ഈ വിവാഹത്തിലൂടെ ജഅ്ഫര്‍ സ്വാദിഖ്(റ) (ഇസ്ഹാഖുല്‍ മുഅ്തമിന്‍റെ പിതാവ്)വിന്‍റെ വീട്ടില്‍ രണ്ടു പ്രകാശങ്ങള്‍ സംഗമിച്ചു. തിരുനബി(ﷺ)യുടെ പൗത്രന്മാരായ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരുടെ പ്രകാശങ്ങള്‍. ഹസന്‍(റ)വിലൂടെ വധു ബീവിനഫീസ(റ)യും ഹുസൈന്‍(റ)വിലൂടെ വരന്‍ ഇസ്ഹാഖുല്‍ മുഅ്തമിന്‍(റ)വും.
പുഷ്കലമായ ഈ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ കുസുമങ്ങളാണ് ഖാസിമും, ഉമ്മു കുല്‍സൂമും. നഫീസബീവി(റ)യുടെ വഫാത്തിനു മുമ്പുതന്നെ രണ്ടു മക്കളും ഇഹലോകവാസം വെടിഞ്ഞു.....
*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment