അനസ് (റ)ഒരിക്കൽ കൂട്ടുകാരനായ സാബിത് (റ)നോട് പറഞ്ഞു:
അനസ് (റ)ഒരിക്കൽ കൂട്ടുകാരനായ സാബിത് (റ)നോട് പറഞ്ഞു: ഞാൻ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ എന്റെയടുത്തേക്ക് നബി (ﷺ)വന്ന് സലാം പറഞ്ഞു. ഒരാവശ്യത്തിനായി എന്നെ പറഞ്ഞയക്കുകയും ചെയ്തു. ഞാൻ തിരിച്ചെത്തിയപ്പോൾ നേരം വൈകിയിരുന്നു. വൈകിയെത്തിയ എന്നെ കണ്ട ഉമ്മ ചോദിച്ചു: നീ ഇത്രനേരം എവിടെയായിരുന്നു?
ഞാൻ പറഞ്ഞു: നബി (ﷺ) എന്നെ ഒരാവശ്യത്തിനയച്ചതായിരുന്നു. ഉമ്മ ചോദിച്ചു: എന്ത് ആവശ്യമായിരുന്നു? ഞാൻ പറഞ്ഞു: അതൊരു രഹസ്യമാണ്. അതുകേട്ട ഉമ്മ പറഞ്ഞു: നബിയുടെ രഹസ്യമാണെങ്കിൽ നീ അത് ഒരാളോടും പറയരുത്. അല്ലാഹുവാണ് സത്യം ഞാനാകാര്യം ആരോടെങ്കിലും പറയുമായിരുന്നെങ്കിൽ നിന്നോടത് പറയുമായിരുന്നു സാബിതേ. (മുസ്‌ലിം). ചെറുപ്പ കാലത്ത് നീണ്ട പത്ത് വർഷം പ്രവാചകരുടെ സേവകനായിരുന്ന അനസ് (റ) തിരുദൂതരിൽ നിന്ന് പഠിച്ച സുന്ദരമായൊരു മാതൃകയാണീ ഹദീസിലൂടെ പഠിപ്പിക്കുന്നത്. എല്ലാവർക്കും അവരുടേതായ നിരവധി രഹസ്യങ്ങളും സ്വകാര്യതകളുമുണ്ട്. ഇതിൽ പലതും പൊതുവിൽ അറിയപ്പെടുന്നതും പരസ്യമാകുന്നതും ആരും ഇഷ്ടപ്പെടുകയില്ല. അത്തരം രഹസ്യങ്ങൾ അറിയാനായി ചികഞ്ഞന്വേഷിച്ചുള്ള സംസാരം അനുവദനീയമല്ല. സ്വകാര്യതകൾ മനസ്സിലാക്കാനായി ചുറ്റിപ്പറ്റി കൂടുകയും ചെയ്യരുത്. യാദൃച്ഛികമായി അവ അറിഞ്ഞാൽ തന്നെ പരസ്യപ്പെടുത്താനോ മറ്റുള്ളവരുമായി പങ്കുവെക്കാനോ പാടില്ല. ഇത് പ്രവാചകൻ കഠിനമായി വിലക്കിയ കാര്യമാണ്.
Post a Comment