(PART ‎48) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 k



 ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-48⛔️

നൂറയന്ന് ഫൈറൂസയുടെ വീട്ടിലാണ് നിന്നത്. ആവശ്യമുള്ള സമയത്ത് കൂടെനില്‍ക്കുന്നത് സൗഹൃദത്തിന്റെ ഭാഗമാണല്ലോ. നൂറയുടെ സാന്നിദ്ധ്യം ഫൈറൂസയെ കൂടുതല്‍ ഉന്മേശവദിയാക്കി. 

ഫര്‍സാനയേയും അവര്‍ വിളിച്ചിരുന്നു. പക്ഷെ, വീട്ടിലെ ചില അത്യവശ്യം കാരണം കോളേജിന് ശേഷം അവള് നാട്ടിലേക്ക് തിരിച്ചതാണ്. രണ്ടു ദിവസത്തിന് ശേഷമേ വരൂ.


'ഇത് നിന്റെ പേഴ്‌സണല്‍ ഡയറിയാണോ....ഞാന്‍ വായിക്കട്ടെ....'

ഫൈറൂസയുടെ ബുക്ക് ഷെല്‍ഫില്‍ വളരെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന, പുറം ചട്ടയില്‍ തന്നെ ഹര്‍ട്ടിന്റെ ചിഹ്നം കൊണ്ട് ഡക്‌റേറ്റ് ചെയ്ത ഡയറിയെടുത്ത് ചെറു ചിരിയോടെ് നൂറ ചോദിച്ചു.


മൗനം സമ്മതമാക്കി ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഫൈറൂസ പ്രത്യേകിച്ചൊന്നും മറുപടി പറഞ്ഞില്ല.

നൂറ ആ ഡയറിയിലൂടെ മൊത്തത്തിലൊന്ന് ഓട്ടപ്രദിക്ഷണം വെച്ചു. 

പതിവ് സംഭവങ്ങളും അവളുടെ ജീവിതത്തിലെ ചില പ്രധാന ഓര്‍മകളും മാറ്റി നിറുത്തിയാല്‍ അവളും ഫൈസലും ചിലവയിച്ച ഓരോ നിമിഷങ്ങളുടെയും ജീവനുള്ള അക്ഷരങ്ങള്‍ പോലെ അവള്‍ ആ വരികള്‍ ചിത്രീകരിച്ചിരിക്കുന്നു.


അവസാനമായി ഫൈസല്‍ ഈ വീട്ടില്‍ നിന്നിറങ്ങി പോകുമ്പോള്‍ അവളുടെ ഹൃദയം പറിച്ച് കൊണ്ടുപോകുന്ന വേദനയാണവളനുഭവിച്ചതെന്നെഴുതിയപ്പോള്‍ നൂറയുടെ ശരീരം ഒന്ന് കോരിതരിച്ചു. കാരണം ഇത്രമാത്രം പരീക്ഷണ ഘട്ടമുണ്ടായിരുന്നിട്ടും ധീരമായി തന്നെ ഫൈറൂസ അതിനെ നേരിട്ടുവല്ലോ. അതവളുടെ ഈമാനികമായ ശക്തി തന്നെയാണ്.


 കാരണം ശരീരേഛക്ക് വഴിപ്പെട്ടിരുന്നുവെങ്കില്‍ അവള്‍ക്ക് ഫൈസലിനെ തിരിച്ച് വിളിക്കാമായിരുന്നു. വീണ്ടും ഒന്നാകമായിരുന്നു. പക്ഷെ, അതുണ്ടായില്ല. അതിനു പകരം അവള്‍ അവനെ നന്മയിലേക്ക്  ക്ഷണിച്ചു. വിഷയത്തിന്റെ ഗൗരവം അവനെ പറഞ്ഞു മനസ്സിലാക്കി. അവന്‍ അതുള്‍ക്കൊള്ളുകയും ചെയ്തു. അല്‍ഹംദുലില്ലാഹ്.


നൂറ മനസ്സില്‍ റബ്ബിനെ സ്തുതിച്ചുകൊണ്ട് ഡയറിയില്‍ നിന്ന് കണ്ണെടുത്ത്  ഫൈറൂസയെ നോക്കി. എന്തോ ആലോചനയില്‍ മുഴുകി കട്ടില്‍ ചേര്‍ത്തിട്ട ചുവരിലേക്ക് തലയും ചാരിയിരിപ്പാണവള്‍.


'ഡീ...എഴുന്നേറ്റെ, ഇങ്ങനെ ആലോചിച്ചോണ്ടിരുന്നാല്‍ ഭ്രാന്ത് പിടിക്കും. നമുക്ക് പുറത്തേക്കെവിടേക്കെങ്കിലും പോവാം...എന്നാല്‍ മനസ്സൊന്ന് ശാന്തമാവും. ഇവിടിങ്ങനെ അടച്ചിരുന്നോണ്ടാണ് നീയിങ്ങനെ ചടഞ്ഞിരിക്കുന്നത്.'

നൂറ ഫൈറൂസയുടെ കൈകള്‍ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.


'ഈ സമയത്തിനിയെങ്ങോട്ട് പോവാന്‍...നേരമിരുട്ടാനായി....'

ഫൈറൂസ മടിപറഞ്ഞു.


' എടീ...ബാങ്ക് വിളിക്കാനിനിയും സമയമൊരുപാടുണ്ട്. നമുക്കാ മൊട്ടക്കുന്നിലെ ആനപ്പാറയുടെ മുകളില്‍  പോയി കുറച്ച് നേരമിരിക്കാം...നല്ലരസമായിരിക്കും...'


ഫൈറൂസയുടെ വീടിന് പുറകവശത്തേക്ക് ഇരുപത് മീറ്റര്‍ മാറിയാല്‍ നിരനിരയായി റബര്‍ വെച്ച മൊട്ടക്കുന്നാണ്. മുമ്പ് മലയുടെ മുകള്‍ ഭാഗം തരിശായി കിടന്നതിനാലാവാം ആ മലക്ക് മൊട്ടക്കുന്നെന്ന് പേര് വീണതെന്ന് ഫൈറൂസ പലപ്പോഴും ആലോചിക്കാറുണ്ട്.


റബറ് വെക്കുന്നതിന് മുമ്പ് മലയില്‍ നിറയെ പറങ്കിമാവായിരുന്നു. അന്നെല്ലാം പറങ്കിമാങ്ങപെറുക്കാനും രസകരമായി മലകയറാനും സ്ഥിരമായി അവര്‍ പോകുമായിരുന്നു. ഇടക്ക് ഉമ്മച്ചിയും കൂടെ പോരും. അങ്ങനെ മലമുകളിലെ ആനപ്പാറയില്‍ നല്ലപഴുത്ത പറങ്കിമാങ്ങയും കടിച്ചീമ്പി കൊണ്ട് വെറുതെ സൊറയും പറഞ്ഞ് ഒരുപാട് സമയമങ്ങിനെയിരിക്കും.


ആനപ്പാറയില്‍ നിന്ന് നോക്കിയാല്‍ പച്ചപ്പ് വിരിച്ച് നില്‍ക്കുന്ന ഒരുപാട് മലകള്‍ കാണാം. ആ മലകള്‍ക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞൊഴുകുന്ന ചാലിയാറിനെ കണ്ടാല്‍ ഏതോവലിയ കണ്ണാടിച്ചില്ല് നിലത്ത് പൊട്ടിച്ചിട്ടതാണെന്ന് തോന്നും.


സായാഹ്നത്തിന്റെ നല്ല തണുത്ത കാറ്റും കൊണ്ട് ആ പറയിലങ്ങനെയിരുന്നാല്‍ സമയം പോകുന്നത് അറിയുകയേയില്ല. ഫൈറൂസ ഒരു നിമിഷം അവരുടെ കുട്ടിക്കാലത്തിലേക്ക് പോയി. അതോര്‍ത്തപ്പോള്‍ തന്നെ അവളുടെ മനസ്സിന് വല്ലാത്ത ഒരു ശാന്തതയനുഭവപ്പെട്ടു.


'ഉം....എന്നാ നമുക്ക് വേഗം പോയി പോരാം...'

ആനപ്പാറയുമായുള്ള അവരുടെ ശൈശവകാലത്തിന്റെ ഊഷ്മളമായ ബന്ധം തള്ളികയറി വന്നതിനാലാണെന്ന് തോന്നുന്നു ഫൈറൂസ പെട്ടെന്ന് ആവേശത്തോടെയങ്ങനെ പറഞ്ഞത്.


അങ്ങനെ അവരിരുവരും മലകയറി. ഭീമാകാരമായി വളര്‍ന്നിരിക്കുന്ന റബ്ബര്‍ കൂട്ടങ്ങള്‍ അകത്തേക്ക് തള്ളികയറാന്‍ ശ്രമിക്കുന്ന വെളിച്ചത്തെ തടഞ്ഞു വെച്ചു. പതുക്കെ പതുക്കെ ഇരുട്ട് അവിടങ്ങളില്‍ സ്വൈര്യവിഹാരത്തിനിറങ്ങിയിരിക്കുന്നു.  


അവര്‍ വേഗത്തില്‍ മല നടന്നു കയറി. മൊട്ടകുന്നിന്റെ മുകള്‍ ഭാഗം ഇപ്പോഴും തരിശു കിടക്കുകയാണ്. ചുറ്റും റബ്ബര്‍ കാടുകള്‍ മൂടി ഇരുണ്ട കിടക്കുന്ന ആ മലയുടെ ആകശ ദൃശ്യം നോക്കിയാല്‍ മൂര്‍ദ്ധാവില്‍ മാത്രം കഷണ്ടിയുള്ള ഒരാളുടെ തലയിലേക്ക് നോക്കിയതിന് സമാനമായിരിക്കുമെന്നോര്‍ത്തപ്പോള്‍ ഫൈറൂസയുടെ മുഖത്ത് ചെറിയ ചിരിവിടര്‍ന്നു.


അവര്‍ രണ്ട് പേരും കൈകള്‍ കോര്‍ത്ത് പിടിച്ചു കൊണ്ട് ആനപ്പാറയുടെ മുകളിലേക്ക് കയറി. കാറ്റുകള്‍ അവരെ മൃദുലമായി തലോടിക്കൊണ്ട് പഴയ ബന്ധം പുതുക്കാന്‍ ശ്രമിച്ചു. എത്ര കാലമായി കണ്ടിട്ടെന്ന് പരിഭവം പറഞ്ഞു കൊണ്ടുവന്ന ചിലകാറ്റുകള്‍ കുറച്ചാവേശത്തില്‍

വീശിയപ്പോള്‍ നൂറയുടെ തലയില്‍ നിന്ന് തട്ടം കുതറി മാറാന്‍ ശ്രമിച്ചു.


ആനപ്പാറയുടെ മുകളിലെത്തിയ ശേഷം ഫൈറൂസയൊന്ന് ദീര്‍ഘ നിശ്വാസമെടുത്തു. നാലു ഭാഗങ്ങളിലും പച്ചപ്പ് വിരിച്ച മലയും നടുവിലൂടെ തെളിനീരായി ഒഴുകുന്ന ചാലിയാറും വല്ലാത്ത അനുഭൂതി നല്‍കുന്ന കാഴ്ച്ച തന്നെയാണ്. അവിടയങ്ങനെയിരുന്നപ്പോള്‍ ഫൈറൂസയുടെ മനസ്സിന് വല്ലാത്ത സമാധാനം അനുഭവപ്പെട്ടു.


'എടീ....നീയെനിക്കൊരു കഥപറഞ്ഞു കൊണ്ടാ...ഹബീബായ ﷺ നബിതങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും കഥമതി...?'

ഫൈറൂസ ദൂരെ ശാന്താമയിട്ടൊഴുകുന്ന ചാലിയാറിലേക്ക് കണ്ണും നട്ടുകൊണ്ട് പറഞ്ഞു.


എന്തിനാണ് അവളിന്നേരത്ത് കഥപറയാനവശ്യപ്പെട്ടതെന്ന് നൂറ അത്ഭുതപ്പെട്ടു. അല്‍പസമയം കഴിഞ്ഞിട്ടും ഒന്നും മിണ്ടാതിരിക്കുന്ന നൂറയെ ഫൈറൂസ തലതിരിച്ചു നോക്കി.


'പ്ലീസ് എന്തോലുമൊന്ന് പറ, ഈ ആംപിയന്‍സ് ഫീല്‍ ചെയ്യണമെങ്കില്‍ എന്തേലും കേട്ടോണ്ടിരിക്കണം...'

ഫൈറൂസ വീണ്ടും പറഞ്ഞു. നൂറ എന്തുപറയണമെന്നറിയാതെ ഒരു നിമിഷം അലോചനയില്‍ മുഴുകി.


'ഉംം...' നൂറയൊന്ന് നീട്ടി മൂളി.


' ഒരിക്കല്‍ ശൈഖ് മൂസാളരീര്‍ കപ്പലില്‍ സമുദ്രയാത്ര നടത്തുകയാണ്...'

പ്രത്യേക ആമുഖങ്ങളൊന്നുമില്ലാതെ വിദൂരതയിലേക്ക് തന്നെ നോക്കി കൊണ്ട് നൂറ പറഞ്ഞു തുടങ്ങി.


'അതുവരെ ശാന്തമായിരുന്ന സമുദ്രം പെട്ടെന്ന് പ്രക്ഷുബ്ധമായി. തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങി, അവര്‍ സഞ്ചരിച്ച കപ്പലും ആടിയുലഞ്ഞു. എല്ലാവരും ഭയവിഹ്വലരയി. "


ദൂരെ തന്റെ മുമ്പില്‍ ശാന്തമായിട്ട് വളഞ്ഞു പുളഞ്ഞൊഴുകുന്ന ചാലിയാറിനെ നോക്കിക്കൊണ്ട് നൂറ തുടര്‍ന്നു. 


" അതിനിടക്ക് എന്തോ ക്ഷീണം തോന്നിയ മഹാനവര്‍കള്‍ കിടന്നയുടനെ ഉറങ്ങിപോയി. ഉറങ്ങിയപ്പോയല്ലേ...അത്ഭുതം...!'


നൂറയുടെ മുഖത്ത് ആശ്ചര്യം വിടര്‍ന്നു. അവള്‍ ആ കപ്പലില്‍ ശൈഖ് മൂസാളരീറിനോടൊപ്പമുള്ളത് പോലെയാണ് പറയുന്നത്. ഫൈറൂസയുടെ നോട്ടവും ഇപ്പോള്‍ നൂറയില്‍ തന്നെ തറച്ചു നില്‍ക്കുകയാണ്.


'ലോകത്തുള്ള സകല പ്രശ്‌നങ്ങളുടെയും പരിഹാരം നിര്‍ദേശിക്കുവാന്‍ പ്രാപ്തരായ, പ്രക്ഷുബ്ധമായതിനെയെല്ലാം തന്റെ തിരുനോട്ടം കൊണ്ട് തന്നെ ശാന്തമാക്കാന്‍ സാധിക്കുന്ന ഹബീബായ ﷺ നബി തങ്ങള്‍ ശൈഖ് മൂസയുടെ സ്വപ്‌നത്തില്‍ പ്രത്യേക്ഷപ്പെട്ടു.


എന്നിട്ട് അവിടുന്ന് ﷺ പറഞ്ഞു:


'നീ വേഗം  യാത്രകാരോടെല്ലാം


اللَّهُمَّ صَل عَلَى محمد صلاة تنجينا بها من جميع الأهوال والافات و تقضي لنا بها جميع الحاجات و تطهرنا بها من جميع السيأت و ترفع لنا بها عندك أعلى الدرجات و تبلغنا بها أقصى الغايات من جميع الخيرات في الحياة و بعد الممات 

(' അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ സ്വലാത്തന്‍ തുന്‍ജീനാ ബിഹാ മിന്‍ ജമീഇല്‍ അഹ് വാലി വല്‍ ആഫാത്തി വ തഖ്‌ളീ ലനാ ബിഹാ ജമീഇല്‍ ഹാജാത്തി വ തുത്വഹിറുനാ ബിഹ മിന്‍ ജമീഇസ്സയ്യിആത്തി വ തര്‍ഫഉ ലനാ ബിഹ ഇന്‍ദക്ക അഅ്‌ലദ്ദറജാത്ത്. വ തുബല്ലിഉന ബിഹ അഖ്‌സല്‍ ഗോയാത്തി മിന്‍ ജമീഇല്‍ ഖൈറാത്തി ഫില്‍ ഹയാത്തി വ ബഅ്ദല്‍ മമാത്ത്') 


എന്ന ഈ സ്വലാത്ത് ആയിരം തവണ ചൊല്ലാന്‍ പറയൂ'


മഹാനവര്‍കള്‍ പെട്ടെന്ന് സ്വപ്‌നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ഒരുനിമിഷം താന്‍ സ്വപ്‌നത്തിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മഹാന്‍ മറന്നു. അല്‍പസമയത്തിന് ശേഷം സ്വബോധത്തിലേക്ക് വന്ന ശൈഖ് ഹബീബായ ﷺ നബിതങ്ങള്‍ തന്നെ പറഞ്ഞേല്‍പ്പിച്ച കാര്യം ഓര്‍ത്തു. 


ആകെ പേടിച്ച് നില്‍ക്കുന്ന യത്രക്കാരോട് മഹാനവര്‍കള്‍ കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ അവരെല്ലാവരും സ്വലാത്ത് ചൊല്ലാനരംഭിച്ചു. ഏകദേശം മുന്നൂറ് സ്വലാത്തുകളായപ്പോള്‍ കടല് പതുക്കെ ശാന്തമാവാനരംഭിച്ചു. എല്ലാം പതിവ് പോലെ സാധാരണ നിലയിലേക്ക് വന്നു.'


നൂറ ഒന്ന് നിറുത്തി. തുടര്‍ന്ന് പറഞ്ഞു.


' എടീ....എന്തേലും പ്രയാസം അനുഭവിക്കുമ്പോള്‍ ഹബീബായ നബിതങ്ങളുടെ മേലില്‍ സ്വലാത്ത് ചൊല്ലിയാല്‍ അവിടുന്ന് പരിഹാരവുമായി വരും. അതിനി എത്രവലിയ മാനസ്സിക പ്രശ്‌നമാവട്ടെ, ശാരീരികമാവട്ടെ, സാമ്പത്തികമാവട്ടെ....അതോണ്ട് നിനക്കിപ്പോള്‍ വേണ്ടത് മാനസ്സിക സമാധാനമാണ്. നിരന്തരം സ്വലാത്തുകളെ അധികരിപ്പിച്ചാല്‍ മനസ്സ് നിന്റെ വരുതിയില്‍ ഒതുങ്ങും..ഇ. അ'

വീണ്ടും പലതും പറഞ്ഞും ഓര്‍ത്തും അവര്‍ ഒരുപാട് സമയം അവിടെയിരുന്നു. അങ്ങനെ മൊട്ടക്കുന്നിന്റെ കഷണ്ടിയും ഇരുട്ടി തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചു നടന്നു.


****


പിറ്റേന്ന് ഫൈറൂസ കോളേജിലേക്ക് പോയി. ക്ലാസിലേക്ക് നടക്കുമ്പോള്‍ പതിവില്ലാതെ എല്ലാവരും അവളെ തന്നെ തുറിച്ചു നോക്കി. എല്ലാവരുടെ നോട്ടത്തിലും എന്തോ പന്തിക്കേട് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.


അങ്ങനെ തോന്നാനുള്ള കാരണം വെറുപ്പ് നിറഞ്ഞ ദേഷ്യമുള്ള മുഖഭാവമായിരുന്നു എല്ലാവര്‍ക്കും. സാധാരണ കണ്ടാല്‍ ചിരിക്കാറുള്ള ജൂനിയേഴ്‌സ് പോലും അവളെ എന്തോ തെറ്റ് ചെയ്തവളെ പോലെയാണ് നോക്കിയത് . 


പെട്ടെന്ന് റുഖ്‌സാന പിറകിലൂടെ വന്ന് അവളുടെ കൈ പിടിച്ച് സ്ത്രീകളുടെ ടോയിലെറ്റിന്റെ ഭാഗത്തേക്ക് വേഗത്തില്‍ നടന്നു. അവരെ ആരും കാണുന്നില്ലായെന്ന് അവള്‍ ഇടക്കിടക്ക് നോക്കുന്നുണ്ട്. ഒരിടത്ത് ശാന്തമായതിന് ശേഷം റുഖ്‌സാന പറഞ്ഞു.


'എടീ...ഞാനെങ്ങാനും നിന്ന ഹെല്‍പ്പ് ചെയ്യുന്നുവെന്ന് ഇവിടെയുള്ളവരാരെങ്കിലും

അറിഞ്ഞാൽ അതോടെ തീര്‍ന്നു എല്ലാം...."

ഫൈറൂസക്ക്  റുഖ്‌സാന എന്താണ് പറയുന്നതെന്ന് മനസ്സിലായില്ല.


"നീയെന്തൊക്കെയാണീ പറയുന്നത്...!? എന്തിനാണ് എല്ലാവരും എന്നെയിങ്ങനെ തുറിച്ച് നോക്കുന്നത്. അവരോടൊക്കെ ഞാനെന്തോ തെറ്റ് ചെയ്തവളെ പോലെ..."

ഫൈറൂസ ഒരുപാട് ചോദ്യങ്ങള്‍ ഒരേ സമയം ചോദിച്ചു.


റുഖ്‌സാന ഫൈറൂസയെ ഒന്നിരുത്തി നോക്കിയതിന് ശേഷം പറഞ്ഞു: 


" അപ്പൊ കാര്യങ്ങളൊന്നും അറിയാതെയാണെല്ലേ മോള് കോളേജിലേക്ക് കെട്ടിയെടുത്തത്. ഞാനുമതലോചിക്കുകയായിരുന്നു...നിനക്കെങ്ങനെയിന്ന് കോളേജിലേക്ക് വരാന്‍ ധൈര്യമുണ്ടായെന്ന്....നമ്മുടെ ക്ലാസിന്റെ വാട്‌സപ്പ് ഗ്രൂപ്പിലെല്ലാം നിന്നെ കൊന്ന് കൊലവിളി നടത്തുന്നത് നീ കണ്ടില്ലേ..!?."


റുഖ്‌സാനയുടെ ആ ചോദ്യമാണ് ഫോണും അതില്‍ വാട്‌സപ്പും തന്റെ കയ്യിലുണ്ടെന്ന കാര്യം തന്നെ ഫൈറൂസ ഓര്‍ത്തത്. ഇന്നലെ ഫൈസലിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് ശേഷം ഫൈറൂസ ഫോണ്‍തന്നയെടുത്തിരുന്നില്ല.


"എടീ...നീയാണ് ഫൈസലിന്റെ കൊലപാതകിയെന്നാണ് ആ ഇജാസും കൂട്ടരുമെല്ലാം പറഞ്ഞു നടക്കുന്നത്. നീയവനെ അവോയ്ഡ് ചെയ്തതില്‍ മനസ്സ് നൊന്തതിന്റെ പേരില്‍ അവന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അവര് പറയുന്നത്. ഇതിന് നിന്നോട് പ്രതികാരം ചോദിക്കും എന്നും അവര് പറയുന്നുണ്ട്. അതോണ്ട് നീയിപ്പോ ക്ലാസിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.  ഇനി കാര്യങ്ങളൊക്കെ ഒന്ന് ശാന്തമായതിന് ശേഷം വന്നാല്‍ മതി...."

റുഖ്‌സാന ഒറ്റശ്വാസത്തില്‍  പറഞ്ഞു നിറുത്തി.


ഫൈറൂസയുടെ മനസ്സില്‍ ഭയത്തിന്റെ ഇടുത്തി വീണു. അവളുടെ കൈകാലുകള്‍ കുഴയാന്‍ തുടങ്ങി. താനാണ് ഫൈസലിനെ കൊന്നതെന്നാണ് ഇവര്‍ വിശ്വസിക്കുന്നതെന്നാലോചിച്ചപ്പോള്‍ അവള്‍ക്ക് തലകറങ്ങുന്നത് പോലെ തോന്നി. റൂഖ്‌സാന ഇടക്കിടക്ക് പരിസരം നോക്കി.


" എടീ...വേഗം പോ...ആ ഇജാസെങ്ങാനും നീയിവിടെയുള്ള വിവരമറിഞ്ഞാല്‍...പിന്നെ നിനക്ക് നല്ലനിലക്ക് വീട്ടിലേക്ക് പോകാന്‍ സാധിക്കില്ല...."

റുഖ്‌സാനയുടെ വാക്കുകളില്‍ ഭയം നിറഞ്ഞു നിന്നിരുന്നു.


***


( *തുടരും....*) 


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here