(PART 45) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔️Part-45⛔️
'സ... ര്‍ര്‍ര്‍.....'
ഫൈസലിന്റെ ചുണ്ടുകള്‍ വീണ്ടും ചലിച്ചു. വിരലുകള്‍ പതുക്കെ ഫാതിഹിനെ മാടിവിളിച്ചു. ഫാതിഹ് തന്റെ കാതുകളെ ഫൈസലിന്റെ ചുണ്ടുകളോടടുപ്പിച്ചു.
'സര്‍, ഞാന്‍ മരിക്കാന്‍ പോവാണല്ലേ.....!? '
അത് ചോദിക്കുമ്പോള്‍ ഫൈസലിന്റെ ചുണ്ടിന്റെ കോണില്‍ നിര്‍വികാരമായ ഒരു ചിരിവിടര്‍ന്നു.
'സാരമില്ല, ഇത് ഞാനനുഭവിക്കേണ്ടത് തന്നെയാണ്. അവളെ ഞാനെത്ര കണ്ണുനീരു കുടിപ്പിച്ചതാണ്.....അതിനുള്ള ശിക്ഷയാണിത്'
ഫൈസല്‍ എന്തെല്ലാമോ ഓര്‍ത്തെടുത്ത് കൊണ്ട് സംസാരിക്കുകയാണ്.
'ഏയ്, നിനക്കൊന്നുമില്ലടെ...നീയിനിയും ജീവിക്കും....എത്ര ഡോക്ടര്‍മാരുണ്ടെന്നറിയോ നിന്നെയിവിടെ നോക്കാന്‍....!?'
ഫാതിഹ് അവന് പ്രതീക്ഷയുടെ പാഴ്‌വാഗ്ദനങ്ങള്‍ നല്‍കി കൊണ്ട് തന്റെ സങ്കടം ഉള്ളിലൊതുക്കി.
'ഡോക്ടര്‍...നിങ്ങളിങ്ങനെ കഷ്ടപ്പെട്ട് എന്നെ ആശ്വസിപ്പിക്കുകയൊന്നും വേണ്ട...എനിക്കറിയാം ഇതെന്റെ അവസാന നിമിഷങ്ങളാണെന്ന്...ഒരു കാര്യമുണ്ട് ഡോക്ടര്‍....'
ഫൈസലിന്റെ സംസാരം പതിമുറിഞ്ഞു. അവനൊന്ന് കുരച്ചു. ഒരു കട്ട ചുടു ചോര പുറത്തേക്ക് വന്നു.
അതു കണ്ടപ്പോള്‍ ഫാതിഹിന്റെ ഉള്ളൊന്ന് കിടുത്തു. എന്തു പറയണമെന്നറിയാതെ അവന്‍ ഫൈസലിന്റെ കൈ വിരലുകള്‍ തന്റെ കൈകളോട് ചേര്‍ത്തു പിടിച്ച് അമര്‍ത്തി. ഫാതിഹ് തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു ഫൈസലും പതുക്കെ തന്റെ കൈകളമര്‍ത്തി. അവന്റെ ചുണ്ടിന്റെ കോണില്‍ വീണ്ടും ചോരയില്‍ കുതിര്‍ന്ന ചുകന്ന ചിരി വിടര്‍ന്നു.
'നിങ്ങള്‍ നൂറയോട് സമ്മതമറിയിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.....'
ഫൈസല്‍ ഒരു നിമിഷം ഡോക്ടറുടെ പ്രതികരണത്തിന് വേണ്ടി കാത്തിരുന്നു.
'അതെ, ഞാനറിയിച്ചിട്ടുണ്ട്....ഞങ്ങളുടെ വിവാഹം ഉടനെയുണ്ടാവും...ഇൻ ഷ അല്ലാഹ് '
ഫൈസലിന് തന്റെ സംസാരം കുറച്ചെങ്കിലും സമാധാനം നല്‍കട്ടെയെന്നത് കൊണ്ടായിരിക്കണം ഫാതിഹ് അവനോട് കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരിയോടെ പറഞ്ഞു.
അത് കേട്ടപ്പോള്‍ ഫൈസലിന്റെ മുഖത്തും ആശ്വാസത്തിന്റെ തെളിമ കാണമായിരുന്നു.
'സര്‍, ഫൈറൂസയോടെനിക്ക് പൊറുത്ത് തരാന്‍ പറയണം. വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അറിവില്ലായ്മകൊണ്ട് പറ്റിയതാണെന്ന് പ്രത്യേകം ഓർമപെടുത്തണം. ഇനിയൊരിക്കലും അവളുടെ ജീവിതത്തിലേക്ക് അധികപ്പെറ്റായി കടന്ന് ചെല്ലരുതെന്ന എന്റെ തീരുമാനം നടപ്പിലാക്കാന്‍ ഇതേ മാര്‍ഗമൊള്ളൂ എന്നുറപ്പുള്ളത് കൊണ്ടാവണം അല്ലാഹു എനിക്കീ വിധി നല്‍കിയത്. "
ചെറിയൊരു മൗനത്തിന് ശേഷം അവൻ തുടർന്നു.
" അതു കൊണ്ട് ഇനി ഈ ഫൈസലിന്റെ ശല്യമില്ലാതെ സന്തോഷത്തോടെ ജീവിക്കമെന്ന് അവള്‍ക്കുറപ്പ് കൊടുക്കണം....'
ശരീര വേദനയെക്കാള്‍ ഫൈസലിന്റെ മനസ്സിനാണ് മുറിവ് പറ്റിയതെന്ന് ഒരു നിമിഷം അവന്റെ ആ സംസാരം കേട്ടാല്‍ തോന്നും.
'ഏയ്....നീയെന്തൊക്കെയാണീ....പറയുന്നത്...വെറുതെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ച് കൂട്ടണ്ട....'
ഫാതിഹിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
'സര്‍, അവള്‍ക്കെന്നെ അത്രമേല്‍ ഇഷ്ടമായിരുന്നു. അവസാനം എന്നോട് അവളുടെ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പറഞ്ഞപ്പോഴും അവളുടെ ഓരോ വാക്കുകളിലും എന്നോടുള്ള ഇഷ്ടം നിറഞ്ഞു തുളുമ്പിയിരുന്നുവെന്നനിക്ക് നന്നായറിയാം...ഞാന്‍ വീണ്ടും നിര്‍ബന്ധിച്ചിരുന്നെങ്കില്‍ അവള്‍ എന്നെ ചേര്‍ത്ത് പിടിക്കുമെന്നും എനിക്കറിയമായിരുന്നു. പക്ഷെ, എന്റെയും അവളുടെയും നന്മഉദ്ദേശിച്ചിട്ടാണ് അവളത് ചെയ്തത് എന്നോര്‍ത്തപ്പോള്‍ എനിക്ക് അവളുടെ തീരുമാനത്തോടൊപ്പം നില്‍ക്കാനാണ് തോന്നിയത്....'
പാതി മുറിഞ്ഞും ശ്വാസം ആഞ്ഞു വലിച്ചും ഫൈസല്‍ സംസാരം തുടര്‍ന്നു.
'സര്‍, അവളോട് ഞാന്‍ പോയതില്‍ സങ്കടപെടരുതെന്ന് പറയണം. ഇത്ര കാലം ഒരുമിച്ച് ജീവിച്ചതല്ലേ...ചെറിയൊരു സങ്കടമൊക്കെ കാണും. കൂടെ എന്നും അവളുടെ തീരുമാനമായിരുന്നു ശരിയെന്നും പറയണം...'
ഫൈസലിന്റെ കണ്ണുകളില്‍ നിന്ന് രക്തം കലര്‍ന്ന കണ്ണുനീര്‍ ഉതിര്‍ന്ന് വീണു.
'സര്‍, നിങ്ങള് ഭാഗ്യം ചെയ്തവനാണ്. കാരണം പ്രണയ നൈരാശ്യത്തിന്റെ സങ്കടമില്ല, ഒരാളോടും തെറ്റു ചെയ്തുവെന്ന ആവലാതിയില്ല. വിരഹ നൊമ്പരത്തിന്റെ കീറിമുറിക്കുന്ന വേദയില്ല. എന്നെ നോക്കൂ, ശരീരവും മനസ്സും ഒരുപോലെ പരുക്ക് പറ്റി, ഒന്നനങ്ങാന്‍ പോലും കഴിയാതെ ഈ കട്ടിലിലങ്ങനെ മലര്‍ന്ന് കിടക്കുകയാണ്. പക്ഷെ, എനിക്ക് പരാതിയില്ല കെട്ടോ...'
ഫൈസലിന്റെ ശ്വാസംമെടുക്കുന്നതിന്റെ വേഗത വര്‍ദ്ധിച്ചു.
'ഫൈസല്‍, ഇനി സംസാരിക്കണ്ട....
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിഖ്‌റ് ചൊല്ലൂ....'
ഫാതിഹ് അവനെ സംസാരത്തില്‍ നിന്ന് വിലങ്ങാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
'ഒരാള്‍ അവസാനമായി പറയുന്ന വചനം ലാ ഇലാഹ ഇല്ലല്ലാഹ് എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് '
എന്ന നബി വചനം ഫാതിഹിന്റെ മനസ്സിലേക്ക് പെട്ടെന്ന് ഓര്‍മ വന്നപ്പോഴാണവന്‍ അങ്ങനെ പറഞ്ഞത്.
'ഹ...അവസാനമെങ്കിലും ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് ഡോക്ടറ് പറയാതെ പറഞ്ഞുവല്ലോ....'
ഫൈസല് ചിരിക്കുവാന്‍ ശ്രമിച്ചു കൊണ്ട് മന്ത്രിച്ചു .
' സാറെ, അവളാഗ്രഹിച്ചത് പോലെ, ആരും തെറ്റുകളും ശരികളും നോക്കാത്ത, ആര്‍ക്കും
അരുതുകള്‍ പറയാന്‍ സാധിക്കാത്ത ഒരു ലോകത്ത് വിധിയുണ്ടെങ്കില്‍ വീണ്ടും കാണാമെന്ന് ഞാന്‍ പറഞ്ഞെന്ന് അവളോട് പ്രത്യേകം പറയണം.....അവളേയും കാത്ത് അവിടെ പ്രതീക്ഷയോടെയിരിക്കാനുതകുന്ന രീതിയില്‍ എന്റെ പാരത്രിക ജീവിതം നന്നാവാന്‍... സന്തോഷകരമാവാന്‍.. സറ് പ്രത്യേകം ദുആ... ചെയ്യ.......ണം...ലാ...ഇലാഹ ഇല്ലല്ലാ....ഹ്..'
ഫൈസലിന്റെ സംസാരം നേര്‍ത്തു വന്നു. അവന്റെ കണ്ണുകള്‍ പതുക്കെ താഴെ നിന്ന് മുകളിലേക്കുയരാന്‍ തുടങ്ങി. അവകള്‍ ഉയര്‍ന്ന് ഒരു പ്രത്യേക പോയിന്റിലെത്തിയപ്പോള്‍ നിശ്ചലമായി. ഫൈസലിന്റെ നെഞ്ച് ഒന്ന് പതുക്കെ ഉയര്‍ന്ന് താഴ്ന്നു.
ഇമവെട്ടാതെ അത് നോക്കി നിന്ന ഫാതിഹിന് ഒരു നിമിഷം സ്വബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി.
വീണ്ടും ധൈര്യം സംഭരിച്ച് കൊണ്ട് തന്റെ വലത് കൈകൊണ്ട് അവന്‍ ഫൈസലിന്റെ രണ്ട് കണ്ണുകള്‍ പതുക്കെ തടവി. തൊട്ടാവാടിയുടെ കൂമ്പുകള്‍ വാടുന്നത് പോലെ രക്തവര്‍ണ്ണമായ ആ കണ്‍പോളകള്‍ പതുക്കെ കൂമ്പിയടഞ്ഞു.
'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജീഊന്‍'
ഫാതിഹിന്റെ ചുണ്ടുകള്‍ വിതുമ്പി.
*****
ഫൈസലിന്റെ മരണ വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചതും. പോസ്റ്റുമോട്ടത്തിന് ശേഷം ബോഡി വിട്ട് നല്‍കുന്നത് വരെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും എല്ലാം ഫാതിഹ് തന്നെയായിരുന്നു. അവസാനം ബോഡി നല്‍കുമ്പോള്‍ അവന്റെ ഉപ്പാന്റെ മുഖത്തേക്ക് നോക്കാന്‍ ഫാതിഹിന് സാധിച്ചില്ല.
'സാരമില്ലാ...എല്ലാം അല്ലാഹുവിന്റെ വിധി...'
യെന്ന് പറഞ്ഞ് ആ ഉപ്പാന്റെ തോളില്‍ തട്ടുമ്പോള്‍ ഫാതിഹിന്റെ തൊണ്ടയിടറി.
കണ്ണുകള്‍ നിറഞ്ഞു.
തന്റെ കരച്ചില്‍ ആ പിതാവ് കാണാതിരിക്കാന്‍ വേണ്ടി അവന്‍ അദ്ദേഹത്തെ തന്നിലേക്ക് ചേര്‍ത്തു പിടിച്ചു.
ഫാതിഹിന്റെ വിതുമ്പലറിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു. അത് വരെ കരയാതെ പിടിച്ചിരുന്നിരുന്ന ആ പിതവും അവന്റെ ഇടനെഞ്ചില്‍ കിടന്ന് തേങ്ങി കരഞ്ഞു.
'ഡോക്ടറെ, ഇന്റെ കുട്ടിനെ എന്തിനാ പടച്ചോന്‍ ഇത്ര നേരത്തെ അങ്ങട്ട് വിളിച്ചത്....? "
വിധിയോടുള്ള വികാരത്തിന്റെ അമർഷമുണ്ടായിരുന്നു ആ ചോദ്യത്തിൽ.
" അല്ലേലും ഓന് ആ ഹലാക്ക്‌ന്റെ വണ്ടി വാങ്ങി കൊടുത്ത ഇന്ന പറഞ്ഞമതി ഇതിനൊക്കെ. ഞാന്‍ തന്നെണല്ലോ പടച്ചോനെ ഓനെ കൊന്നത്. ഓന്റുമ്മ ഒരുപാട് പറഞ്ഞതാണ്...വേണ്ടാ..വേണ്ടാന്ന്...ന്ന്ട്ടും ന്റെ കുട്ടിന്റെ പൂതിയല്ലേന്നും കരുതി വാങ്ങിയതാണ്...അത്പ്പം ങ്‌നെയാവുന്ന് ആര് കണ്ട് റബ്ബേ...'
അയാൾ സ്വന്തത്തെ പഴിചാരി.
ആ പിതാവ് ഫാതിഹിന്റെ നെഞ്ചത്ത് കിടന്ന് വിങ്ങിപൊട്ടി. എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ ഫാതിഹ് നിസഹായനായി.
അവസാനം മോര്‍ച്ചറിയുടെ മുമ്പില്‍ നിന്ന് അവന്റെ ശരീരവും കയറ്റി പോകുന്ന ആമ്പുലന്‍സിലേക്ക് ഫാതിഹ് കണ്ണുകളെടുക്കാതെ നോക്കിനിന്നു.
( *തുടരും....*) ©️
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment