(PART ‎43) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ


 ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-43⛔️


ഉറക്കത്തില്‍ ഫൈറൂസയുടെ നെറ്റിത്തടം ഒന്ന് ചുളിഞ്ഞു നിവര്‍ന്നു. വിയര്‍പ്പിന്റെ ചെറിയ കുമിളകള്‍ അവളുടെ നെറ്റിയുടെ ഇരുവശങ്ങളിലായി മൊട്ടിട്ടിരുന്നു. അവളെന്തോ ഗാഢമായ സ്വപ്‌നത്തിലാണ്. 


വിശാലമായ കടപ്പുറം. സൂര്യന്‍ കടലിനെ മുത്തമിടാന്‍ ഓടിയടുക്കുന്നുണ്ട്. രക്തം ചിന്തിയത് പോലെ ആകാശം ചുകന്ന് തുടുത്തിരിക്കുന്നു. കരയെ മാറോട് ചേര്‍ത്ത് തിരിച്ചിറങ്ങുന്ന ഓരോ തിരയും 'എന്നെ വിട്ട് പോകല്ലേയെന്ന്' അലമുറയിട്ട് കരയുന്നുണ്ട്.

 വിരഹത്തിന്റെ ദുഖവും  ഒത്തുചേരലിന്റെ സന്തോഷവും സമ്മിശ്രമായ ഒരന്തരീക്ഷമാണ് എപ്പോഴും കടലിന്. 


ഉമ്മച്ചിയും ഉപ്പച്ചിയും കടപ്പുറത്തെ ആ നേര്‍ത്ത മണല്‍തരിയിലിരുന്ന് കൊണ്ട് അസ്തമാന സൂര്യന്റെ ഭംഗിയാസ്വദിക്കുകയാണ്. 

കൊച്ചു കുട്ടിയായ ഫൈറൂസ കുറച്ച് മുമ്പ് അതുവഴി പട്ടവുമായി പോയ ഒരു ഹിന്ദിക്കാരനില്‍ നിന്ന് ഉപ്പച്ചിയോട് വാശിപ്പിടിച്ച് വാങ്ങിച്ച പട്ടം പതുക്കെ കയറഴിച്ച് വിട്ടു. 


പെട്ടെന്ന് തന്റെ കൈകളില്‍ നിന്ന് കുതറി തെറിക്കാന്‍ പോയ പട്ടത്തെ അവള്‍ ആഞ്ഞു പിടിച്ചു. ഒരു നിമിഷം ആ പട്ടം തന്നില്‍ നിന്ന് നഷ്ടപ്പെടുമോയെന്ന ആധി  ഉള്ളില്‍ കുമിഞ്ഞ് കൂടി. പട്ടം തന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. 

 കുഞ്ഞുടുപ്പിനെയും മുടിയേയും തഴുകിക്കൊണ്ടേയിരിക്കുന്ന കടല്‍ കാറ്റ് അവളുടെ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന പട്ടത്തെ തന്നോടൊപ്പം കളിക്കാനായി വിളിച്ചു കൊണ്ടേയിരുന്നു. 


പട്ടത്തിന്റെ ഇരുദളങ്ങളിലായുള്ള നീണ്ട ചിറകുകള്‍ കാറ്റിനൊപ്പം കളിക്കാനായി കൈ നീട്ടി കരഞ്ഞു. കുഞ്ഞു ഫൈറൂസക്ക് സങ്കടം വന്നു . അവള്‍ പതുക്കെ പട്ടത്തെ തന്റെ നെഞ്ചില്‍ നിന്ന് അടര്‍ത്തിയെടുത്തു.  കടല്‍ക്കാറ്റിന്റെ തലോടലേറ്റ് കൊണ്ട് ആ പട്ടം ഒന്നുള്‍പുളകം കൊണ്ടു. അത് കണ്ട് ഫൈറൂസയുടെ കുഞ്ഞു ചുണ്ടില്‍ ചിരിവിടര്‍ന്നു. 


അവള്‍ പതുക്കെ കൈകളയച്ചു. പട്ടം ഒന്ന് പതുക്കെ മേല്‍പ്പോട്ടുയര്‍ന്നതിന് ശേഷം ഫൈറൂസയുടെ തൊട്ടുമുകളിലായി ഒന്ന് രണ്ട് തവണ വട്ടമിട്ട് പറന്നു. ശേഷം അവള്‍ക്ക് നേരെ ഊളിയിട്ട് വന്നു. വീണ്ടും മുകളിലേക്കുയര്‍ന്നു. ഫൈറൂസയുടെ മുഖത്ത് ആനന്ദം നൃത്തമാടി. 


അവള്‍ പട്ടത്തിന്റെ കയറുകള്‍ പതുക്കെ അയച്ചു കൊണ്ടിരുന്നു. പട്ടം ഉയര്‍ന്ന് പറന്നു. ആകാശത്ത് ഉയര്‍ന്ന് പറക്കുന്ന പട്ടത്തെ തന്നെ നോക്കികൊണ്ട് അവളും മുന്നോട്ട് നടന്നു. 


ആസ്വാദനത്തിന്റെ മറ്റേതോ ലോകത്തായിരുന്ന ഉപ്പാക്കും ഉമ്മാക്കും അവളിലെ ശ്രദ്ധതെറ്റി. അവള്‍ പട്ടത്തിന് പിറകെ നിറഞ്ഞു ചിരിച്ചു കൊണ്ടോടി. അശ്രദ്ധയോടെ ഓടുന്നതിനിടയില്‍ അവള് ആരുടെയോ ശരീരത്തില്‍ ചെന്ന് തട്ടിവിണു. വീഴ്ച്ചയിലും പട്ടത്തിന്റെ കയറില്‍ മുറുകെ പിടിച്ചു. 


'എവിടെ നോക്കിയാടീ നടക്കുന്നത്....?'


കടല്‍ കരയിലെ മണലില്‍ കമിഴ്ന്ന് വീണു കിടക്കുന്ന കൊച്ചുഫൈറൂസയുടെ കാതുകളില്‍ രൗദ്രഭാവത്തിലുള്ള ആ ചോദ്യം ചെന്ന് പതിച്ചു. ഭയം ആ കൊച്ചു കാലുകളിലൂടെ പതുക്കെ അരിച്ചു കയറാന്‍ തുടങ്ങി. 


പതുക്കെ തലഉയര്‍ത്തി അയാളെ നോക്കി. കറുത്ത് ഉയരം കൂടി കട്ടിമീശയുമായി തുണിമടക്കി കുത്തിയ ഒരാള്‍  മുമ്പില്‍ നില്‍ക്കുന്നു. അവള്‍ പെട്ടെന്ന് പിറകിലേക്ക് നോക്കി. ഉമ്മയും ഉപ്പയും അവിടെയുണ്ടല്ലോഎന്നതായിരുന്നു ആശ്വാസം. 


പക്ഷെ, ആ നോട്ടം വെറുതെയായിരുന്നു. കാരണം അവിടെയെങ്ങും അയാളും അവളുമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല.  ഭയം കരച്ചിലിന് വഴിമാറി. കൈകള്‍ കുഴയാന്‍ തുടങ്ങി. പട്ടത്തിന്റെ കയറ് മെല്ലെ കൈകളില്‍ നിന്ന് കുതറിമാറാന്‍ തുടങ്ങി. അവള് വീണ്ടും കയറില്‍ മുറുകെ പിടിക്കാൻ ശ്രമിച്ചു . 


'അവളുടെ ഒരുപട്ടം' 

ആ കറുത്ത് അതികായനായ മനുഷ്യന്‍ കയറില്‍ പിടിച്ച് ആഞ്ഞൊരുവലി. ഫൈറൂസയുടെ കുഞ്ഞിളം കൈകളില്‍ നിന്ന് കയറിന്റെ പൂര്‍ണ്ണ നിയന്ത്രണം നഷ്ടമായി.


പൂര്‍ണമായും അഴിച്ച് വിട്ടത് കൊണ്ടാണോയെന്നറിയില്ല ആ പട്ടം ഒന്നു കൂടെ ഊര്‍ജ്ജത്തില്‍ ഉയര്‍ന്ന് പറന്നതിന് ശേഷം അവളിലേക്ക് തന്നെ തിരിഞ്ഞു നോക്കി .  തിരിച്ചു പറക്കാനും ആ കുഞ്ഞു ഇടനെഞ്ചിൽ അമർന്ന് കിടക്കാനും കൊതിയുള്ളത് പോലെ. പക്ഷെ, അതുവഴി ശക്തമായി കടന്നു വന്ന ഒരു കടല്‍ക്കാറ്റ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ ആ പട്ടത്തെ കൂടെ കൂട്ടി ദൂരേക്ക് പറന്നു. 


കുഞ്ഞു ഫൈറൂസയുടെ കൈകളും കണ്ണുകളും ആ പട്ടത്തിലേക്ക് തന്നെ നോക്കി.

'പോവല്ലേ......'

അവള്‍ ആര്‍ത്ത് കരഞ്ഞു. 


ഫൈറൂസ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. അവളാകെ വിയര്‍ത്തിരുന്നു. പരിഭ്രമം ഇപ്പോഴും  മുഖത്ത് നിഴലിച്ചു കാണാം. തൊട്ടടുത്തുള്ള ബോട്ടിലില്‍ നിന്ന് വെള്ളമെടുത്തു കുടിച്ചു. എത്ര കുടിച്ചിട്ടും ദാഹം തീരാത്തത് പോലെ. വീണ്ടും കണ്ണുമടച്ചു കിടന്നു. ഉറക്കം വരുന്നില്ല. ഏറ്റവും ഇഷ്ടപ്പെട്ടതെന്തോ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വല്ലാത്ത വിരഹ വേദന അവളുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. 


****


'നിന്റെ കൂടെ എന്തേലും ജോലിചെയ്യാനുള്ള താത്പര്യമെന്താന്നറിയോ നിനക്ക്....!? '

ഉറങ്ങാനായി കിടക്കുമ്പോള്‍ ഫര്‍സാന നൂറയോട് ചോദിച്ചു.


'എന്താ നീ പറ...'

നൂറ ചിരിച്ചു കൊണ്ട് അവള്‍ക്ക് അഭിമുഖമായി ചെരിഞ്ഞ് കിടന്നു

കൊണ്ട് പറഞ്ഞു.


'നീ...ചെയ്യുന്നതേ നീ മറ്റുള്ളവരോട് പറയൂ...കൂടാതെ കാര്യങ്ങളെല്ലാം കണ്ടറിഞ്ഞ് ചെയ്യും. എന്ത് ചെയ്യുമ്പോഴും എല്ലാവരോടും ചോദിച്ച് അഭിപ്രായം തേടും.  മറ്റുള്ളവര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കി മാറി നില്‍ക്കില്ല. '

ഫര്‍സാന ഒരുപാട് നീട്ടിവലിച്ച് പറയാന്‍ തുടങ്ങി. 


നൂറക്ക് സ്വന്തത്തെ കുറിച്ച് അഭിമാനം തോന്നിയെങ്കിലും അവള്‍ മുഖത്ത് കാണിച്ചില്ല.


'ഞാനോ...ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്യാറില്ലല്ലോ...അതൊക്കെ നിനക്ക് തോന്നുന്നതാ...'

നൂറ ഫര്‍സാനയോട് വിനയം കാണിച്ചു.


'ഇതാ...ഞാന്‍ പറഞ്ഞത്...നീയൊന്നും ചെയ്യേണ്ടതില്ല..കാരണം നിനക്ക് ഈ വക കാര്യങ്ങളെല്ലാം ഇന്‍ബോണായി തന്നെ ലഭിച്ചതാണ്..'

ഫര്‍സാന അതും പറഞ്ഞ് ചിരിച്ചു. നൂറയും കൂടെ ചിരിച്ചു.


'പിന്നെയുള്ള ഒരു പ്രത്യേകത നീ ചെയ്യുന്ന ഏത് കാര്യത്തിനും നിനക്ക് ഉപ്പച്ചിയോ അല്ലേല്‍ ഉമ്മമ്മയോ ആരേലും പറഞ്ഞു തന്നെ എന്തേലും ഒരു കഥയുമുണ്ടാവും. ആ കഥകളൊക്കെ കൊണ്ടു തന്നെയാണ് നിന്റെ ജീവിതം ഇത്ര പെര്‍ഫക്ടായത്.'

ഫര്‍സാന വീണ്ടും നൂറയുടെ ഭാഗ്യങ്ങളെണ്ണാന്‍ തുടങ്ങി.


'ഞാന്‍ അത്ര പെര്‍ഫക്ടൊന്നുമല്ല. ഞാനെന്നല്ല...ഈ ദുനിയാവില്‍ ഹബീബല്ലാത്ത  ﷺ അല്ലാഹുവിന്റെ ഒരു സൃഷ്ടിയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ പെര്‍ഫക്ടല്ല. പിന്നെ, നീ പറഞ്ഞ ഉപ്പാന്റെയും ഉമ്മമ്മാന്റെയും മറ്റുമെല്ലാം കഥകള് എന്റെ മനസ്സിനെയും സ്വഭാവ രൂപീകരണത്തെയും നന്നായി സ്വാധീനിച്ചിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്'

നൂറ വീണ്ടും വിനയാന്വിതയായി. 


'എന്തേയിപ്പം നിനക്ക് എന്റെ സ്വഭാവ മഹിമയൊക്കെ നിരീക്ഷിക്കാന്‍ തോന്നിയത്..?'

നൂറ പതിവില്ലാത്ത ഫർസാനയുടെ രീതി കണ്ടപ്പോള്‍ ചോദിച്ചു.


'അതേയ് ...ഇന്ന് രാവിലെ നീ ഞങ്ങളോട് തോരണം കെട്ടുന്നതും റൂമലങ്കരിക്കുന്നതുമെല്ലാം അവതരിപ്പിച്ചീലേ....'

ഫര്‍സാന ഒന്ന് നിറുത്തി.


'ഉം....അതേ'

നൂറ അതിന് എന്ന സംശയ രൂപേണ ഫർസാനയെ നോക്കി.


'അപ്പോ, ഇതൊക്കെ നടക്കുമോന്ന് ഞാന്‍ മനസ്സില്‍ സംശയിച്ചിരുന്നു. പിന്നെ നീ തന്നെ കാര്യങ്ങളെല്ലാം മുന്‍കൈ എടുത്ത് പിരിവ് നടത്തുന്നു, ടൈം ടേബിളുണ്ടാക്കുന്നു, അവശ്യമായ സാധനങ്ങളെത്തിക്കുന്നു. ഇതൊക്കെ ആയപ്പോഴാണ് എനിക്ക് തന്നെ സ്വയം ഒരാത്മവിശ്വാസമെല്ലാം വന്നു തുടങ്ങിയത് തന്നെ....അതാ ഞാന്‍ പറഞ്ഞത്. നീ കൂടെയുണ്ടാകുമ്പോള്‍ ഒരു പോസിറ്റീവ് വൈബാണെന്ന്..'

ഫര്‍സാന നൂറയുടെ കവിളില്‍ പിടിച്ച് നുള്ളിക്കൊണ്ട് മുഖം വക്രിച്ച് ചിരിച്ചു കാണിച്ചു. നൂറയും ഒന്നും പറയാതെ ചിരിച്ചു.


 പെട്ടെന്ന് നൂറയുടെ മനസ്സില്‍ ഹബീബിന്റെ ﷺ ഒരു കഥ ഓടിവന്നു. ആരാണാ കഥ അവള്‍ക്ക് പറഞ്ഞു കൊടുത്തതെന്ന് പെട്ടെന്ന് ആലോചിച്ചപ്പോള്‍ ഓര്‍മയിലേക്ക് വന്നില്ല. പക്ഷെ, ആ കഥ ഇപ്പോളിവിടെ പറഞ്ഞാല്‍ തനിക്ക് ജാഡയാണെന്ന് ഫര്‍സാന കരുതുമെന്ന് നൂറ മനസ്സില്‍ നിനച്ചു. 


'നീയെന്താ ഒറ്റക്ക് ആലോചിച്ച് ചിരിക്കുന്നത്....?'

നൂറയുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരി കണ്ട് ഫര്‍സാന ചോദിച്ചു. 


'ഏയ് അതൊന്നിമില്ലടീ.....'

നൂറ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.


'വേണ്ട....വെറുതെ കളവ് പറയണ്ട...എന്താണേലും എന്നോട് പറ'

ഫര്‍സാന ശാഠ്യം പിടിച്ചു.


'അതൊന്നുമില്ല....ഈ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് ഹബീബിന്റെ  ﷺ ഒരു കഥ മനസ്സിലേക്ക് വന്നതാണ്. അതിപ്പൊ പറഞ്ഞാല്‍ നീയെന്ത് കരുതും എന്നു കരുതിയിട്ടാണ് പറയാതിരുന്നത്...'

നൂറ ചമ്മലൊളിപ്പിച്ച് കൊണ്ട് പറഞ്ഞു.


'ഞാനെന്ത് കരുതാന്‍....നീ കഥപറ'

ഫര്‍സാന കമ്പിളി പുതപ്പ് വലിച്ചിട്ട് ചെമ്മീന്‍ ചുരുള്ളുന്നത് പോലെ നൂറക്കഭിമുഖമായി ചുരുണ്ട് കിടന്ന് കൊണ്ട് പറഞ്ഞു.


നൂറയൊന്ന് തൊണ്ട റെഡിയാക്കി


'ഒരിക്കല്‍ ഹബീബ്  ﷺ അനുചരന്മാരോടൊന്നിച്ചുള്ള ഒരു യാത്രമദ്ധ്യേ വിശന്നവശരായപ്പോള്‍ ഒരാടിനെ അറുത്ത് ഭക്ഷിക്കാന്‍  തീരുമാനിച്ചു.  അവരിൽ ഒരാള്‍ ആടിനെ അറുക്കാന്‍ സന്നദ്ധനായി മറ്റൊരാള്‍ ആടിന്റെ തോലൂരാന്‍ മുന്നോട്ട് വന്നു. ഈ സന്ദര്‍ഭത്തില്‍ ഹബീബ് പറഞ്ഞു: 


'' ആവശ്യമായ വിറകുകള്‍ ഞാന്‍ ശേഖരിക്കാം''. 


ഇത് കേള്‍ക്കേണ്ട താമസം സ്വഹാബികള്‍ക്ക് വിഷമമായി. അവര്‍ പറഞ്ഞു:


'വേണ്ട നബിയെ ഞങ്ങള്‍ ചെയ്‌തോളം '


ഹബീബ്  ﷺ പ്രതിവചിച്ചു: 

'ഞാന്‍ നിങ്ങളില്‍ ഒരാളായിരിക്കുവനാണാഗ്രഹിക്കുന്നത്. ' 


കഥ പറഞ്ഞ് നിറുത്തിയതിന് ശേഷം നൂറ തുടര്‍ന്ന് പറഞ്ഞു.


'വെറുതെ കാര്യങ്ങളെ തന്റെ അനുയായികളോട് പറഞ്ഞ് കല്‍പന നടത്തുന്ന നേതാവായിരുന്നില്ല ഹബീബ്  ﷺ. മറിച്ച് അവരോടൊപ്പം നിന്ന് അവരിലൊരാളായി ജീവിച്ചവരായിരുന്നു അവിടുന്ന്. അതുകൊണ്ടാണ് വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് മുഴുവന്‍ ഇസ്ലാമിനെ വളര്‍ത്താന്‍ ഹബീബിന്  ﷺ സാധിച്ചത്.'

നൂറ പറയുന്നത് തന്നെ ശ്രദ്ധയോട് കേട്ടിരിക്കുകയാണ് ഫര്‍സാന.


'എടീ...ഹബീബ്  ﷺ ഇസ്ലാമിക പ്രബോധനം നടത്തിയത് വെറും ഇരുപത്തിമൂന്ന് വര്‍ഷമാണ്. ഈ ചുരുങ്ങിയ കാലം കൊണ്ടാണ് അവിടുന്ന് ഒരു സമൂഹത്തെ സംസ്‌കരിച്ചെടുത്തത്. ഖുര്‍ആന്‍ ആ ജഹിലിയാ സമൂഹത്തെ വിശേഷിപ്പിച്ചതെന്താണെന്നറിയോ നിനക്ക്...?'


നൂറ ആ ചോദ്യഛിഹ്നത്തിന് മുമ്പില്‍ ഒരു നിമിഷം ചിന്താകുലയായി നിന്നതിന് ശേഷം തുടര്‍ന്നു.


'ഈ ജാഹിലിയ്യാ കാല സമൂഹത്തെ  വിശുദ്ധ ഖുര്‍ആന്‍ അവര്‍ വഴി കേടിത്തരത്തിലാണ് എന്ന് പറയുന്നതിന് പകരം അവര്‍

വഴികേടിത്തരത്തില്‍ മുങ്ങിക്കുളിച്ചവരാണ് എന്നാണ് പറഞ്ഞത്. 

വസ്ത്രത്തില്‍ ചെളി പുരണ്ടാല്‍ നമുക്കത് കഴുകി വൃത്തിയാക്കാം. എന്നാല്‍ ചെളിയും വസ്ത്രവും തമ്മില്‍ വേര്‍തിരിക്കാന്‍ പറ്റാത്ത രീതിയില്‍ കൂടികലര്‍ന്നാല്‍ എന്ത് ചെയ്യും. ഇത് പോലെയായിരുന്നു തിരുദൂതരുടെ  ﷺ അവതാര സമയത്ത് ജാഹിലിയ്യാ സമൂഹം. ഈ സമൂഹത്തെയാണ് വെറും 23 വര്‍ഷത്തെ തന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ഹബീബ് ലോകര്‍ക്ക് മാതൃകാ യോഗ്യരായ ഒരു സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചു നല്‍കിയത്.'

നൂറ ആവേശത്തിലാണ്. 

ഹബീബിനെ ﷺ പറയുമ്പോഴുള്ള അവളുടെ പതിവ് വികാരപ്പെടലുകള്‍ ഓരോ വാക്കുകളിലും സ്ഫുരിച്ച് നില്‍ക്കുന്നുണ്ട്.


 അവള്‍ തുടര്‍ന്നു.


' എന്നിട്ട് ഹബീബ്  ﷺ പറഞ്ഞു. 

'എന്റെ അനുചരന്മാര്‍ നക്ഷത്ര സമന്മാരാണ് വല്ലവരും അവരെ പിന്‍പറ്റിയാല്‍ അവര്‍ക്ക് സന്മാര്‍ഗം സിദ്ധിക്കും'.  

ലൈറ്റ് ഹൗസ് കണ്ടിട്ടില്ലേ നീ ..? രാത്രികാലങ്ങളില്‍ കടലില്‍ ദിശയറിയാതെ അലയുന്ന കപ്പലുകള്‍ക്ക് വഴി കാണിക്കാനുള്ളതാണ് ഈ ലൈറ്റ് ഹൗസ്. ഇത് പോലെ ഏത് ദിക്കില്‍ നിന്ന് നോക്കിയാലും പ്രകാശം ചൊരിഞ്ഞ് നിങ്ങള്‍ക്ക് ദിശയറിയാന്‍ സഹായിക്കുന്ന നക്ഷത്രങ്ങളെ പോലെയാണ് എന്റെ അനുചരന്മാര്‍ എന്നതാണ് അവിടുന്ന് പറഞ്ഞതിന്റെ വിവക്ഷയത്രെ. "

നൂറ പ്രമാണങ്ങളും അർത്ഥവും എല്ലാം പറഞ്ഞാണ് സംസാരിക്കുന്നത്. 


" നീയൊന്ന് ആലോചിച്ച് നോക്കിയേ...എല്‍.കെജിമുതല്‍ പി.എച്ച്.ഡി കഴിയുന്നത് വരേ  ഒരദ്ധ്യാപകന്റെ അടുത്ത് പഠിച്ചാല്‍ പഠനം പൂര്‍ത്തിയാവാന്‍ ഏകദേശം 23 വര്‍ഷമാവും. ഇത്തരത്തില്‍ താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളെയെല്ലാം നിങ്ങള്‍ക്ക് കണ്ണുമടച്ച് വിശ്വസിക്കാം എന്ന് പറയാന്‍ ചങ്കുറപ്പുള്ള എത്ര അധ്യാപകരുണ്ടാവും ഈ ലോകത്ത്...!? അതാണ് ഹബീബിന്റെ  ﷺ അനുചരരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം'

നൂറ ആവേശത്തോടെ പറഞ്ഞു നിറുത്തി. അവള്‍ ഫര്‍സാനയുടെ മുഖത്തേക്ക് നോക്കി. അവിടെ ഉറക്കം തത്തിക്കളിക്കുന്നത് കൃത്യമായി കാണാമായിരുന്നു. 


നൂറ തുടര്‍ന്ന് സംസാരിക്കാനുള്ള തന്റെ ശ്രമം ഉപേക്ഷിച്ചു. 

' ബിസ്മിക്കല്ലാഹുമ്മ അഹ് യാ വ അമൂത്ത്..'

അവള്‍ പുതപ്പ് തന്നിലേക്ക് വലിച്ചിട്ടു.


****

ഫാതിഹ് ഹോസ്പിറ്റലിലേക്ക് ഓടി കയറി. ഇഖ്ബാല്‍ ഡോക്ടറാണ് ഡ്യൂട്ടിയില്‍. ഓപ്പറേഷന്‍ തീയേറ്ററിലാണ്. ആകെ ധൃതിപിടിച്ച അന്തരീക്ഷമാണ് ഹോസ്പിറ്റലില്‍. ഡോക്ടര്‍മാരും നേഴ്‌സ്മാരും തിരിക്കിട്ട് തലങ്ങും വിലങ്ങും ഓടുന്നു . ഒരു ജീവന്‍ നിലനിര്‍ത്താനുള്ള വ്യഗ്രതയിലാണവര്‍. ഫാതിഹ് ഇഖ്ബാല്‍ ഡോക്ടറിന്റെ അടുത്ത് ചെന്ന് ചോദിച്ചു.


'ഹൗ ഈസ് ഹീ.....?'


ഡോക്ടര്‍ ഒരു നിമിഷം ഒന്ന് ആലോചിച്ചതിന് ശേഷം ഗൗരവy രൂപേണ പറഞ്ഞു.


'ഹീ ഇസ് കംപ്ലീറ്റ്‌ലി ഗോണ്‍, ഒരുപക്ഷെ, വെന്റിലേറ്ററിലിട്ടാല്‍ നമുക്ക് കുറച്ചു കൂടെ സമയം കിട്ടും. എന്തായാലും ഒരുമണിക്കൂറിനകം ബ്രയിന്‍ഡെത്ത് സംഭവിക്കും. കാരണം തലക്ക് നല്ല ക്ഷതമുണ്ട്. അത് ബ്രയിനെ ബാധിച്ചിട്ടുമുണ്ട്. ഇഫ് യു വാണ്ട് ടു സീ ഹിം കാരിയോൺ'

ഇഖ്ബാല്‍ ഡോക്ടര്‍ പറഞ്ഞു.


ഫാതിഹ് ഓപ്‌റേഷന്‍ തീയേറ്ററിലേക്ക ചെന്നു. ആ ശരീരം കണ്ടപ്പോള്‍ അവന് വിശ്വസിക്കാനായില്ല. ഒരുമണിക്കൂറ് മുമ്പ് താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി കണ്ട ബോഡിയാണല്ലോയിതെന്ന് അവന്‍ മനസ്സില്‍ നിനച്ചു. 


ഫൈസലിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ അവന്റെ ചുണ്ടുകള്‍ അനങ്ങുന്നതായി ഫാതിഹിന് തോന്നി.


'സിസ്റ്റര്‍ ഹി ഇസ് ട്രൈങ് റ്റു സേ  സംതിങ്.. പ്ലീസ്'

ഫാതിഹ് പറഞ്ഞപ്പോള്‍ സിസ്റ്റര്‍ അവന്റെ ചുണ്ടുകളോട് കാതുകളടുപ്പിച്ചു. 


'ഫൈ...ഫൈറൂ....ഫൈറൂസ...'

ചോരയില്‍ കുതിര്‍ന്ന ആ ചുണ്ടുകള്‍ പതുക്കെ നിശ്ചലമായി.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*


 അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here