(PART ‎42) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ


 ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-42⛔️


ഫൈറൂസ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണുകളിറുക്കിയടച്ച് ഉറക്കം നടിച്ചു. എന്തൊക്കെ ചെയ്തിട്ടും നിദ്ര ആ വഴിക്ക് വന്നില്ല. 


കണ്ണുകളടക്കുമ്പോള്‍ ഫൈസലിന്റെ മുഖമാണ് മുമ്പില്‍. എത്ര ആലോചിക്കരുത് എന്ന് കരുതുമ്പോഴും മനസ്സിലേക്ക് വീണ്ടും ആ മുഖം തികട്ടി വരികയാണ്. ഇത്ര കാലത്തിനിടക്ക് താന്‍ ഫൈസലിനോട് ഇതുപോലെ ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ല. 


ഇന്ന് നൂറയുടെ വീട്ടില്‍ നിന്ന് മൗലിദ് ചൊല്ലിയതിന് ശേഷം മനമുരുകി പ്രര്‍ത്ഥിച്ചത് അവന് സല്‍ബുദ്ധി നല്‍കണേയെന്നാണ്. അവനെ കുറിച്ച് ചിന്തിക്കരുതെന്ന് മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തിയതാണ്. 

പക്ഷെ, അവസാനം പോകാന്‍ നേരം അവന്‍ സോറി പറഞ്ഞപ്പോള്‍ അത് വരെ മനസ്സിനിട്ടിരുന്ന താഴ് അറിയാതെ ചിതറി ത്തെറിച്ചു.

 വീണ്ടും മനസ്സില്‍ അവനോടൊത്ത് ചെലവഴിച്ച ഓരോ സുന്ദര നിമിഷങ്ങളുടെയും ചിന്തകള്‍ കയറി വരാന്‍ തുടങ്ങി. 


എന്തെങ്കിലും വിഷയത്തില്‍ എന്‍ങ്കേജ്ഡായാല്‍ ആ ചിന്ത മാറിക്കോളും എന്ന് കരുതിയാണ് നൂറയുടെ വീട്ടില്‍ ചെന്ന് കാര്യങ്ങളിലൊക്കെ സജീവമായത്. മൗലിദിന് ശേഷം ചീരണിയും ഭക്ഷണവും എല്ലാം കഴിഞ്ഞതിന് ശേഷമാണ് ഉമ്മയോടൊപ്പം തിരിച്ചു പോന്നത്. 


'അന്റെ ആ കാട്ടിക്കൂട്ടലൊക്കെ  കണ്ട് ആ ചെക്കന്‍ ആകെ പേടിച്ച് പോയിണ്ടാവും..എന്തൊക്കെ പറഞ്ഞാലും ഓനൊരു പാവം ചെക്കനാണെന്നാണ് തോന്ന്ണത്‌ട്ടൊ...'

നൂറയുടെ വീട്ടില്‍ നിന്ന് രാത്രി തിരിച്ച് നടക്കുമ്പോള്‍ ഉമ്മച്ചി പെട്ടെന്ന് ചര്‍ച്ചയിട്ടപ്പോള്‍ ഫൈസലിന്റെ മുഖം വീണ്ടും മനസ്സിലേക്ക് തിരതള്ളി വന്നു.


'ആരെ കാര്യമാണ് ങ്ങള് പറയ്ണത്...!? '

പെട്ടെന്ന് മനസ്സിലാകാത്ത പോലെ അവള്‍ സുലൈഖാത്താനോട് ചോദിച്ചു.


'അന്റെ ആ ചെക്കന്‍ല്ല്യേ...എന്താ ഓന്റെ പേര് ഫൈസലോ....'

സുലൈഖാത്ത ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞു. പക്ഷെ, അന്റെ ആ ചെക്കന്‍ എന്ന് ഉമ്മച്ചി പറഞ്ഞപ്പോള്‍ അവളുടെ ഇടനെഞ്ചിന്റെ മൂലയില്‍ കോറിവലിച്ചത് പോലെ ഹൃദയം വിങ്ങി. 


പിന്നീട് അവളൊന്നും മിണ്ടിയില്ല. കൈകള്‍ രണ്ടും പിറകിലേക്ക് ചേര്‍ത്ത് പിടിച്ചു കൊണ്ട് തലയും താഴ്ത്തി ടാറിട്ട റോഡിലേക്ക് കൃത്യമായി കാണുന്നില്ലെങ്കിലും മുമ്പിലെന്തോ ഉള്ളത് പോലെ സങ്കല്‍പ്പിച്ചിട്ടെന്നപോലെ  വലതു കാലുകൊണ്ട് പതുക്കെ തട്ടി മുന്നോട്ട് നടന്നു.


വീട്ടിലെത്തിയതും റൂമില്‍ കയറി വാതിലടച്ച് കട്ടിലിലേക്ക് കയറി കണ്ണുകളടച്ചു കിടന്നു. ആ കിടന്ന കിടത്തമാണിത്. എത്രനേരമായിങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ടെന്ന് അവള്‍ക്ക് തന്നെയറിയില്ല. 


ഉമ്മച്ചി ഉറങ്ങിയിട്ടുണ്ടാവും. അവള്‍ പതുക്കെ പുറത്തേക്ക് ചെവി വട്ടം പിടിച്ചു കൊണ്ട് ശ്രദ്ധിച്ചു. 

ചെറുതായിട്ട് ചീവീടുകള്‍ ശബ്ദിക്കുന്നതല്ലാത്ത മറ്റു ശബ്ദങ്ങളൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല.


'അവനെ കുറിച്ചിനിയും ചിന്ത വരികയാണെങ്കില്‍ നീയെന്നെ വിളിച്ച് സംസാരിക്കണമെന്ന്'

 നൂറ ഒരുപാട് തവണ പറഞ്ഞതാണ്. പക്ഷെ, ഈ പാതിര നേരത്തിനി അവളെ വിളിച്ച് ബുദ്ധിമുട്ടാക്കുന്നതെങ്ങനെ. നൂറയെ വിളിക്കാനായി എടുത്ത ഫോണ്‍ അവള്‍  അവിടെ തന്നെ വെച്ചു. 


ഫൈസലിനെ കുറിച്ചുള്ള അവളുടെ ചിന്തകള്‍ വീണ്ടും കാടുകയറാന്‍ തുടങ്ങി. താനവനെ വേദനിപ്പിച്ചാണിറക്കിവിട്ടതെന്ന് അവളുടെ മനസ്സ്  മന്ത്രിക്കാന്‍ തുടങ്ങി. നീയെന്ത് ക്രൂരയാണെന്ന് അവള്‍ സ്വന്തത്തോട് തന്നെ ചോദിച്ചു.


കട്ടിലില്‍ എഴുന്നേറ്റിരുന്നു. ഫോണെടുത്ത് ഫൈസലിനെ വിളിച്ചാലോന്ന് മനസ്സ്  ആവര്‍ത്തിച്ച് ചോദിച്ചു കൊണ്ടിരുന്നു. പക്ഷെ, വേണ്ടായെന്ന് ഉള്ളില്‍ നിന്നാരോ  തടയുന്നത് പോലെ തോന്നി. 

അവള്‍ വാഷ്‌റൂമിലേക്ക് പോയി ഒന്ന് ഫ്രഷായതിന് ശേഷം വുളൂഅ് ചെയ്ത് തിരിച്ചു വന്നു. വുളൂഅ് ചെയ്താല്‍ ഒരുപാട് മാനസികോന്മേഷം ലഭിക്കുമെന്ന് നൂറ പറയാതെ തന്നെ അവളുടെ ചെയ്തികളില്‍ നിന്ന് കണ്ട് പഠിച്ചതാണ്. 


അല്ലാഹുവിനോട് ഉള്ളു തട്ടി പ്രാര്‍ത്ഥന നിര്‍വഹിച്ചാലും മനസ്സ് ശാന്തമാവും. അതും നൂറ തന്നെയാണ് പറഞ്ഞത്. കാരണം ഉറ്റവരോട് പറയാന്‍ പറ്റാത്ത വിഷയമാണെങ്കിലും അല്ലാഹുവിനോട് നമുക്ക് പറയാം. അവനത് മറ്റൊരാളോട് പങ്കുവെക്കില്ലെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെ പറഞ്ഞത് മറ്റാരെങ്കിലും അറിയും എന്നതോര്‍ത്തുള്ള ജാള്യതവേണ്ട.


 ജീവിതത്തിലെന്ത് നിസാര കാര്യമാണെങ്കിലും നിങ്ങളെന്നോട് ചോദിക്കണമെന്ന് അല്ലാഹുവിന്റെ കല്‍പനയുള്ളതാണ്.

ഉള്ളു തുറന്ന് സംസാരിക്കാനും അത് കേട്ടിരിക്കാനും ഒരാളുണ്ടാവുകയെന്നതിനെക്കാള്‍ വലിയ കൗണ്‍സിലിങ് ഇല്ലല്ലോ. 


അല്ലാഹു പറഞ്ഞതായിട്ട് ഹബീബ് ﷺ പറയുന്ന ഒരു ഹദീസുണ്ട്.


' ഓ, എന്റെ അടിമകളേ, ഞാന്‍ ഭക്ഷണം നല്‍കിയാലല്ലാതെ നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുകയില്ല, ഞാന്‍ വസ്ത്രം നല്‍കിയാലല്ലാതെ നിങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ധരിക്കുകയുമില്ല അതുകൊണ്ട് എന്നോട് നിങ്ങള്‍ ഭക്ഷണവും വസ്ത്രവും ആവശ്യമായതെല്ലാം ചോദിക്കൂ. ഞാനത് തരാം. നിങ്ങളുടെ മുന്‍ഗാമികളും പിന്‍കാമികളുമായ മനുഷ്യ-ജിന്ന് വര്‍ഗങ്ങള്‍ ഒരുമിച്ച് എന്നോട് ചോദിക്കുകയും ചോദിച്ചതെല്ലാം ഞാന്‍ കൊടുക്കുകയും ചെയ്താലും ഒരു സൂചി അനന്തമായ സമുദ്രത്തില്‍ മുക്കിയാല്‍ എത്രവെള്ളം കുറയുമോ

അത്രപോലും എന്റെ ഖജനാവില്‍ നിന്ന് കുറയുകയില്ല.'


സൂചിയും സമുദ്രവും നമുക്ക് മനസ്സിലാവാന്‍ വേണ്ടിയുള്ള ഒരുപമ പറഞ്ഞതാണത്ര.

 ഏതായാലും പടച്ചോന്റെ ഖജനാവ് വിശാലമാണ്. പക്ഷെ, ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെവേണം പ്രാര്‍ത്ഥിക്കാന്‍. അലസമായി പ്രാര്‍ത്ഥിക്കുന്നത് അല്ലാഹുവിനെ കളിയാക്കുന്നതിന് സമാനമാണ്. 

ഹബീബ് ﷺ തന്നെ ഒരിക്കല്‍ പറഞ്ഞു

' ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ നിങ്ങള്‍ അല്ലാഹുവിനോട് പ്രര്‍ത്ഥിക്കുക, നിങ്ങളറിയുക, അശ്രദ്ധമായ ഹൃദയത്തില്‍ നിന്ന് വരുന്ന പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കില്ല.'

നൂറയുടെ സ്റ്റഡീ ക്ലാസ് ഫൈറൂസയുടെ മനസ്സില്‍ റിവൈന്‍ഡ് ചെയ്തു.


കട്ടിലില്‍ കണ്ണുമടച്ചിരുന്ന് അവള്‍ വീണ്ടും ദുആ ചെയ്തു.


'റബ്ബേ...എനിക്ക് നീ ഖൈറിനെ വിധിക്കണേ....എന്റെ മനസ്സിന് നീ ശാന്തത നൽകണേ...ശൈത്വാനിയായ എല്ലാ ചിന്തകളില്‍ നിന്നും നീയെന്നെ കാക്കണേ...'

അവളുടെ കണ്ണുകളിലേക്ക് ഉറക്കം പതുക്കെ കയറി കൂടാന്‍ തുടങ്ങി. ആ മിഴികള്‍ പതുക്കയടഞ്ഞു.


***


'സാര്‍, ഞാനിറങ്ങുന്നു. നിങ്ങള്‍ അവരെ വിളിച്ച് സമ്മതമറിയിച്ചാല്‍ എന്നെയൊന്ന് വിളിച്ചറിയിക്കണേ...എന്നാലേ എന്റെ മനസ്സ് ഒന്ന് ശാന്തമാവുകയുള്ളൂ...'

ഫാതിഹിന്റെ വീട്ടില്‍ നിന്ന് ചായയും കുടിച്ചിറങ്ങാന്‍ നേരം ഫൈസല്‍ വീണ്ടും നൂറയുടെ വീട്ടിലേക്ക് വിളിച്ച് ഓകെ പറയാന്‍ വേണ്ടി കെഞ്ചുന്ന രൂപത്തില്‍ പറഞ്ഞു.


'ആടോ...ഞാന്‍ അവരെ വിളിച്ചതിന് ശേഷം നിന്നെ വിളിക്കാം...നീ ചെല്ല്...'

ഫാതിഹ് ഫൈസലിന്റെ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു.


'എന്നാല്‍ ശരി സാര്‍, വീണ്ടും കാണാം...അസ്സലാമു അലൈക്കും'

ഫൈസല്‍ ബൈക്കില്‍ കയറി യാത്ര പറഞ്ഞു.


***


ഫൈസലിന്റെ മനസ്സ് നിറയെ ഫൈറൂസയായിരുന്നു. താനവളെ ഒരുപാട് വേദനിപ്പിച്ചു. ഒന്നും വേണ്ടിയിരുന്നില്ല. ഇപ്പോ എന്തോ വല്ലാത്ത കുറ്റബോധമാണ്. എന്തോ ഒരു വാശിപ്പുറത്താണ് താനിതെല്ലാം ചെയ്തു കൂട്ടിയത്. 


നൂറയും ഡോക്ടറും തമ്മിലുള്ള കല്യാണം നടക്കുകയെന്നതാണ് അവളോട് ക്ഷമ ചോദിക്കുന്നതിനുള്ള ആദ്യ പടി. ആ ഒരു കാര്യം ആലോചിച്ചത് കൊണ്ട് മാത്രമാണ് ഇത്രയും റിസ്‌കെടുത്ത് ഡോക്ടറുടെ അഡ്രസും തപ്പിപ്പിടിച്ച് താനിതുവരെ വന്നത് തന്നെ.


ഇനിയൊരിക്കലും അവളുടെ പിറകെ ചെന്ന് ശല്യം ചെയ്യരുത്. മാന്യമായിട്ട് ജീവിച്ച് കാണിച്ചു കൊടുക്കണം. താന്‍ സന്തോഷത്തോടെ മാന്യമായി ജീവിക്കുന്നത് കാണാനാണ് അവള്‍ക്ക് സന്തോഷം എന്നല്ലേ  പറഞ്ഞത്. അതാണ് അവളുടെ ഇഷ്ടമെങ്കില്‍ അങ്ങനെയാവട്ടെ. ഇഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയെന്നതാണല്ലോ നമ്മുടെ കടമ.


ബൈക്കിലിരുന്ന് അവന്റെ ചിന്തകള്‍ ഫൈറൂസയോടൊപ്പം സഞ്ചരിച്ചു. കൈകളില്‍ കിടന്ന ബൈക്കിന്റെ ആക്‌സിലേറ്റര്‍ ഞെരിപിരി കൊണ്ടു. കാലുകളില്‍ ഗിയറ് തെന്നിമാറി കൊണ്ടേയിരുന്നു. തന്റെ മുമ്പിലെ ജങ്ഷനിലെ സിഗ്നല്‍ ലൈറ്റില്‍ ചുവപ്പ് സിഗ്നല്‍ മുനിഞ്ഞു കത്തുന്നത് അവന്‍ ശ്രദ്ധിച്ചില്ല.


***


ഫാതിഹ് സഫിയാത്തയോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഫൈസല് വന്നതും അവനും ഫൈറൂസയും തമ്മിലുള്ള അഫയറുമെല്ലാം. സഫിയാത്ത എല്ലാം അതിശയത്തോടെ കേട്ടിരുന്നു.


'ഉമ്മാ...എന്നാ നമുക്ക് ഈ ബന്ധം ഉറപ്പിച്ചൂടെ...ഇനിയിപ്പോ കൂടുതല്‍ ആലോചിക്കാനൊന്നുമില്ലല്ലോ...'

ഫാതിഹ് മയത്തില്‍ സഫിയാത്തയോട് ചോദിച്ചു.


'അതു ശരിയാ , നമുക്ക് ഈ ബന്ധം ഉറപ്പിക്കണം. എന്തേലും ഒരു മാര്‍ഗമുണ്ടേല്‍ ഈ ബന്ധം ഒഴിയരുത് എന്ന് ഞാന്‍ നിന്നോട് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു.'

സഫിയാത്ത തന്റെ സന്തോഷം തുറന്നു പറഞ്ഞു.


'എന്ന ങ്‌ള് ഓല്ക്ക് വിളിച്ച് പറഞ്ഞാളിം...ഞമ്മക്ക് ഓകെയാണെന്ന്...'

ഫാതിഹ് പറഞ്ഞ് തീരുന്നതിന് മുമ്പ് തന്നെ സഫിയാത്ത നൂറാന്റെ ഉമ്മയുടെ നമ്പറ് ഡയല്‍ ചെയ്ത് കഴിഞ്ഞിരുന്നു.


ഫാതിഹ് അവരുടെ സംസാരം കേള്‍ക്കാന്‍ കാത്തിരിക്കാതെ കോലായിലേക്ക് നടന്നു. പുറത്ത് കസേരയില്‍ ചെന്നിരുന്നു. അവന്റെ മനസ്സ് നിറയെ വിവാഹവും ആഘോഷവുമൊക്കെയാണ്. തന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. 

താനിത്രകാലം കണ്ട സ്വപ്നത്തിലെ തന്റെ ഖദീജ ബീവിയാകാന്‍ ഭാഗ്യം കിട്ടിയത് നൂറക്കാണ്. 

'അല്ലാഹുവേ...ഞാന്‍ കിനാകണ്ടത് പോലെ അവളെ നീയെനിക്ക് ഖദീജബീവിയെ പോലെയാക്കണേ...' 

ഫാതിഹ് അവിടെയിരുന്ന് ഉള്ളു തട്ടി പ്രാര്‍ത്ഥിച്ചു.


പെട്ടെന്ന് അവന് ഫൈസലിനെ ഓര്‍മ്മവന്നു. നൂറയുടെ വീട്ടിലേക്ക് വിളിച്ച് ഓകെ പറഞ്ഞ വിഷയം അവനെയൊന്ന് വിളിച്ച് പറഞ്ഞേക്കാം. അവനാകെ അപ്‌സെറ്റാണ്. ഫാതിഹ് ഫൈസലിന്റെ നമ്പറിലേക്ക് ഡയല്‍  ചെയ്തു. 

പൂര്‍ണ്ണമായും ഡയലായതിന് ശേഷം നമ്പര്‍ കട്ടായി. 

ഒരുപക്ഷെ, അവന്‍ ബൈക്കിലായിരിക്കും തിരിച്ചടിക്കുമ്പോള്‍ പറയാം എന്നോർത്ത് തിരിഞ്ഞതും  ഫൈസലിന്റെ നമ്പറില്‍ നിന്ന് തിരിച്ച് കോള്‍ വന്നു. 

ഫാതിഹ് ഫോണെടുത്ത് സലാം പറഞ്ഞു. പക്ഷെ, മറുതലക്കല്‍ ഫൈസലിന്റെ ശബ്ദമായിരുന്നില്ല.


'ഇത് ഫൈസലിന്റെ ആരാണ്....?'

ഒരു സ്ത്രീ ശബ്ദം .


'ഒരു സുഹൃത്താണ്....'

ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ഫാതിഹ് പറഞ്ഞു.


'നിങ്ങളെത്രയും പെട്ടെന്ന് ലൈഫ് കെയര്‍ ഹോസ്പിറ്റലിലേക്കൊന്ന് വരണം'

മറുതലക്കലുള്ള സ്ത്രീ ശബ്ദം ധൃതിപ്പെട്ടു.

'എന്തുപറ്റി, ഞാന്‍ ഡോക്ടര്‍ ഫാതിഹാണ്, എന്താണ് സംഭവമെന്ന് പറയൂ...'

ഫാതിഹ് പെട്ടെന്ന് ഗൗരവപ്പെട്ടു.


'ഹോ...ഇത് ഫാതിഹ് ഡോക്ടറാണോ....സാര്‍, ഒരാക്‌സിഡന്റ് കേസാണ്. തേക്കന്നൂര്‍ ജങ്ഷനില്‍വെച്ചാണെന്ന് തോന്നുന്നു. സിഗ്നല് ശ്രദ്ധിക്കാതെ റോഡ് ക്രോസ് ചെയ്ത ബൈക്കിനെ ഒരു ട്രക്ക് വന്നിടിച്ചതാണ്. വളരെ ക്രിട്ടിക്കലാണ്...രക്ഷപ്പെടുമോന്നറിയില്ല..'

നേഴ്‌സിന്റെ സംസാരം കേട്ട് ഒരു നിമിഷം ഫാതിഹിന്റെ നാവിറങ്ങി പോയി.


 ദിനേനയെന്നോണം ഹോസ്പിറ്റലില്‍ നിന്ന് ഒരുപാട് ആക്‌സിഡന്റ് കേസുകളും മരണങ്ങളും നേരിട്ടു കാണാറുള്ളതാണ്. പക്ഷെ, ആ മരണങ്ങളും ആക്‌സിഡന്റുകളുമൊന്നും ഫാതിഹിന് ഇത്രമാത്രം മരവിപ്പ് നല്‍കിയിരുന്നില്ല. കാരണം ഫൈസലിവിടെ നിന്ന് സലാം പറഞ്ഞിറങ്ങിയിട്ട് ഒരു മണിക്കൂര്‍ തികഞ്ഞിട്ടില്ല.! 

പെട്ടെന്ന് തലകറങ്ങി വീഴാനാഞ്ഞ ഫാതിഹ് വാതില്‍ കട്ടിലില്‍ ചാരി നിന്നു.

'സര്‍, ഇദ്ദേഹം നിങ്ങളുടെ റിലേറ്റിവാണെങ്കില്‍ പെട്ടെന്നൊന്നിവിടെ വരേ വരാമോ...'

സിസ്റ്റര്‍ തിരിച്ചൊന്നും പറയാത്തത് കണ്ടപ്പോള്‍ ചോദിച്ചു.

'ഒകെ...ഞാനിതായെത്തി....'

ഫാതിഹ് പെട്ടെന്ന് മറുപടി പറഞ്ഞു. അവന്‍ പെട്ടെന്ന് ഡ്രസ് ചെയ്ത് വീട്ടില്‍ നിന്നിറങ്ങി.


 ഒന്നും പറയാതെ ഇറങ്ങി പോകുന്ന ഫാതിഹിനെ സഫിയാത്ത മിഴിച്ച് നോക്കി.

'എന്താടാ...എന്തു പറ്റി...'

സഫിയാത്ത അവനോട് വിളിച്ച് ചോദിച്ചു. ഫാതിഹ് ഒന്നും പറയാതെ കാറ് സ്റ്റാര്‍ട്ട് ചെയ്ത് ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്തു.


( *തുടരും....*) ©️


🍀🍀🍀🍀🍀🍀🍀🍀🍀🍀🍀


 അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here