(PART 41) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔️Part-41⛔️
'നമുക്ക് കോളേജിലും മൗലിദ് സദസ്സ് സംഘടിപ്പിക്കണം..'
നിസ്‌കാര റൂമില്‍ തോരണംകെട്ടുന്നതിനിടക്ക് ഫര്‍സാന പറഞ്ഞു.
'പക്ഷെ, അതെല്ലാവര്‍ക്കും പറ്റുമോടീ...ആരേലും മൊടക്കം നിന്നാല്‍ പിന്നെ അതൊരു പ്രശ്‌നമാവില്ലേ...'
ഫൈറൂസ അവരുടെ കോളേജിലല്ലെങ്കിലും പൊതുവായി ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള ഒരാശങ്ക പങ്കുവെച്ചു.
'അതു ശരിയാ...പ്രത്യേകിച്ച് ആ എസ്.എഫ്.എമ്മുകാര്. അവരെങ്ങാനും പ്രശ്‌നത്തിന് വന്നാല്‍ പിന്നെ കുഴഞ്ഞതു തന്നെ'.
നൂറ ഫൈറൂസയുടെ ആശങ്കയെ ശരിവെച്ചു.
നിലവില്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഭരിക്കുന്നത് എസ്.എഫ്.എമ്മുക്കാരാണ്. പുരോഗമനപരമായ കാര്യങ്ങളാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്നാണവരുടെ വാദമെങ്കിലും മതപരമായ കാര്യങ്ങളോടവര്‍ക്കെന്തോ വല്ലാത്ത അലര്‍ജിയാണ്.
കോളേജിലേക്ക് പര്‍ദ്ദയിട്ട് വരുന്ന കുട്ടികളെ മാനസികമായി പീഡിപ്പിക്കുക,യൂണിയനു കീഴില്‍ നിരന്തരം ലിബറല്‍ ചിന്താഗതിക്കാരെ കൊണ്ട് വന്ന് ക്ലാസെടുപ്പിക്കുക. മതപരമായ എന്ത് കാര്യങ്ങളെയും കണ്ണുമടച്ച് ആക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അവരുടെ പ്രധാന അജണ്ഡയാണ്.
ഒരിക്കല്‍ എസ്.എഫ്.എമ്മിന്റെ ക്ലാസിലെ പ്രതിനിധിയായ ശ്രീലേഖ നൂറയോട് ചോദിച്ചതാണ്:
'ഇസ്ലാമിൽ സ്ത്രീകളെ വീടിനകത്ത് അടച്ചിടുന്ന പ്രവണത മറ്റുമതങ്ങളെ അപേക്ഷിച്ച് കൂടുതലാണല്ലേ... നിങ്ങളൊന്നുമെന്താ ഇതിനെതിരെ ശബ്ദിക്കാത്തത്...!? '
ചോദ്യം കേട്ടാല്‍ തോന്നും മുസ്ലിം സ്ത്രീകളുടെ വേദനയില്‍ സഹികെട്ട് എന്തേലും ചെയ്യാന്‍ വേണ്ടിയിട്ടാണ് ഇക്കൂട്ടരുടെ ഈ ആത്മാര്‍ത്ഥതയെന്ന്. അന്നവളോടൊരു കാര്യം തിരിച്ചു ചോദിച്ചതാണ്.
'അല്ല ശ്രീലേഖേ....ഒരാള്‍ക്ക് ഇഷ്ടപ്പെട്ടത് ചെയ്ത് ജീവിക്കാനുള്ള സ്വാതന്ത്രമുണ്ട് എന്നല്ലേ...നിന്റെ പാര്‍ട്ടി തന്നെ മുന്നോട്ട് വെക്കുന്ന പ്രധാന മുദ്രാവാക്യം. പിന്നെയെങ്ങെനെയാണ് പൊതു നിരത്തിലിറങ്ങലാണ് സ്ത്രീകളിഷ്ടപ്പെടുന്ന കാര്യമെന്ന തീര്‍പ്പില്‍ നിങ്ങളെത്തിയത്...!? ആരാണ് അതാണ് സ്ത്രീകളിഷ്ടപ്പെടുന്ന കാര്യമെന്ന് നിങ്ങളോട് പറഞ്ഞത്!? . വീട്ടിലിരുന്ന് മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയെ, അങ്ങനെ അകത്തിരിക്കല്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീയെ പലതും പറഞ്ഞ് അവളുടെ ഇഷ്ടങ്ങളില്‍ നിന്ന് വഴിതെറ്റിച്ച് വിടുകായെന്ന ക്രൂരതയല്ലേ നിങ്ങളു ചെയ്യുന്നത്.
ഈ റോഡിലിറങ്ങി നിങ്ങള്‍ക്ക് മുദ്രാവാക്യം വിളിക്കുന്ന സ്ത്രീകളൊന്നും സ്വന്തം ഇഷ്ടത്തിന് വിളിക്കുകയാണെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള് പാര്‍ട്ടിക്കാര് എന്ത് പറയും എന്നോർത്തുള്ള ജാള്യത കൊണ്ട് വിളിക്കുകയാണാവര്. ഉള്ളു തട്ടി നീ നിന്നോട് തന്നെ ഈ ചോദ്യമൊന്ന് ചോദിച്ച് നോക്കൂ..അപ്പൊ നിനക്ക് മനസ്സിലാവും എന്താണ് ഞാനീ ചെയ്‌തോണ്ടിരിക്കുന്നതെന്ന്...'
പെട്ടെന്ന് താനങ്ങനെ പ്രതികരിക്കുമെന്ന് ശ്രീലേഖ പ്രതീക്ഷിച്ചില്ലാന്ന് തോന്നുന്നു.
അവളൊന്ന് തൊണ്ട റെഡിയാക്കി ചോദിച്ചു:
'എന്നാലും അത് ചെയ്യരുത് ഇത് ചെയ്യരുത് അങ്ങോട്ട് നോക്കരുത് ചിലത് കുടിക്കരുത് ഇങ്ങനെ തുടങ്ങി നിര്‍ബന്ധിച്ച് വിരോധിക്കുന്നത് കുറച്ച് കടുപ്പമുള്ള കാര്യമല്ലേ...'
'എടീ...ഈ വിരോധനകളെയും കല്‍പനകളേയും ആദ്യമേ അറിയാവുന്ന ഒരു വ്യക്തി ഇതെല്ലാം അംഗീകരിക്കാന്‍ താന്‍ സന്നദ്ധനാണ് എന്നത് കൊണ്ടാണ് വിശ്വാസിക്കുന്നത്. ഇതിനെയൊന്നും അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള് വിശ്വസിക്കേണ്ടതില്ല. ഉദാഹരണമായി നിന്റെ പാര്‍ട്ടിയില്‍ മതവിശ്വാസിയാകാതിരിക്കുക എന്നത് അംഗത്വം നല്‍കാനുള്ള അടിസ്ഥാന മാനദണ്ഡമായി മുന്നോട്ട് വെക്കുന്നുണ്ടല്ലോ...'
നൂറ ഒരു നിമിഷം നിറുത്തി അവളുടെ മുഖത്തേക്ക് നോക്കി.
'ആ...ഉണ്ട്'
ശ്രീലേഖ പതുക്കെ പറഞ്ഞു.
'അഥവാ വിശ്വാസിയായ ഒരാള്‍ ഈ പാര്‍ട്ടിയിലേക്ക് വരേണ്ടതില്ലായെന്ന് തന്നെയാണ് നിങ്ങളുടെ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന പ്രധാന കാര്യം. ഇതുപോലെ ഓരോ മതങ്ങളും തങ്ങളുടെ കല്‍പനകളും വിരോധനകളും ആദ്യമേ മുന്നോട്ട് വെച്ചിട്ടുണ്ട്. അതംഗീകരിക്കാന്‍ സാധിക്കുന്നവര്‍ മാത്രമേ അതില്‍ വിശ്വസിക്കേണ്ടതുള്ളൂ...അല്ലാതെ നിര്‍ബന്ധിച്ച് നിങ്ങളിതംഗീകരിക്കണമെന്നല്ല ഇസ്ലാം പറയുന്നത്. മറിച്ച് നിങ്ങള്‍ സമ്പൂര്‍ണ്ണ വിശ്വാസിയാവാന്‍ ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ നിങ്ങളിന്നാലിന്ന കാര്യങ്ങള്‍ ചെയ്യണം ഇന്നാലിന്ന കാര്യങ്ങള്‍ ചെയ്യരുത് എന്നാണ്. ആ കാര്യങ്ങളെ സ്വയമേവ ഇഷ്ടപ്പെട്ടത് കൊണ്ടുതന്നെയാണ് ലോകത്ത് ഇക്കണ്ട സ്ത്രീകളെല്ലാം ഇസ്ലാമംഗീകരിക്കുന്നത്. അതോണ്ട് അവരെ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ സമ്മതിക്കലാണ് വ്യക്തിസ്വാതന്ത്ര്യം. അതല്ലാതെ നിങ്ങളീ ചെയ്തു കൂട്ടുന്നതെല്ലാം അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്.'
നൂറയുടെ ചിന്തകള്‍ വീണ്ടും കാടുകയറുകയായിരുന്നു.
പെട്ടെന്ന് ഫര്‍സാന
പറഞ്ഞു:
'അതൊന്നുമില്ലാ...കോളേജിലാണേല്‍ ഓരോ ദിവസം ഓരോരുത്തരുടെ ചരമദിനവും അനുസ്മരണവുമെല്ലാം സ്റ്റുഡന്‍സ് യൂണിയന് കീഴിലും മറ്റ് സംഘടനകള്‍ക്ക് കീഴിലുമെല്ലാം നടക്കാറില്ലേ.
അതുപോലെ നമ്മള് കുറച്ച് കുട്ടികള്‍ കൂടിയിരുന്ന് ഒരു -റബീഅ് തിങ്ക് താങ്ക്- അങ്ങ് സംഘടിപ്പിക്കണം...ആരേലും മൊടക്കം പറയോന്ന് നോക്കാലോ..'
ഫര്‍സാന ഒരാവേശത്തിലങ്ങു പറഞ്ഞു.
അത് നല്ലൊരാശയമാണെന്ന് നൂറക്കും തോന്നി. വെറുതെ ഫ്രീ ടൈമിലെപ്പോഴെങ്കിലും ഒരു ഫസ് ല് മൗലിദ് ചൊല്ലാന്‍ സാധിച്ചാല്‍ ഒരുപക്ഷെ പല കുട്ടികള്‍ക്കും അതൊരു നവ്യാനുഭവമാവും. ആശങ്കകളും പ്രതിസന്ധികളും ആലോചിച്ചോണ്ടിരുന്നാല്‍ ഈ ലോകത്ത് പിന്നെയൊന്നും നടക്കുകയില്ല. അതോണ്ട് സന്നദ്ധമായി മുന്നോട്ട് വരികയെന്നത് തന്നെയാണ് ഏകമാര്‍ഗം.
'നമുക്കാലോചിക്കാടി...വേണേല്‍ നമുക്ക് സുല്‍ഫിയാത്താനോടും പറയാം...'
നൂറ ഫര്‍സാനയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
അവസാന വര്‍ഷ അറബിക്ക് വിദ്യാര്‍ത്ഥിനിയാണ് സുല്‍ഫിയ. കോളേജില്‍ അത്യാവശ്യം ദീനീ ബോധത്തില്‍ ജീവിക്കുന്ന ഒരു കുട്ടിയാണ് സുല്‍ഫിയായെന്ന് നൂറക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
അതോടൊപ്പം തന്നെ പഠിക്കാന്‍ വളരെ മിടുക്കിയായതിനാല്‍ തന്നെ കോളേജില്‍ നല്ല റെപ്യൂട്ടേഷനുമുണ്ട്. കാരണം കഴിഞ്ഞ യൂണിവേഴ്‌സിറ്റി കലോല്‍സവത്തില്‍ അവർ പങ്കെടുത്ത മത്സരങ്ങളിലെല്ലാം അവര്‍ക്കായിരുന്നു ഫസ്റ്റ്. പത്രങ്ങളിലെല്ലാം അവരെ കുറിച്ച് ഫീച്ചറുകള്‍ വന്നിരുന്നു. അതോണ്ട് കോളേജില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുല്‍ഫിയാത്താനെ അറിയാത്തവര്‍ കുറവാണ്.
'അത് നല്ലൊരു ഐഡിയാണ്....വേണേല്‍ മൗലിദിന് ശേഷം ചെറിയ എന്തേലും മധുരം വിതരണം ചെയ്താല്‍ കുട്ട്യോളെല്ലാരും ചീരണി വാങ്ങാനേലും വരും. അങ്ങനെയെങ്കിലും രണ്ടാള് സ്ഥിരമായി വന്നാല്‍ തന്നെ നമ്മടെ പരിപാടി വിജയിച്ചില്ലേ....'
ഫര്‍സാനയുടെ ബുദ്ധി വീണ്ടും അത്ഭുതപ്പെടുത്തി.
'നീയേതായാലും സുല്‍ഫിയാത്തയുടെ നമ്പറൊപ്പിച്ച് ഒന്നു വിളിച്ചു ചോദിക്ക്. അവരുടെ അഭിപ്രായം കൂടി കിട്ടിയാല്‍ പിന്നെ നമുക്ക് നാളെ തന്നെ സദസ്സ് സംഘടിപ്പിക്കാനുള്ള കാര്യങ്ങളാലോചിക്കാം....'
നൂറക്കും ആവേശമായി.
'ഓരെ നമ്പര്‍ ഞാന്‍ ഗ്രൂപ്പിലൊന്ന് ചോദിക്കട്ടെ, ആരുടേലും കയ്യിലുണ്ടാവും'.
ഫര്‍സാന കോളേജ് ഗ്രൂപ്പില്‍ സുല്‍ഫിയാത്തയുടെ നമ്പറാര്‍ക്കെങ്കിലും അറിയുമോന്ന് ചോദിച്ച് ഒരു മെസ്സേജിട്ടു.
നമ്പറ് കിട്ടി, സുല്‍ഫിയക്ക് വിളിച്ച് അവള്‍ കാര്യങ്ങളവതരിപ്പിച്ചു. സംഗതിയൊക്കെ നല്ല ആശയമാണ്. പക്ഷെ, സുറ്റഡന്‍സ് യൂണിയന്‍ പ്രശ്‌നമുണ്ടാക്കുമോയെന്ന ആശങ്ക തന്നെയാണ് സുല്‍ഫിയയും പങ്കുവെച്ചത്. 'ഞാനേതായാലും മറ്റുള്ളവരുമായിട്ടൊന്ന് ചര്‍ച്ച ചെയ്യട്ടെ, എന്നിട്ടാലോചിക്കാം നമുക്ക്' എന്നു പറഞ്ഞാണ് സുല്‍ഫിയാത്ത ഫോണ്‍ വെച്ചത്.
***
മഗ് രിബ് നിസ്‌കാര ശേഷം അവരെല്ലാവരും മൗലിദ് ചൊല്ലാനിരുന്നു. ആയിശാത്തയുടെ നിര്‍ബന്ധപ്രകാരം ഫൈറുസ വീട്ടിലേക്ക് വിളിച്ച് സുലൈഖാത്തയോടും വരാന്‍ പറഞ്ഞു.
പുണ്യറബീഇലെ ആദ്യ മൗലിദ് സദസ്സ്. അന്തരീക്ഷത്തിലാകമാനം ആഘോഷത്തിന്റെ പ്രതീതി. നൂറയുടെ മനസ്സ് സന്തോഷാധിക്യത്താല്‍ നിറഞ്ഞു തുള്ളി.
മൗലിദ് സദസ്സിന് മുമ്പ് പതിവ് സ്വലാത്ത് സദസ്സുകളെ പോലെ തന്നെ ഉപ്പച്ചിയുടെ ചെറിയൊരു ക്ലാസുമുണ്ട്. ഇന്നെന്തോ ഉപ്പച്ചി ഭയങ്കര താത്വികമായിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നതെന്ന് തോന്നുന്നു. കാരണം കര്‍ട്ടന് പുറത്തിരിക്കുന്ന ഉപ്പച്ചി വളരെ സാവധാനം ചിന്തയിലാണ്ടു കൊണ്ടാണ് സംസാരിക്കുന്നത്.
ഉപ്പച്ചി സംസാരം തുടങ്ങിയപ്പോള്‍ തന്നെ ഇന്നത്തെ തങ്ങളുടെ സംസാരവുമായി ബന്ധപ്പെട്ട വിഷയങ്ങളാണല്ലോ ഇതെന്ന് നൂറയുടെ ഉള്ള് മന്ത്രിച്ചു. അവള്‍ ഉപ്പച്ചിയെ തന്നെ ശ്രദ്ധിച്ചിരുന്നു.
'നാസ്തിക വാദികള്‍ വിശ്വാസികളോട് ചോദിക്കുന്ന ചോദ്യങ്ങളാണ്, മതം വല്ലപ്പോഴും നിങ്ങള്‍ക്ക് തടസ്സമായിട്ടുണ്ടോ? അത് ചെയ്യരുത്,അങ്ങോട്ട് നോക്കരുത്, നിങ്ങള്‍ എന്ത് കുടിക്കണം ഇങ്ങനെ വിലക്കുകളുടെ ലോകത്ത് എങ്ങെനെയാണ് ജിവിതമാസ്വധിക്കാന്‍ സാധിക്കുന്നത്? '
കേള്‍ക്കുന്നവര്‍ക്ക് ചിന്തിക്കാനാണെന്ന് തോന്നുന്നു അല്‍പ സമയം നല്‍കിയതിന് ശേഷം ഉപ്പച്ചി വീണ്ടും തുടര്‍ന്നു:
'ഈ പുണ്യ റബീഇല്‍ ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തല്‍ വളരെ ലളിതമാണ്.
... മൗനം. ശേഷം തുടർന്നു
"നിങ്ങള്‍ വല്ലവരെയും പ്രണയിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍, അത്തരം ഒരാള്‍ക്ക് മുസ്‌ലിമിനോടിത്തരത്തിൽ ചോദിക്കാന്‍ സാധിക്കുകയില്ല. കാരണം പ്രണയികള്‍ക്കറിയാം പ്രേമഭാജനത്തോടെങ്ങെനെയാണ് പെരുമാറേണ്ടതെന്ന്. അവളാവശ്യപ്പെടുന്നതൊന്നും അവന്‍ നിഷേധിക്കുകയില്ല.
'എനിക്കാ ചന്ദ്രനെ വേണമെ'ന്ന് അവള്‍ മാനത്ത് ചൂണ്ടി പറഞ്ഞാല്‍ പോലും സാധിക്കില്ലെങ്കിലും
'എനിക്കാവില്ല'
എന്ന നിഷേധ ഭാവം കാണിക്കാന്‍ പ്രണയിക്കുന്നവര്‍ പരസ്പരം തയ്യാറാകില്ല. അങ്ങനെ ചെയ്താല്‍ അവരുടെ പ്രണയം പരിപൂര്‍ണ്ണമല്ലാ എന്നാണ് പ്രണയ തത്വം. കാരണം പ്രണയം എന്നാല്‍ പരസ്പരമുള്ള സമര്‍പ്പണമാണ്. പക്ഷെ ഒന്നുണ്ട്, യഥാര്‍ത്ഥപ്രണയികള്‍ ഒരിക്കലും പരസ്പരം പ്രയാസപ്പെടുത്തുന്നതൊന്നും ആവശ്യപ്പെടുകയില്ല. '
ഉപ്പച്ചി വീണ്ടും നിറുത്തി. ഉപ്പിച്ചിയുടെ മുഖത്തിപ്പോള്‍ ചെറിയൊരു ചിരിവിടരുന്നത് ഉപ്പച്ചിയെ കാണുന്നില്ലെങ്കിലും മറക്കിപ്പുറത്തിരിക്കുന്ന നൂറക്ക് വ്യക്തമായി മനസ്സില്‍ കാണാം.ഉപ്പച്ചി തുടർന്നു.
'ഇത് പോലെയാണ് ഇസ്‌ലാമും വിശ്വാസികളും. കാരണം ഇസ്‌ലാം എന്നത് മുസ്‌ലിം എന്ന പ്രണയിനിക്ക് അവന്റെ പ്രേമഭാജനം നല്‍കിയ പ്രണയ സമ്മാനമാണ്. അതു കൊണ്ട് തന്നെ പ്രയാസപ്പെടുത്തുന്നതൊന്നും അതില്‍ ആവശ്യപെടുകയോ നിര്‍ദേശിക്കുകയോ ചെയ്യില്ലെന്നുറപ്പാണ്. പിന്നെ എങ്ങനെ ഈ മതം ഒരു വിശ്വാസിക്ക് ഭാരമാവും!? ഇത്രയേ വിശ്വാസികള്‍ മതത്തിന്റെ വിധി വിലക്കുകളെ കുറിച്ച് ആലോചിക്കൂ.'
നൂറ ഫർസാനയുടെ മുഖത്തേക്ക് നോക്കി.' അത് ശരിയാണല്ലോ 'എന്ന ഭാവത്തില്‍ അവൾ തിരിച്ച് നൂറയേയും നോക്കി. ഉപ്പച്ചി തുടര്‍ന്നു.
"വിശ്വാസികളുടെ പ്രണയത്തിന്റെ ആഴവും പരപ്പും അറിയാത്തവരായി ആരെങ്കിലുമുണ്ടോ? 'ലോകത്തുള്ള മറ്റെല്ലാത്തിനെക്കാളുമുപരി നിങ്ങളെന്നെ സ്‌നേഹിക്കണം' എന്ന് പറയാന്‍ അര്‍ഹതയുള്ള ഒരു വ്യക്തി പ്രഭാവമേ ലോകത്തുണ്ടാവൂ.
കാരണം ആ വ്യക്തിത്വത്തെ വെല്ലുന്ന മറ്റൊരാള്‍ക്കും ലോകത്തൊരുമ്മയും ജന്മം നല്‍കിയിട്ടില്ല. ഇനിയൊട്ട് ജന്മം നല്‍കുകയുമില്ല. അതാണ് അഷ്‌റഫുല്‍ ഖല്‍ഖ്ﷺ. അവിടുത്തേക്ക്ﷺ അങ്ങനെ ചോദിക്കാനര്‍ഹതയുണ്ട്. കാരണം ലോകത്തുള്ള സകല സൃഷ്ടി ചരാചരങ്ങളും സൃഷ്ടിക്കപ്പെടാനുള്ള നിദാനം തന്നെ അവിടുന്നാണ്.
ഹബീബോരെ ﷺമാറ്റി നിര്‍ത്തി ലോക ചിത്രം വരച്ചെടുക്കാന്‍ ഒരു ചിത്രകാരനും സാധ്യമല്ല. അവിടുന്ന്ﷺ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ പ്രപഞ്ച സങ്കല്‍പം തന്നെ ഉണ്ടാകുമായിരുന്നില്ല. അനുചരന്മാരെ ജീവനെക്കാളേറെ സ്‌നേഹിച്ച അഷ്‌റഫുല്‍ ഖല്‍ഖ് ﷺഅവരുടെ അന്തിമ വിജയം മുന്നില്‍ കണ്ടു കൊണ്ട് നമ്മളോടാവശ്യപെട്ടു:
'നിങ്ങളെന്നെ സ്‌നേഹിക്കണം'.
ഹബീബിന് വേണ്ടിയല്ല അങ്ങനെ ആവശ്യപ്പെട്ടത്. കാരണം അവിടുന്ന് അല്ലാഹുവിന്റെ ഹബീബാണ്.ഹബീബിനെﷺ സ്‌നേഹിച്ചവരെ മെഹ്ബൂബ് തള്ളുകയില്ല.
ജീവിക്കുന്നവര്‍ മരിച്ചവരെ പ്രണയിച്ചതായി നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടാകാന്‍ വഴില്ല. കാരണം പ്രണയം രൂപപ്പെടുന്നത് പരസ്പര ദര്‍ശനങ്ങളില്‍ നിന്നും ഇടപെടലുകളില്‍ നിന്നുമാണ്. കൂടാതെ ഭൗതിക പ്രണയങ്ങളുടെ പര്യവസാനം മിക്കവാറും സംസര്‍ഗത്തിലായിരിക്കും. എന്നാല്‍ പ്രവാചക പ്രണയം ഇതിന് വിപരീതമാണ്. ഭൗതികലോകത്ത് ജീവിക്കുന്ന വിശ്വാസി ലക്ഷങ്ങളാണ് ഇഹലോകവാസം വെടിഞ്ഞ തിരുനബിﷺയെ പ്രണയിക്കുന്നത്. ഇതിലൊരിക്കലും സംസര്‍ഗ സുഖം അനുഭവിക്കാനും സാധ്യമല്ല.
പ്രവാചക പ്രണയത്തിന്റെ പര്യാവസാനം സ്വര്‍ഗത്തിലാണ്. അവിടെ വച്ചേ പ്രണയികള്‍ പരസ്പരം ശാരീരികമായി സന്ധിക്കൂ.
നിങ്ങള്‍ പ്രവാചക പ്രണയ കാവ്യങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. അവയില്‍ മിക്കവാറും നിരാശ പര്യവസാനമുള്ളവയും മറ്റൊരു ലോകത്ത് ഒത്ത്കൂടാനുള്ള പ്രതീക്ഷ നിറഞ്ഞതുമായിരിക്കും. ഇതിന്റെ കാരണമെന്താണ്? ഈ ലോകത്തിനി ഹബീബിﷺനോടൊത്ത് കൂടാനോ നേരിട്ടൊരു നോക്ക് കാണാനോ സാധിക്കില്ലല്ലോ എന്നതിലുള്ള നിരാശയും പാരത്രിക ലോകത്ത് നമുക്ക് ഒത്ത് കൂടാം എന്നതിലുള്ള പ്രതീക്ഷയുമാണത്.
പ്രണയത്തിന് മുമ്പില്‍ ആക്ഷേപങ്ങക്കോ പരിഹാസങ്ങള്‍ക്കോ സ്ഥാനമില്ല അത് കൊണ്ടാണ് ഇമാം ബൂസ്വീരി തന്റെ ഖസീദത്തുല്‍ ബുര്‍ദയിലൂടെ തന്നെ ആക്ഷേപിക്കുന്നരോട് പറഞ്ഞത്.
'ഉദ്‌രിയ്യ് ഗോത്രത്തിന് സമാനമായ എന്റെ പ്രണയത്തില്‍ എന്നെ ആക്ഷേപിക്കുന്നവരെ എനിക്ക് പറയാനുള്ളത് നിങ്ങള്‍ കേള്‍ക്കൂ. താങ്കള്‍ നിഷ്പക്ഷമായി ചിന്തിച്ചിരുന്നുവെങ്കില്‍ എന്നെ ആക്ഷേപിക്കുമായിരുന്നില്ല'.
വഫാത്തായ ഹബീബിﷺന്റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ജീവിച്ച് തീര്‍ത്തവരുടെ പ്രണയ ചരിതങ്ങള്‍ കാണാം.
തിരുനബിﷺ വഫാത്തായി, സിദ്ധീഖ് തങ്ങള്‍ മക്കത്തേക്ക് മടങ്ങി വരികയാണ്. സന്തോഷാധിക്യം കൊണ്ട് കൂടി നില്‍ക്കുന്നവര്‍ തിരുനബിﷺയുടെ കൂട്ടുകാരന്‍ വരുന്നു എന്നുപറഞ്ഞാവേശം കൊണ്ടു. ഇത് കേള്‍ക്കേണ്ട താമസം മഹാനവര്‍കളുടെ ഇരുനയനങ്ങളും ചാലിട്ടൊഴുകി.
എന്തേനിങ്ങള്‍ കരഞ്ഞത്? മഹാനവര്‍കളോട് ചോദിക്കപെട്ടു. സിദ്ധീഖ് തങ്ങള്‍ പറഞ്ഞു:
നിങ്ങള്‍ എന്നെ അബൂബക്കറേ എന്നോ അബീ ഖുഹാഫയുടെ മകനേ എന്നോ വിളിച്ചിരുന്നുവെങ്കില്‍ ഞാന്‍ കരയുമായിരുന്നില്ല.
മറിച്ച് നിങ്ങളെന്നെ ഹബീബിﷺലേക്ക് ചേര്‍ത്ത് വിളിച്ചുവല്ലോ, അന്നേരം തിരുനബിﷺ ഒന്നാകെ എന്റെ മനസ്സിലേക്ക് വന്നു അതാണ് ഞാന്‍ കരയാനുള്ള കാരണം.താന്‍ കാണുന്നതിലും ഒര്‍ക്കുന്നതിലും സ്പര്‍ശിക്കുന്നതിലും എല്ലാം തന്റെ പ്രേമഭാജനത്തെ ദര്‍ശിക്കുക!.പ്രണയത്തിന്റെ ഏറ്റവും മൂര്‍ത്തീമല്‍ഭാവമായ അവസ്ഥയാണിത്. ഇതാണ് പ്രവാചക പ്രണയികളിലെ ആദ്യകാരിലൊരാളായ സിദ്ധീഖ് തങ്ങള്‍ക്കുണ്ടായത്.
പ്രവാചകനുചരന്മാരുടെ പ്രണയം മനസ്സിലാക്കണമെങ്കില്‍ മദീനയില്‍ ചെന്ന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നിയുക്തനായ ഉര്‍വത്ത് ബനു മസ്ഊദിന്റെ ദൃക്‌സാക്ഷി വിവരണം കേട്ടാല്‍ മതിയാവും. ചെയ്ത ജോലി ചാരവൃത്തിയെങ്കിലും ഉര്‍വത്ത് സത്യ സന്ധനായിരുന്നു.അദ്ദേഹം പറയുന്നു:
'മുഹമ്മദ് ഒന്ന് തുപ്പിയാല്‍ ആദര പൂര്‍വ്വം അവരത് കയ്യിലേറ്റ് വാങ്ങുന്നു, മുഖത്തും മേനിയിലും പുരട്ടുന്നു. അദ്ദേഹമെന്തെങ്കിലും ഉത്തരവിട്ടാല്‍ ഉടനടി നിര്‍വഹിക്കപെടുന്നു. അംഗ ശുദ്ധി വരുത്തിയതിന്റെ ശിഷ്ട ജലത്തിന് വേണ്ടിപോലും എന്തൊരു തിക്കും തിരക്കുമാണ്.! എന്റെ ജനങ്ങളെ , ഞാന്‍ കിസ്‌റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും തുടങ്ങി ഒട്ടനവധി രാജാക്കന്മാരുടെ ദര്‍ബാറുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട് . എന്നാല്‍ ഇവരില്‍ ഒരാളെയും മുഹമ്മദിനെ അനുചരന്മാര്‍ ആദരിക്കുന്നത് പോലെ ആദരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.!
ഹബീബിﷺന്റെ പ്രണയ വൃത്തത്തിനകത്തിരിക്കുന്ന ആര്‍ക്കും ഉര്‍വത്ത് പറഞ്ഞതില്‍ അത്ഭുതം തോന്നുകയില്ല. കാരണം ഹബീബ്ﷺ അങ്ങെനെയായിരുന്നു. അധികാര ഭാവത്തില്‍ നിന്ന് രൂപപ്പെടുന്ന അനുസരിപ്പിക്കലായിരുന്നില്ല ഹബീബിന്റേത്.
തിരുനബിﷺയില്ലാത്ത മദീനയില്‍ തങ്ങാനാവില്ലെന്ന് പറഞ്ഞ് നാടുവിട്ട ബിലാല്‍ (റ) സ്വപ്നത്തിലൂടെയുള്ള തിരുദര്‍ശനം കാരണമായിട്ട് വീണ്ടും മദീനയിലെത്തി. പ്രവാച കാലത്ത് മദീനയിലെ മണല്‍ തരികളെ കോള്‍മയിര്‍ കൊള്ളിച്ചിരുന്ന ആ ശബ്ദ മാധുരി കേള്‍ക്കാന്‍ അവര്‍ അദ്ദേഹത്തോടപേക്ഷിച്ചു. അവസാനം അദ്ദേഹം തയ്യാറായി. ആ ബാങ്കൊലി വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. എല്ലാവരും തിരുനബിﷺയുടെ പുഷ്‌പ കാലം തിരിച്ച് വന്നിരിക്കുന്നു എന്ന് കരുതി മദീനാ പള്ളിയിലേക്ക് വെച്ച് പിടിച്ചു.
പക്ഷെ, ബിലാലിന് ആ ബാങ്ക് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. തിരുനബിﷺയുടെ നാമം ഉച്ചരിച്ചപ്പോള്‍ ബിലാല്‍ (റ) മനസ്സിലേക്ക് ഹബീബിﷺഇല്ലാത്ത മദീന പള്ളിയുടെ മിഅ്‌റാബ് ഓടി വന്നു.തല്‍ക്ഷണം അവിടുന്ന് ബോധരഹിതനായി വീണു.
ഇതുപോലെ പ്രണയികളുടെ ചരിത്രം പറഞ്ഞു തീര്‍ക്കാന്‍ സാധിക്കില്ല. അവിടുത്തെ ഹദീസുകളുദ്ധരിക്കുമ്പോള്‍, ആ തിരു നാമം ഉച്ചരിക്കുമ്പോള്‍ ,പ്രവാചകരുമായി ബന്ധപെട്ട എന്തെങ്കിലും കണ്ണിലുടക്കുമ്പോള്‍ ഹൃദയവും മനസ്സും അവിടുത്തെ ഓര്‍മകള്‍ കൊണ്ട് നിറഞ്ഞ് തുളുമ്പി മറ്റൊന്നും ചിന്തിക്കാന്‍ സാധിക്കാതെ മോഹലാസ്യപ്പെട്ട് വീണ നിരവധി പ്രണയികളിനിയുമുണ്ട്.
പൂര്‍വ്വ സൂരികളില്‍ പ്രമുഖനായ അബൂബക്കറുല്‍ ബഗ്ദാദി(റ) ഇതിലൊരുദാഹരണമാണ്. സ്വലാത്ത് ചൊല്ലി ചൊല്ലി തിരു നബിﷺ മദീനയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട വ്യക്തിയാണ് മഹാനവര്‍കള്‍.
കാരണമെന്തെന്നോ അദ്ദേഹമെങ്ങാനും മദീനയിലെത്തിയാല്‍ തിരുനബിﷺക്ക് റൗളാ ശരീഫില്‍ സ്വസ്ഥമായി കിടക്കാന്‍ സാധിക്കുകയില്ല.
ഹബീബ് ﷺതന്നെ അങ്ങേയറ്റം പ്രണയിക്കുന്ന അബൂബക്കറുല്‍ ബഗ്ദാദിയെ സ്വീകരിക്കാന്‍ തിരുറൗളയില്‍ നിന്ന് പുറത്തിറങ്ങും. അങ്ങനെ സംഭവിച്ചാല്‍ അത് പല പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും. അത്‌കൊണ്ടു തന്നെ തിരുനബിﷺ രാജാവിന് സ്വപ്‌നദര്‍ശനം നല്‍കി. ഇന്നാലിന്ന വ്യക്തി മദീനയില്‍ പ്രവേശിക്കുന്നത് തടയണം .അങ്ങെനെയാണ് അബൂബക്കറുല്‍ ബഗ്ദാദിയുടെ മദീനാപ്രവേശം തടയപ്പെടുന്നത്.
മണ്ണും വിണ്ണും വചസ്സും വപുസ്സും എല്ലാം തിരുറൗളയിലേക്ക് തിരിഞ്ഞിരിക്കുകയാണ് .അവിടുന്ന് മാത്രമാണ് ഇനി നമുക്ക് മുമ്പില്‍ രക്ഷപ്പെടാനുള്ള പിടിവള്ളി.സ്വലാത്തും മാലയും മൗലിദും ചൊല്ലിയും അവിടുത്തെﷺ അപദാനങ്ങള്‍ പാടിയും പറഞ്ഞും തിരു സ്‌നേഹം പിടിച്ച് പറ്റണം. എന്നിട്ട് അവിടുത്തോടൊപ്പം നാളെ സ്വര്‍ഗത്തിലൊരുമിച്ച് കൂടണം."
ഉപ്പച്ചി പറഞ്ഞു നിറുത്തി. ഒഴുകി കൊണ്ടിരിക്കുന്ന ഒരു നദി പെട്ടെന്ന് നിലച്ചത് പോലെ, കുറച്ചു കൂടെ സമയം പറഞ്ഞിരുന്നെങ്കിലെന്ന് നൂറയുടെ മനസ്സ് വെമ്പല്‍ കൊണ്ടു.
( *തുടരും....*)
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment