(PART;3) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ💖

 

⛔️Part-3⛔️

▪️▪️▪️▪️▪️▪️▪️▪️▪️▪️


സമയം പുലര്‍ച്ചെ നാലുമണി കഴിഞ്ഞ് മുപ്പത് മിനുട്ട്. നിറുത്താതെയടിക്കുന്ന അലാറത്തിലേക്ക് നോക്കി അവള്‍ ഞെട്ടിപിടഞ്ഞെഴുന്നേറ്റു. 


"അല്‍ ഹംദുലില്ലാഹില്ലദി അഹ് യാനാ ബഅ്ദ മാ അമാത്തന വ ഇലൈഹിന്നുശൂര്‍..."

(الحمد لله الذي أحيانا بعدما أماتنا وإليه النشور) 


അവളുടെ ചുണ്ടുകള്‍ യാന്ത്രികമെന്നോണം ചലിച്ചു. ഓര്‍മ്മവെച്ച നാള്‍ മുതലേ ഇങ്ങനെയാണ് എഴുന്നേൽ ക്കാർ കൊച്ചിലെ ഉപ്പച്ചി ചൊല്ലി പഠിപ്പിച്ചതാണ് `


അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് ബാത്‌റൂമിന് നേരെ നടന്നു. തഹജ്ജുദും പതിവ് ആരാധന കര്‍മങ്ങള്‍ക്കും ശേഷം അരമണിക്കൂര്‍  വ്യായാമം പതിവാണ്. ഒന്നു രണ്ട് പതിവ് എക്‌സസൈസ് ചെയ്ത് ശരീരം ഒന്ന് വാമപ്പ് ആക്കിയ ശേഷം ഒരു പത്ത് മിനിറ്റ് മനസ്സില്‍ മറ്റു ചിന്തകള്‍ക്കൊന്നും ഇടം കൊടുക്കാതെ അവളങ്ങനെ കണ്ണുമടച്ചിരിക്കും. ഉപ്പച്ചിയാണ് ഇതിലും അവൾക്ക് മാതൃക. 


 സുബ്ഹ് നമസ്കാരവും പതിവ് ചര്യകളും കഴിഞ്ഞാൽ ഉപ്പച്ചിക്കൊരു ഇരുത്തമുണ്ട്. കാണുന്നവർ വിചാരിക്കും ആയാൾ ആ ഇരുത്തത്തിൽ തന്നെ അവിടെ ഉറച്ച് പോയതാണെന്ന്. കൊച്ചിലൊരിക്കൽ എത്ര വിളിച്ചിട്ടും വിളികേൾക്കാതെ ശില പോലിരിക്കുന്ന ഉപ്പച്ചിയോട് ദേഷ്യം പിടിച്ച് പുറത്ത് പാഞ്ഞു കേറീട്ട് ചോദിച്ചു : 

"ഈ ഉപ്പച്ചിയെന്താ... പൊട്ടനാണോ...!? എന്തിനാണിങ്ങനെ മിണ്ടാണ്ടിരിക്കുന്നത്...? "


അപ്രതീക്ഷിതമായുണ്ടായ  തള്ളലിൽ പിറകോട്ട് വീഴാനാഞ്ഞ ഉപ്പച്ചി ഒരു നിമിഷം ഒന്ന് ഞെട്ടിയതിന് ശേഷം അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. അവളുടെ കുഞ്ഞു കവിളിൽ പതുക്കെ നുള്ളിക്കൊണ്ട് ഉപ്പച്ചി ചോദിച്ചു : 


" ഉപ്പാന്റെ ശുന്ദരികുട്ടി ഉപ്പാനോട് പിണങ്ങിയോ...? മോളെന്താ ചോദിച്ചത്.. "


" ഉപ്പച്ചിയെന്താ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ.. കൊറേ സമയം മിണ്ടാണ്ടിരിക്കുന്നത്...!? " അവളുടെ ശുണ്ഠി പിടിച്ചുള്ള കൊച്ചുവായിലെ വലിയ ചോദ്യം കേട്ട് ചിരിയടക്കി പിടിച്ചുകൊണ്ട് ഉപ്പച്ചി പറഞ്ഞു :


"അതോ മോളെ.. 

ഉപ്പച്ചി പറഞ്ഞു തരാം.. ഉപ്പച്ചി പറയാൻ പോകുന്ന കാര്യം മോൾക്കിപ്പോൾ മനസിലാവണമെന്നില്ല നാലും ഉപ്പച്ചിന്റെ മോൾ ശ്രദ്ധിച്ച് കേൾക്കണം... കേൾക്കൂലെ...!?" 


ഉപ്പച്ചി അർദ്ധവിരാമമിട്ട് അവളെ നോക്കി. 


"ഉം.. കേൾക്കാം..."

 അവൾ കൊച്ചുതലയാട്ടി. 


"മോളെ.., ഇങ്ങനെ മിണ്ടാതെ ഏകാന്തമായിരിക്കുമ്പോൾ വല്ലാത്ത ഒരുൾകിടിലമാണ്. "

" അല്ലാഹുവിനെ സ്നേഹിക്കുന്ന സൂഫികളെ അറിയുമോ മോൾക്ക്... "

അറിയില്ലെങ്കിലും എവിടെയോ കേട്ടുമറന്ന പോലെ അവൾ അറിയാമെന്ന് തലയാട്ടി. അന്ന് ഉപ്പച്ചി പലതും പറഞ്ഞെങ്കിലും അതൊന്നും അവൾക്ക് മനസ്സിലായിരുന്നില്ല. പിന്നീട് അവളും ഉപ്പച്ചിയുടെ കൂടെ സ്ഥിരമായി ഭജനയിരിക്കാൻ തുടങ്ങി. ഇടക്ക് ഉപ്പച്ചിയുടെ കൊച്ചു കൊച്ചു ആത്മീയ ഉപദേശങ്ങളുമുണ്ടാവും. 


" ഈ സൂഫികളെല്ലാം മാനസിക ശുദ്ധീകരണത്തിനും സംസ്കരണത്തിനും വേണ്ടിയും അല്ലാഹുവിന്റെ സ്മരണകളിൽ മനസ്സിനെ തളച്ചിടാൻ വേണ്ടിയും ആയിരുന്നു ഏകാന്തവാസമിരുന്നത്. കാരണം തെറ്റ് ചെയ്യാനായി ശരീരത്തെ നിരന്തരം പ്രേരിപ്പിക്കുക, അമിതമായി ജനങ്ങളോട് സഹവസിക്കുക, ജീവിതം ആർഭാടമാക്കാൻ ഉത്തേജിപ്പിക്കുക, അല്ലാഹുവിനെ ഓർക്കുന്നതിനും നല്ലകാര്യങ്ങൾ ചിന്തിക്കുന്നതിനും വിലങ്ങുകൾ സൃഷ്ടിക്കുക എന്നതല്ലാം മനസ്സിന്റെ സ്ഥിരം ചേഷ്ടകളാണ്. ഇത്തരം വേണ്ടാത്ത പ്രവണതകൾ ഒഴിവാക്കാൻ വേണ്ടിയാണ് സൂഫികൾ ഏകാന്തവാസമനുഷ്ഠിക്കുന്നത്. 

ആ ഏകാന്തതയിൽ അല്ലാഹു മാത്രമെ ഉണ്ടാവുകയുള്ളൂ. സ്വന്തം ശരീരത്തിന് പോലും അവിടെ നിലനിൽപ്പുണ്ടാവുകയില്ല. ഏകാന്തവാസത്തിൽ മറ്റു ആലോചനകൾക്കോ ചിന്തകൾക്കോ പ്രസക്തിയില്ല. "

````


ഉപ്പച്ചി തുടർന്നു:


" ഒരാത്മജ്ഞാനിയോട്  ഒരിക്കല്‍ മുരീദ്  അപേക്ഷിച്ചുവത്രെ : 


"അങ്ങ് അല്ലാഹുവിൽ ലയിച്ചിരിക്കുമ്പോൾ ഈ എളിയവനെ കുറിച്ചും ഒന്നോർക്കണേ..." 


അദ്ദേഹം  മുരീദിന്റെ മുഖത്ത് നോക്കി ചെറുപുഞ്ചിരിയോടെ പതുക്കെ പറഞ്ഞു :


 "ഇടക്ക് നിന്നെ സ്മരിക്കുകയാണങ്കിൽ ഞാൻ അല്ലാഹുവുമായുള്ള ലയനത്തിൽ നിന്ന് വഴിമാറി പോകില്ലേ...!? " 

ഇതായിരുന്നു സൂഫികളുടെ ലയനം. 


പ്രവാചകത്വ ലബ്ദിക്ക് മുമ്പ് തിരുനബിയും ഹിറാ ഗുഹയിലിരുന്ന് ഏകാന്തവാസം അനുഷ്ഠിച്ചിട്ടുണ്ടല്ലോ...! അങ്ങനെ അവിടുന്ന് ഹിറാഗുഹയിൽ അല്ലാഹുവിനെയോർത്ത് തനിച്ചിരിക്കുമ്പോഴാണ് മലക് ജിബ് രീൽ(അ) ആദ്യമായി ഖുർആനുമായി വരുന്നത്. അപ്പോൾ അല്ലാഹുവിന്റെ സ്മരണയിലായി ഇങ്ങനെ ഇരിക്കൽ ഒരർത്ഥത്തിൽ നബിചര്യ തന്നെയാണ് "


അന്ന് ഉപ്പച്ചി പറഞ്ഞ അത്രയൊന്നും വരില്ലെങ്കിലും കുറച്ച് സമയം അങ്ങനെയിരിക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു മനസമാധാനമാണ്. 


ആ ഇരുത്തത്തിൽ അവളൊരുപാട് തവണ അല്ലാഹുവിനെ സങ്കല്‍പ്പിക്കാന്‍ നോക്കിയതാണ്. ആദ്യത്തിലൊക്കെ അല്ലാഹുവിനെ കുറിച്ചാലോചിക്കുമ്പോള്‍ മദ്‌റസയില്‍ നിന്ന് പറഞ്ഞു പഠിച്ച സ്വര്‍ഗത്തിലെ പഴങ്ങളും പാലിന്റെ പുഴകളുമൊക്കെയായിരുന്നു മനസ്സിലേക്ക് ഓടി കിതച്ച് വരാറ്. ഇടക്കിടക്ക് കത്തിയാളുന്ന ഒരു വട്ടകിണറ് പോലെ നരകം പ്രത്യക്ഷപ്പെടും. അന്ന് അവളുടെ സങ്കല്‍പ്പത്തിലെ


സ്വര്‍ഗത്തിനും അത്രവ്യാപ്തിയേ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം നോക്കി നടത്തുന്ന ഒരു ഭീകരനായ കാവൽക്കാരനായിരുന്നു അവൾക്ക് അല്ലാഹു. 


പിന്നെ....പിന്നെ അവളുടെ ചിന്തയിലേക്ക് ഒന്നും കടന്നു വരാതയായി. അങ്ങനെ വെറുതെ അല്ലാഹുവിനെ നിനച്ചിരിക്കുമ്പോള്‍ അലൗകികമായതെന്തോ ശരീരത്തിലൂടെ കടന്നു പോകുന്നതായിട്ട് അവള്‍ക്ക് അനുഭവപ്പെടും. അവിടെയവള്‍ക്ക് ഭൂമിയിലെ ശബ്ദകോലാഹലങ്ങളോ...മറ്റു പ്രയാസങ്ങളോ ഒന്നും വിഷയമാകാറില്ല. പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു പ്രത്യേക തരം അനുഭൂതി അവളിൽ നിറയാൻ തുടങ്ങും. തനിച്ചങ്ങനെ എത്ര നേരം വേണമെങ്കിലും ഇരിക്കാമെന്ന് പലപ്പോഴും തോന്നാറു പോലുമുണ്ട്. 


"ഡീ...ഇനിയും കഴിഞ്ഞില്ലേ....നിനക്ക് കോളേജില്‍ പോവണ്ടേ... എത്ര നേരമായി ഞാന്‍ വിളിക്കുന്നു.. നിന്റെ ചെവിയിലെന്താ അമ്പഴങ്ങ തിരുകി വെച്ചിട്ടുണ്ടോ...." 


ഉമ്മ അവളുടെ അടുത്ത് വന്ന് തട്ടി വിളിച്ചപ്പോഴാണ് അവള്‍ ഞെട്ടിപിടഞ്ഞഴുന്നേറ്റത്. 


അവള്‍ പതുക്കെ തല ഉയര്‍ത്തി ഉമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു.


" ഈ കുട്ടിക്കിതെന്ത് പറ്റി റബ്ബേ...!? "എന്ന ചോദ്യം മുഖത്ത് വരുത്തിയതിന് ശേഷം ഒന്നും മനസ്സിലാവാത്ത പോലെ കൈ രണ്ടും മലർത്തി കാണിച്ച് അടുക്കളയില്‍ നിന്ന് പത്തിരിപരത്തുന്നതിനിടയില്‍ വന്ന ഉമ്മ തലവെട്ടിച്ച് അടുക്കളയിലേക്ക് തന്നെ ധൃതിയിട്ട് നടന്നു.


(തുടരും....) 


_*  🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_  


🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹


💚🌻💚🌻💚🌻💚🌻💚🌻💚

അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here