(PART 9) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ
💖പരണയിച്ചവൾ💖
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔️Part-9⛔️
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
ബസിറങ്ങി 🚌 വിട്ടിലേക്ക് നടക്കുന്നതിനിടയിലാണ് പിറകില്‍ നിന്ന്
'നൂറാ...'ന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ സുലൈഖാത്തയാണ്, കൂട്ടുകാരിയായ ഫൈറൂസയുടെ ഉമ്മ. മദ്‌റസയില്‍ പോകുന്ന കാലത്ത് അവളായിരുന്നു പ്രധാന കൂട്ട്. പത്താം ക്ലാസ് വരെ ഒരുമിച്ചായിരുന്നു. പിന്നീടവള്‍ കൊമേഴ്‌സും ഞാന്‍ സയന്‍സുമായിരുന്നു ഓപ്റ്റ് ചെയ്തത്. തുടര്‍ന്ന് വല്ലപ്പോഴും കാണും. അവള്‍ ഏതോ ഒരു കോളേജില്‍ ബി.കോമിന് ചേര്‍ന്നുവെന്നാണ് കേട്ടത്. കൃത്യമായിട്ട് അന്വേഷിച്ചിട്ടില്ല, പത്ത് വീടുകളുടെ അന്തരമേ ഞങ്ങൾ തമ്മിലുള്ളൂവെങ്കിൽ പോലും.
വീടിന്റെ മുറ്റത്തേക്കിറങ്ങി നിന്ന് തന്നെ വിളിച്ച സൂലൈഖാത്തയുടെ അടുത്തേക്ക് അവള്‍ നടന്ന് ചെന്നു.
'എന്താണിത്താ...'
'നീയിങ്ങടുത്തുവാ...'
കുറച്ചകലെയായി നിന്നിരുന്ന അവളെ അവരടുത്തേക്ക് വിളിച്ചു.
'ഫൈറൂസ എത്തിയില്ലേ...?'
അവള്‍ മുറ്റത്തേക്ക് കയറുന്നതിനിടക്ക് ചോദിച്ചു.
"ഓള് വരാനാവുന്നതേയുള്ളു, നീ കോളേജ്ന്ന് വരാവുംല്ലേ "
"ഉം..ന്തേത്ത വിളിച്ചത് "
"യ്യിപ്പടുത്തെന്നെങ്കിലും ഫൈറൂസയുമായി സംസാരിച്ചിരുന്നോ...! ? "
സുലൈഖാത്ത വല്ലാത്ത ആകാംക്ഷയോടെ ചോദിച്ചു.
പെട്ടെന്നുള്ള ചോദ്യമായത് കൊണ്ടാണെന്ന് തോന്നുന്നു നൂറ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു :
" ഇല്ലത്താ, എന്തേ "
'ഓളെ കാര്യം പറയാന്‍ വേണ്ടിയാണ് മോളെ ഞാന്‍ വിളിച്ചത് ...'
മുഖത്തെന്തോ വിഷാദമൊളിപ്പിച്ച് കൊണ്ട് സുലൈഖത്ത പറഞ്ഞു.
'അതെന്തേ, ഫൈറൂസക്കെന്തു പറ്റി...?! '
നൂറ ആശ്ചര്യത്തോടെ ചോദിച്ചു.
'അതൊന്നും പറയണ്ട മോളെ...പ്ലസ്ടൂല് പഠിക്ക്ണ കാലത്ത് ഓളെ പിന്നാലെ ഒരു ചെക്കന്‍ നടന്നീനി... ഓളത്‌ന്നോട് പറഞ്ഞും ചെയ്തീനി...ഉമ്മാ... ഒരു ചങ്ങായി ന്റെ പുറകെ നടന്ന് വല്ലാണ്ട് ബുദ്ധിമുട്ടാക്ക്ണ്ട് ന്ന്...'
സുലൈഖാത്ത തന്റെ സങ്കടക്കെട്ടിന്റെ കുടുക്കയിച്ചു.
'എന്നിട്ട്...'
നൂറ ബാക്കി കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചു.
"ന്ന്ട്ടെന്താ ഞാനന്ന് ഓളോട് പറഞ്ഞു
'ന്റെ കുട്ട്യതൊന്നും കാര്യാക്കണ്ട...കാണാന്‍ രസള്ള കുട്ട്യോളെ ബേക്ക്ലൊക്കെ ഓരോര്ത്തര്ണ്ടാവും...ഓനെ മൈന്റ് ചെയ്യാണ്ട് നടന്നാല്‍ മതി... കുറച്ചഴിഞ്ഞാല്‍ ഓനങ്ങട്ട് പൊയ്‌ക്കോളും'
പിന്നീട് അയ്‌നപറ്റി സംസാരൊന്നും ഇല്ല്യാത്തത് കണ്ടപ്പൊം ഞാനും കരുതി കുഴപ്പങ്ങളൊന്നുണ്ടാവൂലാന്ന്...'
സുലൈഖാത്തയുടെ തൊണ്ടയിടറി തുടങ്ങിയിരിക്കുന്നു. കണ്‍തടങ്ങളില്‍ ഉപ്പുകണം തടംകെട്ടി നില്‍ക്കുന്നു. വിക്കി..വിക്കി സുലൈഖാത്ത തുടര്‍ന്നു...
'ഇന്നലെയാണ് ഓളനുജന്‍ ഫൈറാസ് ഓളെ ഫോണ്‍ എനിക്ക് കാണിച്ച് തര്ണത്... അപ്പളാണ് മോളെ...ഞാനറിയിണത് ഈ പെണ്ണ് ഓനെ വിട്ടിട്ടില്ലാന്നും...കൂടെ കൊണ്ട് നടക്കാണെന്നും...'
തന്റെ മുമ്പില്‍ പൊട്ടികരഞ്ഞു നില്‍ക്കുന്ന ആ ഉമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് നൂറക്കറിയില്ലായിരുന്നു. അവള്‍ സുലൈഖാത്തയുടെ അടുത്തേക്ക് നീങ്ങിയതിന് ശേഷം അവരുടെ തോളില്‍ തട്ടിയിട്ട് പറഞ്ഞു:
'താത്ത ങ്ങ്‌ള് ങ്ങനെ കരയല്ലീ...എല്ലാത്തിനും പരിഹാരണ്ട്. അങ്ങനെയൊരു പ്രശ്‌നമുള്ളത് അത് വഷളാകുന്നതിന് മുമ്പ് അല്ലാഹു നമ്മൾക്ക് അറിയിച്ച് തന്നില്ലേ...ഇനി നമുക്ക് വേണ്ടത് ചെയ്യാലോ...അതിന് നമുക്ക് പടച്ചോനെ സ്തുതിക്കാം...'
നൂറ സമാശ്വാസ വാക്കുകള്‍ പറഞ്ഞപ്പോള്‍...സുലൈഖാത്ത അവളെ കെട്ടിപിടിച്ചു.
````
'ഇതിനാണ് ഞാനിന്റെ കുട്ടിനെ വിളിച്ചത്. അന്നോട് ഒരു കാര്യം പറയുമ്പോള്‍ വല്ലാത്തൊരു സമാധാനമാണ്. മോളേ...ഇനി ഫൈറൂസാന്റെ കാര്യം നീ നോക്കണം. ങ്ങള് ചെറുപ്പത്തില്‍ വലിയ കൂട്ടെല്ലേന്യോ...അവളെ നീ തിരിച്ചു കൊണ്ടുവരണം...'
സുലൈഖാത്തയുടെ തോളിലമര്‍ന്ന് കിടന്നത് കേട്ടപ്പോള്‍
'എല്ലാം നമുക്ക് ശരിയാക്കാം...'
എന്ന് മറുപടി കൊടുത്തു. എന്ത് ധൈര്യത്തിലാണങ്ങനെ പറഞ്ഞതെന്ന് അവള്‍ക്ക് തന്നെയറിയില്ല. ആ വീടിന്റെ പടികളിറങ്ങി പോരുമ്പോള്‍ നൂറയുടെ മനസില്‍ വലിയൊരുത്തരവാദിത്വം തലയിലേറ്റിയത് പോലെ. അവള്‍ക്ക് എന്തോ വല്ലാത്ത വിമ്മിഷ്ടം അനുഭവപ്പെട്ടു.
ഫൈറൂസ ഇങ്ങനെയൊരു ചതിയില്‍പെട്ടു എന്നു കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. അത്രമേല്‍ ആത്മാര്‍ത്ഥതയോടെയും ഉന്മേഷത്തോടെയും മദ്‌റസയില്‍ സജീവമായിരുന്നു അവള്‍.
വീട്ടില്‍ നിന്നുള്ള അലസമായ പ്രതികരണവും പരിഗണനയും തന്നെയാവും കാരണം. നൂറ ഫൈറൂസയുടെ ഈ പ്രശ്നത്തിന്റെ കാരണം ചികയാനാരംഭിച്ചു.
സ്‌നേഹത്തിന് വേണ്ടി വെമ്പല്‍ കൊള്ളുന്ന ഈ പ്രായത്തില്‍ ആ സ്‌നേഹം പകരാനും തിരിച്ച് ലഭിക്കാനും പറ്റുന്ന ഒരിടം തേടി ഏതൊരു പെണ്‍കുട്ടിയും പരക്കം പായും. ആ സമയത്ത് അവളുടെ മുമ്പില്‍ സ്‌നേഹം പ്രകടിപ്പിച്ചെത്തുന്ന ആര്‍ക്ക് മുമ്പിലും അവള്‍ തന്നെ സമര്‍പ്പിക്കും. അവള്‍ക്കറിയാന്‍ സാധിക്കില്ലാ താന്‍ കെണിയിലാണ് ചെന്ന് ചാടിയതെന്ന്. ഊരാകുടുക്കില്‍ പെട്ടതിന് ശേഷം ഊരിപോരാനും കഴിയില്ല.
താനെന്താണ് ചിന്തിച്ച് കൂട്ടുന്നതെന്നും എന്താണ് ചിന്തിക്കേണ്ടതെന്നും അവള്‍ക്ക് ഒരുധാരണയും കിട്ടുന്നില്ല.
മനസ്സ് ഈ വാർത്ത കേട്ടതിൻ്റെ ഷോക്കിലായിരുന്നു.
'എന്ത് ചെയ്യും റബ്ബേ...തന്റെ നാട്ടില്‍ നിന്ന് സമപ്രായക്കാരിയായ ഒരു കുട്ടി മതത്തിനെതിര് ചെയ്താല്‍ ആ തെറ്റില്‍ ഒരുപങ്കാളിത്തം തനിക്കുമുണ്ടാകുമല്ലോ...ഞാനവളുമായി സ്ഥിരമായി ബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍... അവളെന്നോട് എല്ലാം തുറന്ന് പറയുമായിരുന്നല്ലോ..അപ്പോള്‍ തെറ്റുകള്‍ വല്ലതും കണ്ടാല്‍ ഞങ്ങള്‍ക്ക് പരസ്പരം തിരുത്താമായിരുന്നല്ലോ...ഇതിപ്പോ അതിനൊന്നും സാധിക്കാതായതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഞാന്‍ തന്നെയല്ലേ...'
അവള്‍ സ്വന്തത്തില്‍ കുറ്റമാരോപിക്കാന്‍ തുടങ്ങി.
വീട്ടിലെത്തുന്നത് വരെ അവളുടെ മനസ്സില്‍ കുറ്റബോധത്തിന്റെ വേലിയേറ്റമായിരുന്നു.
ഫൈറൂസയെ തിരിച്ചു കൊണ്ടുവരണം, അതുമാത്രമാണിപ്പോള്‍ ചിന്ത. വിട്ടിലെത്തി അസര്‍ നിസ്‌കാരാനന്തരം കരഞ്ഞു പ്രാര്‍ത്ഥിച്ചു അല്ലാഹ് ഒരു മാര്‍ഗം തെളിയിക്കണേന്ന്.
വിശ്വാസികള്‍ സഹോദരങ്ങളാണ്. അവരിലൊരാള്‍ക്ക് ദുഖമുണ്ടായാല്‍ അതില്‍ മറ്റുള്ളവരും പങ്കു ചേരും. ശരീരത്തിലൊരവയവത്തിന് ക്ഷതം സംഭവിച്ചാല്‍ ആ അവയവത്തിന്റെ ദുഖത്തില്‍ ശരീരം മുഴുവന്‍ പങ്കുചേരാറുണ്ടെന്ന പോലെ... തിരുനബി ﷺ യുടെ അദ്ധ്യാപനത്തെ ശരിവെക്കുന്നതിനു സമാനമായിരുന്നു നൂറയുടെ അപ്പോഴത്തെ അവസ്ഥ.
സങ്കടം വന്നാല്‍ അവളാദ്യം ചെന്ന് പറയുക ഉമ്മമ്മയോടാണ്. ഉമ്മമ്മയെ ലക്ഷ്യമാക്കി നടന്നു. റൂമിലെ ജനലിനരികില്‍ കസേരയുമിട്ട് പുറത്തേക്ക് നോക്കിയിരുന്ന് തസ്ബീഹ് ചൊല്ലുകയാണ് ഉമ്മമ്മ.
'അസ്സലാമു അലൈക്കും...'
നൂറാ സലാം പറഞ്ഞു.
'വ അലൈക്കുമുസ്സലാം...'
പാതി മുറിഞ്ഞു വീഴുന്ന ശബ്ദത്തില്‍ ഉമ്മമ്മ മടക്കി.
'എന്താണ് ഉമ്മമ്മക്കുട്ടിന്റെ ഇന്നത്തെ പ്രശ്‌നം...?'
അമാവാസിയുടെ തൊട്ടു മുമ്പായി ചന്ദ്രന്‍ ഒരു തേങ്ങാ പൂളുപോലെ രൂപം പ്രാപിക്കാറുണ്ട്. അതു പോലെയുണ്ടായിരുന്നു ഉമ്മമ്മയുടെ ചിരികാണാനപ്പോള്‍.
'ഇന്നും പ്രശ്‌നമുണ്ട് ഉമ്മമ്മ...'
അവള്‍ ചുണ്ടിന്റെ ഒരു ഭാഗം വക്രിച്ച് കൊണ്ട് പറഞ്ഞു.
ഒരു കാൽ മടക്കി മറുകാല്‍ കട്ടിലില്‍ തൂക്കിയിട്ട് അവള്‍ ഉമ്മമ്മാന്റെ അരികിലിരുന്ന് സംഭവങ്ങളെല്ലാം വിവരിച്ച```
ശേഷം സങ്കടത്തോടെ ചോദിച്ചു:
'ഇത്തരം സന്ദര്‍ഭങ്ങളില്‍ മഹത്തുക്കൾ ചെയ്ത വല്ല ചരിത്രവുമുണ്ടങ്കില്‍ പറഞ്ഞു തരീ...'
അവൾ അപേക്ഷ സ്വരത്തിൽ പറഞ്ഞു.
'ഉമ്മമ്മാക്ക് അയ്‌നുമാത്രള്ള ഇല്‍മൊന്നുല്ല മോളെ...ന്റെ വാപ്പിം ഇമ്മിം ഇന്നെ പഠിപ്പിച്ചതും അവര് പറഞ്ഞന്നതും തന്നേണ് ഇന്റെ വിവരം...'
സംസാരം പൂര്‍ത്തിയാക്കാതെ നിർത്തിയതിന് ശേഷം ഉമ്മമ്മ എന്തോ ഓര്‍ക്കാന്‍ ശ്രമിച്ചു...പെട്ടെന്ന് ഓര്‍മയിലേക്ക് വന്നില്ല. ഉമ്മമ്മ കുറച്ചുച്ചത്തില്‍ മൂന്നു തവണ സ്വലാത്ത് ചൊല്ലി.
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى آله وصحبه وسلم
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى آله وصحبه وسلم
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى آله وصحبه وسلم
ഓർമ കിട്ടുന്നില്ലെങ്കിൽ സ്വലാത്ത് ചൊല്ലിയാൽ ഓർമവരുമെന്നുള്ള അറിവ് ഈ വീട്ടിലുള്ള കൊച്ചു കുട്ടിക്ക് വരെ അറിയാം. അതവർക്കാരും പഠിപ്പിച്ച് കൊടുത്ത അറിവില്ല. മറവി വന്നാൽ എല്ലാവരും അങ്ങനെയാണ് ചെയ്യാറ് പതിവ്. അത് കണ്ടാണ് ഇവിടെയുള്ളവർ വളരുന്നത്.
നൂറ അതിനിടക്കൊരാലോചനക്ക് പോയി.
ഉമ്മമ്മ പറഞ്ഞു.
'മോളേ...ഇങ്ങൻത്ത സമയത്ത് മഹത്തുക്കൾ ചെയ്തത് എന്താണെന്നനിക്കറിയില്ലേലും മറ്റുള്ളോരെ സഹായിക്കാന്‍ അവര് ഇറങ്ങ്യപ്പോ അവരെ സഹായിക്കാന്‍ അല്ലാഹു വയ്യിണ്ടാക്ക്യ ഒരുപാട് കഥകൾ ഞാന്‍ കേട്ടിട്ടുണ്ട്. ദുന്‍യാവിലൊരാളുടെ സങ്കടം നമ്മള്‍ മാറ്റിക്കൊടുത്താല്‍ ആഖിറത്തില്‍ അല്ലാഹു നമ്മുടെ സങ്കടം മാറ്റിത്തരുംന്ന് മുത്ത് നബി ﷺ ന്റെ ഹദീസില് വന്നതല്ലേ...!?
ഉമ്മമ പറഞ്ഞു നിർത്തിയപ്പോൾ ആ ചുളിഞ്ഞ നെറ്റി ഒന്നൂടെ ചുളിഞ്ഞു നിവർന്നു.
തുടർന്ന് പറഞ്ഞു
"മോളേ...മറ്റൊരാളുടെ പ്രയാസത്തില്‍ നമ്മളും കൂടി കൊടുത്ത് അവര്‍ക്ക് ആശ്വാസം പകർന്നാൽ... അതിന്റെ കൂലി കിട്ടിയിരിക്കും എന്നത് അച്ചട്ടാണ്. ചെലപ്പം ആ കൂലി ഇബ്ട്ന്നന്നെ കിട്ടും ചിലപ്പൊ പടച്ചോന്‍ നാളത്തേക്ക് മാറ്റിവെക്കും.'
ഉമ്മമ്മ തുടർന്നു :
'കിഴക്കോത്ത് തറവാട്ടാരെ കുറിച്ച് കേട്ടിട്ടുണ്ടോ ജ്ജ് ....?'
ഉമ്മമ്മ ഏതോ തറവാട് മഹിമ പറയാനുള്ള പുറപ്പാടിലാണ്.
'നമ്മുടെ ചെമ്പന്‍ കുഴിയിലെ വളവിലുള്ള ആ വല്യ തറവാട് വീടുള്ള കൂട്ടരല്ലേ...ഒരുപാട് മരമില്ലുകളൊക്കെയുണ്ട്....'
നൂറ ഉമ്മാമ്മയുടെ കൂടെകൂടി.
'ഹാ...അതെന്നെ....ഓലെങ്ങനെ വല്യ പണക്കാരായതെന്നറിയോ ന്റെ കുട്ടിക്ക്...'
ഉമ്മമ്മായുടെ അടുത്ത് ചെന്നിരുന്നാലിങ്ങനെയാണ് ഒരുപാട് പഴയ കഥകള്‍ കേള്‍ക്കാം.. അത് കേട്ടിരിക്കാന്‍ തന്നെ രസമാണ്. ഉമ്മമ്മയുടെ കഥയില്‍ ശ്രദ്ധിച്ചിരിക്കെ തന്നെ എന്തോ ആലോചനയില്‍ മുഴുകിയതിന് ശേഷം നൂറ പറഞ്ഞു.
'ഇല്ല...'
'ന്നാ മോള് കേട്ടോ... പണ്ട്...ഓര് പറ്റെ കൊയങ്ങ്യോലേനി... അങ്ങനെ ആയിടക്കാണ് നാട്ടില് ജന്മിമാര്‍ക്കും അധികാരിള്‍ക്കും എതിരെ കലാപം പൊട്ടിപുറപ്പെട്ടത്. ഒരൂസം ഈ നാട്ടിലൂടെ സമരക്കാര് പോകുന്നതിനിടക്കാണ് ഒരു അംബാസിഡര്‍ കാറ് റോഡിലൂടെ വന്നത്.
സമരക്കാര് അവരെ തടഞ്ഞു. വണ്ടിയിലാണെങ്കില്‍ പെണ്ണ്ങ്ങളാണ്.ഇവരേതോ വലിയ ജന്മിയുടെ കുടുംബക്കാരാണ്ന്നും കരുതിയിട്ടാണ് സമരക്കാരവരെ തടഞ്ഞത്. അന്ന് സമരത്തിന്റെ നേതാവ് കിഴക്കോത്ത് വീട്ടിലെ വലിയ ചെക്കനേനി...മൂപ്പര് കാറിനടുത്ത് വന്ന് പരിശോധിച്ചപ്പോഴാണ് കാറില്‍ പെണ്ണുങ്ങളുള്ള വിവരം അറിഞ്ഞത്. ഇനിയും കാറിങ്ങനെ ഇവിടെ നിറുത്തിയാല്‍ അപകടാവുംന്ന് കണ്ട മൂപ്പര് കാറിന് മുമ്പില്‍ നടന്ന് വഴിണ്ടാക്കി കൊടുക്കുകയും സമരക്കാരെ പറഞ്ഞു മനസ്സിലാക്കി പിരിച്ചു വിടുകയും ചെയ്തു. തങ്ങളെ രക്ഷിച്ച സമര നേതാവിനോട് നന്ദിയും പറഞ്ഞ് അന്ന് ആ കാറും കൂട്ടരും പോയി. '
ഉമ്മമ്മ ആവേശത്തോടെ തുടര്‍ന്നു.
"അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോഴതാ... കിഴക്കോത്തെ വീട്ടിലേക്കൊരു കമ്പി വരുന്നു. മൂപ്പരോട് എത്രയും പെട്ടെന്ന് കോഴിക്കോട് സാമൂതിരി കോലോത്തേക്ക് വരണംന്നും പറഞ്ഞുകൊണ്ട്..!
അവിടെ ചെന്നപ്പോയാണറിയുന്നത് അന്ന് കാറിലുണ്ടായിരുന്നത് കോലോത്ത അന്തര്‍ജനങ്ങളായിരുന്നുവെന്ന്. അവരെ രക്ഷിച്ചതിന്റെ പാരിതോഷികമായിട്ട് രാജാവ് പറഞ്ഞു നിലമ്പൂര് വനത്തില്‍ നിശ്ചിത ഏരിയയിലുള്ള മരങ്ങള്‍ മുഴുന്‍ അഞ്ചുവര്‍ഷത്തേക്ക് നിങ്ങളെടുത്തോളൂന്ന്. അങ്ങെനെയാണ് കിഴക്കോത്ത് തറവാട്ടാര് മരക്കച്ചോടക്കാരാവ്ണത്."
ഉമ്മമ്മ കഥ പറഞ്ഞു നിർത്തിയതിന് ശേഷം നൂറയെ നോക്കിയിട്ട് ചോദിച്ചു :
'ന്തിനാണ് ഉമ്മമ്മ ഈ കഥ പറഞ്ഞതെന്ന് തിരിഞ്ഞോ അനക്ക്...?'
'എന്തിനാ...?'
'നമ്മളാരെ സഹായിച്ചാലും നമ്മിലേക്ക് അതിന്റെ കൂലി വരുമെന്ന കാര്യം തീര്‍ച്ചയാണ്. ചിലത് നമ്മള്‍ ഇവട്ന്നന്നെ കാണും മറ്റ് ചിലത് നമ്മള്‍ പിന്നീട് കാണും. അതുകൊണ്ട് ന്റെ കുട്ടി മനസമാധാനത്തോടെ ചെല്ല്...ന്തെങ്കിലും ഒരു വയ്യി പടച്ചോന്‍ കാണിച്ചരാണ്ടിരിക്കില്ല...'
അവള്‍ഉമ്മമ്മാന്റെ റൂമില്‍ നിന്നിറങ്ങി. ചായകുടിക്കാനായി കിച്ചണിലേക്ക് പോയി.
ഉമ്മച്ചി വളരെ തിരക്കിട്ട് ചായയുണ്ടാക്കുന്നുണ്ട്.
'ന്താണ് ഉമ്മച്ചീ ങ്ങക്ക് ന്നിത്ര ധൃതി...'
'റുഖ്യാത്തന്റോടെ കുടുംബശ്രീന്റെ മീറ്റിംഗ് തുടങ്ങിക്ക്ണ്. ഞാനാണ് സെക്രട്ടറീന്ന്ള്ളത് അനക്കറീലേ...ഇന്നെങ്കിലും ഒന്ന് നേരത്തെ പോകണം...'
ചൂടുള്ള ചായ ഗ്ലാസിലേക്ക് പാര്‍ന്ന് വെച്ചിട്ട്
'ആ കടിയെടുത്തു എല്ലാവര്‍ക്കും കൊണ്ടൊട്ക്ക്....'
സ്റ്റോറൂമിലേക്ക് ചൂണ്ടിപറഞ്ഞു കൊണ്ട് മീറ്റിംഗില്‍ പങ്കെടുക്കാനായി ഉമ്മച്ചി ഓടി.
'കുടുംബശ്രീ...'
ഉമ്മച്ചി പറഞ്ഞ പദം വീണ്ടും ആവര്‍ത്തിച്ചു കൊണ്ട് നൂറ എന്തോ ആലോചിച്ചു.`
അത് നല്ലൊരാശയമാണല്ലോ....നാട്ടിലെ പെണ്ണുങ്ങളെ സഹായിക്കാന്‍ തുടങ്ങിയതാണല്ലോ കുടുംബശ്രി; എന്നാല്‍ അതുപോലെ പരസ്പരം സങ്കടങ്ങളും പരാതികളും പറയാനും ആത്മീയതയിലൂന്നിയൊരു കുടുംബശ്രീ തുടങ്ങിയാലെന്താ...!? സമപ്രായക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ ഒരുപക്ഷെ എല്ലാവരും ഉള്ളു തുറന്ന് സംസാരിക്കും. അങ്ങെനെയാവുമ്പോള്‍ എല്ലാവര്‍ക്കും അവരുടെയും മറ്റുള്ളവരുടെയും പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ സാധിക്കും. വളരെ ഫ്രണ്ട്‌ലിയായി ഓരോരുത്തരുടെയും വീട്ടില്‍ വെച്ച് നടക്കുന്ന രസകരമായ ഒരു ഗറ്റുഗതറായി ഇതിനെ ഫോം ചെയ്യണം. ഒരു പക്ഷെ, മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും.'
തന്റെ മനസ്സില്‍ പെട്ടെന്നുണ്ടായ ആശയമോര്‍ത്ത് അവള്‍ അല്ലാഹുവിനെ സ്തുതിച്ചു.
അല്‍ഹംദുലില്ലാഹ്.
( *തുടരും....*)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment