(PART 7) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ
💖പരണയിച്ചവൾ💖
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔️Part-7⛔️
ഉച്ചക്ക് ശേഷമുള്ള ക്ലാസില്‍ ഫര്‍സാന ആലോചനയിലായിരുന്നു. ളുഹ്ര്‍ നിസ്‌കാരത്തിന് ശേഷം നൂറയുമായുണ്ടായ സംഭാഷണം അവളില്‍ ആലോചനയുടെ തിരികൊളുത്തിയിട്ടുണ്ട്.
'നൂറ... അതാണവളുടെ പേര്. ആ പേര് ആദ്യം കേട്ടപ്പോൾ തന്നെ എന്തോ ഒരാകർഷണിയതയുണ്ടെന്ന് തോന്നിയിരുന്നു . പക്ഷേ, ആദ്യ ദിവസം നൂറ ക്ലാസിലേക്ക് കയറിയപ്പോള്‍ ആ കറുത്ത പര്‍ദ്ദയോട് എന്തോ ഒരപകര്‍ഷതയാണുണ്ടായത് . അന്ന് എല്ലാവരും അവളെ കളിയാക്കി ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചതാണ്.
'ഇവളെന്താ ഏഴാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്...? ഇങ്ങനെയൊരാള്‍ക്ക് ഇക്കാലത്ത് കോളേജിലേക്ക് വരാന്‍ സാധിക്കുമോ...? '
ഒരുപാട് ചോദ്യങ്ങള്‍ മനസ്സിലേക്ക് ഓടിക്കിതച്ച് വന്നതാണ്. പക്ഷെ, ഇന്നവളുമായുണ്ടായ സംഭാഷണം കാര്യങ്ങളുടെ ഗതി മാറ്റിയിരിക്കുന്നു.
ഞാന്‍ എനിക്ക് വേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നാണ് അവള്‍ പറഞ്ഞതിന്റെ ആകെ തുക. അത് ശരിയുമാണല്ലോ... പലപ്പോഴും എന്റെ ഐഡന്റിറ്റി വെളിവാക്കാനും എന്തിനേറെ, തട്ടം തലയിലേക്ക് വലിച്ചിടാന്‍ പോലും മടിയായി തോന്നിയിട്ടുണ്ട്. മറ്റുള്ളവര്‍ എന്ത് കരുതുമെന്ന തോന്നല്‍. ഞാനിതാര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്....!? '
അവളുടെ ചിന്ത കാടുകയറി. മനസ്സില്‍ എന്തോ കുറ്റബോധം നിറയുന്നതായി അനുഭവപ്പെട്ടു. നെഞ്ചിലൂടെ എന്തോ ഉരുണ്ടു കൂടുന്ന പ്രതീതി. ക്ലാസിലേക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.
ആ ഹവര്‍ എങ്ങനെയാണ് ക്ലാസിലിരുന്നതെന്ന് അവൾക്ക് തന്നെയറിയില്ല. ഇനിയുള്ള രണ്ട് ഹവര്‍ ലൈബ്രറി ടൈമാണ്. അതുല്യയോടും നൂറയോടുമൊപ്പം അവളും ലൈബ്രററിയിലേക്ക് പോയി.
വിശാലമായ ലൈബ്രററിയാണ്. വ്യത്യസ്ത മേഖലകളിലുള്ള പുസ്തകങ്ങള്‍ സെഷനുകളാക്കിയിട്ട് ഏരിയ തിരിച്ച് വെച്ചിട്ടുണ്ട്. എല്ലാവരോടും ലൈബ്രററിയില്‍ നിന്ന് ലൈഫ് സയന്‍സുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ റഫര്‍ ചെയ്യാനാണ് സുനിത മിസ് പറഞ്ഞിരുന്നത്.
പക്ഷെ, അധികപേരും മലയാളം ലിറ്ററേച്ചര്‍ എന്ന ടൈറ്റില്‍ സെഷനു കീഴിലാണുള്ളത്. അതല്ലേലും ഈ സയന്‍സിന്റെ സങ്കേതങ്ങളൊന്നും മനസ്സിലാകതെ ഈ പുസ്തകങ്ങളൊക്കെ എങ്ങനെ വായിക്കാനാണ്.
മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വല്ല സയന്‍സ് സെമി ഫിക്ഷന്‍ നോവലുകളും ഉണ്ടോയെന്ന് നോക്കാം...അവളും മലയാളം ലിറ്ററേച്ചര്‍ പുസ്തകങ്ങളുള്ള സെഷനിലേക്ക് നടന്നു.
'ദി ആല്‍കെമിസ്റ്റ്',
എന്ന് ചില്ലലമാരയുടെ ഇടയിലൂടെ മങ്ങി കാണാം. അവള്‍ അലമാര തുറന്ന് പുസ്തകമെടുത്തു. ബ്രസീലിയന്‍ എഴുത്തുക്കാരന്‍ പൗലോ കൊയ്‌ലോയുടെ ലോക പ്രശസ്തമായ നോവലാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട രചനയെന്ന ഗിന്നസ് റെക്കോഡ് ലഭിച്ച പുസ്തകം.
മുമ്പൊരിക്കല്‍ വായിച്ചതാണ്. ഒരുപാട് ഊര്‍ജം സമ്മാനിച്ച പുസ്തകം. തന്റെ ആഗ്രഹങ്ങളെ തേടി ലോകം ചുറ്റുന്ന സാന്റിയാഗോയാണ് പ്രധാന കഥാപാത്രം. നാം ഒരു കാര്യത്തിന് വേണ്ടി ശക്തമായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവന്‍ ആ ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി നമുക്കൊപ്പം നില്‍ക്കുമെന്ന വിശ്വാസം ലോക വായനക്കാര്‍ക്ക് നല്‍കിയ അപൂര്‍വ രചന . എല്ലാംകൂടെ ആലോചിച്ചപ്പോള്‍ ഒരുതവണ കൂടി വായിക്കാം എന്നു കരുതി അവള്‍ പുസ്തകമെടുത്തു റീഡിങ് ടേബിളിന് നേരെ നടന്നു.
നൂറ അവിടെ ടേബിളിലിരുന്ന് എന്തോ വായിക്കുന്നുണ്ട്. രണ്ടുപേര്‍ക്ക് അഭിമുഖമായിരിക്കാവുന്ന ആ റീഡിങ് ടേബിളില്‍ നൂറയുടെ എതിര്‍വശമായിട്ട് അവളും ചെന്നിരുന്നു.
അവളവിടെയിരുന്നത് നൂറയറിഞ്ഞില്ലെന്ന് തോന്നുന്നു. അവള്‍ ഗൗരവായനയിലാണ്. ഒരു വൈലറ്റ് നിറത്തിലുള്ള ചട്ടയോട് കൂടിയ അത്യാവശ്യം തടിച്ച പുസ്തകമാണവള്‍ വായിക്കുന്നത്. കസേരയിലിരുന്നതിന് ശേഷം തല അല്‍പം ചെരിച്ച് നൂറ വായിക്കുന്ന പുസ്തകത്തിന്റെ പേര് വായിച്ചു:
മാര്‍ട്ടിന്‍ ലിഗ്‌സിന്റെ 'മുഹമ്മദ്' എന്ന പുസ്തകമാണ്. അത് ഈ ലൈബ്രററിയിലേതല്ല. അവള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നതാവാനാണ് സാധ്യത. ഏതായാലും താനിവിടെ വന്നിരുന്ന കാര്യം അവളറിഞ്ഞിട്ടില്ല. ഫര്‍സാന തൊണ്ടയനക്കി.
നൂറ പെട്ടെന്ന് തലഉയര്‍ത്തിയതിന് ശേഷം ഫര്‍സാനയെ നോക്കി.
അവളൊന്ന് മൂക്ക് വലിച്ചു. സങ്കടപ്പെട്ടിട്ടെന്നപോലെ.
'നീയെന്താ കരയുകയാണോ...?'
ഫര്‍സാന കൗതുകത്തോടെ ചോദിച്ചു.
'ഹേയ്...അതുല്യയെവിടെ...?'
നൂറ വേഗം വിഷയം മാറ്റി.
'അവള് വാഷ്‌റൂമില്‍ പോയതാണ്'
ഫര്‍സാന തന്റെ കയ്യിലുള്ള പുസ്തകത്തിലേക്ക് നോക്കി പറഞ്ഞു. നൂറ കരയുകയായിരുന്നെന്ന് ഫര്‍സാനക്ക് മനസിലായിട്ടുണ്ട്. കരഞ്ഞിട്ടില്ലായെന്ന് അവള്‍ വെറുതെ പറഞ്ഞതാണ്.
'ഏതാടീ ആ പുസ്തകം...?'
അവള്‍ നൂറയുടെ പുസ്തകത്തിലേക്ക് ചൂണ്ടി ചോദിച്ചു.
' ഇതോ..ഇത് നബിതങ്ങളുടെ ചരിത്രം പറയുന്ന പുസ്തകമാണ്. മാര്‍ട്ടിന്‍ ലിഗ്‌സാണ് എഴുതിയത്. '
'എങ്ങനെയുണ്ട്...?'
'ഒരു രക്ഷയുമില്ല..ഒറ്റയിരുപ്പില്‍ വായിച്ചിരുന്നു പോവും...അതല്ലേലും നബി തങ്ങളുടെ ജീവിതം ആരെഴുതിയാലും നമ്മളൊറ്റെയിരുപ്പില്‍ വായിച്ചുപോവില്ലേ...'
നൂറ പറഞ്ഞതിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ഫര്‍സാനക്ക് സാധിച്ചില്ലെങ്കിലും അതിന്റെ ഗൗരവമുള്‍ക്കൊണ്ടിട്ടെന്ന മട്ടില്‍ അതേയെന്ന് തലയാട്ടി.
'വായിച്ചിട്ട് എവിടെയെത്തി...?'
'ഞാനോ.. ഉഹ്ദ് യുദ്ധത്തിലാണ് നബിയും സ്വഹാബത്തും... വല്ലാത്തൊരു ദിവസമായിരുന്നുവത്. നബിതങ്ങളുടെ മുൻപല്ല് പൊട്ടിയ ദിവസം...അവിടുന്ന് വഫാത്തായിയെന്ന് ശത്രുക്കള്‍ പറഞ്ഞു പരത്തിയത് കാരണം സ്വഹാബാക്കളുടെ ഹൃദയം തകര്‍ന്നുപോയ ദിനം...'
ഉഹദ് യുദ്ധം എന്ന് പറഞ്ഞു നിറുത്തേണ്ടിടത്ത് നൂറ വലിച്ചു നീട്ടി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നബി തങ്ങളുമായി ബന്ധപ്പെട്ടെന്ത് പറഞ്ഞാലും അവള്‍ക്ക് മതിവരാറില്ല.
'അതുവായിച്ചിട്ടാണോ നീ കരഞ്ഞത്...'
ഫര്‍സാന എടുത്തപടി ചോദിച്ചു.
'ഞാന്‍ കരയുകയോ...ഹേയ്... നിനക്ക് തോന്നിയതാവും'
നൂറ മുഖത്ത് പ്രകടമായ നാണം ചിരിച്ചൊളിപ്പിച്ചു.
'അല്ല...നീ
കരഞ്ഞിട്ടുണ്ടെന്നതെനിക്കുറപ്പാണ്...'
'അതിപ്പൊ ഉഹ്ദ് ചരിത്രം വായിച്ചാല്‍ കണ്ണുനീര് വരാത്തവരുണ്ടാകുമോ...പക്ഷെ, ഞാനിപ്പോള്‍ കരഞ്ഞത് ഈ പുസ്തകം വായിച്ചിട്ടൊന്നുമല്ല...'
എന്തോ ഓര്‍ത്തു കൊണ്ട് അവസാനം നൂറ സമ്മതിച്ചു.
'പിന്നെ'
ഫര്‍സാന പിടിവിടാനുള്ള ഭാവമില്ല.
'അത്... പണ്ട് ഉപ്പച്ചിയെനിക്ക് നബി തങ്ങളുടെ ചരിത്രം പറഞ്ഞ് തരുമായിരുന്നു, സുബ്ഹ് നിസ്‌കാരത്തിന് ശേഷം. അന്നുഹ്ദ് ചരിത്രത്തില്‍ ഉപ്പച്ചി ഉമ്മുഉമാറ ബീവിയെന്ന സ്വഹാബി വനിതയുടെ ചരിത്രം പറഞ്ഞു തന്നിരുന്നു. അന്ന് അത് കേട്ട് ഞാനൊരുപാട് കരഞ്ഞു. ഇന്നിത് വായിച്ചപ്പോള്‍ എനിക്കാ ചരിത്രമോര്‍മവന്നു. അതാ കരച്ചില്‍ വന്നത്.'
അവള്‍ ഓര്‍ത്തെടുത്തു.
'നീ അവരുടെ കഥപറ...'
ഫര്‍സാന ആവേശം കൊണ്ടു.
അവള്‍ നിര്‍ബന്ധിച്ചപ്പോള്‍ നൂറ പറഞ്ഞു തുടങ്ങി:
'ഉഹ്ദിന്റെ കഥ മുഴുവന്‍ നമുക്ക് മറ്റൊരിക്കല്‍ പറയാം... ഇന്‍ഷാ അല്ലാഹ്...
ഇപ്പോള്‍ ഉമ്മുഉമാറ ബീവിയുടെ ചരിത്രം പറയാം..'
'ഓകെ..തല്‍ക്കാലം അത് മതി..ബാക്കി ന്തായലും പിന്നീട് പറഞ്ഞു തരണട്ടൊ'.
'തീര്‍ച്ചയായും പറഞ്ഞു തരും...'
നൂറ തൊണ്ട റെഡിയാക്കി കൊണ്ട് പറഞ്ഞു.
'ഉഹ്ദ് യുദ്ധം കൊണ്ടുമ്പിരി കൊള്ളുന്ന സമയം, നബിതങ്ങളുടെ ചുറ്റും ശത്രുക്കള്‍ വളഞ്ഞിരിക്കുന്നു. അവിടുന്ന് വഫാത്തായിയെന്ന കിംവദന്തി ശത്രുക്കള്‍ പറഞ്ഞു പരത്തിയതിനാൽ സ്വഹാബാക്കള്‍ സങ്കടം കൊണ്ട് പരക്കം പായുകയാണ്. നായകനില്ലാതെ എങ്ങനെയാണവര്‍ യുദ്ധമുഖത്ത് ഉറച്ച് നില്‍ക്കുക.
യുദ്ധത്തില്‍ പരുക്കേറ്റവരെ സഹായിക്കാനും തന്റെ മക്കള്‍ക്കും ബന്ധുമിത്രാതികള്‍ക്കും വേണ്ടത് ചെയ്യാനുമാണ് ഉമ്മുഉമാറ ബീവിയും ഉഹ്ദ് യുദ്ധ സംഘത്തോടൊപ്പം യാത്ര തിരിച്ചത്.
നബിതങ്ങള്‍ രണഭൂവില്‍ ശത്രുക്കള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നത് മഹതിയുടെ കണ്ണിലുടക്കി. ഇനിയിവിടെ തമ്പിനകത്ത് ഇരുന്നാല്‍ റെഡിയാവില്ല. എന്റെ ഹബീബവിടെ പുറത്ത് തനിച്ചാണ്. നബിതങ്ങള്‍ക്കൊരു പരിചയായി മാറാന്‍ തനിക്ക് ലഭിച്ച സുവര്‍ണാവസരമാണിതെന്ന് ആ ധീരവനിത സ്വയം തീരുമാനത്തിലെത്തി കയ്യില്‍ കിട്ടിയ ആയുധവുമായി രണഭൂവിലേക്ക് ചാടിയിറങ്ങി.
അല്ലാഹുവിന്റെ റസൂലിന് നേരെ വരുന്ന ശരവര്‍ഷങ്ങളോരോന്നും തന്റെ ശരീരം പരിചയാക്കി തട്ടിമാറ്റി.
യുദ്ധ മുഖത്ത് റസൂലുള്ളാക്ക് ചുറ്റും പരക്കം പായുന്ന ഉമ്മുഉമാറ ബീവിയെ കണ്ടാല്‍ നാലു ഭാഗത്ത് നിന്നും ആക്രമിക്കാന്‍ വരുന്ന മറ്റു മൃഗങ്ങളില്‍ നിന്ന് തന്റെ മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ വേണ്ടി അവരുടെ ചുറ്റും വലയം വെച്ച് കൊണ്ട് കവചം തീര്‍ക്കുന്ന പുലിക്കുട്ടിയാണെന്ന് തോന്നും.
ഇബ്‌നു കുംഅ എന്ന ശത്രു റസൂലുള്ളാക്ക് നേരെ തന്റെ മൂര്‍ച്ചയുള്ള കുന്തവുമായി പാഞ്ഞടുക്കുന്നത് പെട്ടെന്നാണ് മഹതിയുടെ കണ്ണില്‍ പതിഞ്ഞത്. ഒരുനിമിഷത്തെ ആലോചനക്ക് പോലും അവർ ഇടം കൊടുത്തില്ല. ആഞ്ഞു കുത്താനോങ്ങിയ ആ കുന്തത്തിന്റെ മുമ്പിലേക്ക് ചാടിവീണു. മഹതിയുടെ തോളെല്ല് തകര്‍ത്ത് കൊണ്ട് ആ കുന്തം കടന്നു പോയി. അവർ നിലം പതിച്ചു.
കഥ പറയുന്ന നൂറയുടെ മുഖം രക്തവര്‍ണമായിരിക്കുന്നു. അവള്‍ തൊണ്ടയിലെത്തിയ വിതുമ്പലടക്കി പിടിച്ചു കൊണ്ട് തുടര്‍ന്നു.
'ആ സമയത്ത് രണഭൂവില്‍ മഹതിയോടൊപ്പം നബിതങ്ങളുടെ ചാരത്ത് അവരുടെ മകനുമുണ്ടായിരുന്നു. പുണ്യ റസൂല്‍ അവനോട് പറഞ്ഞു:
'മോനെ, പെട്ടെന്ന് ഉമ്മാനെ ചെന്ന് സഹായിക്കൂ...'
ഇതുകേട്ട് മൃതപ്രാണയായി കിടക്കുന്ന ഉമ്മുഉമാറ വിളിച്ചു പറഞ്ഞു:
'നബിയേ, ഈ ജീവന്‍ അവിടുത്തേക്ക് സമര്‍പ്പിച്ചതാണ്. അതുകൊണ്ട് തന്നെ ഈ ശരീരത്തെ കുറിച്ച് എനിക്ക് ഭയമില്ല...' തുടര്‍ന്ന് തന്റെ മകനെ നോക്കി പറഞ്ഞു.
'മോനേ...നീ ഉമ്മാനെ നോക്കണ്ടാ...പകരം എന്റെ റസൂലുള്ളാന്റെ ശരീരത്തിലൊരു പോറലേല്‍ക്കാതെ നോക്കണേ....'
യുദ്ധത്തിന് ശേഷം യുദ്ധാനുഭവം വിവരിക്കുന്ന റസൂലുള്ളാഹി തങ്ങള്‍ മഹതിയെ അനുസ്മരിക്കുന്നുണ്ട്.
'ഞാനെന്റെ വലത്തോട്ട് തിരിഞ്ഞാലും ഇടത്തോട്ട് തിരിഞ്ഞാലും അവിടെയെല്ലാം എനിക്ക് പരിചയായി എന്റെ ഉമ്മുഉമാറയുണ്ടായിരുന്നു!'
അഥവാ, നബിതങ്ങള്‍ക്ക് ചുറ്റും മഹതി ഒരു പുലിക്കുട്ടിയെപോലെ കറങ്ങുകയായിരുന്നുവെന്നര്‍ത്ഥം.'
നൂറ കഥ പറഞ്ഞു നിറുത്തി. ഫര്‍സാനയുടെ മുഖം മ്ലാനമായിരുന്നു. കണ്ണിന്റെ കോണില്‍ ബാഷ്പ കണങ്ങള്‍ ഉരുണ്ടുകൂടിയിരിക്കുന്നു. അവള്‍ ഒന്നും മിണ്ടുന്നില്ല.
നൂറ കൂട്ടിചേര്‍ത്തു:
' ഡീ...ഈ കഥ പറഞ്ഞതിന് ശേഷം എന്റെ ഉപ്പച്ചി എന്നോട് ഒരു ചോദ്യം കൂടി ചോദിച്ചിരുന്നു അതാണ് എന്നെ കൂടുതല്‍ സങ്കടപ്പെടുത്തിയത്.
'മോളേ...ഈ മഹതിമാരെല്ലാം പാറിക്കളിക്കുന്ന സ്വര്‍ഗമാണ് നമ്മളും പടച്ചോനോട് ചോദിക്കുന്നത്. അത്‌കൊണ്ട് അതിനുള്ള ക്വാളിഫിക്കേഷന്‍ നമുക്കുണ്ടോയെന്ന് നാം ചിന്തിക്കേണ്ടേന്ന്...?' അതൊക്കെ ഓര്‍ത്തിട്ടാ ടീ ഈ കോളേജിലേക്ക് വരുമ്പോഴും അല്ലാത്തപ്പോഴും തിരുനബി പറഞ്ഞതൊക്കെ എന്നാലാവും വിധം മുറുകെപ്പിടിക്കണമെന്ന നിര്‍ബന്ധമെനിക്ക്.
നമ്മുടെ ബ്ദ്‌റും ഉഹ്ദും ഖന്തക്കുമെല്ലാം ഈ കോളേജും ജീവിത പരിസരങ്ങളുമെല്ലാമാണ്. അവിടെ നാം ഈ ദീനിനെ ഉയര്‍ത്തിപ്പിടിച്ചാല്‍ പിന്നെ നാമെല്ലാവരും നബിതങ്ങളുടെ പ്രിയപ്പെട്ട ഉമ്മുഉമാറമാരാവും.
കഥപറഞ്ഞു നിറുത്തിയിട്ട് നൂറ വാച്ചിലേക്ക് നോക്കി. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു.
'എടീ, എനിക്ക് നാലേ മുപ്പതിന് ഒരു ബസുണ്ട്. ഞാന്‍ പോയാലോ...'
ദുഖം തളം കെട്ടിയ കണ്ണുകള്‍ തുടച്ചു കൊണ്ട് അവളുടെ മുഖത്ത് നോക്കിയിട്ട് ഫര്‍സാന തലയാട്ടി.
'അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്...'
നൂറ സലാം പറഞ്ഞു.
'വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹ്...'.
( *തുടരും....*) ©️
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment