(PART 6) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ
💖പരണയിച്ചവൾ💖
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔️Part-6⛔️
സുനിതാ മിസ് ലാബിലേക്ക് വന്നു. മിസ്സാണ് ഡിപാര്‍ടുമെന്റ് ഹെഡ്. ശബ്ദമയമായിരുന്ന ലാബ് ശ്മശാനമൂകമായി. മിസ് കണ്ണുകൊണ്ട് എണ്ണമെടുത്തു. മുപ്പത് പേരാണ് ക്ലാസിലുള്ളത്.
'ഇഷ്ടപ്പെട്ട മൂന്നാളുകളായി ഗ്രൂപ്പ് തിരിയൂ.... '
മിസിന്റെ ആദ്യ ഓര്‍ഡര്‍ കേട്ട് എല്ലാവരും പരസ്പരം നോക്കി. ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും മാറി. മറ്റുചിലര്‍ എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചു നിന്നു. അവസാനം മൂന്നു പേരടങ്ങുന്ന പത്ത് ഗ്രൂപ്പുകളായി തിരിച്ചു. ഇനിമുതല്‍ ലാബ് അസൈന്‍മെന്റുകളൊക്കെ ഗ്രൂപ്പായിട്ടാണ് ചെയ്യേണ്ടത്. അതുല്യയും ഫര്‍സാനയുമാണ് അവളുടെ ഗ്രൂപ്പംഗങ്ങള്‍. ലാബുമായി ബന്ധപ്പെട്ട പ്രാഥമിക നിയമാവലികളെല്ലാം പറഞ്ഞതിന് ശേഷം മിസ് ക്ലാസിലേക്കു തന്നെ പിരിഞ്ഞു പോകാനായി പറഞ്ഞ് ലാബ് വിട്ടു.
ആദ്യമായി കോളേജ് ലാബിനുള്ളിലേക്ക് കയറിയതിന്റെ എക്‌സൈറ്റ്‌മെന്റാണെന്ന് തോന്നുന്നു ആരും പിരിഞ്ഞു പോകുന്നില്ല. ഗ്രൂപംഗങ്ങള്‍ പരസ്പരം ഗാഢമായ ചര്‍ച്ചകളിലും പരിചയപ്പെടലിലുമാണ്. അതുല്യയും ഫര്‍സാനയും നല്ല കൂട്ടാണ്. അതുല്യയുടെ വീട് കോളേജിനടുത്ത് തന്നെയാണ്. നടന്ന് വരാവുന്ന ദൂരമേയുള്ളൂ. ഫര്‍സാന കോളേജ് ഹോസ്റ്റലിലാണ് നില്‍ക്കാറ്. അവളുടെ വീട് തൃശൂര് ഭാഗത്തെവിടെയോ ആണ്. ഫര്‍സാനയുടെ സംസാരം കേട്ടിരിക്കാന്‍ തന്നെ നല്ല രസമാണ്. നീട്ടിയും കുറുക്കിയുമ്മുള്ള അവളുടെ സംസാരം കേള്‍ക്കുമ്പോള്‍ ആദ്യമാദ്യം ചിരിവരുമായിരുന്നു. അവര്‍ മൂവരും നല്ലകമ്പനിയായി.
ലഞ്ച് ബ്രേക്കിന് വിട്ടപ്പോള്‍ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിന് ശേഷം അവള്‍ ഫര്‍സാനയോട് ചോദിച്ചു:
'നമുക്ക് നിസ്‌കരിക്കണ്ടേ...?
'ശരിയാണല്ലോ...എവിടെ പോയി നിസ്‌കാരിക്കും...അതുല്യേ ഇവിടെങ്ങാണ്ട് സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ പറ്റിയ സ്ഥലമുണ്ടോന്നറിയോ നിനക്ക്..'
'നിക്ക്യറിയില്ലടി' ...അതുല്യ കൈമലര്‍ത്തി
'നമുക്ക് ഓഫീസില്‍ പോയി ചോദിച്ചു നോക്കാം..'
ഫര്‍സാന പറഞ്ഞു.
'ഓക്കെ, നിങ്ങള് പോയി അന്വേഷിച്ചു വരൂ ഞാന്‍ ക്ലാസിലുണ്ടാവും...'
അതുല്യ ക്ലാസിലേക്ക് നടന്നു.
ഫര്‍സാനയും അവളും ഓഫിസിലേക്കും.
'നിസ്‌കാരത്തിനായി പ്രത്യേക സ്ഥലമൊന്നുമില്ല...വേണമെങ്കില്‍ മുകളിലെ സെമിനാര്‍ ഹാളില്‍ പോയി നിസ്‌കരിച്ചോളൂ...'
മുരളിയേട്ടന്‍ സെമിനാര്‍ ഹാളിന്റെ ചാവിയെടുത്ത് അവര്‍ക്ക് നേരെ നീട്ടി.
ഓഫീസില്‍ നിന്ന് നിലത്ത് വിരിക്കാനായി കുറച്ച് പേപ്പറും എടുത്ത് അവര്‍ സെമിനാര്‍ ഹാളിലേക്ക് പോയി.
ഫര്‍സാന നിറുത്താതെ സംസാരിക്കുന്ന പ്രകൃതക്കാരിയാണ്.
രണ്ടു പേരും വാഷ്‌റൂമില്‍ പോയി വൂളൂഅ് ചെയ്തു വന്നു. സംസാരത്തിനിടയിലും അവളെന്തോ കുശുകുശുക്കുന്നതായി ഫര്‍സാനക്ക് തോന്നിയിട്ടുണ്ട്. സെമിനാര്‍ ഹാളിന്റെ വാതില്‍ തുറക്കുന്നതിനിടയില്‍ ഫര്‍സാന ചോദിച്ചു.
'ഡി...ഞാനൊരു കാര്യം ചോദിക്കട്ടെ..ഞാന്‍ കുറേ നേരമായി നിന്നെ ശ്രദ്ധിക്കുന്നു...നിയെന്താണിങ്ങനെ പിറു പിറുക്കുന്നത്... '
അവളൊന്നും മിണ്ടിയില്ല...നിഖാബിടുന്നത് കാരണം തന്റെ മുഖം ആരും കാണുന്നില്ലാ എന്ന ധൈര്യത്തിലായിരുന്നു അവള്‍ സ്വലാത്ത് ചൊല്ലിയത്. പക്ഷെ, അടുത്ത് നിരീക്ഷിക്കുന്നൊരാള്‍ക്ക് മുഖം കണ്ടില്ലെങ്കിലും തന്റെ മുഖഭാവങ്ങളെയും പേശീചലനങ്ങളെയും കൃത്യമായി വായിച്ചെടുക്കാന്‍ സാധിക്കുമെന്ന് അന്നാണവള്‍ക്ക് മനസ്സിലായത്.
'എന്താടി എന്നോട് പറയാന്‍ പറ്റാത്ത വല്ല കൂടോത്രവുമാണോ...'
ഫര്‍സാന തമാശ രൂപേണയാണെങ്കിലും പരിഭവിച്ചു.
'അതൊന്നുല്യടി സ്വലാത്ത് ചൊല്ലുന്നതാ... നിന്റെ കൈയില്‍ ഫോണുണ്ടോ...'
ഫര്‍സാന നിര്‍ബന്ധിച്ചപ്പോള്‍ പറയാതിരിക്കാനായില്ല. ആ വിഷയത്തിലിനി സംസാരം നീളാതിരിക്കാനാണ് പെട്ടെന്നവളോട് ഫോണ്‍ ചോദിച്ചത്.
'ഉണ്ടല്ലോ...'
ഫര്‍സാന ഫോണ്‍ അണ്‍ലോക് ചെയ്ത് അവള്‍ക്ക് നേരെ നീട്ടി.
സെമിനാര്‍ ഹാളിലേക്ക് കയറി മൊബൈല്‍ ഫോണില്‍ ഖിബ്‌ല തരപ്പെടുത്തി. നിസ്‌കരിക്കാനായി നിന്നതിന് ശേഷമാണ് അവള്‍ നിഖാബ് ഉയര്‍ത്തിയത്.
'ആ...ഹ നീയാള്‍ സുന്ദരിയാണല്ലോ....നിന്റെ മുഖം ഞാനിപ്പോഴാണ് ശരിക്കൊന്ന് കണ്ടത്...'
ഫര്‍സാനയുടെ ശബ്ദം ആ വലിയ സെമിനാര്‍ ഹാളില്‍ പ്രകമ്പനം കൊണ്ടു.
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ നിസ്‌കാര കുപ്പായം ഒരു കവറിലാക്കി കരുതാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പര്‍ദ്ദയും കാലുറയും കൈയ്യുറയും അഴിച്ച് നിസ്‌കാരകുപ്പാഴം ധരിച്ചതിന് ശേഷം തന്റെ വസ്ത്രം ചുരിദാറും ടോപുമിട്ടിരിക്കുന്ന ഫര്‍സാനക്ക് നേരെ നീട്ടി. ഫര്‍സാന ചിരിച്ചുകൊണ്ടത് വാങ്ങിയിട്ടതിന് ശേഷം ഇരുവരും ളുഹ്‌റിന് മുമ്പും ശേഷവുമുള്ള ഇരുസുന്നതുകളും ജമാഅത്തായി ഫര്‍ളും നിസ്‌കരിച്ചു.
നിസ്‌കാര ശേഷം ഫര്‍സാന അവളെ നേരെ തിരിഞ്ഞിരുന്നു.
'ഡി...ഞാനൊരു കാര്യം കൂടെ ചോദിക്കട്ടെ...നിന്നെ കുറിച്ചുള്ള വ്യക്തിപരമായ ചോദ്യമാണ്...നീ ഒന്നും വിചാരിക്കരുത്...'
' ഇന്ന് ഫുള്‍ ചോദ്യമാണല്ലോ...എന്തുപറ്റി, ഏതായാലും നീ ചോദിക്ക്...'
'നിനക്ക് ഈ പര്‍ദ്ധയും മുഖമൂടിം ഒക്കെപാടെ ധരിച്ച് ക്ലാസില്‍ വരുമ്പോള്‍ മടിയാകാറില്ലേ... കുട്ടികളൊക്കെ എന്ത് കരുതുമെന്ന് തോന്നാറില്ലേ... .എനിക്ക് മടിയാകുന്നത് കൊണ്ടാണ് ചോദിച്ചത് കെട്ടോ...'
ഫര്‍സാന കുറച്ച് മടിയോടെയാണെങ്കിലും ചോദിച്ചു പൂര്‍ത്തിയാക്കി.
ഒന്നാലോചിച്ചതിന് ശേഷം അവള്‍ ഫര്‍സാനയുടെ മുഖത്ത് നോക്കി പതുക്കെ ചിരിച്ചു.
എങ്ങെനെയിവള്‍ക്കിത് ചോദിക്കാന്‍ സാധിക്കുന്നുവെന്നാണ് ആദ്യം ചിന്തിച്ചത്. പെട്ടെന്നാണ് റസൂലുള്ളാന്റെ ലജ്ജയെകുറിച്ച് വിശദീകരിക്കുന്നതിനിടക്ക് ആയിശാ ബീവി പറഞ്ഞൊരു കാര്യം പ്രസംഗത്തില്‍ കേട്ടതോര്‍മ വന്നത്.
'നബിതങ്ങള്‍ എന്റെയോ ഞാന്‍ നബിതങ്ങളുടെയോ ഔറത്ത് കണ്ടിട്ടില്ല'
ഭാര്യ-ഭര്‍ത്താക്കന്മാരായിരുന്നിട്ടും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ പോലും പരസ്പരം നാണം മറച്ച് ജീവിച്ചവരാണെന്റെ ഹബീബും പ്രിയപ്പെട്ടവരും. ആ ഹബീബിന്റെ സമുദായത്തിലെ പിന്‍തലമുറക്കാരിയാണീ ചോദിക്കുന്നത്
' തുറന്നിട്ട് നടന്നാലെന്താണ് പ്രശ്‌നമെന്ന്.'
ഇവിടെയിവള്‍ക്ക് ചരിത്രം പറഞ്ഞ് വിശദീകരിച്ചാല്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല. ഒരു വഴിയുണ്ട്.
'നീയെന്തിനാ...ചിരിക്കുന്നത്...എന്നെ ആക്കിയതാണോ...'
അവള്‍ തന്റെ മുഖത്ത് നോക്കി ചിരിക്കുന്നത് കണ്ട് ഫര്‍സാന ചോദിച്ചു.
'ഏയ്...അല്ല...ഞാനാലോചിക്കുകയായിരുന്നു..നമ്മളൊക്കെ മുസ്ലിമീങ്ങളല്ലേ...?'
'അതെ...'
ഫര്‍സാന തലയാട്ടി...
'നമ്മളെന്തൊക്കെ ധരിക്കണം എന്തൊക്കെ ധരിക്കരുത് എന്ന് ഇസ്ലാം പറഞ്ഞിട്ടില്ലേ....പിന്നെന്തിന് നമുക്ക് മടി തോന്നണം'
'അതൊക്കെ ശരിയാണ്....പക്ഷെ, നമ്മള് കാലത്തിനനുസരിച്ച് മാറണ്ടേ...'
ഫര്‍സാന അവള്‍ സംസാരം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ എടുത്ത് ചാടി ചോദിച്ചു.
'ഓകെ...അപ്പോ അതാണ് പ്രശ്‌നം...കലാത്തിനനുസരിച്ച് മാറണം...ഞാനൊരുദാഹരണം പറയാം...നീ ശ്രദ്ധിച്ച് കേള്‍ക്ക്...'
ഫര്‍സാനയുടെ സംസാരത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായ അവള്‍ പറഞ്ഞു.
'ആ പറ...'
ഫര്‍സാന കാതു കൂര്‍പ്പിച്ചു.
'നമ്മളൊക്കെ ഈ കോളേജിലെ വിദ്യാര്‍ത്ഥികളല്ലേ...?'
'അതെ...'
'ഈ കോളേജിലേക്ക് അഡ്മിഷന്‍ എടുക്കുന്ന സമയത്ത് കോളേജ് ഒരുപാട് നിബന്ധനകള്‍ വെച്ചിരുന്നു. അഥവാ...പ്ലസ്ടു ഇത്ര ശതമാനം മാര്‍ക്കോട് കൂടെ പാസാവണം...ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ട് ഹോസ്റ്റലുകളായിരിക്കും...കൃത്യം രാത്രി ഒമ്പത് മണിക്ക് ഹോസ്റ്റലിന്റെ ഗേറ്റ് പൂട്ടും..ഇങ്ങനെ തുടങ്ങി ഈ കാമ്പസിനകത്ത് നാം വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട ഒരുപാട് നിയമാവലികളുണ്ട്.'
അവള്‍ ഒന്ന് പറഞ്ഞു നിറുത്തി.
'അതേ...ഉണ്ട് അതെല്ലാം കോളേജിന്റെ നല്ലനടത്തിപ്പിന് വേണ്ടി ഉണ്ടാക്കിയതാണ്...'
'ഓകെ..ശരി, ഇനിപറയുന്ന കാര്യമാണ് നീ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അപ്പോള്‍ നമ്മുടെ കോളേജിന്റെ പുറത്ത് കൂടെ പോകുന്ന കുറച്ചാളുകള്‍ പറയുകയാണ്
'ഇതെന്ത് അസമത്വമാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ട് ഹോസ്റ്റലുകളോ...ഒന്ന് പോരെ... അതല്ലേ...തുല്യത'.
മറ്റൊരു കൂട്ടര്‍ ചോദിക്കുന്നു. 'എല്ലാവര്‍ക്കും പഠിക്കാനുള്ള തുല്യ അവകാശമില്ലേ....പിന്നെന്തിനാണ് ഈ പ്ലസ്ടുപാസാവണം എന്നെല്ലാം നിയമം വെക്കുന്നത്' ഇങ്ങനെയെല്ലാം ചോദിച്ചാല്‍...നമ്മളത് പരിഗണിക്കുമോ...'
'അതെന്തു ചോദ്യമാണെടി...എല്ലാത്തിനും ഒരടിസ്ഥാനവും മാര്‍ഗരേഖയുമൊക്കെ വേണ്ടേ...'
ഫര്‍സാന കൗതുകത്തോടെ ചോദിച്ചു.
'അതേ..അത് വേണം അതുതന്നെയാണ് ഞാനും പറയുന്നത്. ഈ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നതെല്ലാം പാലിക്കണമെന്നത് കോളേജ് പുറപ്പെടുവിച്ച നിയമമാണ്. ആ നിയമത്തെ കോളേജിന് പുറത്തുള്ളവര്‍ എന്ത് വിമര്‍ശിച്ചാലും ഇവിടുത്തെ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ആ നിയമം പാലിക്കാനും അനുസരിക്കാനും നമ്മൾ ബാധ്യസ്ഥരാണ്. അത് ബോധ്യപ്പെട്ടത് കൊണ്ടും മനസ്സ്‌കൊണ്ട് ഇഷ്ടമായത് കൊണ്ടുമാണല്ലോ നമ്മളെല്ലാവരും ഈ കോളേജ് ചൂസ് ചെയ്തത് തന്നെ..അല്ലേ...!?'
അവള്‍ ചോദിച്ചപ്പോള്‍
ഫര്‍സാന പുഞ്ചിരിച്ചു കൊണ്ട് അതേയെന്ന് മറുപടി പറഞ്ഞു. എങ്ങോട്ടാണ് അവളുടെ സംസാരം പോകുന്നതെന്ന് ഫര്‍സാനക്കിപ്പോള്‍ ഏകദേശം മനസ്സിലായി തുടങ്ങി.
'അപ്പോള്‍ ഞാനൊരു മുസ്ലിമാണെന്ന് അംഗീകരിക്കലോട് കൂടെ എന്റെ മതം പറയുന്ന പോലെ ജീവിക്കുന്നതില്‍ ഞാന്‍ അപകര്‍ഷയാവേണ്ട കാര്യമോ മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നതോ നോക്കണോ...വേണ്ടാ..., കാരണം, എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഈ മതത്തെ ഞാന്‍ സ്വീകരിച്ചത്.
അത് കൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാതെ നമുക്ക് വേണ്ടി ജീവിക്കുന്നതല്ലേ നല്ലത്...?'
അവള്‍ നിർത്തിയ ചോദ്യത്തില്‍ ഫര്‍സാന ഒരു നിമിഷം ആലോചനയില്‍ മുഴുകിയെന്ന് തോന്നുന്നു.
'ക്ലാസ് തുടങ്ങാനായി..പര്‍ദ്ദയൂരി താ...നമുക്ക് പോകാം...'
എന്നവള്‍ പറഞ്ഞപ്പോഴാണ് ഫര്‍സാന പിടഞ്ഞെഴുന്നേറ്റത്.
(*തുടരും....*) ©️
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment