(PART ‎40) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ


 ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-40⛔️


'നാളെ മിക്കവാറും റബീഉല്‍ അവ്വല്‍ ഒന്നാകും....ഇന്‍ ഷാ അല്ലാഹ്... നമുക്കൊരുങ്ങണ്ടേ....!? '

എന്തോ ഓര്‍മ വന്നിട്ടെന്ന പോലെ അത് വരെ ചടഞ്ഞിരിക്കുകയായിരുന്ന നൂറ സട കുടഞ്ഞെഴുന്നേറ്റു.


അവള്‍ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റത് കണ്ടപ്പോള്‍ ഫര്‍സാനയും ഫൈറൂസയും ഒരു നിമിഷം സ്തബ്ദരായിരുന്നു. അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി ചെറുതായി ചിരിച്ചു.


'അയ്‌ന്പ്പൊ ന്താ പ്രത്യേകിച്ച് ഒരുങ്ങാന്‍...' 

സാധാരണ റബീഉല്‍ അവ്വലുകളില്‍ മൗലിദും മീലാദ് റാലിയും മാത്രം കണ്ട് ശീലിച്ച ഫര്‍സാന ഒരൊഴുക്കന്‍ മട്ടിൽ ചോദിച്ചു.


 ആ ചോദ്യത്തിന് മറുപടി പറയാതെ നൂറ ആദ്യം കണ്ണുകൾ കൊണ്ട് തന്റെ റൂം  മൊത്തത്തിലൊന്ന് ഓട്ടപ്രദക്ഷണം വെച്ചു. ശേഷം നിസ്‌കാര റൂമിലും പോയി എല്ലാം ഒന്നൂടെ നോക്കി പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം ചിന്താനിമഗ്നയായി റൂമിലേക്ക് വന്ന് കട്ടിലിലിരുന്നു.


'അപ്പൊ, ഈ റബീഇനെ നമ്മള്‍ ആവേശ പൂര്‍വ്വം വരവേല്‍ക്കുന്നു...ദാ.. ഈ നിമിഷം മുതല്‍ അതിന്റെ ഒരുക്കങ്ങള്‍ നമ്മളാരംഭിക്കുന്നു.... ' നൂറയുടെ വാക്കുകളില്‍ തുടിച്ചു നിന്ന ആവേശം കണ്ടപ്പോള്‍ ഫര്‍സാനക്കും ഫൈറൂസക്കും എന്തോ വലിയ ആഘോഷത്തിന്റെ പ്രതീതി.


'ഞാന്‍ റെഡി...നീ പറ...നമ്മളെന്താ ചെയ്യാന്‍ പോകുന്നത്....'

ഫര്‍സാന കട്ടിലില്‍ നിന്ന് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.


'ആദ്യം നമ്മള്‍ നിസ്‌കാര റൂം പ്രത്യേക മൗലിദ് റൂമായി സജ്ജീകരിക്കുന്നു. അഥവാ, ചുവരുകളില്‍ ചെറിയ തോരണങ്ങളൊരുക്കിയും ഭംഗിയുള്ള ക്രാഫ്റ്റുകളുണ്ടാക്കിയും അത് വൃത്തിയില്‍ റൂമില്‍ ഹാങ് ചെയ്തും നമ്മള് റബീഇന്റെ ആദ്യ ആഘോഷ പരിപാടി ആരംഭിക്കുന്നു. എങ്ങനെയുണ്ട്.....?'

നൂറ ആവശത്തോടെ തന്റെ ഉള്ളിലെ ആഗ്രഹം പറഞ്ഞു രണ്ടു പേരുടെയും മുഖത്തേക്ക് നോക്കി.


'സെറ്റ്, സംഗതി കിടുക്കും....'

ഫൈറൂസയും ഫര്‍സാനയും ഒരുമിച്ച് പറഞ്ഞു. അവരുടെ മനസ്സില്‍ പെട്ടെന്ന് എവിടെ നിന്നോ അതിരില്ലാത്ത ആവേശം അലതല്ലിയെത്തി. 


'എനിക്ക് കുറച്ച് കളര്‍ നൂലുകളും കുപ്പിയുമൊക്കെ വേണം...ക്രാഫ്റ്റ് ചെയ്യാനാ.....'

ഫര്‍സാന കര്‍മ്മ നിരതയായി. 


'ആദ്യം ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കാം...വലിയ ചിലവില്ലാതെ വീട്ടില്‍ തന്നെ കിട്ടുന്നതെന്തൊക്കെയാണെന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പുറത്ത് നിന്ന് എന്തൊക്കെ വാങ്ങണമെന്ന് നോക്കാം. ഉപ്പച്ചിയോടും ഉമ്മച്ചിയോടും പിരിവിട്ട് മോനൂസിനെ വിട്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കാം...'

നൂറ ഒരു മാനേജര്‍ തസ്തികയിലേക്കുയര്‍ന്നു.


 അവര് ഒരുമിച്ചിരുന്ന് ആവശ്യമായ സാധനങ്ങളുടെയെല്ലാം ലിസ്റ്റുണ്ടാക്കി. നൂറ ഉമ്മച്ചിയേയും ഉപ്പച്ചിയേയും ഉമ്മമ്മയേയും കണ്ട് കാര്യം ബോധിപ്പിച്ചു. എല്ലാവരും അകമഴിഞ്ഞ് സമ്മതം മൂളി. മോനൂസിനെ വിളിച്ച് സാധനങ്ങള്‍ വാങ്ങാൻ ഏൽപ്പിച്ചു.


'ഞാനൊരു എല്‍.ഇ.ഡി നെറ്റ് ലൈറ്റു കൂടെ വാങ്ങും. എന്നിട്ട് നമുക്കത് ഫ്രണ്ട് ഗേറ്റിന്റെയും കോലായിടെ ഉമ്മറത്തും രസായിട്ട് തൂക്കിയിടാം...'

മോനൂസിന്റെ ആ ഐഡിയ നൂറക്കും ബോധിച്ചു. അവളത് വാങ്ങാന്‍ സമ്മതവും കൊടുത്തു. അവന്‍  ലിസ്റ്റുമായി കടയിലേക്കോടി.


ഫര്‍സാന അപ്പോഴേക്കും വീട്ടിലുള്ള ഒഴിഞ്ഞ ബോട്ടിലുകളെടുത്ത് തന്റെ കലാ പ്രകടനങ്ങൾ ആരംഭിച്ചിരുന്നു. ഫൈറൂസ കത്രികയും വെള്ള നോട്ട് ബുക്ക് പേപ്പറുകളും നൂലുമെല്ലാമെടുത്ത് നെടുകയും കുറുകയുമെല്ലാം വെട്ടുന്നുണ്ട്. 


'ഞാനാദ്യായിട്ടാണിട്ടൊ, ഒരു നബിദിനം ഇതുപോലെ ആഘോഷിക്കാന്‍ പോകുന്നത്...'

ഫര്‍സാന തന്റെ കൈയിലുള്ള ബോട്ടിലില്‍ ശ്രദ്ധയോട് കൂടെ പശ തേക്കുന്നതിനിടയില്‍ പറഞ്ഞു.


'പണ്ട് മഹാന്മാരൊക്കെ എന്ത് വിപുലമായിട്ടാണ് മൗലിദാഘോഷിച്ചത്‌ന്നോ...അതൊക്കെ കേട്ടാല്‍ തന്നെ നമ്മളെ കണ്ണ് തള്ളി പോവും....'

നൂറ തന്റെ ചരിത്രജ്ഞാനം അവര്‍ക്കു മുമ്പില്‍ പകര്‍ന്നു.


'ലോകത്ത് തന്നെ ഏറ്റവും വലിയ താബിആയ പണ്ഡിതനാണ് ഹസന്‍ ബസ്വരി തങ്ങള്‍. മഹാനവര്‍കളൊരിക്കല്‍ പറഞ്ഞു:

ഉഹ്ദ് മലയോളം സ്വര്‍ണ്ണം എനിക്കുണ്ടെങ്കില്‍ ആ സ്വര്‍ണ്ണം മുഴുവന്‍ ഞാനെന്റെ ഹബീബിന്റെﷺ മൗലിദാഘോഷിക്കാന്‍ വേണ്ടി ചിലവഴിക്കുമായിരുന്നു....!അപ്പൊ അതിന്റെ വ്യാപ്തി നിങ്ങളൊന്നോര്‍ത്ത് നോക്കിയേ...?!'

നൂറ ഒരാശ്ചര്യ ചിഹ്നത്തില്‍ ഒന്ന് നിറുത്തിയതിന് ശേഷം തുടര്‍ന്നു:


'ഉഹ്ദ് ചെറിയ മലയാണെന്ന് കരുതിയോ...ഒരു കിലോമീറ്ററിലധികം ഉയരവും ഏഴര കിലോമീറ്ററോളം നീളവുമുള്ള മലയാണത്....!'

നൂറ വീണ്ടും ആശ്ചര്യപ്പെട്ടു നിറുത്തി.


 അവളുടെ മനസ്സിലേക്ക് വീണ്ടും നബിദിനങ്ങള്‍ വിപുലമായി ആഘോഷിച്ച മഹാരഥന്മാരുടെ ചരിത്രങ്ങള്‍ വരിയിട്ടു വന്നു. എല്ലാം പറയണം എന്നവള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, ഏത് പറയുമെന്ന ആശങ്കമാത്രമായിരുന്നു.


'ഇര്‍ബല്‍ എന്ന് പറയുന്നൊരു നാടുണ്ട്. ഇന്നത് ഇറാഖിന്റെ ഭാഗമാണെന്ന് തോന്നുന്നു. അവിടുത്തെ സുല്‍താന്‍ സ്വലാഹുദ്ധീന്‍ അയ്യൂബിയുടെ ഗവര്‍ണ്ണറായിരുന്നു മുളഫര്‍ രാജാവ്. ഭയങ്കര പ്രസിദ്ധനും നീതിമാനുമൊക്കെയായിരുന്നു. മൂപ്പരുടെ മൗലിദാഘോഷത്തെ കുറിച്ചു ചരിത്രങ്ങളൊക്കെയൊന്ന് വായിച്ചു നോക്കണം. നമ്മളൊക്കെ അന്നാണ് ജനിച്ചിരുന്നെങ്കിലെന്ന്

വരെ ചിന്തിച്ച് പോകും. ആ നാടും പരിസരവുമെല്ലാം മൗലിദിന് വേണ്ടി ഒരുങ്ങി തയ്യാറാവും. പട്ടിണി കിടക്കുന്ന ഒരാള് പോലും അവിടെയുണ്ടാവില്ല. എങ്ങും ആഘോഷത്തിന്റെ പ്രതീതി മാത്രമായിരിക്കും. ഹൊ..എനിക്ക് തന്നെ അതൊക്കെ ആലോചിച്ചിട്ട് കൊതിയാവുന്നു. അപ്പൊ അന്നുള്ളോരുടെ ആവേശമെത്രയായിരിക്കും അല്ലേ...' 

ഫൈറൂസയുടെ അടുത്തിരുന്ന് സൂചിയില്‍ നൂല് കോര്‍ക്കുന്നതിനിടയില്‍ നൂറ ഒന്ന് പുളകം കൊണ്ടു.


ഉമ്മച്ചി അപ്പോഴേക്കും നല്ല ചയയും മുരിഞ്ഞ പൊക്കുവടയും ചൂടോടെ കൊണ്ടു വന്നു. എല്ലാവരും വട്ടമിട്ടിരുന്ന് ചായകുടിച്ചു. ചായക്ക് ശേഷം ഉമ്മച്ചിയും അവരോടൊപ്പം ചേര്‍ന്നു. ഉമ്മച്ചി നിസ്‌കാര റൂം നന്നായിട്ടൊന്ന് കഴുകി തുടച്ച് വൃത്തിയാക്കി. 

സുഖമില്ലാതിരുന്നിട്ടും ഉമ്മമ്മ എല്ലായിടത്തും ഒരു തവണ വന്ന് രംഗങ്ങളൊക്കെ വിലയിരുത്തി വീണ്ടും പതുക്കെ റൂമിലേക്ക് തന്നെ തിരിച്ചു നടന്നു. 


അതിനിടക്ക് നൂറ പേനയും പേപ്പറുമെടുത്ത് റബീഉല്‍ അവ്വലിലെ ഓരോ ദിവസവും ചെയ്തിരിക്കേണ്ട കാര്യങ്ങളടങ്ങുന്ന വ്യക്തമായ ടൈം ടേബിളുണ്ടാക്കാനിരുന്നു. 


*എന്റെ റബീഅ്*


1.എല്ലാ ദിവസവും കൃത്യസമയത്ത് വീട്ടിലുള്ള എല്ലാവരും ഇരുന്ന് പ്രകീര്‍ത്തന സദസ് സങ്കടിപ്പിക്കണം. 

-സദസ്സില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ശ്രമിക്കണം.

-ചുരുങ്ങിയത് ഒരു ഹദീസ് മൗലിദും ഒരു ഫസ് ല് ബുര്‍ദയും ചൊല്ലണം

-അവസാനം കൂട്ടമായിരുന്നു ദുആ നടത്തണം. 


2.എല്ലാ ദിവസവും ചീരണിയുണ്ടാക്കണം.

ചെറുതെങ്കിലും ഓരോ മൗലിദ് സദസ്സിന് ശേഷവും പ്രത്യേക ചീരണിയൊരുക്കാന്‍ ശ്രമിക്കണം. അത് അംഗങ്ങൾക്ക് പ്രത്യേക സന്തോഷം പകരും. 


3.സ്വലാത്തുകള്‍ അധികരിപ്പിക്കണം.

കുടുംബാംഗങ്ങളെല്ലാം സ്വലാത്തുകള്‍ അധികരിപ്പിക്കണം. കൃത്യമായി എണ്ണം രേഖപ്പെടുത്തിയാല്‍ വ്യക്തമായ കണക്കുകള്‍ കിട്ടും. സമാപന ദിവസം പ്രാര്‍ത്ഥനയില്‍ ഉൾപ്പെടുത്തി ഇത് മദീനയിലേക്ക് ഹദ് യ ചെയ്യാം.


4.നബിവായന

ഹബീബായ തങ്ങളുമായിﷺ ബന്ധപ്പെട്ട രചനകളോ ചരിത്ര ഗ്രന്ഥങ്ങളോ തേടി പിടിച്ച് വായിക്കണം. 

-കുടുംബാംഗങ്ങളില്‍ നിന്ന് സാധ്യമാകുന്നവര്‍ക്ക് നബിതങ്ങളെ കുറിച്ച് കവിത, കഥ, മദ്ഹുകള്‍ മറ്റു സാഹിത്യ സൃഷ്ടികള്‍ എന്നീ രചനകള്‍ നടത്തി മൗലിദ് സദസ്സില്‍ അവതരിപ്പിക്കാവുന്നതാണ്.


5. ഹബീബായ നബിﷺതങ്ങളുടെ തിരുസുന്നത്തുകളെ പരമാവധി സജീവമാക്കാന്‍ ശ്രമിക്കണം.

-അയല്‍വാസികളെ പരിഗണിക്കണം. 

-കുട്ടികള്‍ക്ക് മധുരം നല്‍കണം. 

-പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി സ്വദഖ നല്‍കണം. തുടങ്ങിയവ ഉദാഹരണം ... 


6. നിഷിദ്ധമായതൊന്നും എന്നില്‍ നിന്ന് സംഭവിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം.

7. 

8.


നൂറ താന്‍ മനസ്സില്‍ കണ്ട കാര്യങ്ങളെല്ലാം പേപ്പറില്‍ കുറിച്ചു. ശേഷം എല്ലാവരേയും ഒരുമിച്ചിരുത്തിയിട്ട് വായിച്ചു കേള്‍പ്പിക്കാം. അതാവുമ്പോള്‍ അവരുടെ ആശയങ്ങളെ കൂടെ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമല്ലോ. എന്നിട്ട് എല്ലാവരുടെയും സമ്മതത്തോട് കൂടെ ഈ ടൈം ടേബിള്‍ മൗലിദ് ഹാളിന്റെ ചുവരിലൊട്ടിക്കണം. നൂറയുടെ മനസ്സില്‍ ആവേശത്തിന്റെ തിരയേറ്റമായിരുന്നു.


***


'നൂറയും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ല....'

ഫൈസല്‍ പതുക്കെ പറഞ്ഞു തുടങ്ങി. അതുവരെ അശ്രദ്ധയോടെ ഫൈസലിനെ ശ്രദ്ധിക്കുകയായിരുന്ന ഫാതിഹ് പെട്ടെന്ന് അവനോട് ചോദിച്ചു:


'എന്താ നീ പറഞ്ഞത്....!? '

ഫൈസല്‍ താന്‍ പറഞ്ഞ കാര്യം വീണ്ടും ആവര്‍ത്തിച്ചു.


'അവള്‍ക്കൊരു പണി കൊടുക്കണം എന്ന വാശിപ്പുറത്താണ് ഞാന്‍ നിങ്ങളോട് അങ്ങനെയെല്ലാം പറഞ്ഞത്...'

ഫൈസല്‍ തന്റെ കുമ്പസാരമാരംഭിച്ചു.


 ഫാതിഹിന് എന്തോ തിരിച്ചു കിട്ടിയ പ്രതീതി.

'എന്ത് വാശിയാണ് നിങ്ങള്‍ തമ്മില്‍...ഇതും നീ എന്നെ കളിയാക്കാന്‍ പറയുന്നതാണോ...ഒരാളുടെ ജീവനും വെച്ചാണ് നീ കളിക്കുന്നതെന്ന് നല്ലോണം ഓര്‍മയുണ്ടായിക്കോട്ടെട്ടൊ....'

ഫൈസലിനെ വിശ്വാസം വരാത്തത് പോലെ ഫാതിഹ് പറഞ്ഞു. 


അവൻ കാര്യങ്ങളെല്ലാം ഫാതിഹിനോട് പറഞ്ഞു. ഫൈറൂസയുടെ വീട്ടില്‍ വെച്ച് നടന്നതും ഡോക്ടറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാമെന്ന് ഏറ്റതുമെല്ലാം . എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഫാതിഹ് അവൻ പറഞ്ഞതെല്ലാം സത്യമാവണേയെന്ന് ഉള്ളു കൊണ്ട് പ്രാര്‍ത്ഥിച്ചു. കാരണം നൂറ അയാളുടെ മനസ്സില്‍ പ്രതിഷ്ഠ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. 

അവളെ കുറിച്ചിനിയാലോചിച്ചിട്ട് കാര്യമില്ലായെന്ന് നിനച്ചിടത്ത് നിന്നാണ് വീണ്ടും ശുപകരമായ വാര്‍ത്ത കേള്‍ക്കുന്നത്. ഈ അവസരം പാഴാക്കിക്കൂട. 


'ഓക്കെ...ഞാനൊന്നാലോചിക്കട്ടെ....'

ഫാതിഹ് തന്റെ അമിതമായ സന്തോഷം മുഖത്ത് കാണിക്കാതെ ഗൗര സ്വരത്തില്‍ തന്നെ ഫൈസലിനോട് പറഞ്ഞു.

'സര്‍, എന്റെ കാരണം കൊണ്ട് നിങ്ങളീ വിവാഹത്തില്‍ നിന്ന് പിന്തിരിയരുത്. അത് പിന്നീട്  ജീവിത കാലം മുഴുവന്‍ എനിക്ക് മറക്കാന്‍ സാധിക്കുകയില്ല...'

ഫൈസല്‍ അവസാനം കെഞ്ചിക്കൊണ്ട് പറഞ്ഞു.


'നമുക്ക് നോക്കാമെന്ന് പറഞ്ഞില്ലടോ...താന്‍ കേറിവാ നമുക്കൊരു ചായ കുടിച്ചിട്ട് ബാക്കി പറയാം...'

ഫാതിഹ് ഫൈസലിനെയും കൂട്ടി അകത്തേക്ക് നടന്നു.

( *തുടരും....*) ©️


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿




 അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here