(PART 4) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ
💖പ്രണയിച്ചവൾ💖
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔️Part-4⛔️
▪️▪️▪️▪️▪️▪️▪️▪️▪️▪️
രാവിലെ എട്ടുമണിക്ക് വീടിന്റെ മുമ്പില്‍ നിന്നൊരു ബസ്സുണ്ട്, സുല്‍ത്താന്‍. അതില്‍ കയറിയാല്‍ നേരെ കോളേജിന്റെ മുമ്പില്‍ ചെന്നിറങ്ങാം. ആ ബസ് അവിടെ നിറുത്തുന്നത് തന്നെ അവള്‍ക്ക് വേണ്ടിയാണ്. എസ്.എസ്.എല്‍.സിക്ക് ശേഷം തുടങ്ങിയതാണ് സ്‌കൂളിലേക്കുള്ള ഈ ബസ് യാത്ര.
അവളെ സ്റ്റോപ്പില്‍ കണ്ടില്ലെങ്കില്‍ ഒന്ന് രണ്ടു തവണ ബസ് നീട്ടി ഹോണടിക്കും. എട്ടുമണിക്ക് ബസ് ഹോണടിച്ചാല്‍ ആ നാട്ടുക്കാര്‍ക്കറിയാം ഇന്നവള്‍ ഇത്തിരി ലേറ്റായിട്ടാണ് എത്തിയത്. അതല്ലെങ്കില്‍ എന്തോ കാരണത്താല്‍ ക്ലാസിലേക്ക് പോയിട്ടില്ലായെന്ന്.
വീട്ടില്‍ നിന്ന് ഏകദേശം പതിനാറ് കിലോമീറ്ററുണ്ട് കോളേജിലേക്ക്. എന്‍.എച്ച്. 17നോട് തൊട്ടു ചാരി നില്‍ക്കുന്ന കോളേജിന്റെ വിശാലമായ ഗേറ്റ് ദൂരേനിന്ന് തന്നെ കാണാം.
കോളേജ്, അവിടെ വരുന്നവര്‍ക്കെല്ലാം അതൊരു സ്വപ്ന ലോകമാണെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്. കോളേജിന്റെ ഗേറ്റ് കടന്നതിന് ശേഷം വിശാലമായ ഒറ്റയടി പാതയിലൂടെ കുറേ നടന്നിട്ടു വേണം ഡിപാര്‍ട്ട്മെന്റിലെത്താന്‍.
പിങ്ക് കളറില്‍ നിറഞ്ഞു പുഷ്പിച്ച് നില്‍ക്കുന്ന അധികം പൊക്കമില്ലാത്ത എന്നാല്‍ നല്ല വണ്ണമുള്ള വളഞ്ഞു പിരിഞ്ഞ് കൂപ്പുകൈകള്‍ മുകളിലേക്കുയര്‍ത്തി പിടിച്ച ഒരു നര്‍ത്തകിക്ക് സമാനമായി നില്‍ക്കുന്ന പ്രത്യേക തരം മരം ആ ഒറ്റയടി പാതയുടെ and qq ഇരുഭാഗങ്ങളിലുമായി ഒരു മീറ്റര്‍ അകലത്തില്‍ നട്ടു പിടിപ്പിച്ചതായി കാണാം.
ആ മരങ്ങള്‍ക്കിടയില്‍ ഇടക്കിടക്ക് മഞ്ഞപൂക്കളുമായി പുത്തു നില്‍ക്കുന്ന കണിക്കൊന്നയുമുണ്ട്. മഞ്ഞയും പിങ്കും കലര്‍ന്ന പൂക്കള്‍ വീണുകിടക്കുന്ന ഫൂട്ട് പാത്തിലൂടെ നടക്കുമ്പോള്‍ തന്നെ ഏതോ സ്വപ്ന ലോകത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് ആ കാമ്പസ് കോമ്പൗട്ടിലേക്ക് കാലെടുത്തുവെക്കുന്ന ആരും അറിയാതെ നിനച്ചു പോകും.
അകലത്തിൽ നട്ടുപിടിപ്പിച്ച ആ മരങ്ങളെ കണ്ടപ്പോള്‍ അവളുടെ മനസ്സിലേക്ക് ആദ്യം ഓര്‍മ വന്നത് എവിടെയോ വായിച്ച കവി വിരാന്‍ കുട്ടിയുടെ വരികളാണ്.
'എന്തായിരുന്നു ആ വരികള്‍...?'
അവള്‍ ഒരു നിമിഷം ഓര്‍ക്കാന്‍ ശ്രമിച്ചു:
" _ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു._
_ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങള്‍_ ''
പെട്ടെന്ന് കവിത ഓര്‍മ്മ വന്ന സന്തോഷത്തില്‍ അവളുടെ മുഖത്ത് ആനന്ദത്തിന്റെ ചെറുപുഞ്ചിരി മിന്നിമറിഞ്ഞു. ഡിപാര്‍ട് മെന്റിലേക്ക് നടക്കുന്നതിനിടയില്‍ ആ മരങ്ങളിലൊന്നിനെ പതുക്കെ തലോടി.
കുറച്ചൂടെ മുന്നോട്ട് നടന്നാല്‍ വ്യത്യസ്ത ഡിപാര്‍ടുമെന്റുകളിലേക്ക് പോകുന്ന റോഡുകള്‍ പരസ്പരം സന്ധിക്കുന്ന സര്‍ക്കിളാണ്. ആ ജ്ഗ്ഷനില്‍ ഒരു പടുകൂറ്റൻ ആല്‍മരമുണ്ട്. അല്‍മരത്തിന് അനുയോജ്യമായ ഒരു ഭീമന്‍ തറയും. ആല്‍ തറയില്‍ രണ്ടു പേര്‍ക്കിരിക്കാവുന്ന പത്തോളം ഇരുമ്പ് ബെഞ്ചുകള്‍ വൃത്താകാരത്തില്‍ ഘടിപ്പിച്ച് നിറുത്തിയിട്ടുണ്ട്.
````
അവിടെ വളരെ നേരത്തെയെത്തി ചുറ്റും നടക്കുന്നതൊന്നും അറിയാതെ പരസ്പരം മുഖത്തോട് മുഖംനോക്കി സ്വപ്‌നങ്ങള്‍ പങ്കുവെക്കുന്ന നാലഞ്ചു കാമുകീ കാമുകന്മാര്‍ സ്വപ്‌ന സല്ലാപത്തിലാണ്.
പെട്ടെന്നവള്‍ക്ക് ഉപ്പച്ചിയെ ഓര്‍മവെന്നു. പ്ലസ്ടുവില്‍ സയന്‍സില്‍ ഫുള്‍ ഏ പ്ലസോടെ വിജയിച്ചപോയാണ് കോളേജ് പഠനത്തെ കുറിച്ച് ആദ്യം ഓര്‍ത്തത്. കോളേജുകളെ കുറിച്ച് പറഞ്ഞു കേട്ടുള്ള അറിവ് മാത്രമേയുള്ളൂ.. കേട്ടതൊന്നും അത്ര നല്ലതായിരുന്നില്ല. ആണുങ്ങളും പെണ്ണുങ്ങളും ഇടകലരും...നമ്മളെ വഴിതെറ്റിക്കാനായി നോക്കി നടക്കുന്ന പൂവലന്മാരുണ്ടാകും..അങ്ങനെ പലതും അവള്‍ കേട്ടിരുന്നു. എന്നാലും അവളുടെ ഉള്ളിലെവിടെയോ തുടര്‍ന്ന് പഠിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു.
'അവളെ കോളേജില്‍ വിടണ്ടേയെന്ന്....'
ഒരു ദിവസം രാത്രിയില്‍ ഉപ്പച്ചി ഉമ്മച്ചിയോട് അടക്കം ചോദിക്കുന്നത് അവള്‍ കേട്ടതാണ്.
"അവളിത്ര പഠിച്ചത് മതി...കോളേജിലൊക്കെ പോയാല്‍ ന്റെ കുട്ടി കേടെന്നോവും..."
ഉമ്മച്ചി പരിഭവിച്ചു.
"അവളതിന് മറ്റുകുട്ടികളെ പോലെയാണോടി...അവള് കാര്യബോധമുള്ള കുട്ടിയല്ലേ...?"
ഉപ്പച്ചിയുടെ വാക്കുകളില്‍ മകളെ കുറിച്ചുള്ള അഭിമാനബോധം തുളുമ്പിയിരുന്നു.
പിറ്റേന്ന് രാവിലെ ഒരുമിച്ചിരിക്കുമ്പോൾ ഉപ്പച്ചി അവളെ തുറിച്ചു നോക്കി.
" എന്തേ ഉപ്പച്ചി എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ നോക്കുന്നത്...?! "
ഏതോ ചിന്തയില്‍ നിന്ന് ഉണര്‍ന്നിട്ടെന്ന പോലെ ഉപ്പച്ചി അവളോട് തിരിച്ചു ചോദിച്ചു.
"പല രക്ഷിതാക്കളും പെണ്‍മക്കളെ കോളേജിലേക്ക് പഠിക്കാന്‍ വിടാത്തതിന്റെ കാരണമറിയുമോ മോള്‍ക്ക്...?"
പെട്ടെന്നുണ്ടായ ആ ചോദ്യത്തിന് ഉപ്പച്ചി ഉത്തരം പ്രതീക്ഷിച്ചില്ലായെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ അവളതിന് മുതിര്‍ന്നുമില്ല.
"അവര്‍ക്ക് മക്കളെ പഠിപ്പിക്കാനാഗ്രഹമില്ലാഞ്ഞിട്ടല്ല... മക്കള്‍ക്ക് തെറ്റായ മാര്‍ഗം പറഞ്ഞു കൊടുത്ത രക്ഷിതാവാണ് താനെന്ന് നാളെ റബ്ബിനോട് മറുപടി പറയേണ്ടി വരുമെന്നോര്‍ത്ത് ഭയന്നിട്ടാണ്."
മോള്‍ക്കൊരു കഥപറഞ്ഞു തരട്ടെ. ഉപ്പച്ചി ഇനി പറയാന്‍ പോകുന്ന കാര്യത്തെ
കുറിച്ചാലോചിക്കാന്‍ മോള്‍ക്ക് ഈ കഥഉപകാരപ്പെടും.
മുത്ത് നബി ഒരിക്കല്‍ സ്വഹാബാക്കളോട് പറഞ്ഞു :
" സ്വര്‍ഗം വേണ്ടായെന്ന് പറയുന്നവരല്ലാത്തവരെല്ലാം എന്റെ സമുദായത്തില്‍ നിന്ന് സ്വര്‍ഗത്തില്‍ പ്രവേശിക്കും.."
സ്വഹാബാക്കള്‍ ആശ്ചര്യത്തോടെ തിരിച്ചു ചോദിച്ചു:
"ആരെങ്കിലും സ്വര്‍ഗം വേണ്ടായെന്ന് വെക്കുമോ നബിയേ...!?"
നബിതങ്ങള്‍ മറുപടി പറഞ്ഞു:
"എന്റെ സമുദയത്തില്‍ നിന്ന് ഞാന്‍ പറഞ്ഞതനുസരിച്ച് ജീവിക്കുന്നവര്‍ സ്വര്‍ഗപ്രവേശത്തിനര്‍ഹരാണ്. എന്നാല്‍ അങ്ങനെയല്ലാതെ ജീവിക്കുന്നവര്‍ വിസമ്മതമറിയിച്ചവരാണ്."
ഒന്ന് നിറുത്തിയതിന് ശേഷം ഉപ്പച്ചി ചോദിച്ചു:
" മോളെ...നബിതങ്ങള് പറഞ്ഞ രീതിയില്‍ നിന്റെ ജീവിതം ചിട്ടപ്പെടുത്താന്‍ കോളേജിലേക്കയച്ചാല്‍ നിനക്ക് സാധിക്കുമോ...? "
ഉപ്പ അവളുടെ മുമ്പിലേക്ക് രണ്ടാമത്തെ ചോദ്യമിട്ടു. അതൊരു വല്ലാത്ത ചോദ്യമായിരുന്നു. എന്ത് മറുപടി പറയണമെന്നറിയാതെ അന്തിച്ച് നില്‍ക്കുന്ന അവളെ നോക്കി ഉപ്പച്ചി പറഞ്ഞു.
" മോള് ആലോചിച്ചിട്ട് നാളെ മറുപടി പറഞ്ഞാല്‍ മതി."
ഒരു തീരുമാനമെടുക്കാനാവാതെ അവള്‍ എരിപിരികൊണ്ടു. ഒന്നുറങ്ങിയെഴുന്നേറ്റാല്‍ എല്ലാം റെഡിയാവുമെന്ന് കരുതി അവള്‍ കട്ടിലില്‍ കയറി കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു. ഉറക്കം ആ വഴിക്ക് വന്നില്ല. തലയണയെടുത്ത് മുഖത്ത് വെച്ചമര്‍ത്തി...എന്നിട്ടും, ഉപ്പച്ചിയുടെ ചോദ്യം കാതുകളില്‍ മുഴങ്ങി കൊണ്ടേയിരുന്നു.
അവള്‍ എഴുന്നേറ്റ് ഉമ്മമ്മയുടെ റൂമിലേക്ക് ചെന്നു. കട്ടിലിന്റെ ഒരു മൂലയില്‍ കൂനിക്കൂടിയിരുന്ന് സബീനയില്‍ നിന്ന് നഫീസത്ത് മാല ചൊല്ലുകയാണ് ഉമ്മമ്മ.
````
അവളവിടെ ചെന്നിരുന്നപ്പോള്‍ ഉമ്മമ്മ തലഉയര്‍ത്തി അവളെ നോക്കി. പല്ലില്ലാത്ത മോണക്കാട്ടി ചിരിച്ചു.
"എന്തേ...ഉമ്മമ്മന്റെ കുട്ടിന്റെ മോത്തൊരു സങ്കടം....? "
അവള് ഉമ്മമ്മയോട് ഉപ്പച്ചി പറഞ്ഞതെല്ലാം പറഞ്ഞു..
"ഉമ്മമ്മാ..ഇനിക്കി പഠിക്കണം...പക്ഷെ, എന്റെ സ്വര്‍ഗം നഷ്ടപ്പെടുത്താന്‍ എനിക്ക് ആവൂല..."
വലിയുമ്മ ചിരിച്ചു.
"മോള്‍ക്ക് ഇത്രകാലം പഠിച്ച ദീനനുസരിച്ച് കോളേജില്‍ പോകാന്‍ പറ്റ്വാ....? അയ്‌ന് കോളേജ്ന്ന് മൊടക്കം ണ്ടോ..." ഉമ്മമ്മയുടെ ചോദ്യം.
"ഇല്ല്യ..ഉമ്മമ്മ..." അവളുടെ മറുപടി
" പിന്നെന്താ ന്റെ കുട്ട്യന്റെ പേടി...? " വീണ്ടും ഉമ്മമ്മ
" ഞാനെങ്ങാനും വേണ്ടാത്തരത്തില്‍ ചെന്ന് ചാടുമോന്നാണ്..."
അവൾ കൈ രണ്ടും കുടഞ്ഞു
" ഹമ്പടി.....അനക്ക് അന്ന തന്നെ വിശ്വാസല്ല്യേ...അടിന്നോട് കിട്ടുനക്ക്..." തമാശ കലർന്ന ശകാരത്തിൽ ഉമ്മമ്മ
"എനിക്ക് എന്നില്‍ വിശ്വാസൊക്കെണ്ട്...പക്ഷെ, ഉപ്പച്ചിങ്ങനെ ചോദിച്ചപ്പോ ഒരു പേടി..."
അവൾ ചിണുങ്ങി.
" ഉംം..."
ഉമ്മമ്മയൊന്ന് നീട്ടി മൂളിയതിന് ശേഷം പറഞ്ഞു തുടങ്ങി.
" മോള് ഈ സബീനയില്‍ പറയ്ണ ബീവി നഫീസത്തുല്‍ മിസ്‌രിയയെ അറിയുമോ...?"
"നഫീസാ ബീവിയെ അല്ലേ...അറിയാതെ പിന്നെ..."
" എന്നാ ന്റെ കുട്ടി ശരിക്കറിയണം...മൂപ്പത്ത്യാരും പെണ്ണ് തന്നെയ്നി...വെറും പെണ്ണല്ല മുത്ത് നബിന്റെ പേരകുട്ടി. മഹതിയും പഠിച്ച്...വലിയ പണ്ഡിതയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ മഹതിയെ കാണാന്‍ വേണ്ടി മാത്രം ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്ന് വരാറുണ്ടായിരുന്നു. എന്തിനേറെ....മഹാനായ ശാഫീഈ ഇമാമും ദുന്നൂറുല്‍ മിസ് രിയുമെല്ലാം മഹതിയുടെ സ്ഥിരം സന്ദര്‍ശകരമായിരുന്നു...മുപ്പത്ത്യാര് ഇക്കണ്ട കാര്യമെല്ലാം ചെയ്തത് റബ്ബിന്റെ മുമ്പില് സ്വയം സമര്‍പ്പിച്ചതോണ്ടാണ്.
ന്റെ കുട്ട്യേ...പെണ്ണായതല്ല പ്രശ്‌നം. നഫ്‌സിനെ സ്വന്തം വരുതിയില്‍ പിടിച്ച് കെട്ടാന്‍ കഴിയാത്തതാണ്... അയ്‌ന് കഴിഞ്ഞാല്‍ ഏത് കോളേജില്‍ പോയാലും അനക്ക് ഒരു കൊഴപ്പവുണ്ടാവൂല..അയ്‌നുള്ള വിദ്യാഭ്യാസൊക്കെ അന്റെ വാപ്പ അനക്ക് പഠിപ്പിച്ചിട്ടില്ലേ...? "
ഉമ്മമ്മയുടെ ആ ചോദ്യം അവളുടെ മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി വിടര്‍ത്തി. ദീന്‍ വിടാതെ തന്നെ പഠിക്കാന്‍ തനിക്ക് സാധിക്കുമെന്ന് ഉള്ളു കൊണ്ട് ആണയിട്ടു. സന്തോഷത്തോടെ ഉമ്മമ്മയുടെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ച് എഴുന്നേറ്റ് ഉപ്പാന്റെ അടുത്തേക് ഓടി
( തുടരും )
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
💚🌻💚🌻💚🌻💚🌻💚🌻💚
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment