(PART ‎38) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 


ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-38⛔️


ഫൈസല്‍ എല്ലാം ഫൈറൂസയോട് തുറന്ന് പറഞ്ഞു-റുഖ്‌സാനയെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും, നൂറയെ വിളിച്ചതും എല്ലാം. ഫൈറൂസക്ക്  ദേഷ്യം അരിച്ചു കയറി. അവള്‍ ഒരു വിധത്തില്‍ പിടിച്ചു നിന്നു.


'എടാ.., നൂറ എന്റെ മാറ്റത്തിന്റെ ഒരു കാരണക്കാരിയാണെന്നത് ശരിയാണ്. പക്ഷേ, അവളൊരിക്കലും നിന്നെ പറ്റി ഒരു വേണ്ടാത്തരം പോലും എന്നോട് പറഞ്ഞിട്ടില്ല. സ്വയം മാറണം എന്നെനിക്ക് തോന്നിയത് കൊണ്ടാണ് ഞാന്‍ മാറിയത്. ആ തോന്നലെനിക്കുണ്ടാവാന്‍ അവളൊരു നിമിത്തമായിയെന്നുമാത്രം.'

ഫൈറൂസക്ക് സങ്കടവും ദുഖവും എല്ലാം കൂടെ ഒരുമിച്ച് വന്നു.


'എനിക്കിപ്പോഴത് മനസ്സിലായെടീ... നീയിപ്പോഴും പണ്ടൊക്കെ പിണങ്ങുന്നത് പോലെ തന്നെയായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. വീണ്ടും ഒന്ന് നന്നായി സോറി പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ നമ്മള്‍ തമ്മിലുള്ളൂ എന്ന് കരുതിയത് കൊണ്ടാണ് ഇത്തരത്തിലുള്ള കടും കൈക്കൊക്കെ ശ്രമിച്ചത്. സോറി...ഇനിയുണ്ടാവില്ല. '

ഫൈസല്‍ സോറി പറഞ്ഞെണീറ്റു.


' നൂറയുടെ ആ അന്വേഷണം മുടങ്ങിയോ എന്തോ...നീ കഴിയുവാണേല്‍ അവളുടെ ആ ചെക്കനെ കൂടി കണ്ടിട്ട് കാര്യങ്ങളെന്തൊക്കെയാണെന്ന് പറഞ്ഞു മനസ്സിലാക്കണം. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പാപഭാരം നിന്റെ തലയ്ക്കിരിക്കും....'

ഫൈസലിനോട് പോകാന്‍ നേരം അവൾ പറഞ്ഞു.


'ഞാനെന്ത് ക്രൂരനാണല്ലേ...പ്രേമം മനുഷ്യനെ അന്ധമാക്കുമെന്ന് പറയുന്നത് സത്യമാണ് കെട്ടോ.. അത് നമുക്ക് ചിന്തിക്കാനുള്ള അവസരം പോലും തരില്ല. അരമണിക്കൂറ് മുമ്പ് വരെ എനിക്കൊരു ദ്രോഹവും ചെയ്യാത്ത നൂറയോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത പകയുണ്ടായിരുന്നു. എന്തിനായിരുന്നു ആ പകയെന്ന് ഇപ്പോള്‍ ആലോചിച്ചപ്പോള്‍ ഒരു കാരണവുമില്ല,! ചെയ്തതാലോചിക്കുമ്പോള്‍ വല്ലാത്ത കുറ്റബോധവും. ചെയ്തു പോയി, ഇനി ഞാനേതായാലും അത് തിരുത്താന്‍ ശ്രമിക്കും. എന്നാ ശരി.'

അവൻ പോകാന്‍ നേരം കുറച്ച് വൈകാരികമായി പറഞ്ഞു.

 അവസാനം അവനങ്ങനെ പറഞ്ഞപ്പോൾ  ഫൈറൂസയുടെ ഉള്ള് വീണ്ടും അവന് വേണ്ടി കൊതിച്ചു. അവള്‍ പെട്ടെന്ന് അവനിൽ നിന്ന് മുഖമെടുത്ത് അകത്തേക്ക് നടന്നു. കട്ടിലില്‍ മുഖമമര്‍ത്തി കിടന്ന് ഒരുപാട് കരഞ്ഞു.


***

ഫാതിഹും സഫിയാത്തയും ഇറങ്ങിയപ്പോഴാണ് നൂറയൊന്ന് ശ്വാസം നേരെ വിട്ടത്.

'എന്താ മോള്‍ക്ക് ഡോക്ടറെ ഇഷ്ടമായോ....?'

ഉപ്പച്ചി അവളോട് ചോദിച്ചു.

അവള്‍ ഒന്നും മറുപടി പറയാതെ നാണം കലര്‍ത്തി ഉപ്പയുടെ മുഖത്ത് നോക്കി നിറഞ്ഞു ചിരിച്ചു. ഇന്നുവരെ ഉപ്പയുടെ ഒരു ചോദ്യത്തിനും അവള്‍ ഇത്ര നാണത്തോടെ മറുപടി പറഞ്ഞിട്ടില്ല. അവളുടെ ആ ചിരിയില്‍ നിന്ന് തന്നെ ഉപ്പാക്ക് കാര്യം മനസ്സിലായി.

'ഏതായാലും അവര് വിളിക്കട്ടെ...എന്നിട്ടാവാം ബാക്കി കാര്യങ്ങള് '. 

ഉപ്പച്ചി അടുക്കളയിലുള്ള ഉമ്മച്ചിയുടെ അടുത്തേക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു.


നൂറ ഉമ്മമ്മയുടെ റൂമിലേക്ക് ചെന്നു. ഉമ്മമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് കേട്ടപ്പോള്‍ ഫാതിഹ് വന്ന് നോക്കിയതാണ്. കുഴപ്പമൊന്നുമില്ല, ചെറിയൊരു പനിയും തലവേദനയുമാണ്. രണ്ട് ദിവസം കഴിഞ്ഞാല്‍ തനിയെ മാറിക്കോളും എന്നാണ് പറഞ്ഞത്. അവര് തമ്മില്‍ ഒരുപാട് സമയം കുശലം പറഞ്ഞിരുന്നിട്ടുണ്ട്. എന്തായിരുന്നുമ്മമ്മാനോട് ഡോക്ടറ് പറഞ്ഞത് എന്നറിയാനാണ് നൂറ വന്നത്.

'വന്നല്ലോ...ഉമ്മമ്മാന്റെ മണവാട്ടിക്കുട്ടി.... അനക്ക് ഇഷ്ടായിലേ...ഇനിക്ക് പെരുത്തിഷ്ടായിട്ടാ....നല്ലമൊഹബ്ബത്ത്ള്ള ചെക്കനാണ്....'

ഉമ്മമ്മ ഫാതിഹിന്റെ പോരിശ പറയാന്‍ തുടങ്ങി.


'അയ്‌ന് മൂപ്പര് മുഴുവനും വര്‍ത്താനം പറഞ്ഞത് ങ്ങളോടല്ലേ....ഇന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ...'

അവൾ ഉമ്മമ്മാനോട് ഫാതിഹ് എന്തൊക്കെയാണ് പറഞ്ഞതെന്നറിയാനുള്ള സൈക്കോളജിക്കല്‍ മൂവ് നടത്തി.

'ഓന് അന്നെ ഇഷ്ടായ കാര്യൊന്നും ഇന്നോട് പറഞ്ഞിട്ടില്ല. പക്ഷേ, ഓന് ഇന്നെ ബല്യ ഇഷ്ടായീന്ന് പറഞ്ഞു. അയ്‌നക്കൊണ്ടന്നെ ഇനി ഇടക്കെടക്ക് കാണാന്‍ വര്ണ് ണ്ട്ന്നും പറഞ്ഞീണ്...അയ്ന്ന് മനസ്സിലാക്ണത് മൂപ്പര്‍ക്ക് ഈ വീട് വിട്ട് പോകാന്‍ വലിയ മനസ്സില്ലായെന്നല്ലേ.....'

ഉമ്മമ്മ നൂറയുടെ കൈകളില്‍ അമര്‍ത്തി പിടിച്ചിട്ട് പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.


'ആ...ആര്‍ക്കറിയാം അതിന്റെ ഉദ്ദേശ്യം എന്താണെന്ന്...'

നൂറ  വലിയ താത്പര്യം കാണിക്കാത്ത പോലെ പറഞ്ഞു. 


പെട്ടെന്ന് അവളുടെ ഫോണില്‍ ഒരു മെസേജ് വന്നു. അവള്‍ വാട്‌സാപ്പ് തുറന്നു.  രാവിലെ ഗ്രൂപ്പില്‍ ഖുര്‍ആന്‍ ഖത്ം ചെയ്യാന്‍ വേണ്ടി പറഞ്ഞു കൊണ്ട് പോസ്റ്റിട്ടത് പെട്ടെന്നാണ് മനസ്സിലേക്ക് ഓടിവന്നത്. എത്ര ഖത്മുകളായി എന്ന് നോക്കണമെന്ന് നേരത്തെ കരുതിയിരുന്നതാണ്. പിന്നീട് തിരക്കുകളില്‍ പെട്ട് വിട്ടുപോയി. 


154 അംഗ ഗ്രൂപ്പില്‍ ഏകദേശം 53 ഖത്മുകള്‍ ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്... 

നൂറ പെട്ടെന്ന് ഹംദ് ചൊല്ലിയത് കണ്ടപ്പോള്‍ ഉമ്മമ്മ എന്തേയെന്ന് ചോദിച്ചു.

അവള്‍ താന്‍ ഗ്രൂപ്പില്‍ ഹബീബിനൊരു ﷺഖത്ം എന്ന പേരില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടാകുമ്പോഴേക്കും ഒരോരുത്തർ ഓരോ ഖത്ം വീതം ഓതുകായെന്നൊരു അഭിപ്രായം പറഞ്ഞിരുന്നുവെന്നും ഗ്രൂപ്പില്‍

അമ്പത്തിമൂന്ന് പേര് ഖത്മ് ഓതാനായി മുന്നോട്ട് വന്നതായും  ഉമ്മമ്മയോട് സന്തോഷം പറഞ്ഞു.


'മാശാഅല്ലാഹ്....അല്ലാഹുന്റെ കുട്ടിക്ക് ഖൈറിനെ ഏറ്റിയേറ്റി തരട്ടേ...'  

ഉമ്മമ്മ ഉള്ളു തട്ടി ദുആ ചെയ്തു. നൂറ മനസ്സറിഞ്ഞ് ആമീന്‍ ചൊല്ലി.

ചെറിയൊരു ഇടവേളക്ക് ശേഷംy ഉമ്മമ്മ തൊണ്ടയനക്കി കൊണ്ടു പറഞ്ഞു:


 'പണ്ട്....ന്റൊക്കെ ചെറുപ്പത്തില് ഞമ്മളെ തറവാട്ടില് ഖത്തം ദുആണ്ടാവും. അന്നൊരു വല്യ ആഘോഷന്നെ ആയിരിക്കും.  കോഴിം ചോറും ഒക്കെ ണ്ടാവും.  തറവാട്ടിലെ വലിയിമ്മാന്റെ ഖത്തം തീര്‍ന്നാലാണ് ഈ ഖതം ദുആ പരിപാടി. 

ഓത്ത് പള്ളിക്കലെ ഉസ്താദിനോട് വീട്ടിലേക്ക് വരാന്‍ പറയും. ഉസ്താദ് എത്തിയാല് ഉമ്മാമ്മ അലം തറ മുതല്‍ താഴേക്ക്ള്ള സൂറത്തുകള്‍ ഓതും. കൂടെ വീടിനകത്തെ പെണ്ണ്ങ്ങളും ഓതും. ശേഷം ഉസ്താദ് ഖത്തം ദുആര്‍ക്കും. അത് കഴിഞ്ഞ് എല്ലാരും കൂടി ഭക്ഷണം കഴിച്ച് സന്തോഷത്തോടെ പിരിയും. എന്തൊരു രസെയ്നി ആ കാലൊക്കെ...എത്ര പട്ടിണിം പരിവട്ടോം ആണേലും അന്ന് കിട്ടീന്യ മന:സംതൃപ്തിം റാഹത്തും ഇപ്പൊം കിട്ടൂലട്ടൊ...ഞങ്ങള് കുട്ട്യള്‍ക്കൊക്കെ വല്ലിമ്മാന്റെ ഖത്തം ദുആന്റെ അന്ന് ഒരാഘോഷ ദിവസെന്നെയ്നി....'

ഉമ്മമ്മ തന്റെ ചെറുപ്പത്തിന്റെ ആലസ്യത്തിലാണ് അത് പറയുന്നതെന്ന് ആ മുഖത്ത് നോക്കിയാല്‍ വ്യക്തമായി മനസ്സിലാക്കാമായിരുന്നു.


'അപ്പൊ അന്ന് ങ്ങള് കുട്ടികള് ഒന്നും ഓതൂലേ.....വെറും കളി മാത്രമായിരുന്നോ പണി..'

നൂറ ഉമ്മമ്മാനെ ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു.


'പിന്നെ, ഞങ്ങളൊക്കെ ഇഖ്‌ലാസ് സൂറത്ത് ഓത്യോണ്ടിരിക്കും. ഏറ്റവും കൂടുതല്‍ ഇഖ്‌ലാസ് ഓത്ണ ആള്‍ക്ക് സമ്മാനം ണ്ടാവുംന്ന് വല്ലിപ്പ ആദ്യേ പറഞ്ഞിട്ട്ണ്ടാവും. അതോണ്ട് വല്ലിപ്പാന്റെ സമ്മാനം വാങ്ങണം ന്ന്ള്ള വാശിക്ക് ഞങ്ങളൊക്കെ മത്സരിച്ച് ഇഖ്‌ലാസ് ഓതും. പക്ഷേ, അവസാനം വല്ലിപ്പ എല്ലാര്‍ക്കും ഒരുപോലെ സമ്മാനം തരുംട്ടൊ...'

ഉമ്മമ്മയുടെ മുഖത്ത് അപ്പോഴും നല്ല നിറഞ്ഞ ചിരിയുണ്ടായിരുന്നു.


'അന്ന് ഓതി തുടങ്ങ്യതാണ് ഇഖ്‌ലാസ് സൂറത്ത്. പിന്നെ അതിനോട് വല്ലാത്ത ഒരു മൊഹബ്ബത്താണ്. ഇപ്പളും ഇഖ്‌ലാസ് നിരന്തരമായി ഓതുമ്പോ വല്ലിപ്പാനെ ഓര്‍മ വരും. അനക്കറിയോ.. ഈ ഇഖ്‌ലാസ് ഓതിയാലുള്ള മെച്ചം...?'

ഉമ്മമ്മ നൂറയോട് ചോദിച്ചു. 

മൂന്ന് തവണ ഓതിയാല്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായി പാരായണം ചെയ്ത പ്രതിഫലം ലഭിക്കും എന്നതടക്കമുള്ള ഒരുപാട് പവിത്രതകള്‍ അവളുടെ മനസ്സിലൂടെ കടന്നു പോയി. പക്ഷേ, ഏതാണ് ഉമ്മമ്മ കരുതിയിട്ടുണ്ടാവുക. അതറിയാന്‍ വേണ്ടി അവള്‍ മിണ്ടാതിരുന്നു.


"അതാഖത്തുല്‍ കുബ്‌റ എന്ന് പറയ്ണ ഒരു സംഭവണ്ട്. അഥവാ.. മരിക്ക്ണതിന്റെ മുമ്പ് ഒരുലക്ഷം ഇഖ്‌ലാസ് സൂറത്ത് ഓതി സൂക്ഷിച്ച് വെക്കാന്‍ ശ്രമിക്കണം. വെറുതെ ഒഴിവു കിട്ട്ണ സമയത്തൊക്കെ ഓതിയാല്‍ തന്നെ തീര്‍ക്കാൻ പറ്റ്ണതേള്ളൂ...ഇങ്ങനെ ഓതിയാലുള്ള നേട്ടമറിയുമോ മോള്‍ക്ക്.....അന്ത്യനാളില്‍ ബേജാറില്ലാതെ കാര്യങ്ങളൊക്കെ നടക്കും.

 

 ഒരു ഹദീസില്‍ കാണാം

' ഒരു ലക്ഷം ഇഖ്‌ലാസ് ആരെങ്കിലും ഓതിയാല്‍ അവന്‍ അല്ലാഹുവില്‍ നിന്ന് അവന്റെ ശരീരത്തെ വിലക്ക് വാങ്ങിയിരിക്കുന്നു. ആകാശ ഭൂമികളില്‍ നിന്ന് അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം ഒരാള്‍ വിളിച്ച് പറയും :'ഇന്നാലിന്ന വ്യക്തി അല്ലാഹുവിന്റെ പാപ മോചിതനാണ്. വലിയ പാപങ്ങള്‍ വരെ പൊറുക്കപ്പെടും എന്നാണ് പറയപ്പെടുന്നത്. ഇതിനാണ് അതാഖത്തുല്‍ കുബ്‌റ എന്ന് പറയുന്നത്. അഥവാ നരകത്തില്‍ നിന്ന് ശരീരത്തെ മോചിപ്പിക്കാനുള്ള ഏറ്റവും വലിയ പോംവഴി .'

ഉമ്മമ്മ വലിയ ഒരുപദേശ പ്രസംഗത്തിന് ശേഷം സംസാരിച്ചു നിർത്തി.


****

ഫൈസലിന്റെ മനസ്സില്‍ ഫൈറൂസയുടെ ഓരോ വാക്കുകളും കുത്തി നോവിച്ചു കൊണ്ടിരുന്നു. എത്ര ധീരമായിട്ടാണ് അവള്‍ തന്നെ കാര്യങ്ങൾ ബോധിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ അവൾ ആ മെഴുകുതിരിയുമായി വന്നപ്പോള്‍ അവളെന്തിനുള്ള പുറപ്പാടാണെന്നോര്‍ത്ത്, അവളുടെ കാട്ടിക്കൂട്ടല് കണ്ട് ഉള്ളാലെ ചിരിക്കുകയായിരുന്നു. 

പക്ഷേ, അവളാ കാര്യം ചെയ്തു കഴിഞ്ഞതിന് ശേഷം ഉള്ളു തട്ടി ചോദിച്ച ചോദ്യങ്ങളോരോന്നും ഇടനെഞ്ചിന്റെ കോണിലാണ് കൊണ്ട് തറച്ചത്.

'ജനിച്ചിരുന്നില്ല എങ്കില്‍ എത്ര നന്നായിരുന്നുവെന്ന് വരെ ഒരു നിമിഷം ആലോചിച്ചു പോയി....'


ഫൈറൂസക്ക് ഇത്രമാത്രം വലിയമാറ്റമുണ്ടാകുമെന്ന് മനസ്സില്‍ പോലും നിനച്ചിരുന്നില്ല. പക്ഷേ, അവളെ അനുഭവിച്ചറിഞ്ഞപ്പോള്‍ ഒരു നിമിഷം താന്‍ പോലും മാറിപ്പോകുമോയെന്ന് തോന്നിപ്പോയി. ഒന്ന് മാറി ചിന്തിക്കേണ്ടതില്ലേയെന്ന് മനസ്സു കൊണ്ട് ചിന്തിച്ചതുമാണ്.

വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ഇജാസ് ഒരുപാട് തവണ ചോദിച്ചതാണ്, ഫൈറൂസയുടെ വീട്ടില്‍ എന്താണ് സംഭവിച്ചതെന്ന്....പക്ഷേ, ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും അവനോട് വലിയ വീരവാദം മുഴക്കി അവതരിപ്പിക്കാന്‍ പറ്റിയ കാര്യങ്ങളൊന്നുമല്ലല്ലോ അവിടെ നടന്നത്. ഇനി നൂറയുടെ ചെക്കനെ പോയി കാണണം. അവരിനി തന്നെ പറ്റി എന്ത് കരുതുമോയെന്തോ. എന്ത് തന്നെയായാലും വേണ്ടിയില്ല. ഇന്ന് തന്നെ അവരെ പോയി കാണണം.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘



 അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here