(PART ‎37) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 


ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-37⛔️


'മോനൂസേ, ടാ.. നീയെന്റെ കൂടെ നിന്നോണം...ഒറ്റക്കാക്കിയിട്ട് പോകരുത്...' നൂറ മോനൂസിനോട് ചട്ടം കെട്ടി. 


'അതെന്തിനാ നിങ്ങള് രണ്ടാളും കാണുന്നതിന് ഞാന്‍ ഇടയില്‍ നില്‍ക്കുന്നത്....!? '

മോനൂസിന്റെ മുഖത്ത് സംശയം.


'എടാ.. അദ്ദേഹം എന്നെ പെണ്ണ് കാണാനാണ് വരുന്നത്. അല്ലാതെ  എന്നെ കെട്ടിയിട്ടൊന്നുമില്ലല്ലോ. പെണ്ണ് കാണുമ്പോള്‍ ഞങ്ങള് പരസ്പരം കാണാന്നേയുള്ളൂ. ഞങ്ങളെ രണ്ടാളിം ഒരു റൂമില്‍ ഒറ്റക്കാക്കി വാതിലടയ്ക്കാനൊന്നും പറ്റൂല. ഒരന്യ സ്ത്രീ പുരുഷന്മാര്‍ ഒരു സ്ഥലത്ത് തനിച്ചാവല്‍ ഹറാമാണെന്ന് അനക്കറീയൂലേ... അയ്‌നാണ് കൂടെ അന്നെപ്പോലെ മഹ്‌റമായ ആരെങ്കിലും ഉണ്ടാവണംന്ന് ഞാന്‍ പറഞ്ഞത്.'

ദര്‍സില്‍ പഠിക്കുന്ന മോനൂസിന് മനസ്സിലാകുന്ന ഭാഷയില്‍ അവൾ പറഞ്ഞു.


'പക്ഷേങ്കില്‍...സാധാരണ പെണ്ണ് കാണാന്‍ വന്നാല്‍ അവര് മിണ്ടിം പറഞ്ഞും ഒക്കെ ഇരിക്കാറുണ്ടല്ലോ....'

മോനൂസിന് വീണ്ടും സംശയം.


'എടാ...മോനൂസേ.. സാധാരണ നടക്കുന്നതല്ലല്ലോ, അല്ലാഹുവും റസൂലും പറഞ്ഞതല്ലേ ദീന്...അത്യാവശ്യത്തിന് മിണ്ട്ണയ്‌നും പറിണയ്‌നൊന്നും തെറ്റില്ല പക്ഷേ, രണ്ടാളും ഒരു സ്ഥലത്ത് തനിച്ചാവാന്‍ പറ്റൂല. അതോണ്ട് താത്താന്റെ കുട്ടി ന്റെ കൂടെ തന്നെ നിക്കണം'

നൂറ അവന്റെ കവിളില്‍ നുള്ളിക്കൊണ്ട് പറഞ്ഞു.


'ഉം....നോക്കാം...'

മോനൂസ് സമ്മതം മൂളി. സാധാരണ തര്‍ക്കുത്തരം പറഞ്ഞ് പോകുന്ന ആളാണ് ഇന്നെന്തേയെന്നറിയൂല, വല്ലാത്ത സ്‌നേഹം കാണിച്ച് കൂടെ നില്‍ക്കുന്നുണ്ട്.


കഴിഞ്ഞ റമളാനില്‍ മദ്‌റസയില് വെച്ച് വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികള്‍ക്കുള്ള കരീമുസ്താദിന്റെ ക്ലാസ് അവള്‍ക്കോര്‍മ്മ വന്നു. പുതിയ കാലത്തെ പെണ്ണ് കാണലിന്റെ വേണ്ടാത്തരങ്ങളും അരുതായ്മകളുമെല്ലാം ഉസ്താദന്ന് അക്കമിട്ട് പറഞ്ഞതാണ്. പലതും കേട്ടപ്പോള്‍ തൊലിയുരിഞ്ഞ് പോയി.


ചായ സത്കാരം കഴിഞ്ഞാല്‍ 'ഇനിയവരൊന്ന് ഒറ്റക്ക് സംസാരിച്ചോട്ടേന്നും' പറഞ്ഞ് പെണ്ണിനെയും ചെക്കനെയും ഒരു റൂമിലേക്ക് തള്ളിവിടുന്ന പ്രവണത ഒട്ടുമിക്ക നാട്ടിലുമുണ്ട്. അങ്ങനെ ഒരു സ്ത്രീയും പുരുഷനും ഒരു സ്ഥലത്ത് തനിച്ചാവല്‍ ഹറാമാണ്. ഒന്നിരിക്കല്‍ ചെക്കന്റെ കൂടെ അവന്റെ മഹ്‌റമുകളായ സ്ത്രീകളാരെങ്കിലും വേണം. അതല്ലെങ്കില്‍ പെണ്ണിന്റെ കൂടെ അവളുടെ മഹ്‌റമുകളായ പുരുഷന്മാരാരെങ്കിലും വേണം. അന്നുസ്താദ്  എന്ത് ഗൗരവത്തിലാണാ വിഷയം പറഞ്ഞത്.

പരസ്പരം ഇഷ്ടപ്പെട്ടതിന് ശേഷമുള്ള മൊബൈല്‍ കൈമാറ്റത്തേയും ഒരുമിച്ചു നിന്നുള്ള സെല്‍ഫിയെടുക്കുന്നതിനെയുമെല്ലാം ഉസ്താദ് നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ തെറ്റായ ഒരു കാര്യത്തിനും നിങ്ങളാരും കൂട്ടുനില്‍ക്കരുത്. കാരണം നിങ്ങളുടെ ജീവിതമാണിത്. ഏറ്റവും നല്ല അടിത്തറയില്‍ തുടങ്ങുന്ന ജീവിതമേ കെട്ട് പൊട്ടാതെ ഈ ദുനിയാവിലും ആഖിറത്തിലും നിലനില്‍ക്കൂ. അതുകൊണ്ട് സ്വന്തത്തിന് വേണ്ടി തീരുമാനങ്ങളെടുക്കുമ്പോൾ ആലോചിച്ച് ചെയ്യുക. 


അന്ന് ക്ലാസ് കഴിഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്,ദീനിന് എതിര് ചെയ്യുന്ന രീതിയിലുള്ളതൊന്നും അറിഞ്ഞോണ്ട് ചെയ്യാന്‍ താന്‍ സമ്മതിക്കില്ലെന്ന്. 


പെട്ടെന്നാണ് ദലാഇലുല്‍ ഖൈറാത്ത് ചൊല്ലിയിട്ടില്ലായെന്ന ഓര്‍മ്മ വന്നത്. അവള്‍ ഏടെടുത്ത് ഇരുന്നു. രണ്ടു വര്‍ഷമായി  ദലാഇലുല്‍ ഖൈറാത്ത് പതിവാക്കുന്നുണ്ട്. മഹാനായ മുഹമ്മദ് ബ്‌നു സുലൈമാനുല്‍ ജസൂലിയുടെ ഈ സ്വലാത്ത് പതിവാക്കിയതിന് ശേഷം ജീവിതത്തില്‍ ഒരുപാട് നല്ലമാറ്റങ്ങള്‍ അവള്‍ക്ക് അനുഭവപ്പെട്ടിണ്ട്. 

ഇമാം ജസൂലി തങ്ങള്‍ ഈ സ്വലാത്ത് ഗ്രന്ഥം രചിക്കാനുണ്ടായ കാരണം അത്ഭുതപ്പെടുത്തുന്നതാണ്.


ഒരിക്കല്‍ മഹാനവർകൾ നിസ്‌കരിക്കാന്‍ വേണ്ടി  വുളൂഅ് ചെയ്യാനായി കിണറിനരികിലേക്ക് നടന്നു. പക്ഷേ, കിണറിനരികിലെത്തിയപ്പോഴാണ് തൊട്ടിയില്ലായെന്ന കാര്യം മഹാനവര്‍കള്‍ ശ്രദ്ധിച്ചത്.  ഇനിയിപ്പൊ എന്ത് ചെയ്യും എന്നാലോചിച്ച് കൊണ്ട് അവർ ചുറ്റിലും നോക്കി. ഒരു മാര്‍ഗവും കാണുന്നില്ല. പെട്ടെന്നാണ് കിണറിനോട് ചാരിയുണ്ടായിരുന്ന മല പോലെ ഉയര്‍ന്ന ഭാഗത്ത് നിന്നും കാല്‍പെരുമാറ്റം കേട്ടത്. നോക്കിയപ്പോള്‍ തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെയാണ് മഹാനവര്‍കള്‍ കണ്ടത്.

'നിങ്ങളാരാണ്....?'

 ആ പെണ്‍കുട്ടി മഹാനവര്‍കളോട് ചോദിച്ചു.

മഹാനവര്‍കള്‍ സ്വയം പരിചയപ്പെടുത്തി.

'ആഹാ...ആളുകള്‍ നിങ്ങളെ പറ്റി നല്ലത് പറയാറുണ്ടല്ലോ...എന്നിട്ടുമെന്തേ വെള്ളമെടുക്കാന്‍ ഭയപ്പെട്ട് നില്‍ക്കുന്നത്....?'

ആ കുട്ടി മഹാനവര്‍കളുടെയും കിണറിന്റെയും അടുത്തേക്ക് വന്നിട്ട് ചോദിച്ചു. കിണറിനടുത്തെത്തിയ ആ കുട്ടി കിണറിലേക്ക് തുപ്പി;

'ഉടനെ, അതുവരെ കിണറിനടിയിലുണ്ടായിരുന്ന വെള്ളം മുകളിലേക്ക് ഉയര്‍ന്ന് വരാന്‍ തുടങ്ങി. അത് ഭൂമിയുടെ ഉപരി തലത്തിന് സമാനമായി നിന്നു. 

മഹാനവര്‍കള്‍ അത്ഭുതത്തോടെ ആ കുട്ടിയേയും കിണറിനേയും മാറി മാറി നോക്കി. ശേഷം വുളൂഅ് ചെയ്തു.

'അല്ലെയോ കുട്ടി... നിനക്ക് ഇത്ര ചെറു പ്രായത്തില്‍ തന്നെ എങ്ങനെ ഇത്ര ഉയര്‍ന്ന പദവി കരസ്ഥമാക്കാന്‍ സാധിച്ചു? '

മഹാന്‍ ആ കുട്ടിയോട് ചോദിച്ചു.

ആ കുട്ടി മഹാനവര്‍കളുടെ ചോദ്യം കേട്ട് ഒന്ന് ചിരിച്ചു, ശേഷം പറഞ്ഞു.

'ഹബീബായ നബിﷺ തങ്ങളുടെ മേലില്‍ സ്വലാത്ത് ചൊല്ലിയിട്ട് തന്നെ. സ്വലാത്ത് ചൊല്ലിയാല്‍  വിജനഭൂമിയിലൂടെ നടക്കുന്ന വന്യമൃഗങ്ങള്‍ പോലും നമ്മളോട് അഭയം ചോദിച്ച് വരും'. 

ആ സംഭവത്തിന് ശേഷം മഹാനായ ഇമാം സുലൈമാനുല്‍ ജസൂലി തങ്ങള്‍ എടുത്ത തീരുമാനമാണ് ഹബീബായ നബിﷺതങ്ങളുടെ സ്വലാത്തില്‍ ഞാനൊരു ഗ്രന്ഥം രചിക്കുമെന്ന്. തിങ്കള്‍ മുതല്‍ ഞായര്‍ വരെ ഓരോ ദിവസവും ചൊല്ലേണ്ട സ്വലാത്തുകളുടെ സമാഹരണമാണ് ദലാഇലുല്‍ ഖൈറാത്ത്.

നൂറ സ്വലാത്ത് ചൊല്ലാനാരംഭിച്ചു.


***

ഫൈസലിനേയും കൂട്ടി ഫൈറൂസ എങ്ങോട്ടോ നടന്നു പോകുന്നത് കാറിലിരുന്ന് ഫാതിഹും സഫിയാത്തയും കണ്ടു. എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ക്ക് എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടിയില്ല. സഫിയാത്തയുടെ ഉള്ള് പിടയ്ക്കാന്‍ തുടങ്ങി. ആകെയുള്ള ഒരു മോനാണ്.. ഓന്‍ കെട്ട്ണ പെണ്ണും അത്ര തങ്കപ്പെട്ട പെണ്ണായിരിക്കണം. പെണ്ണ് നന്നായിട്ടില്ലെങ്കില്‍ പിന്നെ കുടുംബം കുളം തോണ്ടാന്‍ ഓളൊരുത്തി മാത്രം മതി.


 കുന്നുമ്പൊര്‍ത്തെ ഇത്താത്താക്ക് ഉണ്ടായ അവസ്ഥ അതല്ലേ. മൂപ്പത്ത്യാരെ മൂത്തോന്‍ അനീസ് എന്ത് തങ്കപ്പെട്ട കുട്ട്യേനി. ഉമ്മാന്ന് പറഞ്ഞാല്‍ ഓന്‍ക്ക് ജീവനായിരുന്നു. 

ഫാതിഹിനോടൊക്കെ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് 

'ഉമ്മാനെ സ്‌നേഹിക്കേണ്ടതെങ്ങനേന്ന് കുന്നുമ്പൊര്‍ത്തെ അനീസിനെ കണ്ട് പഠിക്കണംന്ന്'

ഓന്‍ കല്യാണം കഴിച്ചതും പറ്റേ കൊഴങ്ങ്യോട്ത്ത്‌ന്നൊക്കെ തന്നെയാണ്. പക്ഷേ, കുട്ടിക്ക് ദീന്‍ ണ്ടായിരുന്നില്ല. കെട്ടി കൊണ്ടോന്ന് കുറച്ചൂസം കഴിഞ്ഞപ്പം തന്നെ ഓള് കുത്തി തിരുപ്പ്ണ്ടാക്കാന്‍ തുടങ്ങി. ഉമ്മാനെ പറ്റി ഓനോട് പരാതി പറയാന്‍ തുടങ്ങി. അവസാനം ഏതായാലും ഓന് ഉമ്മാനെ തള്ളി പറഞ്ഞ് ഓളെ കൂട്ടീട്ട് വേറെ വാടക വീട്ടില് ഒറ്റക്ക് പൊറുതിത്തുടങ്ങി.


 ആ സംഭവം ഓര്‍ത്തപ്പോള്‍ സഫിയാത്തയുടെ ശരീരം ഒന്നാകെയൊന്ന് വിറകൊണ്ടു. അവര് ഫാതിഹിന്റെ മുഖത്തേക്ക് നോക്കിയിട്ട് ആധിയോടെ ചോദിച്ചു.

'എടാ....ഞാന്‍ അന്നോട് പറയാതെ തെരക്കിട്ട് ഇറങ്ങിയതാണ് ഈ പ്രശ്‌നത്തിനൊക്കെ കാരണം. നമുക്ക് ഒന്നൂടെ ഒന്ന് അന്വേഷിച്ചിട്ട് വീണ്ടും വരുന്നതല്ലേ...നല്ലത്....?' 

'ഉമ്മാ...നമ്മള് വരുമെന്ന് അവരോട് വിളിച്ച് പറഞ്ഞതല്ലേ...അവരാണെങ്കില്‍ നമ്മളെ പ്രതീക്ഷിക്കുകയും ചെയ്യും. നമുക്ക് അവിടെ വരെ ഒന്ന് പോയതിന് ശേഷം നമ്മുടെ തീരുമാനം അവരെ അറിയിക്കുന്നതല്ലേ നന്നാവുക.....'

ഫാതിഹിന് ആ ബന്ധം മുടക്കാന്‍ എന്തോ മനോവിഷമം ഉള്ളത് പോലെ.


'എന്നാലങ്ങനെയാവട്ടെ...'

സഫിയാത്ത അര്‍ധ സമ്മതം മൂളി.

'ങ്ങള് ഇനിയവിടെ പോയിട്ട്, ഈ വിഷയത്തെ കുറിച്ച് ചോദിക്കാനും പറയാനൊന്നും നില്‍ക്കണ്ടാ...അതൊക്കെ മോശാ....'

ഫാതിഹ് സഫിയാത്തക്ക് മുന്നറിയിപ്പ് നല്‍കി.


'അതൊക്കെ ഞ്ഞിപ്പം ജ്ജ് പറഞ്ഞ് തന്നിട്ട് വേണമല്ലോ നിക്കി...'

അവർ എല്ലാം തനിക്കറിയാം എന്ന ഭാവത്തില്‍ പറഞ്ഞു. 

തവക്കല്‍തു അലല്ലാഹ്.. 

റബ്ബില്‍ തവക്കുലാക്കി അവർ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത്  നൂറയുടെ വീട്ടിലേക്ക് വിട്ടു.


 ആരെയോ പ്രതീക്ഷിച്ചിട്ടെന്ന പോലെ വീടിന്റെ ഗേറ്റ് തുറന്നിട്ടിരുന്നു. വിശാലമായി ഇന്റര്‍ലോക്ക് ചെയ്ത മുറ്റം. മുറ്റത്തിന്റെ സൈഡ് ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ ഇടത്തരം ഗാര്‍ഡന്‍. ഗേറ്റിനോട് ചേർന്ന് വീടിന് ചുറ്റും ഒരാള്‍ പൊക്കത്തില്‍ മതില് കെട്ടിയിട്ടുണ്ട്. മതിലിന് താഴെ ഒരു മീറ്റര്‍ വീതിയില്‍ പച്ചപുല്ല് വിരിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ ആ വീടിന്റെ പരിസരം കാണുന്നവര്‍ക്ക് കണ്‍ കുളിര്‍മയേകും. ആ മുറ്റത്തിന് ഒത്ത നടുക്കായി വെല്‍ഫിനിഷ്ഡായ രണ്ടു നില വീട്. 


അവരുടെ കാറ് ഗേറ്റ് കടന്നപ്പോള്‍ തന്നെ വീടിനകത്ത് നിന്ന് നൂറയുടെ ഉപ്പയും മോനൂസും കൂടെ പുറത്തേക്കിറങ്ങി.

കാര്‍ പോര്‍ച്ചിലേക്ക് സാവധാനം കയറ്റി നിർത്തി. ഫാതിഹ് ആദ്യം കാറില്‍ നിന്നിറങ്ങി. നൂറയുടെ ഉപ്പ സലാം പറഞ്ഞു സ്വീകരിച്ചു. സഫിയാത്ത വീടിനകത്തേക്ക് കയറി.

നൂറ മുകളിലെ തന്റെ റൂമിന്റെ ജനലിനകത്തു കൂടെ താഴേക്ക് നോക്കി. അവളുടെ കവിളില്‍ നാണത്തിന്റെ നുണക്കുഴികള്‍ രൂപപ്പെടുന്നുണ്ടായിരുന്നു.


ചായകുടിയും പെണ്ണ് കാണലും നടന്നു. ഫാതിഹ് അവളെ ആദ്യമേ കണ്ടിരുന്നതിനാല്‍ അവര്‍ക്ക് പ്രത്യേകിച്ച് സംസാരിക്കാനൊന്നുമുണ്ടായിരുന്നില്ല. നൂറ മോനൂസിന്റെ കൈകളില്‍ മുറുകെ പിടിച്ചിട്ടാണ് അവിടെ നിന്നത്. കൈ വേദനിക്കുന്നെന്ന് കാണിച്ച് അവൻ ഉണ്ടക്കണ്ണിട്ട് അവളെ പലപ്പോഴും നോക്കിയതാണ്. ഫാതിഹ് അവളുടെ മുഖത്ത് നോക്കിയൊന്ന് നിറഞ്ഞു ചിരിച്ചതിന് ശേഷം 'ഇന്‍ ഷാ അല്ലാഹ്.. വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം' എന്നും പറഞ്ഞ് മോനൂസിന്റെ കവിളില്‍ ഒന്ന് നുള്ളിയിട്ട് തിരിച്ച് ഓഫീസ് റൂമിലേക്ക് തന്നെ വന്നിരുന്നു.


അടുക്കളയില്‍ സഫിയാത്തയും ആയിശാത്തയും എന്തോ ഗൗരവപ്പെട്ട കുടുംബ ചര്‍ച്ചയിലാണ്. ഉമ്മാക്ക് സംസാരിക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ പിന്നെ അവിടെ നിന്ന് തടിയൂരുന്ന കാര്യം ആലോചിക്കേണ്ടതില്ലാന്ന് ഫാതിഹിനറിയാം.


ഫാതിഹ് നൂറയുടെ വാപ്പയുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. നല്ല വിവരവും അഗാധമായ ദീനീ ബോധവുമുള്ള ആളാണ് നൂറയുടെ ഉപ്പായെന്ന് അവന് വീണ്ടും ബോധ്യമായി. 

ഇടയ്ക്കിടക്ക് അടുക്കളയിലേക്ക്  നോക്കിയിട്ടും സഫിയാത്ത പുറത്തേക്കൊന്നും ഇറങ്ങുന്നത് കണാതിരുന്നപ്പോള്‍ അവന്‍ മോനൂസിനെ അടുത്ത് വിളിച്ചിട്ട്. 'അകത്ത് പോയിട്ട് എന്റെ ഉമ്മാനോട് പോണ്ടേന്ന് ചോദിച്ച് നോക്ക്...ബാക്കി കഥ പിന്നെ പറയാംന്ന് പറ....'ന്ന് പറഞ്ഞു മോനൂസിനെ അകത്തേക്ക് വിട്ടു. 


****


'നീയെന്തിനാടാ....നൂറാന്റെ കല്യാണം മുടക്കാന്‍ ശ്രമിച്ചത്...?'

ഫൈസലിനെങ്ങനെ നൂറയോട് ദേഷ്യമുണ്ടായതെന്നറിയാന്‍ വേണ്ടി ഫൈറൂസ ചോദിച്ചു.

അതുവരെ തല താഴ്ത്തി നില്‍ക്കുകയായിരുന്ന അവൻ മെല്ലെ തല ഉയര്‍ത്തി.

അവന്റെ കണ്ണുകള്‍ ചുവന്ന് തുടുത്തിരുന്നു.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘


 അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here