(PART ‎36) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 

ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

           ⛔️Part-36⛔️

"നൂറയെ കാണാന്‍ ഒരു കൂട്ടര് വരുന്നുണ്ടെന്ന് ആയിശാത്ത വിളിച്ചു പറഞ്ഞു, നീയറിഞ്ഞോടീ....'

സുലൈഖാത്ത അടുക്കളയില്‍ നിന്ന് വിളിച്ച് ചോദിച്ചു.

'ആ...അവളെനിക്കിപ്പോ വിളിച്ച് വച്ചതേയൊള്ളൂ....എന്നോട് അങ്ങോട്ടേക്ക് വരാന്‍ പറഞ്ഞീണ്, ഞാനവിടം വരേയൊന്ന് പോയി നോക്കട്ടെ...'

ഫൈറൂസ നൂറയുടെ വീട്ടിലേക്ക് പോകാന്‍ വേണ്ടിയിറങ്ങി.

'എടീ....നീ പോകുന്നതിന് മുമ്പ് ആ കോയക്കാന്റെ പീട്യേ പോയി കൊറച്ച് സാധനം വാങ്ങി വന്നാ...രാത്രിക്ക് കറി വക്കുമ്പൊ അരിയാന്‍ ഒരു പൊടിക്ക് തക്കാളിയിവിടില്ല..എല്ലാം കിട്ടിയിട്ട് വേണം....'

തിരക്കിട്ടെങ്ങോട്ടേലും ഇറങ്ങുമ്പോള്‍ എന്തെങ്കിലും ചെറിയ പണി നല്‍കുന്ന  പതിവ് ഉമ്മമാരില്‍ നിന്ന് സുലൈഖാത്തയും വ്യത്യസ്തയായില്ല.! 


'എന്നാലിതൊന്ന് കൊറച്ച് നേരത്തെ പറഞ്ഞൂടായിരുന്നോ....ന്റൊരനിയന്‍ണ്ടായിരുന്നല്ലോ ഇവിടെങ്ങാണ്ട്. ഓനോടൊന്ന് പറഞ്ഞു നോക്കീ....എല്ലാത്തിനുമുണ്ടാകും ഒരു ഫൈറൂ...നിക്കി മാത്രമേ ഇവിടെ പണിയെടുക്കാനറിയൂ...'

തനിക്കുണ്ടായ അമര്‍ഷം ഫൈറൂസ ഉറക്കെ വിളിച്ച് പറഞ്ഞു. ഈ വീട്ടിലെ മുഴുവന്‍ പണിയും  ഉമ്മ എന്നോടാണ് ചെയ്യിപ്പിക്കുന്നതെന്ന  മിക്ക പെണ്‍കുട്ടികളുടെയും മാനസികാവസ്ഥയില്‍ നിന്ന് ഫൈറൂസയും വ്യത്യസ്തയായിരുന്നില്ല.


'ഓനേട്‌ക്കോ രാവിലെ തന്നെ പോയിക്ക്ണ്...ജ്ജൊന്ന് രണ്ടടി അങ്ങട്ടും ഇങ്ങട്ടും നടന്നാല്‍ തീര്‍ന്നീലേ....അല്ലേല്‍ ജ്ജ് കുറച്ചേരം ഇബടെ അടുക്കളേല്‍ നിക്ക്...എന്നിട്ട് ആ ചോറൊന്ന് ഊറ്റിയെടുക്ക്. അപ്പോത്തിനും ഞാന്‍ പീട്യേ പോയി വരാം. '

മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ കുറച്ച് ഗൗരവത്തില്‍ സുലൈഖാത്ത പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അതൊരു സൈക്കോളജിക്കല്‍ മൂവായിരുന്നു. 

ഉമ്മ പീട്യേല്‍ക്ക് പോവൂലാന്ന് ഫൈറൂസക്ക് അറിയാമായിരുന്നിട്ടും സുലൈഖാത്തയുടെ ആ സംസാരം കൊണ്ട് 

'ങ്ള് പോണ്ട ഞാമ്പോവാ...'

ന്ന് ഫൈറൂസ സമ്മതിച്ചു.


അവളൊരു പര്‍ദ്ദയും ബുര്‍ഖയുമിട്ടിറങ്ങി. സാധനം വാങ്ങാനുള്ള ലിസ്റ്റും വാങ്ങി അവള്‍ കടയിലേക്ക് പോകുന്നത് സുലൈഖാത്ത വാതില്‍ക്കല്‍ നിന്ന് ചെറുപുഞ്ചിരിയോടെ നോക്കി നിന്നു. കഴിഞ്ഞ ഒരാഴ്ചയായി അവള്‍ വീണ്ടും പര്‍ദ്ദയും ബുര്‍ഖയുമൊക്കെ ധരിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാം  നൂറയുമായി വീണ്ടും കൂട്ടുകൂടിയതിന് ശേഷമാണ്. അല്‍ഹംദുലില്ലാഹ്, റബ്ബേ....ന്റെ കുട്ടിനെ ജ്ജ് നന്നാക്കണേ....'

സുലൈഖാത്ത  ഖല്‍ബ് തട്ടി പടച്ചോനെ വിളിച്ചു.


***


'ങ്ങള്‍ക്ക് എന്ത് തോന്നുന്നു...?'

ഫാത്തിഹ് സഫിയാത്തയോട് ചോദിച്ചു.

'എനിക്കെന്ത് തോന്നാന്‍....? നീ പറഞ്ഞു കേട്ട അറിവേ ആ കുട്ടിയെ കുറിച്ചെനിക്കുള്ളൂ...പിന്നെ....ഇപ്പോ ഈ കേട്ടതും...പക്ഷേ, നീ പറഞ്ഞ് കേട്ട് ഞാന്‍ മനസ്സിലുണ്ടാക്കിയ നൂറയും ഇപ്പോ നമ്മുടെ മുമ്പിലൊരുത്തന്‍ കൊണ്ടുവന്നിട്ട നൂറയും അജഗജാന്തരമുണ്ട്'

സഫിയാത്ത തനിക്ക് പറയാനുള്ളത് പറഞ്ഞു.


'ഉമ്മാ....നൂറയിങ്ങനെയല്ലായെന്നാണ് എന്റെ മനസ്സ് പറയുന്നത്... ഇതില്‍ വേറെന്തോ കളിയുണ്ട്....'

ഫാതിഹിന്റെ മനസ്സ് ഫൈസലിനെ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.


'ഏതായാലും ഞമ്മക്ക് ഒന്നൂടെ ഒന്ന് അന്വേഷിക്കാം. ചോയ്ക്കാന്‍ പറ്റിയ ആരേലും ഉണ്ടാവും'

സഫിയാത്ത ഫാതിഹിനെ സമാധാനിപ്പിച്ചു.


'ഉമ്മാ....അതാ ഒരു പെണ്‍കുട്ടി വരുന്നു. ങ്ങള് വേണേല്‍ ഓളോട് ഒന്ന് ചോയ്‌ച്ചോക്കി...'

അവൻ പര്‍ദ്ദയും ബുര്‍ഖയുമിട്ട് കാറിന് മുമ്പിലൂടെ സഞ്ചരിക്കുന്ന കുട്ടിയെ ചൂണ്ടിയിട്ട് പറഞ്ഞു.

സഫിയാത്ത ആ കുട്ടിയെ അടുത്ത് വിളിച്ചു.

'മോള്‍ടെ, പേരന്താ....?'

'ഫൈറൂസ....'

'മോളേ...ഞങ്ങള് കുറച്ച് ദൂരേന്നാ...ഇവടൊയൊരു പെണ്ണന്വേഷിച്ചുവന്നതാ...നൂറാന്നാണ് പെണ്‍കുട്ടിയുടെ പേര്....'

സഫിയാത്ത പറഞ്ഞു പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫൈറൂസ ചോദിച്ചു.


'ങ്ങളാണോ നൂറാനെ കാണാന്‍ വരണത്...അവളിപ്പൊ വിളിച്ച് പറഞ്ഞിട്ടേയുള്ളൂ...നിങ്ങള്‍ക്ക് ഈ നാട്ടില്‍ നിന്ന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല കുട്ടിയാണവള്....'

അവളുടെ ആ സംസാരവും ആവേശവും കണ്ടപ്പോള്‍ സഫിയാത്തക്കും വല്ലാത്ത താത്പര്യമായി. 

കാരണം ഒരു പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച് അവളുടെ അഭാവത്തില്‍ നല്ലതു പറയണമെങ്കില്‍ അതിനുമാത്രം കാരണമുണ്ടാവണം.


'പക്ഷെങ്കി...മോളേ....ഓള്‍ക്ക് എന്തെങ്കിലും പ്രേമോ.... മറ്റോണ്ടായ്‌ന്യോ...ഒന്നുല്യ, അറിയാന്‍ വേണ്ടി ചോദിച്ചതാട്ടാ...'

സഫിയാത്ത അങ്ങനെ ചോദിച്ചപ്പോള്‍ ഫാതിഹിന്റെ തൊലിയുരിഞ്ഞത് പോലെയായി. അറിയാന്‍ വേണ്ടിയാണേലും മറ്റൊരാളുടെ ഉള്ള് ചൂഴ്ന്നെടുക്കാനുള്ള ആ ചോദ്യത്തിന് എന്തോ വല്ലാത്ത മുറിപ്പെടുത്താനുള്ള കഴിവ് ഉള്ളത് പോലെ.


അവരുടെ ആ ചോദ്യത്തില്‍ എന്തോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക് അനുഭവപ്പെട്ട ഫൈറൂസ തിരിച്ച് ചോദിച്ചു.

'ഈ നാട്ടിലാരെങ്കിലും അവളെ കുറിച്ച് അങ്ങനെ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല...എന്തേ നിങ്ങളങ്ങനെ ചോദിക്കാന്‍...!? '

ഫൈറൂസയത് പറഞ്ഞപ്പോള്‍ സഫിയാത്ത ഫാതിഹിന്റെ മുഖത്ത് നോക്കി. ഫൈസലും ഇതേ പ്രയോഗം നേരെ തിരിച്ചുപയോഗിച്ചത് അവര്‍ രണ്ടു പേരും ഓര്‍ത്തു. 

ശേഷം ഫൈറൂസയോട് സഫിയാത്ത പറഞ്ഞു.

"അല്ലേ...കുറച്ച് മുമ്പ്  ഫൈസല്‍ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്‍ ഞങ്ങളോട് വന്ന് പറഞ്ഞു, അവര് തമ്മില്‍ വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന പ്രേമത്തിലാണെന്നും ഈ കല്യാണം മുടക്കാന്‍ നൂറ അവനെ വിളിച്ചേല്‍പ്പിച്ചിട്ടുണ്ടെന്നുമെല്ലാം....അത് കേട്ടപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുവായിരുന്നു ഞങ്ങള്‍. അപ്പളാ മോളെ കണ്ടത്. ഏതായാലും ന്റെ കുട്ടി പറഞ്ഞത് നന്നായി"

ഫൈറൂസക്ക് പെട്ടെന്നത് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല.  കണ്ണുകളില്‍ ഇരുട്ടു കയറിയത് പോലെ അനുഭവപ്പെട്ടു.  ഒരു നിമിഷം നിശബ്ദമായി നിന്നതിന് ശേഷം അവൾ ചോദിച്ചു.


'ങ്ങളോടിത് പറഞ്ഞ ഫൈസലിപ്പോള്‍ ഇവിടെയെവിടേലും ഉണ്ടോ...എങ്കിലൊന്ന് കാണിച്ചരാന്‍ പറ്റ്വോ....'

ഫാതിഹ് ചുറ്റുമൊന്ന് നോക്കി. കുറച്ചകലെയായി മാറി നിന്ന് തങ്ങളുടെ കാറിനെ തന്നെ നോക്കി നില്‍ക്കുന്ന ഫൈസലിനെയും കൂട്ടുകാരനെയും അവന്‍ കണ്ടു.

'അതാ....അവരാണ്...'

ഫാതിഹ് ചൂണ്ടി കാണിച്ചു. 

ഫൈറൂസ അങ്ങോട്ട് നോക്കിയപ്പോള്‍ അവളുടെ മനസ്സില്‍ വീണ്ടും ഭയം ഉരുണ്ടു കൂടി. അതോടൊപ്പം ദേഷ്യം അവളില്‍ അരിച്ചു കയറി. 

അതേ, ഫൈസൽ തന്നെ, ഇവനിതെന്തിന്റെ കേടാണ് റബ്ബേ.. ഫൈറൂസ മനസ്സില്‍ നിനച്ചു. 

തുടര്‍ന്ന് സര്‍വ്വ ധൈര്യവും സംഭരിച്ചു കൊണ്ട് അവൾ സഫിയാത്താനോട് പറഞ്ഞു.. 


'അവര് ഈ നാട്ടുകാര് തന്നെയല്ല, പിന്നെങ്ങെനെയാണ് അവര്‍ക്ക് നൂറയെ അറിയുക, നിങ്ങള് ധൈര്യമായി പോയി പെണ്ണ് കണ്ടു വരൂ...ഈ കാര്യം ഞാന്‍ നോക്കി കൊള്ളാം.....'

അതും പറഞ്ഞ് ഫൈറൂസ ഫൈസലിന് നേരെ നടന്നു.


എന്തു നോക്കുന്ന കാര്യമാണ് ഈ കുട്ടി പറഞ്ഞതെന്നും എന്ത് ധൈര്യത്തിന്റെ മേലിലാണ് അവൾ ആ ചെറുപ്പക്കാരുടെ നേരെ പോകുന്നതെന്നും  മനസ്സിലാകാതെ ഫാതിഹും സഫിയാത്തയും അവള് പോകുന്നതും നോക്കി നിന്നു.


'ഡാ...നീയേതായാലും കാറ് നൂറാന്റോട്ക്ക് വിട്...ബാക്കി നമ്മക്ക് പെണ്ണ് കണ്ടതിന് ശേഷം അന്വേഷിക്കാം....'


****

ബുര്‍ഖയിട്ട് തങ്ങളുടെ നേരെ വരുന്നതാരാന്ന് ഫൈസലിന് ഒരു നിമിഷം മനസ്സിലായില്ല.


'ഫൈസല്‍, നീയൊന്ന് എന്റെ കൂടെ വാ....'

ആ ശബ്ദം ഫൈറൂസയുടേതാണെന്ന് അവന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവളുടെ ആജ്ഞാ സ്വരം കേട്ട് അവന്‍ അവളുടെ പിറകെ നടന്നു. രണ്ടു പേരുടേയും ഹൃദയം ശരവേഗത്തില്‍ മിടിച്ചു. 

അവൾ നേരെ തന്റെ വീട്ടിലേക്ക് നടന്നു. സാധനവും പ്രതീക്ഷിച്ച് നില്‍ക്കുന്ന സുലൈഖാത്ത കൈയ്യിലൊന്നുമില്ലാതെ നടന്ന് വരുന്ന മോളെ കണ്ട് വാ പൊളിച്ചിരുന്നു.


'ഉമ്മാ....ഇത് ഫൈസല്‍....ഇവനുമായിട്ടായിരുന്നു മുമ്പ് എനിക്ക് കണക്ഷനുണ്ടായിരുന്നത്. ഇപ്പോഴില്ല...ഇപ്പൊ ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ വന്നതാണ്...അത് കഴിഞ്ഞാലുടന്‍ അവന്‍ പോവും...'


ഫൈറൂസയുടെ ശബ്ദത്തിന് അത്രയും ഗാംഭീര്യത അതിന് മുമ്പ് സുലൈഖാത്തക്ക് അനുഭവപ്പെട്ടിട്ടേയില്ല. സുലൈഖാത്ത  ഒരക്ഷരം ഉരിയാടാനാവാതെ മിഴിച്ചിരുന്നു.  അവൾ നേരെ കിച്ചണിലേക്ക് പോയി ഒരു മെഴുകു തിരിയും തീപ്പെട്ടിയുമായി പുറത്തേക്ക് വന്നു. 

ഫൈസലിനോട് സിറ്റൗട്ടിലേക്കിരിക്കാന്‍ ആംഗ്യം കാണിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. ഇവളിതെന്തിനുള്ള പുറപ്പാടാണെന്ന് ഫൈസലും സുലൈഖാത്തയും ഒരു പോലെ ചിന്തിച്ചു.


സിറ്റൗട്ടില്‍ ഒരു ചെയറില്‍ ഫൈസലിനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ട് അഭിമുഖമായി അവളുമിരുന്നു. ശേഷം തന്റെ കൈവശമുണ്ടായിരുന്ന മെഴുകുതിരി കത്തിച്ച് നടുക്കു വെച്ചു. എന്നിട്ട് അവള്‍ ഫൈസലിനോട് പറഞ്ഞു:

 'ഞാനെന്തിനാണ് നിന്നെ ഉപേക്ഷിച്ചത് എന്നല്ലേ നിനക്കറിയേണ്ടത്...അതാണ് ഞാന്‍ കാണിക്കാന്‍ പോകുന്നത്. ഈ കത്തി നില്‍ക്കുന്ന മെഴുകുതിരിയുണ്ടല്ലോ...അതിന്റെ മുകളില്‍ ദാ ഇതുപോലെ കൈ പിടിക്കണം'


ഫൈറൂസ തന്റെ വലതു ഉള്ളം കൈ കത്തുന്ന മെഴുകുതിരിക്ക് മുകളിലായി പിടിച്ചു. ഏകദേശം ഒരു പത്ത് സെക്കന്റ് ആവുന്നതിന് മുമ്പ് അവള്‍ കൈ കുടഞ്ഞു വലിച്ചു. എന്നിട്ട് ഫൈസലിനോട് കൈ വെക്കാന്‍ പറഞ്ഞു. ഫൈറൂസയേക്കാള്‍ പത്ത് സെക്കന്റധികം അവന്‍ പിടിച്ചു നിന്നു. തുടര്‍ന്ന് അവനും കൈ കുടഞ്ഞു വലിച്ചു.

'സഹിക്കാന്‍ പറ്റണില്ലല്ലേ...!? '

ഉളളം കൈ അമര്‍ത്തി തടവുന്ന ഫൈസലിനോട് ഫൈറൂസ ചോദിച്ചു.

'ഇല്ലാ'യെന്നര്‍ത്ഥത്തില്‍ അവന്‍ ഇളിച്ചു കാണിച്ചു.


'എടാ...ഒരു മെഴുകുതിരിയുടെ മുകള്‍ ഭാഗത്ത് ഒരു പത്ത് സെകന്റ് പോലും കൈ അനക്കാതെ പിടിക്കാന്‍ സാധിക്കാത്ത നമ്മളെങ്ങനെയാണ് നാളെ നരകത്തില്‍ കിടക്കുക. ...ഈ ദുനിയാവിലുളള സകല തീയ്യിനെക്കാളും എഴുപതിരട്ടി ചൂടുണ്ടത്രെ നരകാഗ്നിക്ക്.! എന്നിട്ടും തെറ്റാണെന്നുറപ്പുണ്ടായിട്ടും എന്നെ നീ നരകത്തിലിട്ട് ശിക്ഷിച്ചോന്നും പറഞ്ഞ് റബ്ബിനെ ധിക്കരിച്ചിട്ടല്ലേ...നമ്മളിത്രകാലം പ്രേമിച്ച് നടന്നത്...! ഇനിയെന്നെകൊണ്ടതിന് പറ്റൂല."

ഫൈറൂസ ഒരു നിമിഷം നിന്നു. ഒന്ന് ഉമുനീരിറക്കിയതിന് ശേഷം തുടർന്നു. 

" എടാ.. ആ നരകത്തിന്റെ ചൂടില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താന്‍ പറ്റുന്ന ഒരു പരിച നീയെനിക്ക് കൊണ്ട് വന്ന് താ...അപ്പൊ ഞാന്‍ നിന്റെ കൂടെ വരാം....അല്ലാതെ നിന്റെ കൂടെ ജീവിക്കാനിഷ്ടമില്ലാഞ്ഞിട്ടല്ല ഞാന്‍ നിന്നെയുപേക്ഷിച്ചത്. മറിച്ച്, അതാണ് നമ്മുടെ നല്ല ഭാവിക്ക് ഏറ്റവും ഉത്തമമെന്ന ബോധ്യമെനിക്ക് വന്നത് കൊണ്ടാണ്.

ഇത് ഞാന്‍ നിന്നോട് പറഞ്ഞതുമാണ്. ഇതിലുമപ്പുറം  മറ്റൊരു രീതിയില്‍ നിന്നെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ എനിക്കിനി സാധിക്കില്ല.'

ഫൈറൂസയുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങിയിരുന്നു. തൊട്ടടുത്ത് നിന്ന് ഫൈറൂസയെ അന്തം വിട്ട് നോക്കുകയായിരുന്ന സുലൈഖാത്തക്കും തന്റെ മോളുടെ ധീരമായ നിലപാട് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു.


'ഫൈസല്‍ ഒരു കാര്യം കൂടെ പറയട്ടെ, നമ്മളൊരു തെറ്റ് ചെയ്യുമ്പോള്‍ നമ്മളറിയാതെ പത്ത് അതിഭീകരമായ അപകടങ്ങള്‍ നമ്മളെ ബാധിക്കുന്നുണ്ട്. "

ഫൈറൂസ എന്തോയൊന്ന് താന്‍ കൂട്ടിചേർക്കൻ വിട്ടു പോയിട്ടുള്ളത് ഓർമ്മ വന്നത് പോലെ പറഞ്ഞു. 


" എടാ.. ഒരു അടിമ തറ്റ് ചെയ്യുമ്പോൾ 

1.അല്ലാഹുവിനെ അവന്‍ കോപിതനാക്കി.

2.ഇബ് ലീസിനെ സന്തോഷിപ്പിച്ചു.

3.സ്വര്‍ഗത്തില്‍ നിന്നും വിദൂരത്തായി.

4.നരകത്തിലേക്ക് അടുത്തു.

5.അവന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം ശരീരത്തെ ബുദ്ധിമുട്ടിച്ചു.

6.ശുദ്ധമായ ശരീരത്തെ മലിനപ്പെടുത്തി.

7.അവന് കാവല്‍ നില്‍ക്കുന്ന മലക്കുകളെ വിഷമിപ്പിച്ചു.

8.ഖബ്‌റിലുള്ള നബിﷺതങ്ങളെ സങ്കടപ്പെടുത്തി.

9.ആകാശ ഭൂമികളും സര്‍വ്വ സൃഷ്ടികളും അവനെതിരില്‍ സാക്ഷിയാക്കി.

10.അവന്‍ സര്‍വ്വ മനുഷ്യരേയും വഞ്ചിക്കുകയും ലോക രക്ഷിതാവിന് വിഘ്‌നം പ്രവര്‍ത്തിക്കുകയും ചെയ്തു."

ഫൈറൂസ സാവധാനം പറഞ്ഞു നിറുത്തി. 


നൂറയുമായി ഉടക്കുണ്ടായ ആ വെള്ളിയാഴ്ച രാവില്‍ അവള്‍ തനിക്കും ഫർസാനക്കും ക്ലാസെടുക്കുമ്പോള്‍ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പോയി. അവള്‍ക്ക് തന്നെയറിയില്ലായിരുന്നു തനിക്കീ ഊര്‍ജവും സ്ഥൈര്യവും 

എവിടെ നിന്ന് ലഭിച്ചെന്ന്. 

പക്ഷേ, ഇത്രയും  പറഞ്ഞു തീര്‍ന്നപ്പോഴേക്കും അതുവരെ കറുത്തിരുണ്ട മേഘങ്ങള്‍ തിമിര്‍ത്ത് പെയ്തതിനു ശേഷമുള്ള തെളിഞ്ഞ ആകാശം പോലെ അവളുടെ മനസ്സ് ശാന്തമായിരുന്നു. 

ഫൈസലിപ്പോഴും ഒരക്ഷരം മിണ്ടാതെ തലയും താഴ്ത്തി കസേരയിലിരിപ്പാണ്.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘


 അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here