(PART ‎34) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 

ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-34⛔️


"ഉമ്മാ ഞമ്മൊക്കൊന്ന് ആശുപത്രീൽ പോയിട്ട് വേഗംങ്ങട്ട് പോരാ"

ഉമ്മമ്മാക്ക് ഇന്നലെ രാത്രി മുതൽ തുടങ്ങിയതാണ് നേരിയ പനിയും ശരീരമാസകലം വേദനയും. പക്ഷേ, എത്ര പറഞ്ഞിട്ടും ഉമ്മമ്മ ആശുപത്രിയില്‍ പോകാന്‍  സമ്മതിക്കുന്നില്ല.


"ഇനിക്ക് പേടിക്കാൻ മാത്രം ഒന്നുല്യകുട്ട്യേ... ഇതൊരു ചുക്കാപ്പി കുടിച്ചാൽ തീര്ണ പന്യേള്ളൂ "

ഉപ്പച്ചി ആവർത്തിച്ചാവർത്തിച്ച് ഹോസ്പിറ്റലിൽ പോകുന്നതിനെ കുറിച്ച് പറയുമ്പോഴെല്ലാം ഉമ്മമ്മയിതു തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.

ഉമ്മമ്മ വഴങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ അവസാനം ഉപ്പച്ചി തന്റെ ശ്രമത്തിൽ നിന്ന് പിന്മാറി.


നൂറ ഉമ്മമ്മയുടെ അടുത്ത് ചെന്നിരുന്നു. അവർ എന്തോ ചൊല്ലുകയാണ്. നൂറ അടുത്തു വന്നിരുന്ന വിവരമൊന്നും ഉമ്മമ്മ അറിഞ്ഞിട്ടില്ല. അവൾ ഉമ്മമ്മയുടെ നെറ്റിയില്‍  കൈവെച്ചിട്ട് ചൂടു നോക്കി. നല്ല ചൂടുണ്ട്. ഉമ്മമ്മ പതുക്കെ കണ്ണുകള്‍ തുറന്നു. അവളെ നോക്കി ചിരിച്ചു.

അവൾ തിരിച്ചും.


"എന്താണ് ഉമ്മമ്മാന്റെ കുട്ടിന്റെ മോത്തൊരു സങ്കടം.. ഉമ്മമ്മാക്ക് സുഖല്ല്യാഞ്ഞിട്ടാണോ...? "

അവളെ കണ്ടതും ഉമ്മമ്മ ചോദിച്ചു. ഇന്നലെ രാത്രി ഫൈസൽ വിളിച്ച് ഭീഷണിപ്പെടുത്തിയ വിഷയം അവളിതു വരെ ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആ രഹസ്യത്തിന്റെ ഭാരം അവളുടെ മുഖത്ത് പ്രകടവുമായിരുന്നു. 

പക്ഷേ, ഈ വീട്ടിലെ മറ്റൊരാൾക്കും തന്റെ മുഖത്ത് സങ്കടത്തിന്റെ ലാഞ്ചന പോലുമുള്ളതായി തോന്നിയിട്ടില്ല. എന്നാല്‍ സുഖമില്ലാതെ കിടക്കുന്ന ഉമ്മമ്മക്കത് മനസ്സിലായി. 

അവൾക്ക് ഉമ്മമ്മയോട് എല്ലാം തുറന്നു പറയണമെന്നുണ്ട്. കാരണം ഉമ്മമ്മയുടെ മടിയില്‍ തലചായ്ച്ച് കിടക്കുമ്പോള്‍, ആ ചുക്കിച്ചുളിഞ്ഞ വിരലുകൾ കൊണ്ട് തലയിലൂടെ പതുക്കെ തലോടുമ്പോൾ, ഉമ്മമ്മ തന്റെ ജീവിതാനുഭവത്തിന്റെ രസം പറയുമ്പോള്‍, അതെല്ലാം കേട്ടിരിക്കുമ്പോഴും അനുഭവിച്ചറിയുമ്പോഴും വല്ലാത്തൊരു സുരക്ഷ ഫീൽ ചെയ്യും. തകർന്നിടത്ത് നിന്ന് വീണ്ടും ഉയിർത്തെഴുന്നേൽക്കാനുള്ള ഊർജം ലഭിക്കും. അവൾ മെല്ലെ തലയാട്ടി ക്കൊണ്ട് സങ്കടം നിറഞ്ഞ ശബ്ദത്തില്‍ ചോദിച്ചു

 "ഉമ്മമ്മയെന്താ ആശുപത്രിയില്‍ പോകാൻ സമ്മതിക്കാത്തത്...?" 


"ഓ.. അതാണോ മോൾടെ സങ്കടം...? അതോ... ഉമ്മമ്മക്ക് ഈ ആശുപത്രിയില്‍ പോണെയ്നോട് ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല. പിന്നെ, എന്തെങ്കിലും ചെറിയൊരസുഖമുണ്ടാകുമ്പോഴേക്കും ആശുപത്രീൽക്ക് ഓടണ്ടാന്ന് കരുതീട്ടാണ്. ഇതൊക്കെ നമ്മളെന്തെങ്കിലും ചൊല്ലി പറഞ്ഞാൽ തന്നെ ശിഫാവും കുട്ട്യേ... എല്ലാ രോഗവും അങ്ങനെ തന്നെ. പിന്നെ ബാക്കിള്ളോലുടെ ഒരു മന:സമാധാനത്തിനാണ് ഈ ആശുപത്രീൽക്ക് മണ്ടിപ്പായ്ണത് "


" ഉം... ഉമ്മമ്മ ഇപ്പൊ എന്താണ് ചൊല്ലുന്നത്...? "

ഒരുപാട് സമയമായി ഉമ്മമ്മ എന്തോ നിർത്താതെ ചൊല്ലുന്നത് ശ്രദ്ധിച്ചിരുന്ന നൂറ പെട്ടെന്ന് ചോദിച്ചു. 

" അതോ... അതൊരു ദിക്റാണ്.. പണ്ട് ഇനിക്ക് ഇതുപോലെ വല്ല അസുഖവും വന്നാൽ അന്റെ ഉപ്പുപ്പ ആദ്യം ചൊല്ലാൻ പറിണ ദിക്റാണ്. അത് ചൊല്ലിയാൽ തന്നെ ന്റെ എല്ലാ അസുഖങ്ങളും മാറും" 

ഉപ്പുപ്പയെ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ഉമ്മമ്മയുടെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു മാഞ്ഞു. 


ഏതാണ് ആ ദിക്റ് ഉമ്മമ്മാ...?" 

അവൾ ചോദിച്ചു. 


باسم الله ربي الله حسبي الله توكلت على الله اعتصمت بالله فوض أمري إلى الله ما شاء الله لا قوة إلا بالله 

(ബിസ്മില്ലാഹി റബ്ബിയല്ലാഹു ഹസ്ബിയല്ലാഹു തവക്കൽത്തു അലല്ലാഹി ഇഅ്തസ്വമ്ത്തു ബില്ലാഹി ഫവ്വൾത്തു അമ് രീ ഇലല്ലാഹി മാ ശാഅ അല്ലാഹു ലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി )

ഉമ്മമ്മ ഒരാവർത്തി വേഗത്തിൽ ചൊല്ലിയതിന് ശേഷം വീണ്ടും പതുക്കെ ആവർത്തിച്ചു. അപ്പോള്‍ നൂറയും ഏറ്റുചൊല്ലി. 


"ഈ ദിക്റ് ഒരു മഹാൻ തീരെ സുഖമില്ലാതെ മരണവും പ്രതീക്ഷിച്ച് കിടക്കുമ്പോള്‍ സ്വപ്നത്തിൽ വന്നിട്ട് മുത്ത്നബിﷺ അയാൾക്ക് പറഞ്ഞു കൊടുത്തതാണ്. അന്നു തന്നെ അയാളുടെ അസുഖവും മാറി." 

ഉമ്മമ്മ ആ ദിക്റിന്റെ ചരിത്രത്തിന്റെ രത്ന ചുരുക്കം നൂറക്ക് പറഞ്ഞു കൊടുത്തു. ഉമ്മമ്മക്ക് തീരെ സുഖമില്ലാത്തത് കൊണ്ടാണ് ആ കഥ ചുരുക്കി പറഞ്ഞതെന്ന് അവൾക്ക് തോന്നി. കാരണം സാധാരണ കഥ പറയാനൊരവസരം കിട്ടിയാൽ ഉമ്മമ്മ അതാസ്വദിച്ചു കൊണ്ട് വിശദമായിട്ടാണ് പറയാറ്. 


" മോളേ... എല്ലാത്തിലും പടച്ചോനെ തവക്കുലാക്കാൻ കഴിയുകായെന്നത് വല്ലാത്തൊരു ആത്മീയാവസ്ഥയാണ്. അത് ഞമ്മളെ പോലുള്ള സാധാരണക്കാർക്കൊന്നും സാധിക്കൂല. മഹാന്മാരൊക്കെ അങ്ങനെയായിരുന്നു. അവരീ ദുനിയാവിലുള്ള ഒന്നിലും ആശ്രയിക്കാതെ പടച്ചോനെ തവക്കുലാക്കി ജീവിക്കും. അങ്ങനെ ജീവിക്കുന്നവർ ഇനി അറിയാതെയെങ്ങാനും തവക്കുലാക്കാൻ മറന്നാൽ തന്നെ പടച്ചോനോലെ അത് വീണ്ടും ഓർമിപ്പിക്കും. "

അത്രയും പറഞ്ഞു നിർത്തിയിട്ട് ഉമ്മമ്മ എന്തോ ആലോചിച്ചു കൊണ്ട് ചിരിച്ചു. ശേഷം പറഞ്ഞു. 

" പണ്ട് മൂസാ നബിക്ക് ശക്തമായ പല്ലുവേദനയുണ്ടായി. നബി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ഒരു പ്രത്യേക ചെടിയെടുത്ത് പല്ലിൽ വെക്കാൻ അല്ലാഹു പറഞ്ഞു. അങ്ങനെ ചെയ്തപ്പോൾ ഉടനെ പല്ലുവേദന മാറി. എന്നാല്‍ പിന്നീടൊരിക്കൽ പല്ലുവേദന വന്നപ്പോൾ മൂസാനബി ഇതേ ചെടിയെടുത്ത്

പല്ലിൽ വെച്ചു. പക്ഷേ, ആദ്യമുണ്ടായിരുന്നതിനേക്കാൾ വേദന ഇരട്ടിച്ചു. 

ഉടനെ മൂസാനബി അല്ലാഹുവിനോട് വീണ്ടും സഹായം തേടി

 'എന്റ റബ്ബേ..., നീയല്ലേ എന്നോട് ഈ ചെടിവെക്കാൻ കൽപ്പിച്ചിരുന്നത്.... എന്നിട്ടിപ്പോ...?' 

ഉടനെ അല്ലാഹുവിന്റെ മറുപടിയെത്തി "ഞാനാണ് രോഗം സുഖപ്പെടുത്തുന്നവൻ. ആരോഗ്യവും ബുദ്ധിമുട്ടും ഉപകാരവും ചെയ്യുന്നവനും ഞാനാണ്. നിങ്ങൾക്ക് ആദ്യം വേദന വന്നപ്പോള്‍ നിങ്ങളെന്നെ ഉദ്ദേശിച്ച് സഹായം തേടി. അപ്പോള്‍ ഞാന്‍ സുഖപ്പെടുത്തി. എന്നാല്‍ രണ്ടാമത് നിങ്ങൾ ചെടിയെയാണ് ആശ്രയിച്ചത് എന്നെ ഉദ്ദേശിച്ചല്ല" 

കഥ പറയാനുള്ള ഉമ്മമ്മയുടെ തത്പര്യമാണ് ആ രോഗാവസ്ഥയിലും ഇത്രയും ആവേശത്തോടെ ഇത് പറയാനുള്ള കാരണം. 

" അപ്പോ, മോളേ.. ആദ്യം പടച്ചോനോട് പറയണം ന്ന്ട്ട് വേണം ഡോക്ട്ടറെ കാണാൻ ന്നാണ് മൂസാനബിന്റെ ഈ കഥ ഞമ്മളോട് പറയ്ണത്. അതാണ് ഉമ്മമ്മ ഇപ്പം ആശുപത്രിയില്‍ പോണ്ടാന്ന് പറയ്ണത്. "

 പടച്ചോനെ തവക്കുലാക്കാനുള്ള ആത്മധൈര്യം കണ്ടപ്പോള്‍ നൂറക്ക് ഉമ്മമ്മയോട് എന്തോ വല്ലാത്ത ബഹുമാനം തോന്നി. ഫൈസലിന്റെ വിഷയത്തിൽ താനിന്നലെ പടച്ചോനെ ഭരമേൽപ്പിച്ചത് തന്നെയാണതിന്റെ ശരിയെന്ന് അവളുടെ മനസ്സവളോട് മന്ത്രിച്ചു. 

" ആ.. ഫാത്തിഹ് ഡോക്ടറും ഉമ്മയും കൂടെ ഇങ്ങോട്ട് വരുന്നുണ്ടല്ലോ... മിക്കവാറും നിന്നെ പെണ്ണ് കാണാനായിരിക്കും" 

അടുക്കളയിൽ നിന്ന് ഉപ്പച്ചിയും ഉമ്മച്ചിയും സംസാരിക്കുന്നത് കേട്ട് മോനൂസ് നൂറയുടെ അടുത്ത് വന്ന് ചിരിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു. 

അവൻ പറഞ്ഞത് ഉൾക്കൊള്ളാൻ നൂറക്ക് ഒരു നിമിഷം വേണ്ടി വന്നു. വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചുമെല്ലാം ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്ര പെട്ടെന്ന് തന്നെ കാണാനൊരാള് വരുന്നത്  സ്വപ്നേപി ചിന്തിച്ചിട്ടില്ല. അവളുടെ ശരീരം മുഴുവന്‍ ഒന്ന് വിറ കൊണ്ടു. അവൾ ഉമ്മമ്മയുടെ മുഖത്തേക്ക് നോക്കി. ഉമ്മമ്മ ചിരിച്ചു

 "മണവാട്ടി കുട്ടിയാവാൻ പോവാണല്ലേ ഉമ്മമ്മാന്റെ കുട്ടി... ഇനിയിപ്പം ഈ വയസ്സായ ഉമ്മമ്മാനൊന്നും വേണ്ടിവരൂല" 

നൂറയുടെ മുഖത്ത് നാണം തളം കെട്ടി നിന്നു. അവളൊന്നും പറയാതെ ഉമ്മമ്മാന്റെ നെറ്റിയില്‍ ഉമ്മവെച്ചിട്ട് റൂമിലേക്കോടി. 


****

ഇന്നലെ രാത്രി നൂറയെ വിളിച്ച് തന്റെ ദേഷ്യം മുഴുവൻ പറഞ്ഞു തീർത്തിട്ടും ഫൈസലിന് കലിപ്പടങ്ങിയിരുന്നില്ല. തന്നെ പോലെ തന്നെ അവളും വേദന തിന്നണമെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു. അവൻ തന്റെ ആത്മ സുഹൃത്തും സകല വേണ്ടാത്തരങ്ങൾക്കും  പൂർണ്ണ സപ്പോട്ടുമായി കൂടെ നിൽക്കുന്ന ഇജാസിനെ വിളിച്ചു സംഗതികളുടെ കിടപ്പുവശം അവതരിപ്പിച്ചു. 'ഇതൊക്കെ നീയെന്നോട് നേരെത്തെ പറയേണ്ടിഷ്ടാ... ഓള് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പണി നമുക്ക് ഓൾക്ക് കൊടുക്കണം.. നീയേതായാലും വേഗം റെഡിയായിറങ്ങ്. ആദ്യം നമുക്ക് അവളുടെ വീടും പരിസരവുമൊക്കൊയൊന്ന് കണ്ടുവരാം. "

ഒരുപാട് കാലത്തിന് ശേഷം തന്റെ കെണിയിലൊരു ഇരവീണ സിംഹത്തിന്റെ ആവേശമുണ്ടായിരുന്നു ഇജാസിന്റെ വാക്കുകൾക്ക്.

ഉച്ച തിരിഞ്ഞപ്പോൾ ഫൈസലും ഇജാസും നൂറയുടെ വീടും പരിസരവും സെകെച്ച് ചെയ്യാനിറങ്ങി. ഒരുപാട് സമയം അതിലൂടെ ചുറ്റിക്കറങ്ങിയിട്ടും പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനുള്ള തുമ്പൊന്നും ഒത്തില്ല. നിരാശയോടെ ബൈക്ക് ഒരു സൈഡിൽ നിർത്തി തൊട്ടടുത്ത കടയില്‍ നിന്ന് രണ്ട് നാരങ്ങാ സോഡയും ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോഴാണ്  

"മാളേ..." 

ന്നൊരു വിളി കേൾക്കുന്നത്. അവരുടെ ബൈക്ക് നിറുത്തിയിട്ടതിന്റെ തൊട്ടു പിറകിലായി പാർക്ക് ചെയ്ത കാറിലെ സ്ത്രീയാണ്. അവരുടെ സംസാരത്തിലെന്തോ താത്പര്യം തോന്നിയ ഫൈസൽ അങ്ങോട്ടു തന്നെ ശ്രദ്ധിച്ചു. 

"മോൾക്ക് ഈ നാട്ടില്‍ നൂറാന്ന് പേരുള്ള കുട്ടിനെ അറിയോ..." 

കാറിലെ സ്ത്രീ നൂറയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് കണ്ടപ്പോൾ ഫൈസൽ ചെവി ഒന്നൂടെ വട്ടം പിടിച്ചു. 

നൂറയെ പെണ്ണു കാണാന്‍ വരുന്ന ഏതോ ടീമാണ്. താൻ കാത്തിരുന്ന അവസരമിതാ തന്റെ കൺമുന്നിൽ തന്നേയും കാത്തിരിക്കുന്നു. അവന്റെ മനസ്സില്‍ ക്രൂരതയുടെ മുഖം രൗദ്രഭാവം പൂണ്ടു. കവിളിന്റെ കോണിൽ ഒരു ഗൂഢസ്മിതം ഒളിപ്പിച്ചു വെച്ചിട്ട് അവൻ അതുവരെ കടക്കാരൻ നാരങ്ങസോഡയുണ്ടാക്കുന്നത് നോക്കിയിരിക്കുകയായിരുന്ന ഇജാസിനെ തോണ്ടി വിളിച്ചിട്ട് പറഞ്ഞു. 

"ഡാ... വാ.. വാ.. ഒരു വഴിയൊത്ത് വന്നിട്ടുണ്ട്" 

സാറ്റാർട്ട് ചെയ്ത് പോവാനൊരുങ്ങിയ കാറിനു നേരെ കൈ വീശിയിട്ട് അവൻ നിറുത്താൻ പറഞ്ഞു. 

അവര് ഡ്രൈവിങ് സീറ്റിലിരിക്കുന്ന ഫാതിഹിന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു: 

'ഞങ്ങള് നിങ്ങളാ കുട്ടിയോട് നൂറയുടെ വീട് ചോദിക്കുന്നത് കേട്ടു....പെണ്ണന്വേഷിച്ച് വന്നതായിരിക്കുംല്ലേ...'

പെട്ടെന്ന് രണ്ടപരിചിതര്‍ വന്നിട്ട് തന്നോടങ്ങനെ സംസാരിച്ചപ്പോള്‍ ഫാതിഹിന് ദേഷ്യംവന്നതാണ്. പക്ഷെ, അവന്‍ അത് അടക്കി നിറർത്തിയതിന് ശേഷം മുഖത്ത് ഒരു ചെറുചിരിവിടര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് തലയാട്ടി.

'സോറി, ഞാന്‍ എന്നെ പരിചയപ്പെടുത്തിയില്ല...എന്റെ  പേര് ഫൈസല്‍...ഇതെന്റെ കൂട്ടുകാരന്‍ ഇജാസ്. ഇതുമ്മയാണോ....നമുക്കൊന്ന് പേഴ്‌സണലായി സംസാരിക്കാമോ...?'

ഫൈസല്‍ സ്വയം പരിചയപ്പെടുത്തിയതിന് ശേഷം ഫാതിഹിനോട് ചോദിച്ചു.

ഫാതിഹ് ഒന്നും പറയാതെ ഒരു നിമിഷം നിന്നു. ശേഷം തല തിരിച്ച് സഫിയാത്താനെ നോക്കി.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here