(PART 33) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔️Part-33⛔️
നൂറയുടെ വിറയലിപ്പോഴും മാറിയിട്ടില്ല. എന്തൊക്കെയാണവന്‍ പറഞ്ഞത്...? ഫൈസലിന്റെ ഓരോ വാക്കുകളും അവളുടെ മനസ്സിൽ തറച്ചു കയറി കൊണ്ടിരുന്നു. ഫൈറൂസയുമായുള്ള അവന്റെ ബന്ധം നേരെയായിട്ടില്ലെങ്കില്‍ അവന്‍ ഞങ്ങളെ രണ്ടു പേരെയും വെറുതെവിടില്ലത്രെ.
ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാള്‍ വേണ്ടാന്നും പറഞ്ഞു പോകുന്ന വേദന തന്നെക്കൊണ്ടും അനുഭവിപ്പിക്കുമത്രെ....പിന്നെ ഒരുപാട് തെറിയും വിളിച്ചു. ഫൈറൂസയുടെ വീട് കഴിഞ്ഞിട്ടല്ലേ നിന്റെ വീട്...ഞാന്‍ നോക്കി വെച്ചിട്ടുണ്ട്. ഞാനൊരു ദിവസം നിന്നെ തപ്പിയങ്ങോട്ട് വരുന്നുണ്ടെടീയെന്ന് അവന്‍ പറഞ്ഞപ്പോള്‍ അവളുടെ ഉള്ള് കിടുത്തു പോയി.
അവസാനം ഞാന്‍ നിന്നെ വിളിച്ച കാര്യമെങ്ങാനും ഫൈറൂസയോ മറ്റാരെങ്കിലുമോ അറിഞ്ഞാല്‍ അന്നത്തോടെ നീ തീര്‍ന്നെടീയെന്നും പറഞ്ഞിട്ടാണ് അവന്‍ ഫോണ്‍ വെച്ചത്.
നൂറക്ക് ആകെ പരിസരം മറന്ന സ്ഥിതിയായി. ഭയം അവളുടെ കാലിന്റെ ചെറുവിരല്‍ മുതല്‍ മൂര്‍ദ്ധാവ് വരെ മിന്നല്‍ പിണര്‍ കണക്കെ കടന്നു പോയി.
ഇനിയവനെങ്ങാനും തന്റെ വീട്ടിലേക്ക് വന്നിട്ട് പ്രശ്‌നമുണ്ടാക്കിയാല്‍ ആകെ നാണക്കേടാവുമല്ലോ...റബ്ബേ....അത് പിന്നീട് ചീത്ത പേരായി കാലാകാലം നിലനില്‍ക്കും. എന്റെ പ്രിയപ്പെട്ടവരുമായുമുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നെല്ലാം പറഞ്ഞതിന്റെ ഉദ്ദേശ്യമെന്തായിരിക്കും....!?
അവളുടെ ഭയം അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയിരിക്കുന്നു. നൂറക്കിപ്പോള്‍ ഭയവും നിര്‍വികാരതയും കൂടിക്കലര്‍ന്ന ഒരു സമ്മിശ്ര വികാരമായിരുന്നു. കരയണോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായിട്ട് തന്റെ കാര്യം ഷെയര്‍ ചെയ്യണോയെന്നറിയാത്ത നിസഹായത. ഇരുന്ന കസേരയില്‍ നിന്നെഴുന്നേല്‍ക്കാന്‍ പോലും അവള്‍ക്ക് ഭയമായി.
ഫൈറൂസയിലുണ്ടായിരുന്ന മാറ്റം തന്നെ എത്രമേല്‍ സന്തോഷിപ്പിച്ചിരുന്നുവോ അതിനേക്കാളിപ്പോള്‍ അത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമോയെന്നവള്‍ക്ക് പരിഭ്രമമുണ്ടായി.
ഏകദേശം ഒരു മണിക്കൂർ സമയം അവളങ്ങനെ എന്തുചെയ്യണമെന്നറിയാതെ ഇരുന്നു. സമയം രാത്രി പതിനൊന്ന് കഴിഞ്ഞിട്ടുണ്ട്.
എന്തോ ആലോചിച്ചു കൊണ്ട് അവൾ എഴുന്നേറ്റ് പോയി വുളൂഅ് ചെയ്തു വന്നു. വൂളൂഅ് ചെയ്തപ്പോള്‍ തന്നെ മനസ്സിനെന്തോ വല്ലാത്ത ആശ്വാസം ലഭിച്ചു. നിസ്‌കാരത്തിലേക്ക് നിന്നു. ശാന്തമായിട്ടങ്ങനെ നിസ്‌കാരത്തില്‍ ലയിച്ചു ചേര്‍ന്നു. നിസ്‌കാര ശേഷം ഒരുപാട് തവണ ഇസ്തിഅ്ഫാറ് (استغفر الله العظيم ) ചൊല്ലി. ശേഷം ലാഇലാഹ ഇല്ലല്ലാഹ് (لا إله إلا الله ) എന്ന ദിക്‌റ് ഹൃദയത്തോട് അന്യയിപ്പിച്ചു കൊണ്ട് ഉച്ചരിച്ചു. കണ്ണുകളടച്ചിരുന്ന് അല്ലാഹ് (الله ) എന്ന് മനസ്സുരുകി പലതവണ വിളിച്ചു കൊണ്ടേയിരുന്നു.
ഇപ്പോള്‍ അവളുടെ മനസ്സ് ശാന്തമാണ്. അവിടെ ഫൈസലോ, ഫൈറൂസയോ...ഈ ഭൂലോകത്തെ മറ്റാരെങ്കിലുമോ ഇല്ല. അവളും അല്ലാഹുവും മാത്രം. ഇത് രാത്രിയാണോ പകലാണോയെന്ന ചിന്തപോലും അവള്‍ക്കില്ലായിരുന്നു. ഇങ്ങനെ അല്ലാഹുവില്‍ ലയിച്ചിരിക്കാന്‍ അവൾ ചെറുപ്പം മുതലേ ശീലിച്ചതാണല്ലോ. അല്ലെങ്കിലും അല്ലാഹുവിനെ സ്മരിച്ചാല്‍ ഹൃദയ ശാന്തത ലഭിക്കുമെന്ന് ഖുര്‍ആനിലുണ്ടല്ലോ...
'വിശ്വസിച്ചവരും അല്ലാഹുവിന്റെ സ്മരണ കൊണ്ട് ഹൃദയം ശാന്തമായവരുമായ കൂട്ടരെ...അറിയുക , നിശ്ചയം ഇലാഹീ സ്മരണ കൊണ്ട് മാത്രമാണ് ഹൃദയ ശാന്തത.'
ഹൃദയം പൂര്‍ണ്ണമായി ശാന്തമായി തന്റെ വരുതിയിലായി എന്നുറപ്പായപ്പോള്‍ അവള്‍ പതുക്കെ എഴുന്നേറ്റു. കട്ടിലില്‍ ചെന്നു കിടന്നു. പെട്ടെന്നവളുടെ ശ്രദ്ധ ടീപോയില്‍ വെച്ച കാപ്പി ചട്ടയുള്ള ഡയറിയിലായി. കഴിഞ്ഞ വ്യാഴാഴ്ച കഥപറയാനെടുത്തതിന് ശേഷം അത് തിരിച്ചു വെച്ചിട്ടില്ല. അവളതെടുത്തു മറിച്ചു നോക്കി. ആദ്യം കണ്ട സംഭവം അവള്‍ മനസ്സ് കൊണ്ട് വായിച്ചു:
'അബുല്‍ ഹസന്‍ അശ്ശാദുലി(റ)വാണ് പറയുന്നത്: മഹാനവര്‍കള്‍ ഒരു മരുഭൂമിയിലായിരുന്നു. ആ സമയത്താണ് മഹാനവര്‍കളെ ലക്ഷ്യമാക്കി ഒരു വന്യമൃഗം നടന്നടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത് തന്റെ നേരെ തന്നെയാണ് വരുന്നതെന്ന് കണ്ടപ്പോള്‍ മഹാനവര്‍കള്‍ ഭയവിഹ്വലനായി. ഒരുനിലയ്ക്കും തനിക്ക് രക്ഷപെടാന്‍ സാധിക്കില്ലെന്നദ്ദേഹമുറപ്പിച്ചു.
പെട്ടെന്നാണ് മഹാന്‍ അല്ലഹുവിന്റെ റസൂല്ﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലിയത്. ഹബീബിﷺയുടെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ മഹ്ബൂബായ അല്ലാഹു പത്തിരട്ടി റഹ്മത്ത് തിരിച്ചു ചെയ്യാമെന്ന് വാക്ക് പറഞ്ഞതല്ലേ... !? ആ പിടിമൃഗം മഹാനരെ ഒന്നും ചെയ്യാതെ തിരിച്ചു നടന്നു. അല്ലാഹുവാണല്ലോ ഹൃദയങ്ങളെ നിയന്ത്രിക്കുന്നവന്‍..! '
ആ ചരിത്രം വായിച്ചപ്പോള്‍ അവളുടെ ഹൃദയം വീണ്ടും ശാന്തമായി. അവളുടെ നാവുകള്‍ മദീനയിലേക്ക് സ്വലാത്തുകളയച്ചു. ഹൃദയം നാവുകള്‍ക്ക് മുമ്പേ അവിടെയെത്തിയിരുന്നു. അവള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു:
"റബ്ബേ...ഹൃദയങ്ങളെ നിയന്ത്രിക്കുന്നവന്‍ നീയാണ്...നിന്റെ തീരുമാനത്തിനതീതമായതൊന്നും എന്തിന്, ഒരിലപോലും ഈ പ്രപഞ്ചത്തിലനങ്ങില്ല. നിനക്കറിയാമല്ലോ...ഞാനിതത്രയും ചെയ്തത് നിന്റെയും ഹബീബായ തങ്ങളുﷺയുടെയും പ്രീതിയുദ്ദേശിച്ചിട്ടാണ്...അതുകൊണ്ട് നീയെന്നെ പരീക്ഷിക്കരുത്....ശത്രുതക്ക് പകരം
ഹൃദയത്തില്‍ നന്മ നിറക്കാനറിയുന്നവനാണല്ലോ നീ...എന്നോട് ദേഷ്യം വെക്കുന്നവരുടെ ഹൃദയങ്ങളെ സ്‌നേഹ സമൃദ്ധമാക്കണേ നാഥാ....'
ആ കട്ടിലില്‍ കിടന്ന് ഉറക്കം അവളുടെ ബോധത്തെ കൂടയിറക്കി കൊണ്ടു പോകുന്നത് വരെ അവള്‍ അല്ലാഹുവിനോട് മനമുരുകി ദുആ ചെയ്തു.
****
'ഉമ്മാ....എങ്ങോട്ടാ നിങ്ങള്‍ക്ക് പോവാനുള്ളത്...ഇന്ന് ഞാന്‍ ഫ്രീയാണ്....എവടേക്കാണെങ്കിലും പെട്ടെന്ന് പോയി പോരണം...'
ഫാതിഹ് രാവിലത്തെ ചായ കുടിയും പത്രവായനയുമെല്ലാം കഴിഞ്ഞപ്പോള്‍ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു.
'ഇന്നാലനക്ക് അത് ഇന്നലെ രാത്രി പറഞ്ഞൂടായ്‌നോ...ഇനിക്കിവിടെ പിടിപ്പത് പണിയുണ്ട്....ഞമ്മക്ക് വൈകുന്നേരം പോകാ...'
മല്ലിയും മുളകും അരിയുമെല്ലാം പൊടിപ്പിക്കാനുള്ളതാണ്. അരി കഴുകി ഉണക്കണം, ഓന്‍ ഇന്നലെ ഇട്ടതും അല്ലാത്തതുമായ ഒരുകൂട്ടം ഡ്രസ് അലക്കണം തുടങ്ങിയ എല്ലാ പണികളുമാലോചിച്ചിട്ടാണ് സഫിയാത്ത അങ്ങനെ പറഞ്ഞത്.
'ഇന്നലെ പറഞ്ഞീനെങ്കില്‍ ഇതൊക്കെ കുറച്ച് നേരത്തെ ചെയ്യായ്‌നി....'
അവർ കുമ്പിട്ട് മുറ്റത്ത് അരി ഉണക്കിച്ചിക്കുന്നതിനിടയില്‍ പിറുപിറുത്തു.
'ആ...ന്നാല്‍ നമ്മക്ക് വൈകുന്നേരം പോവാം....'
ഫാത്തിഹ് ഇന്നലെ പറയാതിരുന്നതിന് ക്ഷമ ചോദിക്കുന്ന രൂപത്തില്‍ പറഞ്ഞു.
'ഉം...'
സഫിയാത്ത നീട്ടിയൊന്ന് മൂളി..
പണിയെല്ലാം കഴിഞ്ഞതിന് ശേഷം അവൻ കാണാതെ സഫിയാത്ത 'തങ്ങളിന്ന് വൈകീട്ട് അങ്ങോട്ടൊന്ന് വരുന്നുണ്ടെന്ന്' നൂറയുടെ ഉപ്പക്ക് വിളിച്ചു പറഞ്ഞു.
എന്താണിത്താ ഈ വരവിന്റെ ഉദ്ദേശ്യം എന്ന് ചോദിച്ചപ്പോള്‍...എനിക്ക് നൂറയെ ഒന്ന് കാണാനാണെന്നാണ് പറഞ്ഞത്. അവരെന്ത് വിചാരിച്ചോ ആവോ.. ഏതായാലും പോയി നോക്കാം...
സഫിയാത്തയുടെ മനസ്സില്‍ ലജ്ജയുടെ ലാഞ്ചന മിന്നിമറഞ്ഞു
വൈകീട്ട് പോവാന്‍ വേണ്ടി സഫിയാത്ത അണിഞ്ഞൊരുങ്ങി വന്നപ്പോള്‍ ഫാതിഹ് സാധാരണ വീട്ടിലിടുന്ന ഡ്രസും ഇട്ടോണ്ടാണിറങ്ങിയത്.
'നീയിതെങ്ങോട്ടാ....!? '
സഫിയാത്ത രണ്ട് കയ്യും ഊരക്ക് കൊടുത്ത് തല കുറച്ച് ചെരിച്ചിട്ട് ഗൗരവത്തില്‍ ചോദിച്ചു.
'അപ്പോ...ങ്ങളല്ലെ എവടെക്കോ പോവാന്ണ്ട്ന്നും പറഞ്ഞ് എന്നെ വിളിച്ചെറക്കിയത്...'
ഉമ്മയെന്തിനാണ് അങ്ങനെ ചോദിച്ചതെന്ന് മനസ്സിലാകാതെ ഫാത്തിഹ് പറഞ്ഞു.
'പോയി നല്ല ഡ്രസിട്ടിട്ട് എന്റെ കൂടെ വാ...'
സഫിയാത്ത വീണ്ടും ഒച്ചയിട്ടു.
'അയ്‌ന് ങ്ങളല്ലേ പോണത്. ഞാനിനിങ്ങളെ കൂടെ കണ്ടോലെ വീട്ട്‌ക്കൊന്നും കയറിയിറങ്ങൂലട്ടൊ...'
അവൻ വീണ്ടും സംശയത്തില്‍ ചോദിച്ചു.
'അതൊക്കെ ശരി തന്നെ, പക്ഷേ, ഇതങ്ങനെ പറഞ്ഞാല്‍ ശരിയാവൂല...ഇവ്ടേക്ക് ജ്ജ് എന്തായാലും വരണം..ജ്ജ് പോയി സുന്ദര കുട്ടപ്പനായി വന്നാ....'
സഫിയാത്ത അവനെ വീണ്ടും ഉന്തിത്തള്ളി റൂമിലേക്ക് തന്നെ വിട്ടു.
ഉമ്മയുടെ ഈ പോക്കിന് പിന്നിലെന്തോ ദുരൂഹത മണക്കുന്നുണ്ടെന്ന് ഫാതിഹിനപ്പോള്‍ തോന്നി. ഏതായാലും അവന്‍ റൂമില്‍ പോയി ഡ്രസ് മാറ്റി വന്നു.
യാത്രക്കിടയില്‍ കാറില്‍ നിന്ന് അവൻ ചോദിച്ചു
' ഉമ്മാ...സത്യം പറ. നമ്മളിപ്പോള്‍ എങ്ങോട്ടാണ് പോകുന്നത്.'
സഫിയാത്ത ആദ്യം ആ ചോദ്യം കേള്‍ക്കാത്ത പോലെ നിന്നു.
'ഉമ്മാ....'
ഫാതിഹ് വീണ്ടും കുറച്ച് കനപ്പിച്ചു വിളിച്ചു.
ആ വിളി കേട്ടപ്പോള്‍ സഫിയാത്തക്ക് ചിരി വന്നു. ഇനിയും ഇത് പറയാതെ തനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലാന്ന് മനസ്സിലാക്കിയ അവർ പറഞ്ഞു.
'ഡാ...ഞമ്മള് നൂറമോളെ വീട്ടിലേക്കാണ് പോണത്. ഞാനന്ന് ആ നേഴ്‌സിന്റടുത്തു നിന്ന് ഓളെ വീട്ടാരെ നമ്പറൊപ്പിച്ച് വിളിച്ചീനി'
സഫിയാത്ത സംസാരം നിറുത്തിയതും ഫാതിഹിന്റെ കാലുകള്‍ പെട്ടെന്ന് ബ്രേക്കിലമര്‍ന്നു. സഡന്‍ ബ്രേക്കിട്ടത് കൊണ്ടാണെന്ന് തോന്നുന്നു പിറകില്‍ നിന്ന് വാഹനങ്ങൾ നിർത്താതെ ശബ്ദമുണ്ടാക്കുന്നുണ്ട്.
'ഞാന്‍ പോരുന്നില്ല...നമുക്ക് തിരിച്ചു പോവാം....'
ഫാതിഹ് വണ്ടി തിരിക്കാനൊരുങ്ങി.
'അത് പറ്റില്ലാ...ഞാനെന്തായാലും ഇന്ന് വരുംന്ന് അവര്‍ക്ക് വാക്ക് കൊടുത്തതാണ്. ഇനി പോകാതിരുന്നാല്‍ അതോലെ പറ്റിക്കലാവും...നീയല്ലേ..എന്നോട് ഇന്ന് ആക്കിത്തരാംന്ന് പറഞ്ഞത്'
സഫിയാത്ത മുഖത്ത് കള്ളച്ചിരി വിടത്തി പറഞ്ഞു.
'അയ്‌നങ്ങളെങ്ങട്ടാണ് പോണതെന്ന് എന്നോട് പറഞ്ഞിട്ടില്ലല്ലോ....'
അവൻ അല്‍പസമയത്തിന് കൊച്ചു കുട്ടിയായി.
'അയ്‌ന് ഞമ്മളൗട്ക്കാ പോണതെന്ന് ജ്ജ്‌ന്നോട് ചോയ്ച്ചീല്ലല്ലോ...'
സഫിയാത്ത കൗണ്ടറടിച്ചു.
'അല്ല....അപ്പോ ഈ പോക്ക് ഞാന്‍ പെണ്ണ് കാണാന്‍ പോവാണോ...'
കാറിന്റെ ഫ്രണ്ട് ഗ്ലാസിലേക്ക് നോക്കി തലമുടിയൊന്ന് ഒതുക്കിക്കൊണ്ട് ചോദിച്ചു.
'പെണ്ണിനെ കാണാന്‍ പറ്റ്വാന്നറിയൂലാ...ഞാനേതായാലും ഓളൊന്ന് കാണണംന്ന്ള്ള ഉദ്ദേശ്യത്തിലാണ് പോണത്'
സഫിയാത്ത വീണ്ടും ഉടക്കി സംസാരിച്ചു.
'ന്നാൽ ങ്ങളൊന്ന് നേരത്തെ പറഞ്ഞീനെങ്കില്‍ എനിക്കൊന്ന് ഒരുങ്ങായിരുന്നു'
തന്റെ ഡ്രസ്സിലേക്ക് നോക്കിയിട്ട് ഫാതിഹ് പറഞ്ഞു. അവന്‍ പുറത്തേക്ക് നീരസം കാണിച്ചെങ്കിലും ഉള്ളില്‍ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു.
'അതെന്നല്ലേ...ഞാന്‍ അന്നോട് പറഞ്ഞത് നല്ലമട്ടത്തിലും ചേലിലും ഒക്കെ എറങ്ങാന്‍'
അവരിപ്പോള്‍ നൂറയുടെ ഉപ്പ പറഞ്ഞ അഡ്രസുള്ള സ്ഥലത്തെത്തി. ഇനിയിവിടെ നിന്ന് കൃത്യമായി വീട്ടിലേക്കെങ്ങനെയാണ് പോണതെന്നറിയണം.
ഫാതിഹ് ആരോടെങ്കിലും അന്വേഷിക്കാന്‍ വേണ്ടി വണ്ടി കുറച്ച് സൈഡിലാക്കി നിർത്തി. കുറച്ചപ്പുറത്തായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ട സഫിയാത്ത
'മാളേ...'ന്ന് കുറച്ചുച്ചത്തില്‍ വിളിച്ചു. ആ കുട്ടി വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അടുത്തേക്ക് വരാനായി ആംഗ്യം കാണിച്ചു.
'മോള്‍ക്ക് ഈ നാട്ടില് നൂറാന്ന് പേരുള്ള ഒരു കുട്ടിനെയറിയോ....?'
സഫിയാത്ത ചോദിച്ചപ്പോള്‍ ഒരുനിമിഷത്തെ ആലോചനക്ക് ശേഷം ആ കുട്ടി തിരിച്ചു ചോദിച്ചു,
'നൂറത്താനല്ലേ... അറിയാലോ....'
അതുകേട്ടപ്പോള്‍ സഫിയാത്തയുടെ മുഖത്ത് സന്തോഷം.
'ഈ നൂറത്ത ആളെങ്ങനെയാ...' സഫിയാത്തയുടെ അമ്മായിമ്മ മനസ്സുണര്‍ന്നു.
ആ ചോദ്യം കേട്ടപ്പോള്‍ ഇതൊരു കല്യാണമന്വേഷണമാണെന്ന് ആ കുട്ടിക്കും മനസ്സിലായെന്ന് തോന്നുന്നു. അവൾ നൂറയെ പറ്റി നന്നായി പറഞ്ഞു കൊടുത്തു. ശേഷം അവള്‍ അവര്‍ക്ക് നൂറയുടെ വീടെവിടെയാണെന്ന് കറക്റ്റായി പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഫാതിഹ് കാറ് സ്റ്റാര്‍ട്ടാക്കി നൂറയുടെ വീടിന് നേരെ പോകാനൊരുങ്ങുമ്പോള്‍ അതുവരെ അവരുടെ കാറിന് മുമ്പിലായി നിർത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാര്‍ കൈ കണിച്ചിട്ട് നിറുത്താന്‍ പറഞ്ഞു.
( *തുടരും....*) ©️
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment