(PART ‎32) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

  

ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-32⛔️


"തെറ്റ് ചെയ്യാറുണ്ടോ നിങ്ങള്‍...? എന്റെ ദോഷം കാരണം അല്ലാഹു എന്നെ സ്വീകരിക്കില്ലേയെന്ന തോന്നല്‍ കൊണ്ട് വല്ലാതെ മാനസിക വിഷമം അനുഭവിക്കാറുണ്ടോ...എങ്കില്‍ നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് ആശമുറിയരുത് കേട്ടോ....'

സ്വാദിഖ് ഉസ്താദിന്റെ സുബ്ഹിക്ക് ശേഷമുള്ള ക്ലാസിലാണ് ഫാതിഹ്. 

ഉസ്താദിന്റെ അവതരണം കേള്‍ക്കാന്‍ നല്ല രസമാണ്. ആദ്യം ഒരു ചോദ്യം ചോദിച്ച് തുടര്‍ന്ന് ഉത്തരത്തെ തേടുന്ന ശൈലിയാണ് പൊതുവെ ഉസ്താദ് സ്വീകരിക്കാറ്. അതുകൊണ്ടു തന്നെ അനുവാചകര്‍ക്ക് നല്ല ആസ്വാദന സുഖം ലഭിക്കാറുണ്ട്. നല്ല പതിഞ്ഞ ശൈലിയില്‍ കസേരയില്‍ ഇരുന്ന് തന്റെ നീണ്ടു വെളുത്ത താടിയില്‍ പതുക്കെ വലതു കൈ കൊണ്ട് തടവിക്കൊണ്ടുള്ള ഉസ്താദിന്റെ സംസാരത്തിന് എന്തോ വല്ലാത്ത സൗകുമാര്യതയാണ്. ഫാതിഹ് ഉസ്താദിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.


'നൂറു പേരെ കൊന്ന ആള്‍ക്ക് പൊറുത്തു കൊടുത്തവനല്ലേ നമ്മുടെ റബ്ബ്...അല്ലാഹു അവന്റെ കവാടങ്ങളൊരിക്കലും ഒരാളുടെ മുമ്പിലും കൊട്ടിയടക്കാറില്ല. അതങ്ങനെ മലര്‍ക്കെ തുറന്നു തന്നെ കിടക്കും. പക്ഷേ, ആ കവാടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു ചെറിയ ശ്രമമെങ്കിലും നമ്മില്‍ നിന്നുണ്ടാവണമെന്നു മാത്രം. ചോദിക്കുമ്പോള്‍ മുഖം കറുപ്പിക്കുകയെന്നത് മനുഷ്യ സഹചമാണ്. ചോദിച്ചുകൊണ്ടേയിരിക്കാന്‍ ആവശ്യപ്പെടുകയെന്നത് ദൈവികതയും, കൊടുക്കുമ്പോള്‍ അസ്വസ്ഥത തോന്നുകയെന്നത് ഭൗതിക പ്രവണതയും, കൊടുത്തു കൊണ്ടേയിരിക്കുകയെന്നത് പാരത്രികവുമാണ്. അതു കൊണ്ട് നിരന്തരം റബ്ബിനോട് ചോദിക്കുക, അവന്‍ മടിയേതും കൂടാതെ നല്‍കും'

ഉസ്താദ് ശാന്തമായിട്ടങ്ങനെ നിറഞ്ഞൊഴുകുകയാണ്.


'പുണ്യ റബീആണ് സമാഗതമാവുന്നത്. തെറ്റുകാരനാണെന്ന ജാള്യതയില്‍ നിന്ന് നമുക്ക് കരകയറാനുള്ള മറ്റൊരവസരം.! അഥവാ...ഹബീബായ നബിﷺ തങ്ങളുടെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കൂ...നമ്മള്‍ സ്വയം ശുദ്ധീകരിക്കപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. ഞാനൊരു കഥപറയാം"


ഉസ്താദ് കഥപറയാനൊരുങ്ങി 

" മുമ്പൊരു നാട്ടില്‍ രാജാവിന്റെ ഇഷ്ടക്കാരനും എന്നാല്‍ നാട്ടുകാരുടെ കണ്ണിലെ കരടുമായിരുന്ന ഒരാളുണ്ടായിരുന്നു. അയാള്‍ അല്ലാഹുവിനെ തൊട്ട് അശ്രദ്ധവാനായിരുന്നു. 


അങ്ങനെ ആ നാട്ടിലെ സൂഫിയായിരുന്ന അബ്ദുല്‍ വാഹിദ് ബ്‌നു സൈയ്ദ്(റ) ഒരു ദിവസം ഹബീബായ നബിﷺതങ്ങളെ സ്വപ്‌നത്തില്‍ കണ്ടു. പുണ്യ പ്രവാചകര്‍ ﷺഈ കൊട്ടാര ഭൃത്യന്റെ കയ്യും പിടിച്ചങ്ങനെ നില്‍ക്കുന്നു. ഇത് കണ്ട വാഹിദെന്നവര്‍ക്ക് ആശ്ചര്യം, അവര് ഹബീബായ നബിﷺതങ്ങളുടെ ചാരത്തേക്ക് ചെന്നിട്ട് മെല്ലെ പറഞ്ഞു: 

'ഓ, റസൂലേ...അല്ലാഹുവില്‍ നിന്ന് തിരിഞ്ഞ് കളഞ്ഞ അടിമയാണല്ലോ ഇവന്‍. എന്നിട്ടുമെന്തിനാണ് അങ്ങ് അവന്റെ കൈ പിടിച്ചു നില്‍ക്കുന്നത്...'

സ്വാദിഖുസ്താദ് തന്റെ സംസാരമൊന്ന് നിർത്തിയിട്ട് എന്തോ ആലോചിച്ചതിന് ശേഷം പതുക്കെയൊന്ന് കുലുങ്ങി ചിരിച്ചു, ശേഷം തുടര്‍ന്നു:

'നമ്മുടെ നബിﷺതങ്ങളും റഹ്മത്തിന്റെ മഹാലോകമാണ്. ഒരു തെറ്റുകാരനെ കണ്ടാല്‍ അവിടുന്ന് അകറ്റി നിർത്താറില്ല. പകരം ചേര്‍ത്ത് പിടിക്കും. നബിﷺ തങ്ങള്‍ വാഹിദെന്നവരോട് പറഞ്ഞു:


'അതൊക്കെയെനിക്കറിയാം...അതുകൊണ്ടു തന്നെയാണ് ഞാനദ്ദേഹത്തിന് ശഫാഅത്ത് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നത്.'

വാഹിദെന്നവരുടെ മുഖത്ത് വീണ്ടും ആശ്ചര്യം. കാരണം ദുര്‍നടപ്പു കൊണ്ട് ഒരു നാട് മൊത്തം അകറ്റി നിര്‍ത്തിയ ആളെയാണ് ഹബീബ് ﷺ ചേര്‍ത്തു നിര്‍ത്തിയിട്ട് ശഫാഅത്ത് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നത്. അവർ വീണ്ടും ഹബീബ്ﷺയോട് ചോദിച്ചു: 

' എന്ത് കൊണ്ടാണ് റസൂലേ...അദ്ദേഹം ഈ പദവി  എത്തിച്ചത്.....?'

ഹബീബ്ﷺ പറഞ്ഞു:

 ' എന്റെ മേല്‍ സ്വലാത്ത് അധികരിപ്പിച്ച കാരണത്താല്‍...അദ്ദേഹം എല്ലാ ദിവസവും കിടക്കാന്‍ നേരം എന്റെ മേല്‍ ആയിരം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹു എന്റെ ശുപാര്‍ശ സ്വീകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'

വാഹിദെന്നവര് ഉറക്കില്‍ നിന്നുണര്‍ന്നു. അദ്ദേഹം താന്‍ കണ്ട സ്വപ്നം തന്റെ കൂട്ടുകാര്‍ക്ക് വിവരിച്ചു കൊടുക്കുന്നതിനിടയിലേക്ക് കരഞ്ഞു കൊണ്ട് ആ കൊട്ടാര ഭൃത്യന്‍ കടന്നു വന്നു. അയാള്‍ നേരെ ചെന്ന് അബ്ദുല്‍ വഹിദെന്നവരുടെ മുമ്പില്‍ ചെന്നിരുന്നു കൊണ്ട് പറഞ്ഞു: 

ഓ, അബ്ദുല്‍ വാഹിദോരെ... നിങ്ങളുടെ കൈ ഒന്ന് നീട്ടിതരൂ. ഹബീബായ തങ്ങള്‍ﷺ നിങ്ങളിലൂടെ തൗബ ചെയ്യാനെന്നോടാവശ്യപെട്ടിട്ടുണ്ട്. എന്നെക്കുറിച്ച് നിങ്ങളുമായി ഹബീബായ തങ്ങള്‍ﷺ സംസാരിച്ചെതെല്ലാം അവിടുന്ന്ﷺ എന്നോട് പറഞ്ഞു'. 


തുടര്‍ന്ന് അയാള്‍ തൗബ ചെയ്തു. തൗബയ്ക്ക് ശേഷം എന്തായിരുന്നു നിങ്ങളുടെ സ്വപ്‌നമെന്ന് അബ്ദുല്‍ വാഹിദെന്നവര് അദ്ദേഹത്തോട് ചോദിച്ചു. അയാള്‍ പറഞ്ഞു: ഹബീബായ തങ്ങള്‍ﷺ എന്റെ സ്വപ്‌നത്തില്‍ വന്നിട്ട് പറഞ്ഞു: 

നീ എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയതു കൊണ്ട് ഞാന്‍ നിനക്ക് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യുന്നു. എന്നിട്ട് എന്നേയും കൂട്ടി പോയി എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു: 

നീ അബ്ദുല്‍ വാഹിദിന്റെ അടുക്കല്‍ പോയി തൗബ ചെയ്യണം. ശേഷം നന്നായി ജീവിക്കണം.'

ഉസ്താദ് ഈ സംഭവം പറഞ്ഞതിന്റെ

ശേഷം എല്ലാവരോടും സ്വലാത്ത് ചൊല്ലാനാവശ്യപ്പെട്ടു.  ഉസ്താദും തന്റെ രണ്ടു കണ്ണുകളും അടച്ച് സ്വലാത്ത് ചൊല്ലി. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണുനീര്‍ താടിരോമങ്ങള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അതുകണ്ടപ്പോള്‍ ഫാതിഹും അറിയാതെ കണ്ണുകള്‍ തുടച്ചു.



****


'എടീ നീയും ഫൈസലും തമ്മില്‍ ബ്രേക്കപ്പായീന്ന് കേട്ടു, ശരിയാണോ....?'

റുഖ്‌സാന ഫൈറൂസയോട് ചോദിച്ചു. 

'നിന്നോടാരാ പറഞ്ഞത് ഞങ്ങള് ബ്രേക്കപ്പായ വിഷയം....'

ഫൈറൂസ പ്രത്യേക വികാരങ്ങളൊന്നും കൂടാതെ ചോദിച്ചു.

'അതിനി ആരെങ്കിലും പറഞ്ഞിട്ട് വേണോ അറിയാന്‍....ഈ കോളേജ് മുഴുവന്‍ പാട്ടല്ലേ...നീ അങ്ങോട്ട് നോക്കിയേ....അവന്റെ ആ ഇരുത്തം കണ്ടാല്‍ പെറ്റ തള്ള സഹിക്കുമോ...'

റുഖ്‌സാന ക്ലാസില്‍ ഇതികര്‍ത്തവ്യതാമൂഢനായിരിക്കുന്ന ഫൈസലിനെ ചൂണ്ടിയിട്ട് ചിരിച്ചോണ്ട് ചോദിച്ചു. 

ഫൈറൂസ അവന്റെ മുഖത്തേക്ക് നോക്കിയില്ല. കാരണം കഴിവിന്റെ പരമാവധി പരസ്പര ദര്‍ശനം ഒഴിവാക്കാന്‍ നോക്കുകയായിരുന്നു അവള്‍.

'ഞാനതിന് അവനോടെല്ലാം പറഞ്ഞിട്ടുണ്ടല്ലോ, അവന് കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ മാത്രം മെച്ച്യൂരിറ്റിയൊക്കെയുണ്ട്...'

ഫൈറൂസ തന്റെ ഭാഗം പറഞ്ഞു.

'ആട്ടെ, എന്താണ് നിങ്ങള്‍ തമ്മില്‍ പിരിയാനുള്ള കാരണം....'

റുഖ്‌സാന പിടിവിടാനുള്ള മട്ടില്ല. 

'അതൊന്നുമില്ലെടീ.. , ഞങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ പല കാരണങ്ങളുമുണ്ടാകും. അതൊക്കെ നമ്മളിവിടെ പറയുന്നത് മോശമല്ലേ...'

ഫൈറൂസ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.

'അപ്പോ, ഞാനൊക്കെ ഇപ്പൊ നിന്റെ ഫ്രണ്ട് സെര്‍ക്കിളില്‍ നിന്ന് പുറത്തായിലേ....ആയ്‌ക്കോട്ടെ....എങ്ങെനെയാടീ നിനക്ക് ഇത്ര പെട്ടെന്ന് എല്ലാം മറക്കാന്‍ സാധിക്കുന്നത്...!?'

റുഖ്‌സാന വികാരഭരിതയായി. 

മനസ് പെട്ടെന്നലിയുകയെന്നത് സ്ത്രീ വര്‍ഗത്തിന്റെ സഹജ സ്വഭാവമാണ്. റുഖ്‌സാനയുടെ കണ്ണിന്റെ കോണില്‍ സങ്കടപ്പൊട്ടു കണ്ടപ്പോള്‍ തന്നെ ഫൈറൂസയുടെ മനസ്സലിഞ്ഞു. അവളെ സമാശ്വസിപ്പിച്ചു കൊണ്ട് ഫൈറൂസ പറഞ്ഞു:

'എന്തൊക്കെയാടീ....നീയീ പറയുന്നത്...? നമ്മളിപ്പോഴും നല്ല കൂട്ടല്ലേ.....'

'എന്നിട്ട് നീയെന്താ എന്നോടെല്ലാം മറച്ചു വെച്ച് സംസാരിക്കുന്നത്...?'

റുഖ്‌സാന പരിഭവപ്പെട്ടു.

'ഞാനെന്തു മറച്ചു വെച്ചുവെന്നാണ് നീയീ പറയുന്നത്. എടീ ഞാനും ഫൈസലും തമ്മില്‍ അന്ന് കൊളേജില്‍ വെച്ച് തെറ്റി പിരിഞ്ഞതിന്റെ കാരണം നിനക്കൊക്കെ അറിയില്ലേ..?'

ഫൈറൂസ ചോദിച്ചു.

'അതൊക്കെയെനിക്കറിയാം...പക്ഷേ, സാധാരണ നിങ്ങളങ്ങനെ തെറ്റിയാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എല്ലാം മറന്ന് ഒന്നാകാറുണ്ടല്ലോ...പക്ഷേ, ഇത്തവണ അതുണ്ടായില്ലല്ലോ...അതിനെന്താ കാരണം....?'

റുഖ്‌സാന   ദുഖമുള്ളത് പോലെ ചോദിച്ചു.

 'പിരിയാനുള്ള കാരണം ഞങ്ങള്‍ക്കിടയില്‍ അന്നുണ്ടായ ആ പിണക്കം മാത്രമൊന്നുമല്ലെടീ...ഈ ബന്ധം എന്റെയും അവന്റെയും ഭാവിക്ക് നല്ലതല്ലായെന്ന ബോധ്യം  വന്നത് കൊണ്ടാണ്.'

ഫൈറൂസ ഉള്ളു തുറന്ന് സംസാരിക്കാന്‍ തുടങ്ങി. 

'അതെന്താ ഇത്ര കാലമില്ലാതിരുന്ന ഒരു തോന്നല്‍ നിനക്ക് പെട്ടെന്ന് വരാന്‍ കാരണം..'

റുഖ്‌സാന എടുത്തപടി ചോദിച്ചു.

വീട്ടില്‍ ഫൈസലുമായുള്ള ബന്ധമറിഞ്ഞതും നൂറയെ കണ്ടതും അവരുടെ സംസാരങ്ങളും സംഭവങ്ങളുമെല്ലാം ഫൈറൂസ അവൾക്ക് വിവരിച്ചു നല്‍കി. 

'അപ്പോള്‍ നൂറക്കും ഫര്‍സാനക്കുമാണല്ലേ...നിന്റെ ഈ മറ്റത്തിന്റെ മുഴുവന്‍ ക്രഡിറ്റും...ഈ നൂറ ആളൊരു ഇന്ററസ്റ്റിങ് ക്യാരക്റ്ററാണല്ലോ....'

റുഖ്‌സാനയുടെ ചോദ്യം നൂറയെ കുറിച്ചായി.

'പറയാനുണ്ടോ...അവളോട് സംസാരിക്കുമ്പോള്‍ തന്നെ നമുക്ക് വല്ലാത്തൊരു പൊസിറ്റീവ് വൈബ് ഫീല്‍ ചെയ്യും. നന്നാവണം എന്ന തോന്നലുണ്ടാവും, ഞങ്ങള് ചെറുപ്പം മുതലേ ഭയങ്കര കൂട്ടായിരുന്നു. ഇടക്കെപ്പോഴോ അത് നിന്നു, അതിന് ശേഷമാണ് ഞാനീ പ്രേമത്തിലും മറ്റു വേണ്ടാത്തരങ്ങളിലുമെല്ലാം ചെന്നു പെട്ടത്. ഇപ്പോള്‍ വീണ്ടും അവളുമായി കൂട്ടു കൂടിയപ്പോഴാണ് എത്രമാത്രം അവളെ മിസ് ചെയ്തിരുന്നുവെന്ന സത്യം ഞാനറിഞ്ഞത്'

നൂറയെ കുറിച്ച് ഫൈറൂസ നിറുത്താതെ സംസാരിക്കുന്നത് കേട്ടപ്പോള്‍ റുഖ്‌സാന വാ പൊളിച്ചിരുന്നു പോയി. കാരണം മറ്റൊരാള്‍ക്കും ഒരു കാര്യവും അത്ര പെട്ടെന്ന് വകവെച്ചു നല്‍കാത്ത സ്വഭാവക്കാരിയായിരുന്ന ഫൈറൂസയാണ് ഇന്നിവിടെയിരുന്ന് മറ്റൊരുത്തിയെ കുറിച്ച് നല്ലത് സംസാരിക്കുന്നതെന്ന് വിശ്വസിക്കാനവള്‍ക്കായില്ല.


'എനിക്ക് ഈ ആളെയൊന്ന് പരിചയപ്പെടണമല്ലോ....ഓളെ നമ്പറൊന്ന് തരുമോയെനിക്ക്...ഇനിയവളെ പരിചയപ്പെടാത്തതിന്റെ പേരില്‍ ഞാന്‍ നന്നാവാതിരിക്കണ്ട' 

റുഖ്‌സാന ഒന്നാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

'അതിനെന്താ തരാലോ...നീയൊന്ന് പരിചയപ്പെട്. നിനക്കിഷ്ടാവും തീര്‍ച്ച. ഫൈറൂസ നൂറയുടെ നമ്പറയച്ചു കൊടുത്തു.


****


ഫൈറൂസയുമായി റുഖ്‌സാന സംസാരിക്കുന്നതിന്റെ  മണിക്കൂറുകള്‍ക്ക് മുമ്പ് ക്ലാസില്‍ തനിച്ചിരിക്കുന്ന റുഖ്‌സാനയുടെ അടുത്ത് ഫൈസല്‍ വന്നിരുന്നു. ഫോണില്‍ തലയും കുത്തിയിരിക്കുകയായിരുന്ന അവള്‍ തലയുയര്‍ത്തി അവനെ നോക്കി. അവന്റെ മുഖത്ത് ദേഷ്യവും ദുഖവും സങ്കടവും വിരഹവുമല്ലാമടങ്ങിയ വായിച്ചെടുക്കാന്‍ സാധിക്കാത്ത ഒരു വികാരഭാവമുണ്ടായിരുന്നു.

'എന്താടാ നീ മുഖവും വീര്‍പ്പിച്ചിരിക്കുന്നത്....?'

അവളുടെ ചോദ്യം

കേൾകാത്ത പോലെ നഖവും കടിച്ച് മുമ്പിലുള്ള ചുവരിലേക്ക് നോക്കിയവനിരുന്നു.


'ഫൈറൂസയുമായുള്ള ബ്രേക്കപ്പാണോ വിഷയം....നീയിപ്പോഴും അത് വിട്ടില്ലേ....പ്ലീസ് മൂവ് ഫോര്‍വേഡ് മാന്‍...'

റുഖ്‌സാന നഖംകടിക്കുന്ന അവന്റെ കൈ തട്ടി മാറ്റിയിട്ട് പറഞ്ഞു.


'അതൊക്കെ ഞാന്‍ വിട്ടു, പക്ഷേ...എന്തിനാണ് അവളെന്നോടിങ്ങനെ ചെയ്തത് എന്നറിയാനെനിക്കൊരാഗ്രഹമുണ്ടായിരുന്നു. അവളുടെ വീട്ടില്‍ അത്ര വലിയ സീനൊന്നുമില്ലായിരുന്നുവെന്നാണ് ഞാനന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ഇനിയവളുടെ മനസ്സില്‍ വേറ വല്ല ഒരുത്തനും കയറി കൂടിയോ....അങ്ങനവല്ലതുമാണെങ്കില്‍ ഞാനവളെ.....'


ഫൈസല്‍ സംസാരം പാതിമുറിച്ചിട്ട് പല്ലുകള്‍ കടിച്ചു പിടിച്ച് ,മുഷ്ടി ചുരുട്ടി ഡസ്‌ക്കില്‍ അമര്‍ത്തിയിടിച്ചു.


'ഡാ....ആള്‍ക്കാര് കാണും ഒന്ന് പതുക്കെ, നീയിങ്ങനെ ദേഷ്യപ്പെടല്ലേ....അവള്‍ക്ക് വേറെ കണക്ഷനൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല...ഉണ്ടെങ്കില്‍ ഞങ്ങളൊക്കെ അറിയേണ്ടതല്ലേ...'

റുഖ്‌സാന ഫൈസലിനെ സമാശ്വസിപ്പിച്ചു. 

അവളത് പറഞ്ഞപ്പോള്‍ പെട്ടെന്ന് എന്തോ ആലോചിച്ചതിന് ശേഷം ഫൈസല്‍ റുഖ്‌സാനക്ക് അഭിമുഖമായി തിരിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു:

'ഒരു ഐഡിയ ഉണ്ട്...'

എന്ത്  എന്ന മുഖഭാവത്തില്‍ റുഖ്‌സാന അവനെ കണ്ണുകള്‍ കൂര്‍പ്പിച്ചു നോക്കി. 


'ഡീ....നീയവളുടെ ബെസ്റ്റികളുടെ കൂട്ടത്തിലൊരുത്തിയല്ലേ...നീ വിചാരിച്ചാല്‍ സംഗതി നടക്കും...എന്താണ് ബ്രേക്കപ്പാവാനുള്ള കാരണമെന്ന് ഒന്ന് ചൂഴ്ന്ന് നോക്ക്. അവള് പറയാന്‍ തയ്യാറായില്ലെങ്കില്‍ നീ കരഞ്ഞു കാലുപിടിച്ചോ സെന്റിയടിച്ചോ പറയിപ്പിക്കാന്‍ നോക്ക്. അപ്പോ അറിയാലോ എന്താണ് സത്യാവസ്ഥാന്ന്'


ഫൈസല്‍ പറഞ്ഞു നിർത്തിയപ്പോള്‍ റുഖ്‌സാന ഒന്നാലോചിച്ചതിന് ശേഷം പറഞ്ഞു:

'ചുരുക്കിപ്പറഞ്ഞാല്‍ പതിവ് പോലെ നിങ്ങളെ രണ്ടാളേയും റീബൗണ്ട് ചെയ്യാന്‍ ഞാനിടയില്‍ കയറണം. നീയെന്തിനാടാ... എന്നെയിങ്ങനെ കൊലക്ക് കൊടുക്കുന്നത്...'

അവളവനോട് കെഞ്ചിക്കൊണ്ട് ചോദിച്ചു.


'റുഖ്...വണ്‍, ലാസ്റ്റ് ചാന്‍സ്...ഇതു കൂടെ ചെയ്താല്‍ നിനക്കൊരു ചിക്കന്‍ ബിരിയാണിയുറപ്പ്..ഇനി ഞാന്‍ നിന്നോട് മറ്റൊന്നും ചോദിക്കൂല പ്ലീസ്....'

ഫൈസല്‍ തന്റെ ഓഫര്‍ മുന്നോട്ടു വെച്ചു കൊണ്ട് പറഞ്ഞു.

'ഉം...നിന്റെ ചിക്കന്‍ ബിരിയാണി ഞാന്‍ കുറേ തിന്നതാ...'

അവന്‍ വാക്ക് പാലിക്കില്ലെന്നുറപ്പുള്ളത് കൊണ്ട് അവള്‍ ചിരിച്ചു തള്ളി.

'ഇന്നാ ബിരിയാണിയുടെ കാഷ്, നീയിത് ചെയ്യ്....ഞാന്‍ സീരിയസാണ്'

അവന്‍ പേഴ്‌സില്‍ നിന്ന് നൂറ്റിമുപ്പത് രൂപയെടുത്ത് റുഖ്‌സാനയുടെ കയ്യില്‍ വെച്ചു കൊടുത്തു.

'ഒകെ. ഞാനേറ്റു...'

റുഖ്‌സാന ചിരിച്ചു കൊണ്ട് പണമെടുത്തു.


****

ഫൈറൂസയുമായി സംസാരിച്ചതിന് ശേഷം റുഖ്‌സാന ഒന്നുമറിയാത്തവളെ പോലെ ഫൈസലിന്റെ അടുത്ത് വന്നിരുന്നു. അവള്‍ സംഗതികളെല്ലാം അവന് വിവരിച്ചു നല്‍കി. 

'അവളുടെ നാട്ടില്‍ നൂറയെന്നു പറയുന്ന ഒരു കുട്ടിയുണ്ടത്രെ...അവളാണ് ഫൈറൂസയെ പറഞ്ഞു മയക്കിയത്. അവളെ പറ്റി പറയാന്‍ ഫൈറൂസക്ക് നൂറ് നാവാണ്. ഈ നൂറയെന്തോ ജിന്നിന്റെ കുട്ടിയാണെന്ന് തോന്നും അവളുടെ സംസാരം കേട്ടാല്‍. എനിക്കവളുടെ സംസാരം അത്രക്കങ് പിടിച്ചില്ല. ഈ നൂറയാര് മതര്‍ തെരേസയോ....!? "

റുഖ്‌സാനയുടെ മുഖത്തപ്പോള്‍ ഒരു പെണ്ണിന് മറ്റൊരു പെണ്ണിന്റെ നന്മ കേട്ടാലുണ്ടാകുന്ന ഈഗോ ലുക്ക് പെര്‍ഫെക്റ്റായിട്ട് കാണാമായിരുന്നു.


' എനിക്ക് തോന്നുന്നത് നീ ഈ നൂറക്ക് വിളിച്ചിട്ട് നിന്റെയും ഫൈറൂസയുടെയും ജീവിതത്തിലിടപെടണ്ടായെന്ന് പറഞ്ഞൊന്ന് വിരട്ടുന്നത് നന്നാവും. ഒന്ന് പേടിപ്പിച്ചാല്‍ തീരാവുന്ന കേസേയൊള്ളൂ...ഞാനാകുട്ടിയുടെ നമ്പറ് നിന്റെ വാട്‌സാപ്പിലേക്ക് സെന്റ് ചെയ്തിട്ടുണ്ട്.'


'താങ്ക്യൂ....ബാക്കി എന്താ കാട്ടേണ്ടതെന്ന് എനിക്കറിയാം...നീയെനിക്കൊരുപകാരം കൂടെ ചെയ്യണം ഇന്ന് രാത്രി നിന്റെ ഫോണൊന്ന് എനിക്ക് തരണം'

ഫൈസല്‍ എന്തോ ആലോചിച്ചുറപ്പിച്ചവനെ പോലെ പറഞ്ഞു.

'അതെന്തിനാ...നീയിതെന്തിനുള്ള പുറപ്പാടാണ്...ഞാനിനി ഒന്നിനുല്യേ'

റുഖ്‌സാന മെല്ലെ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.

'രാത്രി നിന്റെ വാട്‌സപ്പില്‍ നിന്ന് അവള്‍ക്കൊരു മെസേജയക്കാനാണ്. പരിചയപ്പെടാനെന്ന പോലെ...ഒരു പെണ്‍കുട്ടിയുടെ നമ്പറാണെന്ന് തോന്നുമ്പോള്‍ അവള് സംശയിക്കില്ലെടോ...അല്ലാതെ ഞാന്‍ നേരിട്ട് വിളിച്ചാല്‍ അവള് ഫോണെടുക്കുമോ.....!?

അവന്‍ പല തവണ കെഞ്ചിയപ്പോള്‍ റുഖ്‌സാന തന്റെ ഫോണ്‍ കൊടുത്തു.


****

രാത്രി ഫൈസല്‍ റുഖ്‌സാനയുടെ നമ്പറില്‍ നിന്ന് നൂറയുടെ ഫോണിലേക്കൊരു മെസ്സേജ് അയച്ചു.

 'ഹായ്....ഇത് നൂറയല്ലേ....'

നൂറ മെസ്സേജയച്ചയാളിന്റെ ഡി.പി നോക്കി. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ്.

'അതെ, നൂറയാണ്...ഇതാരാണ്...?' അവള്‍ തിരിച്ച് ചോദിച്ചു.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here