(PART 30) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
L
ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔️Part-30⛔️
'എടാ ആ കല്യാണവും മുടങ്ങിയത്രെ...'
വീട്ടിലേക്കുള്ള യാത്രക്കിടയില്‍ സഫിയാത്ത ഫാതിഹിനോട് പറഞ്ഞു. ഏത് കല്യാണത്തിന്റെ കാര്യമാണ് ഉമ്മച്ചി പറയുന്നതെന്നറിയാതെ അവൻ ഡ്രൈവിങ്ങിനിടെ തല ചെരിച്ച് ഉമ്മയെ നോക്കി.
നൂറയുമായുള്ളതാവാന്‍ വഴിയില്ല...കാരണം, ഉമ്മച്ചിക്ക് അവരുടെ കോണ്ടാക്റ്റ് കിട്ടിയിട്ടില്ലല്ലോ...പിന്നെയെങ്ങനെയാണ് അത് മുടങ്ങിയെന്ന് പറയുക. അല്ല ഇനി ഉമ്മയെങ്ങാനും ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ സിസ്റ്ററെ പ്രലോഭിപ്പിച്ച് അവരുടെ നമ്പറ് തപ്പി പിടിച്ച് വിളിച്ചോ..യാ..റബ്ബ്.
ഫാതിഹിന്റെ മനസ്സിലൂടെ ഒരായിരം ചിന്തകള്‍ ചീറിപ്പാഞ്ഞു.
'ഞാന്‍ അവരുമായി ഒരുപാട് സംസാരിച്ചു നോക്കി. എന്നിട്ടൊന്നും അവര് വഴങ്ങുന്നില്ല'
സഫിയാത്തയുടെ മുഖത്ത് സങ്കടമുണ്ട്. എന്തോ ആലോചിച്ചു കൊണ്ടാണ് സംസാരിക്കുന്നത്.
'അപ്പോ നിങ്ങള്‍ സിസ്റ്ററുടെ അടുത്ത് നിന്ന് നമ്പറൊപ്പിച്ച് അവരെ വിളിക്കലും കഴിഞ്ഞോ...? എന്നിട്ട് അവരെന്തേ പറഞ്ഞത്...? വേണ്ടെന്ന് പറയാനുള്ള കാരണമെന്താ....?'
ഫാതിഹ് ഒരു കുല നിറയെ ചോദ്യം സഫിയാത്തയുടെ മുമ്പിലേക്കിട്ടു.
ആലോചനയിലായിരുന്ന സഫിയാത്ത പെട്ടെന്നുള്ള അവന്റെ ചോദ്യംകേട്ട് സ്വ ബോധത്തിലേക്ക് തന്നെ തിരിച്ച് വന്നു. ഫാത്തിഹിന്റെ ചോദ്യത്തിലെ ചില ഭാഗങ്ങളെ അവര്‍ കേട്ടിരുന്നൊള്ളൂ. അതുകൊണ്ടു തന്നെ ഇവനിത് എന്താണ് ചോദിക്കുന്നതെന്നാണ് അവരുടെ മുഖഭാവം. ഇനിയിവനെങ്ങാനും ഞാന്‍ നമ്പറൊപ്പിച്ച കാര്യം അറിഞ്ഞോ...
'നീയിപ്പോ എന്തൊക്കെയാ ചോദിച്ചത്...ഒന്നൂടെ ചോദിച്ചേ...'
സഫിയാത്ത ചോദ്യം കേള്‍ക്കാത്തത് പോലെ അവനോട് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. അവനാവര്‍ത്തിച്ചു.
നൂറയെ കുറിച്ചുള്ള അവന്റെ ചോദ്യത്തിലുണ്ടായിരുന്ന ആകാംക്ഷയും അറിയാനുള്ള ജിജ്ഞാസയും അത് മുടങ്ങിയോ എന്നതിലുള്ള ആധിയും എല്ലാം ആ ചോദ്യത്തില്‍ നിറഞ്ഞു നിന്നിരുന്നു.
'അപ്പോ...നീയല്ലേ...പറഞ്ഞത് അവര് പോണെങ്കില്‍ പോട്ടേന്നും. ഞാന്‍ ആശുപത്രിയില്‍ വന്നത് വെറുതെയായീന്നും എല്ലാം....എന്നിട്ട് പ്പോ ന്താ നിന്റെ മോത്തൊരു സങ്കടം....'
സഫിയാത്ത ഫാത്തിഹിനെ ഒന്ന് ആക്കി ചോദിച്ചു.
'എവിടെ...ആര്‍ക്ക് സങ്കടം...എനിക്കൊരു സങ്കടവുമില്ല. പക്ഷെ, _ഈ സഫിയ ഒരു കാര്യം ഏറ്റെടുത്താല്‍ അത് നടത്തിയിട്ടേ അടങ്ങൂ_ ന്ന്ള്ള ങ്ങളെ വീരവാദം ഇഞ്ഞ് ണ്ടാവൂലല്ലോ. രാവിലെ ഒരുങ്ങി പുറപ്പെട്ണത് കണ്ടപ്പൊ ഞാനും കരുതി ഇന്നിന്റെ കാനോത്ത് കഴിയുംന്ന്. എവടെ...മനുഷ്യനെ വെറുതെ കൊതിപ്പിച്ചത് മിച്ചം'
ഫാതിഹ് ഉമ്മാനെ കളിയാക്കിക്കൊണ്ട് ചിരിച്ചു.
'അതിനൊക്കെ ഈ സഫിയ ഒരു മാര്‍ഗം കണ്ട് വെച്ച്ക്ക്ണ്. ന്റെ മോന്‍ തൽക്കാലത്തിന് അതോര്‍ത്ത് സങ്കടപെടണ്ട. ഞാനന്റെ കല്യാണക്കാര്യവുമായി ബന്ധപ്പെട്ട് ഇന്ന് ചെയ്തതറിയാനല്ലേ...ജ്ജ്പ്പം അങ്ങനെ ചോദിച്ചത്. അങ്ങനെ ന്റെ ഉള്ളെടുക്കാന്‍ ന്റെ മോന്‍ നോക്കണ്ടട്ടൊ...'
സഫിയാത്ത തിരിച്ചടിച്ചു.
'അപ്പൊ നിങ്ങളാരെ കല്യാണം മുടങ്ങിയ കാര്യാണിത് വരെ പറഞ്ഞത്. നൂറന്റതല്ലേ....?'
അത് ചോദിക്കുമ്പോള്‍ ഉമ്മയുടെ മറുപടി അല്ലായെന്നാവണേയെന്ന് അവന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
സഫിയാത്ത ഒന്ന് ചെരിഞ്ഞിരുന്നതിന് ശേഷം അവനെ മൊത്തത്തില്‍ ഒന്ന് ഇരുത്തി നോക്കിയിട്ട് ചോദിച്ചു:
'അപ്പൊ ഈ നൂറ കുട്ടി അന്റെ മനസ്സിന്റെ നൂറ് ആയ്ക്ക്ണ്‌ല്ലേ....ആ കുട്ടി ഇത് വല്ലതും അറിയ്‌ണ്ടൊന്റെ റബ്ബേ....'
അവർ മേല്‍പ്പോട്ട് കൈമലര്‍ത്തി. ഫാതിഹത് കണ്ടു ചിരിച്ചു.
'ഞാന്‍ പറഞ്ഞത് ആ കാര്യല്ല. അന്റെ മൂത്താപ്പന്റെ നാലാമത്തെ മകനുണ്ടല്ലോ...അന്റെ കാരണോര്...നിഷാന്. ഓന്റെ കാര്യാണ് പറഞ്ഞത്.'
അവന്റെ മുഖമൊന്നു തെളിഞ്ഞു,എങ്കിലും ആശ്ചര്യത്തോടെ ചോദിച്ചു:
'അതെന്തേ....നിഷാന്‍കന്റെ കല്യാണത്തിന്റെ എല്ലാം റെഡിയായെന്നും നികാഹ് ഉടനെണ്ടാവുംന്നൊക്കല്ലേ ന്നാള് പറഞ്ഞീനത്.'
'ആ...അങ്ങനൊക്കെ തന്നേനി പറഞ്ഞീന്യത്, പക്ഷേ, അവര് പിന്നെയും അന്വേഷിച്ചപ്പള്‍ വീട്ടില് ഉമ്മയും മക്കളും തമ്മിൽ ചേര്‍ച്ചല്ല്യാന്ന്ള്ളത് അറിഞ്ഞത്രെ. അതാണേലോ മുടങ്ങിയത്. എത്ര ഉള്ളോലായിട്ടെന്താ....കുടുംബത്തിന്റെ ഔത്ത് മനസ്സമാധാനല്ലെങ്കില്‍ മക്കളോട് സ്‌നേഹള്ള ഏതേലും വാപ്പാര് സ്വന്തം മോളെ അങ്ങട്ട് കെട്ടിച്ചയക്കോ....ഇല്ലല്ലോ...'
സഫിയാത്ത എന്തൊക്കെയോ ആലോചിച്ച് കൊണ്ട് പറഞ്ഞു.
മൂത്താപ്പ വലിയ ബിസിനസുകാരനായിരുന്നു. പണമുണ്ടാക്കാന്‍ മൂത്താപ്പയെ കഴിഞ്ഞിട്ടേ ആ നാട്ടിലാരുമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ പണത്തിന് മുമ്പില്‍ മൂത്താപ്പക്ക് ബന്ധവും കുടുംബവുമൊന്നുമില്ലായിരുന്നു.
_'എടാ ബിസിനസിൽ കണ്ണില്‍ ചോരക്ക് വിലയില്ലാ'_ യെന്നാണ് പതിവ് പല്ലവി. ന്യായമായും അന്യായമായും മൂത്താപ്പ ഒരുപാട് സമ്പാദിച്ചിട്ടുണ്ടെന്നത് നാട്ടിലെല്ലാവര്‍ക്കുമറിയുന്ന ഒരു രഹസ്യമാണ്.
രണ്ടു വര്‍ഷം മുമ്പാണ് മൂത്താപ്പ മരിച്ചത്. മൂത്താപ്പ മരിച്ചതില്‍ പിന്നെ മൂത്തുമ്മ മാനസികമായി ആകെ തകര്‍ന്നു. അഞ്ചാണ്‍മക്കളാണവര്‍ക്ക്, മൂത്ത മൂന്നാളുകളുടെയും വിവാഹം കഴിഞ്ഞതാണ്. എല്ലാവരും വലിയ പണച്ചാക്കുകളെ തന്നെയാണ് കെട്ടിയത്. അവസാന രണ്ടു മക്കളായ
നിഷാന്റെയും നിസാറിന്റെയും കല്യാണമേ നടക്കാത്തതായിട്ടുണ്ടായിരുന്നുള്ളൂ.
മൂത്താപ്പ മരിച്ച് ഏഴിന്റെ അന്ന് തന്നെ മൂത്തമകന്‍ നിയാസും അദ്ദേഹത്തിന്റെ ഭാര്യാവീട്ടുകാരും മൂത്തുമ്മാന്റെ അടുത്ത് വന്ന് സ്വത്ത് ഓഹരി ചെയ്യാനാവശ്യപ്പെട്ടു. തുടര്‍ന്ന് ഓരോരുത്തരായി ഈ ആവശ്യവുമായി വന്നു. അങ്ങനെ സ്വത്ത് ഓഹരി ചെയ്തു. അതോടെ മൂത്തുമ്മ അവര്‍ക്കൊരു ബാധ്യതയായി. അവര് മൂത്തുമ്മാനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കാന്‍ തുടങ്ങി. അതുവരെ ആ വീട്ടിലേയും തറവാട്ടിലേയും രാജ്ഞിയായിരുന്ന മൂത്തുമ്മ പിന്നീട് പലപ്പോഴും മരുമക്കളുടെ വേലക്കാരിയായി മാറി.
ഫാതിഹിന്റെ മനസ്സില്‍ ഒരു തലമുറയുടെ ജീവിതകാലം മുഴുവന്‍ ഒരുനിമിഷം കൊണ്ട് മിന്നിമറിഞ്ഞു.
'ഇനിയിപ്പൊ ഓന്‍ക്ക് എവടന്നാ പെണ്ണ് തെരയാ...ഓന്‍ക്കെത്ര വയസായുമ്മ....!? '
ഫാത്തിഹ് ചോദിച്ചു.
'നിസാറും ജ്ജും അല്ലേ തൊണ...? , ങ്ങളെ രണ്ടാളിം നാല് വയസ്സ് മൂപ്പുണ്ടോന്‍ക്ക്...അഥവാ മുപ്പത് തെകഞ്ഞീണ്ടാവും'
സഫിയാത്ത മനക്കണക്ക് കൂട്ടിയിട്ട് പറഞ്ഞു.
'ഉമ്മാരിം ബാപ്പാരിം നോക്കാത്തൊട്‌ത്തോളം കാലം, മക്കള് കൊണം പിടിക്കൂല. ഓലെ ഒരു തരിമ്പ്‌ന് കഷ്ടപ്പെടുത്തിയോ...അയ്‌നുള്ളത് പടച്ചോന്‍ ഈ ദുനിയാവ്ന്ന് തന്നെ കൊട്ത്തിട്ടേ വിടൊള്ളൂ..അതില് ഒരു സംശയോംല്ല്യാ.
തെറ്റ് മുഴുവനും ഓലട്ത്തും ന്യായം മുഴുവനും മക്കളട്ത്തും ആണെങ്കിൽ പോലും പടച്ചോന്‍ തന്തന്റിം തള്ളന്റിം കൂടേ നിക്കൊള്ളൂ... അത് മനസ്സിലാക്കി വെക്ക്ണത് എല്ലാര്‍ക്കും നല്ലതാണ്. '
സഫിയാത്ത കാറിന്റെ ഫ്രണ്ട് ഗ്ലാസിലൂടെ മുന്നോട്ട് നോക്കി കൊണ്ട് നിര്‍വികാരതയോടെ പറഞ്ഞു. ഫാതിഹ് ഉമ്മയെ ശരി വച്ചു കൊണ്ട് തലയാട്ടി.
അവന്റെ മനസ്സിലൂടെ ഒരുപാട് സംഭവങ്ങള്‍ ഓര്‍മയിട്ടു പോയി. തൊലിവെളുപ്പുള്ള ഒരു പെണ്ണിനെ കാണുമ്പോഴേക്ക് ഉമ്മയെ മറക്കുന്നവര്‍, പത്ത് മിനുട്ട് മുമ്പ് കണ്ട് ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ കേറിപൊറുക്കാന്‍ വേണ്ടി പെറ്റ് പോറ്റി വളര്‍ത്തിയ രക്ഷിതാക്കളുടെ മുഖത്ത് നോക്കി കാര്‍ക്കിച്ച് തുപ്പുന്നവര്‍.... അങ്ങനെ തുടങ്ങി ഒരുപാടെണ്ണം.... ഇത്തരക്കാർ ചെയ്തതൊന്നും തിരിച്ചു നല്‍കാതെ ഈ ദുനിയാവിൽ നിന്ന് മടക്കിവിളിക്കൂലായെന്നതുറപ്പാണ്. ഫാതിഹിന് സങ്കടവും ദേഷ്യവും സമ്മിശ്രമായി വന്നു.
പണ്ട് മോഹന്‍ മാഷ് നാലാം ക്ലാസില്‍ നിന്ന് പറഞ്ഞു തന്ന മാതാവിനെ കുറിച്ചുള്ള കഥ കേട്ടു കരഞ്ഞു പോയ സന്ദര്‍ഭം ഓര്‍ത്തപ്പോള്‍ അവന്റെ മുഖത്ത് ചിരിവിടര്‍ന്നു. അന്ന് മാഷ് ക്ലാസിലേക്ക് വന്നിട്ട് ചോദിച്ചു.
'ഇന്ന് നമുക്ക് അമ്മയേ കുറിച്ചൊരു കഥപറയാം'
'ആ....'
ആ ക്ലാസിലുണ്ടായിരുന്ന നാല്‍പതില്‍ പരം കുട്ടികളും ഒരേ ശബ്ദത്തില്‍ പറഞ്ഞു. മാഷ് കഥപറയാന്‍ തുടങ്ങി. അന്ന് മാഷ് പറഞ്ഞ കഥ ഫാതിഹിന്റെ മനസ്സിലൂടെ ഓട്ട പ്രദക്ഷിണം വെച്ചു പോയി.
'ദൂരെയൊരു നാട്ടില്‍ വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഒരമ്മയും മകനുമുണ്ടായിരുന്നു. തന്റെ ജീവിതം പകുത്തു നല്‍കിയിട്ടാണ് ആ അമ്മ മകനെ വളര്‍ത്തിയത്. അങ്ങനെ യുവാവായ മകന്‍ ഒരിക്കല്‍ ഒരു സന്ദരിയായ പെണ്‍കുട്ടിയെ കണ്ടു. അവര്‍ പരസ്പരം ഇഷ്ടത്തിലായി. ഒരിക്കല്‍ ആ കമിതാക്കള്‍ സംസാരിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു:
'ഈ ലോകത്തുള്ള സകലതിനെക്കാളും ഞാനിഷ്ടപ്പെടുന്നത് നിന്നെയാണ്...'
അവനത് പറഞ്ഞപ്പോള്‍ അവള്‍ അവന്റെ മുഖത്ത് നോക്കി ചോദിച്ചു:
'അതിനെന്താണ് തെളിവ്....?'
'തെളിവോ....നീ പറയുന്നതെന്തും ഞാന്‍ ചെയ്യാം....'
അവന്‍ അവള്‍ക്ക് മുമ്പില്‍ സ്വയം സമര്‍പ്പിച്ചു.
അവള്‍ അവനെ പരീക്ഷിക്കാന്‍ തന്നെ ഉറപ്പിച്ചു. അതിനവളവനോടാവശ്യപ്പെട്ടത് അവനൊരിക്കലും ചെയ്യാന്‍ സാധിക്കില്ലായെന്നുറപ്പുള്ള ഒന്നായിരുന്നു.
'അങ്ങനെയെങ്കില്‍ നീയെനിക്ക് നിന്റെ മാതാവിന്റെ ഹൃദയം കൊണ്ടു തരാമോ...?'
അവളുടെ മനം മയക്കുന്ന മുഖത്തേക്ക് നോക്കിയപ്പോള്‍ മാതാവിന്റെ ചുക്കിച്ചുളിഞ്ഞ മുഖത്തെ അവഗണിക്കാന്‍ അവന് പെട്ടെന്ന് സാധിച്ചു. അവന്‍ ആണയിട്ടു പറഞ്ഞു: 'തീര്‍ച്ചയായും.'
എന്നിട്ടവൻ വീട്ടിലേക്കോടി ചെന്നു.
ഓടിക്കിതച്ചു വരുന്ന മകനെ കണ്ട് ആ അമ്മ ഒരു ഗ്ലാസ് വെള്ളം അവന് നേരെ നീട്ടി.
'ന്റെ കുട്ടി കൊയങ്ങീട്ട്ണ്ടാവും ഇത് കുടിക്ക്...'
പക്ഷെ, അവനാ കൈകള്‍ തട്ടിമാറ്റിയിട്ട് തന്റെ മാതാവിന്റെ നെഞ്ചിന്‍ കൂട് കുത്തി പിളര്‍ത്തിയിട്ട് ആ ഹൃദയവുമായി കാമുകിയുടെ അടുത്തേക്കോടി.
ആ ഓട്ടത്തിനിടയില്‍ അവന്റെ കാല് ഒരു കല്ലില്‍ തട്ടി അവന്‍ വീഴാനോങ്ങി. അപ്പോള്‍ അവന്റെ കയ്യില്‍ കിടന്ന് മിടിച്ചു കൊണ്ടിരിക്കുന്ന ആ മാതൃഹൃദയം ചോദിച്ചുവത്രെ:
'മോനേ,..നിനക്ക് വല്ലതും പറ്റിയോടാ...ശ്രദ്ധിച്ച് നടക്ക് '' ഇത്രയും പറഞ്ഞതിന് ശേഷം മോഹന്‍ മാഷ് പറഞ്ഞു:
'മക്കളേ...ഇതാണ് അമ്മമാര്. അവരുടെ മനസ്സ് എന്നും നമ്മുടെ കൂടെയാണ്. അതിനി നമ്മളവരെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും. അവരല്ലേ നമ്മളെ പെറ്റുവളര്‍ത്തിയത്. അവര്‍ക്ക് നമ്മളെ വെറുക്കാനറിയില്ലല്ലോ..!'
മാഷ് കഥപറഞ്ഞു നിർത്തുമ്പോള്‍ ആ ക്ലാസ് സ്മശാന മൂകമായിരുന്നു. പലരും തേങ്ങിക്കരയുന്നുണ്ടായിരുന്നു. ആ കൂട്ടത്തിലൊരാളായിരുന്നു താനും. അന്ന് കരഞ്ഞ് വീട്ടിലേക്ക് ചെന്ന് ഉമ്മയെ തുരുതുരാ ഉമ്മ വെച്ച് കെട്ടിപ്പിടിച്ച് വീണ്ടും കരഞ്ഞു.
അതോർത്തപ്പോള്‍ ഫാതിഹ് ഉമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു.
'നീയെന്താടാ..ചിരിക്കുന്നത്....!? '
അവര് അവനോട് ചോദിച്ചു.
'ഏയ് ഒന്നുല്യ.....'
അവന്‍ തന്റെ ചിന്തയെ വീണ്ടും മാതൃസ്‌നേഹത്തിലേക്ക് തന്നെ തിരിച്ചയച്ചു. ഇത്തവണ ഡോക്ടര്‍ ഫാതിഹിന്റെ വീക്ഷണ കോണിലൂടെയാണ് അവന്റെ മനസ്സ് സഞ്ചരിച്ചതെന്നുമാത്രം. ഒരു സ്ത്രീ പ്രസവ സമയത്ത് അനുഭവിക്കുന്ന വേദനയുടെ തോത് 56 ഡെല്ലാണ്. അഥവാ ഒരു മനുഷ്യന് സാധാരണ താങ്ങാനാവുന്ന പരമാവധി വേദനയുടെ അളവ് 44 ഡെല്‍മാത്രമാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഒരോ മക്കള്‍ക്കും മാതാവിന്റെ മഹത്വം മനസ്സിലാവുകയുള്ളൂ. ലോകത്തുള്ള എല്ലാമക്കളും ഡോക്ടേഴ്‌സാവുകയും തന്നെ പോലെ ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കിലെത്ര നന്നായിരുന്നേനേയെന്ന് ഫാതിഹൊരു നിമിഷം ചിന്തിച്ചു പോയി.
ഉമ്മയെ തെരഞ്ഞുള്ള അവന്റെ മനസ്സ് വീണ്ടും സഞ്ചരിച്ചു. അതിപ്പോള്‍ മദീന വഴിയാണ് പോകുന്നത്. ഉമ്മയെ കുറിച്ചാലോചിക്കുമ്പോഴെല്ലാം മനസ്സിലേക്ക് ആദ്യം വരാറുള്ള ഹദീസാണ്:
'ഹബീബായ നബിﷺതങ്ങളുടെ അടുത്ത് വന്നിട്ട് ഒരു സ്വാഹാബി ചോദിച്ചു:
ഹബീബേ..ഞാനാര്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യേണ്ടത്..?
ഹബീബ്ﷺ സംശയലേശമന്യേ പറഞ്ഞു:
നിന്റെ മാതാവിന്.
ആ സ്വഹാബി വീണ്ടും ചോദിച്ചു.
പിന്നെയാര്‍ക്കാണ്...?
അവിടുന്ന്ﷺ വീണ്ടും ആവര്‍ത്തിച്ചു:
നിന്റെ മാതവിന്.
അങ്ങനെ മൂന്ന് തവണ മാതാവിനെന്നും നാലാം തവണ പിതാവിനെന്നും അവിടുന്ന്ﷺ മറുപടി പറഞ്ഞു.
ഫാതിഹ് ആ ഹദീസിനെ പറ്റി വ്യത്യസ്ത സമയങ്ങളില്‍ ഓര്‍ത്തിട്ടുണ്ട്. അതിന്റെ ഭംഗിയും അര്‍ത്ഥഗര്‍ഭവുമാലോചിച്ച് അത്ഭുതപ്പെട്ടിട്ടുമുണ്ട്.
ഹബീബായ നബിﷺതങ്ങള്‍ മിമ്പറിലേക്ക് കയറുമ്പോള്‍ മൂന്ന് തവണ ആമീന്‍ പറയുന്ന മറ്റൊരു ഹദീസുണ്ട്. ആ ഹദീസ് റമളാനില്‍ പള്ളികളില്‍ നടക്കുന്ന ഉറുദികളില്‍ നിന്ന് കേള്‍ക്കാതെ ഇതുവരെ ഫാതിഹിന്റെ ഒരു റമളാനും കഴിഞ്ഞിട്ടില്ല.
അതില്‍ രണ്ടാമതായി നിങ്ങളെന്തിനാണ് ആമീന്‍ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഹബീബ്ﷺ പറഞ്ഞു:
' ഒരാള്‍ക്ക് അവന്റെ മാതപിതാക്കളെ ലഭിക്കുകയും അവര്‍ കാരണം അവൻ സ്വര്‍ഗത്തില്‍ പ്രവേശിച്ചതുമില്ല. അവന് നാശം സംഭവിക്കട്ടേയെന്ന് ജിബ്‌രീല് ദുആ ചെയ്തപ്പോഴാണ് ഞാന്‍ ആമീന്‍ പറഞ്ഞതെന്നായിരുന്നു അവിടുത്തെﷺ മറുപടി. അഥവാ, ലോകത്ത് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പേരുടെ ദുആയും ജവാബുമായിരുന്നുവത്. അതുകൊണ്ട് മാതാപിതാക്കളെ പ്രയാസപെടുത്തുന്നവർ പുനരാലോചന നടത്തിയിരുന്നെങ്കിൽ...
അപ്പോഴേക്കും അവരുടെ കാറ് വീടിന്റെ ഗേറ്റ് കടന്ന് പോര്‍ച്ചിലേക്ക് കയറിയിരുന്നു. വണ്ടിയില്‍ നിന്നിറങ്ങാന്‍ നേരം ഫാതിഹ് ഉമ്മാനെ തന്നിലേക്ക് ചേര്‍ത്തു പിടിച്ചിട്ട് മൂര്‍ദ്ധാവില്‍ അമര്‍ത്തിയൊരുമ്മവെച്ചു. ഇവനിതെന്തിന്റെ കേടാണെന്നോര്‍ത്ത് സഫിയാത്ത രണ്ടുകണ്ണുകള്‍ വക്രിച്ച് കൊണ്ട് ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി വിടര്‍ത്തിയിട്ട് അവനെ തുറിച്ചു നോക്കി.
****
'നീയെന്താടീയിങ്ങനെ പിറു പിറുക്കുന്നത്....? '
ഫൈറൂസ സ്വലാത്ത് ചൊല്ലുന്നത് കണ്ട് സുലൈഖാത്ത ചോദിച്ചു. അവള്‍ ഇന്നലെ രാത്രി അവരെടുത്ത തീരുമാനം സുലൈഖാത്തയുമായി പങ്കുവെച്ചു. സ്വലാത്തിന് വേണ്ടി ക്രിയേറ്റ് ചെയ്ത ഗ്രൂപ്പ് കാണിച്ചു കൊടുത്തു.
'ആഹാ...ഇത് നല്ല പരിപാടിയാണല്ലോ...എന്നാല്‍ എന്നെ കൂടി ആഡ് ചെയ്യ്...ഞാനും ചൊല്ലട്ടെ'
സുലൈഖാത്ത അങ്ങനെ പറഞ്ഞപ്പോള്‍ ഫൈറൂസക്ക് പെട്ടെന്ന് മനസ്സിലൊരാശയമുദിച്ചു. റബീഉല്‍ അവ്വലാണ് വരുന്നത്. ഉമ്മച്ചിയെ പോലെ സ്വലാത്ത് ചൊല്ലാന്‍ ഒരു സ്റ്റാര്‍ട്ടിങ് കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്ന പലരുമുണ്ടാവും, അവരെ കൂടി ഉള്‍പ്പെടുത്തി ഗ്രൂപ്പ് വിപുലപ്പെടുത്തിയാല്‍ ഈ ഗ്രൂപ്പിലൂടെ ഒരുപാട് സ്വലാത്ത് ചൊല്ലിക്കാന്‍ സാധിക്കും'
ഇന്നലെ കേട്ട സ്വലാത്തിന്റെ മാഹാത്മ്യം അവളുടെ മനസ്സിനെ അത്രമേല്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
അവള്‍ തന്റെ ആശയം വോയ്‌സായി ഗ്രൂപ്പിലിട്ടു. ഫര്‍സാനയും നൂറയും അത് ശരിവെച്ചു. നൂറ റബീഉല്‍ അവ്വലില്‍ മദീനയിലേക്ക് നമ്മുടെ നാട്ടില്‍ നിന്ന് നിരവധി സ്വലാത്തുകള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനുദ്ദേശിക്കുന്നുവെന്ന ആശയമുള്‍ക്കൊള്ളുന്ന ഒരു ഡിസ്‌ക്രിപ്ഷന്‍ എഴുതി ഫൈറൂസക്ക് അയച്ചു കൊടുത്തു.
അവള്‍ ആ ഡിസ്‌ക്രിപ്ഷനോടൊപ്പം അവരുടെ സ്വലാത്ത് ഗ്രൂപ്പിന്റെ ലിങ്ക് ചേര്‍ത്തു. ശേഷം നാട്ടിലെ വനിതാക്ലാസിന്റെ വിവരങ്ങളറിയിക്കാന്‍ വേണ്ടി മഹല്ലിന് കീഴിലുണ്ടാക്കിയ ഗ്രൂപ്പിലിട്ടു. കണ്ടവരെല്ലാം ഗ്രൂപ്പിലേക്ക് ആവേശത്തോടെ ജോയിന്‍ ചെയ്തു. ഏകദേശം നാട്ടിലെ എല്ലാവരും ജോയിന്‍ ചെയ്തുവെന്ന് കണ്ടപ്പോള്‍ നൂറ ഗ്രൂപ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിച്ചു കൊണ്ട് ഒരുവോയ്‌സയച്ചു. ദിവസവും മിനിമം അഞ്ഞൂറ് സ്വലാത്ത് എന്നതില്‍ എല്ലാവരും ഉറച്ചു. അതിലേറെയെറ്റ ഒരുപാട് സ്ത്രീകളുമുണ്ട്. നൂറ സ്വലാത്തിന്റെ മഹാത്മ്യം വിശദീകരിച്ച് കൊണ്ടൊരു പോസ്റ്റു കൂടി ഗ്രൂപ്പിലിട്ടു:
*ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതിമഹത്തായ പത്ത് കാര്യങ്ങള്‍ ലഭിക്കും:*
1. അല്ലാഹുവിന്റെ സ്വലാത്ത് ലഭിക്കും.
2.ഹബീബായ നബിﷺതങ്ങളുടെ ശഫാഅത്ത് ലഭിക്കും.
3.സംശുദ്ധരായ മലക്കുകളുടെ പിന്തുടര്‍ച്ചക്കാരാകും.
4.അവിശ്വാസികള്‍ക്കും കപടവിശ്വാസികള്‍ക്കും എതിരാകും.
5.ചെറിയ തെറ്റ് കുറ്റങ്ങള്‍ പൊറുക്കപ്പെടും.
6.ആവശ്യങ്ങള്‍ നിറവേറ്റപ്പെടും.
7.ഉള്ളും പുറവും പ്രകാശിക്കും.
8.നരക ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കും.
9.സ്വര്‍ഗ പ്രവേശനമുണ്ടാവും.
10യജമാനനായ അല്ലാഹുവിന്റെ സലാം അവന്റെ മേലിലുണ്ടാവും.
അതുവരെ പ്രതികരിക്കാതിരുന്ന ചിലരും ഈ കുറിപ്പ് കണ്ടപ്പോൾ കൈ ഉയർത്തി സാന്നിധ്യമറിയിച്ചു. ഒരു നാടിന്റെ നല്ല മാറ്റത്തിന്റെ തുടക്കമായിരുന്നുവത്.
( *തുടരും....*) ©️
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment