(PART ‎29) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 

ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-29⛔️


'തൃശൂരിലെവിടെയാ..മോള്‍ടെ വീട്....?'

സ്വലാത്തിന് ശേഷം അടുക്കളയില്‍ ആയിശാത്തയെ സഹായിക്കാനെത്തിയ ഫര്‍സാനയോടാണ് ചോദ്യം.


'അത്, ഉമ്മച്ചീ... കുറച്ചുള്ളോട്ടാണ്, പലപ്പിള്ളി....കാരിക്കുളം ഭാഗത്ത്'

ഫര്‍സാന അവളുടെ പതിവ് ശൈലിയില്‍ പറഞ്ഞു. 

അവളും നൂറയെ പോലെതന്നെ ആയിശാത്തയെ ഉമ്മച്ചിയെന്നു തന്നെയാണ് വിളിക്കുന്നത്. അതുകൊണ്ട് തന്നെ  ആ വിളികേള്‍ക്കാന്‍ ആയിശാത്തക്ക് ഭയങ്കര ഇഷ്ടവുമാണ്. പറഞ്ഞ സ്ഥലമേതാണെന്ന് ആയിശാത്തക്കറിയില്ലെങ്കിലും അറിയാമെന്ന രീതിയില്‍ തലകുലുക്കി സമ്മതിച്ചു.


'വീട്ടില്‍ ആരൊക്കെയുണ്ട്...?'

ആയിശാത്ത കുശലാന്വേഷണം തുടങ്ങിയാല്‍ അടിമുതല്‍ മുടി വരെ ചികഞ്ഞു കൊണ്ടിരിക്കും.

'ഉപ്പച്ചി, ഉമ്മച്ചി, അനിയന്‍ പിന്നെ ഞാന്‍'

അവള്‍ പെട്ടെന്ന് പറഞ്ഞു നിർത്തി.


'ആഹാ...നിങ്ങള്‍ രണ്ടു മക്കളാണല്ലേ...?!.ഉപ്പച്ചി എന്ത് ചെയ്യുന്നു?'

ആയിശാത്ത തുടര്‍ന്നു. ആ ചോദ്യം കേട്ടെങ്കിലും ഫര്‍സാന കേള്‍ക്കാത്ത പോലെ നടിച്ചു. അവള്‍ കേട്ടില്ലെന്ന് കരുതി ആയിശാത്ത ചോദ്യമാവര്‍ത്തിച്ചു.


'അത്...ഉപ്പച്ചി കുറച്ചായി കിടപ്പിലാണ്...നട്ടെല്ലിന് ക്ഷതം സംഭവിച്ചതാണ്...'

അവള്‍ മടിച്ച്...മടിച്ചാണ് അത് പറഞ്ഞത്.

 അതുവരെ പുഞ്ചിരിച്ചു കൊണ്ട് തെളിമയാര്‍ന്ന് നിന്നിരുന്ന അവളുടെ മുഖം പെട്ടെന്ന് കരുവാളിച്ചു. തെളിഞ്ഞ് നില്‍ക്കുന്ന സൂര്യന് കാര്‍മേഘം മറയിട്ടാലുണ്ടാകുന്ന ഇരുള് പോലെ.


'ഇന്നാലില്ലാഹ്....എങ്ങനെ സംഭവിച്ചതാണ്...!?'

ആ ചോദ്യവും ആശ്ചര്യവുമെല്ലാം അസ്ഥാനത്താണുന്നയിച്ചതെന്ന് പെട്ടെന്നാണ് ആയിശാത്തയോര്‍ത്തത്. കൂടുതല്‍ ചൂഴ്ന്നിറങ്ങാതെ അവളെ വെറുതെ വിടലായിരുന്നു നല്ലത്. വേണ്ടായിരുന്നു, ആയിശാത്തയുടെ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു.


'അതോ...ഉപ്പച്ചിക്ക് എസ്റ്റേറ്റില് റബറ് വെട്ടലായിരുന്നു പണി. പുലര്‍ച്ചെ മൂന്നിനോ നാലിനോ ഒക്കെ  ണീച്ച് എസ്റ്റേറ്റിലേക്ക് പോകും. പിന്നെ ചെലപ്പൊ രാവിലെ ചായ കുടിക്കാന്‍ വേണ്ടി വീട്ടിലേക്ക് വരും. അത് കഴിഞ്ഞ് വീണ്ടും പോകും. രാവിലെ വന്നില്ലെങ്കില്‍ പിന്നെ ഉച്ച തിരിഞ്ഞേ വരൂ. മിക്ക ദിവസവും ഉച്ച തിരിഞ്ഞാണ് വരാറ് ....അതോണ്ടന്നെ എന്റെ ചെറുപ്പത്തിലൊന്നും അതിരാവിലെ ഉപ്പച്ചീനെ കൂടുതല്‍ കാണാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടില്ല. കാരണം ഞാനെണീക്കുമ്പോത്തിനും ഉപ്പച്ചി എസ്റ്റേറ്റ്  പിടിച്ചിട്ടുണ്ടാവും.'


അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളുടെ കോണുകളില്‍ ഗൃഹാതുരത്വത്തിന്റെ കണ്ണീര്‍ കണങ്ങള്‍ ഉരുണ്ടു കൂടുന്നതായി ആയിശാത്തക്ക് തോന്നി. ഫര്‍സാന ഒന്ന് നിർത്തിയിട്ട് ചെറിയ സങ്കടം കലര്‍ന്ന ചിരിയോടെ പറഞ്ഞു.


'പക്ഷെ, വൈകീട്ട് ഞാൻ സ്‌കൂൾ വിട്ട് വരുമ്പോഴേക്കും ഉപ്പച്ചിയുണ്ടാവും എനിക്കുള്ള മിഠായിയും പലഹാരങ്ങളുമെല്ലാമായി കാത്തിരിക്കുന്നു. അതും കഴിച്ച് രാവിരുട്ടുവോളം ഉപ്പച്ചിയെന്നോടൊപ്പം കഥയും കളിയുമായിരിക്കും. ഞങ്ങള് തമ്മില്‍ ഭയങ്കര കൂട്ടായിരുന്നു. '. 


ഒരുപാട് കാലത്തിനിടക്ക് തന്റെ ഉപ്പച്ചിയെ കുറിച്ച് ആരും ചോദിക്കാത്തത് കൊണ്ടായിരിക്കാം ഫര്‍സാന യാന്ത്രികമെന്നോണം പറഞ്ഞു കൊണ്ടിരുന്നു. അവള്‍ തുടര്‍ന്നു:


'അങ്ങനെ, ഒരു ദിവസം പുലര്‍ച്ചെ ഉപ്പച്ചിയെണീറ്റ് എസ്റ്റേറ്റിലേക്ക് പോവാനൊരുങ്ങി. അന്നെന്തോ പതിവ് പോലെ എസ്‌റ്റേറ്റിലേക്ക് കയറുന്നതിന് മുമ്പ് ഉറങ്ങി കിടക്കുന്ന എന്റെ കവിളില്‍ ഉമ്മ തരാന്‍ വേണ്ടി കുനിഞ്ഞപ്പോള്‍ ഉപ്പച്ചിന്റെ കട്ടിമീശ കൊണ്ട് ഞാനുണര്‍ന്നു. പെട്ടെന്ന് ഉപ്പച്ചിയെ കണ്ട ഞാന്‍ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു:

ഉപ്പച്ചിയിന്ന് പോണ്ടാ...ഇന്റെ കൂടെ ഇവിടെ കെടക്കീം.'

ഫര്‍സാന താന്‍ ഉപ്പയെ കെട്ടിപിടിച്ച് കിടക്കുന്ന ആ രംഗം മനസ്സില്‍ കാണുന്ന പോലെ പറഞ്ഞു.


' മോള് സ്‌കൂള് വിട്ടു വരുമ്പോഴേക്കും മിഠായിയും ബലൂണുമൊക്കെ വേണ്ടേ....നമുക്ക് വൈകീട്ട് കളിക്കണ്ടേന്ന് എന്നോട് ചോദിച്ചപ്പോ ഞാനാ വര്‍ത്താനത്തില്‍ മയങ്ങി വീണ് ഉപ്പച്ചിയെ പോകാനനുവദിച്ചു'. 


ഒന്ന് നിർത്തിയതിന് ശേഷം അവള് തുടര്‍ന്ന് പറഞ്ഞു.

'പക്ഷെ, അന്ന് ഞാനുസ്‌കൂള് വിട്ട് ഉപ്പച്ചിന്റെ മിഠായിയും ബലൂണും പ്രതീക്ഷിച്ച് ഓടി കിതച്ച് വരുമ്പോള്‍ മുറ്റത്ത് ഉപ്പച്ചിയില്ലായിരുന്നു. ഉപ്പച്ചീന്ന് വിളിച്ച് വീട്ടിനുള്ളിലേക്ക് ഓടിയപ്പോള്‍ വീട് പൂട്ടി കിടക്കുന്നു.! എന്ത് സംഭവിച്ചൂന്നറിയാതെ നിക്ക്ണ എന്റടുത്ത്ക്ക് അയല്‍വാസി സൂറത്ത വന്നിട്ട് പറഞ്ഞു:

'മോളെ വാ...ഉമ്മച്ചിം ഉപ്പച്ചിം കുഞ്ഞാവയും കൂടെ ഒരിടം വരെ പോയതാണ്. ഓല് വര്ണത് വരെ നിന്നോട് ഞമ്മളോടെ നിക്കാനാണ് ഉമ്മച്ചി പറഞ്ഞത്.'


സൂറത്ത പറഞ്ഞത് കേട്ട് അവരോടൊപ്പം നടന്നെങ്കിലും അവരെങ്ങനെ എന്നെ കൂട്ടാതെ പോകും എന്ന ദേഷ്യമായിരുന്നു മനസ്സ് മുഴുവന്‍. പിന്നെ സൂറത്തായോടൊപ്പം ചോറെല്ലാം തിന്ന് ഇരിക്കുമ്പോഴാണ് അവര് സത്യാവസ്ഥ പറഞ്ഞത്. 


എസ്റ്റേറ്റില് രാവിലെ കാട്ടാനയിറങ്ങിയിരുന്നുവത്രെ. ആനയില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഓടുന്നതിനിടയില്‍ ഉപ്പച്ചി കാല്‍ തെന്നി കൊക്കയിലേക്ക് വീണു. ഭാഗ്യം കൊണ്ടാണത്രെ ജീവന്‍ തിരിച്ചു കിട്ടിയത്.'


അത് പറഞ്ഞപ്പോള്‍ ഫര്‍സാനയുടെ

മുഖത്ത് നേരത്തെയുണ്ടായിരുന്ന സങ്കടമില്ല. അവളിത്രലാഘവത്തോടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ആയിശത്തയും കരുതി ഇവള്‍ക്കെങ്ങനെയിത് പറയാന്‍ സാധിക്കുന്നുവെന്ന്. പിന്നെ ചിന്തിച്ചപ്പോള്‍ തോന്നി ചിലരങ്ങനെയാണ്, ഉള്ളിലെത്ര സങ്കടമുണ്ടെങ്കിലും പുറത്ത് ചിരിച്ചങ്ങനെ നില്‍ക്കും. മറ്റുള്ളവരുടെ സങ്കടങ്ങള്‍ക്ക് ഒപ്പം ചേരും. തന്റെ സങ്കടങ്ങള്‍ ആരോടും പറയുകയുമില്ല. എന്നാല്‍ എല്ലായ്‌പ്പോഴും സന്തോഷത്തോടെ അവരെ കാണുന്നവര്‍ അവരുടെ ഉള്ളെന്താണെന്ന് ചോദിക്കുകയുമില്ല.


'അപ്പോള്‍ വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെ.....?'

ആയിശാത്ത തന്റെ ചോദ്യം അര്‍ധ വിരാമത്തില്‍ നിർത്തി.


'അതോ...അത് പിന്നെ ഇപ്പൊ ഉപ്പച്ചിന്റെ പഴയ പണിക്ക് ഉമ്മച്ചിയാണ് പോകുന്നത്. പുലര്‍ച്ചെ എഴുന്നേറ്റ് പോവും. പിന്നെ അനിയനും അല്ലറ ചില്ലറ പണിയൊക്കെ ചെയ്യും.'

അവള്‍ അത് പറഞ്ഞു നിറുത്തിയിട്ട് ആ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി.


'എന്താണ് രണ്ടാളും നല്ല ചര്‍ച്ചയിലാണല്ലോ...പണിയൊക്കെ കഴിഞ്ഞോ....!?'

അതു വരെ വാഷ്‌റൂമിലായിരുന്ന ഫൈറൂസ കിച്ചണിലേക്ക് വന്നു.

'ഏയ്...ഞങ്ങളോരോ കുടുംബ കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നു, നീയിന്ന് വീട്ടിലേക്ക് പോകുന്നില്ലല്ലോ...?'

ഉമ്മച്ചിയിനി ഇതു വരെ താന്‍ പറഞ്ഞതെല്ലാം  ഫൈറൂസയോട് പറയേണ്ടാന്ന് കരുതി ഫര്‍സാന പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.


'ഇല്ലെടീ...നേരം ഒരുപാടിരുട്ടിയില്ലേ... ഞാനിനി നാളേ പോകുന്നൊള്ളൂ...'

അവള്‍ മറുപടി നല്‍കി.


'എന്നാല്‍ നിങ്ങള് രണ്ടു പേരും കൂടെ ഭക്ഷണം എടുത്ത് വെച്ച് കഴിക്ക്. ഞാന്‍ നൂറക്ക് ഭക്ഷണം കൊണ്ടു കൊടുക്കട്ടെ..'

അവര് രണ്ടു പേരും ആ വീട്ടിലെ ഒരംഗത്തെ പോലെയായതിനാലാണ് ആയിശാത്തയങ്ങനെ പറഞ്ഞത്.. 


അവർ നൂറക്കുള്ള ഭക്ഷണവുമായി മുകളിലേക്ക് കയറി. ആയിശാത്തയുടെ മനസ്സ് നിറയെ ഫര്‍സാനയുടെ വാക്കുകളാണ്. ആ കുടുംബത്തിന്റെ ജീവിതമെങ്ങനെയാവുമെന്ന ആധിയായിരുന്നു. ഇത് നൂറക്കറിയാമോ റബ്ബേ....എന്നിട്ടെന്തേ അവളിത് തന്നോട് പറയാതിരുന്നത്...ആ ഉമ്മമനസ്സ് വേദനിച്ചു. ഈ കാര്യം നൂറയുമായി ചര്‍ച്ച ചെയ്യാന്‍ വേണ്ടിയിട്ടാണ് ഫര്‍സാനയേയും ഫൈറൂസയേയും താഴെയാക്കിയതിന് ശേഷം ഭക്ഷണവുമായി മുകളിലേക്ക് കയറിയത്.


 റൂമിലെത്തി ഭക്ഷണം ടീപോയിയുടെ മുകളില്‍ വെച്ച ഉടനെ തന്നെ അവര് നൂറയോട് ചോദിച്ചു:

'നീ ഫര്‍സാനയുടെ കുടുംബത്തെ കുറിച്ച് അവളുമായി സംസാരിച്ചിരുന്നോ...?'

ഉമ്മച്ചിയുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ടപ്പോള്‍ നൂറക്ക്  എന്താണ് ഉമ്മച്ചി ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.. 


'എന്തിനെ കുറിച്ച് സംസാരിച്ചോന്നാണ് ങ്ങള് ഉദ്ദേശിച്ചത്...? '

ഉമ്മച്ചി അവൾ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കിച്ചണില്‍ വെച്ച് നടന്ന സംഭാഷണങ്ങളെല്ലാം  പങ്കുവെച്ചു. സംഭവങ്ങളെല്ലാം കേട്ടപ്പോള്‍ അവള്‍ക്ക് ഭക്ഷണം ഇറങ്ങിയില്ല. എന്ത് കൊണ്ട് താനിത് നേരത്തെ അവളോട് ചോദിച്ചില്ല. ഉമ്മച്ചി വേണ്ടിവന്നല്ലോ എനിക്കവളുടെ മനസ്സറിയിച്ചു തരാന്‍. നൂറയുടെ മനസ്സില്‍ കുറ്റബോധം നിറഞ്ഞു കൊണ്ടിരുന്നു. ഭക്ഷണ ശേഷം തിരിച്ചിറങ്ങാന്‍ നേരം ഉമ്മച്ചി പറഞ്ഞു:

'നീയിനിയിത് അവളോട് ചോദിക്കാന്‍ നിക്കണ്ടാ...അവള്‍ക്ക് സങ്കടാവും'

നൂറ അതിന് ഒന്നും പ്രതികരിച്ചില്ല.


ഭക്ഷണം കഴിച്ച് ഫൈറൂസയും ഫര്‍സാനയും റൂമിലേക്ക് വന്നു. അവര്‍ മൂന്ന് പേരും കട്ടിലില്‍ നീണ്ടു നിവര്‍ന്ന് കിടന്നു. നൂറക്ക് ഫര്‍സാനയോട് എങ്ങനെയെങ്കിലും കാര്യങ്ങളെല്ലാം ചോദിച്ചറിയണമെന്നുണ്ട്. എന്ത് ചോദിച്ചു തുടങ്ങുമെന്ന് അവള്‍ തല പുകഞ്ഞാലോചിച്ചു. അവസാനം നൂറ ചോദിച്ചു:


'നമ്മുടെ ആത്മീയ കുടുംബശ്രീയിലെ നിബന്ധനകളിലൊന്നാണല്ലൊ പരസ്പരം ഉള്ളു തുറന്ന് സംസാരിക്കണമെന്നത്. എന്നെയും ഫൈറൂസയേയും കുറിച്ചുള്ള കുടുംബ-ജീവിത ചുറ്റുപാടുകളെല്ലാം ഫര്‍സാനയ്ക്ക് മനസ്സിലായിട്ടുണ്ടാവും...ല്ലേ...പക്ഷെ, നിന്നെ പറ്റി ഞങ്ങള്‍ക്കൊന്നുമറിയില്ലല്ലോ. അതുകൊണ്ട് ഇന്ന് നീ നിന്റെ കഥ പറ. നിന്റെ നാടും വീടും വീട്ടുകാരും എല്ലാം പറ '

നൂറയുടെ സംസാരം കേട്ടപ്പോള്‍ തന്നെ ഉമ്മച്ചി നൂറയോടെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഫര്‍സാനക്ക് മനസ്സിലായി.


'അത് ശരിയാണല്ലോ....നീ പറ'

ഫൈറൂസയും നൂറയെ ശരിവെച്ചു കൊണ്ട് പറഞ്ഞു.

അവസാനം മനമ്മില്ലാ മനസ്സോടെയാണെങ്കിലും അവള്‍ ഉമ്മച്ചിയോട് പറഞ്ഞതെല്ലാം അവരോടും പറഞ്ഞു.

അവർ നിർവികാരതയോടെ എല്ലാം കേട്ടിരുന്നു. 


'അപ്പോള്‍ ഉപ്പച്ചിയുടെ ചികിത്സാ ചിലവിനും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാം ഉമ്മച്ചിയുണ്ടാക്കുന്നത് തികയുമോ....?'

ഫൈറൂസയുടെ ആ ചോദ്യത്തില്‍ ഫര്‍സാനയോടുള്ള സഹതാപത്തില്‍ നിറഞ്ഞ സങ്കടമുള്‍ക്കൊണ്ടിരുന്നു.


'എടീ...ഞാനിക്കാര്യം ഇത് വരെ ആരോടും പറയാത്തതെന്താണെന്നറിയുമോ നിങ്ങള്‍ക്ക്...?'

അവള്‍ തുടര്‍ന്നു.

'മറ്റുള്ളവര് എന്റെ കഥ കേട്ട് സഹതാപത്തോടെ എന്നെ നോക്കി....അയ്യോ...പാവം കുട്ടി അല്ലേ...ന്ന് പറയ്ണത് എനിക്കിഷ്ടല്ല. അതോണ്ടാണ് . ഇനിയിതിന്റെ പേരില്‍ നിങ്ങളെന്നെ അങ്ങനെ കാണാനും പാടില്ല.'

ഫര്‍സാന തന്റെ നിബന്ധന അവര്‍ക്ക് മുമ്പില്‍ വെച്ചു.


'എടീ...പരസ്പരം കൊണ്ടും കൊടുത്തും തന്നെയാണ് മനുഷ്യന്മാരിത്രകാലം ജീവിച്ചത്. പരസ്പരം ആശ്രയിക്കാതെ ഈ ലോക ചരിത്രത്തില്‍ ഒരു മനുഷ്യനും ജീവിച്ച് മരിച്ചിട്ടില്ല.

അതായത് നിരാശ്രയത്വം അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ട് സങ്കടം പറയുന്നതും മറ്റുള്ളവരുടേത് കേള്‍ക്കുന്നതുമൊന്നും വലിയ പാതകമൊന്നുമല്ല. പിന്നെ, ഞങ്ങള് നിന്നെ സഹായിക്കുന്നതും നീ ഞങ്ങളെ സഹായിക്കുന്നതും സഹതാപത്തിന്റെ അടിസ്ഥാനത്തിലുമല്ല. അത് നമ്മുടെ സൗഹൃദമാണ്. സൗഹൃദത്തില്‍ നീയും ഞാനുമില്ലല്ലോ നമ്മളെല്ലേയുള്ളൂ'


നൂറയുടെ ആ വാക്ക് കേട്ടപ്പോള്‍ ഫര്‍സാനയുടെ മനസ്സില്‍ കുളിര്‍മഴ പെയ്തു. അവള്‍ പറഞ്ഞു.


'നേരത്തെ ഫൈറൂസ ചോദിച്ചീലെ ഞങ്ങളെ ആരാണ് നോക്കാറെന്ന്. ഉമ്മാന്റെ അമ്മാവന്മാരാണ്. അവരെല്ലാവരും കൂടെ മാസത്തില്‍ നിശ്ചിത പണം കൊടുത്ത് വിടും. എനിക്ക് കുറച്ച് ബോധം വെച്ചപ്പോള്‍ ആ പണം വാങ്ങണ്ടാന്നും ഞാനും ഉമ്മാന്റെ കൂടെ പണിക്കിറങ്ങാന്നും പറഞ്ഞപ്പോള്‍ ഉമ്മച്ചിക്ക് ഓരേ നിര്‍ബന്ധം ഞാന്‍ പഠിച്ച് ഡോക്ടറാവണംന്ന്...വീട്ടിലെ കാര്യത്തെ കുറിച്ച് ആലോചിച്ച് നീ തലപുകയണ്ടാന്ന്....'

ഫര്‍സാന ഒന്ന് നിർത്തിയതിന് ശേഷം തുടര്‍ന്ന് പറഞ്ഞു:

' എനിക്കൊരു ഡോക്ടറാവണമെടി...കാരണം എന്നെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ടവിടെ... അവരുടെ പ്രതീക്ഷയാണ് ഞാന്‍. തളര്‍ന്ന് കരഞ്ഞിരിക്കാന്‍ എന്നെ കൊണ്ടാവില്ല. അതോണ്ടാ എല്ലാം മറന്നവളെ പോലെ ഞാനിങ്ങനെ ചിരിച്ച് ആഘോഷിച്ച് നടക്കുന്നത്. '

അവളുടെ വാക്കുകളില്‍ നിറഞ്ഞ ആത്മവിശ്വാസത്തിന് വല്ലാത്ത ശക്തിയുണ്ടായിരുന്നു. ഫര്‍സാന വീണ്ടും കഥപറഞ്ഞു. അവളുടെ ജീവിതം ഒരു ചിത്രകഥപോലെ അവര്‍ക്ക് മുമ്പില്‍ വരച്ചു കാണിച്ചു. 


പറഞ്ഞു തീര്‍ന്നപ്പോള്‍ ഞാന്‍ നിങ്ങളെ വെറുപ്പിച്ചോയെന്ന മുഖഭാവത്തില്‍ രണ്ടു പേരെയും നോക്കി. അതേസമയം, തന്നെ മുഴുവനായി ഇവര് കേട്ടല്ലോയെന്നോര്‍ത്തപ്പോള്‍ അവളുടെ മുഖത്ത് സമാശ്വാസത്തിന്റെ പുഞ്ചിരിയുമുണ്ടായിരുന്നു. അവര്‍ പരസ്പരം സമാധാന വാക്കുകള്‍ പറഞ്ഞു. ജീവിതത്തില്‍ ഏത് പ്രതിസന്ധിയിലും കൈവിടാതെ കൂടെയുണ്ടാവുമെന്നുറപ്പ് കൊടുത്തു. 


 കിടക്കുന്നതിന് മുമ്പ് ഒരു ഫസ്‌ല് ബുര്‍ദ്ധ ചൊല്ലല്‍ നൂറക്ക് പതിവുള്ളതാണ്.

'നമുക്ക് ബുര്‍ദ്ധ ചൊല്ലി കിടക്കുകയല്ലേ....?'

നൂറ ചോദിച്ചു.

അവര് വീണ്ടും എഴുന്നേറ്റിരുന്നു. ഒരുമിച്ച് ബുര്‍ദ്ധ ചൊല്ലി.

ശേഷം എല്ലാവരും കിടന്നു. 


നൂറക്ക് ഉറക്കം വന്നില്ല.

ഫര്‍സാനയും ഫൈറൂസയും ഉറങ്ങിയെന്നുറപ്പായപ്പോള്‍ അവള്‍ എഴുന്നേറ്റ് വാഷ് റൂമില്‍ പോയി വുളൂഅ് ചെയ്തു വന്നു. മനസ്സിന് ശാന്തത ലഭിക്കാതിരിക്കുമ്പോള്‍ സാധാരണയവള് രണ്ട് റക്അത്ത് നിസ്‌കരിച്ചതിന് ശേഷം റബ്ബിനോട് കരഞ്ഞ് സങ്കടങ്ങള്‍ പറയും. അപ്പോള്‍ ഉള്ള് അല്‍പം ശാന്തമാവും. 


നിസ്‌കരിച്ചിരുന്നപ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ഉവൈസുല്‍ ഖറനി(റ)വിന്റെ പേര് തെളിഞ്ഞുവന്നു. ഈയടുത്ത് മാദിഹീങ്ങളുടെ ഒരു വാട്‌സപ്പ് ഗ്രൂപില്‍ നിന്നാണ് മഹാനവര്‍കളുടെ ചരിത്രം പറയുന്ന ഒരു പ്രഭാഷണം ലഭിച്ചത്. മഹാന്‍ ഹബീബ്ﷺയെ പ്രണയിച്ച വിശാലമായ ആ ചരിത്രത്തില്‍ ഏറ്റവും ആകര്‍ഷിച്ചിരുന്ന ഒരു ഭാഗമാണ് ഇപ്പോള്‍ മഹാനരെ ഓര്‍ക്കാനുള്ള കാരണം.


 അഥവാ, എന്ത് ദുആ ചെയ്താലും ഉത്തരം ലഭിച്ചിരുന്ന മഹാന്‍ ദാരിദ്രനായി, വെറുമൊരു ആട്ടിടയനായി ജീവിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. വിശപ്പടക്കാനായി വെറും നാല് ഈത്തപ്പഴം മാത്രമായിരുന്നുവത്രെ കഴിച്ചിരുന്നത്. അത് കഴിച്ചതിന് ശേഷം മഹാന്‍ ദുആ ചെയ്യും:

'റബ്ബേ...ലോകത്തിന്നാരെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ അതിന്റെ പേരില്‍ നീയെന്നെ ശിക്ഷിക്കരുത്..കാരണം അതിന് ഞാനുത്തരവാദിയല്ല. ഞാനെന്റെ വിശപ്പടക്കാനാവശ്യമായ നാലിത്തപഴമേ ഭക്ഷിച്ചിട്ടുള്ളൂ...അതിന് പുറമെ മറ്റൊരു ഭക്ഷണവും ഞാന്‍ കരുതി വെച്ചിട്ടുമില്ല'


 ദുആയിലായിരിക്കുമ്പോഴാണ് അവളുടെ മനസ്സിലേക്ക് ഈ ചരിത്രമോര്‍മ്മ വന്നത്. അവളുടെ ഹൃദയം പൊട്ടി. കണ്ണുകള്‍ നിറഞ്ഞൊഴുകി.

'റബ്ബേ...മഹാനവര്‍കളെ പോലെയൊന്നും ജീവിതം സംശുദ്ധമല്ലെങ്കിലും എന്റെ ചുറ്റിലും ജീവിക്കുന്നവരുടെ ജീവിതത്തില്‍ സന്തോഷം പകരാനും അവരുടെ സുഖ-ദു:ഖത്തില്‍ പങ്ക് ചേരാനും എനിക്ക് നീ തൗഫീഖിനെ പ്രധാനം ചെയ്യണേ....? അവരുടെ പ്രയാസങ്ങളെ കണ്ടറിഞ്ഞ് അതിനു വേണ്ട പരിഹാരമുണ്ടാക്കാന്‍ നീയെനിക്ക് മാര്‍ഗമെളുപ്പമാക്കി തരണേ....'

മറ്റുള്ളവർക്ക് വേണ്ടി സ്വന്തത്തെ മറക്കാനുള്ള നൂറയുടെ ശേഷി അപാരമാണ്. 


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here