(PART ‎28) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 \

 ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-28⛔️


'ഉമ്മാ.. അവര് ഡിസ്ചാര്‍ജ് ചെയ്തു പോയി...അപ്പോ ഏതായാലും ങ്ങളെ വരവ് വെറുതെയായില്ലേ...വന്നസ്ഥിതിക്ക് ഷുഗറും പ്രഷറും ഒക്കെ ടെസ്റ്റ് ചെയ്തിട്ട് പോയാല്‍ മതി'

ഫാതിഹ് തന്റെ മുഖത്തെ മ്ലാനത മറച്ചു വെച്ച് സഫിയാത്തയോട് ചിരിച്ചു കൊണ്ട് പറഞ്ഞു.


'ജ്ജ് ങ്ങട്ട് മാറി നിന്നാ.. അതൊക്കെ ഞാനിപ്പം റെഡിയാക്കി തരാ'

സഫിയാത്ത അതും പറഞ്ഞ് അവനെ തള്ളിമാറ്റിയിട്ട് എന്തോ തീരുമാനിച്ചുറച്ച മട്ടില്‍ നേഴ്‌സ്മാരിരിക്കുന്ന കാബിന് നേരെ നടന്നു. ഉമ്മയിത് എന്തിനുള്ള പുറപ്പാടാണെന്നും ആലോചിച്ച് ഫാതിഹ് ഒരു നിമിഷം തിരക്കിട്ട് നടന്നു പോകുന്ന സഫിയാത്തയെ നിശ്ചലനായി നോക്കി നിന്നു. 


'കുട്ട്യേ...ഞാന്‍ ഫാതിഹിന്റെ ഉമ്മയാണ്...'

സഫിയാത്ത റിസപ്ഷനിലിരുന്ന നഴ്‌സിനോട് പറഞ്ഞു. 


'ആ...ഇത്താ.. എനിക്ക് മനസ്സിലായി...' 

നേരത്തെ തന്നെ ഫാതിഹ് ഡോക്‌റോടൊപ്പം സഫിയാത്തയെ കണ്ട സിസ്റ്റര്‍ പറഞ്ഞു.


'പിന്നേ...ആ നൂറ്റിമൂന്നാം നമ്പറ് മുറിയില്‍ ഇതിന് മുമ്പുണ്ടായീന്യ കൂട്ടരെ നമ്പറോ വീട്ടുപേരോ എന്തെങ്കിലും ഇബടെണ്ടോ....'

സഫിയാത്ത സിസ്റ്ററോട് തന്റെ ആവശ്യം അറിയിച്ചു. ഫാതിഹ് അപ്പോഴേക്കും ഉമ്മയുടെ അടുത്തെത്തിയിരുന്നു. 

ഉമ്മയുടെ ചോദ്യം കേട്ട് തന്നെ നോക്കുന്ന സിസ്റ്ററെ നോക്കിയിട്ട് കണ്ണുകൊണ്ട് ക്ഷമ ചോദിച്ചതിന് ശേഷം അവൻ ഉമ്മയോട് പറഞ്ഞു:


'ഉമ്മാ, രോഗികളുടെ സീക്രട്ട് വെളുപ്പെടുത്താന്‍ പറ്റൂല. അത് ഹോസ്പിറ്റലിന്റെ ക്രഡിബിലിറ്റിയെ ബാധിക്കും...'

ഫാതിഹ് ഉമ്മയെ അവിടെ നിന്ന്  കൂട്ടി താനിരിക്കുന്ന കാബിനില്‍ കൊണ്ട് ചെന്നിരുത്തി. 


'ഉമ്മയിവിടെയിരിക്കീ...ഞാനൊന്ന് റൗണ്ടിന് പോയിട്ട് ഇപ്പം വരാം...'

ഫാതിഹ് പേഷ്യന്‍സ് വിസിറ്റിന് വേണ്ടി വാര്‍ഡിലേക്ക് പോയി. അവന്‍ പോയി എന്നുറപ്പ് വരുത്തിയതിന് ശേഷം സഫിയാത്ത വീണ്ടും റിസപ്ഷനിലേക്ക് ചെന്നു.


'മോളേ....ഞാന്‍ നേരത്തെ ചോദിച്ച കാര്യം.....?'

സഫിയാത്ത തലയില്‍ ചൊറിഞ്ഞു.


'ഉമ്മാ...യിത് പുറത്ത് പറയാന്‍ പറ്റത്തില്ല...'

സിസ്റ്റര്‍ സ്‌നേഹ പൂര്‍വ്വം പറഞ്ഞു.


'അല്ലേ...ആ സുഖല്യാണ്ട് കെടന്നീന്യ കുട്ടിനെ ഫാതിഹിനൊന്നാലോചിക്കാന്‍ പറ്റ്വാന്നറിയാനാ ഞാനിങ്ങട്ട് കെട്ടിപൊറപ്പട്ടത് തന്നെ. അപ്പോത്തിനും ഓല് പോയിം ചെയ്തു. ഇനിപ്പം ഓലെ തപ്പി പിടിക്കാന്‍ വേറെ മാര്‍ഗൊന്നുല്യ. ന്റെ കുട്ടി ആ കുട്ടിന്റെ വാപ്പാന്റെ നമ്പറെങ്കിലുമൊന്ന് പറഞ്ഞു കൊണ്ടാ...'

സഫിയാത്ത വിടാനുള്ള മട്ടില്ല. പിന്നെ, ഡോക്ടറുടെ കല്യാണക്കാര്യത്തിനാണെന്നാലോചിച്ചപ്പോള്‍ സിസ്റ്ററും കൂടുതല്‍ വാശിപിടിച്ചില്ല. ഡയറക്ടറിയെടുത്ത് ഫോണ്‍ നമ്പര്‍ കൊടുത്തു. തിരിച്ച് നടക്കാന്‍ നേരം സഫിയാത്ത പറഞ്ഞു: 

'ജ്ജ് ഇനിക്ക് നമ്പറ് തന്ന വിവരം ഓനോട് പറയണ്ടട്ടൊ.'

സിസ്റ്ററോട് ശട്ടം കെട്ടി.


'അയ്‌ക്കോട്ടിത്താ'

അവരത് ശരി വയ്ക്കുകയും ചെയ്തു.

സഫിയാത്ത ഒന്നുമറിയാത്തവളെ പോലെ ഫാതിഹിന്റെ കാബിനില്‍ ചെന്നിരുന്നിട്ട് നൂറയുടെ പിതാവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.


'ഹലോ....ആരാണ്......?'

മറു തലക്കല്‍ നിന്ന് ഒരു ഘനഗംഭീര ശബ്ദം പ്രതികരിച്ചു.

'ഹാ....ഇത് ആശുപത്രീലെ ഫാതിഹ് ഡോക്ടറെ ഉമ്മേണ്....'

സഫിയാത്ത പതിഞ്ഞ ശബ്ദത്തില്‍  പറഞ്ഞു.

മറുതലക്കല്‍ ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം

'ആ....ഹാ....മനസ്സിലായി....എന്തേനു വിളിച്ചത്....?'

നൂറയുടെ ഉപ്പച്ചി ഓര്‍ത്തെടുത്തു കൊണ്ട് പറഞ്ഞു.


'എനിക്ക് നിങ്ങളുടെ വീട്ടില്‍ വരേയൊന്ന് വരാന്‍ പറ്റുമോ...നേരിട്ട് പറയാംന്നെച്ചിട്ടേയ്‌നു'

സഫിയാത്ത എന്താണ് പറയേണ്ടതെന്ന ചമ്മലിനിടയില്‍ തപ്പി തടഞ്ഞ് പറഞ്ഞൊപ്പിച്ചു. എന്തിനാണിവര് വിളിച്ചത് എന്ന് മനസ്സിലാകാത്തത് കൊണ്ടായിരിക്കണം മറുതലക്കല്‍ വീണ്ടും ചെറിയ സമയത്തെ ആലോചനക്ക് ശേഷം മറുപടി വന്നു.


'ആയ്‌ക്കോട്ടെ, സൗകര്യം പോലെ വന്നോളൂ...വരുന്നതിന് മുമ്പൊന്ന് വിളിക്കണേ....'

നൂറയുടെ ഉപ്പച്ചിയവര്‍ക്ക് വീടിന്റെ ലൊക്കേഷനും വാഹനമിറങ്ങേണ്ട സ്ഥലവുമെല്ലാം പറഞ്ഞു കൊടുത്തു. 


'ഇന്‍ ഷാ അല്ലാഹ്, ഞാന്‍ വിളിക്കാം...' 

സഫിയാത്ത അതും പറഞ്ഞു ഫോൺ വെച്ചു.

'ആരോടാണീ കിന്നാരം പറച്ചില്....ഞാനറിയാത്ത വല്ല കണക്ഷനുമുണ്ടോ....'

ഫാതിഹ് റൗണ്ട് കഴിഞ്ഞ് റൂമിലേക്ക് കയറുന്നതിനിടയില്‍ ഫോണില്‍ സംസാരിക്കുന്ന സഫിയാത്തയോട് ചിരിച്ചു കൊണ്ട് ചോദിച്ചു.


'ആ...അതൊക്കെയുണ്ട്....നിനക്കിനിയെന്നാണ് ഒഴിവുള്ളത്...നമുക്കൊരിടം വരെ പോവണ്ടീനു...'

കാര്യം പറയാതെ സഫിയാത്ത തന്റെ ഇംഗിതമറിയിച്ചു.


'ആഹാ...അപ്പോ കണക്ഷനുള്ളത് സീരിയസാണല്ലേ...!?'

ഫാതിഹ് മുഖത്ത് ആര്‍ട്ടിഫിഷ്യല്‍ ആശ്ചര്യം വരുത്തിയതിന് ശേഷം ചോദിച്ചു.


'നീ...ഞാന്‍ ചോദിച്ചതിന് മറുപടി താ...എന്നാ നിനക്കൊഴിവുള്ളത്....?'

'ഇന്‍ ഷാ അല്ലാഹ്, ഞാന്‍ ഈ ആഴ്ച തന്നെ സമയമുണ്ടാക്കാന്‍ ശ്രമിക്കാം.'

ഫാതിഹ് ചിരിച്ചു കൊണ്ട് പറഞ്ഞു.


***

നൂറ വീട്ടിലെത്തിയതറിഞ്ഞ ഫര്‍സാനയും ഫൈറൂസയും കോളേജിന് ശേഷം വീട്ടിലേക്ക് വന്നു. ഇന്ന് വ്യാഴായ്ചയാണ്. ഫര്‍സാനയിന്നും ഹോസ്റ്റലില്‍ നിന്ന് നൂറയോടൊപ്പം നില്‍ക്കാനുള്ള സര്‍വ്വ സന്നാഹങ്ങളുമായിട്ടാണ് പോന്നത്. കഴിഞ്ഞ വ്യാഴായ്ച മഗ്‌രിബ്

നിസ്കാരാനന്തരം നടന്ന മജ്‌ലിസും തുടര്‍ന്നു നടന്ന നാടകീയ രംഗങ്ങളുമെല്ലാം ഫര്‍സാനയുടെ മനസ്സിലും  മാറ്റത്തിന്റെ വിത്ത് വിതച്ചിരുന്നു. ആഴ്ചയിലൊരിക്കല്‍ കൂടിയിരിക്കണം എന്നത് അന്നെടുത്ത തീരുമാനമാണല്ലോ. അതിന്റെ കൂടെ ഭാഗമാണ് ഈ ഒരുമിച്ചു കൂടല്‍. 

പുതിയ അംഗങ്ങളെ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും സ്വന്തത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി എല്ലാവര്‍ക്കും അനുഭവപ്പെട്ടിരുന്നു. അവരത് പരസ്പരം പറയുകയും ചെയ്തു.


മഗ്‌രിബ് നിസ്‌കരിച്ചതിന് ശേഷമാണ് സാധാരണ നടക്കുന്നത് പോലെ മജ് ലിസ് നടത്താനുള്ള പ്രയാസത്തെ കുറിച്ചവരോര്‍ത്തത്. കാരണം നൂറക്ക് സമ്പൂര്‍ണ്ണ വിശ്രമമാണ് പറഞ്ഞത്. കൂടുതല്‍ സമയം ഇരിക്കാനോ നില്‍ക്കാനോ പറ്റില്ല നീണ്ടു നിവര്‍ന്നു കിടക്കണം. 


'എടീ, നമുക്ക് മൂന്നുപേര്‍ക്കും മജ്ലിസ് ഇന്ന്  റൂമില്‍ വെച്ചാക്കാം. അതാവുമ്പോ ഒരുമിച്ചിരുന്ന് ചെല്ലാമല്ലോ....'

നൂറ അവരോട് പറഞ്ഞു. 

'അതെ, നമുക്ക് നിന്റെ റൂമിലിരിക്കാം...'

അവരും ആ അഭിപ്രായത്തോട് യോജിച്ചു.


മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ ഉടനെ നൂറ റൂമിലേക്ക് പോന്നു. കൂടെ ഫര്‍സാനയും ഫൈറൂസയും. ഉപ്പച്ചിയുടെ നേതൃത്വത്തില്‍ ഉമ്മമ്മയും ഉമ്മയും ഇത്തയും റൂമിയും മോനൂസും എല്ലാവരുംകൂടെ നിസ്‌കാര റൂമിലുമിരുന്നു. ഇത്ത അന്ന് വന്നതിന് ശേഷം പിന്നെ പോയിട്ടില്ല.  ഉപ്പച്ചിയും ഉമ്മച്ചിയും ഹോസ്പിറ്റലിലായപ്പോൾ മോനൂസിനോടൊപ്പം വീട്ടില്‍ നില്‍ക്കാനാളില്ലാത്തതിനാലാണ് പോവാതിരുന്നത്.


'ഞാനും നൂറ ദീദിന്റടുത്ത്ക്ക് പോട്ടെമ്മാ...' 

 നിസ്‌കാര റൂമില്‍ അവന്റെ ഉമ്മയുടെ മടിയിലിരിക്കുകയായിരുന്ന റൂമി ചോദിച്ചു.

'ആ...അവിടെ പോയിട്ട് സ്വലാത്ത് ചെല്ലണംട്ടോ' 

ഉമ്മയുടെ സമ്മതം കിട്ടിയതും നൂറയുടെ റൂമിലേക്ക് എഴുന്നേറ്റ് ഓടുന്ന റൂമിയെ നോക്കി മുനവ്വിറ വിളിച്ച് പറഞ്ഞു.


'ആ...'

അവന്‍ തന്റെ കുഞ്ഞു വായകൊണ്ട് ഉച്ചത്തില്‍ കുരവയിട്ടു. കട്ടിലില്‍ കിടക്കുന്ന നൂറയുടെ അടുത്തേക്ക് ഓടിക്കയറി. 

'ദീദി എന്തിനാ കിടക്കുന്നത്....?' 

അവന്റെ സംശയങ്ങള്‍ തുടങ്ങി. എത്ര ചോദ്യങ്ങളാണെന്നറിയുമോ അവന്‍ ചോദിക്കുക!. ബാല്യത്തിന്റെ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണ് നിരന്തരമുള്ള ഈ ചോദ്യങ്ങളെന്ന് നൂറയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്ത് പറഞ്ഞാലും അവന് അതെന്താണെന്നറിയണം.

'അതോ...ദീദിക്ക് സുഖല്ല്യാത്തോണ്ട്....'

അവൾ മറുപടി പറഞ്ഞു.

'അതെങ്ങനേ...ദീദിക്ക് സുഖല്യാണ്ടായത്.....?' ആ കുസൃതി കുടുക്ക അടുത്ത ചോദ്യമുന്നയിച്ചു. ഇനിയിവനോട് അത് വിശദീകരിച്ചാല്‍ അടുത്ത ചോദ്യം വരുമെന്നറിയാവുന്നത് കൊണ്ട് നൂറ പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് പറഞ്ഞു.


'ദീദി റൂമിമോന് ഒരു കഥ പറഞ്ഞു തരട്ടേ......'

'ഹാ...ആമന്റിം മുയലിന്റിം കഥേ....?' അതൊക്കെ തനിക്ക് ആദ്യമേ അറിയാമെന്ന ഭാവത്തിലവന്‍ ചോദിച്ചു.

'അല്ല, മുത്ത് നബിന്റെ കഥ...റൂമിമോന് മുത്ത് നബിനെ കാണണോ....?'

നൂറ അത് ചോദിച്ചിട്ട് അവന്റെ കൊച്ചു മുഖത്ത് നോക്കി.

'ഹാ..കാണണം' 

അവന്‍ ആവേശത്തോടെ പറഞ്ഞു.

'എങ്കിലേ ദീദി പറയാന്‍ പോക്ണ കഥ ശ്രദ്ധിച്ച് കേള്‍ക്കണംട്ടൊ'

'ഉം...' അവന്‍ ചിണുങ്ങി.


നൂറ ഫൈറൂസയുടെയും ഫര്‍സാനയുടെയും മുഖത്ത് നോക്കിയിട്ട് ചോദിച്ചു.

'എന്തേലും ചരിത്രങ്ങള്‍ പറഞ്ഞിട്ടല്ലേ സാധാരണ നമ്മള് വ്യാഴായ്ച സ്വലാത്ത് മജ്‌ലിസിലിരിക്കാറ്. നമുക്കിന്നിവന് കഥ പറച്ചിലും സ്വലാത്ത് മജ്‌ലിസും ഒരുമിച്ചാക്കിയാലോ...നിങ്ങളാരങ്കിലും ഒരു ചരിത്രം പറ'


'അതിലേതായാലും നീയാണ് എക്‌സ്‌പേര്‍ട്ട്, നീ തന്നെ പറ. ഞാന്‍ കാര്യായിട്ട് വന്നത് തന്നെ നിന്റെ കഥപറച്ചില് കേള്‍ക്കാനാണ്' 

ഫര്‍സാന ഒരു നിമിഷത്തേക്ക് റൂമിയെക്കാള്‍ ചെറുതായി. 


'എങ്കില്‍ എന്റെ ആ ശെല്‍ഫില്‍ ഒരു കാപ്പി ചട്ടയുള്ള ഡയറിയുണ്ട്. നീ അതൊന്നെടുക്കുമോ...'

നൂറ ഫര്‍സാനയോട് പറഞ്ഞു. ഫര്‍സാന അതെടുക്കാനായി എഴുന്നേറ്റു. എടുത്ത് വരുന്നതിനിടയില്‍ അവള്‍ ഡയറി മറിച്ച് നോക്കി.


'ഹബീബ് ﷺയെ കണ്ട മഹാന്മാര്‍'  

ഡയറിയുടെ ആദ്യ വെള്ള പ്രതലത്തില്‍ കറുപ്പ് മഷി കൊണ്ട് വടിവൊപ്പിച്ച് എഴുതിയിരിക്കുന്നു. 

'ഈ ഡയറിയില്‍ നബിﷺ തങ്ങളെ സ്വപ്‌നം കണ്ടവരുടെ ചരിത്രമാണോ..'

ഫര്‍സാന ഡയറി അവള്‍ക്ക് നീട്ടുന്നതിനിടയില്‍ ചോദിച്ചു.


'ഉം...ഞാന്‍ വായിച്ചതും കേട്ടതുമായ ചില ചരിത്രങ്ങള്‍ കുറിച്ചുവെച്ചുവെന്നേയുള്ളൂ...' നൂറ വിനയാന്വിതയായി. അവള്‍ ഡയറി മറിച്ചു. ഏത് കഥയാണ് പറയേണ്ടതെന്ന് നോക്കാന്‍ വേണ്ടി പരതി. ചില പേജുകള്‍ മറിച്ച് ആ കഥയുടെ ഓര്‍മ പുതുക്കി. ചിലത് പതുങ്ങിയ ശബ്ദത്തില്‍ ഒന്ന് വേഗത്തില്‍ വായിച്ചു. അവളുടെ വായന ഫര്‍സാന ശ്രദ്ധിച്ചു:


'കഅ്ബുല്‍ അഹ്ബാര്‍ (റ) പറയുന്നു: മൂസാനബി(അ)ന് വഹ്‌യ് അറിയിച്ച കൂട്ടത്തില്‍ ഒരിക്കല്‍ അല്ലാഹു അറിയിച്ചു;

 ഓ, മൂസ അന്ത്യദിനം നിങ്ങള്‍ക്ക് ദാഹിക്കാതിരിക്കലിനെ ഇഷ്ടപ്പെടുന്നുണ്ടോ...?  അതേ, രക്ഷിതാവേ...മൂസാ നബി പ്രതിവചിച്ചു. അപ്പോൾ അല്ലാഹു പറഞ്ഞു: എന്നാല്‍ മുഹമ്മദ് നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലൂ.' 


ഒന്ന് നിർത്തിയതിന് ശേഷം നാവില്‍ തൊട്ട് അവള്‍ അടുത്ത പേജ് മറിച്ചു: 


'വല്ല വ്യക്തിയും എന്റെ മേല്‍ ദിനവും 500 സ്വലാത്ത് ചൊല്ലിയാല്‍ അവന് ഒരിക്കലും ദാരിദ്ര്യം പിടിപെടുകയില്ല. 

ആയിരം തവണ ദിനവും

സ്വലാത്ത് ചൊല്ലിയാല്‍ സ്വര്‍ഗത്തില്‍ നിന്നുള്ള അവന്റെ ഇരിപ്പിടം കണ്ടിട്ടല്ലാതെ അവന്‍ ഇഹലോകം വെടിയില്ല.'


നൂറയുടെ മൂളല്‍ വായന തുടര്‍ന്നപ്പോള്‍ റൂമി ചിണുങ്ങിക്കൊണ്ട് പറഞ്ഞു:


'ദീദീ....കഥാ....'

'ആ...ഒകെ എന്നാല്‍ നമുക്ക് മുഹമ്മദ് ബ്‌നു സഈദ് എന്നവരുടെ കഥപറയാം....ദീദി പറയട്ടെ'


അവള്‍ റൂമിയുടെ മുഖത്ത് നോക്കി ചോദിച്ചു.

'ഉം...വേഗം പറ'

അവന്‍ ധൃതിപ്പെട്ടു. 

'ദൂരെയൊരു നാട്ടില്‍ സഈദ് എന്ന് പേരുള്ള പടച്ചോനെ പേടിക്കുന്ന ഒരാളുണ്ടായിരുന്നു.' 

നൂറ കഥയുടെ തുടക്കം റൂമിക്ക് ഇഷ്ടപ്പെടുന്ന രൂപത്തില്‍ ആരംഭിച്ചു. പിന്നീടവള്‍ എല്ലാവരോടുമെന്ന നിലയില്‍പറഞ്ഞു:


'എല്ലാ ദിവസവും കിടക്കാന്‍ നേരത്ത് മഹാനവര്‍കള്‍ ഹബീബായ നബിﷺതങ്ങളുടെ മേല്‍ നിശ്ചിത എണ്ണം സ്വലാത്ത് ചൊല്ലുമായിരുന്നു. സ്വലാത്ത് ചൊല്ലാതെ കിടന്നുറങ്ങിയ ഒരു ദിവസം പോലും മഹാനവര്‍കള്‍ക്ക് ഓര്‍മയില്ല. 


പതിവ് പോലെ ഒരു ദിവസം മഹാനവര്‍കള്‍ സ്വലാത്ത് ചൊല്ലി  തന്റെ പതിവ് ക്വാട്ട പൂര്‍ത്തിയാക്കി ഉറക്കത്തിലേക്ക് വഴുതി വീണു. സ്വപ്‌നത്തിലേക്ക് പ്രവേശിച്ച മഹാന്‍ തന്റെ വാതിലിന്റെ ഭാഗത്ത് നിന്ന് ഉദിച്ചു വരുന്ന പ്രകാശം കണ്ട് അങ്ങോട്ട് നോക്കി. 

ആ പ്രകാശം റൂം മുഴുവന്‍ വ്യാപിച്ചു. മഹാനവര്‍കള്‍ കണ്ണുതിരുമ്മി വീണ്ടും നോക്കി. അപ്പോഴതാ വാതില്‍ക്കല്‍ തന്റെ ഹൃദയത്തിന്റെ അധികാരി. മറ്റൊരാള്‍ക്കിടം കൊടുക്കാതെ ഹൃദയം തന്റെ കവാടം കൊട്ടിയടച്ചത് ഈ നിമിഷത്തിന്റെ കാത്തിരിപ്പിന് വേണ്ടിയിട്ടാണ്. ഈ നില്‍ക്കുന്ന കാമുകന്റെ ആസ്വാദനത്തിന് വേണ്ടിയിട്ടാണ്. വാതില്‍ക്കല്‍ തന്നെയും നോക്കി പുഞ്ചിരിച്ചങ്ങനെ നില്‍ക്കുന്ന ഹബീബ് ﷺയെ കണ്ടപ്പോള്‍ സഈദെന്നവര്‍ക്ക് എന്ത് ചെയ്യണമെന്ന് പിടുത്തം കിട്ടിയില്ല. അവിടുന്ന് ആകെ അങ്കലാപ്പിലായി. ഇഷ്ടം പറായാന്‍ വേണ്ടി എന്നും നമ്മള്‍ കാത്തിരിക്കുന്ന ഒരാള്‍ പെട്ടെന്ന് നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തുചെയ്യണമെന്നറിയാതെ ആകുലപ്പെടാറില്ലേ.!? 


ഹബീബായ നബിﷺതങ്ങള്‍ മഹാന്റെ കട്ടിലിനടുത്തേക്ക് വന്നിട്ട് ചോദിച്ചു: 


'ദിവസവും എന്റെ മേലില്‍ ഒരുപാട് സ്വലാത്ത് ചൊല്ലുന്ന വ്യക്തിയല്ലേ....നിങ്ങളുടെ വായയൊന്നെനിക്ക് നീട്ടിതരൂ....ഞാനതിലൊരു ചുംബനമര്‍പ്പിക്കട്ടേ....'


ഹബീബായ നബിﷺതങ്ങളങ്ങനെ ചോദിച്ചപ്പോള്‍ മഹാനവര്‍കളുടെ മുഖം ചുവന്ന് തുടുത്തു. ലജ്ജകൊണ്ട് ആ ശിരസ്സ് കുനിഞ്ഞുപോയി. ഹബീബായ തങ്ങൾﷺ കുനിഞ്ഞ് ചെന്ന് മഹാനവര്‍കളുടെ കവിളത്തൊരുമ്മ കൊടുത്തു. ആ ശറഫാക്കപ്പെട്ട ചുണ്ടുകള്‍ തന്റെ കവിളിനോട് ചേര്‍ന്നപ്പോള്‍ അവരുടെ മനതാരിൽ സന്തോഷത്തിന്റെ അലകടല്‍ തിരതല്ലി. പെട്ടെന്ന് മഹാനവര്‍കള്‍ ഞെട്ടിയുണര്‍ന്നു. 

ചുറ്റും നോക്കിയപ്പോള്‍ ഹബീബ് ﷺയെ കണ്ടില്ലെങ്കിലും ആ റൂമിലാകെ കസ്തൂരിയുടെ പരിമളമുണ്ടായിരുന്നു. കൂടാതെ ഹബീബായ നബിﷺതങ്ങളുടെ അധരങ്ങള്‍ ചേര്‍ന്ന മഹാന്റെ കവിളിന് പിന്നീടുള്ള എട്ടു ദിവസവും കസ്തൂരിയുടെ സുഗന്ധവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയത് ആസ്വദിച്ചിരുന്നു! .'


നൂറ ശ്വാസമെടുക്കാതെ ഒരു പുസ്തകം വായിക്കുന്നത് പോലെ ഡയറി വായിച്ചു തീര്‍ത്തു. അവളുടെ ശരീരം ചെറുതായിട്ട് വിറക്കുന്നുണ്ട്. ഹബീബിന്റെ ചരിത്ര പറഞ്ഞാല്‍ അവളുടെ ഹൃദയവും ശരീരവും അതിന്റെ റിയാക്ഷന്‍ കാണിച്ചു കൊണ്ടിരിക്കും. അവള്‍ തന്റെ ഡയറി പതുക്കെ മടക്കി വെച്ചു. ശേഷം ചോദിച്ചു:


'എടീ, നമുക്ക് ദിവസവും അഞ്ഞൂറ് സ്വലാത്ത് ചൊല്ലിക്കൂടേ....'


തനിച്ചിരിക്കുമ്പോൾ ഫൈറൂസയുടെ മനസ്സില്‍  പഴയചിന്തകള്‍ കടന്ന് കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മറ്റ് വല്ല ജോലികളുമായി എന്‍ഗേജ്ഡ് ചെയ്യിപ്പിക്കുകയെന്നതാണ് അത്തരം ചിന്തകളില്‍ നിന്ന് മുക്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ആ ഉദ്ദേശ്യത്തിലാണ് നൂറ അത്തരം ഒരു അഭിപ്രായം മുന്നോട്ട് വെച്ചതും.


ഫര്‍സാന പറഞ്ഞു: 

'തീര്‍ച്ചയായും'

നൂറ ഫൈറൂസയുടെ മുഖത്തേക്ക് നോക്കി. അവള്‍ അല്‍പസമയത്തെ ആലോചനക്ക് ശേഷം.

'എങ്കില്‍ ഞാനൊരു സജഷന്‍ പറയട്ടെ...'

ഫൈറൂസ ആവേശത്തോടെ ചോദിച്ചു

'ആ പറ'

അവര്‍ ഒരുമിച്ചു പറഞ്ഞു.

'ഓരോരുത്തരും ചൊല്ലി കഴിഞ്ഞാല്‍ അറിയിക്കാന്‍ നമുക്കൊരു വാട്‌സപ്പ് ഗ്രൂപ്പ് കൂടി തുടങ്ങിയാലോ..അതാവുമ്പോള്‍ ചൊല്ലാന്‍ മറന്നവര്‍ക്ക് ഒരു റിമൈന്‍ഡറും ആവും. ഞാന്‍ മറന്നാലും നിങ്ങള്‍ ചൊല്ലിയെന്ന് ഗ്രൂപ്പില്‍ കണ്ടാല്‍ എനിക്ക് ഓര്‍മവരുമല്ലോ...'


ഫൈറൂസ പറഞ്ഞു നിർത്തി. നൂറയും ഫര്‍സാനയും കുറച്ച് സമയം പരസ്പരം മുഖത്തോട് മുഖം നോക്കി. സ്ഥിരമായി ഒരു കാര്യം ചെയ്ത് തുടങ്ങാന്‍ തീരുമാനിച്ചാല്‍ ആദ്യത്തിലെല്ലാം ആ കാര്യം ഓര്‍മപ്പെടുത്താന്‍ ഒരാളുണ്ടാകുന്നത് നല്ലതാണ്. ആ ഒരുദ്ദേശ്യത്തിലാണ് ഫൈറൂസ വാട്‌സപ്പ് ഗ്രൂപ്പിന്റെ കാര്യം മുന്നോട്ട് വെച്ചത്.


'ഓകെ, അങ്ങനെയെങ്കില്‍ നമുക്ക് മൂന്ന് പേരടങ്ങുന്ന ഒരു ഗ്രൂപ് ക്രിയേറ്റ് ചെയ്യാം. ഇന്‍ ഷാ അല്ലാഹ്' നൂറ ഫൈറൂസയെ ശരിവെച്ചു കൊണ്ട് പറഞ്ഞു.

എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു. ആ ചര്‍ച്ച അവിടെയവസാനിച്ചു.

 'എന്നാല്‍ നമുക്ക് സ്വലാത്ത് ചെല്ലാം...റൂമി റെഡിയല്ലേ....?' 

നൂറ തന്നോട് തൊട്ടു ചാരി കിടക്കുന്ന റൂമിയെ ഉമ്മവെച്ച് കൊണ്ട് ചോദിച്ചു. 

'എത്ര സ്വലാത്ത് ചൊല്ലണം ദീദി...' അവന് വീണ്ടും സംശയം. 

'മോന് ഇഷ്ടമുള്ളത്ര ചൊല്ലിക്കോ...ഞങ്ങളെല്ലാവരും മോന്റെ കൂടെ ചൊല്ലാം...ഓക്കെ.'

ആ മറുപടി അവന് നന്നായി ബോധിച്ചെന്ന് തോന്നുന്നു. അവന്‍ തലകുലുക്കി സമ്മതിച്ചു. അവർ സ്വലാത്ത് ചൊല്ലാനാരംഭിച്ചു:


إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here