(PART ‎27) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 

ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ



           ⛔️Part-27⛔️


'എടാ, നമ്മള് തമ്മില്‍ യോജിച്ച് പോവില്ല. എന്റെ വീട്ടിലാണെങ്കില്‍ ഉമ്മച്ചിയെല്ലാം അറിഞ്ഞ് ആകെ പ്രശ്‌നമായിരിക്കുകയാണ്. നമുക്ക് പിരിയാം...നീയിനി എന്നോട് ഇതിന്റെ കാരണവും മറ്റുമൊന്നും ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. പ്ലീസ്....'

ഫൈറൂസ ഫൈസലിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.  

ആ മറുപടി പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു,അവൻ ഒന്നും മിണ്ടിയില്ല. മുഖത്ത് ദുഖ:ത്തിന്റെ ഭാരം കനക്കുന്നതായി കാണാം.

 ഫൈറൂസ ഇത്രയും കൂടെ കൂട്ടിചേര്‍ത്തു.


'നിന്നോടെനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടൊന്നുല്ലടാ, പക്ഷെ നമ്മളീ ചെയ്യുന്നതെല്ലാം അത്രമേല്‍ ഭീകരമായ തെറ്റാണെന്ന ബോധ്യമെനിക്കുണ്ടാകാന്‍ വൈകിയത് കൊണ്ടാണ്. ഞാനീ പറഞ്ഞത് നീ നല്ല നിലയില്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ രണ്ടു പേരുടേയും നല്ല ഭാവിക്ക് ഏറ്റവും അനുയോജ്യമായ തീരുമാനമാണ് ഞാനീ പറഞ്ഞതെന്ന് നിനക്ക് ബോധ്യമാവും ഇന്‍ ഷാ അല്ലാഹ്'


അത്രയും പറഞ്ഞ് അവള്‍ പതുക്കെ തിരിച്ചു നടന്നു. അവള്‍ക്കും നന്നായിട്ട് സംങ്കടം വരുന്നുണ്ടായിരുന്നു. എങ്ങനെ വരാതിരിക്കും, ഒരുമിച്ച് ജീവിക്കാമെന്ന് ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തവരാണവര്‍. ഒരിക്കലും പിരിയരുതെന്ന് എണ്ണിയാലൊടുങ്ങാത്തത്ര തവണ ആണയിട്ടവര്‍. തെറ്റാണെന്നുറപ്പുണ്ടായിട്ടും പ്രണയമാകുന്ന വികാരത്തിന് കീഴ്‌പെട്ടിരുന്നു പോയ നിമിഷങ്ങള്‍, എത്രമാത്രം ആസ്വാദനത്തോടെയാണ് ആ പ്രണയകാലം ഞങ്ങള്‍ ജീവിച്ച് തീര്‍ത്തത്!? . 

പരസ്പരം കാണാതിരുന്ന ദിവസങ്ങളുണ്ടായിട്ടില്ല. കയറിയിറങ്ങാത്ത തട്ടുകടകളുണ്ടായിട്ടില്ല. 

ആ നടത്തത്തില്‍ അവളുടെ മുഖത്ത് സങ്കട കണ്ണീരിനൊപ്പം ഗൃഹതുരത്വത്തിന്റെ ചെറു ചിരിയും വിടര്‍ന്നു.


അന്നെല്ലാം പ്രണയമെന്തെന്നു തന്നോടാരെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ താന്‍ പറയാന്‍ സാധ്യതയുള്ള മറുപടിയെ കുറിച്ചവള്‍ ഓര്‍ത്തു. 

'പ്രണയത്തിന്റെ ആദ്യ കാലങ്ങളിലെല്ലാം നമ്മുടെ ഇണയെ തൃപ്തിപ്പെടുത്താന്‍ നമ്മള്‍ കാണിക്കുന്ന കോപ്രായങ്ങളും തിരിച്ച് അവര്‍ എന്ത് ചെയ്യുമെന്നാലോചിച്ച് നാം തല പുകഞ്ഞു കളഞ്ഞു കുളിച്ച സുന്ദര നിമിഷങ്ങളും അവര്‍ക്ക് നാം നല്‍കുന്ന സമ്മാനങ്ങളും അവരോട് സംസാരിക്കുമ്പോള്‍ നമ്മള്‍ മറക്കുന്ന കാലവും സമയവും രാവിരവുകളും നമ്മളെ തന്നെയുമെല്ലാമടങ്ങിയ തന്റെ ഇഷ്ടത്തിലേക്കുള്ള എത്തിപിടിക്കലും അതിനു വേണ്ടി നാം ചിലവഴിക്കുന്ന സമയവുമെല്ലാമാണ് പ്രണയത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. അതല്ലാതെ മറ്റെന്താണ് പ്രണയം...? !'


 തുടര്‍ന്നൊരാള്‍ പ്രണയത്തിന്റെ രണ്ടാം ഘട്ടത്തെ കുറിച്ചറിയാനിഷ്ടപ്പെട്ടാല്‍ താന്‍ പറയും

' ഇഷ്ടപ്പെട്ടൊരാളോട് നാം ഇഷ്ടം പറഞ്ഞ് ഒരുമിച്ചാല്‍, നമുക്കൊന്നാവാം എന്ന തീരുമാനത്തിലെത്തിയാല്‍ പ്രണയ സങ്കല്‍പ്പം വീണ്ടും മാറും. പിന്നീടുള്ള നിമിഷങ്ങള്‍ക്ക് ഇന്നലെകളുടെ രസമുണ്ടാവില്ല. ഇന്നലെ നാം കണ്ട സ്വപ്‌നങ്ങളെല്ലാം വെറും മരീചികയായിരുന്നുവെന്ന്  ബോധ്യം വരും. ഊഷരമായ മരുഭൂവിലൂടെ ദാഹിച്ചവശനായി, ജീവന് ഒരു തുള്ളി വെള്ളത്തിന്റെ വിലയുള്ളവന്‍ ദൂരെ കാണുന്ന മരീചികയിലേക്ക് തന്നിലവശേഷിക്കുന്ന സര്‍വ്വ ശക്തിയും സംഭരിച്ച് ചെല്ലും. അടുത്തെത്തുമ്പോഴാണ് ഇത് വെറുമൊരു തോന്നലായിരുന്നു, തന്നെ വഞ്ചിക്കലായിരുന്നുവെന്ന സത്യമറിയുക. അവിടെ കിടന്ന് മരിക്കുകയെന്നല്ലാതെ മറ്റൊരു മാര്‍ഗം അയാള്‍ക്ക് മുമ്പിലുണ്ടാവുകയില്ല. 


ഇതുപോലെയാണ് പ്രണയത്തിന്റെ രണ്ടാം ഘട്ടം. കാരണം അവര്‍ക്കിടയില്‍ പിണക്കങ്ങളുണ്ടാവാന്‍ തുടങ്ങും, അത് വരെ താന്‍ പറയുന്നതെല്ലാം തലയാട്ടി സമ്മതിച്ചിരുന്നവന്‍ പെട്ടെന്ന് വിസമ്മതങ്ങള്‍ പറയാന്‍ തുടങ്ങും. എന്ത് ചെയ്യുമ്പോയും 'നിന്റെ അഭിപ്രായമെന്താടീ'യെന്ന് കൂടെയൊരു സ്‌മൈലിയുടെ ഇമോജിയിട്ട് മെസേജ് ചെയ്തിരുന്നവന്‍ നിന്റെ നമ്പര്‍ ആ ഫോണിലുള്ള വിവരം തന്നെ മറന്നവനെപോലെയാവും.'

അവള്‍ ആ ചിന്തയില്‍ നിന്ന് ഇപ്പോഴൊന്നും തിരിച്ച് വരാന്‍ സാധ്യതയില്ല. ഫൈറൂസ ആ കോളേജ് വരാന്തയിലൂടെ ആലോചനയിലാണ്ട് കൊണ്ട് ക്ലാസിലേക്ക് നടന്നു.

 അവളാലോചിച്ചു.

'അവനിലേക്കുള്ള എത്തിപ്പിടിക്കല്‍ വരെ മാത്രമേ പ്രണയത്തിന്റെ ആസ്വാദനത്തിന് നിലനില്‍പ്പൊള്ളൂ...പിന്നീടുള്ളതെല്ലാം കാട്ടിക്കൂട്ടലാണ്. അതുവരേ നമ്മള്‍ പരസ്പരം പൊറുക്കാനും സഹിക്കാനുമെല്ലാം തയ്യാറാവും. എന്നാല്‍ പ്രണയം കയ്യെത്തി പിടിക്കലോട് കൂടെ ആസ്വാദന ശേഷി നഷ്ടപ്പെടും സഹന ശക്തി ക്ഷയിക്കും. കാരണം നമ്മിലുണ്ടായിരുന്ന എല്ലാ ശക്തികളും ആ പ്രണയത്തെ എത്തിപ്പിടിക്കാന്‍ വേണ്ടി നമ്മള്‍ വിനിയോഗിച്ച് കഴിഞ്ഞിട്ടുണ്ടാവും. ഇനിയുള്ളതത്രയും അഭിനയിച്ച് തീര്‍ക്കേണ്ട അവസ്ഥയാണ്. എന്നിലിനിയും നിന്നെ പ്രണയിക്കാനുള്ള ഇടമുണ്ടെന്ന് വരുത്തി തീർക്കാൻ പരസ്പരം കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍. ഇതാണ് പ്രണയത്തിന്റെയും ശേഷം നടക്കുന്ന വിവാഹത്തിന്റെയും ആകെ തുക. 

എന്നാല്‍ വിവാഹ ശേഷം പ്രണയമാരംഭിക്കുമ്പോള്‍ നമ്മുടെ ഊര്‍ജം നാം മറ്റാര്‍ക്ക് വേണ്ടിയും അതു വരെ ചിലവഴിച്ചിട്ടില്ല.അതിനാൽ ആ ഊര്‍ജം മുഴുവന്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരുപോലെ ഉപയോഗിക്കാന്‍ രണ്ടു പേര്‍ക്കും സാധിക്കും.

വിവാഹ പൂര്‍വ്വ പ്രണയവും വിവാഹനന്തര പ്രണയവും തമ്മിലുള്ള വ്യത്യാസമിതാണ്. അതുകൊണ്ട് ഞാനിപ്പോള്‍ ചെയ്ത തീരുമാനമാണ് ശരി. ഫൈറൂസ അവളുടെ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തി.


 അതുവരെ തന്നെ അംഗീകരിക്കാന്‍ വിസമ്മതം കാണിച്ച് ഫൈസലിനൊപ്പം നിന്നിരുന്ന അവളുടെ മനസ്സ് അത് ശരിവെച്ചു. അവളുടെ മുഖത്തിപ്പോള്‍ ആശ്വാസത്തിന്റെ ചെറു ചിരിവിടര്‍ന്നു. താനൊരു കൂടു തുറന്നുവിട്ട പക്ഷിയാണെന്നവള്‍ക്ക് തോന്നി. ഓരോ ബ്രേക്കപ്പും പാരതന്ത്രത്തില്‍ നിന്ന് സ്വാതന്ത്രത്തിലേക്കുള്ള കവാടമാണെന്ന മറ്റൊരു പ്രണയ പാഠത്തിലേക്ക് കൂടിയവളെത്തി.


ഫൈസലുമായുണ്ടാകുന്ന ബ്രേക്കപ്പ് തന്നെ ആകെ മാനസികമായി തകര്‍ക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വളരെ ധീരമായി അത് നടത്തിയപ്പോള്‍ വല്ലാത്തൊരു മനസമാധനം. മനസ്സില്‍ നിന്ന് എന്തോ ഭാരമിറക്കിവെച്ച പ്രതീതി. കോളേജില്‍ നടന്നതും താന്‍ നിലകൊണ്ട ധീരമായ നിലപാടും എല്ലാം നൂറയോട് പറയണം. അവള്‍ക്ക് കോളേജില്‍ നിന്ന് എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകാന്‍ കൊതിയായി. അവസാന ഹവറ് കഴിഞ്ഞ് സാറ് ക്ലാസില്‍ നിന്നിറങ്ങിയതും അവള്‍ പതിവില്‍ കവിഞ്ഞ സന്തോഷത്തോടെ പുറത്തിറങ്ങി. 


***

ദൂരെ നിന്ന് തന്നെ  ഫൈറൂസ വരുന്നതും നോക്കി നില്‍ക്കുന്ന സുലൈഖാത്തക്ക് അവളുടെ മുഖത്ത് തത്തി കളിക്കുന്ന സന്തോഷം കാണാമായിരുന്നു.

'എന്താടീയിന്ന് മുഖത്തൊരു ചിരിയൊക്കെ....?'

മകളെ കണ്ടപടി സുലൈഖാത്ത ചോദിച്ചു.

'അതൊക്കെയുണ്ടന്റെ സുലൂ... പറയാറാവുമ്പം ഞാനങ്ങട്ട് പറയും...ഈ ബേഗൊന്ന് റൂമിലോട്ട് വച്ചേ ഞാന്‍ പോയി നൂറേനെ കണ്ടേച്ചും വരാം....' 

അവള്‍ തലേ ദിവസത്തെ പോലെ തന്നെ നൂറയെ കാണാന്‍ ഓടുന്നത് കണ്ട സുലൈഖാത്ത ചോദിച്ചു.


'അപ്പോള്‍ നീയിതൊന്നും അറിഞ്ഞില്ലേ....!?'

സുലൈഖാത്ത തന്റെ ചോദ്യം പൂര്‍ണ്ണമാക്കാതെ നിറുത്തി.

ഞാനെന്തൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തില്‍ ഫൈറൂസ ഓട്ടം പാതിവഴിയില്‍ നിർത്തി തിരിഞ്ഞു നോക്കി.. 


'നൂറക്കെന്തോ വലിയ അസുഖാണത്രേ....ഇന്നലെ രാത്രി ഹോസ്പിറ്റലില്‍ കൊണ്ടോയി...ഓപ്‌റേഷനൊക്കെ വേണ്ടി വരുംന്നാണ് കേള്‍ക്ക്ണത്... ഇനിപ്പം ഓപ്‌റേഷന്‍ കഴിഞ്ഞോന്നറീല'


സുലൈഖാത്തയുടെ ശബ്ദത്തെ ഫൈറൂസയുടെ കേള്‍വിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. അവളുടെ കാലുകള്‍ പിറകിലേക്ക് വലിഞ്ഞു.


'എപ്പോള്‍? ഞാനിന്നലെ വൈകീട്ട് അവിടുന്ന് പോരുന്നത് വരെ അവള്‍ക്കൊരു പ്രശ്‌നവുമില്ലായിരുന്നല്ലോ...പിന്നീടെന്താണ് പറ്റിയത്....?'


ഫൈറൂസ വിശ്വസിക്കാനാവാതെ ചോദിച്ചു. സുലൈഖാത്ത തനിക്കറിയാവുന്നതെല്ലാം പറഞ്ഞു. 


'ഉമ്മാ....നമുക്ക് ഹോസ്പിറ്റലില്‍ പോകാം...ഞാന്‍ ഫര്‍സാനയെ ഒന്ന് വിളിക്കട്ടെ'

അവള്‍ സുലൈഖാത്തയോട് പറഞ്ഞു നാവെടുത്തപ്പോള്‍ അവര് പറഞ്ഞു:


'ആ....ഞാനും പോകാനൊരുങ്ങുവായിരുന്നു. പിന്നെയോര്‍ത്തപ്പോള്‍ നീ വന്നിട്ട് ഒരുമിച്ച് പോകാമെന്ന് കരുതി...'


അവള്‍ ഫര്‍സാനക്ക് ഡയല്‍ ചെയ്തു. ആദ്യ റിങില്‍ തന്നെ മറുതലക്കല്‍ ഫോണെടുത്തു.


'ഹലോ....ഫൈറൂ...ഞാനങ്ങോട്ട് വിളിക്കാന്‍ നിക്കായിരുന്നു. നൂറയാണെങ്കില്‍ ക്ലാസിലും വന്നിട്ടില്ല, വിളിച്ചിട്ട് ഫോണുമെടുക്കുന്നില്ല. എന്താ സംഭവം...അവളുണ്ടോ നിന്റെ കൂടെ...ഒന്ന് കൊടുക്ക് രണ്ട് പറയട്ടെ ഞാനോളോട്...?'


നൂറ ക്ലാസില്‍ വരാത്തത് കാരണം ക്ലാസിലിരുന്ന് ബോറടിച്ചതിന്റെ ഈര്‍ഷ്യത മുഴുവനുമുണ്ടായിരുന്നു ഫര്‍സാനയുടെ സംസാരത്തില്‍.


ഫൈറൂസ അവളോട് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. 

'ഞാനും ഉമ്മയും ഹോസ്പിറ്റലിലേക്ക് ഇറങ്ങുകയാണ്. നീ അങ്ങോട്ട് എത്ത്'

'ഓകെ...ഞാനിവിടുന്ന് ഹോസ്പിറ്റലിലേക്ക് വരാം....'


***


അവര്‍ രണ്ടു പേരും ഏകദേശം ഒരേ സമയത്താണ് ഹോസ്പിറ്റലിലെത്തിയത്. പരസ്പരം കണ്ടതും അവര്‍ ആലിംഗനം ചെയ്തു. രണ്ടു പേരുടെയും നയനങ്ങള്‍ പെയ്യാനാഞ്ഞു നില്‍ക്കുന്ന കാര്‍മേഘങ്ങളെ പോലെയായിരുന്നു. കാരണം അപ്രതീക്ഷിതമായി നൂറ ഹോസ്പിറ്റലിലാണെന്ന് കേട്ടപ്പോള്‍ ഉണ്ടായ ആഘാതത്തില്‍ നിന്ന് അവര്‍  മുക്തകരായിട്ടില്ല.


അവരെത്തിയപ്പോള്‍  നൂറയെ സര്‍ജറിക്ക് ശേഷം ഐ.സി.യുവിലേക്ക് തന്നെ മാറ്റിയിരിക്കുകായാണ്. അവള്‍ക്ക് ബോധം വീണിട്ടില്ല. അവര്‍ പുറത്ത് വരാന്തയില്‍ കാത്തിരുന്നു. 


ഫൈറൂസയുടെ മനസ്സിലിപ്പോള്‍ ആ വ്യാഴായ്ച രാത്രിയാണ്. നൂറയും താനും എല്ലാം തുറന്നു പറഞ്ഞ രാത്രി. ഞങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ പല തീരുമാനങ്ങളുമെടുത്ത രാത്രി. ഒരാള്‍ക്കെന്തെങ്കിലും സംഭവിച്ചല്‍ സര്‍വ്വസവും മറന്ന് അയാള്‍ക്കൊപ്പമുണ്ടാവുമെന്ന് ഹൃദയം തട്ടിയെടുത്ത തീരുമാനമാണ്. ആ തീരുമാനമെടുക്കുന്നതിന് മുമ്പ് നൂറപറഞ്ഞതത്രയും ഫൈറൂസയുടെ മനസ്സില്‍ തികട്ടി വന്നു. 


'ഫൈറൂ...നമ്മളാരോടാണ് ഏറ്റവും കൂടുതല്‍ മനസ്സ് തുറന്ന് സംസാരിക്കുകാന്ന് ചന്തിച്ചിട്ടുണ്ടോ...നീയ്യ്....? '

അന്നവള്‍ എന്റെ മുഖത്ത് നോക്കി ചോദിച്ചു.

'കൂട്ടുകാരോടല്ലേ.....!? '

ഫര്‍സാനയാണ്  മറുപടി പറഞ്ഞത്. 

'അതേ, കൂട്ടുകാരോടാണ്. വീട്ടുകാരോടും ഉറ്റവരോടും തുറന്ന് പറയാത്തതും ജീവിതത്തിലെ ഏത് കാര്യങ്ങളും ഇറക്കിവെക്കാന്‍ നാം ഏറ്റവും കൂടുതല്‍ താല്‍പര്യപെടുക കൂട്ടുകാര്‍ക്ക് മുമ്പിലാണ്. കാരണം അവര്‍ക്ക് മുമ്പില്‍ നാം സ്വന്തത്തെ  കാണുന്നത് നമ്മളായിട്ടു തന്നെയാണ്.

അവിടെ ഇത് മറ്റൊരാളാണെന്ന് തോന്നൽ തല്‍ക്കാലത്തേക്കെങ്കിലും നമ്മള്‍ മറക്കുന്നു.' 


നൂറയുടെ ഓരോ വാക്കുകളും ഹൃദയത്തില്‍ നിന്നാണ് വരുന്നതെന്ന് തോന്നിയിരുന്നുവന്ന്.

നൂറ തുടര്‍ന്ന് പറഞ്ഞു:


'നാളെ മഅ്ശറില്‍ ഒരുചാണകലത്തില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍ ഉരുകിയൊലിക്കുന്ന മനുഷ്യരെക്കാണാം. ആരോട് പരാതിപ്പെടണമെന്നറിയാത്തവര്‍, എന്താണിനി ചെയ്യേണ്ടതെന്നോര്‍ത്ത് വാവിട്ട് കരയുന്നവര്‍ ഓര്‍ക്കാവുന്നതിലപ്പുറമാണ് ആ സന്ദര്‍ഭമെന്നേ... നമുക്കിന്ന് പറയാന്‍ പറ്റൂ..പക്ഷെ അന്ന് അല്ലാഹു അവന്റെ തണലിട്ട് കൊടുക്കുന്ന കുറച്ചു വിഭാഗങ്ങളെ എണ്ണിയിട്ടുണ്ട്. അതിലൊന്നാണ് അവന്റെ മാര്‍ഗത്തില്‍ പരസ്പരം ഇഷ്ടപ്പെട്ട കൂട്ടുക്കാര്‍'


നൂറ അത് പറഞ്ഞു നിർത്തിയിട്ട് എന്റെയും ഫര്‍സാനയുടെയും മുഖത്ത് നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു:


'ഹബീബായ തങ്ങള്ﷺ ഒരിക്കല്‍ സ്വഹാബാക്കളോട് പറയുന്നുണ്ട്: എനിക്ക് നിങ്ങളുടെ ഉറ്റമിത്രമാവാന്‍ സാധിക്കുകയില്ല. കാരണം എന്റെ ഏറ്റവുമടുത്ത സൂഹൃത്ത് അല്ലാഹുവാണ്. ഇനി അഥവാ ഞാനൊരു സൂഹൃത്തിനെ നിങ്ങളില്‍ നിന്ന് തെരെഞ്ഞെടുക്കുകയാണെങ്കില്‍ അത് എന്റെ സിദ്ധീഖായിരിക്കും.'


അത് പറയുമ്പോള്‍ നൂറയുടെ ശരീരമൊന്നാകെയൊന്ന് കിടുത്തു. ഹബീബായ തങ്ങള്‍ﷺ സിദ്ധീഖോരെപറ്റിയിത് പറഞ്ഞപ്പോള്‍ സിദ്ധീഖെന്നവരനുഭവിച്ച സന്തോഷമോര്‍ത്തിട്ടായിരിക്കണം. നൂറ വീണ്ടും പറഞ്ഞു:


 'ഖദീജാ ബീവി(റ) പോയതില്‍ പിന്നെ അവിടുത്തെ ജീവിതത്തിലെ എല്ലാം സിദ്ധീഖോരായിരുന്നു. ഇസ്‌റാഅ് മിഅ്‌റാജ് കഴിഞ്ഞ് തിരിച്ചു വന്ന ഹബീബ്ﷺ താന്‍ അര്‍ഷും കുര്‍സുമെല്ലാം കണ്ട് അല്ലാഹുവിനോട് സംസാരിച്ചിട്ട് വരികയാണെന്ന് പറഞ്ഞപ്പോള്‍ അത്രകാലം വിശ്വസിച്ചിരുന്ന പലരും പോലും അവിടുത്തെﷺ അവിശ്വസിച്ചു. സിദ്ധീഖും അവിശ്വസിക്കുമായിരിക്കുമെന്ന് കരുതി ഒരാള്‍ ഓടി കിതച്ച് ചെന്ന് സിദ്ധീഖോരോട് പറഞ്ഞു: 

'മുഹമ്മദിന്നലെ രാത്രി ബൈത്തുല്‍ മുഖദ്ദസുമെല്ലാം താണ്ടി ഏഴാകാശവും അല്ലാഹുവിനേയും കണ്ട് തിരിച്ചുവന്നേലോ....!' ഇത് കേട്ടയുടനെ സിദ്ധീഖോരുടെ ചോദ്യം : നബി ﷺതങ്ങളങ്ങനെ പറഞ്ഞോ...? എങ്കിലീ സിദ്ധീഖത് വിശ്വസിച്ചിരിക്കുന്നു.'


മഹാനരോട് വന്ന് കാര്യം പറഞ്ഞയാള് ഇയാളിതെന്ത് മനുഷ്യനാണെന്ന് കരുതി തിരിഞ്ഞു നടന്നു കാണും. അന്നു മുതലാണ് ഹബീബ്ﷺ മഹാന്റെ അബൂബക്കര്‍ എന്ന പേരിനൊപ്പം സിദ്ധീഖ് എന്ന് കൂടി ചേര്‍ത്ത് വിളിച്ച് തുടങ്ങിയത്. ആ സുഹൃത് ബന്ധത്തിന്റെ ഊഷ്മളത വിവരിക്കാന്‍ എന്റെ ഈ നാവ് മതിയാവില്ല...'


നൂറ ഒന്ന് നിർത്തിയിട്ട് ഞങ്ങളോട് പതുക്കെ ചോദിച്ചു:

'എടീ...നമുക്ക് റബ്ബിഷ്ടപ്പെട്ട ആ കൂട്ടാക്കാരയിക്കൂടെ, നന്മ ഉപദേശിക്കുന്ന, ജീവിതത്തിന്റെ ഏത് ഘട്ടത്തിലും താങ്ങും തണലുമാകുന്ന, മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തത്തെ  മറക്കുന്ന ആത്മസുഹൃത്തുക്കള്‍'

ശരിക്കും പറഞ്ഞാല്‍ നൂറയത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കരഞ്ഞു പോയി. ഞങ്ങള്‍ മൂന്ന് പേരും ആലിംഗന ബദ്ധരായി ഒരുപാട് സമയമങ്ങനെ നിന്നു. 

അതോര്‍ത്തപ്പോള്‍ ഫൈറൂസ അവിടെയിരുന്ന് തേങ്ങി കരഞ്ഞു. അവളുടെ തേങ്ങൽ കേട്ട് അടുത്തിരിക്കുന്ന ഫർസാന അവളെ അണച്ചു പിടിച്ചു. ഫൈറൂസയെ ആശ്വസിപ്പിക്കാനാണ് അങ്ങനെ ചെയ്തതെങ്കിലും ഫർസാനയുടെ കണ്ണുകളും ജലസാന്ദ്രമായി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.


( *തുടരും....*) 


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*

അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here