(PART ‎26) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

 

 ഹബീബിനെ ﷺ

          💖പ്രണയിച്ചവൾ💖

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔Part-26⛔



ഫാത്തിഹിന്റെ ഫോണ്‍ നിർത്താതെ അടിച്ചു. അവന്‍ വാഹനം ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയതിന് ശേഷം ഫോണെടുത്തു.


'ഹലോ, ഗുഡ്‌മോണിങ് സര്‍...'


മറുതലക്കല്‍ ഡോക്ടര്‍ ഇഖ്ബാലാണ്. അദ്ദേഹത്തിന്റെ ഇന്റേണാണ് ഫാതിഹ്. ഫാതിഹടക്കം നാലു പേരുണ്ട് ഡോക്ടറുടെ കീഴില്‍ ഇന്റേണായിട്ട്. പക്ഷെ, അദ്ദേഹത്തിന് ഫാത്തിഹിനോട് പ്രത്യേക താത്പര്യമാണ്. കാരണം കാര്യങ്ങളോടുള്ള അവന്റെ സമീപനവും അവന്‍ അടുത്തുണ്ടാവുമ്പോള്‍ രോഗികള്‍ക്ക് ലഭിക്കുന്ന മനസ്സമാധാനവും ഡോക്ടര്‍ പലപ്പോഴും നേരിട്ടനുഭവിച്ചതാണ്.

 അതുകൊണ്ടു തന്നെ അദ്ദേഹം ഏത് ക്രിട്ടിക്കല്‍ സര്‍ജറി നടത്തുകയാണെങ്കിലും ഫാതിഹിനേയും തിയേറ്ററില്‍ കയറ്റാറുണ്ട്. അവസാനമായി അവര്‍ രണ്ട് പേരും ഒരുമിച്ച് ചെയ്ത സര്‍ജറി നൂറയുടേതായിരുന്നു.


'ഗുഡ്‌മോണിങ്...നീയിറങ്ങിയോ....?'

അദ്ദേഹം ചോദിച്ചു.


'യെസ് സര്‍, ഞാനൊരു പത്ത് മിനിറ്റിനുള്ളില്‍ ഹോസ്പിറ്റലിലെത്തും'


പെട്ടെന്ന് ഹോസ്പിറ്റലിലെത്താന്‍ വേണ്ടിയായിരിക്കും സാറങ്ങനെ ചോദിച്ചതെന്ന് മനസ്സില്‍ കണ്ടു കൊണ്ടാണ് ഫാതിഹങ്ങനെ പ്രതികരിച്ചത്.


'കുഡ് യു ഡു എ ഫേവര്‍ ഫോര്‍ മി....? '

അദ്ദേഹം ഫാതിഹിനോട് ഒരു സഹായത്തിനാവശ്യപ്പെട്ടു.


'ഷുവര്‍, എന്താണ് സര്‍ ഞാന്‍ ചെയ്യേണ്ടത്.'

'എടോ....നമ്മള് വരുന്ന വഴിക്കുള്ള ആ ജഗ്ഷനില്ലേ...എന്തായിരുന്നു അതിന്റെ പേര്...? '


'തേക്കന്നൂര്‍ ജംഗ്ഷന്‍...'

ഇഖ്ബാല്‍ ഡോക്ടര്‍ ജംഗ്ഷനിന്റെ പേരിന് വേണ്ടി പരതിയപ്പോള്‍ ഫാതിഹ് എടുത്തപടി പറഞ്ഞു.


'യെസ്, അതു തന്നെ, അവിടുന്ന് വലത്ത് തിരിഞ്ഞ് ഒരു രണ്ടു കിലോമീറ്റര്‍ പോയാല്‍ കവലമുക്കിലെത്തും'


'അതേ...എനിക്കറിയാം സര്‍'

ഫാതിഹിന് ഡോക്ടര്‍ പറഞ്ഞ സ്ഥലം കൃത്യമായി മനസ്സിലായി.


'ഒകെ, അവിടെ ആ തെരുവിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടന്നാല്‍ ഒരു ടാര്‍പോളിന്‍ വലിച്ചു കെട്ടിയ ഒരു കൊച്ചുകൂര കാണാം. നീ അവിടം വരേയൊന്ന് പോകണം. എന്റെയൊരു പേഷ്യന്റുണ്ടവിടെ, പേഷ്യന്റല്ല ഒരു സന്ദര്‍ശക. ഞാന്‍ സാധാരണ ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുമ്പ് ഡെയ്ലി അവരെയൊന്ന് വിസിറ്റ് ചെയ്യാറുണ്ട്. ഷീ ഈസ് ഓള്‍ഡ് ആന്റ് കംപ്ലീറ്റ്‌ലി ബ്ലൈന്‍ഡ്, ഒരു മോളുണ്ട് അവളാണ് കാര്യങ്ങളൊക്കെ ചെയ്യുന്നതും അവരെ നോക്കുന്നതും. '


ഡോക്ടര്‍ ഒന്നു നിറുത്തിയിട്ട് വീണ്ടും ആവേശത്തോടെ തുടര്‍ന്നു.

' എന്നെ കാണുമ്പോള്‍ വലിയ സന്തോഷമാണവര്‍ക്ക്. ഞാന്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും രാവിലെ കഴിക്കാനായിട്ടുള്ള ഭക്ഷണവുമായിട്ടാണ് ചെല്ലാറ്. അത് അവര്‍ക്കൊരു നിധിയാടൊ. എന്നും അവരത് പ്രതീക്ഷിച്ചിരിക്കും. അത് കഴിച്ചിട്ട് വേണം ആ കുട്ടിക്ക് ജോലിക്ക് പോകാന്‍. അവര്‍ക്കത് കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന ചിരിയുണ്ടല്ലോ അതുമതി നമ്മുടെ ആ ദിവസം നന്നാവാന്‍. ഇന്നെനിക്കതിന് സാധിച്ചിട്ടില്ല, അതുകൊണ്ടാണെന്ന് ഉണ് തോന്നുന്നു വല്ലാത്ത മാനസിക വിമ്മിഷ്ട്ടം പോലെ...' 


ഡോക്ടര്‍ ഒരു ദീര്‍ഘ നിശ്വാസമെടുത്തതിന് ശേഷം തുടര്‍ന്നു.


'ഇന്നലെ നൈറ്റില്‍ ഒരു സര്‍ജറിയുണ്ടായത് കാരണം വീട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ഇന്നാണെങ്കില്‍ പേഷ്യന്‍സ് വിസിറ്റിനുള്ള ടൈമുമായി. അതോണ്ടാണ് പോകാന്‍ സാധിക്കാതിരുന്നത്. നീ അവര്‍ക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിയിട്ടങ്ങോട്ട് ചെല്ല്. ഞാന്‍ തന്ന് വിട്ടതാണെന്ന് പ്രത്യേകം പറയണം.'


അദ്ദേഹം പറഞ്ഞത് മുഴുവന്‍ ഫാതിഹ് നിശബ്ദനായി അക്ഷരം പ്രതി കേട്ടിരുന്നു. 


'ഫാതിഹ്....? ആര്‍ യു തേര്‍....കേന്‍ യു ഹിയര്‍ മി?'

കുറച്ച് സമയത്തേക്ക് ഫാതിഹിന്റെ ശബ്ദമൊന്നും കേള്‍ക്കാതിരുന്നപ്പോള്‍ ഡോക്ടര്‍ ചോദിച്ചു.


'യെസ്....യെസ് സര്‍, ഞാന്‍ പോവാം....'

ഫാതിഹ് ഞെട്ടിയുണര്‍ന്നവനെ പോലെ മറുപടി നല്‍കി.


'താങ്ക്യൂ...അത് കൊടുത്ത് പെട്ടെന്ന് തിരിച്ചോ....ഡോണ്ട് ബി ലൈറ്റ്...'


'ഇല്ല സര്‍, ഞാന്‍ അവരുടെ വിസിറ്റ് കഴിഞ്ഞാലുടന്‍ വരാം....'

'ഒകെ...'

അദ്ദേഹം ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. ഫാതിഹ് തന്റെ വാഹനം കവലമുക്കിലേക്ക് തിരിച്ചു. ഉമ്മയോട് വഴിമധ്യേ ഡോക്ടര്‍ വിളിച്ചതെന്തിനാണെന്ന് വിശദമായി പറഞ്ഞു കൊടുത്തു. ഡോക്ടര്‍ പറഞ്ഞ അടയാളം വെച്ച് അവര്‍ കൃത്യമായിട്ട് തന്നെ ആ കൂര കണ്ടു പിടിച്ചു. പറഞ്ഞതു പോലെയെല്ലാം ചെയ്തു. മടങ്ങി വരുമ്പോള്‍ അവന്‍ അത്ഭുതം പോലെ ഉമ്മയോട് പറഞ്ഞു:

' ഉമ്മാ....ഈ ഡോക്ടറില്ലേ....ഇയാളെ ആശുപത്രിയിലുള്ള ഒട്ടുമിക്ക ജീവനക്കാര്‍ക്കും ഭയങ്കര പേടിയാണ്. പിറ്റ് ബുള്ള് എന്നാണ് ചിലരൊക്കെ അദ്ദേഹത്തെ രഹസ്യമായി വിളിക്കാറ്. രോഗികൾക്കെല്ലാം നല്ല ഇഷ്ടമാണങ്കിലും ഹോസ്പിറ്റൽ മാനേജ്മെന്റിന് വരേ അദ്ദേഹത്തെ പേടിയാണ് '


'പിറ്റ് ബുള്ളോ....!?'

താന്‍ കേള്‍ക്കാത്ത പുതിയ കാല തെറി വല്ലതുമാണോന്നറിയാനുള്ള ആകാംക്ഷയില്‍ സഫിയാത്ത ചോദിച്ചു. 


'അതോ...അതൊരു അപകടകാരിയായ നായകളുടെ വര്‍ഗ പേരാണ്...'

ഫാതിഹത് പറഞ്ഞപ്പോള്‍ സഫിയാത്തയുടെ മുഖത്ത് ചെറു ചിരിമിന്നിമറഞ്ഞു. 


'പക്ഷെ, ഉമ്മാ...എനിക്കങ്ങനെ തോന്നിയിട്ടൊന്നുമ്മില്ലായിരുന്നു കെട്ടോ....എന്നോട് അദ്ദേഹം വളരെ നല്ല രീതിയിലാണ് പെരുമാറാറ്...അല്ല, ഇങ്ങനൊയൊക്കെ ഡോക്ടര്‍

ചെയ്യുന്നുണ്ടെന്ന് ആശുപത്രിയില്‍ ഞാന്‍ പോയി പറഞ്ഞാല്‍ പോലും ചെലപ്പോള്‍ ആരും വിശ്വസിക്കൂല.'


സഫിയാത്ത അവന്‍ പറഞ്ഞത് മുഴുവന്‍ കേട്ടിരുന്നു. ശേഷം പതുക്കെ പറഞ്ഞു:


'എടാ, ചെലരങ്ങനെയാണ്. അവരെ പറ്റി നമ്മള് കരുതും ഇയാളെന്തൊരു മനുഷ്യനാണെന്ന്. ഇത്രയൊന്നും ഗൗരവം പാടില്ലെന്ന്, എന്നാലോ അത്തരക്കാര്‍ പുറത്തെത്ര ഗൗരവക്കാരാണോ അത്രയും അകത്തവർ നിഷ്‌കളങ്കരായിരിക്കും. അതേ സമയം മറ്റു ചിലര്‍ പുറത്ത് ഭയങ്കര നിഷ്‌കളങ്കരായിരിക്കും അകത്ത് നിറയെ കപടതയും. നമ്മളാണ് ഇവര്‍ക്കിടയില്‍ യഥാര്‍ത്ഥത്തില്‍ വിഢികളാകുന്നത്. കാരണം നമ്മളിവരെ പറ്റി വേണ്ടാത്തത് പറയുകയം മറ്റുള്ളവര്‍ പറയുന്നത് കേട്ട് ചിരിക്കുകയും ചെയ്യും. എന്നിട്ടൊ ഇതിന്റെ കുറ്റം മുഴുവന്‍ പേറേണ്ടത് നമ്മളും.' 


സഫിയാത്ത താത്വികമായി സംസാരിക്കാന്‍ തുടങ്ങി. 


'അതെ, അതാണ് സത്യം'

ഫാത്തിഹ് ഉമ്മയുടെ ആ സംസാരത്തോട് പൂര്‍ണ്ണമായും യോജിച്ചു. ഫോണൊന്ന് തുറന്നാല്‍ തന്നെ ട്രോളുകളുടെ പെരുമഴക്കാലമാണ്. സോഷ്യല്‍മീഡിയ മൊത്തത്തില്‍ അന്യരെ അപഹസിക്കുന്നവരും അത് കേട്ട് ചിരിക്കുന്നവരും മാത്രമേയുള്ളൂവെന്ന് തോന്നും. പരിഹാസ്യം ജീവിതോപാദിയാക്കി മാറ്റിയവര്‍. കഴിഞ്ഞ റമളാനില്‍ പള്ളിയിലെ ഉസ്താദ് ഈ വിഷയത്തില്‍ നടത്തിയ പ്രഭാഷണം ഫാതിഹിന് നന്നായി ബോധിച്ചിരുന്നു. അന്ന് ഉസ്താദ് കുറച്ച് ഗൗരവ സ്വരത്തില്‍ തന്നെയായിരുന്നു വിഷയത്തെ സമീപിച്ചത്. 

ഫോണിലൂടെ കാണുന്ന സര്‍വ്വ കോമഡി സ്‌കിറ്റുകള്‍ക്കും ട്രോളുകള്‍ക്കും ലൈക്കടിക്കുന്നവരും ഷെയര്‍ ചെയ്യുന്നവരും അത് കണ്ട് ഊറിചിരിക്കുന്നവര്‍ക്കും നാളെ റബ്ബിന്റെ കോടതിയില്‍ നിന്ന് പെട്ടെന്ന് വിചാരണ കഴിഞ്ഞിറങ്ങാമെന്ന് കരുതരുതെന്ന് ഉസ്താദ് പറഞ്ഞപ്പോള്‍ ഉള്ളൊന്ന് കിടുത്തിരുന്നു. കാറിലിരുന്നതോര്‍ത്തപ്പോള്‍ ഫാതിഹിന് എന്തോ ഒരുള്‍ക്കിടിലം അനുഭവപ്പെട്ടു. 


അന്നുസ്താദ് പറഞ്ഞ ചരിത്രമാണ് ഏറെ ചിന്തിപ്പിച്ചത്. ഹാത്വിമുല്‍ അസ്വം (റ) തങ്ങളുടെ ചരിത്രമാണ് ഉസ്താദന്ന് മറ്റുള്ളവരുടെ അഭിമാന സംരക്ഷണത്തിന്റെ മൂല്യം പറഞ്ഞു തരാന്‍ ഉദാഹരിച്ചത്. ബധിരതയുടെ ഒരംശം പോലും ഇല്ലാതിരുന്നിട്ടും ജീവിതക്കാലം മുഴുവനും തന്റെ പേരിന് കൂടെ 'അല്‍ അസ്വം' അഥവാ ബധിരന്‍ എന്ന അകമ്പടിയോടെ ജീവിച്ചു തീര്‍ത്തവരാണ് മഹാനര്. താനൊരു പൊട്ടെനാണെന്ന് ലോകം വിളിക്കുന്നതിനെ മഹാന്‍ ഭയപ്പെട്ടില്ല. അതിലൊരു കുറവും കണ്ടുമില്ല. അതിന്റെ കാരണമറിഞ്ഞാലാണ് ആശ്ചര്യപ്പെടുക.


ഒരിക്കല്‍ മഹാനരുടെ സദസ്സില്‍ സംശയ നിവാരണത്തിനെത്തിയ സ്ത്രീക്ക് മഹാനരോട് ചോദ്യം ചോദിക്കുന്നതിനിടക്ക് കീഴ് വായു പുറപ്പെട്ടു. ലോക പ്രശസ്തനായ ഒരു പണ്ഡിതന്റെ മുമ്പില്‍ വെച്ചുണ്ടായ ഈ സംഭവം ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അവളുടെ മുഖത്ത് ജാള്യത തളംകെട്ടി നിന്നു. 


സംഗതി മനസ്സിലാക്കിയ മഹാന്‍ ചെവിവട്ടം പിടിച്ചുകൊണ്ട് ആ സ്ത്രീയോട് ചോദിച്ചു :

'നിങ്ങളെന്താണ് പറഞ്ഞു തുടങ്ങിയത് ഒന്നൂടെ ഉറക്കെ ചോദിക്കൂ...' 


മഹാനവര്‍കള്‍ക്ക് കേള്‍വിക്കുറവുണ്ടെന്ന് മനസ്സിലാക്കിയ ആ സ്ത്രീയുടെ മുഖത്ത് ആത്മാഭിമാനത്തിന്റെ ആശ്വാസമുണ്ടായിരുന്നു. പിന്നീട് മരണം വരെ താനന്ന് അഭിനയിച്ചതായിരുന്നുവെന്ന് ആ സ്ത്രീക്ക് തോന്നാതിരിക്കാന്‍ മഹാനവര്‍കള്‍ കേള്‍വി കുറവുള്ളവനെ പോലെയാണ് ജീവിച്ചത് എന്നാണ് ചരിത്രം. അങ്ങനെയാണ് അസ്വം(പൊട്ടന്‍) എന്ന പേര് ആത്മീയ ചക്രവാളത്തിലെ കുലപതിയായ ആ പണ്ഡിതന്റെ നാമത്തിന് അകമ്പടി സേവിച്ചു തുടങ്ങിയതത്രെ.

ഉസ്താദ് തുടര്‍ന്ന് പറഞ്ഞു:

'ഞാനൊരുപാട് ഏഷണി പറഞ്ഞുപോയി നബിയേ എന്നുപറഞ്ഞ് സമീപിച്ച ശിഷ്യനോട് അദ്ദേഹം ചെയ്ത തെറ്റിന്റെ ഗൗരവം ഹബീബ്ﷺ പ്രാക്ടിക്കലായി കാണിച്ചു കൊടുക്കുന്നുണ്ട്. അഥവാ ശക്തമായ കാറ്റടിച്ചു വീശുന്ന മരുഭൂമിയുടെ നാലുഭാഗത്തും പരുത്തി കൊണ്ടുവെക്കാന്‍ പറയുകയും ശേഷം അത് ശേഖരിക്കാനും പറയുന്നുണ്ട്. ആ മരുക്കാറ്റിന്റെ വേഗതയില്‍ പരുത്തിയുടെ അംശം പോലും കണ്ടെത്താന്‍ സാധിക്കില്ലെന്ന് തീര്‍ച്ചയാണ്.

 ഇതുപോലെയാണ് ഏഷണിയും പരദൂഷണവും. കാരണം അതിന്റെ വ്യാപനം അതിവേഗത്തിലായിരിക്കും. പിന്നീട് ജീവിതത്തിലൊരിക്കലും നമുക്കത് തിരുത്താന്‍ സാധിക്കില്ല. 


പെട്ടെന്ന് കാറിന് കുറുകെ ചാടിയ പൂച്ചയെ കണ്ടതും ഫാതിഹിന്റെ കാല് ബ്രേക്കുകളില്‍ ഞെരിഞ്ഞമര്‍ന്നു. വണ്ടി സഡന്‍ ബ്രേക്കിട്ട് നിന്നു. പെട്ടെന്ന് ഓര്‍മകളില്‍ നിന്ന് മടങ്ങിയെങ്കിലും ഒരുനിമിഷമൊന്ന് ഭയന്നു.

'എന്താടാ....എവിടെ നോക്കിയിട്ടാ വണ്ടിയോടിക്കുന്നത്. മുമ്പിലുള്ളതൊന്നും കാണുന്നില്ലേ ന്നീ....'

സഫിയാത്ത ഗൗരവപ്പെട്ടു.

അവന്‍ ഉമ്മാന്റെ മുഖത്ത് നോക്കി ഒന്നുമറിയാത്തവനെ പോലെ ചിരിച്ചു. അവരുടെ കാര്‍ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നു.


***

കൃത്യം ഒമ്പത് മണിക്ക് തന്നെ ഡോക്ടര്‍ റൂം വിസിറ്റിന് വന്നു. 

'ഇന്നലെ, രാത്രി നന്നായിട്ടുറങ്ങിയില്ലേ....'

ഡോക്ടര്‍ നൂറയോട് ചോദിച്ചു. 

'അല്‍ഹംദുലില്ലാഹ്, നന്നായിട്ടുറങ്ങി'

നൂറ റബ്ബിന് സ്തുകളര്‍പ്പിച്ചു കൊണ്ട് ഡോക്ടറോട് പറഞ്ഞു.

'ഇപ്പോള്‍ എവിടെയെങ്കിലും പെയ്ന്‍ ഫീല്‍ ചെയ്യുന്നുണ്ടോ....?'

ഡോക്ടറവളോട് രോഗവിവരമന്വേഷിച്ചു.

'കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഇവിടെ

വേദനിക്കാറുണ്ട്'

നൂറ തന്റെ വയറിന്റെ ഇടതു ഭാഗത്തേക്ക് ചൂണ്ടിയിട്ട് പറഞ്ഞു.

'അത് സര്‍ജറിചെയ്തതിന്റെ പെയ്‌നാണ്...ഒന്ന് രണ്ടു ദിവസം കഴിഞ്ഞാല്‍ അതങ്ങ് തനിയെ പോവും'

ഡോക്ടറുടെ വാക്കുകള്‍ അവള്‍ക്ക് സമാധാനം പകര്‍ന്നു.

'ഡോക്ടര്‍....ഇനിയിവിടെ നില്‍ക്കണോ....'

ഉപ്പച്ചി ഇടക്ക് കയറി ചോദിച്ചു.


'വേണ്ട, നിങ്ങള്‍ റൂം വെക്കേറ്റ് ചെയ്‌തോളൂ...വീട്ടില്‍ റസ്റ്റ് ചെയ്താല്‍ മതിയാവും...ഇവിടെ കിടന്നത് പോലെ തന്നെ വീട്ടിലും കിടന്നോളണമെന്ന് മാത്രം'


ഡോക്ടര്‍ ഉപ്പച്ചിയോട് സംസാരിക്കുന്നതിനിടയില്‍ നൂറയെ നോക്കി കുറച്ച് കര്‍ശന സ്വരത്തില്‍ പറഞ്ഞു.


'ഓകെ, ഡോക്ടര്‍ അങ്ങനെ ചെയ്യാം...'

ഉപ്പച്ചി ആ കാര്യം ഞാനേറ്റെന്ന് ഡോക്ടര്‍ക്ക് ഉറപ്പു കൊടുത്തു.


'എന്നാ, ശരി എനിക്ക് കുറച്ച് പേഷ്യന്‍സിനെ കൂടി കാണാനുണ്ട്.

 ഓള്‍ ദ ബെസ്റ്റ് നൂറ, ഗുഡ് ബൈ'


ഡോക്ടര്‍ റൂം വിട്ട് പോകുന്നതിനിടയില്‍ നൂറയോട് യാത്ര പറഞ്ഞു.

നൂറ ചിരിച്ചു കാണിച്ചു. 


ഉമ്മച്ചി പാക്കിങ് അടക്കമുള്ള പോകാനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ ചെയ്തു വെച്ചത് കൊണ്ട് ആശുപത്രിയിലിനി അവരുടെ നേരംകളയുന്ന മറ്റൊന്നുമുണ്ടായിരുന്നില്ല. അവര്‍ റൂം വിട്ടിറങ്ങി. ഉപ്പച്ചി ആശുപത്രി ബില്ലുകളെല്ലാം പേ ചെയ്തതിന് ശേഷം പുറത്ത് ചെന്ന് ഒരു ടാക്‌സി തരപ്പെടുത്തി. ഉപ്പച്ചി മുന്നിലും നൂറയും ഉമ്മച്ചിയും പിറകിലുമായി കയറി. ടാക്‌സി ഹോസ്പിറ്റല്‍ കോമ്പൗഡ് കടന്നു പോയി.


***

ഫാതിഹ് സഫിയാത്തയോടൊപ്പം നൂറ കിടന്നിരുന്ന റൂമിന് നേരെ നടന്നു. അവന്റെ മുഖത്ത് വല്ലാത്ത ജാള്യതയുണ്ട്. ഉമ്മ ഇങ്ങനെ നിര്‍ബന്ധിച്ചപ്പോള്‍ അവന് കൂടെ പോകാതിരിക്കാനും സാധിക്കുന്നില്ല.


"ഉമ്മാ ഞാനാ റൂമിന്റെ ഡോറ് വരേയേ വരൂ....ബാക്കി നിങ്ങളായി നിങ്ങളുടെ പാടായി." 

അവന്‍ നടക്കുന്നതിനിടയില്‍ പറഞ്ഞു.


'ആ...അതെങ്ങനെയാ റെഡിയാവുന്നത്. എനിക്കവരെ ഒരു പരിചയവുമില്ലല്ലോ...നിന്റുമ്മയാണെന്ന് പരിചയപ്പെടുത്തിയിട്ട് നീയിങ്ങ് പോര്. ബാക്കിയെല്ലാം ഞാനേറ്റു.'

സഫിയാത്ത അവന്റെ കൈ പിടിച്ച് നടന്നു.


അവന്‍ റൂമിന്റെ വാതിലില്‍ പതുക്കെ മുട്ടി.

ഉള്ളില്‍ നിന്നൊരാള്‍ വന്ന് വാതില്‍ തുറന്നു. ആരാണെന്ന് മനസ്സിലാകാതിരുന്ന ഫാതിഹ് ചോദിച്ചു:


'നൂറയുടെ റൂമല്ലേ......!'

'അല്ലല്ലോ....ഞങ്ങളിപ്പൊ വന്നതേയുള്ളൂ....'

അയാള്‍ മറുപടി നല്‍കി.


'സോറി, മിസ്‌റ്റേക്കണ്‍...'

ഫാതിഹ് പെട്ടെന്നവരോട് സോറി പറഞ്ഞിറങ്ങി. ആ സമയത്ത് അതിലൂടെ കടന്നുപോയ ഒരു നേഴ്‌സിനോട് ഫാതിഹ് ചോദിച്ചു:

'സിസ്റ്റര്‍ ഈ വണ്‍ നോട് ത്രീയിലുണ്ടായിരുന്ന പേഷ്യന്റ്.....?'

'അവര് കുറച്ച് മുമ്പ് റൂം വെക്കേറ്റ് ചെയ്ത് പോയല്ലോ...'

അതും പറഞ്ഞ് ആ സ്ത്രീ തിരക്കിട്ട് നടന്നു പോയി.

അതുവരെ മുഖത്ത് സന്തോഷചമ്മല്‍ തളം കെട്ടിയിരുന്ന ഫാതിഹിന്റെ മുഖം പെട്ടെന്ന് മ്ലാനമായി. 

ഫാതിഹിന്റെ കാറ് ഹോസ്പ്പിറ്റലിലേക്ക് പ്രവേശിക്കുമ്പോഴാണ് നൂറയും ഫാമിലിയും ഹോസ്പ്പിറ്റല്‍ വിട്ടിറങ്ങിയത്.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘




അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here