(PART 24) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
ഹബീബിനെ ﷺ
💖പ്രണയിച്ചവൾ💖
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔Part-24⛔
വാതില്‍ക്കല്‍ ആരോ എത്തി നോക്കുന്നത് കണ്ട് ഉപ്പച്ചി എഴുന്നേറ്റു ചെന്നു.
'ആരാണ്...?'
'ഞാന്‍ ഹസന്‍ ഫാത്തിഹ്, ഇവിടെ ഹോസ്പിറ്റലിലൊരു ഇന്റേണാണ്. പേഷ്യന്റിന്റെ അവസ്ഥയെന്താണെന്നറിയാന്‍ വന്നതാണ്'
'ഓ... ഓള്‍ക്ക് ബോധം വന്നിട്ട് കൊറച്ച് നേരായി. പക്ഷെ, ഇതുവരെ ഒരുവാക്കും മിണ്ടിയിട്ടൂല്യ, ശരീരൊന്ന് അനക്കേം ചെയ്തിട്ടില്ല. വെറും കണ്ണും തലയും അനക്കുന്നുണ്ട്'
ഡോക്ടറാണെന്ന് കേട്ടതും നൂറയുടെ രോഗത്തെകുറിച്ചും സര്‍ജറിയെ കുറിച്ചുമെല്ലാം തനിക്കുണ്ടായിരുന്ന ആശങ്കകളും ആവലാതികളും ഉപ്പച്ചി ഫാതിഹിന് മുമ്പില്‍ ഇറക്കിവെച്ചു.
ഫാത്തിഹ് ഉപ്പച്ചിയുടെ മുഖത്ത് നോക്കി ചിരിച്ചു. എന്നിട്ട് നൂറ കേള്‍ക്കെ കുറച്ചുച്ചത്തില്‍ പറഞ്ഞു.
'അത് സാരല്യ, സര്‍ജറിക്ക് മുമ്പ് കൊടുത്തിരുന്ന അനസ്‌തേഷ്യയുടെ എഫക്ടായിരിക്കും. ഒന്നുറങ്ങിയുണരുമ്പോഴേക്ക് ഷി വില്‍ബി ഓള്‍റൈറ്റ്'
ഫാത്തിഹ് അങ്ങനെ പറഞ്ഞപ്പോള്‍ ഉപ്പച്ചിയുടെ മനസ്സില്‍ നിന്ന് എന്തോ ഭാരം എടുത്ത് മാറ്റിയ പ്രതീതി. അദ്ദേഹം ഒരു ദീര്‍ഘനിശ്വാസമെടുത്തു. നൂറ ഉള്ളുകൊണ്ട് റബ്ബിന് സ്തുതികളര്‍പ്പിച്ചു.
'നിങ്ങള്‍ നാട്ടിലെവിടെയാണ്....'
ഉപ്പച്ചി ഫാത്തിഹിനോട് കുശലാന്വേഷണം നടത്തി. അവന്‍ തിരിച്ചും. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.
'ദേ, ഞാന്‍ ആ കാണുന്ന കേബിനിലുണ്ടാവും...'
ഫാത്തിഹ് ഉപ്പച്ചിക്ക് താനിരിക്കുന്ന കേബിന്‍ ചൂണ്ടികാണിച്ചു കൊടുത്തു. പോകാന്‍ നേരത്ത് ഫാത്തിഹ് നൂറയെ നോക്കി പറഞ്ഞു:
'പേടിക്കാനൊന്നുല്ലടോ, തനിക്ക് ഒരു കുഴപ്പവുമില്ല. അല്ലാഹുവിന് എല്ലാത്തിനും ഓരോ തീരുമാനമുണ്ടാവും. ചില സമയത്തെല്ലാം നമ്മള് കരുതും ഈ പടച്ചോന് എന്നോട് ഒരു സ്‌നേഹവുമില്ലാന്ന്. അവനെന്തിനാണ് എന്നോട് ഇങ്ങനൊയൊക്കെ ചെയ്തതെന്ന്.
പക്ഷെ, കുറച്ച് കഴിഞ്ഞേ നമുക്ക് മനസ്സിലാവൂ...അത് സംഭവിക്കലായിരുന്നു
ഏറ്റവും നല്ലതെന്ന്. '
ഫാതിഹൊന്ന് നിറുത്തിയതിന് ശേഷം തുടർന്നു :
' അത് പടച്ചോന്‍ തന്നെ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെടോ...
'നിങ്ങള്‍ നന്മയാണെന്ന് കരുതുന്ന വിഷയം ചിലപ്പോള്‍ നിങ്ങള്‍ക്ക് തിന്മയായി ഭവിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ തിന്മയാണെന്ന് കരുതുന്ന വിഷയം നന്മയായും ഭവിച്ചേക്കാം.'
അതുകൊണ്ട് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ തളര്‍ന്ന് പോകരുത്. എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുക. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമത് പ്രത്യേകം പറഞ്ഞു തരേണ്ടിവരില്ലാന്ന് ഞാനിങ്ങോട്ട് വരുമ്പോള്‍ ഉപ്പാന്റെയും മോളുടേയും കലാപ്രകടനം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി'
നൂറ കണ്ണുകള്‍ താഴ്ത്തിയാണ് പിടിച്ചിരുന്നതെങ്കിലും അവളുടെ കവിളില്‍ നാണത്തിന്റെ അടയാളങ്ങള്‍ പ്രകടമായി കാണാമായിരുന്നു.
'മോന്‍ പറഞ്ഞതാണതിന്റെ ശരി'
ഉപ്പച്ചി ഫാത്തിഹിന്റെ തോളില്‍ തട്ടി പറഞ്ഞു. അവൻ ചിരിച്ചു.
'എന്നാല്‍ ശരി, വീണ്ടും കാണാം എന്ന് പറയുന്നില്ല. കാരണം ഞാന്‍ മിക്കവാറും ഇവിടെയായിരിക്കും. വീണ്ടും ഇവിടെവെച്ച് ഇതുപോലോത്ത സന്ദര്‍ഭങ്ങളില്‍ കാണതിരിക്കട്ടെ. മറ്റെവിടെങ്കിലും വെച്ച് കാണാം ഇന്‍ ഷാ അല്ലാഹ്.'
ഫാത്തിഹ് ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു.
'ആമീന്‍...'
ഉപ്പച്ചിയും ഉറക്കെ ജവാബ് ചൊല്ലി. ആ സംസാരം കഴിഞ്ഞപ്പോള്‍ നൂറയുടെ മനസ്സില്‍ വല്ലാത്തൊരു ശാന്തതയും സമാധാനവും അനുഭവപ്പെട്ടു.
ഉപ്പച്ചി വീണ്ടും എന്തോ അലോചനയിലാണ്ടു കൊണ്ട് നൂറയുടെ അടുത്ത് തന്നെ വന്നിരുന്നു.
'ഞാനെന്ത് മനുഷ്യനാണ് റബ്ബേ.....അസ്തഅ്ഫിറല്ലാഹ്,'
ഉപ്പച്ചിയുടെ മുഖത്ത് സങ്കടം കണ്ടത് കൊണ്ടായിരിക്കാം നൂറ കണ്ണുകള്‍ കൊണ്ട് എന്താണെന്ന് തിരക്കി.
'അല്ല മോളേ, ആ കുട്ടി വേണ്ടിവന്നല്ലോ...എനിക്കെന്റെ റബ്ബിന്റെ ഖളാഇനെ കുറിച്ചോര്‍മിപ്പിച്ചു തരാന്‍...'
സങ്കടത്താല്‍ ചീര്‍ത്തു നില്‍ക്കുന്ന മുഖം കണ്ടാലറിയാം ഉപ്പച്ചിക്ക് നല്ല ഖേദമുണ്ടെന്ന്.
ഉപ്പച്ചി തുടര്‍ന്ന് പറഞ്ഞു:
'മോളേ, ഈ ലോകത്തുള്ള സകലരും നിനക്കൊരുപകാരം ചെയ്യാന്‍ വേണ്ടി ഒരുമിച്ചു കൂടി അതല്ലെങ്കില്‍ ഒരുപദ്രവം ചെയ്യാന്‍ വേണ്ടി അവര്‍ ചട്ടം കെട്ടി എന്നിരുന്നാലും അതൊന്നും നമുക്ക് ബാധിക്കില്ല. കാരണം അല്ലാഹുവിന്റെ തീരുമാനമേ നടപ്പിലാവൂ...ഹബീബായ നബിﷺതങ്ങളുടെ ഹദീസാണിത്. ഇതില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും റബ്ബിന്റെ ഖളാഇല്‍ സംശയിക്കാന്‍ കഴിയില്ല. അഥവാ, ഇതെനിക്ക് ഇപ്പോള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍....എന്തിനാണ് റബ്ബ് എന്നോട് ഈ സമയത്തിങ്ങനെ ചെയ്യുന്നത് എന്നെല്ലാം ചിന്തിച്ചാല്‍ അല്ലാഹുവിന്റെ ഖളാഇനോടുള്ള പൊരുത്തക്കേടാണത്. എന്തേ...എനിക്കിത് നേരത്തെ ഓര്‍മ്മയില്ലാതിരുന്നത്..! അസ്തഅ്ഫിറല്ലാഹ്...'
ഒന്ന് നിർത്തിയിട്ട് ഉപ്പച്ചി സ്വന്തത്തോടെന്ന പോലെ പിറുപിറുത്തു:
'ഹബീബായ നബിﷺതങ്ങളെത്ര പരീക്ഷണങ്ങള്‍ നേരിട്ടു, അവിടുത്തേക്ക് ജനിച്ച ആണ്‍ കുഞ്ഞുങ്ങളായ ഖാസിം, അബ്ദുല്ല, ഇബ്‌റാഹീം തുടങ്ങി എല്ലാവരേയും അല്ലാഹു തിരിച്ചുവിളിച്ചില്ലേ..ആ സമയങ്ങളിലെല്ലാം അവിടുത്തെﷺ ഹൃദയം തകര്‍ന്നിരിക്കുകയില്ലേ....എന്നിട്ടും അവിടുന്ന്ﷺ റബ്ബിനോട് പരിഭവിച്ച ഒരു സമയം പോലും നമുക്ക്
ചരിത്രത്തിൽ നിന്ന് കണ്ടു കിട്ടുകയില്ലല്ലോ..റബ്ബേ...ഈ പാപി അവിവേകം ചെയ്തിട്ടുണ്ടെങ്കില്‍ നീ പൊറുക്കണേ....'
നൂറക്കുറപ്പായിരുന്നു ഉപ്പച്ചിയിപ്പോള്‍ നബിﷺതങ്ങളെ കുറിച്ചോര്‍ക്കുമെന്ന്. കാരണം ഹബീബായ തങ്ങൾﷺയുടെ പേരിനോട് പോലും അവള്‍ക്ക് മഹബ്ബത്ത് ജനിച്ചത് ഓര്‍മവെച്ച നാള്‍ മുതല്‍ ഉപ്പച്ചി ആ പേരിനോട് കാണിച്ച ഇഷ്ഖ് കൊണ്ടാണ്. ഉപ്പച്ചി ആത്മീയോപദേശം നല്‍കിയാല്‍ അതവസാനം ചെന്നെത്തുക ഹബീബിﷺയിലായിരിക്കും. ഈ പതിനെട്ട് വര്‍ഷത്തിനിടക്ക് അങ്ങനെയല്ലാത്ത ഒരു സംഭവം നൂറയോര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഇല്ല, അങ്ങനെയൊന്നില്ല.
അവിടെയിരുന്ന് ഹബീബിﷺയെയോര്‍ത്തപ്പോള്‍ ഉപ്പച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതുകണ്ട് നൂറയും കരഞ്ഞു. 'റബ്ബേ, എന്റെ മനസ്സില്‍ നിന്റെ ഖളാഇല്‍ തൃപ്തിപ്പെടാത്തരീതിയിലുള്ള വല്ല പെരുമാറ്റവും വന്നിട്ടുണ്ടെങ്കില്‍ എനിക്ക് നീ പൊറുത്ത് തരണം.'
അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
***
നന്നായിട്ടൊന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും നൂറക്ക് നല്ല ഉന്മേഷം തോന്നി. അവള്‍ പതുക്കെ തൊണ്ടയനക്കി. ശേഷം, അല്‍ഹംദുലില്ലാഹ്...എന്നു പറഞ്ഞു നോക്കി. കഴിയുന്നുണ്ട്.യെസ്, തന്റെ സംസാര ശേഷി തിരിച്ചുവന്നിരിക്കുന്നു. അവള്‍ വീണ്ടും റബ്ബിനെ സതുതിച്ചു. കൈമുട്ടുകള്‍ രണ്ടും മടക്കി നിവര്‍ത്തി. ബെഡില്‍ നിന്ന് എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ടുവെങ്കിലും വീണ്ടും ശ്രമിച്ചപ്പോള്‍ നേരെയിരിക്കാനായി. വയറിന്റെ ഇടതുഭാഗത്തായി ചെറിയൊരു വേദനയുണ്ടന്നതൊഴിച്ചാല്‍ പ്രത്യേകിച്ചൊന്നും ഇപ്പോള്‍ തനിക്കനുഭവപ്പെടുന്നില്ലെന്ന് അവള്‍ക്ക് തോന്നി. എങ്കിലും രണ്ടു ദിവസം കൂടെ കഴിഞ്ഞിട്ട് ഡിസ്ചാര്‍ജ് ചെയ്താല്‍ മതിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
വൈകീട്ട് ഫര്‍സാനയും ഫൈറൂസയും വന്നു.
ഫര്‍സാന വാ തോരാതെ സംസാരിക്കുന്നുണ്ട്.
'ഇന്നെന്തായിരുന്നു ക്ലാസിന്റെ അവസ്ഥ....!? '
നൂറ ഇടയില്‍ ഫര്‍സാനയോട് ചോദിച്ചു.
'ഹാ...അത് ഞാന്‍ പറയാന്‍ മറന്നു. ഇന്ന് മോഡേണ്‍ മെഡിസിന്റെ ഉത്ഭവവും ചരിത്രവുമെല്ലാം പറഞ്ഞിരുന്നു. കൂടെ ലാബില്‍ പോയി രണ്ടുമൂന്ന് എക്‌സ്പിരിമെന്റ്‌സുമുണ്ടായിരുന്നു. പിന്നെയൊരു കാര്യം അസൈൻമെന്റുണ്ട്. മോഡേണ്‍മെഡിസിനെ കുറിച്ചും അതിന്റെ വക ഭേദങ്ങളും കണ്ടുപിടുത്തങ്ങളും ഒക്കെയാണ് വിഷയം. ഞാന്‍ ലൈബ്രറിയില്‍ ചെന്നിരുന്ന് ഒരു പാട് പുസ്തകങ്ങൾ റഫറ് ചെയ്തു. പലതും നോട്ട് ചെയ്യുകയും
ചിലതെല്ലാം എടുക്കുകയും ചെയ്തിട്ടുണ്ട്.'
അവള്‍ സംസാരത്തിനിടയില്‍ ബാഗില്‍ നിന്ന് താന്‍ ലൈബ്രററിയില്‍ നിന്ന് നോട്ട് ചെയ്ത കാര്യമെടുത്ത് നൂറയെ കാണിച്ചു.
നൂറയെല്ലാം കൃത്യമായി വായിച്ചു. മോഡേണ്‍ മെഡിസിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിപ്പോക്രാറ്റില്‍ തുടങ്ങി. ഏകദേശം ആ മേഖലയില്‍ കാര്യമായി ഇടപെട്ട എല്ലാവരെയും ഉള്‍ക്കൊള്ളിക്കാനവൾ ശ്രമിച്ചിട്ടുണ്ട്.
'ഈ സായിപ്പന്മാരെ സമ്മതിക്കണമല്ലേ...എന്തോരം കണ്ടുപിടുത്തങ്ങളാണ് അവര് നടത്തിയത്. പലതും വായിക്കുമ്പോള്‍ അവരോട് എന്തോ വല്ലാത്ത ബഹുമാനം തോന്നി പോകുന്നു. '
ഫര്‍സാനയുടെ സംസാരം കേട്ട് അതുവരെ അവളുടെ നോട്ട് ബുക്ക് വായിക്കുകയായിരുന്ന നൂറ തലയുയര്‍ത്തിയവളെ നോക്കി. അല്‍പസമയത്തെ ആലോചനക്ക് ശേഷം പറഞ്ഞു.
'നീ പറഞ്ഞത് പുതിയകാലത്ത് ഒരുപക്ഷെ ശരിയായിരിക്കാം. പക്ഷെ, ഈ സായിപന്മര് ഇതൊക്കെ അറബികളില്‍ നിന്നും യവനന്മാരില്‍ നിന്നും പഠിച്ചതും കട്ടതും ഒക്കെയാണ്....'
നൂറ ഒരു ധൈഷണിക-ചരിത്ര ചര്‍ച്ചക്ക് തിരികൊളുത്തി.
'യവനന്മാരോ....? അതാരാ...?!'
ഫര്‍സാന നൂറയുടെ മുഖത്തേക്ക് മിഴിച്ച് നോക്കി.
'ഗ്രീക്ക് കാരെയല്ലെ യവനരെന്ന് വിളിക്കുന്നത് നൂറൂ....'
അതുവരെ ചര്‍ച്ചിയിലിടപെടാന്‍ ഒരവസരവും കിട്ടാതെ ഇവിടെ താനൊരു അധികപ്പറ്റാവുമോന്ന് കരുതിയിരിക്കുകയായിരുന്ന ഫൈറൂസ കിട്ടിയ അവസരത്തില്‍ ചോദിച്ചു.
'അതെ, ഇന്ന് യൂറോപ്പ് തങ്ങളുടേതെന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്ന ഏത് ശാസ്ത്രീയ കണ്ടെത്തലുകളുടെയും അടിസ്ഥാനം ചെന്നത്തുന്നത് ഒരുപക്ഷെ, ഗ്രീക്കിലോ അറേബ്യയിലോ....ആയിരിക്കും'
നൂറ ഫൈറൂസ പറഞ്ഞതിന്റെ ബാക്കിയായി കൂട്ടിചേര്‍ത്തു.
'എനിക്ക് മനസ്സിലായില്ല....ഒന്നൂടെ വ്യക്തമാക്കി പറ. ചെലപ്പൊ എനിക്കെന്റെ പേപ്പറില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ നല്ലൊരു ആര്‍ഗ്യുമെന്റായിരിക്കുമിത്. നീ...ഇപ്പറഞ്ഞതിന് നിന്റേല്‍ തെളിവുവല്ലതുമുണ്ടോ...!?'
ഫര്‍സാന തന്റെ അസൈൻമെന്റിലേക്കുള്ള നോട്ടൊരുക്കാനുള്ള തത്രപ്പാടിലായി.
'അതിനിത് ആരും പറയാത്ത വലിയ ആര്‍ഗ്യുമെന്റൊന്നുമല്ല. എല്ലാവര്‍ക്കും അറിയിമെങ്കിലും മിക്കവരും മനപ്പൂര്‍വ്വം മറച്ചുവെക്കുന്നൂവെന്നേയുള്ളൂ....ഏതായാലും നീ നിന്റെ പേപ്പറില്‍ ചര്‍ച്ചക്ക് വെച്ചോ... അങ്ങനെയെങ്കിലുമൊരു ചര്‍ച്ച നടക്കട്ടെ'
നൂറ ഫര്‍സാനയെ ആവേശപ്പെടുത്തി.
'അല്ല, ഞാന്‍ നേരത്തെ ചോദിച്ച പോലെ ഇതിന് കാണിക്കാന്‍ പറ്റിയ വല്ല പ്രൂഫും....?'
ഫര്‍സാന വീണ്ടും ശങ്കിച്ചു.
'അത് നീയൊന്ന് ഗൂഗ്ള്‍ ചെയ്താല്‍ തന്നെ കിട്ടുമെടീ...പിന്നെ.....'
നൂറ ഒരു നിമിഷം എന്തോ ആലോചിച്ചു.
'ചെലപ്പൊ, എന്റെ ലൈബ്രററിയില്‍ ഒരു പുസ്തകമുണ്ടാവും. ജോനാതന്‍ ലിയന്‍സിന്റെ ഹൗസ് ഓഫ് വിസ്ഡം. അതില്‍ ഇന്നത്തെ യൂറോപിന്റെയും മറ്റും രൂപീകരണത്തിലെ അറബ് സ്വാധീനത്തെ വിശദീകരിക്കുന്നുണ്ട്. ഞാന്‍ ചെലഭാഗങ്ങള്‍ അതില്‍ അടയാളപ്പെടുത്തിവെക്കുകയും ചെയ്തിട്ടുണ്ടെന്നാണെന്റെ ഓര്‍മ.'
നൂറ പറഞ്ഞു നിറുത്തിയതും ഫര്‍സാന ചോദിച്ചു.
' ആ പുസ്തകം കിട്ടാനെന്താ വഴി...? അല്ലെങ്കില്‍ പുസ്തകം വേണ്ട, നീ അടയാളപ്പെടുത്തിയ ആ ഭാഗം കിട്ടിയാലും മതി.'
ഫര്‍സാന എന്തോ നിധികിട്ടിയ ആവേശത്തില്‍ പറഞ്ഞു.
നൂറ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു. മോനൂസ് ഫോണെടുത്തു.
'എന്തേത്താ....'
ഹോസ്പിറ്റലില്‍ നിന്ന് വിളിച്ചത് കൊണ്ടാവും അവന്റെ സംസാരത്തിലൊരു പരിഭ്രമത്തിന്റെ ചുവയുണ്ടായിരുന്നു.
'എടാ ഇത്താന്റെ ലൈബ്രററിയില്‍ ഒരു പച്ച ചട്ടയുള്ള പുസ്തകമുണ്ടാവും. ഹൗസ് ഓഫ് വിസ്ഡം എന്നാണ് പുസ്തകത്തിന്റെ പേര്, നീ അതൊന്ന് എടുത്തിട്ട്, അതില്‍ ഞാന്‍ ചെലഭാഗങ്ങളൊക്കെ അടിവരയിട്ട് വെച്ചിട്ടുണ്ട് അതെല്ലാം ഫോട്ടോയെടുത്ത് വാട്‌സപ്പ് ചെയ്യുമോ...പ്ലീസ് ഒരത്യാവശ്യത്തിനാ.. പെട്ടെന്ന് വേണം.'
നൂറ മോനൂസിന്റെ കനിവിന് വേണ്ടി കെഞ്ചി.
അതുകൊണ്ടാവം പതിവ് പോലെ ഫോണ്‍വിളിച്ചാല്‍ കേള്‍ക്കാറുള്ള കൊസറ പറച്ചിലില്ലാതിരുന്നത്. അവന്‍ പറഞ്ഞു:
'ഹാ...ഞാനിപ്പം ചെയ്യാം....'
മോനൂസ് പുസ്തകത്തില്‍ നിന്ന് ഫോട്ടോയെടുത്ത് നൂറക്കയച്ചു കൊടുത്തു.
നൂറ അവന്‍ അയച്ചു തന്ന ഓരോ പേജും സ്‌ക്രോള്‍ ചെയ്തു കൊണ്ട് സൂക്ഷമതയോടെ നോക്കി. ഒരു പേജില്‍ കുറച്ചധിക സമയം നോക്കിയതിന് ശേഷം മുഖത്തൊരു ചെറുചിരിവിടര്‍ത്തിയവള്‍ പറഞ്ഞു:
'ഫര്‍സൂ...ഡീ..ദാ, ഇത് കേള്‍ക്ക്, ഞാന്‍ വായിക്കാം'
നൂറ ഫോണില്‍ നിന്ന് തലയെടുക്കാതെ അതീവ താല്‍പര്യത്തോടെ വായിക്കാന്‍ തുടങ്ങി.
' ഇസ്ലാമും, മുസ്ലിം ലോകവും പ്രശംസനീയമായ ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നതെന്നാണ് ഇയ്യിടെ നടത്തിയ ഒരു പൊതുജനാഭിപ്രായ സര്‍വെയില്‍ വെളിപ്പെട്ടത്.'
നൂറ ഇംഗ്ലീഷ് വായിച്ച് മലയാളത്തിലേക്ക് പദാനുപദം ശുദ്ധഭാഷയില്‍ മൊഴിമാറ്റം നടത്തികൊണ്ട് പറഞ്ഞു. അവള്‍ വായന തുടര്‍ന്നു:
'എന്നാല്‍, കാലത്തിന്റെ താളുകള്‍ പിന്നിലേക്ക് മറിച്ചു നോക്കിയാല്‍, അറേബ്യന്‍ ശാസ്ത്രത്തിന്റെ നേട്ടങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു പാശ്ചാത്യ നാഗരികതയെ കണ്ടെത്താന്‍ കഴിയില്ല. അല്‍-ഖ്വവാരിസ്മിയുടെ ആള്‍ജിബ്രയും(ബീജഗണിതം), അവിസെന്നയുടെ സമഗ്രമായ വൈദ്യശാസ്ത്ര പഠനങ്ങളും ഭൂപടാലേഖന വിദ്യയും, അവറോസിന്റെ കര്‍ക്കശമായ യുക്തിചിന്തയും ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നെയെന്ത് പാശ്ചാത്യ നവോത്ഥാനം!?. പ്രകൃതിക്കുമേല്‍ അധീശത്വം സ്ഥാപിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കാന്‍ ശാസ്ത്രത്തിനു കഴിയുമെന്ന തിരിച്ചറിവിലേക്ക് ഇന്ന് പാശ്ചാത്യലോകം എത്തിയിട്ടുണ്ടെങ്കില്‍, അതിലേക്ക് അവരെ നയിച്ചത് അറബികളുടെ വിജ്ഞാനശേഖരം തന്നെയാണ്. മുകളില്‍ സൂചിപ്പിച്ച വ്യക്തിഗത സംഭാവനകളേക്കാള്‍ ഏറെ മികച്ചു നില്‍ക്കുന്നതാണ് അവരുടെ മൊത്തമായ സംഭാവന'
നൂറ അത്രയും ഭാഗം വായിച്ചു കൊണ്ട് ഫര്‍സാനയുടെ മുഖത്ത് നോക്കിയിട്ട് ചോദിച്ചു:
'എങ്ങനെയുണ്ട്....പൊളിയല്ലേ....ഇതുപോരെ നിനക്ക് റഫറന്‍സായിട്ട്, ഇതുപോലോത്ത ഒരുപാട് ഫൈന്‍ഡിങ്‌സ് പറയുന്നുണ്ടദ്ദേഹമിതില്‍...'
'ഇതു ധാരളം, ഏതായാലും എനിക്ക് ആ പുസ്തകം ആവശ്യമുണ്ട്. തത്കാലം നീ മോനൂസയച്ചതെല്ലാം എനിക്കും ഒന്ന് ഷെയര്‍ ചെയ്യ്. ഇന്ന് രാത്രി ഒന്നിരുന്ന് നോക്കണം. ഇന്‍ ഷാ അല്ലാഹ്.'
ഫര്‍സാന തീരുമാനിച്ചുറച്ച മട്ടില്‍ പറഞ്ഞു.
'ഹാ...നീ കാത്തിരിക്കുവാണേല്‍ ഉമ്മച്ചി ഇങ്ങോട്ട് വരുമ്പോള്‍ ഞാന്‍ പുസ്തകം എടുക്കാന്‍ പറയാം...'
നൂറ പുസ്തകം കിട്ടാനുള്ള മാര്‍ഗം പറഞ്ഞു.
'അതു ശരിയാണല്ലോ....എങ്കില്‍ നീ ഉമ്മച്ചിനോട് കൊണ്ടുവരാന്‍ പറ'
ഫര്‍സാന ഉമ്മച്ചി വരുന്നത് വരെ കാത്തിരിക്കാമെന്നേറ്റു.
***
രാത്രി ഉമ്മയോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഫാതിഹ് തൊണ്ടയനക്കി.
'എന്താടാ, വെള്ളം വേണോ...ന്നാ ദ് കുടിക്ക്'
ഉമ്മച്ചി അവന് നേരെ വെള്ളം നീട്ടി.
'വേണ്ടുമ്മ, ഉമ്മാ...ഞാന്‍ രണ്ട് ദിവസം മുമ്പ് ഒരു കുട്ടിക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്ത കാര്യം പറഞ്ഞിരുന്നില്ലേ....'
ഫാതിഹ് സംസാരം പകുതിയില്‍ നിറുത്തി.
'ഏത്...ആ ബോധമില്ലാതെ കൊണ്ട് വന്നിട്ട് ഓപ്‌റേഷന്‍ നടത്തിയ കുട്ടിയോ....'
ഫാതിഹ് ഹോസ്പിറ്റലിലുണ്ടായ പ്രധാന സംഭവങ്ങളെല്ലാം ഉമ്മച്ചിയുമായി പങ്കുവെക്കാറുണ്ട്.
'ഹാ...അത് തന്നെ....'
ഫാതിഹ് പെട്ടെന്ന് പറഞ്ഞു.
'ഓള്‍ക്കെന്തേ....പിന്നിം അസുഖണ്ടായോ...'
ഉമ്മച്ചി ഒരു കോരി ചോറെടുത്ത് ഫാത്തിഹിന്റെ പ്ലേറ്റിലേക്കിടുന്നതിനിടയില്‍ ചോദിച്ചു.
'ഏയ്, രോഗന്നുല്ല്യ...പക്ഷെ, ഞാനിന്ന് രാവിലെ അവളെ കാണാന്‍ വേണ്ടി അവളുടെ റൂമില്‍ പോയിരുന്നു. ഒന്നുമില്ലെങ്കിലും എന്റെ ചോരയല്ലേ...അതുകൊണ്ട് പോയതാ...'
ഫാതിഹ് ചിരിച്ചു കൊണ്ട് പറഞ്ഞു.
'ഹാ...എന്നിട്ട്'
ഫാതിഹ് എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് ഉമ്മച്ചിക്ക് മനസ്സിലായില്ല.
'അല്ലേ, ഞാനവിടെ ചെന്നപ്പോഴുണ്ട് ആ കുട്ടിയും അവളുടെ ഉപ്പയും അവിടെ റസൂലുള്ളാﷺയുടെ ചരിത്രം പാടിയും പറഞ്ഞും കരയുകയായിരുന്നു . അത് കണ്ടപ്പോള്‍എനിക്കും കരച്ചില് വന്നു. എനിക്ക് അവരോട് എന്തോ വല്ലാത്ത ഒരിഷ്ടം തോന്നി.ഇങ്ങനത്തെ ഫാമിലിയും ഇപ്പോ ഉണ്ടാവുമോ....'
ഫാതിഹ് ആശ്ചര്യത്തോടെ ചോദിച്ചു നിറുത്തി. പിന്നീട് അവന്‍ പറയുന്നതിനൊക്കെ സഫിയാത്തെ മൂളിയെങ്കിലും ശ്രദ്ധമുഴുവന്‍ മറ്റൊരുസ്ഥലത്തായിരുന്നു. അഥവാ, ഫാതിഹ് രോഗികളെ കുറിച്ച് വീട്ടില്‍ പറയാറുണ്ടെങ്കിലും ഇത്ര ആവേശത്തോടെ ഇതുവരേ ആരെ കുറിച്ചും പറഞ്ഞിട്ടില്ല. ഇതിലെന്തോ അവന് വല്ലാത്ത താല്പര്യമുണ്ട്. നാളെ ഹോസ്പിറ്റലിലേക്കൊന്ന് പോയി നോക്കാം. ഡിസ്ചാര്‍ജ് ചെയ്തിട്ടില്ലെങ്കില്‍ കാണാലോ...
'എടാ, ആ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്‌തോ....?'
സഫിയാത്ത സ്വാഭാവികമെന്നോണം ചോദിച്ചു.
'ഇല്ല, നാളയോ...മറ്റന്നാളോ ചെയ്യുമായിരിക്കും... , അല്ലാ അതെന്തിനാ പ്പം ങ്ങള് ചോദിക്ക്ണത്....!? '
മറുപടി പറയുന്നതിനിടക്ക് സഫിയാത്താന്റെ ചോദ്യത്തിന് പിന്നില്‍ എന്തോ മണക്കുന്നതായി തോന്നിയ ഫാതിഹ് ചോദിച്ചു.
'ഒന്നുല്യ, നീ ഇത്രയേറെ അത്ഭുതം പറഞ്ഞ ഒരു കുട്ടിയല്ലേ....ഒന്ന് പോയി കണ്ടേച്ചും വരാന്ന് കരുതി അതാ... '
അതും പറഞ്ഞ് ചോറ് തിന്ന് കഴിഞ്ഞ ഫാതിഹിന്റെയും അവരുടെയും പ്ലേറ്റ് എടുത്ത് അവർ സിങ്കിന് നേരെ നടന്നു.
ഫാതിഹ് ഉമ്മാനെ അന്തിച്ച് നോക്കി നിന്നു.
( *തുടരും....*)
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment